December 22, 2010

ഇന്ന് ഞാന്‍ അറിയുന്നു.....

"പ്രപഞ്ചത്തിലെ ഒരേയൊരു സ്വാതന്ത്ര്യം സ്നേഹം ആണ്. സ്നേഹം  അന്വേഷിക്കുമ്പോള്‍ , അസ്ഥിക്കും മാംസത്തിനും ഇടയിലെ വ്യധിയായി മാറുന്നു. ആദി മനുഷ്യനിലൂടെ നമ്മിലേക്ക്‌ പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്നേഹം."
                                                                                                            -ഖലീല്‍ ജിബ്രാന്‍
         നിന്‍റെ ഓര്‍മകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവിതത്തിന്റെ വീഞ്ഞും, കൈപ്പു നീരും കുടിച്ചു ഇറക്കുമ്പോള്‍, നിഴലും, വെളിച്ചവും കണ്‍ മുന്നില്‍ ചിത്രങ്ങള്‍ വരക്കുമ്പോള്‍... ഇപ്പോഴും ഞാന്‍ കണ്ടത് നിന്‍റെ കണ്ണുകള്‍ ആയിരുന്നു. ആരോ പറഞ്ഞു, സ്നേഹം നൊമ്പരം ആണെന്ന്. പക്ഷെ, ഞാന്‍ സ്നേഹിച്ചത് നിന്നെ ആയിരുന്നില്ല, നിന്നെ സ്നേഹിക്കുമ്പോള്‍, നീ എന്നില്‍ നിന്നും അകലുമ്പോള്‍ എന്നില്‍ ഉണരുന്ന ആത്മ ബോധത്തെ ആയിരുന്നു.ശ്മശാന മൂകതയിലെവിടെയോ വീണു കിടക്കുന്ന എന്നെ, ജീവന്റെ തുടിപ്പുകളിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു.....
        നിന്നെ പ്രണയിക്കാന്‍, നിന്‍റെ വാക്കുകളെ അറിയാന്‍, ആ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മൌനത്തിന്റെ സംഗീതം കേള്‍ക്കാന്‍... പിന്നെയും എന്തിനൊക്കെയോ ഞാന്‍ കൊതിച്ചു. നിന്‍റെ സ്നേഹം ഒരു ഭാരം ആയിരുന്നു, താങ്ങാന്‍ സുഖമുള്ള ഒരു ഭാരം.നിന്‍റെ വാക്കുകള്‍ കൂരമ്പുകള്‍ ആയിരുന്നു. എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു  പലപ്പോഴും കടന്നുപോയിട്ടും, ഞാന്‍ ആ വേദനയിലും കണ്ടത് സ്നേഹം ആയിരുന്നു. എന്റെ മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികള്‍ കടലാസ്സില്‍ നിന്‍റെ പേര് എഴുതി. എന്നിട്ടും ഞാന്‍ പറഞ്ഞില്ല, നിന്നെ എനിക്ക് എത്ര ഇഷ്ടമാണെന്ന്...
       രാത്രിയുടെ നിശബ്ദതയില്‍, നിലാവ് പടരുന്ന പ്രകൃതിയില്‍ എല്ലാം നിഴലുകള്‍ ആയിരുന്നു. നിറങ്ങള്‍ ഇല്ലാത്ത അവയ്ക്കിടയില്‍, ഞാന്‍ നിന്‍റെ നിഴല്‍ തിരിച്ചറിഞ്ഞു. അത് എന്നില്‍നിന്നും അകലുകയായിരുന്നു. തടാകത്തിലെ ഓളങ്ങളില്‍ പെട്ട്  അത് ഒന്നനങ്ങിയപ്പോള്‍........ ഒരു നിമിഷം ഞാന്‍ ധന്യയായി.നീ എന്നിലെക്കനയാന്‍ വെമ്പുന്നു എന്ന് ഞാന്‍ വ്യാമോഹിച്ചു. പിന്നെ നീ അകലതെവിടെയോ മാഞ്ഞു പോയപ്പോഴും എന്റെ കണ്ണുകള്‍ നിന്നെ കണ്ടുകൊന്ടെയിരുന്നു....അടുക്കുമ്പോള്‍ അകലുന്ന മരീചിക പോലെ.
  


       " ഞാന്‍ കുറെ തീ വാരി എന്റെ ചിന്തയിലിട്ടു....
        എന്റെ തല പൊള്ളി, ഹൃദയവും,
         പുക ഉയര്‍ന്നത് എന്റെ ഓര്‍മയിലും,
          തീ ആളിയത്  എന്റെ ഹൃദയത്തിലും,
         ഒടുവില്‍ ചിത എരിഞ്ഞത്‌ എന്റെ മനസിലും..."

       എന്റെ മനസ്സില്‍ നിറയെ നീയായിരുന്നു. എന്റെ കയിലെ പുസ്തകത്തിന്റെ താളുകളില്‍ നിന്‍റെ വാക്കുകളാണ് ഞാന്‍ കണ്ടത്. നിന്നെ കുറിച്ചുള്ള  ഓര്‍മകളുടെ വേദന കുറക്കാന്‍, ഞാന്‍ എന്റെ ചിന്തകളില്‍ അഗ്നി പകര്‍ന്നു. കാട് മൂടിക്കിടന്ന ഹൃദയത്തിന്റെ ഒരു കോണിലേക്ക് ഞാന്‍ എന്റെ കയ്യിലെ ഏറ്റവും നിറമുള്ള  നിന്‍റെ ചിത്രം വലിച്ചെറിഞ്ഞു, ഇനി തിരിച്ചെടുക്കില്ല എന്ന പ്രതിജ്ഞയോടെ.... പക്ഷെ, ഇന്നലത്തെ മഴയുടെ കുടിനീരില്‍ വളര്‍ന്ന മുള്‍ ചെടി  നിന്‍റെ ചിത്രത്തില്‍ രക്തം ചാര്‍ത്തിയപ്പോള്‍ എനിക്ക് കണ്ടുനില്‍ക്കാന്‍ ആയില്ല....
  ഇന്ന് ഞാന്‍ അറിയുന്നു...... നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്........

No comments: