November 19, 2011

ഞാന്‍ പറഞ്ഞോട്ടെ...

മഴ പെയ്തു തിമിര്‍ക്കുന്നു ചുറ്റും...
നീട്ടുന്ന കൈ കുമ്പിളിലേക്ക് ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികള്‍ പിന്നെയും കൊതിപ്പിക്കുമ്പോള്‍.....
വീണ്ടും നനയാന്‍ തോന്നുന്നു....
വരാന്‍ പോകുന്ന വേനലിനെ മറക്കാനും......
മഴ പോലെ പെയ്തൊഴിയുന്ന ഈ പ്രണയം എനിക്കിഷ്ടമായി...
**********************************************************************************
നിന്നോടുള്ള എന്‍റെ സ്നേഹം അളന്നു കാട്ടാന്‍ ഈ കൈകള്‍ അനന്തതയിലേക്ക് നീട്ടേണ്ടി വരും...
നീ എനിക്ക് എന്താണെന്ന് കുറിച്ചിടാന്‍ ആകാശത്തിന്റെ വിശാലതയും.....
നീ അകലുമ്പോള്‍ എന്‍റെ മിഴികള്‍ ഒരു കടല്‍ സൃഷ്ടിച്ചേക്കാം...
എങ്കിലും എനിക്ക് ഒന്ന് മാത്രം മതി...
ജീവിതത്തിന്‍റെ തിരക്കിലെപ്പോഴോ നിന്‍റെ ചുണ്ടില്‍ എനിക്കായ് വിടരുന്ന ആ ചെറു പുഞ്ചിരി...
**********************************************************************************
കാലമാകുന്ന പുഴ വീണ്ടും ഒഴുകുന്നു.
ഞാനെന്ന ചെറു തുള്ളി മാത്രം എന്തേ ഒഴുകാന്‍ മടിച്ചിവിടെ, ഈ തീരത്തടിയാന്‍ കൊതിക്കുന്നു?
കാലത്തെ വെറുത്തിട്ടോ അതോ കരയെ സ്നേഹിച്ചിട്ടോ?
**********************************************************************************
വിടപറയുന്ന പകലിനു നല്‍കാന്‍ ഈ അമ്പലമണിയുടെ കലമ്പിച്ച ഒച്ച മാത്രം.....
പിന്നെ അറിയാത്ത നിഴലുകള്‍ ചിത്രം വരയ്ക്കുന്ന മുറ്റവും....
നാളെ പുലര്‍ച്ചയ്ക്ക് കിഴക്കേ മലയ്ക്കപ്പുറം കതിരോന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന ഭൂമിയും......
**********************************************************************************
വീണ്ടും കണ്ണടയ്ക്കുമ്പോള്‍ ......
അപ്പോള്‍ മാത്രം കാണാന്‍ കഴിയുന്ന നിറങ്ങളുടെ ലോകത്ത് ഒരായിരം നന്മയുടെ സ്വപ്‌നങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍.....
പ്രിയപ്പെട്ടവര്‍ ആരൊക്കെയോ മാനത്തെ നക്ഷത്ര കണ്ണുകളില്‍ കൂടി നിന്നെ കണ്ടിരിക്കുമ്പോള്‍...
വെറുതെ ഒരു കാറ്റായി വന്ന്, ചാരിയിട്ട ജനല്‍ പാളിയ്ക്കപ്പുറം നീയുറങ്ങുന്നത് കണ്ട് തിരിച്ചു പോരട്ടെ ഞാന്‍.......
**********************************************************************************
വിട പറയാന്‍ വെമ്പുന്ന പകലിനും..
ഭൂമിയെ പുതപ്പിച്ചുറക്കാന്‍ കൊതിക്കുന്ന ഇരവിനും...
സ്വപ്നങ്ങളത്രയും കൊഴിഞ്ഞു വീഴുമ്പോള്‍ വെറുതെ അകലേക്ക്‌ നോക്കി നില്‍ക്കുന്ന മനസിനും......
"നിലാവില്ലാത്ത രാത്രിയുടെ അന്ധകാരത്തെ സ്വപ്നം കാണുക.
അപ്പോള്‍ ഒരു മിന്നാമിനുങ്ങിന്റെ നേരിയ വെളിച്ചത്തിനും അര്‍ത്ഥമുണ്ടാകും."

8 comments:

സീത* said...

പ്രണയം തുളുമ്പുന്ന മനസ്സിന്റെ ഗദ്ഗദങ്ങൾ...നന്നായിരിക്കുന്നു ജയാ..

anupama said...

പ്രിയപ്പെട്ട ജയ,
പ്രണയം .....നഷടം...മോഹം...സ്വപ്നം...എല്ലാം ചേര്‍ന്നെഴുതിയ വരികള്‍ നന്നായിരിക്കുന്നു,കേട്ടോ!
സസ്നേഹം,
അനു

നിനകായ്‌ said...

മഴ നനയുന്നത് കൊള്ളാം പനി പിടിച്ചു കിടക്കുമ്പോള്‍ എല്ലാം ശരിയാകും ...
കറുത്തിരുണ്ട ആകാശം. പതിയെ പെയ്യുന്ന മഴ. മൂടിപ്പുതച്ചുറങ്ങാന് ഇതിലും നല്ല സമയം വേറെയില്ല. പോയി കിടന്നു സുഖമായി ഉറങ്ങു .......
:)
നന്നായിരിക്കുന്നു ചെച്ചിസേ .......

Rajnath said...
This comment has been removed by the author.
Rajnath said...
This comment has been removed by the author.
ലിനു ആര്‍ കെ said...

കൊള്ളാം ലക്ഷ്മീ ....കുറച്ചു നാള്‍ ഇങ്ങോട്ട് കയറിയതെ ഇല്ല ...ഈ വഴി മറന്നിട്ടല്ല കേട്ടോ

Rajeesh Raghavan said...

" നിനവുള്ള രാവിന്റെ മധുരമാം നിസ്വനം എഴുതുന്നു ഞാനെന്റെ ഹൃദയതിലായ്...
ചുടുകനല്‍ പോലെ നിന്നുരുകുന്ന നിന്നിലെ പരിഭവം മിഴികളില്‍ കോര്‍ത്തിരുന്നു.....

പ്രണയവും മഴയും എത്ര എഴുതിയാലും തീരാത്ത അനുഭൂതിയാണ്...എന്തായാലും ജയയുടെ ഈ സൃഷ്ടി എനിക്ക് വളരെ ഇഷ്ട്ടായി...ഇനിയും എഴുതുക...ജീവിതത്തില്‍ നല്ലത് വരട്ടെ......

ജയലക്ഷ്മി said...

@ സീത, നന്ദി, പ്രിയ കൂട്ടുകാരി.
@അനുപമാ, പാറൂന്റെ കൂട്ടുകാരി ക്ക് ഹൃദയം നിറഞ്ഞ നന്ദി , ഈ വഴി തിരിഞ്ഞതിനും, കുറിച്ചിട്ട വരികളുടെ അര്‍ത്ഥം കണ്ടെത്തിയത്തിനും.
@ അനൂ, മഴ കണ്ടാല്‍ പുതപ്പിനടിയിലെക്കോ കുടയുടെ മരവിലെക്കോ പോകാന്‍ മനസ് അനുവദിക്കാറില്ല. നനയുന്നതൊരു ശീലമായി. പനി വരുമ്പോള്‍ പുതച്ചു മൂടിക്കിടക്കാം. അതും ഒരു രസം തന്നെ. നന്ദി
@ലിനു, ഇതില്‍ എതുന്നതിനെക്കാള്‍ പ്രധാനം ഈ സൌഹൃദം നില നിര്‍ത്തുന്നതിലാണ്. അതില്‍ മറവി പറ്റില്ലെന്ന് അറിയാം. എങ്കിലും എത്തിയതില്‍ സന്തോഷം.
@രജീഷ് രാഘവന്‍, വരികള്‍ മനോഹരം, ഹൃദയസ്പര്‍ശിയായി. മഴയെ സ്നേഹിക്കുന്ന ഒരാളെ കൂടി കണ്ടത്തില്‍ സന്തോഷം. അഭിപ്രായത്തിനു പ്രാര്‍ഥനയ്ക്കും നന്ദി സുഹൃത്തേ.

വായിച്ചു പോയവര്‍ക്കും നന്ദി.

സ്നേഹപൂര്‍വ്വം...