കേരളത്തിലെ പ്രധാന നദികളില്‍ ഒന്നായ കബനി, വയനാടിനു നല്‍കിയ സമ്മാനം ആണ് കുറുവ ദ്വീപ്. ജലത്താല്‍ ചുറ്റപ്പെട്ട കരഭാഗം. പി.ജി. ക്ക് പഠിക്കുമ്പോള്‍ ആണ് കുറുവ ദ്വീപിലേക്ക് ആദ്യം പോകുന്നത്. കൂടെ എന്‍റെ പത്തു പി.ജി. കൂട്ടുകാരും, 26 ഡിഗ്രി കുട്ടികളും മൂന്നു അധ്യാപകരും പിന്നെ ഞങ്ങളുടെ സ്വന്തം ഗോപി ചേട്ടനും.
തലേ ദിവസം തന്നെ വയനാട്ടില്‍ എത്തിയതിനാല്‍ 10 മണിക്ക് തന്നെ ഞങ്ങള്‍ കുറുവ ദ്വീപില്‍ എത്തി. കൌണ്ടറില്‍ നിന്നു ടിക്കറ്റും, വഴി കാട്ടാന്‍ ഒരു ഗൈഡും ആയി ദ്വീപിലേക്കുള്ള യാത്ര തുടങ്ങി. നദി കടത്തി വടാനായി കുറെ ബോട്ടുകളാണ് ഉണ്ടായിരുന്നത്. ബോട്ടില്‍ കയറിയപ്പോള്‍ മുതല്‍ എല്ലാവരുടെയും ചുണ്ടില്‍ നാടന്‍ പാട്ടിന്റെയും തോണി പാട്ടിന്റെയും ഈണങ്ങള്‍ ആയിരുന്നു.
കുറച്ചു മണല്‍ തിട്ടയും, പൂത്തു നില്‍ക്കുന്ന പുല്ലുകളും, നദിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും ഒക്കെയായി ഒരു വന്യതയുടെ പച്ചപ്പ് നിറഞ്ഞ സ്ഥലത്താണ് ചെന്നു ഇറങ്ങിയത്. കയറി വരുന്ന വഴിയിലെ മുളം കൂട്ടത്തില്‍ തയാറാക്കി വച്ചിരിക്കുന്ന
PHOTO SPOT ഇല്‍ എല്ലാവരും കൂടി.
ഓര്‍മകളില്‍ ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി.പോകുന്ന വഴിയില്‍ വച്ചു ഒരു ചീങ്കണ്ണിയെ ഗൈഡ് ഞങ്ങള്‍ക്ക് കാട്ടി തന്നു. ഏകദേശം 14 ഓളം ചീങ്കണ്ണികള്‍ ദ്വീപില്‍ വിലസുന്നുണ്ട് എന്ന് അറിഞ്ഞതോടെ വെള്ളത്തിലേക്ക് ഇട്ടിരുന്ന കൈകളും കാലുകളും ഒക്കെ അകത്തേക്ക് വലിഞ്ഞു
. കയ്യും കാലും ഇല്ലാതെ ചെന്നാല്‍ വീട്ടുകാര്‍ വഴക്ക് പറയും!!!
പുല്‍ വര്‍ഗങ്ങള്‍ ധാരാളം ആയി കാണപ്പെടുന്ന വനത്തില്‍ കാട്ടു പന്നിയുടെ സാന്നിധ്യം ഉണ്ടെന്നു കിളച്ചു മറിച്ചിട്ട മണ്ണ് ഉറപ്പു തന്നു. ' കുറുവ' എന്ന പേരിട്ടത് കര്‍ണാടകയില്‍ നിന്നും വന്നു താമസിച്ചിരുന്നവര്‍ ആണെന്നും അതിന്‍റെ അര്‍ത്ഥം 'തുരുത്ത്' എന്നാണെന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു.
ആസ്വാദനത്തിന്റെ സുഖം ഒറ്റയ്ക്ക്, പ്രകൃതി മാത്രം കണ്ടു, ആ ശബ്ദം മാത്രം കേട്ടു നടക്കുമ്പോള്‍ ആണെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ഗൈഡിന്റെ ഗ്രൂപ്പില്‍ നിന്നു പിരിഞ്ഞു. പിന്നങ്ങോട്ട് സ്വയം വഴി കണ്ടു പിടിച്ചുള്ള യാത്ര ആയിരുന്നു. വഴിയില്‍ ഒരു കിളിയുടെ പുറകെ (തെറ്റി ധരിക്കണ്ട..കിളി തന്നെ.) ഫോട്ടോ എടുക്കാന്‍ പോയ സന്തോഷിനെ കാണാതെ പോയതും സ്വപ്ന ലോകത്തിലെ പന്തളം പഞ്ചായത്ത് (പേര് പറയില്ല, PP) ന്‍റെ ഫോട്ടോ എടുത്ത് പബ്ലിഷ് ചെയ്തതും അങ്ങനെ എന്തെല്ലാം എന്തെല്ലാം....
ഏകദേശം 95 ഏക്കര്‍ വിസ്തൃതിയുള്ള കുറുവ ദ്വീപിനെ കബനി നദിയുടെ വിവിധ ഒഴുക്കുകള്‍ ചെറിയ ചെറിയ തുരുത്തുകളായി വിഭജിച്ചിട്ടുണ്ട്. ഒരു തുരുത്തില്‍ നിന്നും അടുത്തതിലേക്ക് എത്താന്‍ ഈ കൈവഴികള്‍ മുറിച്ചു കടക്കേണ്ടി വരും.പാറ കല്ലുകള്‍ നിറഞ്ഞ അടിത്തട്ടും, നല്ല കുത്തൊഴുക്കും, ചുഴികളും, ഉള്ള അവയില്‍ ഇറങ്ങി നടക്കണം എന്ന് കേട്ടപ്പോഴേക്കും, നമ്മള്‍ വന്ന ബോട്ട് തിരിച്ചു പോയിക്കാണുമോ എന്നായി എല്ലാവരുടെയും ചോദ്യം.
പക്ഷെ, പ്രശ്നങ്ങള്‍ എല്ലാം ആദ്യത്തെ തവണ തന്നെ തീര്‍ന്നു. മുന്‍പേ പോകുന്ന ബാലു സാറിനും ഗൈഡിനും പിന്നാലെ കൈകോര്‍ത്തു പിടിച്ചു ഞങ്ങളും നടന്നു. മറിഞ്ഞു വീണവരും, കൈ വിട്ടു പോയവരും ഒക്കെ അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കൂടുതല്‍ ധൈര്യശാലികള്‍ ആയോ എന്നൊരു സംശയം. എല്ലായിടത്തും വീണു കബനിയിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തവരും, കൂടെ നിന്നവരെ എല്ലാം മറിച്ചു ഇട്ടിട്ടു നിന്നു ചിരിച്ചവരും ഒക്കെയുണ്ടായിരുന്നു. പേര് മാത്രം ചോദിക്കരുത്.
നാടിന്‍റെ ബഹളങ്ങളും, തിരക്കുകളും ഇല്ലാതെ കുറച്ചു മണിക്കൂറുകള്‍ ഭൂമിക്കു ഏറ്റവും വിലപ്പെട്ട കാടിനും, ജലത്തിനും ഒപ്പം. ഒരു തവണ ചുറ്റി വരാന്‍ ആര് കൈവഴികള്‍ എങ്കിലും മുറിച്ചു കടക്കേണ്ടി വരും. സാഹസികതയ്ക്കു താല്പര്യം ഉള്ളവര്‍ക്ക് പാതി നാലോളം കൈവഴികള്‍ മുറിച്ചുകടന്നു പോയി എല്ലാ ദ്വീപുകളും കാണാം. ഞങ്ങള്‍ എന്തായാലും ആറെണ്ണം കൊണ്ടു തൃപ്തിപ്പെട്ടു. തിരിച്ചു വരുന്ന വഴിയിലെ കൈവരികള്‍ മുളം കമ്പുകളും പൈപ്പില്‍ മുളയുടെ പോലെ പെയിന്‍റ് ചെയ്തവയും ആയിരുന്നു. കാടിന് ചേരുന്ന രീതികള്‍.
ബോട്ട് അടുക്കുന്ന കടവില്‍ വന്നപ്പോള്‍ ബാലു സര്‍ ഞങ്ങള്‍ക്ക് കുറച്ചു സമയം വെറുതെ കഥകള്‍ പറയാന്‍ തന്നു. ഞങ്ങള്‍ പിജി ബാച്ചിലെ പതിനൊന്നു പേരും ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കാറ്റും, കഥകളും, തമാശകളും, പരസ്പരം ഉള്ള പാര വെയ്പ്പുകളും ആസ്വദിച്ചു. എന്നത്തേയും പോലെ മൌനം സ്വരമായി.... (എല്ലാവരുടെയും പ്രിയ ഗാനം, ക്ലാസില്‍ ഇടയ്ക്കിടെ കേള്‍ക്കുന്നതിനു ഞങ്ങള്‍ വാങ്ങി കൂട്ടാറുണ്ട് ) ഒഴുകി എത്തിയപ്പോഴേക്കും കുറുവ ദ്വീപിലെ തുരുത്ത് ഞങ്ങള്‍ക്ക് സ്വന്തം ആവുകയായിരുന്നു.
രണ്ട് മണി ആയപ്പോഴേക്കു വിശപ്പിന്‍റെ വിളി സഹിയാത്തത് മൂലം തിരിച്ചു ബോട്ടില്‍ കയറി. കബനിയില്‍ കൂടി തിരിച്ചു വരുമ്പോള്‍ അകന്നു പോകുന്ന മുളം കൂട്ടവും, പുല്ലുകളും, തുരുത്തും എല്ലാം ഞങ്ങള്‍ക്ക് സമ്മാനിച്ചത് മണ്ണിന്‍റെ മണവും, തെളിനീരിന്റെ തണുപ്പുമുള്ള കുറെ ഓര്‍മ്മകള്‍ ആയിരുന്നു. കബനിയിലെ പായല്‍ നിറഞ്ഞ കല്ലുകളില്‍ എന്ന പോലെ ഇടയ്ക്കിടെ മനസിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങള്‍.....
|
എന്‍.എസ്.എസ്.കോളേജ്, പന്തളം
സുവോളജി വിഭാഗം. |
|
കാട്..... കറുത്ത കാട്... |
|
ഇനിയും ഒന്നൂടെ.... |
|
ഒരുമയുണ്ടെങ്കില്‍... |
|
ഫോട്ടോയില്‍ എത്ര പാവം... |
|
കബനി നദി.... |
|
അയ്യോ..വീണേ... |
|
ഇതൊക്കെ വെറും ചെറുത്.... |
|
ഈ വഴിക്ക് ഞങ്ങള്‍ ഇല്ലേ... |
1 comment:
ക്ഷമിക്കു കൂട്ടുകാരാ, ഞാന്‍ അറിഞ്ഞില്ല നിന്‍റെ ഓര്‍മയില്‍ ഇത് വേദനയായിരുന്നു എന്ന്.
Post a Comment