Showing posts with label നുറുങ്ങുകള്‍. Show all posts
Showing posts with label നുറുങ്ങുകള്‍. Show all posts

January 15, 2015

തിരിച്ചുവരവ്

അങ്ങനെ വീണ്ടും രാത്രി പത്തു പത്തര  പതിനൊന്നു പതിനൊന്നര 
നട്ട പാതിരാ മുളച്ചു കിളിച്ചു പൂവിട്ടു വിരിയാറായി...
കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവാറായെന്നു ഇടയ്ക്കിടെ ഓർ മ്മിപ്പിക്കുന്ന മൂടൽമഞ്ഞിന്റെ നേർത്ത അടരുകൾ മുന്നിൽ  അങ്ങും ഇങ്ങും തത്തി കളിക്കുന്നു.

ഇനി നീ നിർത്തിയില്ലേൽ ആ ചതി ഞാൻ ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഡെൽ മെല്ലെ കരഞ്ഞു 
കീ കീ കീ... 


കണ്ണ് തെറ്റി തെക്കും വടക്കും ഓടി നടന്ന അക്ഷരകുഞ്ഞുങ്ങൾക്കിട്ട്  ഒരു പണി കൊടുക്കാനുള്ള ആയുസ്സ് തരണേ  എന്റെ ഡെൽ മുത്തപ്പാ എന്നാ ഒരൊറ്റ പ്രാർത്ഥന മാത്രം മനസ്സിൽ. കണ്ട്രോൾ Z കണ്ടു പിടിച്ചവനെ അരിയും പൂവുമിട്ടു പൂജിക്കാനുള്ള തീരുമാനം പി എച്ച് ഡി യ്ക്ക് ചേർന്ന  ആദ്യ നാളുകളിൽ തന്നെ എടുത്തതുകൊണ്ട് ആളെ കാണേണ്ട താമസമേ ഉള്ളു, വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ എടുത്തങ്ങു പ്രയോഗിക്കും. അവസാനം ഇടതു മാറിയ ആൾ വലത്തേ സൈഡിൽ നിൽക്കുമ്പോൾ വില്ലന്റെ പരിവേഷവുമായി അവൻ... 
കണ്ട്രോൾ Z മുന്നില്...

അല്ലേലും ഇപ്പൊ കഥയിലെ വില്ലന്മാരൊക്കെ ആദ്യം നല്ലവരായിട്ടാ വരാറ്. തിരിച്ചറിവിന്റെ നിമിഷങ്ങൾ..
ബാ...
പോരേ....
നമുക്ക് കഥയിലേക്ക് തിരിച്ചു വരാം......















       വർഷങ്ങൾക്ക് ശേഷം പടി വാതിൽ കടന്നെത്തുന്നതിന്റെ ആണോ ആവോ വല്ലാത്ത നിശബ്ദത. അങ്ങും ഇങ്ങും ചിറകടിച്ചു പറക്കുന്ന നരിച്ചീറുകൾ.. അർദ്ധരാത്രി പന്ത്രണ്ടര മണി. 
എഴുത്തും വരപ്പും എന്തിനു വായന പോലും നിർത്തി വച്ചിട്ട് വർഷങ്ങളായത് കൊണ്ട് എഴുതി തുടങ്ങിയപ്പോ വികടൻ തന്നെ നാവിൽ. പിന്നെ ഇതിപ്പോ ആര് കാണാനാ എന്ന ആത്മഗതാഗതം വേറെ, എന്തായാലും രണ്ടും കൽപ്പിച്ചു തുടരുന്നു.
ഇന്ന് ഞാൻ അവതരിപ്പിക്കുന്ന കഥയുടെ പേര്: തിരിച്ചു വരവ് 

വെറുതെ മീനും മീൻകാരും തോട്ടിലെയും കുളത്തിലേയും വെള്ളവുമായി പുസ്തകവും പേനയും താഴെ വെച്ച് സമാധാന ജീവിതം നയിച്ചോണ്ടിരുന്ന എന്റെ മുന്നിൽ വീണ്ടും അവൻ ബ്ലോഗ്‌   
പണ്ടൊരു നട്ട പാതിരായ്ക്ക് ആ വാതിലിൽ ചെന്നു മുട്ടിയപ്പോൾ ഗൂഗിൾ മുതലാളി ചോദിച്ചു ആരാ നീ? എന്താ നിനക്ക് വേണ്ടത്? എന്ന്. 
ഞാൻ പറഞ്ഞു എനിക്ക് എന്റെ ബ്ലോഗ്ഗർ ഡാഷ് ബോർഡ്‌ വേണം എന്ന്.
അപ്പോൾ മുതലാളി പറഞ്ഞു ഇവിടെ അങ്ങനൊരു സംഭവം  ഇല്ലന്ന്. 
അന്ന് തീർന്നു  ഗൂഗിളുമായുള്ള ബന്ധവും എല്ലാം. ഭാഗ്യദോഷം കൊണ്ട് കുടികിടപ്പ് സർട്ടിഫിക്കറ്റ് കിട്ടിയതും ഇല്ല. ഉണ്ടാരുന്നേൽ ഞാൻ മള്ളൂരിനെ വെച്ചൊരു അലക്കു അലക്കിയേനെ.

    പിന്നെ എന്നെ വേണ്ടാത്ത ഗൂഗിളിനെ എനിക്കും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു വർഷം  നീണ്ട ഏകാന്ത വാസം. " സഫരോം കി സിന്ദഗി ജോ കഭി നഹി  ഖതം ഹോ ജാതി ഹേ"...
    പലരും അച്ചടി മഷിയുടെ നിറങ്ങളും വായനയുടെ മറ്റു ലോകങ്ങളും കാട്ടി തന്നെങ്കിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു നടക്കുമ്പോഴാണ് " എഴുത്തു നിർത്തിയാ പിച്ചു കിട്ടും എന്ന അതിഭീകരമായ ഭീഷണി പേര് പുറത്തു പറയാൻ പറ്റാത്ത ചില തീവ്രവാദി സംഘടനകളിൽ നിന്നു വരുന്നതും അതനുസരിച്ച് ഇവിടെല്ലാം ക്ലീൻ ചെയ്യാൻ തീരുമാനിക്കുന്നതും. 
ഇതിനിടെ നടന്ന പ്രധാന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കുന്നതിൽ വിരോധം ഇല്ലല്ലോ? തുറന്നു പറയുമ്പോൾ ഇടയ്ക്ക്  അടപ്പ് പൊന്തിയില്ലെൽ സഹായിക്കുമെന്ന വിശ്വാസത്തോടെ...
വിശ്വാസം അതല്ലേ എല്ലാം...
പതിവുപോലെ 2013 ക്രിസ്മസ് 2014 ന്യൂ ഇയർ ദിവസങ്ങൾ  ഉറക്കം  തരാതെ വിളിച്ചു ശല്യപ്പെടുതിയവർക്ക് നന്ദി പറഞ്ഞു കൊണ്ട് കാര്യപരിപാടിയിലേക്ക് കടക്കട്ടെ.

എച്ച് വണ്‍  എൻ വണ്‍  ഒക്കെ പോയി അവസാനം എബോളയിൽ വന്നെത്തി നിൽക്കുന്നു വൈറസ്‌ ഭീകരർ. ഇങ്ങെത്തി എത്തിയില്ലാ എന്ന് പറയുന്നുണ്ടെങ്കിലും കരുതിയിരുന്നാൽ കാശും കാറ്റും പോകാതെ സൂക്ഷിക്കാം അത്രന്നേ .... വേറെന്തു പറയാൻ.. അതിനൊക്കെ ഇടയിൽ  WHO തെക്ക് കിഴക്കാൻ ഏഷ്യ പോളിയോ ഫ്രീ ആണെന്ന് പറഞ്ഞപ്പോ കൂടെ നമുക്കും ഒരു സന്തോഷം....
മെയ് മാസത്തിൽ വലിയൊരു അത്ഭുതം നടന്നു. ഇന്ത്യയിൽ  ഒരു താമര വിരിഞ്ഞു. കോടീശ്വരൻ മാർ ആയിരുന്ന യു പി എ യെ ലക്ഷപ്രഭുക്കൾ ആക്കികൊണ്ട്  അങ്ങനെ അവസാനം കാത്തിരുന്ന ഇലക്ഷൻ റിസൾട്ട്‌ എത്തി. വർഷങ്ങളായി തുടരുന്ന തൂക്കും പറ്റി പിടിച്ചതും ആയിരുന്ന മന്ത്രി സഭകൾക്കിടയിൽ ഭൂരിപക്ഷം തെളിയിച്ചു മോഡിജി അധികാരത്തിൽ വന്നു. ബാക്കിയൊക്കെ കണ്ടോണ്ടിരിക്കുന്നു.
വാൽകഷ്ണം: ഇതൊക്കെയായിട്ടും ശ്രീ പത്മനാഭന്റെ നാഭീയിലല്ലാതെ ആ മണ്ണിൽ ഒരു താമര വിരിയിക്കാൻ കേരളത്തിലെ കാവിപ്പടയ്ക്കായില്ല... ഇന്നച്ചന്റെ ലോട്ടറി വരെ അടിച്ച സ്ഥിതിക്ക് ഇതൂടെ ആവാരുന്നില്ലേ ന്റെ കോടീശ്വരൻ പത്മനാഭാ......

ആത്മഹത്യ ചെയ്യാൻ പോലും നിർവാഹം ഇല്ലാതെ ഐ സി യു വിൽ കിടന്ന ഓർക്കുട്ട് ന്റെ ദയാവധവും അതിനോടനുബന്ധിച്ച് മുഖ പുസ്തകത്തിൽ  നടന്ന അനുശോചന പരിപാടിയും കണ്ടു പലരും മൂക്കത്ത് വിരൽ വച്ചു .. ദെന്താപ്പൊ ഈ ഓർക്കുട്ട് എന്ന്. ലോകം  രണ്ടായിരത്തിലേക്ക് കാലെടുത്തു വച്ചത് തന്നെ ഓർകുട്ടിൽ ചേരാൻ ആയിരുന്നു എന്നാരുന്നു ബുജി മതം. എന്നിട്ടിപ്പോ മോൻ വന്നപ്പോ അച്ഛനെ ആർക്കും അറിയുക കൂടി ഇല്ല. എന്തായാലും കുറെ കൗമാര- യൗവന ദിനങ്ങൾക്ക്  കൂട്ടായി നിന്ന പഴയ പള്ളിക്കുടം കൂട്ടുകാരെയെല്ലാം ഇന്റർനെറ്റ്‌ എന്ന ലോകത്തിന്റെ പച്ചപ്പിൽ ഒരു മരച്ചോട്ടിൽ ആക്കിയ ഓർക്കുട്ട് ഒരു അത്ഭുതം ആയിരുന്നു എന്ന് പറയാതെ വയ്യ. പാട്ടുള്ളതും ഇല്ലാത്തതുമായ നിന്റെ പ്രൊഫൈലുകൾ  ഇനി കാണാൻ കഴിയില്ല എന്നാ വേദന വേദനയോടെ തന്നെ ഓര്ക്കുന്നു....
ഒപ്പം ഒരു ഭീഷണി: പച്ചില വേറെ വന്നിട്ടുണ്ട് ദൂരെ നിൽക്കുമ്പോൾ  ഗൂഗിൾ പ്ലസ്‌ അടുത്ത് വരുമ്പോൾ നീ പ്ലസ്‌ അല്ലയോ എഫ് ബി നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.

ഇതിനിടെ കുറെ കാലങ്ങളായുള്ള നമ്മുടെ സ്വപ്നം മംഗൾയാൻ അങ്ങ് ചൊവ്വയിൽ എത്തി. ചോദിച്ച് ചോദിച്ച് പോയതാനേലും അങ്ങെത്തി  എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചൊവ്വയിൽ നിന്നയച്ച ഗവണ്മെന്റ് എൽ പി എസ്സ്  ന്റെ ഫോട്ടോയൊക്കെ ഇട്ട് ആഘോഷിച്ചെങ്കിലും ഇന്ത്യക്കാരൻ എന്ന പേരിൽ എല്ലാവരും ഹൃദയം നിറഞ്ഞു ആഹ്ലാദിച്ച നിമിഷങ്ങൾ. എങ്കിലും ഒരു ചോദ്യം ഇപ്പളും നിലനില്ക്കുന്നു: 
അപ്പ ഈ ചൊവ്വ ദോഷത്തിന്റെ കാര്യത്തിൽ  എന്താ ഒരു തീരുമാനം? നിക്കണാ പോണാ 
പോയാ പിന്നെ നമുക്ക് നഷ്ടമാകുന്നത് ഒരു ബുദ്ധേട്ടൻ യുഗമായിരിക്കും ( കടപ്പാട്: നെടുമുടി വേണു)





അവസാനം ഒരൊറ്റ ടീം ആയി കളിച്ച ദാദയും സച്ചിനും വെറുമൊരു ഫുട്ബോളിന്റെ പേരിൽ ചേരി തിരിഞ്ഞു മത്സരിച്ചതും  അവസാനം കൽകട്ട  കപ്പ്‌ കൊണ്ടുപോയപ്പോൾ പൊരുതി തോറ്റ ബലത്തിൽ കേരളാ ബ്ലാസ്റ്റെർസ് അഭിമാനത്തോടെ തിരിച്ചെത്തിയതും 2014 ഇൽ  തന്നെ.


ഒരു സത്യം ഒർമ്മിപ്പിക്കട്ടെ: കപ്പ്‌ ഇപ്പളും ഞമ്മക്ക് തന്നെ. ബംഗാളികൾ മുഴുവനും ഇവിടല്ലേ താമസം... അസ്സലാമു അലൈക്കും...  (മ്മളും ഒരു കൊച്ചു ദുബായ് തന്നെ വേണേ ഉരു കൊച്ചിലോ ഒക്കെ അടുപ്പിക്കാം)



ഇനിയും പറയാൻ ഏറെ ബാക്കി. പക്ഷെ എന്റെ കണ്ണും ഡെൽ ന്റെ ബാറ്ററിയും സഹകരിക്കാത്തത് കൊണ്ടും വായനക്കാരുണ്ടെങ്കിൽ അവരുടെ ക്ഷമ പരീക്ഷിക്കുന്നത് എല്ലിനും പല്ലിനും നല്ലതല്ലാത്തതു കൊണ്ടും തത്കാലം നിർത്തുന്നു...
പി കെ യുടെ വിലക്കും നമ്മുടെ സോളാറും മിട്ടായി പൊട്ടിച്ച പോലെ തുണ്ട് തുണ്ടാക്കിയ ആന്ദ്രാപ്രദേശും എല്ലാം മാപ്പ് തരുമെന്ന പ്രതീക്ഷയോടെ.....

March 26, 2013

ഒരു ഓർമ


പണ്ട്... 

അങ്ങനെ പറഞ്ഞാൾ  മുത്തശ്ശിക്കഥ ആണെന്നും പറഞ്ഞു അന്തം വിട്ടു നോക്കിയിരിക്കാൻ വരട്ടെ .... 
ഈ കഥ നടക്കുന്നത് പണ്ട് രാജാവും മന്ത്രവാദിയും പറക്കുന്ന കുതിരയും ഒന്നും ഉള്ള കാലത്തല്ല....  
ഇങ്ങു നമ്മുടെ സ്വന്തം എ ഡി യിൽ...... 
ഇരുചക്ര വാഹനങ്ങളിൽ സൈക്കിൾ തന്റെ രാജ്യാധികാരം ബൈക്കിനും ടുവീലറിനും ഒക്കെ വിട്ടു കൊടുക്കുന്നതിനു മുൻപ്...  
അങ്ങട് കറക്റ്റ് ആയി പറഞ്ഞാൽ  ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം.  

ദാ പോയി എല്ലാരും ഒരു ഫ്ലാഷ് ബാക്ക് ലേക്ക്..... 

അഞ്ചാം ക്ലാസിലെ വര്ഷാവസാന പരീക്ഷ കഴിഞ്ഞ്, ഇടയ്കൊക്കെ മാവിന്റെ ചോട്ടിലും പിന്നെ ചിലപ്പോൾ  പലവിധത്തിലുള്ള ഉത്സവങ്ങൾ കണ്ടു സന്തോഷിക്കുന്ന തിരക്കിലും (സത്യം പറഞ്ഞാൽ  ഈ ഉത്സവങ്ങൾ എന്ന് പറയുന്നത് എനിക്ക് രണ്ടു തരത്തിൽ ഉള്ള ഓർമ്മകൾ ആണ്, അടിയിട്ടു വാങ്ങി വീട്ടിലെത്തും മുന്നേ പൊട്ടി പോകുന്ന ബലൂണുകളും പിന്നെ ഉത്സവം കഴിഞ്ഞു നടത്തുന്ന കമ്പം പേടിച്ച് വീടിലേക്കുള്ള ഓട്ടവും) അങ്ങനെ നടക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു വിലപ്പെട്ട സമ്മാനം കിട്ടുന്നത്. വെറും വിലപ്പെട്ടതല്ല, ഇത്തിരി വിലയുള്ള സമ്മാനം ... ഒരു ലേഡീസ് സൈക്കിൾ


ഇതാണോ ഇത്രേ വലിയ കാര്യം ന്നാണോ ചിന്ത?? വേണ്ടാ ട്ടോ 

ഒരു സൈക്കിൾ നു ഒക്കെ ന്താ വില എന്നറിയണം എങ്കിൽ അന്നൊക്കെ ഉണ്ടാകണമായിരുന്നു.   
പയ്യനല്ലൂർ സ്കൂളിൽ സൈക്കിൾ ഇൽ  വരുന്ന മഹാന്മാർ കുറെ ഉണ്ടെങ്കിലും പെണ്‍കുട്ടികൽ  കുറവായിരുന്നു.  
അങ്ങനെ തുടങ്ങിയ മോഹാണ് അവസാനം അഞ്ചാം ക്ലാസ്സിൽ വച്ച് അങ്ങട് സാധിച്ചേ. 
അപ്പൊ പിന്നെ സന്തോഷം ഉണ്ടാകണ്ടേ വരുമോ ???

എന്നിട്ടും ഒരു അടി പറ്റി. 
"ഹീറോ ഹാൻസ"
പഞ്ചായത്ത് മുഴുവൻ മുന്നില് പെട്ടിയുള്ള "ലേഡി ബേർഡ്" സൈക്കിൾ ഉം കൊണ്ട് പോകുമ്പോ എനിക്ക് മാത്രം ആണ്‍കുട്ടികളുടെ കൂട്ടത്തെ സൈക്കിൾ 
പ്രതിഷേധിച്ചു നോക്കി ചെറുതായിട്ട്.... നടന്നില്ല..... 
അത് പിന്നെ പണ്ട് മുതലേ പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും സ്വരം ഇത്തിരി ചെറുതാ.... കേൽക്കണാച്ചാ ഇത്തിരി പാടാ... 
"നിനക്ക് വേണേൽ മതി, അല്ലേൽ  തിരിച്ചു കൊടുത്തേക്കാം"
ടീച്ചർ  അമ്മ ഫുൾ സ്റ്റോപ്പ്‌ ഇട്ടു. 
ആലോചിച്ചപ്പോൾ സൈക്കിൾ വാങ്ങിയ താമരക്കുളത്തെ കട അച്ഛന്റെ കൂട്ടുകാരന്റെ ആണ്. കൊണ്ട് കൊടുത്താൽ തിരിച്ചെടുക്കാൻ സാധ്യത ഉണ്ടെന്നു മാത്രല്ല, ഒരിക്കൽ വേണ്ടാന്നു വച്ചാൽ അറം പറ്റും എന്നും ഉറപ്പ്.... 
അങ്ങനെ അവൾ അങ്ങനെ എന്റെ കൂടെ കൂടി.... 

എന്തായാലും കുറച്ചു കഷ്ടപ്പെട്ട് ആയാലും വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും സൈക്കിൾ ഓടിക്കാൻ പഠിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നം. 
നല്ല ഉയരം ഉള്ളത് കൊണ്ട് സീറ്റിൽ ഇരുന്നു ഓടിക്കാൻ പറ്റുമോ എന്നു സംശയം. 
എന്തായാലും ഉത്ഘാടനം നമ്മുടെ പള്ളിക്കൽ വായനശാലയിലേക്ക് തന്നെ. 
അങ്ങോട്ട്‌ പോകുന്ന വഴി വഴിയിലെ കടയില ഇരുന്നു ആരോ " ദേ വീല് കറങ്ങുന്നു" എന്ന് പറഞ്ഞപ്പോൾ വണ്ടി നിർത്തി നോക്കി എന്നൊക്കെ പറയുന്നത് ഞാൻ ശക്തിയുക്തം നിഷേധിക്കുന്നു.  
ഇല്ല അത് ഞാൻ ആകില്ല... ഉറപ്പ്.... 
അങ്ങനെ ആരേലും പറഞ്ഞിരുന്നേൽ ഞാൻ അതിനു മുന്നേ റോഡിൽ മറിഞ്ഞേനെ എന്ന കാര്യം എനിക്കല്ലേ അറിയൂ.... 
ശോ.... ഞാൻ.... 


  




പിന്നങ്ങോട്ട് കാത്തിരിപ്പായി 
സ്കൂൾ ഒന്ന് തുറക്കാൻ 
എന്നാലല്ലേ നമുക്കൊന്ന് ഷൈൻ ചെയ്യാൻ പറ്റൂ. 
ആദ്യായിട്ടാകും(അവസാനമായിട്ടും????) സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത്, അതും മെയ് മാസത്തിൽ തന്നെ. 
അങ്ങനിരിക്കുമ്പോൾ ആണ് ജയകൃഷ്ണൻ സാർ (ആരാന്നു ചോദിച്ചാൽ ആറാം ക്ലാസ് മുതൽ ഇങ്ങോട്ട് പഠിക്കാൻ പോയ ട്യൂഷൻ സെന്റർ ന്റെ പ്രിൻസിപ്പൽ, ഞങ്ങളുടെയെല്ലാം പേടിസ്വപ്നം) വീട്ടിൽ  എത്തിയത്. ക്ലാസിനു ചെല്ലാനായി വിളിക്കാൻ ആണ് വന്നത്. മെയ് 15 നു ക്ലാസ്സ്‌ തുടങ്ങും എന്ന് കേട്ടപ്പോഴേ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. 15 ദിവസങ്ങൾ  മുന്നേ സ്കൂളിലെ കൂട്ടുകാരെയെല്ലാം കാണാം എന്ന് ഓർത്തപ്പോൾ തന്നെ ഹോ .....  

പക്ഷെ 
വരാനുള്ളത് വഴിയിൽ  തങ്ങില്ല എന്നല്ലേ. 
ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ആയപ്പോൾ അമ്മ കാലുവാരി. 
രാവിലെ ഐശ്വര്യയിട്ടു അമ്പലത്തിലൊക്കെ പോയി വന്നിട്ടും അമ്മയുടെ ഗ്രീൻ സിഗ്നൽ കിട്ടിയില്ല അങ്ങനെ യാത്ര പതിവ് പോലെ പ്രൈവറ്റ് ബസ്സിൽ... 
പ്രതീക്ഷ കൈവിട്ടില്ല..... 16, 17, ........ ദിൻ ദിൻ ഗിന്കെ ഇന്തസാർ 
അങ്ങനെ ദിവസങ്ങൽ കടന്നു പോയി. 
സ്കൂൾ തുറന്നു ഒരു term കഴിഞ്ഞു. 
ഒരു രക്ഷയും ഇല്ല. 
അങ്ങനെ നവമിയിലെ ഓണപ്പരീക്ഷ ആയി. 
രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിനു മുൻപ് തീരണ്ടത് കൊണ്ട് പരീക്ഷ കുറച്ചു നേരത്തെ തുടങ്ങും. 8-ന്റെ കോമോസ് നു പോയാൽ പരീക്ഷ തുടങ്ങിയിട്ടേ ചെല്ലാൻ പറ്റൂ. 
അതൊരു ചാൻസ് ആയി എടുത്തു പരീക്ഷിച്ചപ്പോൾ വീട്ടിൽ എനിക്ക് പാര വയ്ക്കാൻ വേണ്ടി ജനിച്ച സാക്ഷാൽ വേണുഗോപാൽ ജി (ആളെ അറിയാല്ലോ, ബ്ലോഗിലെ എല്ലാ പോസ്റ്റിലും ഉണ്ട് ട്ടോ) വില്ലൻ ആയി. 
അതും വെറും അഞ്ചാം വയസ്സിൽ.... 












എന്തായാലും യേശു അവസാനം സഹായിച്ചു... 
ക്രിസ്മസ് പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ആ മധുര മനോഹരമായ വാക്കുകള ഞാൻ കേട്ടത്.  
"ജയേ വേണേൽ സൈക്കിൾ എടുത്തോണ്ട് പൊയ്ക്കോ, പക്ഷെ സൂക്ഷിക്കണം"
വിശ്വസിക്കാൻ പറ്റിയില്ല. 
സ്വര്ഗം കിട്ടിയ സന്തോഷത്തോടെയാണ് അന്ന് യാത്ര തുടങ്ങിയത് 
മേക്കുന്ന് മുകളിൽ  നിന്നങ്ങോട്ട്‌ ഉള്ള കയറ്റമൊന്നും അറിഞ്ഞതേയില്ല 
വഴിനീളെ കണ്ടവരോടൊക്കെ ചിരിച്ചു ഭയങ്കര സന്തോഷത്തോടെ അങ്ങ് നവമിയിൽ എത്തി 
എല്ലാരും ക്ലാസിൽ....  
പരീക്ഷ തുടങ്ങി...  
വെളിയിൽ  നിന്ന് കൂട്ടുകാരോടൊക്കെ സൈക്കിൾ കൊണ്ടുവന്ന കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ ജയകൃഷ്ണൻ സാർ വിളിച്ചു 
"എന്താ ജയലക്ഷ്മി താമസിച്ചത്?"
ഉത്തരം കിട്ടാതെ അന്തം വിട്ടു നിന്ന എന്നോട് പിന്നെ ചോദിച്ചത് കയ്യിലെ വടിയായിരുന്നു. 
അങ്ങനെ ആറു മാസം കാത്തിരുന്നിട്ട് അവസാനം തല്ലു വാങ്ങി celebrate ചെയ്തെങ്കിലും, അവൾ പിന്നെ എന്റെ കൂട്ട് തന്നെ ആയി. 
നിർത്തിയിട്ട ഓട്ടോയിൽ അങ്ങോട്ട്‌ ചെന്ന് ഇടിച്ചും, പാണ്ടി ലോറിക്ക് അട വച്ചും ഒക്കെ കുറെ നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു...    


May 31, 2011

കാകപുരാണം

"കായംകുളത്തെ കാക്ക എങ്ങനാ കരയുക?"
ന്റെ കുട്ടിക്കാലത്തെ വിനോദങ്ങളില്‍ ഒന്നായിരുന്നു കാക്കയെ കാണല്‍. പള്ളിക്കല്‍ നിന്ന് അമ്മ വീടായ ചുനക്കര മുല്ലക്കല്‍ എത്തുമ്പോഴേക്കും ഒരായിരം തവണ അമ്മയോടോ വല്യമ്മയോടോ ചോദിച്ചിട്ടുണ്ടാകും..
"നൂറനാട്ടെ കാക്കയും പള്ളിക്കലെ കാക്കയും കരയുന്നത് ഒരുപോലാണോ എന്ന്.
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ (അമ്മയുടെ മടിയിലെ സീറ്റ്) പിന്നെ പാട്ട് തുടങ്ങുകയായി. വെറും പാട്ടല്ല, സ്വന്തം ഗാനങ്ങള്‍. രചാനാന്നു വച്ചാല്‍ ബസ്‌ പോകുന്നതിന്‍റെ ഒരു ട്യൂണില്‍ ആണ്. നമ്മുടെ എ ആര്‍ റഹ്മാന്‍ " ഛെയ്യ ഛെയ്യ .." ട്യൂണിയത്  പോലെ. ഒപ്പം ജാസീ ഗിഫ്റ്റിന്റെ വാക്കുകളും. മിക്കവാറും അടുത്ത സീറ്റില്‍ ഇരിക്കുന്ന ആസ്വാദകര്‍ എല്ലാം എന്റെ പാട്ട് കേട്ട് ആരാധന തോന്നി അമ്മയുടെ പരിചയക്കാര്‍ ആകാറുണ്ടായിരുന്നു അത്രേ. ആ ടേപ്പ് ഒന്ന് ഓഫ്‌ ചെയ്യുമോ? എന്നായിരിക്കും ചോദിച്ചിട്ടുണ്ടാവുക. ബസ്‌ ഓടുമ്പോള്‍ കുഴപ്പം ഇല്ലെങ്കിലും ബസ്‌ നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍റെ കര്‍ണ്ണകഠോര ശബ്ദം ഒരു പ്രശ്നം തന്ന്യാണേ. ന്തായാലും പാട്ട് നിര്‍ത്തുന്ന പരിപാടി ഇല്ല. അമ്മയും പറഞ്ഞിട്ടില്ല ട്ടോ... എന്നില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം ആ പൊട്ടവെയിലിലും അമ്മ തിരിച്ചറിഞ്ഞു. സമ്മതിക്കണം (എന്നെ). ഞാന്‍ ഞാനായില്ലാരുന്നെങ്കില്‍ പിന്നെ ഞാന്‍ ആരായാനേ...!!!!
കാക്കയിപ്പോഴും മരത്തിലിരിക്കുവാ...ഞാനങ്ങു ബസ്‌ കയറി ചുനക്കരയെത്തി... തിരിച്ചു മരത്തിലേക്ക് പോകാം, കാക്കയുടെ അടുത്തേക്ക്...
ഈ കാക്കയും ഞാനും തമ്മിലുള്ള ബന്ധം ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മ ബന്ധം തന്നെയാണേ. അച്ഛന്‍റെ വീട്ടില ആണ്മക്കള്‍ക്കെല്ലാം ആണ്‍ തരികള്‍ മാത്രം ഉണ്ടായപ്പോള്‍, അവര്‍ക്കിടയിലേക്ക് വീണ ഒരു ആറ്റംബോംബ് പോലെയായിരുന്നു എന്‍റെ ജനനം. നാടാകെ ഞെട്ടി.
പ്ലാംതോട്ടത്തെ ഇളയ കുഞ്ഞിനൊരു (ന്‍റെ അച്ഛന്‍) മോളാ ഉണ്ടായേ...
നാടടങ്കം കുട്ടീം പറിച്ചു മാവേലിക്കര ആശുപത്രിയിലേക്ക്.... പിന്നങ്ങോട്ട് മുല്ലക്കലേക്കും...
വന്നവരെല്ലാം എന്നെ തേടി നടന്നു. കാണാന്‍ പറ്റിയില്ല, എന്‍റെ ഒരു കാര്യം.
പക്ഷെ ഞാന്‍ കൃഷ്ണന്റെ പെങ്ങളെപ്പോലെ അദൃശ്യയായതൊന്നും ആയിരുന്നില്ല. കാണാന്‍ വേണ്ടി ഇല്ലാര്‍ന്നു... അതാ പ്രശ്നം.
രണ്ടരയും മൂന്നും കിലോയുള്ള ഉണ്ട പിള്ളാരുടെ ഇടയില്‍ ഞാന്‍ വെറും ഒന്ന് ഇരുന്നൂറു ഉള്ള ഈര്‍ക്കില്‍ കൊച്ച്. നല്ല രജിസ്റെര്‍ഡ നിറവും, തിളങ്ങാന്‍ പല്ലുമില്ല. കാണാതെ പോയതില്‍ അത്ഭുതം ഉണ്ടോ!!!!
മുല്ലക്കലെ ശിവന്‍ ചിറ്റപ്പന്‍ (വെറും പുള്ളിയല്ല, പാണ്ട് തന്നെ) സ്വന്തം വാക്കുകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട് ആ പ്രഥമ ദര്‍ശനം. അമ്മയുടെ കല്യാണം കഴിഞ്ഞു വിദേശയാത്രയ്ക്ക് പോയി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു വരുന്നത്. വന്നപാടെ അനന്തിരവളെ (എന്നെ) കാണാന്‍ മുല്ലക്കലെത്തി. വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്ത്‌ ആരൂല്ല.ന്നാപ്പിന്നെ കൊച്ചിനെ കളിപ്പിക്കാന്നു കരുതി. മുറിക്കകത്ത് ഒരു ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്. അതിനു മുകളിലൊരു കൊതുകുവല തുറന്നു വച്ചിരിക്കുന്നു. പാവം ചിറ്റപ്പന്‍ കൊതുകുവലയ്ക്കുള്ളില്‍ നോക്കി, ഒന്നൂല്ല....
ന്നാപ്പിന്നെ എടുത്തു മാറ്റി നോക്കാം..
അപ്പളും ഒന്നൂല്ല..
ഷീറ്റെടുത്ത് കുടഞ്ഞു നോക്കി....ഇല്ല...
ശ്ശോ...കൊച്ചെവിടെ?????
ന്നി ആരേലും തട്ടിക്കൊണ്ടു പോയോ???
ചിറ്റപ്പന്‍ നേരെ കുഞ്ഞമ്മയോടു ചോദിച്ചു..
"അംബികേ, കൊച്ചെന്തിയെടീ ...!!!!"
കുഞ്ഞമ്മ വന്നു നോക്കിയപ്പോ ദാണ്ടേ ആ ഷീറ്റിന്റെ തറെല്‍ മുട്ടി കിടക്കുന്ന തുമ്പത് ഞാന്‍ കിടന്നു ചിരിക്കുന്നു...!!!
ചിറ്റപ്പന്‍ അന്നൊരു ഉപദേശം ഫ്രീയായിട്ടങ്ങട്ട് വച്ചുകൊടുത്തു.
"ഡീ, പെഴ്സിലെങ്ങാനും വച്ചോ, അല്ലേല്‍ കാക്ക കൊത്തിക്കൊണ്ടു പോകും."
അവിടെ തുടങ്ങി ഞാനും കാക്കയും തമ്മിലുള്ള ആത്മ ബന്ധം.
പിന്നങ്ങോട്ട് എന്‍റെ വാക്കുകളെല്ലാം ' കാക്ക' മയം. ചോറുണ്ണാന്‍ കൊണ്ട് നടക്കുമ്പോള്‍ കഴിച്ചില്ലെങ്കില്‍ കാക്കയ്ക്ക് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിച്ചും "കാക്കേ കാക്കേ കൂടെവിടെ ..." പാടി പഠിപ്പിച്ചും അങ്ങനെ ഞാന്‍ ആദ്യം പറഞ്ഞ വാക്കും അതായി...'കാക്ക'.
"മണീ, കൊച്ച് അമ്മ എന്ന് പറയുമോ?"
എന്ന് തിരക്കിയവരോടൊക്കെ അമ്മ പറഞ്ഞു..
" ഇല്ല, കാക്ക എന്ന് പറയും."
"ശിവ ശിവ..." കൊരണ്ടിപള്ളിലെ കഥകളി വല്യമ്മാവന്‍ തലയ്ക്കു കൈ വച്ചു.
പിന്നെ എന്‍റെ ജനന സമയോം കുറിച്ചെടുത്തു കൊണ്ട് പോയി.
ഒരു പുനര്‍ചിന്തനം. കൂട്ടിനു പുത്തന്‍കളീക്കലെ വൈദ്യര്‍ വല്യച്ചനും.
ജാതകത്തില്‍ ജന്‍മഗ്രഹം അശ്വനീദേവകള്‍ ആണ്. ഉച്ചസ്ഥന്‍ തന്നെ... ന്നിട്ടെന്താ ഒരു ഗുളികന്റെ പ്രഭാവം??
അമ്മയ്ക്ക് ആധിയായി. 
വിദുഷി, വാഗ്മിത്വം, ഐശ്വര്യം, സമ്പന്നത  അങ്ങനെ മുന്‍കോപം ഒഴികെ ജാതകത്തില്‍ പറഞ്ഞതൊക്കെ നല്ലതാര്‍ന്നു.. ന്നിപ്പോ ...നേരെ തിരിയുമോ ന്തോ??
എന്തായാലും വൈകാതെ റീ വാലുവേഷന്‍ റിസള്‍ട്ട് വന്നു. 
ജാതകം വിചിത്രം തന്നെ. ഒറിജിനല്‍. പകര്‍പ്പവകാശം കുറവായതുകൊണ്ട് ഡ്യൂപ്ലികേറ്റും കിട്ടില്ല. ഉച്ച ഗ്രഹത്തിന്‍റെ കിഴക്കിരുന്നൊരൂട്ടം നോക്കിണ്ണ്ടത്രെ.ആള് കേതുവാ.അവനാ ന്നെക്കൊണ്ട് കാക്കാന്നു വിളിപ്പിച്ചേ.
ഉമ്മറത്ത്‌ നിന്ന് പബ്ലിഷ് ചെയ്തിട്ട് വല്യമ്മാവന്‍ ശ്രീഭദ്രാമന്ത്രം ജപിച്ചു തെക്കിനിയിലേക്ക്. കുറച്ചു കഴിഞ്ഞു അല്പം ഭസ്മവുമായി മുറ്റതെക്കും. അമ്മുമ്മയുടെ കയ്യില്‍ ഭസ്മം കൊടുത്ത് ന്‍റെ മൊട്ടത്തലയില്‍ കൈ വച്ച്. ന്നിട്ട് ഇടത്തെ കൈ നെഞ്ചോട്‌ ചേര്‍ത്തുവച്ചു എന്തോ പ്രാര്‍ഥിച്ചു...
"കിഴക്കൂന്നുള്ള ആ നോട്ടമോന്നു കുറയ്ക്കണേ" ന്നാവും...
ന്തായാലും മൂന്നു ദിവസം ഭസ്മം നെറൂകേല്‍ ഇട്ടപ്പൊഴെക്കും ഞാന്‍ നന്നായീന്നാ എല്ലാരും പറേന്നെ.കാക്കപ്രേമം തീര്‍ന്നു ത്രെ.
സത്യാണോ??? ആര്‍ക്കറിയാം....!!!
വായിച്ചു കഴിഞ്ഞപ്പോ മനസി തോന്നുന്നത് ന്താന്ന് പറയട്ടെ...
അമ്മേ, ദാ...ഈ കൊച്ച് ഇവിടിരുന്നു പിന്നേം കാക്കേടെ കാര്യം പറയുന്നേ..."ന്നു പറഞ്ഞു ഒറ്റാനല്ലേ... വേണ്ടാ ട്ടോ.

January 10, 2011

ക്ഷമയുടെ നെല്ലിപ്പലക

വീണ്ടും സ്ഥലം നമ്മുടെ സ്വന്തം ഊട്ടി.
  
   BEd course ന്‍റെ ഭാഗമായുള്ള ഒരു സ്റ്റഡി ടൂര്‍. ഹോഗ്നൈക്കളിലെ വെള്ളത്തില്‍ നിന്നു രാത്രി ഊട്ടിയിലെ തണുപ്പിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ഒരു celebration മൂഡില്‍. സ്റ്റേ ഞങ്ങളുടെ എല്ലാമാല്ലാം ആയ ഫിലോസഫി മാത്യൂസ്‌ സാറിന്‍റെ ഫ്രണ്ടിന്റെ സ്വന്തം ലോഡ്ജില്‍. ചെന്നപ്പോള്‍ തന്നെ സര്‍ ഞങ്ങളെ പറ്റി പൊക്കി പറഞ്ഞിട്ടുണ്ടോ എന്തോ? പറഞ്ഞിട്ടുണ്ടെങ്കില്‍ സാറിന്‍റെ കഷ്ടകാലം.
   രാത്രി 12 മണി. കൂടെയുള്ള ഒരു ടീച്ചറിന് ഉറക്കത്തിലും കണ്ണ് കാണാം എന്നുള്ള സത്യം ഞങ്ങള്‍ക്ക് മനസിലായി. അടുത്ത ദിവസത്തെ ക്യാമ്പ്‌ഫയര്‍ നെ കുറിച്ചും തലേ ദിവസത്തെ കുട്ടയിലെ യാത്രയെക്കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യുന്ന ഞങ്ങളെ എല്ലാം പേര് വിളിച്ചു പറഞ്ഞാണ് വഴക്ക് പറയുന്നത്. എങ്കിലും, വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല.
  കൂട്ടത്തിലെ ഒരു ഗ്രൂപിന് ബെഡ്ഡില്‍ ഇരിക്കുന്ന ഫോട്ടോ വേണം.ഓക്കേ. ക്യാമറ എന്‍റെ കയ്യില്‍. ഒരു ഫോട്ടോ എടുത്തു. അപ്പോള്‍ ബെഡ്ഡില്‍ പിന്നെയും സ്ഥലം ബാക്കി. കുറെപേര് കൂടി എത്തി. അങ്ങനെ ആകെ പോയവരില്‍ മുക്കാല്‍ പങ്കും കട്ടിലിന്റെ മുകളില്‍ ആയി. എന്‍റെ കയ്യിലെ ക്യാമറയുടെ സ്ക്രീന്‍ നിറഞ്ഞു. അവസാനം അവിടെയും, ഇവിടെയും മാറിയിരുന്ന കുറെ ബുജികളെ കൂടി പിടിച്ചു വലിച്ചു കട്ടിലിനു മുകളില്‍ എത്തിച്ചു. ഫോട്ടോ ഫോക്കസ് ചെയ്യുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ശബ്ദം. പിന്നെ, കടന്തല്‍ കൂട്ടില്‍ കല്ല്‌ വീണത്‌ പോലെ ചിന്നി ചിതറി ഓടുന്ന ആള്‍ക്കാര്‍.
  സംഭവിച്ചത് മറ്റൊന്നും അല്ല. കട്ടില്‍ ഒടിഞ്ഞു പോയി. വെറുതെ ഓടിഞ്ഞതോന്നും അല്ല, പണ്ടു ഭൂമിശാസ്ത്രത്തില്‍ പഠിച്ച ' വന്‍കരാ വിസ്ഥാപന സിദ്ധാന്തം' പോലെ നടുവേ പിളര്‍ന്നു പോയി. എങ്ങനെ ഒടിയാതിരിക്കും??? " ക്ഷമയുടെ നെല്ലിപ്പലക" കൊണ്ടു ഉണ്ടാക്കിയതൊന്നും അല്ലല്ലോ. പിന്നെ കട്ടിലിന്‍റെ കാശ് കൂടി വാങ്ങിയിട്ടാണ് മാത്യു സാറിനെ ഫ്രണ്ട് വിട്ടത്.  
     അടുത്ത കോളേജ് യൂണിയന്‍ മീറ്റിംഗ്. സ്റ്റഡി ടൂര്‍ ന്‍റെ കണക്കു അവതരിപ്പിക്കുന്നതിനിടയില്‍ പലവക എന്ന് പറഞ്ഞിട്ട് മാത്യു സര്‍ ഞങ്ങള്‍ ലേഡി representatives നെ നോക്കി ചിരിച്ചു. ബാക്കിയുള്ളവര്‍ക്ക് ഒന്നും അറിയില്ല...... കാരണം അവര്‍ കുട്ടികളാണ്......

ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ

സ്ഥലം    : ഊട്ടി
സംഭവം : പി. ജി.സ്റ്റഡി (???) ടൂര്‍
 ഊട്ടി ലേകിന് ചുറ്റും കരങ്ങിയടിക്കാന്‍ ഒന്നര മണിക്കൂര്‍ സമയം തന്നിട്ട് teachers പോയി. പത്താം ക്ലാസ്സു മുതല്‍ " പറ്റിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി" എന്ന രീതിയിലാണ് ഈ ടൂര്‍ എന്ന പരിപാടിയുടെ ഒരു കിടപ്പ് തന്നെ. അതുകൊണ്ട് ഈവര്‍ക്കും ഉദഗമണ്ഡലം ചിര പരിചിതം. ഊട്ടിയിലെ "ഓരോ മണിയും അരിച്ചു പെറുക്കി" നടക്കുന്നതിനിടയില്‍, എല്ലാവര്ക്കും ഒരു ചായ മോഹം. തണുപ്പത്ത് ആര്‍ക്കാ തോന്നാത്തെ....? "ഫുടിക്കാന്‍ " വിളിച്ചാല്‍ മാത്രം ആരും ഒഴിയില്ലല്ലോ. കൂട്ടത്തില്‍ ഒരു ഗ്രൂപിനെ മാത്രം കാണുന്നില്ല. ബാക്കിയുള്ളവര്‍ (വിള കേട്ടാല്‍) പൊള്ളുന്ന കോഫിയുമായി കൂടി...
   ചായ കുടി കഴിഞ്ഞു, കപ്പ്‌ "യൂസ് മീ" ചേട്ടന് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ആണ് മുന്‍പേ കാണാതെ പോയ നാല് സുഹ്ര്‍ത്തുക്കള്‍ എത്തിച്ചേര്‍ന്നത്.
ഞങ്ങളെ തൊണ്ടി മുതലോടെ (കോഫി കപ്പ്‌ ) പിടികൂടി അവര്‍ വെല്ലു വിളിച്ചു.
"നീയൊക്കെ ഞങ്ങളെ വിളിക്കാതെ ഇവിടിരുന്നു ചായ കുടിച്ചു അല്ലെ, ഞങ്ങള്‍ ROYAL ആയിരുന്നു ചായ കുടിച്ചിട്ട് വരും. "
 ഭീഷ്മ പ്രതിജ്ഞ കഴിഞ്ഞു പോയ അവരുടെ പിന്നാലെ ഞങ്ങളും വിട്ടു. കാര്യം എന്താകും എന്ന് അറിയണമല്ലോ!!!! അത്യാവശ്യത്തിനു ഒരു ക്യാമറയും എടുത്തു.
  പറഞ്ഞത് വെറുതെ ആയിരുന്നില്ല. ഞങ്ങള്‍ നോക്കി നില്‍കെ റോഡ്‌ ക്രോസ് ചെയ്തു അപ്പുറത്തെ ഒരു ചില്ലിട്ട കടയിലേക്ക് വെച്ച് പിടിക്കുന്ന അവരെ കണ്ടു ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി. 'പുഷ്' എഴുതിയ ഒരു ഗ്ലാസ്‌ ഡോറും അതിന്‍റെ മുന്നില്‍ തൊപ്പി വച്ച സെക്യൂരിറ്റി ചേട്ടനും. അവിടെ എത്തിയിട്ട് തിരിഞ്ഞു ഞങ്ങളെ നോക്കിയാ അവരുടെ മുഖത്ത് ആ പഴയ NK  (പുച്ഛം, അതിന്‍റെ തനി എന്‍.എസ്.എസ്. ഭാഷ്യം).
NOW, CARD IS IN OUR TABLE.
കയറിപ്പോയത് വേറെ എങ്ങോട്ടും അല്ല. ഊട്ടിയിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കാണ്. " ഗംഭീരമായ ചായകുടിക്ക് ശേഷം നാല്‍വര്‍ സംഘം ബസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ സംശയം.........
 ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ കുടിച്ചാല്‍ കപ്പ്‌ കഴുകി കൊടുക്കണോ dearsssssssss.......

January 07, 2011

തീയില്‍ കുരുത്തത്.....

   സ്ഥലം ചന്ദ്രശേഖരന്‍ നായര്‍ സ്റെടിയം, തിരുവനന്തപുരം. ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ആയി ഒരാഴ്ച അവിടെയുണ്ടായിരുന്നു. സമ്മേളനം തീരുന്ന ദിവസം ഉച്ചക്ക് ശേഷം കാര്യവട്ടം യൂനിവേഴ്സിട്ടി കോളേജിലെ  കുറച്ചു കൂട്ടുകരോടോപ്പമാണ് എക്സിബിഷന്‍ കാണാന്‍ പോയത്. പവലിയനില്‍ കൂടി നടക്കുമ്പോള്‍ തന്നെ ഗ്രൗണ്ടില്‍ വച്ചിരിക്കുന്ന ചെടികള്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടു. തിരുവനന്തപുരത്ത് നിന്നും അടൂര് വരെ എതുന്നതിലും കൂടുതല്‍ സമയം വേണം അടൂര് നിന്നും എന്‍റെ സ്വന്തം തട്ടകമായ പള്ളിക്കല്‍ എത്താന്‍. എങ്കിലും, വിടര്‍ന്നു നില്‍ക്കുന്ന ചെമ്പനിനീര്‍ പൂക്കളെ പാടെ അവഗണിക്കാന്‍ തോന്നിയില്ല. എവിടെ പോയാലും ചെടികളും പുസ്തകങ്ങളും വാങ്ങുന്നത് ഒരു ശീലമായിപ്പോയി.
   പവലിയനിലെ കറക്കം കഴിഞ്ഞു ഞാനും, സുഹ്ര്‍ത്തുക്കള്‍ ആയ അനു , ടിന്‍സി ചേച്ചി,  ഷീന ചേച്ചി എന്നിവരുമായി ചെടി വാങ്ങാനായി ചെന്നു.കുട്ടനെ വിളിച്ചു പഴകുളത്ത്  വന്നു നില്‍കാം എന്ന് സമ്മതിപ്പിച്ചു. എനിക്കിഷ്ടപ്പെട്ട രണ്ടു നിറത്തിലെ റോസാ ചെടികള്‍ വാങ്ങി. അവരും കുറെ ചെടികള്‍ വാങ്ങി. അപ്പോഴേക്കും 'ഉടമസ്ഥന്‍ ചേട്ടന്‍' നല്ല ഫോമിലായി. ബംഗ്ലൂരില്‍ നിന്നും ചെടികളൊക്കെ കയ്യില്‍ വച്ചുകൊണ്ട് നടന്നാണ് വരുന്നത് എന്ന് വരെ പറഞ്ഞു. കാബേജിന്റെ തൈകള്‍ക്കിടയില്‍ നിന്നു ഒരു ചേച്ചിക്ക് കോളിഫ്ലവര്‍ വരെ എടുത്തു നല്‍കി. എന്നിട്ട് തൈ തിരിച്ചറിയുന്നതിനെ പറ്റി ഒരു ക്ലാസും എടുത്തു.
     അപ്പോഴാണ് ഒരേപോലെ അടുക്കി വച്ചിരിക്കുന്ന കുറെ കവറുകള്‍ ഞങ്ങള്‍ കണ്ടത്.
" ഇതിലെന്താ ചേട്ടാ, ഒന്നും നട്ടിട്ടില്ലേ?" ടിന്‍സി ചേച്ചിയുടെ സംശയം.
 ചേട്ടന്‍ ഒരു കവറില്‍ നില്‍ക്കുന്ന മുളക് തൈ കാണിച്ചു തന്നു.മുളക് കാണാനേ പറ്റില്ല. പ്ലാസ്റ്റിക്‌ കവറില്‍ വളര്‍ത്തുന്നത് ഭാഗ്യം. ഏതു തരo മുളകാണ് എന്നറിയാന്‍ ഒരു മാര്‍ഗവും ഇല്ല.എന്തായാലും വില അറിയാം എന്ന് കരുതി ചോദിച്ചു.
" ഒരു തൈക്ക് 10 രൂപ "
" ചേട്ടാ, 10 രൂപ നോട്ട് വീണാല്‍ ഇത് ചത്തു പോകുമല്ലോ?", ടിന്‍സി ചേച്ചിയും വിട്ടു കൊടുത്തില്ല.
ചേട്ടന്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി. എന്നിട്ട് വളരെ മയത്തില്‍," ഇപ്പോള്‍ നിങ്ങള്‍ക്ക് ഇതിന്‍റെ വില മനസിലാവില്ല, ഒരു കുട്ടിയും കുടുംബവും ഒക്കെ ആകുമ്പോള്‍ മനസിലാകും"
 അവിടുന്ന് തിരിച്ചു  ഹോസ്റെലിലേക്ക് വരാനായി യൂനിവേഴ്സിട്ടി  ബസില്‍ ഇരിക്കുമ്പോള്‍ ടിന്‍സി ചേച്ചിക്കൊരു സംശയം" അയാള് നമ്മളെ ഊതിയതാനോടീ?"
    എങ്ങനെയൊക്കെ ആയാലും രണ്ടു റോസാ ചെടികളും ഞാന്‍ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ചെടി കണ്ടു അച്ഛനും കുട്ടനും പരിഹാസം തുടങ്ങി. നാട്ടില്‍ എങ്ങും കിട്ടാത്ത പോലെ 'അങ്ങ് തിരുവനന്തപുരത്ത്' നിന്നും കൊണ്ടുവന്ന പൂച്ചെടി അവര്‍ക്ക് അത്ര പിടിച്ചില്ല. ചെടി നട്ടിട്ടു വെള്ളം ഒഴിക്കാനായി ബക്കറ്റ്‌ എടുക്കാന്‍ വന്നപ്പോള്‍ അത് നിറയെ വെള്ളം, കുറെ ഇലയും കിടപ്പുണ്ട്. നേരത്തെ പിടിച്ചു വച്ചതാണ് എന്ന് കരുതി. "ഓരോ തുള്ളിയും അമൂല്യമാണ്‌, പെട്രോള്‍ അല്ല വെള്ളം" കഷ്ടപ്പെട്ട് വെള്ളം നിറഞ്ഞ ബക്കറ്റ്‌ മുറ്റത്ത്‌ കൊണ്ടുവന്നു, എന്നിട്ട് ചെടിക്ക് വെള്ളം ഒഴിച്ചു....
   സംഭവം ചൂട് വെള്ളം ആയിരുന്നു. കുളിക്കാനായി വെപ്പിലയോക്കെ ഇട്ടു തിളപ്പിച്ചത്. സത്യം പറഞ്ഞാല്‍ അത്ര ചൂടൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പോയില്ലേ വില. ചെടിയിലെ പൂമൊട്ട് പരീക്ഷണങ്ങളെ അതിജീവിച്ചു വിരിഞ്ഞു. "തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല". പക്ഷെ, പൂവ് കാണുന്നവരെല്ലാം എന്നെ നോക്കി ചിരിക്കാന്‍ മാത്രം മറക്കില്ല. എന്തൊരു BBC നെറ്റ്‌വര്‍ക്ക്. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍റെ വക ഫ്രീ comment ..
" എന്തായാലും ഫോട്ടോ എടുത്തു വച്ചോ, അതിനി പൂക്കുന്ന മട്ടില്ല..."
.
തീയില്‍ കുരുത്തത്...





2011 ലെ ആദ്യ മഴ...


സോറി. ഇതിനൊന്നും മോഡല്‍ ആകാന്‍ എന്നെ കിട്ടില്ല...


ഒരു ചെമ്പനീര്‍....

സന്ധ്യയുടെ ഇരുള്‍ നിഴലില്‍...

December 26, 2010

JRF കഥകള്‍


സ്ഥിരം തട്ടകം.. കോട്ടന്‍ ഹില്‍ hss .

ഇതാണ് ശത്രുവിന്‍റെ അടയാളം
       പി. ജി. ക്ലാസ്സുകളുടെ ആദ്യകാലതെപ്പോഴോ മനസിലേക്ക് ചേക്കേറിയ, അല്ല തള്ളി കയറ്റിയ സ്വപ്നം ആയിരുന്നു നെറ്റ്. വിവരങ്ങള്‍ ശേഖരിച്ചു ഫയല്‍ ഉണ്ടാക്കി ചിട്ടയായി പഠിച്ചാല്‍ നെറ്റ് കിട്ടും എന്ന് പറഞ്ഞു നന്ദകുമാര്‍ സര്‍ ഞങ്ങളെ പ്രലോഭിപ്പിച്ചു. അടുത്ത ദിവസം തന്നെ സീനിയര്‍ ചേച്ചിമാര്‍ പറഞ്ഞു... അവരും ട്രൈ ചെയ്തതാണ്, നടക്കില്ല എന്ന്. MSc നാലാം സെമാസ്റെരിനു പഠിക്കുമ്പോള്‍ ഒന്ന് എഴുതിനോക്കി. അന്നേ അകത്തിരുന്നു ആരോ പറഞ്ഞു.."എടുക്കാന്‍ പറ്റുന്നത്തെ കൊതിക്കാവൂ" എന്ന്. പക്ഷെ, വിട്ടുകൊടുക്കാന്‍ മനസ് വന്നില്ല.അതുകൊണ്ട് മാത്രം, ഞങ്ങള്‍ കുറച്ചു പേര്‍ പതിവായി നെറ്റ് എക്സാം എഴുതിവരുന്നു.
       നെറ്റ് ഒരു പരീക്ഷയല്ല. ഞെട്ടണ്ട... സംഭവം ഒരു സംഗമം ആണ്. പ്രാസം ഒപ്പിക്കാന്‍ വെറുതെ പറഞ്ഞതല്ല. ആദ്യം  വരുന്നവര്‍ക്ക് ചേച്ചിമാരുടെയും, ചേട്ടന്മാരുടെയും ഉപദേശവും കൈതാങ്ങും  ഫ്രീ ആണ്. രണ്ടാമത് വരുന്നവര്‍ NET Writters ന്റെ കുടുംബത്തിലെ അംഗങ്ങള്‍ ആയിക്കഴിഞ്ഞു. പിന്നങ്ങോട്ട് seniors , രണ്ടു വര്‍ഷത്തെ എക്സ്പീരിയന്‍സ്(പരീക്ഷ എഴുതുന്നതില്‍...). തുടര്‍ച്ചയായ 12 ആം തവണ നെറ്റ് എഴുതുന്ന തിരുവനന്തപുരത്തെ സ്മിതചെച്ചിയാണ് ഇപ്പോഴത്തെ ഗുരുഭൂത.കക്ഷി പണ്ടു MSc കഴിഞ്ഞപ്പോള്‍ അവിവാഹിതയായി തുടങ്ങിയതാ.. ഇപ്പോള്‍ പിള്ളാര്‌ 2 ആയി. 20 വര്‍ഷം കഴിയുമ്പോള്‍ മോളുടെ കൂടെ വരാമല്ലോ എന്ന ആശ്വാസത്തിലാണ് ചേച്ചി. 8 തവണയില്‍ കൂടുതല്‍ എഴുതിയവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം എന്ന് വാദിക്കുന്ന കൃഷ്ണകുമാര്‍ ചേട്ടന്‍(9)ആണെന്ന് തോന്നുന്നു രണ്ടാമത്. അതില്‍ കൂടുതല്‍ എഴുതിയവരെ ആരെയും കണ്ടിട്ടില്ല.
       പണ്ടു ഒരു സെന്‍റെര്‍ മാത്രം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അതല്ല സ്ഥിതി. ഇപ്പോള്‍ ലൈഫ് സയന്‍സ് നു തന്നെ 3  സെന്റര്‍ ഉണ്ട്. (കാലം പോയ പോക്കെ...). ഇവിടെയാര്‍കും പരിഭവവും പരാതിയും കുശുമ്പും ഇല്ല. കഴിഞ്ഞ തവണ ഇനിയുംകാനാം എന്ന് പറഞ്ഞു പോയവരില്‍ ആരെങ്കിലും വന്നിട്ടില്ലെങ്കില്‍, അവന്‍/അവള്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്ന സ്നേഹ ബന്ദം. എഴുതാതെ മടിചിരിക്കുന്നവരെ നിര്‍ബന്ധിച്ചു കൊണ്ടുവരുന്ന ആത്മാര്‍ത്ഥത. സര്‍ദാര്‍ജി ചെയ്തത് പോലെ പേന CSIR നു അയച്ചുകൊടുക്കനോന്നും ആരും തയാറല്ല. നമ്മുടെ പ്രിയപ്പെട്ട പാര്‍ട്ടി ചെട്ടന്മാരും ചേച്ചിമാരും പറയുന്നതുപോലെ " മരണം വരെയും പോരാടാന്‍" ഇറങ്ങിയവര്‍ തന്നെ. (അവസാനം ചാവേര്‍ ആയാലോ ??)
        നെറ്റ് കിട്ടിയവര്‍ ആരും ഈ കൃഷി മതിയാക്കിയിട്ടില്ല. 28 വയസുവരെയും JRF (MRF പോലെ വീലല്ല.... Junior Research Fellowship) ആണ് ലക്‌ഷ്യം. എങ്ങനെ ആയാലും, വര്‍ഷത്തില്‍ രണ്ടു തവണ നെറ്റ് ന്റെ 9 .30 നു  ഫസ്റ്റ് ബെല്‍ അടിക്കുമ്പോള്‍ ക്ലാസ്സില്‍ ഉണ്ടാകും.
       ഇത്തവണയും എല്ലാരും ഉണ്ടായിരുന്നു. സ്മിത ചേച്ചിയും, കൃഷ്ണകുമാര്‍ ചേട്ടനും, ജയകുമാറും, അര്‍ച്ചനയും, ദിവിയും (അവര്‍ രണ്ടും എന്‍റെ കൂട്ടുകാരാനേ) അനീഷ്‌ അണ്ണനും(ജൂണിലെ 'french ' വളര്‍ന്നു സന്യാസിയായി), രൂപ ചേച്ചിയും, പിന്നെ കുട്ടി juniors ആയ ഇന്ദുവും, പ്രശോഭയും, ജയലക്ഷ്മിയും (ഞാന്‍ അല്ല, dupe) ഒക്കെ.അടുത്ത തവണ മുതല്‍ പരീക്ഷയുടെ structure മാറുന്നതിന്‍റെ ആവലാതികള്‍ പങ്കുവച്ചും, ഉച്ചയ്ക്ക് എല്ലാ ക്ലാസ്സിലും കറങ്ങിയടിച്ചും, പിന്നെ കഴിഞ്ഞ 6 മാസത്തെ വിശേഷങ്ങള്‍ പറഞ്ഞും...
     രാവിലെ 9 മണിക്ക് തന്നെ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ പിന്നെ എക്സാം സെന്റര്‍ കണ്ടുപിടിക്കാന്‍ ഒരു പാടും ഇല്ല. ഒരു ചെറിയ one day trip തന്നെയാണ് നെറ്റ്. ഓരോ തവണയും പുതിയ കൂട്ടുകാര്‍, കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍..  "ഇത് നമ്മുടെ subject തന്നെ അണ്ണാ...." എന്ന് തിരന്തോരം ഭാഷേല് ചോദിക്കുന്നവരും കുറവാകില്ല. ഈ വര്‍ഷം V R .S . എടുക്കാന്‍ അപ്ലിക്കേഷന്‍ കൊടുത്തപ്പോഴും ഇനി നിന്നെ കാണാന്‍ പറ്റില്ലല്ലോ എന്ന് പരാതി പറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരെ, ഇനി കാണാന്‍ കഴിയില്ലായിരിക്കാം, എങ്കിലും ആ നിസ്വാര്‍ഥമായ സ്നേഹം മനസിലുണ്ടാകും....

December 09, 2010

just read..

നമ്മുടെ ഇടയില്‍ ചില വ്യക്തികളെ (പ്രസ്ഥാനങ്ങള്‍ ) എളുപ്പം തിരിച്ചറിയാം.ഒരു തകര്‍പ്പന്‍  ഗ്രൂപ്പ്‌ കണ്ടാല്‍ അവരുടെ ഇഷ്ടങ്ങള്‍ ഒക്കെ മറന്നു വല്ല വിധേനെയും നുഴഞ്ഞു  കയറുന്ന പാകിസ്ഥാന്‍ തീവ്രവാദികള്‍.
   വര്‍ഷങ്ങളായി അനേകായിരം പേരുടെ Degree വേണ്ടി ജീവിതം ഹോമിച്ച(ആലന്കാരികം അല്ല, ഒരു സത്യം) തവളയും പുല്‍ച്ചാടികളും പാറ്റയും ഒക്കെ ആത്മാക്കളായി അലഞ്ഞു തിരിയുന്ന പി ജി ക്ലാസ്സിന്റെ ചുമരുകള്‍ക്കുള്ളില്‍ നിന്നും പുറത്തെ വിശാലമായ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന ചുരുക്കം ചില സമയങ്ങളില്‍ ഒന്നില്‍.....
       പുതിയ principal നു ഒരു കാര്‍ ഉണ്ട്. രാവിലെ വന്നാല്‍ ഉടന്‍ ഗുഹയില്‍ ഇട്ടു പൂട്ടുന്ന ഒരു കാര്‍. വളരെ നേരത്തെ  (ഏകദേശം 10 .10 നു ) തന്നെ കോളേജില്‍ എത്തുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ആ കാര്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. (താങ്ങാന്‍ ആവാത്ത നഷ്ടം).
      ഒരിക്കല്‍ ക്ലാസ്സില്‍ നിന്നു പുറത്തു ഇറങ്ങിയപ്പോള്‍....
college  നു മുന്നിലെ ചെമ്പക ചോട്ടില്‍ ഞങ്ങള്‍, എന്ന് പറഞ്ഞാല്‍ AKKA(all kerala koothara Association) members park ചെയ്തിരിക്കുന്ന സമയം. S. N. bakers ലേക്കുള്ള  pocket money പിരിക്കുന്ന തിരക്കില്‍ .  PRINCI യുടെ വണ്ടി  pocket തുറന്നു പുറത്തിറങ്ങി. കണ്‍ നിറയെ പാക്കലാം എന്ന് കരുതി (വണ്ടിയും, most modern teacher ഉം ) ഉറ്റു നോക്കി നില്‍കുമ്പോള്‍ ഞങ്ങളുടെ ഇടയില്‍ നിന്നൊരു ശബ്ദം
"teacher ന്റെ കാര്‍ പുതിയതാ...... hundai അയ്യയ്യോ ........"

 
എല്ലാ വണ്ടിയുടെയും പേര് ബോനെറ്റിലും ബാക്കിലും  നോക്കി വിളിച്ചു കൂവുന്ന പാവം പ്രതി , ചിരിച്ചു ചിരിച്ചു മരിക്കുന്ന ഞങ്ങളെ നോക്കി നോക്കി നിന്നു......


 




Special note : എന്റെ ആ സുഹൃത്തിന് വേണ്ടി ALTO യും  ഒരു മോഡല്‍ ഇറക്കി......കിയോ

November 23, 2010

JANSE STORIES

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പത്തു കഴിഞ്ഞാല്‍ pandalam NSS കോളേജ് എന്ന സ്വപ്നവും താലോലിച്ചു നടന്ന എന്റെ മുന്നില്‍ ഇടിതീയായി വീണ PLUS.വീണ്ടും സ്കൂളിലേക്ക്.ഇന്ത്യയുടെ rocket പോലെ percentage താഴോട്ട് പോകുന്നതിനിടയില്‍ ... എങ്ങനെ ഒക്കെയോ PLus two certificate വാങ്ങി വീണ്ടും സ്വപ്ന ലോകത്തിന്റെ പടി ചവിട്ടാന്‍ മോഹിച്ചപ്പോഴാണ് highcommand ന്റെ നെടുങ്കന്‍ ഡയലോഗുകള്‍. അങ്ങനെ എന്റെ സ്വപ്ന ഭൂമി ആയ NSS ഇല്‍ ഒരു application പോലും കൊടുക്കാതെ  alapuzha  ജില്ലയിലെ ഇത്തിരി അഹങ്കാരം കൂടിയ ladies ഒണ്‍ലി (പൊന്നാപുരം കോട്ട ) യില്‍ കേറി പറ്റി.
 ചെന്നപ്പോള്‍ തന്നെ തരത്തിനുള്ള 5 സഹമുറിയകളും പിന്നെ അപ്പുറത്തെ മുറിയില്‍ നിന്നും ചേക്കേറിയ ഒരു BCOM കൂടി ആയപ്പോള്‍ ഒരു  GANG റെഡി ആയി, JJAANSE (JANSE) .
 അന്ന് മുതല്‍ HOSTEL, COLLEGE എന്നിങ്ങനെ നടന്നും , ഒരേ ജാതി കുപ്പായം ഇട്ട ദൈവത്തിന്റെ  മാലാഖമാരെ കണ്ടും ബോറടിച്ചു ഇരിക്കുമ്പോള്‍ ആണ് ഉച്ചക്ക് FRIED RICE (പാതി വെന്ത ചോറ് ) കഴിക്കുമ്പോള്‍ ഞങ്ങള്‍ 7 കുഞ്ഞാടുകളില്‍ ഒരാളിന്റെ തല പ്രവര്‍ത്തിച്ചത്. PERMISSION ഇല്ലാതെ കോട്ട കടക്കുക.  DAY SCHOLARS ന്റെ കൂടെ. വേറെ ഒന്നിനും അല്ല നേരെ മുന്നിലെ  JACKSON'S BEKARY  യില്‍ നിന്നൊരു പാര്‍സല്‍ . കടലിലേക്ക്‌ ഇറക്കി വിട്ടാല്‍ ബൈ ബൈ പറഞ്ഞു പോകുന്ന "മീന്‍"കറിക്ക് ഒരു BREAK. AN IDEA CAN CHANGE UR LIFE.
വൈകുംനേരം 3 .50 . പല DePt ന്റെ സന്തതികളായ ഞങ്ങള്‍ ഒരു ഗ്രൂപ്പില്‍ കൂടി ഗേറ്റ് കടന്നു. ഹോ........ എന്തൊരു ആശ്വാസം. BEKARY മുഴുവന്‍ വാങ്ങി , റോഡ്‌ മുറിച്ചു കടക്കാന്‍  കോടാലിയുമായി  നില്‍കുമ്പോള്‍ ആണ് അത് സംഭവിച്ചത്. 
കറുത്ത കാറില്‍ കറുത്ത കണ്ണടയും വച്ച് നമ്മുടെ കഥാനായകന്‍.
കൂട്ടത്തിലെ വലിയ വിശറി (FAN) റോഡിലേക്ക് ചാടി വീണു. STTTTOOOOOOOOOPPPPP !!!!!!!!
 പുള്ളി വണ്ടി നിര്‍ത്തി. ഈ ഞാനും വേറൊരു മദാമ്മയും ( MADAM എന്ന് അവളുടെ ഭാഷയില്‍)ഒഴികെ എല്ലാരും തുറന്നിട്ട ഡോര്‍ നു മുന്നില്‍.(നമുക്കെന്തോ പണ്ടേ ഇവറ്റകളെ അലര്‍ജിയാ, അസൂയകൊണ്ടാകും ). 
അങ്ങനെ AUTOGRAPH ഉമായി ആരും അറിയാതെ ഹോസ്റ്റലില്‍ തിരിച്ചെത്തി.



 തെറ്റി ധരിക്കല്ലേ, ഇനിയാണ് ക്ലൈമാക്സ്‌.  
   കുഞ്ചാക്കോ ബോബനെ കണ്ട കാര്യം പറയാതിരിക്കാന്‍ EXCITATION കാരണം  JANSE റാണി മാര്‍ക്ക് പറ്റിയില്ല. ഫലം, ആരും അറിയാതെ പുറത്തു കടന്നത്‌ അങ്ങാടി പാട്ടായി. അങ്ങനെ ഹോസ്റ്റലില്‍ വന്നു നാലാം ദിവസം തന്നെ "കുഞ്ഞാനമ്മ" (കുഞ്ഞാന+ അമ്മ ) യുടെ K . D .ലിസ്റ്റില്‍ ആളായി...