February 17, 2011

മരണം


തൊണ്ട വറ്റുന്നു, പുതു-
വാക്കിന്‍റെ രസായന-
ക്കുപ്പിയായ് അണയു നീ...

കാതടക്കുന്നു, നിന്‍റെ
ശബ്ദ വീചികളെന്റെ
 കാതിലെക്കൊഴുക്കു നീ... 

കണ്ണടയുന്നു, നീണ്ടോ -
രിരുളിന്നിടവേള-
യായെന്നില്‍ നിറയു നീ...

ഹൃത്തിടയുന്നു, ജീവ-
സ്പന്ദനം നിലക്കുമ്പോ-
ലഗ്നിയായുണര്  നീ...

ധീ മറയുന്നു, ലോക-
ചഞ്ചല ഗതിക്കന്യ-
യായെന്നെയകറ്റൂ  നീ...

February 10, 2011

ഒരു മരുഭൂമി



മനസ് ഒരു മരുഭൂമിയാണ്....
മഴയുടെ ഒരിറ്റു വെള്ളത്തിനായി കാത്തിരിക്കുന്ന മണല്‍ കൂമ്പാരങ്ങളും, കാറ്റും, മഞ്ഞും,വെയിലും മെനഞ്ഞെടുത്ത ശിലാരൂപങ്ങളും, പരസ്പരം കാണാതെ അലഞ്ഞു തിരിയുന്ന ജീവ ജാലങ്ങളും ഒക്കെയുള്ള മരുഭൂമി....
ഇടക്കെപ്പോഴോ മാനത്ത് അണഞ്ഞ കാര്‍മേഘ കൂട്ടങ്ങളെ കാറ്റ് ചിതറിത്തെറിപ്പിക്കുമ്പോള്‍....
ഒരിക്കലും മായില്ല എന്ന് കരുതി സൂക്ഷിച്ച സ്നേഹത്തിന്‍റെ കാല്‍പാടുകളെ മൂടി മറയ്ക്കുമ്പോള്‍....
ഇത്തിരി ജലതിനായി പരത്തുന്ന കണ്ണുകളില്‍ മരീചികകള്‍ സൃഷ്ടിക്കേണ്ടി വരുമ്പോള്‍.....
പിന്നെ
ജീവിതം തേടി യാത്ര ചെയ്യുന്നവന്‍റെ ദാഹജലം ആവിയാക്കി തന്നില്‍ ലയിപ്പിക്കുമ്പോള്‍.....
ഒക്കെ
തിടുക്കത്തില്‍ നിറം മാറുന്ന മാനത്തിനപ്പുറം വെള്ള പുതച്ചുറങ്ങുന്ന അനന്തതയിലേക്ക് കണ്ണ് നട്ടു കിടക്കുന്ന ഭൂമി.....
മഴയിനി പെയ്യില്ല,
മഞ്ഞു പോയ കാല്പാടുകള്‍ തിരിച്ചു തരാന്‍ ഒരു മടക്കയാത്ര ഉണ്ടാവില്ല.
എങ്കിലും.....വെറുതെ....
നഷ്ടപ്പെട്ടവയ്ക്ക് കാവലായി കണ്ണിമ ചിമ്മാതെ നിശബ്ദം കിടക്കുന്ന മരുഭൂമി....