Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

March 26, 2013

ഒരു ഓർമ


പണ്ട്... 

അങ്ങനെ പറഞ്ഞാൾ  മുത്തശ്ശിക്കഥ ആണെന്നും പറഞ്ഞു അന്തം വിട്ടു നോക്കിയിരിക്കാൻ വരട്ടെ .... 
ഈ കഥ നടക്കുന്നത് പണ്ട് രാജാവും മന്ത്രവാദിയും പറക്കുന്ന കുതിരയും ഒന്നും ഉള്ള കാലത്തല്ല....  
ഇങ്ങു നമ്മുടെ സ്വന്തം എ ഡി യിൽ...... 
ഇരുചക്ര വാഹനങ്ങളിൽ സൈക്കിൾ തന്റെ രാജ്യാധികാരം ബൈക്കിനും ടുവീലറിനും ഒക്കെ വിട്ടു കൊടുക്കുന്നതിനു മുൻപ്...  
അങ്ങട് കറക്റ്റ് ആയി പറഞ്ഞാൽ  ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം.  

ദാ പോയി എല്ലാരും ഒരു ഫ്ലാഷ് ബാക്ക് ലേക്ക്..... 

അഞ്ചാം ക്ലാസിലെ വര്ഷാവസാന പരീക്ഷ കഴിഞ്ഞ്, ഇടയ്കൊക്കെ മാവിന്റെ ചോട്ടിലും പിന്നെ ചിലപ്പോൾ  പലവിധത്തിലുള്ള ഉത്സവങ്ങൾ കണ്ടു സന്തോഷിക്കുന്ന തിരക്കിലും (സത്യം പറഞ്ഞാൽ  ഈ ഉത്സവങ്ങൾ എന്ന് പറയുന്നത് എനിക്ക് രണ്ടു തരത്തിൽ ഉള്ള ഓർമ്മകൾ ആണ്, അടിയിട്ടു വാങ്ങി വീട്ടിലെത്തും മുന്നേ പൊട്ടി പോകുന്ന ബലൂണുകളും പിന്നെ ഉത്സവം കഴിഞ്ഞു നടത്തുന്ന കമ്പം പേടിച്ച് വീടിലേക്കുള്ള ഓട്ടവും) അങ്ങനെ നടക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു വിലപ്പെട്ട സമ്മാനം കിട്ടുന്നത്. വെറും വിലപ്പെട്ടതല്ല, ഇത്തിരി വിലയുള്ള സമ്മാനം ... ഒരു ലേഡീസ് സൈക്കിൾ


ഇതാണോ ഇത്രേ വലിയ കാര്യം ന്നാണോ ചിന്ത?? വേണ്ടാ ട്ടോ 

ഒരു സൈക്കിൾ നു ഒക്കെ ന്താ വില എന്നറിയണം എങ്കിൽ അന്നൊക്കെ ഉണ്ടാകണമായിരുന്നു.   
പയ്യനല്ലൂർ സ്കൂളിൽ സൈക്കിൾ ഇൽ  വരുന്ന മഹാന്മാർ കുറെ ഉണ്ടെങ്കിലും പെണ്‍കുട്ടികൽ  കുറവായിരുന്നു.  
അങ്ങനെ തുടങ്ങിയ മോഹാണ് അവസാനം അഞ്ചാം ക്ലാസ്സിൽ വച്ച് അങ്ങട് സാധിച്ചേ. 
അപ്പൊ പിന്നെ സന്തോഷം ഉണ്ടാകണ്ടേ വരുമോ ???

എന്നിട്ടും ഒരു അടി പറ്റി. 
"ഹീറോ ഹാൻസ"
പഞ്ചായത്ത് മുഴുവൻ മുന്നില് പെട്ടിയുള്ള "ലേഡി ബേർഡ്" സൈക്കിൾ ഉം കൊണ്ട് പോകുമ്പോ എനിക്ക് മാത്രം ആണ്‍കുട്ടികളുടെ കൂട്ടത്തെ സൈക്കിൾ 
പ്രതിഷേധിച്ചു നോക്കി ചെറുതായിട്ട്.... നടന്നില്ല..... 
അത് പിന്നെ പണ്ട് മുതലേ പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും സ്വരം ഇത്തിരി ചെറുതാ.... കേൽക്കണാച്ചാ ഇത്തിരി പാടാ... 
"നിനക്ക് വേണേൽ മതി, അല്ലേൽ  തിരിച്ചു കൊടുത്തേക്കാം"
ടീച്ചർ  അമ്മ ഫുൾ സ്റ്റോപ്പ്‌ ഇട്ടു. 
ആലോചിച്ചപ്പോൾ സൈക്കിൾ വാങ്ങിയ താമരക്കുളത്തെ കട അച്ഛന്റെ കൂട്ടുകാരന്റെ ആണ്. കൊണ്ട് കൊടുത്താൽ തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെന്നു മാത്രല്ല, ഒരിക്കൽ വേണ്ടാന്നു വച്ചാൽ അറം പറ്റും എന്നും ഉറപ്പ്.... 
അങ്ങനെ അവൾ അങ്ങനെ എന്റെ കൂടെ കൂടി.... 

എന്തായാലും കുറച്ചു കഷ്ടപ്പെട്ട് ആയാലും വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും സൈക്കിൾ ഓടിക്കാൻ പഠിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നം. 
നല്ല ഉയരം ഉള്ളത് കൊണ്ട് സീറ്റിൽ ഇരുന്നു ഓടിക്കാൻ പറ്റുമോ എന്നു സംശയം. 
എന്തായാലും ഉത്ഘാടനം നമ്മുടെ പള്ളിക്കൽ വായനശാലയിലേക്ക് തന്നെ. 
അങ്ങോട്ട്‌ പോകുന്ന വഴി വഴിയിലെ കടയില ഇരുന്നു ആരോ " ദേ വീല് കറങ്ങുന്നു" എന്ന് പറഞ്ഞപ്പോൾ വണ്ടി നിർത്തി നോക്കി എന്നൊക്കെ പറയുന്നത് ഞാൻ ശക്തിയുക്തം നിഷേധിക്കുന്നു.  
ഇല്ല അത് ഞാൻ ആകില്ല... ഉറപ്പ്.... 
അങ്ങനെ ആരേലും പറഞ്ഞിരുന്നേൽ ഞാൻ അതിനു മുന്നേ റോഡിൽ മറിഞ്ഞേനെ എന്ന കാര്യം എനിക്കല്ലേ അറിയൂ.... 
ശോ.... ഞാൻ.... 


  




പിന്നങ്ങോട്ട് കാത്തിരിപ്പായി 
സ്കൂൾ ഒന്ന് തുറക്കാൻ 
എന്നാലല്ലേ നമുക്കൊന്ന് ഷൈൻ ചെയ്യാൻ പറ്റൂ. 
ആദ്യായിട്ടാകും(അവസാനമായിട്ടും????) സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത്, അതും മെയ് മാസത്തിൽ തന്നെ. 
അങ്ങനിരിക്കുമ്പോൾ ആണ് ജയകൃഷ്ണൻ സാർ (ആരാന്നു ചോദിച്ചാൽ ആറാം ക്ലാസ് മുതൽ ഇങ്ങോട്ട് പഠിക്കാൻ പോയ ട്യൂഷൻ സെന്റർ ന്റെ പ്രിൻസിപ്പൽ, ഞങ്ങളുടെയെല്ലാം പേടിസ്വപ്നം) വീട്ടിൽ  എത്തിയത്. ക്ലാസിനു ചെല്ലാനായി വിളിക്കാൻ ആണ് വന്നത്. മെയ് 15 നു ക്ലാസ്സ്‌ തുടങ്ങും എന്ന് കേട്ടപ്പോഴേ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. 15 ദിവസങ്ങൾ  മുന്നേ സ്കൂളിലെ കൂട്ടുകാരെയെല്ലാം കാണാം എന്ന് ഓർത്തപ്പോൾ തന്നെ ഹോ .....  

പക്ഷെ 
വരാനുള്ളത് വഴിയിൽ  തങ്ങില്ല എന്നല്ലേ. 
ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ആയപ്പോൾ അമ്മ കാലുവാരി. 
രാവിലെ ഐശ്വര്യയിട്ടു അമ്പലത്തിലൊക്കെ പോയി വന്നിട്ടും അമ്മയുടെ ഗ്രീൻ സിഗ്നൽ കിട്ടിയില്ല അങ്ങനെ യാത്ര പതിവ് പോലെ പ്രൈവറ്റ് ബസ്സിൽ... 
പ്രതീക്ഷ കൈവിട്ടില്ല..... 16, 17, ........ ദിൻ ദിൻ ഗിന്കെ ഇന്തസാർ 
അങ്ങനെ ദിവസങ്ങൽ കടന്നു പോയി. 
സ്കൂൾ തുറന്നു ഒരു term കഴിഞ്ഞു. 
ഒരു രക്ഷയും ഇല്ല. 
അങ്ങനെ നവമിയിലെ ഓണപ്പരീക്ഷ ആയി. 
രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തീരണ്ടത് കൊണ്ട് പരീക്ഷ കുറച്ചു നേരത്തെ തുടങ്ങും. 8-ന്റെ കോമോസ് നു പോയാൽ പരീക്ഷ തുടങ്ങിയിട്ടേ ചെല്ലാൻ പറ്റൂ. 
അതൊരു ചാൻസ് ആയി എടുത്തു പരീക്ഷിച്ചപ്പോൾ വീട്ടിൽ എനിക്ക് പാര വയ്ക്കാൻ വേണ്ടി ജനിച്ച സാക്ഷാൽ വേണുഗോപാൽ ജി (ആളെ അറിയാല്ലോ, ബ്ലോഗിലെ എല്ലാ പോസ്റ്റിലും ഉണ്ട് ട്ടോ) വില്ലൻ ആയി. 
അതും വെറും അഞ്ചാം വയസ്സിൽ.... 












എന്തായാലും യേശു അവസാനം സഹായിച്ചു... 
ക്രിസ്മസ് പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ആ മധുര മനോഹരമായ വാക്കുകള ഞാൻ കേട്ടത്.  
"ജയേ വേണേൽ സൈക്കിൾ എടുത്തോണ്ട് പൊയ്ക്കോ, പക്ഷെ സൂക്ഷിക്കണം"
വിശ്വസിക്കാൻ പറ്റിയില്ല. 
സ്വര്ഗം കിട്ടിയ സന്തോഷത്തോടെയാണ് അന്ന് യാത്ര തുടങ്ങിയത് 
മേക്കുന്ന് മുകളിൽ  നിന്നങ്ങോട്ട്‌ ഉള്ള കയറ്റമൊന്നും അറിഞ്ഞതേയില്ല 
വഴിനീളെ കണ്ടവരോടൊക്കെ ചിരിച്ചു ഭയങ്കര സന്തോഷത്തോടെ അങ്ങ് നവമിയിൽ എത്തി 
എല്ലാരും ക്ലാസിൽ....  
പരീക്ഷ തുടങ്ങി...  
വെളിയിൽ  നിന്ന് കൂട്ടുകാരോടൊക്കെ സൈക്കിൾ കൊണ്ടുവന്ന കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ ജയകൃഷ്ണൻ സാർ വിളിച്ചു 
"എന്താ ജയലക്ഷ്മി താമസിച്ചത്?"
ഉത്തരം കിട്ടാതെ അന്തം വിട്ടു നിന്ന എന്നോട് പിന്നെ ചോദിച്ചത് കയ്യിലെ വടിയായിരുന്നു. 
അങ്ങനെ ആറു മാസം കാത്തിരുന്നിട്ട് അവസാനം തല്ലു വാങ്ങി celebrate ചെയ്തെങ്കിലും, അവൾ പിന്നെ എന്റെ കൂട്ട് തന്നെ ആയി. 
നിർത്തിയിട്ട ഓട്ടോയിൽ അങ്ങോട്ട്‌ ചെന്ന് ഇടിച്ചും, പാണ്ടി ലോറിക്ക് അട വച്ചും ഒക്കെ കുറെ നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു...    


February 19, 2012

ഒരു വര്‍ഷാന്ത്യ ഡയറിക്കുറിപ്പ്‌ (29-11-2010)

         രാവിലെ സുപ്രഭാതം ആയെന്നു പറഞ്ഞു മൊബൈലിലെ "കൃഷ്ണ കൃഷ്ണ.." വിളി കേട്ടു ഉണര്‍ന്നാല്‍ പിന്നെ വൈകും നേരം കൂട്ടുകാര്‍ക്കൊക്കെ ഒരു ഗുഡ് നൈറ്റ് അയച്ചു നമ്മുടെ കൃഷ്ണനും ഒരു ശുഭരാത്രി നേരുന്നത് വരെയുള്ള സമയം എങ്ങനെ പോയാലും "ഐഡിയ കാണിപ്പയൂര്‍" പറയുമ്പോലെ ഗുണദോഷസമ്മിശ്രം ആയിരിക്കും. വര്‍ഷങ്ങളായുള്ള ശീലം. പക്ഷെ ഈ ഒരാഴ്ച, അതിലേറെ ഇന്നത്തെ ഒരു ദിവസം....പറഞ്ഞാലും പറഞ്ഞാലും തീരൂല്ല.
          ഇതെന്താപ്പോ ഈ കൊച്ചിന് പറ്റിയേ ന്നോര്‍ത്തു ചിരിക്കാന്‍ വരട്ടെ. പണ്ടേ ഉള്ള ശീലാ ഈ ദിനാന്ത്യക്കുറിപ്പുകള്‍. അത് മറ്റുള്ളോര്‍ക്ക് ശല്യാകുന്നത് ഇതാദ്യാകും.. ന്നാപ്പിന്നെ പറഞ്ഞോട്ടെ...
        രാവിലെ പതിവുപോലെ ആദ്യം ഉണര്‍ന്നു കണ്ണു തുറക്കാതെയും പിന്നെ പാതി തുറന്നും നോക്കിയപ്പോള്‍ സമയം ആറ്‌ മുപ്പത്... തലയിലൂടെ കൊള്ളിമീന്‍ പാഞ്ഞു. ഇന്നലത്തെ പണി തീര്‍ക്കാനായി നേരത്തെ ഉണരാന്‍ പ്ലാന്‍ ചെയ്തു കിടന്നതാ. രാവിലത്തെ വൃശ്ചികകുളിരില്‍ ഞാന്‍ എങ്ങാന്‍ ഉണരാന്‍ മടിച്ചാല്‍ തല്ലി ഉണര്‍ത്താന്‍ പുള്ളിക്കാരനെ ( തെറ്റിദ്ധരിക്കണ്ടാ സാക്ഷാല്‍ കൃഷ്ണനെ) ഏല്‍പ്പിച്ചിട്ട് അദ്ദേഹവും കാലു വാരി. പിന്നെ എങ്ങനെയെങ്കിലും ഉണര്‍ന്നു ഒരുവിധം ഒരുങ്ങി റോഡില്‍ എത്തിയപ്പോഴേക്കും ഞാന്‍ എന്ന സ്ഥിരം സഞ്ചാരി എത്തിയിട്ടില്ല എന്ന സത്യം മനസിലാക്കാതെ പള്ളിക്കലില്‍ നിന്നു കര പറ്റാനുള്ള രണ്ട്‌ വാഹനങ്ങളും യാത്രയായി. വൈകി ചെല്ലുമ്പോള്‍ കോളേജ് ഗേറ്റിലെ പത്മ ടീച്ചര്‍ മുതല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സഹഗവേഷകര്‍ വരെ പറയാന്‍ പോകുന്ന ഒരായിരം പരാതികളും വഴക്കുകളും ഓര്‍ത്തുകൊണ്ട്‌ മേക്കുന്ന് മുകളിലേക്ക് (സ്ഥലപരിചയം കുറവുള്ളവര്‍ പഴയ ബ്ലോഗുകളില്‍ പരതുക) വച്ചു പിടിച്ചു. മനസ്സില്‍ ഒരേ ചോദ്യം" ഈശ്വരാ, ആരെയാണോ ഇന്ന് കണി കണ്ടത്? " എന്തായാലും എന്നെയല്ല, കണ്ണാടി നോക്കുന്ന ശീലം പാടെ ഇല്ല.
          ബസ്‌ സ്റ്റോപ്പില്‍ എത്തിയിട്ടും ബസ്‌ കാണുന്നില്ല. പാപി ചെന്നിടം പാതാളം,ഇനി ഇതും ഇല്ലാരിക്കും. പോകണ്ടാ എന്ന തീരുമാനത്തില്‍ എത്തി തിരിച്ചു നടക്കാം ന്ന് കരുതിയപ്പോള്‍ അതാ വരുന്നു ശ്രീ പത്മനാഭ. ദൂരേന്നു വരുന്ന ബസില്‍ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടപ്പോഴേ മതിയായി. കാലു കുത്താന്‍ സ്ഥലമില്ല. ഒരു വിധം ഫുഡ്‌ ബോര്‍ഡില്‍ വാമനന്‍ ചോദിച്ച പോലെ രണ്ടടി തറ ചോദിച്ചു വാങ്ങി നില്‍പ്പായി. വഴിനീളെ ഉള്ള സ്റൊപ്പുകളില്‍ ഒന്നും നിര്‍ത്താതെ ഉള്ള നോണ്‍ സ്റ്റോപ് യാത്ര അവസാനിച്ചത്‌ പള്ളിക്കല്‍ പഞ്ചായത്തിനു മുന്നില്‍. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ ആണോ ആവോ എല്ലാരൂടെ ഉള്ള ഈ യാത്ര...ആര്‍ക്കറിയാം. എന്തായാലും ഒരു സമാധാനം ഉണ്ട്, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ വഴി അറിയാതെ പോകില്ലല്ലോ. എന്തായാലും എല്ലാരും ഇറങ്ങിയപ്പോള്‍ പിന്നങ്ങോട്ട് കുറച്ചൊരു ആശ്വാസം ആയി. ആളെ ഇറക്കിയും കയറ്റിയും ഞങ്ങള്‍ അങ്ങ് പന്തളത് എത്തിയത് പത്തു മുപ്പതിന്. രാവിലത്തെ തിരക്കിനിടയില്‍ ഡി ഡി അടയ്ക്കാനുള്ള ഫീസ്‌ എടുക്കാന്‍ മറന്നു. അങ്ങനെ താമസിച്ചു ചെല്ലുമ്പോള്‍ പറയാനുള്ള ന്യായവും ഇല്ലാണ്ടായി. " എന്നാപ്പിന്നെ കോളേജിലേക്ക് പോകുകയല്ലേ...?" ആരോ ചോദിച്ചപോലെ.
         ഒളിച്ചും പാത്തും കോളേജില്‍ എത്തിയപ്പോള്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും പത്മ ടീച്ചര്‍ നാട് വിട്ടിരുന്നു. ഈശ്വരാ...ഒരിത്തിരി സമാധാനം. ഇനി സനല്‍ സര്‍. അവിടെ ആരോടും കള്ളം പറയാനുള്ള ദൈര്യം പോര. അതുകൊണ്ട് ഉള്ള സത്യം സത്യായിട്ടു അങ്ങ് പറയാന്നു കരുതി ചെന്നപ്പോള്‍ താവളത്തില്‍ സര്‍ ഇല്ല. ഭാഗ്യം..... അങ്ങനെ കോളേജില്‍ എത്തി. എന്നും ചെല്ലുമ്പോള്‍ മുതല്‍ പോരുമ്പോള്‍ വരെ ചെയ്യാനുള്ള ജോലി അവിടെ ഉണ്ടാകും. ഇടയ്ക്കുള്ള ഇത്തിരി സമയം കുറച്ചു കഥ പറച്ചിലും പരദൂഷണവും ഒക്കെയായി ആഘോഷിക്കുകയും ചെയ്യാം. ഇന്ന് പക്ഷെ ആകെ പ്രശ്നം. ഒന്നും ചെയ്യാന്‍ ഇല്ലത്രെ. ചെയ്യാന്‍ ഇല്ലാത്തതല്ല, എല്ലാ കാര്യത്തിലും എന്തെങ്കിലും ഒരു ഐറ്റം മിസ്സിംഗ്‌. അങ്ങനെ ഒരു ദിവസം ആകെ നഷ്ടം.
           വൈകിട്ട് തിരിച്ചുള്ള യാത്ര അടൂര്‍ വഴിയാക്കിയത് പതിവ് വഴിയില്‍ നിന്നൊന്നു മാറാന്‍ തന്നെയായിരുന്നു. Have a change. അടൂരിന്റെ സ്വന്തം ടൌണ്‍ ഹാളില്‍ എന്തൊക്കെയോ പ്രദര്‍ശനം വില്‍പ്പന....നേരെ അങ്ങോട്ട്‌ കയറി. പണ്ടൊരിക്കല്‍ "രാമന്‍ കത്തികള്‍" വില്‍ക്കാന്‍ ഉണ്ടെന്നു ബോര്‍ഡ് കണ്ട് ടീം ആയി പോയി പ്രസ്തുത വസ്തു കണ്ടതിന്റെ ഓര്‍മ പോയില്ല. ഇന്നും ഉണ്ട് കത്തി, പക്ഷെ രാമന്‍ കത്തി മാത്രം കണ്ടില്ല. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടതൊന്നും കാണാതെ വന്നപ്പോള്‍ ഇറങ്ങി നടന്നു. വഴിയില്‍ പൂക്കടയില്‍ മുല്ലപ്പൂവിന്നു വില ചോദിക്കുന്ന ചേട്ടനെ കണ്ടപ്പോള്‍ ഓര്‍ത്തു കൂട്ടുകാരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ന്ന്. ഒറ്റയ്ക്ക് എന്ത് പറയാന്‍.
        അവിടുന്ന് ബസ്‌ സ്ടാണ്ടിലേക്ക് വെച്ച് പിടിച്ചു. അമ്പലത്തിനു മുന്നിലെ നടപ്പാത എനിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിയാണ്. നല്ല തിരക്കുള്ള റോഡിന്റെ അരുകിലൂടെ കൂടെ ആരുമില്ലാതെ നടന്നു പോകാന്‍ വല്ലാത്തൊരു രസം തന്നെ. മനസ്സില്‍ കൂടി കുറെ ചിന്തകളും വിവരക്കേടുകളും ഒക്കെ കടന്നു പോകുന്നത് പലപ്പോഴും ആ നടപ്പില്‍ ആകും. ഇന്ന് പക്ഷെ ഓര്‍മയില്‍ കുറെ പുസ്തകങ്ങള്‍ ആയിരുന്നു. അങ്ങനെയാണേല്‍ ഏതെങ്കിലും ഒരു ബുക്ക്‌ വാങ്ങാം എന്ന് കരുതി അടൂര്‍ ബുക്ക്‌ ഹൌസിലേക്ക് വച്ചു പിടിച്ചു. അകതോട്ടു കയറുന്നതിനു മുന്‍പേ അവിടുത്തെ ചേട്ടന്റെ അറിയിപ്പ് കിട്ടി, എനിക്കുള്ള വകയൊന്നും ഇല്ലത്രെ. പുതിയ പുസ്തകങ്ങള്‍ എത്തി പക്ഷെ കവിതകള്‍ക്ക് മാര്‍ക്കറ്റ്‌ കുറവായത് കൊണ്ടു അതങ്ങട് ഉപേക്ഷിച്ചു. ഗുണമില്ലന്നു അറിഞ്ഞിട്ടും കുറച്ചു നേരം അവിടുത്തെ പുസ്തകങ്ങള്‍ക്കിടയില്‍ ഒന്ന് ചുറ്റിക്കറങ്ങി. വെറുതെ.....
               ന്നാപ്പിന്നെ ബസ്‌ സ്ടാന്റിലേക്ക് ...
        കരുനാഗപ്പള്ളി പതിവ് പോലെ കാത്തു കിടക്കുന്നു. കയറിചെന്നപ്പോള്‍ പതിവ് കൂട്ടുകാര്‍ ആരുമില്ല. ചേച്ചിമാരും ഇല്ല. വീണ്ടും വിജനത. കുറെ നെഗറ്റീവുകള്‍ ചുറ്റും നിറയുമ്പോള്‍ നമ്മളും ഒരല്‍പം ഉള്‍വലിയാന്‍ തുടങ്ങും ന്ന് പറയുന്നത് സത്യം. സാധാരണ Recharge (തെറ്റിദ്ധരിക്കല്ലേ, മൊബൈല്‍ recharge അല്ല, മനസിന്റെ കാര്യാ)  ചെയ്യാന്‍ വിളിക്കുന്ന നമ്പരുകളിലേക്ക് എല്ലാം ഒരു മുന്നറിയിപ്പ് കൊടുത്തു. നോ റസ്പോന്‍സ്. എന്നേ ഒന്ന് വിളിക്കുമോ അല്ലേല്‍ ഞാന്‍ ഒന്ന് വിളിച്ചോട്ടെ ന്ന് ചോദിയ്ക്കാന്‍ ഒരു മടി (അതിനെ തന്നെയാണോ ഈ ഈഗോ എന്ന് പറയുന്നേ, ആയിരിക്കും). എന്തായാലും ശരി അങ്ങനെ കാലു പിടിക്കാന്‍ ഒന്നും എന്നേ കിട്ടില്ല. ഇനി അവരാരേലും എന്നേ വിളിച്ചാല്‍ ഞാനും മിണ്ടില്ല ( പ്രതികാരം) ന്ന് മനസ്സില്‍ ഉറപ്പിച്ചു ഫുള്‍ വോളിയത്തില്‍ ഒരു പാട്ടുമിട്ട് സീറ്റില്‍ ചാരി.
       അങ്ങനെ വൈകിട്ട് പതിവുപോലെ വീട്ടില്‍ തിരിച്ചെത്തി. രാത്രിയിലെ ചാറ്റല്‍ മഴയും കണ്ടിരിക്കേണ്ട സമയത്ത് കൂട്ടുകാരെ കഷ്ടപ്പെടുത്താന്‍ വേണ്ടി അക്ഷരങ്ങളും കുത്തിക്കുറിച് ഇരിക്കുന്നു. വീണ്ടും ഒരു മാസം കൂടി വിടപറയുന്നു. ഒരു മാസം കൂടി കഴിയുമ്പോള്‍ ഈ ഒരു വര്‍ഷവും.
          സമയം രാത്രി പത്തു മണി. എല്ലാര്‍ക്കും ശുഭരാത്രി പറഞ്ഞു ഉറങ്ങേണ്ട സമയം ആയി. ഇനി ഇതില്‍ കൂടുതല്‍ പറഞ്ഞു ശല്യപ്പെടുത്താന്‍ മേലെ... ശുഭരാത്രി.

 ഹരേ കൃഷ്ണാ....

September 08, 2011

ഓണം വന്നേ..


ദെന്താപ്പോ ഓണത്തിനിത്ര ഭംഗി?

    ഓണായീ ഓണായീ ന്നും പറഞ്ഞു നാട്ടു വഴീല്‍ പോയിട്ട് വീട്ടു മുറ്റത്ത്‌ പോലും നിന്നു ഒന്ന് വിളിച്ചു കൂവി പറയാന്‍ പറ്റാത്ത അവസ്ഥയാ ഇപ്പൊ. ആരേലും കേട്ടിട്ടുണ്ടേല്‍ പാഴ്സല്‍ ആയി എത്തും മേല്‍പറഞ്ഞ പോലൊരു ചോദ്യം, ടുണിനു ചെറിയ വേരിയേഷന്‍ വല്ലതും ഉണ്ടാകും എന്നേ ഉള്ളു. L.K.G. പിള്ളാരെ വരെ ടൈയും കെട്ടിച്ചു സ്കൂളില്‍ വിടുന്ന ഉട്ടോപ്യന്‍ സംസ്കാരത്തിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ എന്തോന്ന് ഓണം? എന്തൊരു പുട്ട് കച്ചവടം?
  പണ്ടെപ്പോഴോ മഴയും വെയിലും ഒക്കെയെത്തുന്ന മടുപ്പന്‍ കള്ള കര്‍ക്കിടകത്തെ ആണ്ടറുതിന്നും പഞ്ഞമാസം എന്നും ഒക്കെ വിളിചിരുന്നൂത്രെ. ഒരു മാസം നീളുന്ന വ്രതശുദ്ധിക്കും രാമനാമജപത്തിനും അവസാനം വീട്ടിലെ ചേട്ടയെ പുറത്താക്കി ശ്രീപോതിയെ കുടി വയ്ക്കുന്നതോടെ നന്മകളുടെ ചിങ്ങം വീടണയുന്നു. പിന്നെയുമുണ്ടേ വിശേഷം, വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തു  പുഞ്ചകളില്‍ മാത്രം ആണ്. പാടങ്ങളിലെ നെല്ലും ന്നി കരനെല്ലുന്ടെങ്കില്‍ അതും ഒക്കെ ചിങ്ങം ആകുമ്പോഴേ കൊയ്ത് കറ്റയങ്ങനെ  മുറ്റത്ത്‌ അടുക്കും. രാവിലെ കറ്റ കെട്ടില്‍ നിന്നുയരുന്ന ഗന്ധവും, പിന്നെങ്ങോട്ട്‌ ഉള്ള ദിവസങ്ങളിലെ മെതിയും പാട്ടും നെല്ലുണക്കും....അങ്ങനെ ചിങ്ങം തുടങ്ങുന്നത് തന്നെ അന്നസമൃധിയുമായാണ്. ആദ്യമൊക്കെ കാറ്റുള്ളപ്പോള്‍ തൂറ്റി, പിന്നെ ടേബിള്‍ ഫാനായി കാറ്റിന്‍റെ പ്രൊഡ്യൂസര്‍. പിന്നെപ്പോഴോ കാലം വല്ലാതങ്ങ് മാറിയപ്പോള്‍ ആ ചിത്രവും ചില്ലിട്ടു വീടിന്റെ ഭിത്തിയില്‍ എത്തി. കാണുമ്പോള്‍ മുഖത്തൊരു ഞെട്ടലിന്റെ മേമ്പൊടി ചേര്‍ത്തു നമ്മള്‍ അങ്ങ് കാച്ചും.....
" How marvelous, ഇത് ആരെകൊണ്ട് ചെയ്യിച്ചതാണ്? ഒരു nostalgic ഫീല്‍."
        ചിങ്ങ വിശേഷങ്ങളിലെ മറക്കാന്‍ പറ്റാത്ത അതിഥികളാണ് ചിങ്ങവെയിലും ഓണത്തുമ്പിയും.സ്വര്‍ണ നിറമുള്ള ചിങ്ങത്തിലെ വെയിലിനു ഡിമാണ്ട് കൂടുതലാണ് ട്ടോ. മുളകും മല്ലിയും ഉണക്കുന്നതും നെല്ലു പുഴുങ്ങുന്നതും ഒക്കെ ഈ ചിങ്ങവെയിലിനെ കരുതിത്തന്നെ. വേറെയുമുണ്ട് ഒരു പരിപാടി. ഉപ്പേരി ഇട്ടുവയ്ക്കുന്ന പാത്രങ്ങളും ഒന്ന് വെയില് കൊള്ളിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം? വെയിലത്ത്‌ ഇരിക്കുന്ന ഇവയുടെയൊക്കെ മുകളില്‍ നിന്നു തത്തിക്കളിക്കുന്ന ഹെലികോപ്ടര്‍ പോലുള്ള തുമ്പികള്‍. ഓരോ വര്‍ഷവും ഓണാവധി കിട്ടല്ലെയെന്നു മനസ് നിറഞ്ഞ് പ്രാര്‍ത്തിക്കുന്ന കൂട്ടരാകും ഇവര്‍. കല്ലെടുക്കാതെ ജീവിക്കാമല്ലോ. പിന്നെ പിടികൂടി വാലിന്റെ തുമ്പത്ത് നൂല് കെട്ടി പറത്തിക്കളിക്കാന്‍ വികൃതിപിള്ളാര്‍   എത്തില്ലല്ലോ. എന്തൊക്കെയായാലും ഓണം എത്തീന്ന് പറയണം എങ്കില്‍ ഈ വിരുതന്മാരെ കണ്ടാലേ പറ്റൂ.
           കര്‍ക്കിടകത്തിലെ മഴയുടെയും വെയിലിന്റെയും ഒളിച്ചുകളി തീര്‍ത്തു മാവേലി തമ്പുരാന്റെ വരവിനോപ്പം മഴയും അതിഥിയാകും. പഴമകളില്‍ എപ്പോഴും അത്തം വെളുത്താല്‍ ഓണം കറുക്കും എന്നായിരുന്നു വിശ്വാസം. പക്ഷെ ഇന്നിപ്പോ അത്തം കറുത്തു എന്ന് കരുതി കുടയില്ലാതെ ഓണക്കളി കാണാന്‍ പോയാല്‍ തിരിച്ചു വരുന്നത് നനഞ്ഞ് കുളിച്ചാകും. കാലമൊക്കെ എപ്പോഴോ നമുക്ക് കൈവിട്ടു പോയില്ലേ...


      ന്നിയുള്ളത് മറ്റൊരു നന്മയുടെ ചിത്രമാണ്. അത്തം തുടങ്ങി പത്തു ദിനം (കണക്കില്‍ ഒമ്പതേ ഉള്ളു)മുറ്റത്തെ മണലില്‍ വിരിയുന്ന അത്തപ്പൂക്കളം. ഈ ഒന്‍പതു ദിവസത്തിന്റെ കണക്കു ഉത്രാടത്തിന്റെ അന്ന് വൈകിട്ട് ഇടുന്ന തിരുവോണ പൂക്കളം കൂടി ചേര്‍ത്താണ് ട്ടോ. നടുക്ക് തൃക്കാക്കരയപ്പനെ കുടി വച്ച് , അരിപ്പൊടിയും അരിയടയും നേദിച്ച് രാവിലെ വിളക്ക് കൊളുത്തുമെങ്കിലും തിരുവോണത്തിന്റെ അത്തപ്പൂക്കളം ഇടുന്നത് ഉത്രാട സന്ധ്യയ്ക്കാണ്. കുട്ടിക്കാലത്ത് വീടിന്റെ കിഴക്കുള്ള തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ഇട്ട ചണചെടിയുടെ   മഞ്ഞപൂക്കള്‍ ഓണം അടുക്കുമ്പോള്‍ മനസ്സില്‍ അങ്ങനെ നിറഞ്ഞ് നില്‍ക്കും. കാരണം മറ്റൊന്നുമല്ല, വൈകിട്ട് മഞ്ഞിപ്പഴ അപ്പുപ്പന്‍ (ആ സ്ഥലത്തിന്റെ ഉടമ) കാണാതെ പറിച്ചെടുക്കുന്ന പൂക്കളാണ് പിറ്റേന്നത്തെ അത്തപൂക്കളത്തിന്റെ  കാതല്‍. അങ്ങനെ ഒരിക്കല്‍ അച്ഛന്‍ അപ്പുപ്പനോട്  ഈ കള്ളക്കടതിന്റെ കഥ പറഞ്ഞു കൊടുത്തതും അടി ഇപ്പൊ കിട്ടും ന്നും പറഞ്ഞു ഞാന്‍ പാവം ആയി അവിടെ കാത്തു നിന്നതും ഒക്കെ ഒരു ഓണക്കാലത്തിന്റെ ഓര്‍മ.
  ഓണത്തിന് തേങ്ങയിടാന്‍ വരുമ്പോള്‍ മൂപ്പനെ കൊണ്ടാണ് മുറ്റത്തെ പ്ലാവില്‍ ഊഞ്ഞാല്‍ ഇടീക്കുക. കയറുകൊണ്ടുള്ള ഊഞ്ഞാല്‍ അല്ല, പകരം ഊഞ്ഞാല്‍ വള്ളി എന്ന് പറയുന്ന പാലുള്ള ഒരു  ചെടിയുടെ വള്ളി കൊണ്ടാണ് ഊഞ്ഞാല്‍ കെട്ടുക. ഇരിക്കാന്‍ വേണ്ടി ഒരു മടലിന്റെ കഷ്ണവും വയ്ക്കും. ഊഞ്ഞാല്‍ ഇട്ടാല്‍ പിന്നെ പ്ലാവിന്റെ ചോട്ടില്‍ നിന്നു മാറി നില്‍ക്കാനേ സമയം ഉണ്ടാകില്ല. മുഴുവന്‍ സമയവും തിരക്കോട് തിരക്ക് തന്നെ. ഉപ്പേരിയുമായി നേരെ ഓടി എത്തുക അങ്ങോട്ടല്ലേ.


           സ്കൂളിനോക്കെ  അവധി ആകുമ്പോഴാണ് ഉപ്പേരി ഉണ്ടാക്കുക. അല്ലാതെ സമയം ഉണ്ടാകില്ല. പൂരാടത്തിനോ ഉത്രാടത്തിനോ  ഉച്ചയ്ക്ക് ചോറൂണ് കഴിയുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും അടുക്കള വലിയച്ഛനും അച്ഛനും കൂടി കയ്യേറും. പിന്നങ്ങോട്ട് കയ്യിട്ടു വാരാന്‍ ഒരു ഉപ്പേരി പാത്രം റെഡി.പല നിറങ്ങളില്‍ പല രൂപത്തിലുള്ള ഉപ്പേരി തന്നെയാണ് ഓണത്തിന്റെ പ്രധാന വിശേഷം. ഉടുപ്പിന്റെയും പാവാടയുടെയും പോക്കറ്റില്‍ എപ്പോഴും ഒരു പിടി ഉപ്പേരിയുണ്ടാകും, മറക്കാതെ.
          ഓണമായാല്‍ പിന്നെ മേളം തന്നെ. ഒരു ഒത്തുകൂടലിന്റെ മേളം. എങ്ങനെയെങ്കിലും ഓണപ്പരീക്ഷ എഴുതിയെന്നു വരുത്തി പിറ്റെന്നാള്‍ തന്നെ വണ്ടി കയറുകയായി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍.  ഉപ്പേരി പാത്രത്തില്‍ കയ്യിട്ടും ഊഞ്ഞാലാടി എത്താക്കൊമ്പത്ത് പിടിച്ചും കൊയ്തു കഴിഞ്ഞ പാടത്ത്‌ കിളിതട്ടും പന്തേറും കളിച്ചും....അങ്ങനെ കുട്ടിപ്പട്ടാളങ്ങള്‍ക്ക് ഒപ്പം തകര്‍ത്താടാന്‍ എന്താ രസം. ഉച്ചയ്ക്ക് തൂശനിലയില്‍ ഊണ്. നാല് കറികളും പാല്‍ പായസവും പിന്നെ അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, ഇഞ്ചി ഇത്യാദികളും നിരക്കുന്ന ലിസ്റ്റില്‍ ക്ഷാമകാലത്തിന്റെ ശേഷിപ്പുകളായി അടമാങ്ങയും ഉപ്പിലിട്ട മാമ്പഴം കൊണ്ടുള്ള കറിയും ഒക്കെ ഉണ്ടാകും. 
           തിരുവോണ സദ്യ കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ നേരമായി. വീടിനു കിഴക്കുള്ള വിശാലമായ തെങ്ങിന്‍ തോപ്പില്‍ അടുത്തുള്ള വീട്ടിലെ ചേച്ചിമാരോക്കെ ഒത്തു കൂടുമ്പോഴേയ്ക്കും ഞാനും ഹാജരാകും.ഒരൊറ്റ വ്യത്യാസം മാത്രം, അവരൊക്കെ പുത്തനുടുപ്പും ഇട്ടു വരുമ്പോള്‍ ഞാന്‍ കൂട്ടത്തില്‍ ഏറ്റവും പഴയ ഉടുപ്പാണ് ഇടാറ്. കാര്യം വേറൊന്നുമല്ല, പിശുക്ക് തന്നെ, ഓണക്കോടി ചീത്തയാവില്ലല്ലോ. തിരുവാതിരയും, കിളിതട്ടും പാട്ട് പാടലും ഒക്കെ കഴിഞ്ഞു സന്ധ്യയ്ക്ക് അവര്‍ ആരെങ്കിലും എന്നെ വീട്ടില്‍ എത്തിക്കും.
          ഉത്രാടം മുതല്‍ അവിട്ടം വരെ സന്ധ്യയ്ക്ക് വഴിയുടെ ഇരു വശത്തും വിളക്ക് കൊളുത്തുന്ന പതിവ് പണ്ടേയുള്ളതാണ് നാട്ടില്‍. കുല വെട്ടിയ വാഴയുടെ പിണ്ടി പുറംപോള കളഞ്ഞെടുത്തു അതില്‍ ഈര്‍ക്കില്‍ വളച്ചു വച്ചാണ് വിളക്കുമരം ഉണ്ടാക്കുക. അതില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക് കൂടി വച്ചാല്‍ സംഭവം  ഓക്കെ. സന്ധ്യക്കുള്ള ചെറുകാറ്റില്‍ കെട്ടു പോകുന്ന തിരികള്‍ എല്ലാം കൊളുത്തി വയ്ക്കേണ്ട ജോലി ഒരു സന്തോഷമായിരുന്നു. ഇടയ്ക്ക് പലപ്പോഴും കൈ പൊള്ളി ചുവക്കും എങ്കിലും.
     രാത്രിയാകുമ്പോള്‍ ചിലപ്പോള്‍ നാട്ടിലെ ചേട്ടന്മാരൊക്കെ ചേര്‍ന്ന് പുലികളിയുമായി എത്തും. ഉത്രാട രാത്രിയിലാണ് പതിവ്. എന്നാലും ചിലപ്പോള്‍ തിരുവോണവും ആകും. ദേഹതൊക്കെ ചെറുതുമ്പ കെട്ടിവച്ച് വരുന്ന പുലിയെ കാണുന്നത് തന്നെ പേടിയായിരുന്നത് കൊണ്ടു പുലിയുടെ കൂടെ വേട്ടക്കാരനും ഒക്കെ ഉണ്ടെന്നു മനസിലായത് കുറച്ചു വളര്‍ന്നു കഴിഞ്ഞാണ്. അതിനു മുന്‍പൊക്കെ പുലി ഉപ്പേരി വാങ്ങാന്‍ വരുന്നു എന്നും കൊടുത്തില്ലേല്‍ എന്നേ പിടിച്ചോണ്ട് പോകും എന്നും ഒക്കെയായിരുന്നു വിശ്വാസം. രാത്രിയില്‍ ദൂരദര്‍ശന്റെ 
തിരുവോണ ദിന പ്രത്യേക ചിത്രഗീതവും ഒരു സിനിമയും ഓണാഘോഷ പരിപാടിയും കഴിഞ്ഞാല്‍ പിന്നെ അത്താഴം ഊണായി. അങ്ങനെ ഒരു വര്‍ഷം കാത്തിരുന്നു വന്ന പൊന്നോണം കണ്മുന്നില്‍ നിന്നു കാലയവനികയിലേക്ക്, കൈകളില്‍ കുറച്ചു ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി....വീണ്ടും തയാറെടുപ്പുകള്‍ തുടങ്ങുകയായി, സ്വപനങ്ങള്‍ നെയ്യുകയായി....
" അടുത്ത വര്‍ഷത്തെ ഓണത്തിനുണ്ടല്ലോ ഞാന്‍ ഒരു............"

ഓണാശംസകളോടെ...
സ്നേഹപൂര്‍വ്വം......

April 14, 2011

വിഷു ആശംസകളോടെ...

മുറ്റത്ത്‌ മഞ്ഞ പട്ടു വിരിക്കുന്ന കണിക്കൊന്നയും..
തൊടിയിലെ ഫല സമൃദ്ധിയായി ചക്കയും മാങ്ങയും കണിവെള്ളരിയും...
മനസിനെ കാട്ടുന്ന മുഖം പോലെ കളങ്കം അറ്റ വാല്‍കണ്ണാടിയും...
ധന സമൃദ്ധിക്കായി നാണയങ്ങളും..
ഐശ്വര്യത്തിന്റെ പട്ടും സ്വര്‍ണ്ണവും നാണയങ്ങളും...

അങ്ങനെ ഭൌതികസമ്പത്തിന്റെ ഓട്ടുരുളി.....

ജ്ഞാനത്തിന്റെ ജ്യോതിസ്സായി നിലവിളക്കും...

ആത്മസമ്പത്തായി കൃഷ്ണവിഗ്രഹവും...


മൂടിപ്പുതച്ചുറങ്ങുന്ന പുലര്‍കാലത്തില്‍ അമ്മയുടെ സ്നേഹം നിറഞ്ഞ വിളി കേട്ടുണര്‍ന്നു....
 ആ തണുത്ത കൈപ്പത്തി കണ്ണുകളെ മൂടുമ്പോള്‍ അറിയുന്ന സ്നേഹത്തിന്റെ കരുതലും...
കണ്ണ് തുറക്കുമ്പോള്‍ നിലവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ തെളിയുന്ന അത്ഭുത കാഴ്ചകളും...
തൊഴുതു നില്‍ക്കുമ്പോള്‍ അച്ഛന്‍ കൈകളില്‍ വച്ചുതരുന്ന വിഷുക്കൈനീട്ടവും...
വീണ്ടും മൂടിപ്പുതച്ച്  ഉറങ്ങാന്‍ പുതപ്പിനടിയിലേക്കു നുഴഞ്ഞു കയറുമ്പോള്‍ ഒറ്റിക്കൊടുക്കുന്ന കുഞ്ഞനിയന്റെ കുസൃതികളും...
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം എന്‍റെ വിഷുക്കാലം മാഞ്ഞു പോവാതിരിക്കട്ടെ.....

വരുന്ന വര്‍ഷത്തില്‍ നന്മയുടെയും നേട്ടങ്ങളുടെയും ഐശ്വര്യത്തിന്റെയും  വെളിച്ചമാകാന്‍ വീണ്ടും വിഷു എത്തുമ്പോള്‍...

വിഷു ആശംസകള്‍...

സ്നേഹപൂര്‍വ്വം..


April 05, 2011

വേനലവധി

മഴ പെയ്യുകയാണ്..വീണ്ടും..
    കത്തിക്കാളുന്ന വെയിലിന്‍റെ ചൂടില്‍, സാന്ത്വനമായി പെയ്യുന്ന മഴ. വൈകും നേരങ്ങളിലെ ഇളവെയിലിനെ മറച്ചുവെച്ച്, തൊടിയിലും മുറ്റത്തും, പുതുമഴയുടെ സുഗന്ധവുമായി മനസിലും നിറഞ്ഞു പെയ്യുന്ന ഈ വേനല്‍മഴ.....

    വേനലവധി ദിനങ്ങളുടെ ഓര്‍മകളില്‍ ആദ്യം എത്തുന്നത്‌ ഉത്സവവും പിറന്നാളും പിന്നെ ആറാട്ട്‌ ദിവസം തകര്‍ത്തു പെയ്യുന്ന ഈ വേനല്‍ മഴയും ആണ്. ഉത്സവത്തിനടുതാണ് പിറന്നാള്‍. അതുകൊണ്ട് രണ്ടു ജോഡി പുത്തനുടുപ്പു കിട്ടും സ്കൂള്‍ അടയ്ക്കുമ്പോള്‍. സ്കൂളില്‍ പോകണ്ടാതതുകൊണ്ട് ഇടാനും പറ്റില്ല. എങ്കിലും എന്നും കുളികഴിഞ്ഞു വന്നാല്‍ ഉടുപ്പിന്‍റെ പുതുമണം ആസ്വദിക്കാന്‍ മറക്കില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ പുത്തനുടുപ്പു ഇടാന്‍ കിട്ടുന്ന അവസരമാണ് ആറാട്ട്‌.
    ഇനിയൊരു സുഗന്ധം കൂടിയുണ്ട് മീനമാസത്തിന്‌. മുറ്റത്ത്‌ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മുല്ലയിലെ മുല്ലപ്പൂവിന്‍റെ ഗന്ധം.എന്നും വൈകിട്ട് കുഞ്ഞിപ്പെണ്ണ് (അച്ഛന്‍റെ വീടിനടുത്തുള്ള സ്ത്രീ) നെയ്തുതന്ന കുഞ്ഞികുട്ടയുമായി ചെന്ന് മുല്ലമൊട്ടു ഇറുക്കുന്നതും രാത്രിയാകുന്നതിനു മുന്‍പേ മാലകെട്ടി മരക്കൊമ്പതു  വയ്ക്കുന്നതും നിത്യവൃത്തി ആയിരുന്നു. അവിടംകൊണ്ട് അവസാനിക്കില്ല മുല്ലപ്പൂ സ്നേഹം. രാവിലെ കുളികഴിഞ്ഞാല്‍ പിന്നെ അത് മുഴുവന്‍ എന്‍റെ ഇത്തിരിമുടി കാണാത്തവിധം തലയില്‍ വയ്ക്കുന്ന പരിപാടിയും ഉണ്ട്.
ഓര്‍മകളില്‍ ഒരു മുല്ല പൂത്ത സുഗന്ധം....
    എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാത്ത ഒരു ദുഷ്ടയായിരുന്നു എന്ന്. ഉദാഹരണകഥകള്‍ ധാരാളം.എന്‍റെ സമ്പദ്യതിലെ കുപ്പിവളകളും, മഞ്ചാടി മണികളും കുന്നിക്കുരുവും മയില്‍പീലിയും ഒന്നും വിട്ടുകളയാന്‍ ഞാന്‍ അത്ര മണ്ടിയൊന്നും ആയിരുന്നില്ല.പിന്നെ എന്‍റെ പാവക്കുട്ടികളും. പക്ഷെ മുറ്റത്ത്‌ നില്‍ക്കുന്ന ചെടിയിലെ പൂവ് പറിച്ചാല്‍ ചെടിക്ക് വിഷമം ആകും എന്ന് വല്യച്ഛന്‍ പറഞ്ഞപ്പോള്‍ പക്ഷെ എനിക്ക് മനസിലായി, ബലൂണ്‍ വാങ്ങണ്ട അത് പൊട്ടും എന്ന് അച്ഛന്‍ പറഞ്ഞപ്പോഴും...


   പിന്നെ തെളിയുന്ന ചിത്രം വെളുപ്പിനെ അമ്പലത്തില്‍ തൊഴുതു നില്‍ക്കുന്ന ഒരു കുട്ടിയുടുപ്പുകാരിയുടെതാണ്. കാലില്‍ കിലുങ്ങുന്ന പാദസരവും, കൈ നിറയെ തോന്നിയത് പോലൊക്കെ വാരിയിട്ട കുപ്പിവളകളും, കണ്പോളയില്‍ നിറയെ കരിമഷിയും...മീനമാസത്തിലെ അശ്വതിക്കും, പിന്നെ വിജയദശമിക്കും മാത്രമാണ് ഈ ദൃശ്യം. രാവിലെ നടത്തുന്ന ഗണപതിഹവനം കാണാനുള്ള നില്‍പ്പാണ്. പോയി  കണ്ടില്ലെങ്കില്‍  ഗണപതി ഭഗവാന്‍ ആനയായി വന്നു പേടിപ്പിക്കും എന്ന് പറഞ്ഞാല്‍ പിന്നെ ആരാ പോകാതെ?
    വേനലവധി വിശേഷങ്ങളില്‍ കുറച്ചു യാത്രകളും ഉണ്ട്. ഒന്ന് അച്ഛന്റെ കുടുംബവീടായ പ്ലാംതോട്ടത്തെക്കും പിന്നൊന്ന് അമ്മവീടായ മുല്ലക്കലേക്കും.പ്ലാംതോട്ടത്ത് രണ്ടു ചേട്ടന്മാരാണ് ഉള്ള്ളത്. 'ലക്ഷ്മി' ന്നും 'മോളെ' ന്നും ഒക്കെ വിളിക്കുന്ന അവരെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. വീടിന്‍റെ മച്ചിലും കണിക്കൊന്നയുടെ കൊമ്പത്തും കയറുന്ന അവരെ കണ്ടുകൊണ്ടിരിക്കുക എന്നതായിരുന്നു എന്‍റെ വിനോദം. വൈകിട്ട് ചെന്നാല്‍ പിന്നെ അടുത്ത ദിവസം ഉച്ച കഴിഞ്ഞാണ് മടക്കയാത്ര. രാവിലെ വലിയമ്മയുടെ വക ഒരുക്കും, കണ്ണെഴുതും, പിന്നെ നിന്‍റെ മൂക്ക് കുത്തിക്കട്ടെ എന്ന ചോദ്യവും. അതാണൊരു പേടി..
   മുല്ലക്കലെക്കുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പമാണ്. അവിടെ അമ്മാവന്‍റെ മകന്‍ ഉണ്ണിയുണ്ട്. അപ്പുപ്പന്‍ നല്ല അറിവുള്ള ആളായിരുന്നു. മലയാളവും സംസ്കൃതവും ലോക കാര്യങ്ങളും ഒക്കെ കേട്ടിരിക്കുന്നതാണ് പാട്. പിന്നെ ഇടക്കിടക്കുള്ള കേട്ടെഴുതുകളും. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്നെപോലൊരു പീക്കിരി എങ്ങനെ ' ധൃഷ്ടധ്യുംനന്‍' എന്നൊക്കെ എഴുത്തും??? 'വിസര്‍ഗം എവിടെ?' എന്ന് ചോദിച്ചാല്‍ അച്ഛന്റെ പോക്കറ്റില്‍ നോക്കുന്ന പരുവം. എങ്കിലും " കുമ്പഴയപ്പുപ്പന്‍ എന്റെതാ" എന്ന് പറഞ്ഞു ഉണ്ണിയോട് അടി കൂടാന്‍ മടിയൊന്നും ഇല്ല.
  വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ഉച്ചവരെ കളിയാണ്. അമ്മ മലപ്പുറത്ത് സ്കൂളില്‍ ആണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഞാനും എന്‍റെ യാത്രകള്‍ മലപ്പുറം വരെ extend ചെയ്തു. കിടപ്പുമുറിയിലെ കട്ടിലില്‍  മലപ്പുറത്തിനു ടിക്കറ്റ് എടുത്ത് ഇരിക്കുമ്പോള്‍...ഹോ..ഞാന്‍ ആരായിരുന്നു. ഊണ് കഴിഞ്ഞു മുറ്റത്തെ ചെന്തെങ്ങിന്റെ ചുവട്ടില്‍ വല്യച്ഛന്റെ മടിയില്‍ കിടന്നു ഒരു ഉറക്കം. വല്യച്ചന്‍ എന്നെ 'കൊച്ചേ' എന്നായിരുന്നു വിളിക്കുക. ഇപ്പോഴും കഥകള്‍ പറഞ്ഞു തരും. പക്ഷെ ഉറക്കം വന്നാല്‍ പിന്നെ രാമനും സീതയും മരക്കട അപ്പുപ്പന്റെ ചായക്കടയിലെക്കാവും പോവുക. തേങ്ങയിടുന്ന ഗോപിമൂപ്പന്‍ ആ വഴി വന്നാല്‍ ഒരു കരിക്ക് കിട്ടും.തെക്കേ തൊടിയിലെ നാട്ടുമാവില്‍ മാങ്ങ പഴുത്താല്‍ പിന്നെ ആഘോഷമായി. പിന്നെ പറങ്ങാംപഴവും ആഞ്ഞിലിച്ചക്കയും. മാമ്പഴം പെറുക്കാനൊന്നും മറ്റാരും വരില്ല. വല്യച്ചനെ എല്ലവര്‍ക്കും നല്ല പേടിയായിരുന്നു.


    മേടത്തിന്റെ വരവറിയിച്ചു കൊണ്ടൊരു വിഷുദിനം.പുലര്‍കാലത്തെ വിഷുക്കണിയും, പൂത്തിരിയും പടക്കവും എല്ലാത്തിലും ഉപരി വിഷുകൈനീട്ടവും. ഉച്ചക്കുള്ള സദ്യ കൂടി കഴിയുമ്പോള്‍ വേനലവധിയുടെ ആഘോഷങ്ങള്‍ ഏതാണ്ട് തീരുകയായി.
    ഇനിയുള്ളത് മെയ്‌ മാസം അവസാനം ആലപ്പുഴയിലേക്ക് ഒരു യാത്രയാണ്. അത് മാത്രം എനിക്ക് ഇഷ്ടമല്ല. അന്നാണ് ലക്ഷ്മീസില്‍ നിന്ന് സ്കൂള്‍ യൂണിഫോം വാങ്ങുന്നത്. തിമിര്‍ത്തു ആടി നടന്ന അവധി ദിനങ്ങള്‍ തീരുക എന്ന് പറയുന്നത് എത്ര വിഷമം ആണെന്നോ.പുത്തനുടുപ്പില്‍ ചെളിവെള്ളം തെറുപ്പിച്ചുകൊണ്ട്  ജൂണ്‍ ഒന്നാം തീയതി കാലവര്‍ഷത്തിന്റെ കൂടെ വീണ്ടും സ്കൂളിലേക്ക്.അങ്ങനെ മഴകള്‍ക്കിടയില്‍ വീണു കിട്ടിയ അവധിക്കാലം.



March 09, 2011

ഒരിക്കല്‍ കൂടി...

    ഒരു പൂജവയ്പ്പിന്റെ അവധിക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസ്സില്‍ അതിഥിയായിട്ടാണ് ഞാന്‍ പയ്യനല്ലൂര്‍ ഗവന്മേന്റ്റ് സ്കൂളിന്റെ പടി ചവിട്ടുന്നത്. അന്നുമുതല്‍ സ്വന്തം സ്ഥലം അല്ലെങ്കിലും , എന്തുകൊണ്ടൊക്കെയോ പയ്യനല്ലൂര്‍ പ്രിയപ്പെട്ടതായി തീര്‍ന്നു.
   പി.ജി പഠനത്തിനു ശേഷം ഇനിയന്തു ചെയ്യണം എന്ന് ആലോചിച്ചും കൂട്ടുകാരെയും പുസ്തകങ്ങളെയും ശല്യപ്പെടുത്തിയുംകഴിയുന്നതിനിടക്കാന് സ്കൂളിലെ എച്.എം. സുമ ടീച്ചര്‍ (എന്റെയും അധ്യാപികയാണ്) വിളിച്ചത്. സെന്‍സസ് ആയതുകൊണ്ട് അധ്യാപകര്‍ ആരും ഇല്ല, പത്തു ദിവസത്തേക്ക് സ്കൂളില്‍ വരുന്നോ എന്ന്.
 (ഈ സെന്‍സസ് കൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെ ആണ്, പറഞ്ഞു വന്നാല്‍, കണ്ടാല്‍ മിണ്ടാതെ ഒന്ന് വിളിക്കാതെ നടക്കുന്നവരെ കൊണ്ട് പുലര്‍കാലത്ത്‌ തന്നെ വിളിപ്പിക്കാന്‍ സഹായിച്ചതും ഈ സെന്‍സസ് ദൈവം ആണ്. അതിന്റെ വക പ്രത്യേകം നന്ദി, വിളിച്ച ആള്‍ക്കും, ആ ലിസ്റ്റില്‍ എങ്കിലും എന്‍റെ പേരുണ്ടല്ലോ!!!!)  കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി. കുറെ നാളായുള്ള ആഗ്രഹമാണ് അവിടെ ഒന്ന് ചെല്ലാന്‍ കഴിയണേ എന്നുള്ളത്.
   അങ്ങനെ സ്കൂളില്‍ എത്തി. രണ്ടാം ക്ലാസ്സിന്റെ ക്ലാസ് ടീച്ചര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ എന്‍റെ അമ്മ പഠിപ്പിച്ചിരുന്ന ക്ലാസ്സ്‌. ഞാന്‍ 'ഭയങ്കര ' ഹാപ്പി.25 പേരാണ് ക്ലാസ്സില്‍. എല്ലാവര്ക്കും ഒരേ ഒരു സാമ്യമേ ഉള്ളു, മുന്‍ നിരയിലെ രണ്ടു പല്ല് അലക്കാന്‍ കൊടുത്തിരിക്കുകയാ. അതുകൊണ്ട് ചിരിക്കുമ്പോള്‍ നല്ല " കുട്ടിച്ചാത്തന്‍ ഫെയ്സ്". എന്റെ കൂടുകാരോക്കെ കളിയാക്കുന്നത് പോലെ സ്വഭാവം കൊണ്ട് " എനിക്ക് പറ്റിയ ടീം" ഞങ്ങള്‍ അങ്ങനെ പാട്ടും കഥകളും ഇടക്കൊക്കെ കുറച്ചു പഠനവും ഒക്കെയായി അങ്ങനെ കഴിഞ്ഞു...
   ചെന്ന ദിവസം തന്നെ നോട്ടപ്പുള്ളികളായി രണ്ടു മഹാന്മാരെ എനിക്ക് കിട്ടി. ഒന്നാം ക്ലാസ്സിലെ അമ്പാടി, ആരോമല്‍. ഇരട്ടകളാണ്. ഒരാളിനെ മാറ്റി ഇരുത്തിയാല്‍ ബാഗുമായി മറ്റെയാളും എത്തും, " ടീച്ചറെ അനിയനും ഇവിടെ ഇരുന്നോട്ടെ" എന്ന അപേക്ഷയുമായി. അക്ഷരം എഴുതാന്‍ ബുക്ക്‌ എടുത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി, ഇരട്ട ബുക്കുകള്‍ ബുക്ക്‌ നിറയെ കൊതുകിന്‍റെ പടം. ആരും പറയാതെ തന്നെ മനസിലാകും, അത്ര നന്നായിട്ടുണ്ട്. അതല്ലാതെ ഒരു വീട് പോലും വരച്ചിട്ടില്ല. ചോദിച്ചപ്പോള്‍ ഉത്തരം
" ചേട്ടായി വരച്ചതാ ചേച്ചി."
   അവസാനം ഒരു പേജ് തപ്പിയെടുത്തു കൊടുത്തു, എഴുതാന്‍. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാളും വീണ്ടും എത്തി, ബുക്ക്‌ മടക്കിയപ്പോള്‍ ആ പേജ് കാണാതെ പോയത്രേ!!!ഞാന്‍ ആകെ തകര്‍ന്നു പോയി. ഇനി ആ പേജ് കണ്ടെത്താന്‍ ചെയ്യേണ്ട അധ്വാനം ഓര്‍ത്ത്....
ഒരു ദിവസം 11 മണിക്ക് ഇന്റെര്‍വല്‍ കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ രണ്ടാളും ഓടി അടുത്ത് വന്നു.
"ടീച്ചറെ, അവിടെ 5 പാമ്പിന്റെ മുട്ട. രണ്ടാം ക്ലാസ്സിലെ ചേട്ടന്‍ മുകളില്‍ നിന്ന് തട്ടി ഇട്ടതാ."
    ചെന്ന് നോക്കിയപ്പോള്‍ മുട്ടക്കാര്യം സത്യം തന്നെ. പക്ഷെ മുട്ട പാമ്പിന്‍റെ അല്ലേ, പ്രാവിന്റെതാണ്. കൂട് സഹിതം തട്ടി താഴെ ഇട്ടിരിക്കുന്നു. അതില്‍ തൊടരുത്, പൊട്ടിച്ചു കളയരുത് എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങള്‍ അവരെയും കൂട്ടി തിരിച്ചു പോന്നു.
ഉച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആദ്യത്തെ റിപ്പോര്‍ട്ട് എത്തി. രണ്ടാളും വീണ്ടും അങ്ങോട്ട്‌ തന്നെ പോയിട്ടുണ്ടെന്ന്. ആഹാരം കഴിഞ്ഞു കൈ കഴുകുന്നതിന്‌ മുന്‍പേ മൂന്നാം ക്ലാസ്സിലെ ഒരു പാവാടക്കാരി എത്തി, കരഞ്ഞുകൊണ്ട്‌...അമ്പടിയും ആരോമലും കൂടി മുട്ട പൊട്ടിച്ചു ആ കുട്ടിയുടെ ഉടുപ്പിലോക്കെ കുടഞ്ഞു. പിന്നെയങ്ങോട്ട് പരാതിക്കാരുടെ ബഹളം ആയി. ടീച്ചര്‍ വടിയുമായി നേരെ അങ്ങോട്ട്‌ പോയി, അടിക്കാനല്ലെങ്കിലും ഒന്ന് പേടിപ്പിക്കാനുള്ള ശ്രമം.
അവിടെ ചെന്നപ്പോള്‍ ഇനി ബാക്കിയുള്ളത് രണ്ടു മുട്ട, നായകന്മാര്‍ രണ്ടും കയ്യില്‍ എല്ലാം മുട്ടയൊക്കെ പുരണ്ടു അടുത്ത് തന്നെ നില്‍പ്പുണ്ട്. ചുറ്റും ഒരു വലിയ ജനക്കൂട്ടവും. ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സിലെ എല്ലാവരും അവിടെയുണ്ട്. കുട്ടികളെയൊക്കെ പറഞ്ഞു വിട്ടിട്ടു പ്രതികളെയും കൂട്ടി ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ എത്തി. എന്ത് ചോദിച്ചാലും ഉത്തരം ഒന്നും പറയാതെ , നല്ല കുട്ടികളായി നില്‍ക്കുകയാണ് രണ്ടാളും.
"എന്തിനാടാ മുട്ട പൊട്ടിച്ചത്?"
"അനിയനാ ടീച്ചറെ"
അനിയനെ അടിക്കുമെന്നായപ്പോള്‍ ചേട്ടന്‍ കുറ്റം ഏറ്റു.
രണ്ടാളെയും സ്റ്റാഫ്‌ റൂമില്‍ നിര്‍ത്തിയിട്ടു ടീച്ചര്‍ ക്ലാസ്സിലേക്ക് പോയി. അപ്പോള്‍ ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവരെ ഒന്ന് ബോധവല്കരിക്കാന്‍ ശ്രമിച്ചു.
"നിങ്ങളെ പോലെയുള്ള കുഞ്ഞുങ്ങള്‍ അല്ലെ മുട്ടയില്‍. അത് പൊട്ടിച്ചു കളഞ്ഞാല്‍ അവര്‍ ചത്ത്‌ പോവില്ലേ?"
കുഞ്ഞി കണ്ണുകളില്‍ അത്ഭുതം. ഞങ്ങള്‍ക്കും.അധ്യാപന പരിചയത്തിന്റെ ഗുണം കണ്ട്.ഞങ്ങള്‍ ആരും അങ്ങനെ ഒരു കാര്യം ചിന്തിച്ചതെ ഇല്ല. ഒരു സെന്റി ലൈന്‍...
"നല്ല കുട്ടികളല്ലേ നിങ്ങള്‍.ഇനി ഇങ്ങനെ ചെയ്യുമോ?"
"ഇല്ല ടീച്ചര്‍."
"എങ്കില്‍ രണ്ടു പേരും ക്ലാസ്സില്‍ പോയി ഇരുന്നോ"
അങ്ങനെ രംഗം ശാന്തം. കഥ നടക്കുന്നത് ഇനിയാണ്.
ക്ലാസ്സിലേക്ക് പോയവരെ കുറിച്ച് പത്തു മിനിട്ടിനുള്ളില്‍ പരാതിയെത്തി. തൊട്ടു പുറകെ രാജാക്കന്മാരെ പോലെ രണ്ടാളും, പിന്നാലെ ഒരു ചെറു പടയും.
സംഭവം, ബാക്കി മുട്ടകളും പൊട്ടിച്ചു.
ടീച്ചറിന്റെ സ്വഭാവം ആകെ മാറി." എന്തിനാടാ അങ്ങനെ ചെയ്തത്? നിന്നോട് ചെയ്യരുത് എന്ന് പറഞ്ഞതല്ലേ"
രണ്ടാളും പരസ്പരം നോക്കി. എന്നിട്ട് നിഷ്കളങ്കമായി പറഞ്ഞു.
" അതില്‍ അമ്പാടി ഏതാന്നു നോക്കിയതാ ടീച്ചറെ."

December 31, 2010

സ്നേഹ സ്മരണകളോടെ..


       സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളില്‍ എപ്പോഴോ ഒരു Royal Enfield ന്റെ ശബ്ദം. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നവമി tution സെന്റര്‍ ഇല്‍ ഇരുന്നാല്‍ 9 .15 മുതല്‍ കാതോര്‍ക്കുന്നത് ആ ശബ്ദത്തിനാണ്. ക്ലാസ്സ്‌ ടീച്ചര്‍ ആയ ചന്ദ്രന്‍ പിള്ള സര്‍ വരുന്നുണ്ടോ എന്ന് അറിയാനുള്ള എളുപ്പവഴി.
       അദ്ദേഹവും ആയുള്ള പരിചയം ഓര്‍ക്കാന്‍ പിന്നെയും കുറേക്കൂടി പിന്നോട്ട് പോകണം. അതെ സ്കൂളില്‍ അദ്ധ്യാപിക ആയ അമ്മയുമൊത്ത് സ്കൂളില്‍ എത്തുമ്പോള്‍, "കുമാരീ, ഇവള്‍ എന്‍റെ ക്ലാസ്സില്‍ എത്തുമ്പോള്‍ ഞാന്‍ നല്ല തല്ലു കൊടുക്കും.ചോദിയ്ക്കാന്‍ വരരുത്." എന്ന് ഭീഷണിപ്പെടുത്തുന്ന, കൊമ്പന്‍ മീശ വച്ച മുഖം. പിന്നെ അഞ്ചാം ക്ലാസ്സില്‍ ചേരാനായി ഓഫീസ് റൂമില്‍ നില്‍ക്കുമ്പോള്‍ 'c' ഡിവിഷന്‍ മതി. 6 c   എന്‍റെ ക്ലാസ്സാണ് എന്ന് പറയുന്നത്.
      ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍, വല്ലാത്ത ഒരു ഭയം ആയിരുന്നു ചന്ദ്രന്‍ പിള്ള സര്‍ എന്ന വാക്കിനോട് പോലും. ഘന ഗംഭീരമായ ശബ്ദം, ഇടയ്ക്കിടയ്ക്ക് മീശയിലേക്കു നീങ്ങുന്ന കൈകളും, വ്യത്യസ്തമായ രീതികളും, എല്ലാത്തിനും ഉപരി കയ്യിലിരിക്കുന്ന ഇളം കറുപ്പ് നിറമുള്ള തടിച്ച ചൂരലും... രണ്ടാമതൊന്നു വിളിക്കേണ്ടി വരില്ല, ആരെയും.മേശപ്പുറത്തു വച്ചിരിക്കുന്ന പകര്‍ത്തു ബുക്കുകളില്‍ എല്ലാം വടിവൊത്ത അക്ഷരത്തില്‍ എഴുതുന്നത്‌ സാറിന്‍റെ ശീലമായിരുന്നു, ബോര്‍ഡില്‍ സയന്‍സ് പുസ്തകത്തിലെ ചിത്രങ്ങള്‍ മനോഹരമായി വരച്ചിടുന്നതും...
   ആയിടക്കാണ്‌ എനിക്ക് ക്ലാസ്സ്‌ ഇലക്ഷന് മത്സരിക്കണം എന്ന ആഗ്രഹം തോന്നിയത്. അന്നു നാമ നിര്‍ദേശ പത്രികയില്‍ ഒപ്പ് വയ്കാനായി കൊടുത്തപ്പോള്‍ സര്‍ ചോദിച്ചു " നിനക്കെന്‍റെ പേര് അറിയുമോടീ?"  ചന്ദ്രന്‍ പിള്ള സര്‍ എന്ന് പറഞ്ഞ എനിക്ക് സര്‍ തിരുത്തി തന്നു" ചന്ദ്ര ശേഖരന്‍ പിള്ള".
    വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള യൂത്ത് ഫെസ്റിവല്‍ ചന്ദ്രന്‍ പിള്ള സര്‍ ന്‍റെ ദിവസം ആണ്. തിരശീലക്കു പിന്നിലെ ശബ്ദം. ലിസ്റ്റില്‍ ഉള്ള എല്ലാ പരിപാടികള്‍ക്കും പേര് കൊടുത്തിട്ട്, ചെസ്റ്റ് നമ്പര്‍ ഉം വാങ്ങി, തോട്ടയലത്തെ കൂട്ടുകാരന്‍ അജിയുടെ വീട്ടില്‍ ഇരുന്നു കഥ പറയുന്നതാണ് വര്‍ഷങ്ങളായി ഞങ്ങളുടെ സ്ഥിരം പരിപാടി. സര്‍ എല്ലാ നമ്പരുകളും വിളിച്ചു first call , second call ......... cancel എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 
    s. s. l. c. പരീക്ഷയുടെ സമയം. സര്‍ അദ്ദേഹത്തിന്റെ അച്ഛന്‍റെ ഓര്‍മ്മക്കായി കൊടുക്കുന്ന ക്യാഷ് അവാര്‍ഡ്‌  ഇംഗ്ലീഷ് നു ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടിക്കാണ്. മലയാളം2 പരീക്ഷയുടെ അന്നു വൈകിട്ട് CBM HS ഇല്‍ supervision കഴിഞ്ഞു ചന്ദ്രന്‍ പിള്ള സര്‍ നേരെ വന്നത് വീട്ടിലേക്ക്. ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരം കണ്ടുകൊണ്ടിരുന്ന എന്നെയും, കുട്ടനെയും ശരിക്ക് വഴക്ക് പറഞ്ഞു. " അളിയാ, കുടുംബത്തില്‍ ഉള്ളവരൊക്കെ വാങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു cash prize ?" എന്ന് അച്ഛനോടും. പിന്നെ SSLC result വേറെ ആരോടും പറയാതെ എന്നോട് തന്നെ വിളിച്ചു പറഞ്ഞതും, ഇംഗ്ലീഷ് നു നിനക്കാണ് മാര്‍ക്ക്‌ കൂടുതല്‍ എന്ന് പറഞ്ഞു സ്വയം ആശ്വസിച്ചതും എല്ലാം ഓര്‍മകളില്‍ ഇന്നുമുണ്ട്.
     യാത്രകള്‍ക്കിടയില്‍, എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോള്‍, " കൊച്ചിന് സുഖം ആണോടീ?"  എന്ന് തിരക്കുന്നത് കേട്ട് എന്‍റെ അനിയത്തിയെപ്പറ്റി തിരക്കിയവര്‍ ഏറെയുണ്ട്. സാറിന്‍റെ ഭാഷയിലെ കൊച്ച് എന്‍റെ അമ്മയാണ് എന്ന് പറയേണ്ടി വരും, ചിലപ്പോള്‍ സാറും അതുകേട്ടു ചിരിക്കും. ബാല്യകാല  സുഹൃത്തിന്‍റെ ഭാര്യയും, പിന്നെ കൂടെ ജോലിചെയ്യുന്ന ഇളം തലമുറയും കൂടി ആയപ്പോള്‍ അമ്മ സാറിന് 'കൊച്ച്' ആയി, അച്ഛന്‍ അളിയനും. 
     കഴിഞ്ഞ ജനുവരി 3 . കുടുംബ കാവിലെ ആയില്യംപൂജ. NET ന്‍റെ ക്ലാസ്സ്‌ Science congress കാരണം ഒരാഴ്ച മാറ്റി വച്ചു. അങ്ങനെ വീണുകിട്ടിയ കുറച്ചു സമയം. അവിടെ വച്ചു ആരോ പറഞ്ഞു, ചന്ദ്രന്‍ പിള്ള സാറിന് സുഖമില്ല എന്ന്. പോയിക്കാണുവാന്‍ മനസ് വന്നില്ല മനസിലുള്ള നല്ല മുഖങ്ങള്‍ മാറ്റി, പുതിയൊരു സങ്കല്‍പം ഉണ്ടാക്കാന്‍ ഉള്ള പ്രയാസം. പക്ഷെ, പോയി കാണേണ്ടിവന്നു, തൊട്ടടുത്ത ദിവസം തന്നെ. 
   കണ്മുന്നില്‍ നിന്നും, മനസിലെ ഓര്‍മകളുടെ മാനത്തേക്ക് പറന്നു പോകുന്നത് വരെയും, ഗുരുനാഥന്‍ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ക്ക് നിറം നല്‍കിയ അങ്ങയെ ഞങ്ങള്‍ എങ്ങനെ മറക്കും?


സ്നേഹസ്മരണകളോടെ......
  
     

December 24, 2010

എന്‍റെ അമ്മ..

      അമ്മ എന്നോര്‍ക്കുമ്പോള്‍ അനുഭവിച്ചറിയുന്ന സ്നേഹത്തിനും കരുതലിനും ഒപ്പം, മനസ്സില്‍ വരുന്ന ഒരു രംഗം കൂടി ഉണ്ട്. പയ്യനല്ലൂര്‍ സ്കൂളില്‍ 3B ക്ലാസ്സിലെ ഒരു മലയാളം പീരീഡ്‌. രത്നകുമാരി ടീച്ചര്‍ കഥകള്‍ പറഞ്ഞു പറഞ്ഞു കൃഷ്ണനില്‍ എത്തി. എന്നിട്ടൊരു ചോദ്യം"കൃഷ്ണന് 2 അമ്മമാര്‍ ഉണ്ടായിരുന്നു. നിങ്ങള്ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ?"
       ചാടി എഴുന്നേറ്റു നിന്ന എന്നെ കണ്ടു ടീച്ചറും ക്ലാസ്സിലെ ഉണ്ട പിള്ളാരും എല്ലാം അന്തംവിട്ടു. ടീച്ചര്‍ എന്തായാലും ഇരിക്കാന്‍ പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചക്ക് അമ്മയുടെ അടുത്ത് (അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയിരുന്നു) വന്ന എന്നെ അവര്‍ ബോധാവല്കരിക്കാന്‍ ശ്രമിച്ചു. 'എച്ചുമീ' (ലക്ഷ്മി യുടെ ചെല്ലപ്പേര്) നിന്‍റെ അമ്മ ഇതല്ലേ, മറ്റേതു വല്യമ്മ അല്ലെ?
ഞാനും വിട്ടു കൊടുത്തില്ല"കൃഷ്ണനും ഒന്ന് വളര്ത്തമ്മ അല്ലെ?" എന്ന് ചോദിച്ചു. വല്യച്ഛന്‍ കഥ പറയുന്നത് അങ്ങനെ ഉപകരിച്ചു.
       അന്നത്തെ എന്‍റെ സങ്കല്പങ്ങളിലെ അമ്മയുടെ ജോലികള്‍ എന്നെ ഒരുക്കി, മുടിയൊക്കെ കെട്ടിത്തന്നു, ആഹാരം തന്നു സ്കൂളിലേക്ക് അയക്കുക എന്നതായിരുന്നു. അങ്ങനെ എന്‍റെ സ്കൂള്‍ ജീവിതത്തില്‍ എപ്പോഴോ ഒരു അമ്മയെ കൂടി എനിക്ക് കിട്ടി. ഒരുക്കി വിട്ടത് ഉച്ചയ്ക്കായിരുന്നു എന്ന് മാത്രം. പക്ഷെ, അമ്മ എന്ന് മറ്റാരെയും വിളിക്കുന്ന ശീലം അന്നു എനിക്ക് ഇല്ലാതിരുന്നതുകൊണ്ട്‌ അതെന്‍റെ 'ചേച്ചി' ആയി.കൂട്ടത്തില്‍ ചെറുപ്പം ആയതുകൊണ്ട് കുറച്ചൊക്കെ കളി പറയാം എന്നെ സ്വാതന്ത്ര്യവും. സ്കൂളിനും വീടിനുമിടക്കുളള എന്‍റെ ഇടത്താവളം. തെക്കേ തൊടിയിലെ പുളിമരവും, അതിലെ ഊഞ്ഞാലും എല്ലാം കാലം ജരാ നരകള്‍ വീഴ്ത്താത്ത ഓര്‍മ്മകള്‍. അടുത്തിടെ കണ്ടപ്പോള്‍ ചേച്ചി കുറച്ചു നരച്ചു എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു, " അവള്‍ എന്നും കുട്ടിയായി ഇരിക്കുമോ" എന്ന് പറഞ്ഞു അമ്മ എന്നെ കളിയാക്കി.
         കോളേജ് ഹോസ്റലില്‍ നിന്നും പുറത്തു ചാടി അച്ഛന്റെ സുഹൃത്തിന്‍റെ വീട്ടില്‍  താമസിക്കുമ്പോള്‍. അവിടെയും അനുഭവിച്ചറിഞ്ഞു, മാതൃസ്നേഹം. അങ്ങനെ Auntyയും  എന്‍റെ അമ്മയായി.എന്‍റെ വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ടവരോട് മാത്രം ഞാന്‍ എടുക്കുന്ന സ്വാതന്ത്ര്യം ആണ്, ചെറിയ വേദനിപ്പിക്കാത്ത വഴക്കുകള്‍. പക്ഷെ, അതൊരിക്കലും ആ അമ്മയോട് കാട്ടിയിരുന്നില്ല. തുളസിക്കതിരിന്റെ നൈര്‍മല്യം ആയിരുന്നു അവര്‍.  പുതച്ചു മൂടിക്കിടന്നു ഉറങ്ങുന്ന പ്രഭാതങ്ങളില്‍ " ലക്ഷ്മീ" എന്ന വിളി കേട്ട് ഉണരുമ്പോള്‍, കാണുന്ന ചന്ദനം ചാര്‍ത്തിയ ഐശ്വര്യം ഉള്ള മുഖം. പിന്നെ, തുളസി കതിര്‍ ചൂടിയ മുടിയും..എന്നോട് ഒരു വാക്ക് പറയാതെ, ഒന്ന് കാണാന്‍ കാത്തു നില്‍ക്കാതെ, കഴിഞ്ഞ ഡിസംബര്‍ 25 നു  ഒത്തിരി വേദനിപ്പിച്ചു കടന്നുപോയ 'അമ്മ'.
           പിന്നെയും ഒരു ക്ലാസ്സ് മുറി. BEd ന്റെ അവസാനം 'കമ്മിഷന്‍' എന്ന് വിളിക്കുന്ന ചടങ്ങ്. Evaluation team ഇല്‍ ചെയര്‍മാന്‍റെ  അടുത്ത് viva ക്ക് നില്‍ക്കുമ്പോള്‍, ഇവിടെയും ഒരു ചോദ്യം" ജയലക്ഷ്മിക്ക് ഒരു റോള്‍ മോഡല്‍ ഉണ്ടോ?" "ഉണ്ട്" എന്ന എന്‍റെ ഉത്തരം കേട്ടപ്പോഴേക്കും അദ്ദേഹം ചോദ്യങ്ങള്‍ തുടങ്ങി. കണ്ടിട്ടില്ലാത്ത, നേരിട്ട് അറിയാത്ത ഒരാളെ എങ്ങനെ റോള്‍ മോഡല്‍ ആക്കും? പാവം.. വിചാരിച്ചത് ഞാന്‍ മദര്‍ തെരേസ എന്നോ മറ്റോ പറയും എന്നാണ്. ഞാന്‍  പറഞ്ഞു.." സര്‍, എന്‍റെ റോള്‍ മോഡല്‍ ഇപ്പോള്‍ പയ്യനല്ലൂര്‍ സ്കൂളിലെ ക്ലാസ്സ്‌ മുറിയില്‍ ഉണ്ട്. ജീവന്‍ തന്ന്, ജീവക്കേണ്ടത് എങ്ങനെ എന്ന് കാണിച്ചു തരുന്ന, എനിക്ക് ഏറ്റവും  പ്രിയപ്പെട്ട ആള്‍....
എന്‍റെ അമ്മ...
        
                                          എന്‍റെ അമ്മമാര്‍ക്ക് സ്നേഹപൂര്‍വ്വം........