August 19, 2011

എനിക്കെന്തു പറയാന്‍?

ഏകാന്തതയ്ക്ക് എന്നും കറുപ്പ് നിറമായിരുന്നു ...
      രാത്രിയുടെ കട്ടപിടിച്ച ഇരുട്ടില്‍ എവിടെയോ അലഞ്ഞു തിരിയുമ്പോള്‍ തോന്നി ജീവിതം ആരൊക്കെയോ വലിച്ചു കെട്ടിയ കമ്പിവലകള്‍ക്കുള്ളില്‍ ആണെന്ന്. മരണം വെറും പ്രതീക്ഷയെന്നും.
   ഇടയ്ക്കെപ്പോഴോ ഇരവിന്റെ ഇരുട്ടില്‍ നിന്നും മരണത്തിലേക്ക് നടന്നു കയറാന്‍ കൊതിച്ചുപോയി. തിരിഞ്ഞു നടക്കാന്‍ മോഹമില്ലഞ്ഞിട്ടല്ല, ഒരു വാക്കിന്റെ  വേദന പോലും താങ്ങാനാവാതെ എങ്ങനെ ഒരു ജന്മത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങും?? ലോകം പരിഹസിച്ചേക്കാം, ഭീരുവെന്നോ അര്‍ത്ഥശൂന്യ എന്നോ ചിലപ്പോള്‍ അതിലും നിഷ്ടൂരമായി തന്നെ. പക്ഷെ, ലോകത്തിനു വേണ്ടി ജീവിക്കാന്‍ ആവില്ലല്ലോ!!
കാലത്തിന്റെ രഥചക്രങ്ങള്‍ക്ക് തിരിച്ചു കറങ്ങാനും...
    കണ്ണിമ ചിമ്മാതെ നടന്നപ്പോള്‍ അകലെയെവിടെയോ കേട്ടു, നരിച്ചീറുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. ഇനി മരണപ്പെട്ടുവോ?? വീണ്ടും തിരിച്ചു നടക്കാന്‍ തോന്നിയാല്‍...
      മണ്ണിനടിയില്‍ കാഴ്ചയുടെയും കേഴ്വിയുടെയും ലോകതിനപ്പുറം, ആകെയുള്ള ഓര്‍മ്മകള്‍ കൂടി വിലക്കപ്പെട്ടവയെങ്കില്‍...പിന്നെ..മരണം, അത് വേണ്ടിയിരുന്നില്ല.
     ഒരു പറ്റം ഉറുമ്പുകള്‍ നടന്നു നീങ്ങുന്നു.എവിടെനിന്നാണ്, അറിയില്ല. ഇരുട്ടില്‍ അവയെ കണ്ടത് തന്നെ അത്ഭുതം. വേദനിപ്പിക്കാനുള്ള കാഴ്ചകളെ മറയ്ക്കാന്‍ ഇരുട്ടിനും ആവില്ല. ജീവിതത്തിന്റെ വഴിയില്‍ എവിടെയോ ചവിട്ടിയരയ്ക്കപ്പെട്ട മനസ്സില്‍ നിന്നാകും.'ഉറുമ്പരിക്കുന്ന മനസ്' കൊള്ളാം. ജീര്‍ണതകളെ സ്വന്തമാക്കാന്‍ അവയ്ക്കൊക്കെ ദൈവം അധികാരം നല്‍കിയിരിക്കുന്നു. ഇനിയത് അവര്‍ക്കുള്ള ഭക്ഷണം. തിരിച്ചു നടക്കാന്‍ തോന്നിയില്ല.പകയും വിദ്വേഷവും, പ്രകടിപ്പിക്കാതെ പോയ കോപവും അസൂയയും വെറുപ്പും...എല്ലാം ഇല്ലാതെയാകട്ടെ.
പക്ഷെ കാലങ്ങള്‍ക്കപ്പുറം സൂക്ഷിക്കും എന്ന് ഞാന്‍ വാക്ക് കൊടുത്ത സ്നേഹമോ???



തിടുക്കത്തില്‍ തിരിച്ചു നടന്നു...
മനസ് മറവുചെയ്യാന്‍ പറ്റിയ ഒരു ശവപേടകം തേടി....