October 20, 2012

കലിവേഷം ( നാടകം)

     ഏറ്റവും ജനകീയമായ കലാരൂപമാണ്‌ നാടകം. പുസ്തകപ്പുഴുവായി മാത്രം ജീവിച്ചിരുന്ന കാലത്ത് തോപ്പില്‍ ഭാസിയുടെയും മറ്റും കുറെ നല്ല നാടകങ്ങള്‍ വായിച്ചിരുന്നു എങ്കിലും, സ്റെജില്‍ കാണുന്ന നാടകങ്ങളെ സ്നേഹിക്കാന്‍ തോന്നിയിരുന്നില്ല, ഒരിക്കലും. മുഖത്ത് ചായങ്ങളും മിനുക്കുകളും പൂശി ആടയാഭരണങ്ങളും അണിഞ്ഞു ഉറഞ്ഞു തുള്ളുന്ന ഉര്‍വരതയുടെ രൂപങ്ങളോടുള്ള ആരാധന എറിയത്‌ കൊണ്ടാകണം. വിപ്ലവത്തിനോടുള്ള പ്രേമം മൂലം കെ പി എ സി യുടെ കുറെ നാടകഗാനങ്ങള്‍ നാവിന്‍ തുമ്പിലും ഓര്‍മയിലും തുള്ളിക്കളിക്കാറുണ്ട് എന്നത് ഒഴികെ നാടകം എന്ന കലാരൂപവുമായുള്ള എന്‍റെ ബന്ധം തുലോം വിരളം. ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നേ എന്ന് ചോദിച്ചാല്‍....വഴിയെ പറയാം..
     വിദ്വേഷത്തിന്റെയും പകയുടെയും ചൂടില്‍ കത്തിയാളുന്ന കലി, എല്ലാ വൈഷമ്യങ്ങള്‍ക്കും ഒടുവില്‍ തന്‍റെ വിജയം ഉറപ്പാക്കാന്‍ വെമ്പുന്ന നളന്‍, ഇവര്‍ക്കിടയില്‍ നിറഞ്ഞു ആടുന്ന ബഹുകര്‍മിയായ നടന്‍. പകര്‍ന്നാട്ടത്തിന്റെ ഈ അസുലഭ മുഹൂര്‍ത്തം ആട്ടചുവടുറപ്പിച്ച കഥകളിയരങ്ങിലെതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. പുരാണത്തിലെ നളചരിതം കഥയെ ആധാരമാക്കി ശ്രീ കാവാലം നാരായണ പണിക്കര്‍ ചിട്ടപ്പടുതിയെടുത്ത സംസ്കൃത നാടകമായ 'കലി വേഷ' ത്തിന്റെ രംഗ പടം ഉയരുമ്പോള്‍ ആണ് ഈ രംഗം. കേരളത്തില്‍ വളരെക്കുറച്ചു അരങ്ങുകളില്‍ മാത്രം അവതരിപ്പിക്കപ്പെട്ട ഈ നാടകം അവതരണ ഭംഗി കൊണ്ടും കഥയുടെ സത്ത നഷ്ടപ്പെടുത്താത്ത ചിട്ടപ്പെടുത്തല്‍ കൊണ്ടും എല്ലാത്തിലും ഉപരി രംഗബോധം ഉള്ള നടന്മാരാലും അനുഗ്രഹിക്കപ്പെട്ടത്‌ തന്നെ. 
സാരാംശം (കഥ): 
കുണ്ടിന രാജകുമാരിയായ ദമയന്തിയില്‍ അനുരക്തനായ കലി, അവളെ നളന്‍ വിവാഹം കഴിച്ചതോടെ പക പോക്കാനായി നടത്തുന്ന ശ്രമങ്ങള്‍ ആണ് കലി വേഷം എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം. നള ദമയന്തീ വിവാഹാ നന്തരം അവരെ തമ്മില്‍ അകറ്റാനും അതുവഴി ദമയന്തിയെ സ്വന്തമാക്കാനും വേണ്ടി നിഗൂഡമായ പദ്ധതി തയാറാക്കുന്നു. പക്ഷെ കളിക്ക് ഭൂമിയി സ്വന്തമായ ഒരു നിലനില്‍പ്പില്ല. അതിനാല്‍ അവന്റെ പ്രവര്‍ത്തിക്കു ഒരു മാധ്യമം ആവശ്യമായി വരുന്നു. അവിടെയാണ് കഥയിലെ പ്രധാനിയായ നടന്റെ രംഗ പ്രവേശം. " നടോഹം" എന്ന് പറഞ്ഞ്  അരങ്ങില്‍ ആദ്യം എത്തുന്നതും നടന്‍ തന്നെ. ബ്രാഹ്മന്യത്തിന്റെ പ്രതീകമായ പൂണൂലും ധരിച്ചു സരസമായി സംസാരിക്കുന്ന നടനെ കലി കണ്ടെത്തുന്നു. അവന്‍ തന്നെ ഉചിതന്‍ എന്ന് തിരിച്ചറിഞ്ഞ കലി നടനില്‍ ആവേശിക്കുന്നു. ഓരോ കാലത്തും തന്റെ മാധ്യമം ആയി വര്‍ത്തിക്കാന്‍ കലി  നടനെ പ്രലോഭിപ്പിക്കുന്നു. നള രാജധാനിയില്‍ എത്തുന്ന നടന്റെ വേഷം കളിയുടെ സഹചാരിയായി മൂല കഥയില്‍ അവതരിപ്പിക്കപ്പെട്ട ദ്വാപരന്റെതാണ്. ചൂതാട്ടത്തിന് വെല്ലു വിളിച്ച ദ്വാപരനോട് തോറ്റ്‌  നളന്‍ രാജ്യഭ്രഷ്ടന്‍  ആകുന്നു. ദമയന്തിയോടൊപ്പം നളന്‍ കാട്ടിലേക്ക് യാത്രയാകുന്നു, നടന്‍ തന്റെ വീട്ടിലേക്കും.
          തന്റെ ചര്യകളിലേക്ക്‌ മടങ്ങി പോകാന്‍ ശ്രമിക്കുന്ന നളനില്‍ കലി  വീണ്ടും ആവേശിക്കുന്നു. നടക്കുന്ന വഴിയിലെല്ലാം തങ്ങളെ പിന്തുടരുന്ന എന്തിന്റെയോ സാന്നിധ്യം ദമയന്തി തിരിച്ചറിയുന്നുണ്ട്. ഇത്തവണ നടന്റെ രൂപം വ്യത്യസ്തമാണ്. അങ്ങനെ കലിയും നടനും ചേര്‍ന്ന് നളനില്‍ ആവേശിക്കുന്നതോടെ കലിവേഷത്തിന്റെ പകര്‍ന്നാട്ടം സമ്പൂര്‍ണം ആകുന്നു. ഇനി ഉള്ളത് നടന്റെ ജീവിതമാണ്.വീട്ടില്‍ എത്തിയ നടന്റെ സ്വഭാവത്തില്‍ ഉള്ള വ്യത്യാസം ഭാര്യയെ സംശയാലുവാക്കുന്നു. അവളുടെ ചോദ്യങ്ങള്‍ക്കൊക്കെ നടന്‍ സാധാരണക്കാരനെപ്പോലെ മറുപടി പറയുന്നു. എങ്കിലും, ഈ വേഷത്തിനു പകരം നന്മയുടെ പ്രതീകമായ ഏതെങ്കിലും ഒരു വേഷം മതിയായിരുന്നു എന്ന് നടന്റെ മനസും ചിന്തിക്കാതിരുന്നില്ല. അരങ്ങില്‍ തെളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന കലി  നടനില്‍ ഉണ്ടായ വ്യത്യാസം സാധാരണക്കാരന്‍ ആയ പ്രേക്ഷകന് പോലും പറഞ്ഞു കൊടുക്കുന്നുണ്ട്.
     നളന്റെ വഴി വേറൊന്നായിരുന്നു. കളി ബാധിച്ചു, ദമയന്തിയെ ഉപേക്ഷിച്ചു കാട്ടില്‍ കൂടി അലഞ്ഞു തിരിയുന്ന നളന്‍, മാര്‍ഗമദ്ധ്യേ തീയില്‍ പെട്ട് വലഞ്ഞ കാര്‍ക്കൊടകനെ കണ്ടുമുട്ടുന്നു. തന്നെ തൊടുന്നവരെ ദംശിക്കുന്ന കാര്‍ക്കൊടകനെ തീയില്‍ നിന്ന് രക്ഷിച്ചാല്‍ അത് തനിക്കു ആപത്താകുമോ എന്നാ ഭയം നളനില്‍ ഇല്ലാതില്ല എങ്കിലും ആ നന്മ നളന് നല്ലതേ വരുത്തൂ എന്ന കാര്‍ക്കോടകന്റെ വാക്കില്‍ വിശ്വസിച്ചു നളന്‍ കാര്‍ക്കൊടകനെ രക്ഷപെടുത്തുന്നു. കാര്‍ക്കോടകന്‍ നളനെ ദംശിക്കുന്നു. വിഷം ശരീരത്തില്‍ വ്യാപിക്കുന്നതിനോപ്പം കലി നളനെ വിട്ടുമാറ ുന്നു. അരൂപിയായ കലിയെ നളന്‍ ശാസിക്കുന്നു. മേലാല്‍ നല്ലവരിലോ സജ്ജനങ്ങളിലോ തന്റെ അസ്ഥിത്വം സ്ഥാപിക്കരുത് എന്ന താക്കീത് ചെയ്യുന്നിടത്ത് നാടകം അവസാനിക്കുന്നു.  
      നാടകത്തിലെ ഏറ്റവും മനോഹരമായ ആശയം, അസ്ഥിത്വം ഇല്ലാത്ത കലി എന്ന സങ്കല്പം തന്നെ. മനുഷ്യന്റെ ചിന്തകളെ കാര്‍ന്നു തിന്നുന്ന കലി എന്ന വികാരവും പുരാണത്തിലെ കലിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ചിന്ത. ദൈവികമോ ആസുരമോ ആയ ഒരു പരിവേഷം നല്‍കാതെ നിത്യ പരിചിതമായ ഒരു വികാരം ആക്കി കലിയെ പരിചിതനാക്കി മാറ്റുകയാണ് നാടകകൃത്ത്  ചെയ്തിരിക്കുന്നത്. പുരാണങ്ങളിലും വിശ്വാസങ്ങളിലും ഉള്‍ക്കൊള്ളുന്ന ആധുനികതയുടെ വിത്തുകളെ തേടുവാനുള്ള ഒരു ശ്രമം ആയി കലിവേഷത്തെ കാണുന്നതില്‍ തെറ്റില്ല. സംസ്കൃത നാടകത്തിന്റെ ചട്ടക്കൂടില്‍  ഒതുങ്ങാതെ ആനുകാലിക പ്രസക്തിയോടെ കഥ പറയുന്ന 'കലി വേഷം' അരങ്ങില്‍ മാത്രമല്ല മനസിലും നിരഞ്ഞാടും എന്നതില്‍ മാറ്റം ഇല്ല.
ഇനി ചിത്രങ്ങളിലൂടെ:
കടപ്പാട്: ഗിരീഷ്‌ മേനോന്‍, എ കെ ബിജുരാജ്, ഭാഷാഭാരതി 
September 12, 2012

ആറ്റിലെ നിധി തേടി

            പി എച് ഡി യ്ക്ക് ചേര്‍ന്ന ആദ്യ നാള്‍ മുതല്‍ സീനിയര്‍ സാക്ഷാല്‍ ശ്രീമതി ശാന്തീ സതീഷ്‌ (നേരത്തെ ഒരു കഥയിലെ നായികയായ ശാന്തി ചേച്ചി തന്നെ) പറഞ്ഞ് പേടിപ്പിച്ച ഇനം ആണ് ഈ സാമ്പിള്‍ കളക്ഷന്‍ എന്ന പരിപാടി. തനി കൊളോക്കിയല്‍ ആയി പറഞ്ഞാല്‍ സാദാ മീന്‍ പിടുത്തം തന്നെ സംഭവം. രാവിലെ തിരുമുറ്റത്ത്‌ കൊണ്ട് തരുന്ന മീനിന്റെ കൂട്ടത്തില്‍ മത്തിയും അയലയും നത്തോലിയും അല്ലാതെ മറ്റൊരു മീനിന്റെ പേര് പോലും അറിയാത്ത എന്നോട് മീനിന്റെ കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ടും, അതിലുപരി സുഹൃത്തും കുടുംബ സുഹൃത്തും ഒക്കെകൂടി ആയിപ്പോയത് കൊണ്ടും നാട്ടിലെ അറിയാവുന്ന വലക്കാരെയൊക്കെ  പറഞ്ഞ് തരാം എന്ന് ഇടയ്ക്കിടെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു എന്ന വലിയ സത്യവും ഞാന്‍ മറച്ചു വയ്ക്കുന്നീല്ല. പക്ഷെ അവസാനം തീയില്‍ ചാടാന്‍ സമയം ആയപ്പോള്‍ ഫയര്‍ ഫോഴ്സ്കാരെ ആരെയും കാണ്മാന്‍ ഇല്ലാത്തത് കൊണ്ട് ഞാനും, ഒറ്റയ്ക്ക് പോകാനുള്ള ദൈര്യക്കൂടുതല്‍ കൊണ്ട് അച്ഛനും കൂടി ഐശ്വര്യമായിട്ടു വലയിടാന്‍ ആളെ തിരക്കി ഇറങ്ങി.
തൊടിയൂര്‍ പാലം 
          പള്ളിക്കല്‍ ആറ്‌ (കേള്‍ക്കുമ്പോഴേ വിചാരിക്കരുത് എനിക്ക് ഈ പള്ളിക്കല്‍ മാത്രേ ഉള്ളോ എന്ന്, സംഭവം കേരളത്തിലെ 44 നദികളില്‍ പെട്ട ആള്‍ തന്നെ)  ന്‍റെ തീരത്ത് സ്ഥിരമായി മീന്‍ പിടിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള യാത്ര ചെന്നു അവസാനിച്ചത്‌ തൊടിയൂര്‍ പാലത്തിനടുത്ത്. നാട്ടില്‍ കൂടിയുള്ള രണ്ടേരണ്ട്‌ ആനവണ്ടികളും പോകുന്നത് ആ വഴിക്ക് തന്നെ ആയതു കൊണ്ട് യാത്ര ബഹുരസം. രാവിലെ 6.30 ന്‍റെ ബസ്‌ നു തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. അവിടെ എത്തിയപ്പോള്‍ . പാലത്തിനു തൊട്ടടുത്ത് ഒരു ചെറിയ ചായക്കട. മുറ്റത്ത്‌ ഒന്ന് രണ്ട്‌ ബഞ്ചുകളും ഒരു പത്രവും. നടത്തിപ്പ് ഒരു അമ്മയാണ്. അവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു. നാട്ടിലെ വിവരങ്ങള്‍ തിരക്കാന്‍ എളുപ്പം എപ്പോഴും ചായക്കട തന്നെ. പരിചയം ഇല്ലാത്ത മുഖങ്ങള്‍ ആയതുകൊണ്ട് ചായയ്ക്കൊപ്പം ഒരായിരം ചോദ്യങ്ങളുമായാണ്‌ കക്ഷി എത്തിയത്. എവിടുന്നാ? എന്താ? ഇത്യാദികള്‍ക്ക്‌ ഉത്തരം കിട്ടിയപ്പോഴേക്കും ആളിന് ബഹു സന്തോഷം. കസ്റ്റമേഴ്സ് കൂടി കൂടി ബഞ്ചുകള്‍ എല്ലാം നിറഞ്ഞപ്പോഴേക്കും പള്ളിക്കല്‍ ആറും അതിലെ പ്രശ്നങ്ങളും ഒരു ആഗോളവിഷയം ആയി. നാട്ടിലെ ലോക്കല്‍ മണ്ണ് കടത്തലുകാര്‍ മുതല്‍ വൈ ഫൈ ടീം ന്‍റെ വരെ പേരും അഡ്രസ്‌ ഉം പലഭാഗത്ത്‌ നിന്നും ഉയര്‍ന്നു വന്നു, ഒപ്പം ഒരായിരം കഥകളും. കൂട്ടത്തില്‍ ഇരുന്ന് എഴുതിയെടുതാല്‍ തട്ട് കിട്ടിയാലോ ന്ന് പേടിച്ചു ഞാന്‍ പതിയെ recorder ഓണ്‍ ചെയ്തു. കുറച്ചു മീനിനെ കൂടി പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ അവിടെ അടുത്തുള്ള ഒരാളിനെ പരിചയപ്പെടുത്തി തന്നു. കാര്യം പറഞ്ഞപ്പോള്‍ " ദാ പോയി ദേ വന്നു" ന്നും പറഞ്ഞ് ആള്‍ സൈക്കിള്‍ ഇല്‍ വീട്ടിലേയ്ക്ക്. പത്തു മിനിട്ടിനുള്ളില്‍ ആളും വലയും എത്തി.


പള്ളിക്കല്‍ ആറ് 


പാലത്തിനും അപ്പുറം വട്ടക്കായല്‍ ചേരുന്ന സ്ഥലം 


വല വീശാം വണ്‍ ...


ടൂ.... 


ത്രീ.....

നിധി എങ്ങാന്‍ ഉണ്ടെങ്കിലോ...???
         പാലത്തിനു താഴെ ബണ്ട് കെട്ടിയ ആറിനും വട്ടക്കായലിനും ചുറ്റുമായി വല വീശാനുള്ള സ്ഥലങ്ങള്‍ ഒക്കെ മാര്‍ക്ക്‌ ചെയ്ത് ഇട്ടിരിക്കുകയാണ് പുള്ളി. കിട്ടുന്ന മീനുകളെയെല്ലാം പെറുക്കിയെടുത്ത്‌ തരുന്നതിനിടയില്‍ പണ്ടത്തെ പ്രഭാവകാലത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കാനും മറന്നില്ല ട്ടോ. കൂട്ടത്തില്‍ കിട്ടിയ ഒരു കുഞ്ഞു ജീവിയെ എന്താന്നു പോലും നോക്കാതെ എടുത്ത് ഒരേറ്. കോളേജിലെ സ്പെസിമന്‍ കൂട്ടത്തില്‍ കണ്ട പരിചയം വച്ചു ചെന്നു എടുത്തു നോക്കിയപ്പോള്‍ ആളൊരു പാവം മീന്‍ ആണ്.  അവര്‍ അതിനെ വാല്‍മാക്രി എന്ന വിളിക്കുന്നത്‌. ഒരുകാലത്തും വാല് മുറിയാത്ത വാല്‍മാക്രി. വളര്‍ന്നു വലിയ തവള ആകില്ല എന്ന് കൂടി കേട്ടപ്പോള്‍ അച്ഛന്‍റെ മുഖത്ത് ആകെ സംശയം. അങ്ങനെയും ഒരു വാല്‍മാക്രിയോ എന്ന്. കഴിക്കാന്‍ പറ്റാത്ത ഒന്നിനെയും അവരാരും മീനായിട്ടു കൂട്ടില്ല എന്ന് ഉറപ്പായി. എന്തായാലും കരിമീനോ ആറ്റു കൊന്ച്ചോ വേണാച്ചാല്‍ രാവിലെ അങ്ങട് വച്ചു പിടിച്ചോളൂ.
ഇവന്‍ ആണ് വാല്‍മാക്രി 
പൂവാലി പരല്‍ 
       കുറെ തവണ വല വീശിയപ്പോഴേക്കും നല്ല വെയില്‍ ആയി. പിന്നവിടെ കൂടുതല്‍ നിന്നു സൂര്യനെ കറപ്പിക്കണ്ടാ എന്ന് കരുതി വലക്കാരന് കാശും കൊടുത്തു തിരിച്ചു നടന്നു. അപ്പോഴേക്കും നമ്മുടെ കലാഭവന്‍ മണിയുടെ പാട്ടിലെ പൂവാലിപരലും, കോലാനും പിന്നെ വേറെകുറെ മീനുകളും കിട്ടിയിരുന്നു. തിരിച്ചു വരുമ്പോള്‍ തൊടിയൂര്‍ പാലത്തില്‍ ഏതോ കലാകാരന്‍ വരച്ചിട്ട ഒരു ചുവര്‍ ചിത്രം കണ്ടു. അതിന്‍റെ  ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ തൊട്ടടുത്തുള്ള കടയിലെ ചേട്ടന്‍ ആര്‍ടിസ്റ്റ്നെ കാട്ടി തന്നു. ആളൊരു പെയിന്റിംഗ് തൊഴിലാളിയാണ്, ഒരു കലാകാരന്‍ താടിയും ഒക്കെ വച്ചു നടക്കുന്ന നിശബ്ദന്‍. അച്ഛന്‍ എന്ത് ചോദിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ അവര്‍ പറഞ്ഞ്, ചോദിച്ചിട്ട് കാര്യം ഇല്ലെന്നു. 
ചുവര്‍ ചിത്രം 
        ബണ്ട്നു അപ്പുറത്തുള്ള റോഡില്‍ കരുനാഗപ്പള്ളി - അടൂര്‍ ട്രാന്‍സ്പോര്‍ട്ട് വന്നതു കണ്ട് ഓട്ടം തുടങ്ങിയത് കൊണ്ട് കൂടുതലൊന്നു അറിയാന്‍ കഴിഞ്ഞില്ല. അടുത്ത സീസണിലും വരുമ്പോള്‍ വിളിക്കാന്‍ വേണ്ടി തുളസി ചേട്ടന്റെ നമ്പര്‍ ഉം വാങ്ങി ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക്. അങ്ങനെ ആദ്യത്തെ സ്പെസിമെന്‍ കളക്ഷന്‍ അവസാനിച്ചു
ശുഭം.

May 31, 2012

വിട

ഇനിയൊന്നും പറയാനില്ല. എന്‍റെ വാക്കുകള്‍ ഇവിടെ അവസാനിക്കുന്നു. പറയുന്നതിന് അര്‍ത്ഥമില്ലതാകുമ്പോള്‍ പിന്നെ എന്തിനു വീണ്ടും.....
തിരിച്ചു വരില്ല എന്ന് പറയില്ല... വന്നേക്കാം....പക്ഷെ....
എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ ഇടയില്‍ എപ്പോഴെങ്കിലും ഒക്കെ ഒരു ആസ്വാദകയായി എത്താന്‍ ശ്രമിക്കാം. നന്ദി....
സ്നേഹപൂര്‍വ്വം....

April 21, 2012

ഉത്സവ വിശേഷങ്ങള്‍


പള്ളിക്കല്‍ ശ്രീ കണ്ടാളസ്വാമി ക്ഷേത്രം : ഉത്സവ വിശേഷങ്ങള്‍

           മീന മാസത്തിലെ ഉത്രം മുതല്‍ ഉത്രാടം വരെയുള്ള പത്തു ദിവസങ്ങള്‍ ആണ് പള്ളിക്കല്‍ അമ്പലത്തിലെ ഉത്സവ നാളുകള്‍. അതില്‍ പത്താം നാള്‍ വൈകിട്ട് നാട്ടിലെ എല്ലാ കരക്കാരുടെയും കൂടാതെ നേര്‍ച്ചയായി നടത്തുന്ന ആള്‍ക്കാരുടെയും കെട്ടുരുപ്പടികളും ആനകളും മാനത്ത്‌ നിറയുന്ന നിറങ്ങളുടെ ഭംഗിയും അമ്പല മുറ്റത്താകെ നിറയുന്ന ബലൂണുകളും മേളവും ഒക്കെയായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം എത്തുന്ന കെട്ടുത്സവവും ആറാട്ടും. ഓണത്തിന് വന്നില്ലെങ്കിലും ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും നാട്ടുകാരെല്ലാം ഒരു ദിവസത്തേക്കെങ്കിലും തിരിച്ചെത്തുന്ന ദിവസം. ഇത്തവണയും ഉത്സവം ഗംഭീരമായിരുന്നു. 22 കെട്ടുരുപ്പടികളും 26 നേര്‍ച്ച ആനകളും പിന്നെ ദേവസ്വത്തിന്റെ 3 ആനകളും ഒക്കെയായി  ഇടയ്ക്ക് നനയിച്ച മഴ പോലും തണുപ്പിക്കാത്ത നല്ലൊരു ദിവസം.

ഒരു ചെറിയ ഉത്സവം പങ്കുവയ്ക്കുന്നു.

ശിങ്കാരി മേളം 
  
സ്വീകരണത്തിന് മുന്‍പ്..

ഒരു കലാശ കൊട്ട്...കാത്തു നില്പൂ..

അമ്പല മുറ്റം

സ്വീകരണത്തിന് ദേവന്‍ വരുന്നതും കാത്ത്...കതിര് കാള...


ഒന്നാം നമ്പര്‍ തന്‍ കര ഗണപതിയമ്പലം ഭാഗം ഇരട്ട കാള 

രണ്ടാം നമ്പര്‍ പള്ളിക്കല്‍ വടക്കേ കര.

നമ്പര്‍ മൂന്നു: വല്യയ്യത് 

നമ്പര്‍ നാല് വടക്കേകര കിണറുവിള ഭാഗം 
നമ്പര്‍ അഞ്ച് പള്ളിക്കല്‍ തന്‍ കര കള്ളപ്പന്‍ചിറ 

ആറാം നമ്പര്‍ ഇളംപള്ളില്‍ മേക്കുന്ന് മുകള്‍ 

ഏഴ്: ഹരിശ്രീ ചാല 


പറമ്പ് നിറഞ്ഞേ...

Add caption

ആറാട്ട്‌ എഴുന്നെള്ളത്ത് 
      
      ഇത്രേയുള്ളൂ എന്ന് കരുതല്ലേ. വേറെയും ആള്‍ക്കാര്‍  ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ശ്രീജിത്ത് ന്റെ ക്യാമറയില്‍ പതിഞ്ഞവ ഇത്രയേ ഉള്ളു. ശ്രീജിത്ത്‌ നു ഒരു സ്പെഷ്യല്‍ താങ്ക്സ്. 

April 20, 2012

തിരികെ


ഒരു പുലര്‍കാലം ഇലത്തുമ്പില്‍ മറന്നു വച്ച ഒരു കുഞ്ഞു മഞ്ഞിന്‍ കണമായിരുന്നു പ്രണയം...
തൊട്ടെടുക്കാന്‍ മടിച്ചു ഞാന്‍, എന്‍റെ വിരല്‍ത്തുമ്പിന്റെ ചൂടില്‍ അതുരുകി പോകുന്നത് സഹിക്കാനാവുമായിരുന്നില്ല.

പിന്നെപ്പോഴോ ഒരു മഴയായി അതെന്നിലേക്ക് വന്നു, പാടത്തും പറമ്പിലും മുറ്റത്തും പെയ്തടുത്ത് അവസാനം മനസിലേക്കും...!!!

നനയാതിരിക്കാന്‍ ആയില്ല..

ആ മഴക്കാലത്തിനും അപ്പുറം എനിക്കായ് മാത്രം കാത്തിരിക്കുന്ന വേനലിന്റെ ഊഷരതയെ എന്തുകൊണ്ടോ ഞാന്‍ മൂടിവയ്ച്ചു...എന്‍റെ കണ്മുന്നില്‍ നിന്നും...!!

പിന്നെ,
പാടത്തെ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും മഴത്തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ച്‌ നീ തിരിച്ചിറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തു...
 കാത്തിരുന്ന എനിക്കായി ഒരു വാക്ക് പോലും ബാക്കി വയ്ക്കാതെ.....

പടി കടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍  ജനലഴികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി...
പക്ഷെ നീ ഞാനായിരുന്നില്ല....
ഈ ലോകം മുഴുവന്‍ നിന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്നത് സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു എന്‍റെ കൂട്ടിലേക്ക്....
തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്‍ പീലിയിലും ഉണ്ടായിരുന്നു നീ തന്നു പോയ ഒരു ചെറു മഴത്തുള്ളി....

April 18, 2012

ചില്ലുജാലകവാതിലില്‍...ചില്ലുജാലകവാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍ 
മെല്ലെയൊന്നു കിലുങ്ങിയോ കൈ വളകളറിയാതെ
മഞ്ഞണിഞ്ഞൊരു പാതയില്‍...
മഞ്ഞണിഞ്ഞൊരു പാതയില്‍ മനസൊന്നു ചെല്ലുമ്പോള്‍ 
നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതെ 

ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ
മലരണിഞ്ഞു നിറഞ്ഞു ചില്ലകളവനു കണിയേകാന്‍ 
എത്ര സ്നേഹവസന്തചമയമണിഞ്ഞുവെന്നാലും
ഇന്നിതേവരെ ആയതില്ലൊരു ചെണ്ട് നല്കീടാന്‍
അവനൊരു ചെണ്ട് നല്കീടാന്‍....   

കുളിരു കുമ്പിളില്‍ ഉള്ള തെന്നലിനെവിടെയും ചെല്ലാം 
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയൊരിടയനരികെയിരുന്നു വെന്നാലും
 മതിമറന്നുണരേണ്ട  കൊലുസ്സിനു മൌനമോ എന്തോ
പുതിയൊരു മൌനമോ എന്തോ...

ഈ പാട്ടിനോട് ഇന്നെനിക്കൊരു പ്രത്യേക ഇഷ്ടം....

March 22, 2012

എന്‍റെ നാട്


പള്ളിക്കല്‍, എന്‍റെ സ്വന്തം നാട്. 
        പത്തനംതിട്ട ജില്ലയുടെ ഒരു കോണില്‍ ഒതുങ്ങുന്നു എങ്കിലും അത്ര പാവം ഒന്നും അല്ല. ഈ പേരില്‍ തന്നെ കുറെയേറെ സ്ഥലങ്ങള്‍ ഉള്ളത് കൊണ്ടു ആര്‍ക്കെങ്കിലും പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ അടൂര്‍ എന്ന് കൂടി ചേര്‍ത്തു പറയേണ്ടി വരും എന്നോഴിച്ചാല്‍ വേറെങ്ങും ചാഞ്ഞു നില്‍ക്കുന്ന സ്വഭാവം നാടിനും നാട്ടുകാര്‍ക്കും ഇല്ല. അതുകൊണ്ടാകും പണ്ടാരൊക്കെയോ പറഞ്ഞത്" പള്ളിക്കല്‍ പോണേല്‍ പകലേ പോണം" എന്ന്.  കുറച്ചു പുരോഗമനം കൂടിയ ഗ്രാമം, അങ്ങനെ കരുതാം പള്ളിക്കലിനെ. കുറച്ചൊക്കെ പരിഷ്കാരം വന്നിട്ടുണ്ടെങ്കിലും ഗ്രാമത്തിന്റെ ഭംഗിയും വിശ്വാസങ്ങളും ഒന്നും കൈവിട്ടു പോയിട്ടില്ല ഇതുവരെയും. ക്ഷേത്രവും, കാവുകളും, ആല്‍മരചുവടും ഉത്സവങ്ങളും, വയലേലകളും, തോടും, കുളങ്ങളും ഒക്കെയുണ്ട് ഇവിടെ. നമുക്കാ വയലിലൂടെ അല്‍പ്പം നടക്കാം..


      പള്ളിക്കല്‍ ശ്രീകണ്ടാളസ്വാമിക്ഷേത്രം. ശിവ ക്ഷേത്രങ്ങളില്‍ വളരെ കുറച്ചു മാത്രമേ ഉള്ളു ഈ ഒരു പ്രതിഷ്ഠ. കാളിയ മര്‍ദന സമയത്ത് ഉണ്ടായ വിഷം കുടിച്ചു ഭൂമിയെ രക്ഷിച്ച ശേഷം ലോകത്തിനു അനുഗ്രഹം ചൊരിയുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മറ്റു ശിവ ക്ഷേത്രങ്ങളിലെ പോലെ ചുറ്റു തൊഴരുത് എന്നൊന്നും ഇല്ല. മീനത്തില്‍ ഉത്രം മുതല്‍ ഉത്രാടം വരെ യാണ് ഉത്സവം. ഉത്സവത്തിനു ഒരുക്കുന്ന കതിരുകാള പ്രസിദ്ധമാണ്. നാടിന്റെ ധാന്യസമൃദ്ധിയുടെ ചിഹ്നം.  

കതിരുകാള


അമ്പലത്തില്‍ ഉത്സവത്തിനു പ്രധാനം കെട്ടുകാളകളും   ആനയുമാണ്. ഓരോ കരയ്ക്കും കര കെട്ടുകളും അതല്ലാതെ ക്ലബുകളുടെയും വീട്ടുകാരുടെ നേര്ച്ച കാളകളും ഒക്കെയായി മുപ്പതോളം എങ്കിലും ഉണ്ടാകും. അതുപോലെ തന്നെയാണ് ആനകളുടെയും കാര്യം. ദേവസ്വത്തിന്റെ മൂന്നു പേരും പിന്നെ നേര്‍ച്ചയായി എത്തുന്നവരും.


  ഉത്സവത്തിന്റെ വിശേഷങ്ങളില്‍ പ്രധാനം കഥകളിയും വേലകളിയും തുള്ളലും ഒക്കെതന്നെ. ഇതൊന്നുമില്ലാത്ത ഒരു ഉത്സവം ചിന്തിക്കാനെ പറ്റില്ല.

കള്ളപ്പഞ്ചിരയുടെ കെട്ടുരുപ്പടി 
      അമ്പലം മുതല്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗണപതി ക്ഷേത്രം വരെ റോഡിനു ഇരുവശവും വയലാണ്. രാവിലെ തന്നെ ഇറങ്ങി നടന്നാല്‍ സുഖമുള്ള കാറ്റിനൊപ്പം കുറെ അത്ഭുതങ്ങളും കാണാം. വയലില്‍ വാഴ, ചേന,  ചേമ്പ് എന്നിങ്ങനെ തുടങ്ങി ജാതി വരെ കൃഷി ചെയ്യുന്നുണ്ട്. ഏതു സമയത്ത് ചെന്നാലും വിജനമായിരിക്കില്ല എന്നതാണ് ഈ വഴിയുടെ പ്രത്യേകത. വയലില്‍ ആളില്ലാതെ വരുക എന്നൊന്ന് ഉണ്ടാകില്ല.   
ഗണപതി അമ്പലത്തിലെ രുദ്രാക്ഷം പൂത്തപ്പോള്‍ 

മഴ മുത്തുകള്‍ 
       നേരെ കുറച്ചേറെ നടന്നാല്‍ കല്ലുടുമ്പില്‍ എത്താം.  ആറാട്ട്‌ ചിറയില്‍ എത്തുന്ന വെള്ളത്തിന്റെ ഒരു സ്രോതസ് ആണ്.ഇതുവരെ ഒരു കാലത്തും അവിടുത്തെ ഉറവ വറ്റിയിട്ടില്ല. ശാസ്താംകോട്ട അമ്പലത്തിന്റെ ഓവ് ചാലിലെ വെള്ളമാണ് ഇതിലെതുന്നത് എന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം. അവിടെ അര്‍ച്ചിക്കുന്ന  പൂവും മലരും ഒക്കെ ഇവിടെ എത്തുമെന്നും അതുകൊണ്ട് ശുദ്ധി വിടാതെ കാക്കേണ്ട സ്ഥലമാണ് എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ടു കുറച്ചു പാറക്കല്ലുകള്‍ക്കിടയില്‍ നിന്നൊഴുകി ചെറിയൊരു കുഴിയിലേക്ക് നിറയുന്ന വെള്ളം ആയിരുന്നത്രെ. പക്ഷെ ഇപ്പോള്‍ ഒരു ചെറിയ കുളമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. 

കല്ലുടുമ്പ്
വഴിയില്‍ കണ്ടതാണ് ഈ സുന്ദരി ക്ടാവിനെ. കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്.
ശംഖു മാര്‍ക്ക്‌...
       കല്ലുടുമ്പില്‍ നിന്നു വരുന്ന ചാല്‍ എത്തുന്നത്‌ ആറാട്ട്‌ ചിറയില്‍ ആണ്. ഉത്സവത്തിനു ദേവന്റെ ആറാട്ട്‌ നടക്കുന്നത് ഈ ചിറയിലാണ്. തൊട്ടടുത്ത് നല്ലൊരു കാവും.  കല്ലുടുമ്പും ആറാട്ട്‌ ചിറയും ഒക്കെ യോജിപ്പിച്ച് കൊണ്ടു ഒരു ജലസേചന പദ്ധതി ഒരുങ്ങുന്നുണ്ട് എന്നും അറിയുന്നു.
ആറാട്ട്‌ ചിറ 

ആറാട്ട്‌ ചിറ 

ആല്‍തറ 

വെള്ള പൈന്‍ പൂക്കള്‍ 

പറത്തൂര്‍ കാവിലെ പന 

പുളിയതറ കാവ് 
      വഴിയില്‍ ഉത്സവം പ്രമാണിച്ച് കെട്ടുകാളയുടെ അലങ്കാരങ്ങള്‍ ഒക്കെ ഉണക്കാന്‍ ഇട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പതാകയ്ക്കാണെന്ന് തെറ്റിദ്ധരിക്കല്ലേ.

ഇനിയിപ്പോള്‍ തിരിച്ചു വീട്ടിലേക്കു നടക്കാം. എന്തായാലും തിരിച്ചു നടക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ പാലം കയറുക തന്നെ.

വയലില്‍ കൂടി തിരിച്ചുള്ള യാത്ര തീരുന്നത് അമ്പലക്കുളത്തിന്റെ അടുത്താണ്. വഴിയില്‍ ഒരു ആലയുണ്ട്. വെള്ളചാലിന്റെ ഓരത്ത് കൂടി നടന്നു വരുമ്പോള്‍ വെള്ളത്തില്‍ ഒരു നീര്‍കാക്ക. അവന്‍ നീന്തിപോകുന്നത് ഒന്ന് ക്ലിക്കാം എന്ന് കരുതിയപ്പോള്‍ ആളിനിതിരി അഹങ്കാരം. എന്നേ തോല്‍പ്പിച്ചു തോടിന്‍റെ തിട്ടയ്ക്ക് പോയിരുന്നു. എന്നിട്ടും കിട്ടി ഒരു സ്നാപ്.   

തൂവലൊന്നു ഉണങ്ങട്ടെ.
         അങ്ങനെ തിരിച്ചു അമ്പലത്തിനു മുന്നില്‍ തന്നെ എത്തി. എന്തായാലും നടന്നു തീര്‍ത്ത മൂന്നു മണിക്കൂറുകള്‍ ഒട്ടും നഷ്ടമായില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ വീട്ടിലേക്കു പോകുന്നു.