നിഴലാണ് ഞാന്‍:
നിഴലാണ് ഞാന്‍; നിന്നിലഭയം കൊതിക്കുന്ന,
ഭൂമിതന്‍ ചലനത്തിലലിയാന്‍ മടിക്കുന്ന,
ജനനിയായണയുമുഷസ്സിനെ തേടുന്നോ-
രിരവിന്റെയൊരു കൊച്ചു തോഴി.
പുലരിയിലെന്നോ ജനിച്ചു ഞാന്‍, പാദങ്ങ-
ലടി വച്ചു മണ്ണില്‍ നടന്നു.
ചുവടൊന്നു തെറ്റാതെ, യണു തെല്ലു മാറാതെ
യകലാതെയൊപ്പം നടന്നു.
പരശതം സത്യ ബീജങ്ങളായ് കത്തുന്ന
പകലോന്റെ നേരിന്നു നേരെ
മിഴിയൊന്നു നീട്ടാതെ, നിന് പിന്നിലമരുന്നോ -
രന്ധകാരത്തില്‍ മറഞ്ഞു.
അരുണന്റെ രഥചക്രമുരുളവേ, മധ്യാഹ്ന-
മുയിരിന്നു മീതെ തിളച്ചു നില്‍ക്കെ,
ഒരു കൊച്ചു ബിന്ദുവായ്, കാലടിപ്പാടതി-
ലഭയം തിരഞ്ഞു ഞാന്‍ നിന്നു.
ചോടിയിലെച്ചോപ്പുമായ് മറയവേ, യര്‍ക്കന്റെ
യവസാനരശ്മിയും വിടചോല്ലവേ,
ഇരുള് നീട്ടുമങ്കത്തടത്തില്‍ നിശാസ്വപ്ന-
മിഴിപൂട്ടിയന്നു നീ നിദ്ര കൊള്കെ,
തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
യിരവിലീ ഞാനൊളിച്ചോട്ടെ.
പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.
തിരയുന്നുവോ നീ; കാലമറിയാതിരുട്ടിന്റെ
മറപറ്റി മായാന്‍ കൊതിക്കുമെന്നെ,
അറിയുന്നുവോ നീ; യടുക്കുന്ന രാവിന്റെ
വിരഹത്തിലാര്‍ത്തയായ് കേഴുമെന്നെ.
6 comments:
വിശ്വസിച്ചു കൂടെക്കൂട്ടാൻ ബാക്കിയാവുന്ന ഏക സുഹൃത്ത്...ഇവൻ...നിഴൽ...കൊള്ളാം ജയാ ഭംഗിയായി പറഞ്ഞു
nannaayirikkunnu, .
അഭിപ്രായങ്ങള്‍ക്ക് നന്ദി
തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
യിരവിലീ ഞാനൊളിച്ചോട്ടെ.
പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.
@ മുകുന്ദന് സര്, നന്ദി
Post a Comment