March 26, 2013

ഒരു ഓർമ


പണ്ട്... 

അങ്ങനെ പറഞ്ഞാൾ  മുത്തശ്ശിക്കഥ ആണെന്നും പറഞ്ഞു അന്തം വിട്ടു നോക്കിയിരിക്കാൻ വരട്ടെ .... 
ഈ കഥ നടക്കുന്നത് പണ്ട് രാജാവും മന്ത്രവാദിയും പറക്കുന്ന കുതിരയും ഒന്നും ഉള്ള കാലത്തല്ല....  
ഇങ്ങു നമ്മുടെ സ്വന്തം എ ഡി യിൽ...... 
ഇരുചക്ര വാഹനങ്ങളിൽ സൈക്കിൾ തന്റെ രാജ്യാധികാരം ബൈക്കിനും ടുവീലറിനും ഒക്കെ വിട്ടു കൊടുക്കുന്നതിനു മുൻപ്...  
അങ്ങട് കറക്റ്റ് ആയി പറഞ്ഞാൽ  ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം.  

ദാ പോയി എല്ലാരും ഒരു ഫ്ലാഷ് ബാക്ക് ലേക്ക്..... 

അഞ്ചാം ക്ലാസിലെ വര്ഷാവസാന പരീക്ഷ കഴിഞ്ഞ്, ഇടയ്കൊക്കെ മാവിന്റെ ചോട്ടിലും പിന്നെ ചിലപ്പോൾ  പലവിധത്തിലുള്ള ഉത്സവങ്ങൾ കണ്ടു സന്തോഷിക്കുന്ന തിരക്കിലും (സത്യം പറഞ്ഞാൽ  ഈ ഉത്സവങ്ങൾ എന്ന് പറയുന്നത് എനിക്ക് രണ്ടു തരത്തിൽ ഉള്ള ഓർമ്മകൾ ആണ്, അടിയിട്ടു വാങ്ങി വീട്ടിലെത്തും മുന്നേ പൊട്ടി പോകുന്ന ബലൂണുകളും പിന്നെ ഉത്സവം കഴിഞ്ഞു നടത്തുന്ന കമ്പം പേടിച്ച് വീടിലേക്കുള്ള ഓട്ടവും) അങ്ങനെ നടക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു വിലപ്പെട്ട സമ്മാനം കിട്ടുന്നത്. വെറും വിലപ്പെട്ടതല്ല, ഇത്തിരി വിലയുള്ള സമ്മാനം ... ഒരു ലേഡീസ് സൈക്കിൾ


ഇതാണോ ഇത്രേ വലിയ കാര്യം ന്നാണോ ചിന്ത?? വേണ്ടാ ട്ടോ 

ഒരു സൈക്കിൾ നു ഒക്കെ ന്താ വില എന്നറിയണം എങ്കിൽ അന്നൊക്കെ ഉണ്ടാകണമായിരുന്നു.   
പയ്യനല്ലൂർ സ്കൂളിൽ സൈക്കിൾ ഇൽ  വരുന്ന മഹാന്മാർ കുറെ ഉണ്ടെങ്കിലും പെണ്‍കുട്ടികൽ  കുറവായിരുന്നു.  
അങ്ങനെ തുടങ്ങിയ മോഹാണ് അവസാനം അഞ്ചാം ക്ലാസ്സിൽ വച്ച് അങ്ങട് സാധിച്ചേ. 
അപ്പൊ പിന്നെ സന്തോഷം ഉണ്ടാകണ്ടേ വരുമോ ???

എന്നിട്ടും ഒരു അടി പറ്റി. 
"ഹീറോ ഹാൻസ"
പഞ്ചായത്ത് മുഴുവൻ മുന്നില് പെട്ടിയുള്ള "ലേഡി ബേർഡ്" സൈക്കിൾ ഉം കൊണ്ട് പോകുമ്പോ എനിക്ക് മാത്രം ആണ്‍കുട്ടികളുടെ കൂട്ടത്തെ സൈക്കിൾ 
പ്രതിഷേധിച്ചു നോക്കി ചെറുതായിട്ട്.... നടന്നില്ല..... 
അത് പിന്നെ പണ്ട് മുതലേ പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും സ്വരം ഇത്തിരി ചെറുതാ.... കേൽക്കണാച്ചാ ഇത്തിരി പാടാ... 
"നിനക്ക് വേണേൽ മതി, അല്ലേൽ  തിരിച്ചു കൊടുത്തേക്കാം"
ടീച്ചർ  അമ്മ ഫുൾ സ്റ്റോപ്പ്‌ ഇട്ടു. 
ആലോചിച്ചപ്പോൾ സൈക്കിൾ വാങ്ങിയ താമരക്കുളത്തെ കട അച്ഛന്റെ കൂട്ടുകാരന്റെ ആണ്. കൊണ്ട് കൊടുത്താൽ തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെന്നു മാത്രല്ല, ഒരിക്കൽ വേണ്ടാന്നു വച്ചാൽ അറം പറ്റും എന്നും ഉറപ്പ്.... 
അങ്ങനെ അവൾ അങ്ങനെ എന്റെ കൂടെ കൂടി.... 

എന്തായാലും കുറച്ചു കഷ്ടപ്പെട്ട് ആയാലും വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും സൈക്കിൾ ഓടിക്കാൻ പഠിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നം. 
നല്ല ഉയരം ഉള്ളത് കൊണ്ട് സീറ്റിൽ ഇരുന്നു ഓടിക്കാൻ പറ്റുമോ എന്നു സംശയം. 
എന്തായാലും ഉത്ഘാടനം നമ്മുടെ പള്ളിക്കൽ വായനശാലയിലേക്ക് തന്നെ. 
അങ്ങോട്ട്‌ പോകുന്ന വഴി വഴിയിലെ കടയില ഇരുന്നു ആരോ " ദേ വീല് കറങ്ങുന്നു" എന്ന് പറഞ്ഞപ്പോൾ വണ്ടി നിർത്തി നോക്കി എന്നൊക്കെ പറയുന്നത് ഞാൻ ശക്തിയുക്തം നിഷേധിക്കുന്നു.  
ഇല്ല അത് ഞാൻ ആകില്ല... ഉറപ്പ്.... 
അങ്ങനെ ആരേലും പറഞ്ഞിരുന്നേൽ ഞാൻ അതിനു മുന്നേ റോഡിൽ മറിഞ്ഞേനെ എന്ന കാര്യം എനിക്കല്ലേ അറിയൂ.... 
ശോ.... ഞാൻ.... 


  
പിന്നങ്ങോട്ട് കാത്തിരിപ്പായി 
സ്കൂൾ ഒന്ന് തുറക്കാൻ 
എന്നാലല്ലേ നമുക്കൊന്ന് ഷൈൻ ചെയ്യാൻ പറ്റൂ. 
ആദ്യായിട്ടാകും(അവസാനമായിട്ടും????) സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത്, അതും മെയ് മാസത്തിൽ തന്നെ. 
അങ്ങനിരിക്കുമ്പോൾ ആണ് ജയകൃഷ്ണൻ സാർ (ആരാന്നു ചോദിച്ചാൽ ആറാം ക്ലാസ് മുതൽ ഇങ്ങോട്ട് പഠിക്കാൻ പോയ ട്യൂഷൻ സെന്റർ ന്റെ പ്രിൻസിപ്പൽ, ഞങ്ങളുടെയെല്ലാം പേടിസ്വപ്നം) വീട്ടിൽ  എത്തിയത്. ക്ലാസിനു ചെല്ലാനായി വിളിക്കാൻ ആണ് വന്നത്. മെയ് 15 നു ക്ലാസ്സ്‌ തുടങ്ങും എന്ന് കേട്ടപ്പോഴേ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. 15 ദിവസങ്ങൾ  മുന്നേ സ്കൂളിലെ കൂട്ടുകാരെയെല്ലാം കാണാം എന്ന് ഓർത്തപ്പോൾ തന്നെ ഹോ .....  

പക്ഷെ 
വരാനുള്ളത് വഴിയിൽ  തങ്ങില്ല എന്നല്ലേ. 
ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ആയപ്പോൾ അമ്മ കാലുവാരി. 
രാവിലെ ഐശ്വര്യയിട്ടു അമ്പലത്തിലൊക്കെ പോയി വന്നിട്ടും അമ്മയുടെ ഗ്രീൻ സിഗ്നൽ കിട്ടിയില്ല അങ്ങനെ യാത്ര പതിവ് പോലെ പ്രൈവറ്റ് ബസ്സിൽ... 
പ്രതീക്ഷ കൈവിട്ടില്ല..... 16, 17, ........ ദിൻ ദിൻ ഗിന്കെ ഇന്തസാർ 
അങ്ങനെ ദിവസങ്ങൽ കടന്നു പോയി. 
സ്കൂൾ തുറന്നു ഒരു term കഴിഞ്ഞു. 
ഒരു രക്ഷയും ഇല്ല. 
അങ്ങനെ നവമിയിലെ ഓണപ്പരീക്ഷ ആയി. 
രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തീരണ്ടത് കൊണ്ട് പരീക്ഷ കുറച്ചു നേരത്തെ തുടങ്ങും. 8-ന്റെ കോമോസ് നു പോയാൽ പരീക്ഷ തുടങ്ങിയിട്ടേ ചെല്ലാൻ പറ്റൂ. 
അതൊരു ചാൻസ് ആയി എടുത്തു പരീക്ഷിച്ചപ്പോൾ വീട്ടിൽ എനിക്ക് പാര വയ്ക്കാൻ വേണ്ടി ജനിച്ച സാക്ഷാൽ വേണുഗോപാൽ ജി (ആളെ അറിയാല്ലോ, ബ്ലോഗിലെ എല്ലാ പോസ്റ്റിലും ഉണ്ട് ട്ടോ) വില്ലൻ ആയി. 
അതും വെറും അഞ്ചാം വയസ്സിൽ.... 
എന്തായാലും യേശു അവസാനം സഹായിച്ചു... 
ക്രിസ്മസ് പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ആ മധുര മനോഹരമായ വാക്കുകള ഞാൻ കേട്ടത്.  
"ജയേ വേണേൽ സൈക്കിൾ എടുത്തോണ്ട് പൊയ്ക്കോ, പക്ഷെ സൂക്ഷിക്കണം"
വിശ്വസിക്കാൻ പറ്റിയില്ല. 
സ്വര്ഗം കിട്ടിയ സന്തോഷത്തോടെയാണ് അന്ന് യാത്ര തുടങ്ങിയത് 
മേക്കുന്ന് മുകളിൽ  നിന്നങ്ങോട്ട്‌ ഉള്ള കയറ്റമൊന്നും അറിഞ്ഞതേയില്ല 
വഴിനീളെ കണ്ടവരോടൊക്കെ ചിരിച്ചു ഭയങ്കര സന്തോഷത്തോടെ അങ്ങ് നവമിയിൽ എത്തി 
എല്ലാരും ക്ലാസിൽ....  
പരീക്ഷ തുടങ്ങി...  
വെളിയിൽ  നിന്ന് കൂട്ടുകാരോടൊക്കെ സൈക്കിൾ കൊണ്ടുവന്ന കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ ജയകൃഷ്ണൻ സാർ വിളിച്ചു 
"എന്താ ജയലക്ഷ്മി താമസിച്ചത്?"
ഉത്തരം കിട്ടാതെ അന്തം വിട്ടു നിന്ന എന്നോട് പിന്നെ ചോദിച്ചത് കയ്യിലെ വടിയായിരുന്നു. 
അങ്ങനെ ആറു മാസം കാത്തിരുന്നിട്ട് അവസാനം തല്ലു വാങ്ങി celebrate ചെയ്തെങ്കിലും, അവൾ പിന്നെ എന്റെ കൂട്ട് തന്നെ ആയി. 
നിർത്തിയിട്ട ഓട്ടോയിൽ അങ്ങോട്ട്‌ ചെന്ന് ഇടിച്ചും, പാണ്ടി ലോറിക്ക് അട വച്ചും ഒക്കെ കുറെ നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു...