January 17, 2011

ശരണ വഴികളിലൂടെ

ഹരിശ്രീയില്‍ മുരളിചേട്ടന്‍ എഴുതിയ ലേഖനം ആയിരിക്കാം ഇപ്പോള്‍ ഇങ്ങനെ എഴുതുന്നതിനു പിന്നിലെ പ്രചോദനം. അഭിപ്രായം പറയാനായി വന്ന എനിക്ക് പറയാന്‍ ഏറെ ഉണ്ട് എന്ന് തോന്നി.
   എല്ലാ വര്‍ഷവും ഏകദേശം ഒക്ടോബര്‍ ആദ്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ജനുവരിക്കു ശേഷം പിന്നെ അടുത്ത ഒക്ടോബര്‍ വരെ കേള്‍ക്കാന്‍ കിട്ടാതെ വരികയും ചെയ്യുന്ന ഒന്നാണ് ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും തീര്‍ത്ഥാടന കാലത്തല്ലേ  തീര്‍ത്ഥാടകര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുക എന്ന്. ഞാന്‍ പറയുന്നത് തീര്‍ത്ഥാടകരുടെ പ്രശ്നങ്ങളെ പറ്റിയല്ല,  അതിനു വെളിയില്‍ നിന്നു ശബരിമല സീസണ്‍ വിവാദങ്ങളുടെ ഒരു പ്രളയം ആക്കി മാറ്റുന്നവരെ കുറിച്ചാണ്.
   ഞാന്‍ താമസിക്കുന്ന അടൂര്‍, തൊട്ടടുത്ത പ്രദേശങ്ങള്‍ ആയ പന്തളം, പത്തനംതിട്ട എല്ലാം ശബരിമല യാത്രയിലെ ഇടത്താവളങ്ങള്‍ ആണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ഓടെ നടക്കുന്ന തീവ്ര റോഡു വകസന പദ്ധതികള്‍ വര്‍ഷങ്ങളായി കാണുന്നവരാണ് ഞങ്ങള്‍. റോഡിലെ ഒന്നോ രണ്ടോ കുഴികള്‍ പേരിനു ഒന്ന് അടച്ചുവക്കുന്നതിനു ൧൫ ദിവസം  ധാരാളം. പിന്നെയും ജൂണ്‍ മാസം എത്തുമ്പോള്‍ റോഡില്‍ മീന്‍ പിടുത്തം തന്നെ. റോഡു പോയാലല്ലേ അടുത്ത വര്‍ഷവും ശബരിമല സീസണ്‍ വരുന്നത് അറിയാന്‍ പറ്റു.
    ശബരിമല മാസ്റ്റര്‍ പ്ലാന്‍, എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തെ പേപ്പറില്‍ നിറഞ്ഞു വിലസുന്ന ആര്‍ക്കും അറിയാത്ത സംഭവം. കഴിഞ്ഞോ ഇല്ലിയോ, ആര്‍ക്കറിയാം? തീര്‍ത്ഥാടന കാലം അല്ലാത്ത ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ചര്‍ച്ച ചെയ്തും, വേണ്ട മാറ്റങ്ങള്‍ വരുത്തിയും നടപ്പിലാക്കേണ്ട പദ്ധതികള്‍ മണ്ഡലക്കാലം എത്തുമ്പോള്‍ മാലയിടാന്‍  ഓര്‍മിപ്പിക്കുന്നത്‌ പോലെ പേപ്പറില്‍ കാണാം.
  കേരളത്തില്‍ KSBC കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വരുമാനം ഒരുപക്ഷെ ദേവസം ബോര്‍ഡിനു ആയിരിക്കാം. (നിരത്താന്‍ എന്‍റെ പക്കല്‍ സ്ഥിതി വിവര കണക്കുകള്‍ ഒന്നും ഇല്ല.) എന്നിട്ടും ദൈവത്തിന്റെ പേരില്‍ പോലും പരസ്യങ്ങള്‍ നടത്തി " ഭക്തരെ" ആകര്‍ഷിക്കുന്ന ഒരു കച്ചവട മനസ് ബോര്‍ഡിനു ഇല്ലേ? തീര്‍ത്ഥാടനം എന്നതില്‍ ഉപരി ഒരു ക്രെഡിറ്റ്‌ ആണ് ശബരിമല യാത്രകള്‍. 41 ദിവസത്തെ കഠിന വ്രതവും നോറ്റ് പരമാത്മാവിനെ ദര്‍ശിച്ചു സായൂജ്യം അടയുന്ന ഭക്തന്‍ ഇന്ന് സിനിമകളിലോ നാട്ടിന്‍പുറത്ത് കാരുടെ ഓര്‍മ്മകളിലോ മാത്രം ആണ്. "Hei, m here at Shabarimala" എന്ന് പത്തു പെരോടെങ്കിലും പറഞ്ഞു പബ്ലിഷ് ചെയ്യാന്‍ നോക്കുന്നവരാണ് ഇന്നത്തെ ഭക്തര്‍ (Exceptions are not examples).
  ഭൂവിസ്ത്രിതിക്ക് താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറത്തേക്ക് വളരുന്ന (ഭക്ത) ജന പ്രവാഹം, ആപത്തുകളെ ക്ഷണിച്ചു വരുത്തുന്നതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. രണ്ട്‌ കാല്‍ വയ്ക്കാന്‍ ഉള്ള മണ്ണ് മാത്രമേ ശബരിമല സന്നിധാനത് നില്‍ക്കുന്നവന് ഉണ്ടാവുകയുള്ളൂ. അവന്റെ പാദത്തിനു അപ്പുറം ഉള്ള ഭൂമി മറ്റാര്‍ക്കോ സ്വന്തം.
    മകര ജ്യോതിക്കും മകരവിളക്കിനും അര്‍ത്ഥം ഇല്ലെന്നു പറയാനും ഒരായിരം ആള്‍ക്കാര്‍ ഉണ്ട്. ക്ഷേത്രങ്ങളില്‍ വിശ്വസിക്കാന്‍ ഒന്നും ഇല്ലെന്നും. അവരെല്ലാം സ്വന്തം ജീവിതത്തില്‍ വിശ്വസിക്കുന്ന വ്യക്തികളോ തത്വസംഹിതകളോ  ഉണ്ടാവില്ലേ? ആരോ എഴുതിയ പൊയ്പ്പോയ കാലഘട്ടത്തിന്റെ നിയമങ്ങളും ഇന്നും നാളെയും ഓരോ ദിവസവും നിറം  മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും. അതിനെന്താണ് അര്‍ത്ഥം? അതിലും ഭേദം അല്ലെ, നിഷ്കളങ്കമായ വിശ്വാസങ്ങളില്‍ മാത്രം ജീവിക്കുന്ന, ഇടയ്ക്കു കോപവും, ചിലപ്പോഴൊക്കെ വരങ്ങളും തരുന്ന ഈശ്വരന്‍.
    എനിക്ക് പറയാന്‍ ഒന്നേയുള്ളൂ. ഭക്തി ഉള്ളവന്‍റെ  മാത്രം ലോകമായി മാറട്ടെ ശബരിമല. പതിനെട്ടു പടികള്‍ ആകുന്ന  ലൌകിക ജീവിത പ്രശ്നങ്ങളെ കാല്‍കീഴില്‍ അമര്‍ത്തി, തന്‍റെ ആത്മാവിന്റെ സായൂജ്യം മാത്രം കൊതിച്ചു മല ചവിട്ടുന്നവന് വേണ്ടി വഴി മാറി കൊടുക്കുക.പ്രാര്‍ത്ഥനയും വിശ്വാസങ്ങളും തച്ചുടയ്ക്കപ്പെടാന്‍ ഉള്ളതല്ല.
മകരജ്യോതി 
     സ്വാമിയേ ശരണം......

7 comments:

muralidharan said...

പ്രിയ ജയ ലക്ഷ്മീ, ഒരു പക്ഷേ ഹരിശ്രീയിലെ “മുരളിയേട്ടൻ “എഴുതിയ ലേഖനം ആയിരിക്കാം ഇപ്പോള്‍ ഇങ്ങനെ എഴുതുന്നതിനു പിന്നിലെ പ്രചോദനം.എന്നതിൽ എനിയ്ക്കും വളരെ സന്തോഷം.. !! കാർണം ഇത്തരം ചിന്തകൾക്ക് മറ്റുരയ്ക്കപെടുകയും പരസ്യമായും രഹസ്യമായും നമ്മുടെയെല്ലാം ചിന്താ മണ്ടലങ്ങളിൽ അത് ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നത് തന്നെയാണു അത്തരം ഒരു ചർച്ച തുടങ്ങുവാൻ ഉള്ള കാരണം, ലേഖനം അല്ലാ അത്..പരസ്പരവൈരുധ്യങ്ങളായ ആശയങ്ങൾ എല്ലവർക്കും പ്രകടിപ്പിക്കാള്ള ഒരു വേദി മാത്രം..ജയലക്ഷിയുടെ ബ്ലോഗ് വായിച്ചു, നന്നായിട്ടുണ്ട്, അതിലെ പല കാര്യങ്ങളും ഇഷ്ടമായി, എല്ലകാര്യങ്ങളൊടും യോജിപ്പില്ല, അങ്ങിനെ ആവുകയും ഇല്ലല്ലോ..തുടരുക ഈ പ്രയാണം.. ആശംസകൾ..

സ്നേഹപൂർവ്വം മുരളീധരൻ...

ജയലക്ഷ്മി said...

ഇവിടെ വന്നെത്തിയതിലും, കുറച്ചു സമയം ചിലവഴിച്ചതിലും നന്ദി മുരളി ചേട്ടാ. ഇനിയും നിര്‍ദേശങ്ങളും സന്ദര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം..

manu said...

'തത്വമസി' എന്ന മന്ത്രത്തില്‍ ബന്ധിതം ആണ് അയ്യപ്പനും ഭക്തരും തമ്മിലുള്ള ബന്ധം. എന്നില്‍ വസിക്കുന്ന നിന്‍റെ തത്വം നീ തന്നെയാണ് എന്ന് ഭാഷ്യം. മന്ത്രങ്ങളുടെ അകമ്പടി ഇല്ലാതെ ഭക്തര്‍ക്ക്‌ മാത്രം കണ്ടറിയാന്‍ കഴിയുന്നവനാണ് അയ്യപ്പന്‍. ജ്ഞാനം, ഭക്തി അവ തമ്മിലുള്ള വ്യത്യാസം കണ്ടറിയാന്‍ കഴിയുന്ന വേറെ ഒരു സ്ഥലം ഉണ്ടാവില്ല. "ശരണ വഴികളില്‍" ആശംസകളോടെ

ജയലക്ഷ്മി said...

മനു, പറഞ്ഞത് സത്യം. പക്ഷെ ഇന്നത്തെ ലോകത്തില്‍ സത്യം ഇത് മാത്രം ആണോ? ഭക്തി, സ്നേഹം ...രണ്ടും പ്രകടനങ്ങളില്‍ അല്ല. തത്വമസി പോയി ഇപ്പോള്‍ ബ്രഹ്മമസി ആയി.... ലോകം മുഴുവന്‍ ഞാന്‍ ആണ്, അല്ലെങ്കില്‍ എന്റെതാണ്.

SUBINN said...

ശബരിമലയെ കുറിച്ച് ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു....അങ്ങനെ ഒരു സാമ്യം കൂടിയുണ്ട്......ട്ടോ.....ഒരു വ്യത്യസ്തത അനുഭവപ്പെടുന്ന ബ്ലോഗ് ആണ് തന്റേത്.....ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതിനു പ്രത്യേക അഭിനന്ദനങ്ങള്‍......ഇനിയും തുടരുക.....

ജയലക്ഷ്മി said...

അതെ. ആശയങ്ങളും വിഷയങ്ങളും ഒരുപോലെ വന്നത് കൊണ്ടാണ് സുബിന്‍റെ ബ്ലോഗില്‍ ഞാനും എത്തിയത്. സന്ദര്‍ശനത്തിനു നന്ദി സുബിന്‍.

ലിനു ആര്‍ കെ said...

എനിക്ക് വ്യത്യസ്തമായ അഭിപ്രായം ആണ് ഉള്ളത് .ഭക്തി കച്ചവടവത്കരിക്കുകയാണ് ഇവടെ .പൊന്നമ്പല മേട്ടില് നടന്ന ദുരന്തം എടുക്കുക അവടെ മലയാളികള്‍ അല്ല കൂടുതലും മരിച്ചത് .മറ്റു സംസ്ഥാനക്കാര്‍ ആണ് .അവരുടെ അഞ്ജത പരമാവധി ചൂഷണം ചെയ്യപ്പെടുകയാണ് .വച്ച് കേട്ടലുകള്‍ ഒന്നും ഇല്ലാതെ ഉള്ള ഭക്തി പോരെ നമുക്ക് ...?ശബരിമല ഇതൊന്നുമില്ലാതെ പുണ്യ സ്ഥാനം ആകില്ലേ?
മകര വിളക്ക് വെറും കബളിപ്പിക്കല്‍ ആണെന്നും കര്‍പ്പൂരം കൂട്ടിയിട്ട് കത്തിക്കല്‍ ആണെന്നും നമ്മള്‍ ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു എന്ന് മാത്രം .പണ്ട് മുതലേ നമ്മള്‍ കേരളീയരില്‍ പലര്‍ക്കും പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡുമായി ബന്ധമുണ്ടായിരുന്നവര്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു . പക്ഷെ നമ്മുടെ വിശ്വാസത്തിനു ഇപ്പോഴും ഇളക്കം ഒന്നും ഇല്ല ....ഉണ്ടാവുകയുമില്ല .നിഷ്കാമ കര്‍മ്മം അനുഷ്ടിക്കുന്നവന്റെ കൂടെ ആണ് എന്നുംഈശ്വരന്‍ .