January 22, 2011

മഴയും ഞാനും



മഴ എന്നും നിറങ്ങള്‍ ചാലിച്ച ഓര്‍മ്മകളായിരുന്നു. കുട്ടിക്കാലത്തെ തോരാതെ പെയ്യുന്ന മഴയുടെ നാദത്തിനൊപ്പം തെളിയുന്ന ഇരുളും വെളിച്ചവും ഉള്ള ചിത്രത്തിലെ എന്‍റെ കയ്യില്‍ കടലാസുവഞ്ചികള്‍ ആയിരുന്നു. ബാല്യത്തിന്‍റെ വിലമതിക്കാന്‍ ആവാത്ത നേട്ടങ്ങള്‍.
പണ്ട്....
  കൌമാരത്തിന്റെ സ്വപ്നങ്ങള്‍ക്കും കുസ്ര്തികള്‍ക്കും മഴ കളിക്കൂട്ടുകാരിയായിരുന്നു.  മഴത്തുള്ളിക്കിലുക്കം പോലെ കാലിലെ പാദസരമണികളും പൊട്ടിച്ചിരിച്ചു. ഇത്തിരി നനഞ്ഞ്, മഴയുടെ തണുപ്പും കാറ്റിന്‍റെ കളികളും അറിഞ്ഞു നില്‍ക്കുമ്പോള്‍ എന്‍റെ കയ്യില്‍ നനഞ്ഞ പാവാടത്തുമ്പായിരുന്നു.
 ഇന്ന്..
 ഇടവിട്ട്‌ പെയ്യുന്ന മാനത്തിന്റെ കണ്ണീരിനെ കാറ്റ് തൂവാനത്തുള്ളികളായി പറത്തിക്കളിക്കുമ്പോള്‍, അറിയാത്ത   ആരുടെയൊക്കെയോ അറിയുന്ന വരികളുമായി ഞാന്‍ എന്‍റെ ഉമ്മറപ്പടിയില്‍ ഇരുന്നു. നേട്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും നിറങ്ങള്‍ മഴവെള്ളത്തില്‍ അലിഞ്ഞു ചേരുന്നത് വെറുതെ കണ്ടുകൊണ്ട്....
നാളെ.....
കോരിച്ചൊരിയുന്ന മഴ മാനത്തിന്റെ സ്വപ്നങ്ങളാല്‍ മണ്ണിന്‍റെ പച്ചപ്പിനു മുത്തുമണികള്‍ ചാര്‍ത്തുമ്പോള്‍, ഞാന്‍ ഉറങ്ങുകയായിരിക്കാം. നിത്യതയിലേക്കുള്ള തിരിച്ചുപോക്കിന്റെ അവസാനം ഇണങ്ങാത്ത കുപ്പായം പോലെ ഉപേക്ഷിച്ച എന്നെ മണ്ണിന്‍റെ മാറില്‍ ഉറക്കിക്കിടത്തി ഞാന്‍ പോയിരിക്കാം. കാണാമറയത്തേക്ക്....  

1 comment:

manu said...

വളരെ നന്നായിരിക്കുന്നു. മഴയുടെ ഭാവങ്ങള്‍ പോലെ ഒരു ജീവിതവും. പെയ്തു തോരുമ്പോള്‍ ഒന്നുമില്ല ബാക്കി. വീണ്ടും ശൂന്യത...ഉറക്കം..