May 11, 2011

ബൈസിക്കിള്‍ തീവ്സ്

        മേക്കുന്ന് മുകള്‍ ജംഗ്ഷന്‍ എന്ന് പറഞ്ഞാല്‍ പള്ളിക്കല്‍ പ്രദേശത്തുകാര്‍ക്ക്  ശരിക്കും ടൌണ്‍ തന്നെ. ആനയടി പഴകുളം സ്റ്റേറ്റ് ഹൈവേയും ഭരണിക്കാവില്‍ നിന്നും കണ്ട മലയും പുഴയുമൊക്കെ താണ്ടി പാടത്തിനു നടുക്കൂടെ വരുന്ന, മഴ പെയ്താല്‍ വെള്ളം കയറുന്ന ലോവേയും തമ്മില്‍ കൂട്ടി മുട്ടുന്ന സ്ഥലം. അതുകൊണ്ട് തന്നെ കള്ളപ്പന്‍ ചിറ (തലസ്ഥാന നഗരി) കഴിഞ്ഞാല്‍പള്ളിക്കലിന്റെ വാണിജ്യ കേന്ദ്രമാണ് മേക്കുന്ന് മുകള്‍. കുറച്ചു തെക്ക് മാറി സ്ഥിതിചെയ്യുന്ന കള്ളുഷാപ്പ് മൂലം സാംസ്കാരിക തലസ്ഥാനമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വികസ്വര നഗരം, ഒപ്പം 'ഷാപ്പ്‌ മുക്ക്' എന്ന അപര നാമധേയവും.  ഇനി പറയാന്‍  പോകുന്ന സംഭവം നടന്നത് ഈ തന്ത്രപ്രധാന മേഖലയില്‍ ആണ്.
മേക്കുന്നുമുകള്‍ Jn .

      വേനല്‍ കഴിഞ്ഞുള്ള മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം നിവാസികള്‍. എന്തുകൊണ്ടെന്നാല്‍,മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ കയ്യില്‍ കാശ് വന്നു നിറയുകയല്ലേ, റബ്ബര്‍ ഷീറ്റിന്റെ രൂപത്തില്‍. മഴ തുടങ്ങിയപോള്‍ തന്നെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍. അങ്ങേ തലക്കല്‍ ടാപ്പിംഗ് സുഹൃത്ത് ശ്രീ. വിജയന്‍.

"സാറേ, ഞാന്‍ വെള്ളിയാഴ്ച 6.30 നു വരും, മരം വെട്ടാന്‍."


"അതെന്താടാ 6.30 ?"
എന്നും 8.30 നു പോലും നട്ടുച്ച വരെ വെട്ടി തകര്‍ക്കുന്ന ആളിന് എന്തുപറ്റി എന്നൊരു സംശയം.


" നമ്മുടെ ചന്ദ്രന്‍ ജ്യോത്സ്യന്‍ ഇല്ലിയോ? അദ്ദേഹം കുറിച്ച് തന്ന സമയമാണ്. കഴിഞ്ഞ വര്‍ഷം രാഹുകാലത്ത് വെട്ടു തുടങ്ങി  ആകെ പ്രശ്നം ആയില്ലേ. അതുകൊണ്ട് ഇത്തവണ ഞാന്‍ ഒന്ന് നോക്കിച്ചു."


അച്ഛന്‍ ഒന്ന് ഞെട്ടി, കഥ അറിഞ്ഞപ്പോള്‍ ഞങ്ങളും. വെട്ടു തുടങ്ങാന്‍ പോലും ജ്യോതിഷം.
കഴിഞ്ഞ വര്‍ഷം ഷെയ്ട്‌ ഇട്ടിട്ടു മുങ്ങിയ കക്ഷിയാ... ഇപ്പോഴല്ലേ അറിഞ്ഞത് രാഹുവാണ്കളിച്ചത് എന്ന്. അന്നേ പറഞ്ഞിരുന്നെങ്കില്‍ ആ രാഹൂനെ...
വിളിച്ചതിന്റെ കാര്യം ഒന്നൂടെ ഉണ്ട്. ഷീറ്റ് അടിക്കാന്‍ കൊണ്ടുപോകുന്ന സൈക്കിള്‍ ശരിയാക്കണം...
ശരിയാക്കാം...
     അച്ഛന്‍ സൈക്കിളുമായി മേക്കുന്ന് മുകളിലെ ഡോ. ഗംഗാധരന്‍ മാമന്റെ കടയിലേക്ക് വച്ച് പിടിച്ചു. ന്നി സൈക്കിള്‍ ഇല്ലഞ്ഞിട്ടു വെട്ടു മുടങ്ങണ്ടാ. അദ്ദേഹം എണീല്‍ അമ്പലത്തിലെ (തൊട്ടടുത്ത പട്ടണത്തിന്റെ തലയുടെ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിന്റെ വിളിപ്പേര്. ഹൃദയത്തില്‍ നിന്നും തലയിലേക്കുള്ള കയറ്റം അപാരം തന്നെ ന്‍റെ ശിവനെ..) ഉത്സവത്തിന്റെ ബാക്കി പത്രമായി അങ്ങനെ കിടക്കുകയാണ്.


" സാര്‍ ആ സൈക്കിള്‍ മുറ്റത്ത്‌ വച്ചിരുന്നാല്‍ മതി. ഇന്ന് വയ്യ, നാളത്തേക്ക് ശരിയാക്കാം."


" അകത്തു എടുത്തു വയ്ക്കണോ?"


"വേണ്ടാ, ഞാന്‍ എടുത്തോളാം."


"എങ്കില്‍ ശരി."
   അങ്ങനെ റോഡരുകില്‍ സൈക്കിള്‍ വച്ചിട്ട് അച്ഛന്‍ തിരിച്ചു പോന്നു.
ടിയാന്റെ കടയ്ക്കു പിന്നിലുള്ള കുറച്ചു സ്ഥലം നമ്മുടെ വകയാണ്. അടുത്ത ദിവസം രാവിലെ തേങ്ങ വെട്ടിക്കാന്‍ ചെന്ന അച്ഛനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത.


'സൈക്കിള്‍ മോഷണം പോയി.'
സംഭവം ഇങ്ങനെ....
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഗംഗാധരന്‍ മാമന്‍ സൈക്കിളിന്റെ കാര്യം മാത്രം മറന്നുപോയി. ഉത്സവം കഴിഞ്ഞു മടങ്ങിയ ഒരു ആന ടീം (one ആന  + two പപ്പാന്‍സ്) രാത്രിയില്‍ എപ്പോഴോ വന്നു വിളിച്ചുണര്‍ത്തി തെങ്ങമത്തെക്കുള്ള വഴി ചോദിച്ചു. വഴിയൊക്കെ പറഞ്ഞു കൊടുത്തിട്ട് വീട്ടിലേക്കു കയറുമ്പോഴാണ് സൈക്കിളിന്റെ കാര്യം ഓര്‍ത്തത്‌.വന്നു നോക്കുമ്പോള്‍ സൈക്കിളിരുന്ന സ്ഥലം ശൂന്യം. കണ്ണെത്തുന്ന ദൂരം മുഴുവന്‍ നോക്കി, കണ്ടില്ല.
പക്ഷെ ദൂരെ ഒരു അത്ഭുത കാഴ്ച.
ആനപ്പുറത്തിരുന്ന ഒരു പാപ്പാന്‍‌ നടന്നു പോകുന്നു, കൂടെ ഒരു സൈക്കിളും. പാപ്പനെന്തിനാ സൈക്കിള്‍.!!!
ഇനി ആനയെങ്ങാനും പഞ്ചറായോ??
സംഗതി വ്യക്തം..
കയ്യില്‍ കിട്ടിയ കല്ലെടുത്ത് ഒന്ന് കൊടുക്കാം എന്ന് കരുതി, പക്ഷെ പാപ്പാന് പകരം ഏറു ആനയ്ക്ക് കൊണ്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്‍ത്തു. അവസാനം ആനയ്ക്ക് മനസിലാകാത്ത ഭാഷയില്‍ ആയി ഏറു. ഏറു കൊണ്ട പപ്പന്‍ സൈക്കിളുപെക്ഷിച്ചു യാത്രയായി...
" എന്നിട്ട് സൈക്കിള്‍ എവിടെ?"
"ഞാന്‍ അതെടുത്ത് മുറിയില്‍ വച്ച് പൂട്ടി. അല്ലെങ്കില്‍ ഉറക്കം പോകും."
തിരിച്ചു വരുമ്പോള്‍ വഴിയില്‍ കണ്ടവരെല്ലാം സൈക്കിളിന്റെ സുഖ വിവരം അന്വേഷിച്ചു എന്നും, അത് പേടിച്ചു വീട്ടില്‍ ഇരുന്ന അച്ഛനെ തെക്കേലെ രവി മാമന്‍ ഫോണ്‍ ചെയ്ത് കളിയാക്കി എന്നും ഉള്ള വാര്‍ത്തകള്‍ വെറും വെറുതെ...
   എന്തായാലും " വിജയന്‍ സമയം നോക്കിച്ചത് നന്നായീ" ന്നാ അമ്മയുടെ അഭിപ്രായം.അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അവസ്ഥ...ഹോ ചിന്തിക്കാന്‍ കൂടി വയ്യേ..
"കണ്ണില്‍ കൊള്ളേണ്ട ആപത്ത് അല്ലെ  പുരികത്തു കൊണ്ട് പോയത്....!!!!!!!!" 

NB: വെള്ളിയാഴ്ച വരാമെന്ന് പറഞ്ഞ വ്യക്തി പക്ഷെ, ഇതുവരെയായിട്ടും എത്തിച്ചേര്‍ന്നില്ല. കുറിച്ച് കൊടുത്ത സമയം ആദ്യം തന്നെ തെറ്റിയതിനാല്‍ പുതിയ ഒരു സമയം കുറിച്ച് എത്രയും പെട്ടെന്ന് ഹാജരാകും എന്നെ മേഘദൂത് മാത്രം എത്തുന്നുണ്ട്. അത് ജനുവരി മാസം വരെ നീളല്ലേ  എന്ന പ്രാര്‍ഥനയോടെ ഞങ്ങളും...

6 comments:

സീത* said...

ശ്ശോ ന്നാലും പാപ്പാന്മാരുടെ ഒരു കാര്യവേ...രാഹു അവിടേം കളിച്ചോ ആവോ

Rajnath said...

EANNU MUTHALANE MEAKKUNNU MUKAL JN. ETHRA VALIYA VANIGA KANDRAM AYATHE?PINNE AA KALLE SHOPE UNDAYATHUKONDE KURE ALKAR ARIYUM ATHALLA SATHAYAM.PINNE PANDULLA ALKAR PARAYUNNATHE KATTITTUNDE ''PALLICKAL POKANAM EAKIL PAKALA'' POKANAM EANNE.
EGANE ULLA NALLA STORY UNDAYATHUKONDAYIKAM AGANE PARAYUNNATHE alla.

manu said...

പള്ളിക്കല്‍ കഥകള്‍ കേട്ടിട്ട് കുറെ നാളായി.
മോശമായില്ല, പക്ഷെ നിന്റെതായില്ല.

Kattil Abdul Nissar said...

ബൈസിക്കിള്‍ തീവ്സ് കണ്ടിട്ടുണ്ടോ ....?

Villagemaan/വില്ലേജ്മാന്‍ said...

വളരെ സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു...നാടും നാട്ടിന്‍പുറവും അവിടുത്തെ മനുഷ്യരും ഒക്കെ എന്നും ഒരു നല്ല ഓര്‍മ്മയായി നില്‍ക്കുന്ന ഒരു പ്രവാസി ആയതുകൊണ്ടായിരിക്കും എനിക്കും ഇത് ഇഷ്ട്ടമായത്.

അനുമോദനങ്ങള്‍..

ജയലക്ഷ്മി said...

@സീത ചേച്ചീ, കമന്റ് വായിച്ചപ്പോള്‍ എനിക്കും ചിരി വാന്നു. ട്ടോ. നന്ദി.
@രാജ്നാഥ് ചേട്ടാ, മൂക്കില്ലാ രാജ്യത്തു മുറി മൂക്കന്‍ രാജാവ്. മേക്കുന്ന് മുകളും ഒരു ടൌണ്‍ ആകും.
അതെ അത് കൊണ്ടായിരിക്കും പള്ളിക്കല്‍ പോണേല്‍ പകലെ പോണം എന്ന് പറയുന്നത്. അതോ പയ്യനല്ലൂര്‍ വഴി വരേണ്ടത് കൊണ്ടോ?
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
@മനു, നീ നാട്ടില്‍ വന്നിട്ടും വീട്ടില്‍ വന്നിട്ടും കുറെ നാളായി. അതാണ്‌ പള്ളിക്കല്‍ കഥകള്‍ കേള്‍ക്കാത്തത്. അല്ലാതെ പള്ളിക്കല്‍ നിശബ്ദം ആയതല്ല.
@നിസ്സാര്‍ സര്‍, കണ്ടിട്ടില്ല. ഞാന്‍ ഇംഗ്ലീഷ് ഫിലിം അങ്ങനെ കാണാറില്ല.കഥ ഒരിക്കല്‍ വായിച്ചതാണ്, ഒരു മാഗസിനില്‍.
@ വില്ലേജ് മാന്‍, പേരില്‍ തന്നെയുണ്ട്‌ നാടിനോടുള്ള സ്നേഹം. എനിക്കും അങ്ങനെ തന്നെ. എന്‍റെ നാട് വളരെയേറെ ഇഷ്ടം ആണ്.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വായിച്ചു പോയവര്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം
ലക്ഷ്മി.