May 17, 2011

ആദ്യവര്‍ഷം.

ഈ പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ എന്നെ വീണ്ടും കൊതിപ്പിക്കുകയാണ്...
ഈറനണിഞ്ഞു നില്‍ക്കുന്ന സായന്തനങ്ങളില്‍ എപ്പോഴോ എന്‍റെ കാതിലേക്ക്  ഒഴുകിയെത്തിയ നിന്‍റെ സ്വരത്തിനായി..
കേട്ട വാക്കുകള്‍ക്കപ്പുറം കേള്‍ക്കാതെ തന്നെ മനസിനെ പൊതിഞ്ഞ സ്നേഹത്തിന്റെ തണുപ്പിനു വേണ്ടി..
ഒരു വാക്ക് പോലും പറയാതെ നിശബ്ദമായി, നിന്‍റെ നിശ്വാസം മാത്രം കേട്ടിരുന്ന മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്ക് വേണ്ടി..
അറിയാം..
കാലത്തിന്റെ കാറ്റടിച്ച് അകന്നുപോകുന്ന മേഘങ്ങള്‍ ആണ് നീയും ഞാനും..
നീയകന്നു പോവുകയാണ്, വീണ്ടും..
പക്ഷെ, നീയില്ലാതെ എന്‍റെ കാലുകള്‍ ചലിക്കുന്നില്ല...
വര്‍ഷകാലത്തിന്റെ കുളിര്‍ കാറ്റില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങുകയോ??
തിടുക്കത്തില്‍ പെയ്യുന്ന മഴതുള്ളികള്‍ക്കൊപ്പം ഞാനും ഭൂമിയുടെ മടിത്തട്ടിലേക്ക്...
അകന്നു പോകുന്ന വേനല്‍ ഉപേക്ഷിച്ചു പോയ ഊഷരതയിലേക്ക്.....
അവസാനം അഗ്നിയുടെ ചൂടില്‍ തിളച്ചു അദൃശ്യമായ ഒരു മടക്കയാത്രയ്ക്ക് വേണ്ടി..
ഈ യാത്രയിലെങ്കിലും നിന്‍റെ നെറുകയില്‍ ഒന്ന് വീഴാന്‍ കഴിഞ്ഞെങ്കില്‍..
ഒരു നിമിഷം നീയീ മഴത്തുള്ളിയെ സ്വന്തമെന്നു പറഞ്ഞെങ്കില്‍.....
മെല്ലെ തൊട്ടെടുക്കുന്ന നിന്‍റെ കൈകളില്‍ ഇരുന്ന്, കാര്‍മേഘങ്ങളുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തില്‍ ഞാന്‍ അപ്പോള്‍ തിളങ്ങുകയാകാം.....
അത് നിന്‍റെ കൈ കുമ്പിളില്‍  ഞാന്‍ കണ്ടെത്തിയ  എന്‍റെ മാത്രം സ്വര്‍ഗം...


14 comments:

Sreehari.v said...

കൊതിപ്പിക്കല്ലെ... ഈ മലരാണ്യത്തില്‍ ജീവിക്കുമ്പൊള്‍ ഒരു മഴക്കാലം കൂടാന്‍ ഒരു പാട് ആഗ്രഹം ഉള്ള ഒരു മനസ്സാണ് എന്റെത്.. മഴയെ കുറിച്ച് കേള്‍ക്കുമ്പൊള്‍ മനസ്സ് മൊത്തം നാട്ടില്‍ ആയി പൊകുന്നു..... ഇങെനെയുള്ള ഒര്‍മ്മകള്‍ തന്ന എന്റെ സ്വന്തം അനുജത്തി കുട്ടിക്ക് ഒരായിരം നന്ദി രെഖപ്പെടുത്തുന്നു,,,,

mayflowers said...

ഈ ചൂടില്‍ മഴ എന്ന പേര് പോലും സുഖപ്രദമാണ്..
കേട്ടോ മോളെ..മഴ നനഞ്ഞ ഒരു പ്രതീതി അനുഭവപ്പെട്ടു..

lisna said...

ഇന്നലത്തെ മഴ...
അത് ഞാനും നനഞ്ഞു...
മഴക്കാര് കണ്ടപ്പോള്‍ എന്റെ സങ്കടങ്ങള്‍ കണ്ണുനീരായി...
എന്റെ സങ്കടങ്ങള്‍ ആ മഴയില്‍ അലിഞ്ഞു..

Lipi Ranju said...

ഹായ്... ഇവിടെ ഇപ്പൊ നല്ല മഴയാ ...
ഇതിഷ്ടായിട്ടോ...

സീത* said...

മനസ്സിനെ കുളിരണിയിച്ചൊരു മഴ പെയ്തു തോർന്ന പ്രതീതി

manu said...

മഴ വീണ്ടും പെയ്യുന്നു....മുറ്റത്തും മനസിലും..
ജേ..നിനക്ക് മാറ്റമില്ല....മാറുന്നുമില്ല...
നന്നായിരിക്കുന്നു...എല്ലാ അര്‍ത്ഥത്തിലും.

Kattil Abdul Nissar said...

ഈ കവിത എത്ര തവണ വായിച്ചു എന്ന് എനിക്ക്
തന്നെ നിശ്ചയമില്ല.ഓരോ വായനയിലും ഞാന്‍ അനുഭൂതിയുടെ ലോകത്ത് പറക്കുകയാണ്.എന്നും ജയ
ഉയരങ്ങളില്‍ ആണ് വിരാജിക്കുന്നത്.ഇവിടെ കോറിയിട്ട ചില ബിംബങ്ങള്‍ എന്നെ വല്ലാത്തൊരു നോസ്ടാല്ജിയ പൊതിയുന്നു.ഈറനണിഞ്ഞ സായന്തനങ്ങള്‍ , കേട്ട വാക്കുകള്‍ .........തണുപ്പിന് വേണ്ടി,ഇതൊക്കെ മനോഹരമായ ഭാവനയാണ്. ഞാന്‍ ഏറെ ഇഷ്ട പ്പെടുന്നത്,വേനലുപെക്ഷിച്ചു പോയ ഊഷരത എന്ന കല്പ്പനയുണ്ടല്ലോ അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. വേനല്‍ എന്ന ഒരു
യാധാര്ത്യത്തിനുള്ളില്‍ മറ്റൊരു മിത്ത് സൃഷ്ടിച്ചിരിക്കുന്നു .വളരെ സന്തോഷം .

Rajnath said...

മഴ തുള്ളികള്‍ എന്നും ഒരു നേര്‍ത്ത
നൊമ്പരം ആയോ നേര്‍ത്ത ചിരിയുടെ
ആര്‍ദ്രത ആയോ തോന്നിയോ.
ഒരായിരം നിറങ്ങള്‍ ആണ്
മഴത്തുള്ളിയില്‍ മനസ് പോലെ ഒരായിരം നൊമ്പരങ്ങളും
സന്തോഷങ്ങളുംയുള്ള ഒരു നല്ല ഓര്മ ആവട്ടെ ഈ മഴയും മഴ തുള്ളിയും

MM1318 said...

ജീവിത യാത്രയുടെ അവസാനത്തില്‍ ആണോ ശരിക്കും മഴത്തുള്ളിയാല്‍ ആശ്വസിക്കാനും, മനം തുടിക്കാനും ആഗ്രഹിക്കുന്നത്?കൊള്ളാം, അവസാന യാത്രയും ദുരിതം പേരണം എന്നാണോ?

ജയലക്ഷ്മി said...

@ഹരി ചേട്ടാ, മഴ എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. എപ്പോഴും മഴയെപറ്റി പറയുന്നത് എന്‍റെ ശീലവും. എന്തിനും ഏതിനും മഴയാകും ഉദാഹരണം.
നാട്ടില്‍ നിന്നും അകലെ , നാട് മാത്രം ചിന്തിച്ചിരിക്കുന്ന ഹരി ചേട്ടനെ പോലുള്ളവര്‍ക്ക് ഇതൊരു വേദനയായെങ്കില്‍, മാപ്പ്.
@മെയ്‌ ഫ്ലവര്‍ , മഴ എന്ന പേരിനുമുണ്ട് ഒരു മഴയുടെ തണുപ്പ്, അല്ലേ.
നന്ദി ട്ടോ.
@ലിസ്ന , എഴുതിക്കൂടെ ഇതങ്ങു പൂര്‍ണമായി. സുഹൃത്തില്‍ ഇടുമെന്ന് കരുതുന്നു. വായിച്ചതിനു നന്ദി, കൂട്ടുകാരീ.
@ലിപി ചേച്ചീ, ഇവിടെ മഴ വന്നു പറ്റിച്ചിട്ട് പോയി.
പിന്നേം വെയില്‍
@നന്ദി സീതെച്ചീ. ആ വിളിക്കൊരു സുഖമുണ്ട്. ഇഷ്ടായില്ലേല്‍ പറയണേ.
@മനു, ഞാന്‍ എങ്ങനെ മാറാന്‍?? ഞാന്‍ എന്നും ആ പഴയ ഞാന്‍ തന്നെയല്ലേ.

ജയലക്ഷ്മി said...

@ നിസ്സാര്‍ സര്‍, സര്‍ ന്‍റെ അഭിപ്രായം അറിയാന്‍ ഞാന്‍ എപ്പോഴും നോക്കാറുണ്ട്. അത് മിക്കവാറും വ്യത്യസ്തം ആയിരിക്കുമെന്ന വിശ്വാസം ആയിരിക്കാം കാരണം. മനസുകൊണ്ട് വായിക്കുന്നവരുടെ ഇടയില്‍ ഒരു വ്യത്യസ്തത. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
അഭിപ്രായത്തിനു നന്ദി.
@രാജ്നാഥ് ചേട്ടാ, മഴയുടെ ഓര്‍മകളും നല്ലതായിരിക്കട്ടെ....മഴ പോലെ.
വായിച്ചതിനു നന്ദി.
@മെധുല്‍ മന്മഥന്‍, മഴയൊരു ദുരിതം ആണോ? അവസാന യാത്രയല്ലേ മനോഹരമാവേണ്ടത്? ആദ്യത്തെ യാത്രയ്ക്ക് ശേഷം വീണ്ടും ആ വഴി പോകാം. പക്ഷെ അവസാനത്തെ യാത്രയ്ക്ക് ശേഷം പിന്നോന്നില്ല, കുറവുകള്‍ നികത്താന്‍.
നന്ദി. മെധുല്‍ ന്‍റെ ബ്ലോഗ്‌ കണ്ടിരുന്നു.
വായിച്ചവര്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം
ലക്ഷ്മി.

lrk said...

ഈ മഴ എന്നെയും കൊതിപ്പിക്കുന്നു ...ഇന്ന് വരെ കിട്ടിയിട്ടില്ലാത്ത എന്തിനോക്കയോ വേണ്ടി ...

ജയലക്ഷ്മി said...

@ലിനു, മഴ നനയുന്നത് കൊള്ളാം. പനി പിടിപ്പിക്കരുത്. ;-)

ലിനു ആര്‍ കെ said...

പനി പിടിച്ചാലും മഴ നനയാതെ ഇരിക്കരുത് .....