October 20, 2012

കലിവേഷം ( നാടകം)

     ഏറ്റവും ജനകീയമായ കലാരൂപമാണ്‌ നാടകം. പുസ്തകപ്പുഴുവായി മാത്രം ജീവിച്ചിരുന്ന കാലത്ത് തോപ്പില്‍ ഭാസിയുടെയും മറ്റും കുറെ നല്ല നാടകങ്ങള്‍ വായിച്ചിരുന്നു എങ്കിലും, സ്റെജില്‍ കാണുന്ന നാടകങ്ങളെ സ്നേഹിക്കാന്‍ തോന്നിയിരുന്നില്ല, ഒരിക്കലും. മുഖത്ത് ചായങ്ങളും മിനുക്കുകളും പൂശി ആടയാഭരണങ്ങളും അണിഞ്ഞു ഉറഞ്ഞു തുള്ളുന്ന ഉര്‍വരതയുടെ രൂപങ്ങളോടുള്ള ആരാധന എറിയത്‌ കൊണ്ടാകണം. വിപ്ലവത്തിനോടുള്ള പ്രേമം മൂലം കെ പി എ സി യുടെ കുറെ നാടകഗാനങ്ങള്‍ നാവിന്‍ തുമ്പിലും ഓര്‍മയിലും തുള്ളിക്കളിക്കാറുണ്ട് എന്നത് ഒഴികെ നാടകം എന്ന കലാരൂപവുമായുള്ള എന്‍റെ ബന്ധം തുലോം വിരളം. ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നേ എന്ന് ചോദിച്ചാല്‍....വഴിയെ പറയാം..
     വിദ്വേഷത്തിന്റെയും പകയുടെയും ചൂടില്‍ കത്തിയാളുന്ന കലി, എല്ലാ വൈഷമ്യങ്ങള്‍ക്കും ഒടുവില്‍ തന്‍റെ വിജയം ഉറപ്പാക്കാന്‍ വെമ്പുന്ന നളന്‍, ഇവര്‍ക്കിടയില്‍ നിറഞ്ഞു ആടുന്ന ബഹുകര്‍മിയായ നടന്‍. പകര്‍ന്നാട്ടത്തിന്റെ ഈ അസുലഭ മുഹൂര്‍ത്തം ആട്ടചുവടുറപ്പിച്ച കഥകളിയരങ്ങിലെതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. പുരാണത്തിലെ നളചരിതം കഥയെ ആധാരമാക്കി ശ്രീ കാവാലം നാരായണ പണിക്കര്‍ ചിട്ടപ്പടുതിയെടുത്ത സംസ്കൃത നാടകമായ 'കലി വേഷ' ത്തിന്റെ രംഗ പടം ഉയരുമ്പോള്‍ ആണ് ഈ രംഗം. കേരളത്തില്‍ വളരെക്കുറച്ചു അരങ്ങുകളില്‍ മാത്രം അവതരിപ്പിക്കപ്പെട്ട ഈ നാടകം അവതരണ ഭംഗി കൊണ്ടും കഥയുടെ സത്ത നഷ്ടപ്പെടുത്താത്ത ചിട്ടപ്പെടുത്തല്‍ കൊണ്ടും എല്ലാത്തിലും ഉപരി രംഗബോധം ഉള്ള നടന്മാരാലും അനുഗ്രഹിക്കപ്പെട്ടത്‌ തന്നെ. 
സാരാംശം (കഥ): 
കുണ്ടിന രാജകുമാരിയായ ദമയന്തിയില്‍ അനുരക്തനായ കലി, അവളെ നളന്‍ വിവാഹം കഴിച്ചതോടെ പക പോക്കാനായി നടത്തുന്ന ശ്രമങ്ങള്‍ ആണ് കലി വേഷം എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം. നള ദമയന്തീ വിവാഹാ നന്തരം അവരെ തമ്മില്‍ അകറ്റാനും അതുവഴി ദമയന്തിയെ സ്വന്തമാക്കാനും വേണ്ടി നിഗൂഡമായ പദ്ധതി തയാറാക്കുന്നു. പക്ഷെ കളിക്ക് ഭൂമിയി സ്വന്തമായ ഒരു നിലനില്‍പ്പില്ല. അതിനാല്‍ അവന്റെ പ്രവര്‍ത്തിക്കു ഒരു മാധ്യമം ആവശ്യമായി വരുന്നു. അവിടെയാണ് കഥയിലെ പ്രധാനിയായ നടന്റെ രംഗ പ്രവേശം. " നടോഹം" എന്ന് പറഞ്ഞ്  അരങ്ങില്‍ ആദ്യം എത്തുന്നതും നടന്‍ തന്നെ. ബ്രാഹ്മന്യത്തിന്റെ പ്രതീകമായ പൂണൂലും ധരിച്ചു സരസമായി സംസാരിക്കുന്ന നടനെ കലി കണ്ടെത്തുന്നു. അവന്‍ തന്നെ ഉചിതന്‍ എന്ന് തിരിച്ചറിഞ്ഞ കലി നടനില്‍ ആവേശിക്കുന്നു. ഓരോ കാലത്തും തന്റെ മാധ്യമം ആയി വര്‍ത്തിക്കാന്‍ കലി  നടനെ പ്രലോഭിപ്പിക്കുന്നു. നള രാജധാനിയില്‍ എത്തുന്ന നടന്റെ വേഷം കളിയുടെ സഹചാരിയായി മൂല കഥയില്‍ അവതരിപ്പിക്കപ്പെട്ട ദ്വാപരന്റെതാണ്. ചൂതാട്ടത്തിന് വെല്ലു വിളിച്ച ദ്വാപരനോട് തോറ്റ്‌  നളന്‍ രാജ്യഭ്രഷ്ടന്‍  ആകുന്നു. ദമയന്തിയോടൊപ്പം നളന്‍ കാട്ടിലേക്ക് യാത്രയാകുന്നു, നടന്‍ തന്റെ വീട്ടിലേക്കും.
          തന്റെ ചര്യകളിലേക്ക്‌ മടങ്ങി പോകാന്‍ ശ്രമിക്കുന്ന നളനില്‍ കലി  വീണ്ടും ആവേശിക്കുന്നു. നടക്കുന്ന വഴിയിലെല്ലാം തങ്ങളെ പിന്തുടരുന്ന എന്തിന്റെയോ സാന്നിധ്യം ദമയന്തി തിരിച്ചറിയുന്നുണ്ട്. ഇത്തവണ നടന്റെ രൂപം വ്യത്യസ്തമാണ്. അങ്ങനെ കലിയും നടനും ചേര്‍ന്ന് നളനില്‍ ആവേശിക്കുന്നതോടെ കലിവേഷത്തിന്റെ പകര്‍ന്നാട്ടം സമ്പൂര്‍ണം ആകുന്നു. ഇനി ഉള്ളത് നടന്റെ ജീവിതമാണ്.വീട്ടില്‍ എത്തിയ നടന്റെ സ്വഭാവത്തില്‍ ഉള്ള വ്യത്യാസം ഭാര്യയെ സംശയാലുവാക്കുന്നു. അവളുടെ ചോദ്യങ്ങള്‍ക്കൊക്കെ നടന്‍ സാധാരണക്കാരനെപ്പോലെ മറുപടി പറയുന്നു. എങ്കിലും, ഈ വേഷത്തിനു പകരം നന്മയുടെ പ്രതീകമായ ഏതെങ്കിലും ഒരു വേഷം മതിയായിരുന്നു എന്ന് നടന്റെ മനസും ചിന്തിക്കാതിരുന്നില്ല. അരങ്ങില്‍ തെളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന കലി  നടനില്‍ ഉണ്ടായ വ്യത്യാസം സാധാരണക്കാരന്‍ ആയ പ്രേക്ഷകന് പോലും പറഞ്ഞു കൊടുക്കുന്നുണ്ട്.
     നളന്റെ വഴി വേറൊന്നായിരുന്നു. കളി ബാധിച്ചു, ദമയന്തിയെ ഉപേക്ഷിച്ചു കാട്ടില്‍ കൂടി അലഞ്ഞു തിരിയുന്ന നളന്‍, മാര്‍ഗമദ്ധ്യേ തീയില്‍ പെട്ട് വലഞ്ഞ കാര്‍ക്കൊടകനെ കണ്ടുമുട്ടുന്നു. തന്നെ തൊടുന്നവരെ ദംശിക്കുന്ന കാര്‍ക്കൊടകനെ തീയില്‍ നിന്ന് രക്ഷിച്ചാല്‍ അത് തനിക്കു ആപത്താകുമോ എന്നാ ഭയം നളനില്‍ ഇല്ലാതില്ല എങ്കിലും ആ നന്മ നളന് നല്ലതേ വരുത്തൂ എന്ന കാര്‍ക്കോടകന്റെ വാക്കില്‍ വിശ്വസിച്ചു നളന്‍ കാര്‍ക്കൊടകനെ രക്ഷപെടുത്തുന്നു. കാര്‍ക്കോടകന്‍ നളനെ ദംശിക്കുന്നു. വിഷം ശരീരത്തില്‍ വ്യാപിക്കുന്നതിനോപ്പം കലി നളനെ വിട്ടുമാറ ുന്നു. അരൂപിയായ കലിയെ നളന്‍ ശാസിക്കുന്നു. മേലാല്‍ നല്ലവരിലോ സജ്ജനങ്ങളിലോ തന്റെ അസ്ഥിത്വം സ്ഥാപിക്കരുത് എന്ന താക്കീത് ചെയ്യുന്നിടത്ത് നാടകം അവസാനിക്കുന്നു.  
      നാടകത്തിലെ ഏറ്റവും മനോഹരമായ ആശയം, അസ്ഥിത്വം ഇല്ലാത്ത കലി എന്ന സങ്കല്പം തന്നെ. മനുഷ്യന്റെ ചിന്തകളെ കാര്‍ന്നു തിന്നുന്ന കലി എന്ന വികാരവും പുരാണത്തിലെ കലിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ചിന്ത. ദൈവികമോ ആസുരമോ ആയ ഒരു പരിവേഷം നല്‍കാതെ നിത്യ പരിചിതമായ ഒരു വികാരം ആക്കി കലിയെ പരിചിതനാക്കി മാറ്റുകയാണ് നാടകകൃത്ത്  ചെയ്തിരിക്കുന്നത്. പുരാണങ്ങളിലും വിശ്വാസങ്ങളിലും ഉള്‍ക്കൊള്ളുന്ന ആധുനികതയുടെ വിത്തുകളെ തേടുവാനുള്ള ഒരു ശ്രമം ആയി കലിവേഷത്തെ കാണുന്നതില്‍ തെറ്റില്ല. സംസ്കൃത നാടകത്തിന്റെ ചട്ടക്കൂടില്‍  ഒതുങ്ങാതെ ആനുകാലിക പ്രസക്തിയോടെ കഥ പറയുന്ന 'കലി വേഷം' അരങ്ങില്‍ മാത്രമല്ല മനസിലും നിരഞ്ഞാടും എന്നതില്‍ മാറ്റം ഇല്ല.
ഇനി ചിത്രങ്ങളിലൂടെ:
കടപ്പാട്: ഗിരീഷ്‌ മേനോന്‍, എ കെ ബിജുരാജ്, ഭാഷാഭാരതി