Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

December 16, 2011

നിഴല്‍


നിഴലാണ് ഞാന്‍:
നിഴലാണ് ഞാന്‍; നിന്നിലഭയം കൊതിക്കുന്ന,
ഭൂമിതന്‍ ചലനത്തിലലിയാന്‍ മടിക്കുന്ന,
ജനനിയായണയുമുഷസ്സിനെ തേടുന്നോ-
രിരവിന്റെയൊരു കൊച്ചു തോഴി.


   പുലരിയിലെന്നോ ജനിച്ചു ഞാന്‍, പാദങ്ങ-
   ലടി വച്ചു മണ്ണില്‍ നടന്നു.
   ചുവടൊന്നു തെറ്റാതെ, യണു തെല്ലു മാറാതെ
   യകലാതെയൊപ്പം നടന്നു.


   പരശതം സത്യ ബീജങ്ങളായ് കത്തുന്ന
   പകലോന്റെ നേരിന്നു നേരെ
   മിഴിയൊന്നു നീട്ടാതെ, നിന്‍ പിന്നിലമരുന്നോ -
   രന്ധകാരത്തില്‍ മറഞ്ഞു.


   അരുണന്റെ രഥചക്രമുരുളവേ, മധ്യാഹ്ന-
   മുയിരിന്നു മീതെ തിളച്ചു നില്‍ക്കെ,
   ഒരു കൊച്ചു ബിന്ദുവായ്‌, കാലടിപ്പാടതി-
   ലഭയം തിരഞ്ഞു ഞാന്‍ നിന്നു.


   ചോടിയിലെച്ചോപ്പുമായ് മറയവേ, യര്‍ക്കന്റെ
   യവസാനരശ്മിയും വിടചോല്ലവേ,
   ഇരുള്‍ നീട്ടുമങ്കത്തടത്തില്‍ നിശാസ്വപ്ന-
   മിഴിപൂട്ടിയന്നു നീ നിദ്ര കൊള്‍കെ,


   തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
   യിരവിലീ ഞാനൊളിച്ചോട്ടെ.
   പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
   മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.


തിരയുന്നുവോ നീ; കാലമറിയാതിരുട്ടിന്റെ
മറപറ്റി മായാന്‍ കൊതിക്കുമെന്നെ,
അറിയുന്നുവോ നീ; യടുക്കുന്ന രാവിന്‍റെ
വിരഹത്തിലാര്‍ത്തയായ് കേഴുമെന്നെ.

July 19, 2011

അവള്‍

ഇടയ്ക്ക് എപ്പോള്‍ എങ്കിലും തലസ്ഥാന നഗരിയില്‍ എത്തിയാല്‍ വൈകുംനേരങ്ങള്‍ കഴിച്ചു കൂട്ടാന്‍  ഒരു കൊച്ച് സൌഹൃദ കൂട്ടായ്മ  ഉണ്ട്. നമ്മുടെ സ്വന്തം സ്വര്‍ണ ശൈലത്തിലെ (കനകക്കുന്ന്) മരച്ചുവട്ടില്‍ കുറച്ചു കഥയും കവിതയും പരദൂഷണവും കളിയും തമാശയും ആയി. വല്ലപ്പോഴും ഞാനും അതില്‍ ഒരു കട്ടുറുമ്പ് ആകാറുണ്ട്... ഇത്തവണ ചെന്നപ്പോള്‍ കഴിക്കാന്‍ വാങ്ങിയ കപ്പലണ്ടി മിറായിയുടെ  കവര്‍ പേജില്‍ ഒരു സ്ത്രീയുടെ ചിത്രം. ആ ചിത്രത്തെപ്പറ്റി ഒരു കവിതയെഴുതാനായി പിന്നെ പരിപാടി. അങ്ങനെ ഉണ്ടാക്കിയെടുത്തതാണ് ഈ വരികള്‍. വേറെ നല്ലതൊക്കെ ഉണ്ട് ട്ടോ, പക്ഷെ എന്റേതല്ല.
                                  [ആ ചിത്രം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല.അതുപോലുള്ള ഒന്നാണ് ഇടുന്നത്.]


നിശ്ചലമിരിപ്പവള്‍; കൈകളെപ്പിണച്ചുവെ-
ച്ചകലതൂന്നും വ്യര്‍ത്ഥ ചിന്തിത മിഴികളും,
പതിയെച്ചായും സന്ധ്യാ നേരതിനഴലാര്‍ന്ന-
പീത വര്‍ണ്ണത്താല്‍ മുഖമാകവേ വിളറിയും,

ചെറ്റു ദൂര ത്തായ്, തട്ടി തകരും സ്വപ്‌നങ്ങള്‍ തന്‍
തുണ്ടുകള്‍ക്കൊത്തീടുന്ന കൈവള കഷ്ണങ്ങളും
ശ്യാമ സര്‍പ്പത്തിന്‍ ഭീകരാകാരം പൂണ്ടീടുന്ന
ശ്യാമള കേശഭാരമാകവേ ചിതറിയും.

കൈപ്പിടി വിട്ടാല്‍ താഴെ മണ്ണിന്‍റെ മാറത്തെതാ-
നാര്‍ത്തി പൂണ്ടണയുന്ന നന്‍ മഴമുത്തു പോലെ
കണ്ണിണ തന്നില്‍ തുള്ളി തുളുമ്പും മിഴിനീരി-
ലര്‍ക്ക ദീപ്തിയാല്‍ നഷ്ട സ്വപ്‌നങ്ങള്‍ തിളങ്ങവേ.

വിസ്മൃതമൊരോര്‍മതന്‍ ഇത്തിരി വെളിച്ചതി-
ലര്‍പ്പിതമാകും നിജ ചഞ്ചല മനസോടെ-
യക്കൊച്ചു വൃന്ദാവന വാടിയില്‍ മരുവുന്നോ-
രെന്‍ സഖി, നിന്നെ കാണ്‍കെയുഴറീടുന്നൂ മനം.

April 30, 2011

നാഴികമണി

ഒരു നാഴികമണി ഞാനും വാങ്ങി, യെന്‍ മനസ്സിന്റെ 
കൂട്ടിലെ ശരപ്പക്ഷിക്കറിയാനീക്കാലത്തെ
എന്നുവാന്‍ കഴിയുന്നില്ലവള്‍ക്കീ മാറ്റങ്ങള്‍ തന്‍
അനന്ത പ്രവാഹത്തിന്‍ ചാലുകള്‍ അകലുമ്പോള്‍

ദിനങ്ങള്‍ കൊഴിയുമ്പോ, ളാഴ്ചകള്‍ അകലുമ്പോള്‍
നിമിഷങ്ങള്‍ എങ്ങോ പാറി പറന്നു തുടങ്ങുമ്പോള്‍
വേണമെന്നാശിച്ചു ഞാന്‍; അവയോന്നളക്കുവാന്‍
തൂലികയാലിന്നെന്‍ സമയം കുറിക്കുവാന്‍.

ഒരു നാഴികമണി വേണ, മെന്‍  കാലത്തിന്റെ 
വേരുകളകന്നതെന്നെന്നൊന്നു കണ്ടെതീടാന്‍
മാറ്റങ്ങള്‍ അറിയുവാന്‍, മനുഷ്യ നിന്നീ മണ്ണില്‍
നീറ്റലായമരുന്ന  കാലത്തിലെത്തിച്ചേരാന്‍   

ദിനരാത്രങ്ങള്‍ നീളുന്നെണ്ണുവാന്‍ കഴിയാതെ 
ദിനകനുദിക്കുന്നു, പിന്നെയുമിരുളുന്നു.
ഒരു നാളറിഞ്ഞു  ഞാന്‍, കാലമേ മാറിപ്പോയി
മൂകസാക്ഷിയായിന്നും നില്‍പ്പു ഞാന്‍ സസംഭ്രമം.

ഞാറ്റു വേലയും പാട്ടും മഴതന്നിരമ്പലും 
ഉറക്കെപ്പറഞ്ഞിടും മാസങ്ങള്‍ എവിടെപ്പോയ് ?
പൂവിളികളും തുമ്പി പെണ്ണിന്‍റെ കിന്നാരവും
പാതവക്കിലെയിളം വെയിലും എവിടെപ്പോയ്?

കാറ്റിനും കളിക്കൂട്ടുകാരനും ഒപ്പം പണ്ട്
പൂവിളിച്ചുനര്‍ത്തിയ ചിങ്ങമാസത്തെ കാണാന്‍
പൂക്കളം വരയുന്ന മുറ്റത്തെ മണലിലെന്‍
കാല്‍പ്പാടു പതിഞ്ഞൊരാ ബാല്യത്തിലെത്തിച്ചേരാന്‍

കന്നിയിളിലം വെയില്‍ മുറ്റത്തു തെളിയവെ,
ഉത്സവത്തിന്നായി കാവുകള്‍ ഉണരവേ, 
നാഗരാജാവിന്‍റെ നടയില്‍ നൂറും പാലും 
നേദിച്ചു ദൈവ പ്രീതി വരുത്തും ദിനങ്ങളും.

വെള്ളിടി വെട്ടിപ്പെയ്യും കാര്‍മുകിലണയുമ്പോ-
ളാര്‍ത്ത് പെയ്യുമ്പോള്‍, പകല്‍ വേനലുരുക്കുമ്പോള്‍
ഓര്‍ത്തു ഞാന്‍ തുലാമാസ പകലും, നിലാവതില്‍
പാലപ്പൂമണം മെല്ലെയൊഴുകും നിശകളും.

വൃശ്ചികക്കുളിരിന്റെ സ്വച്ഛമാം പ്രഭാതത്തില്‍,
തൃപ്തമായുറങ്ങിയ  ദിനങ്ങളോര്‍ക്കുന്നു ഞാന്‍.
ശരണം വിളികളാല്‍ ദിക്കുകളെല്ലാമന്നു-
ദീപ്തമായ്തീരുന്നോരാ കാഴ്ചയുമോര്‍ക്കുന്നു ഞാന്‍.  

ധനു മാസത്തിന്‍ പൂത്തിരുവാതിര രാവും,
നിത്യമാം പ്രണയത്തിന്‍ മങ്ങാത്ത കഥകളും,
ഇന്നുമെന്‍ ഹൃദയത്തിന്‍ കൂട്ടിലെ ശരപ്പക്ഷി-
യോര്‍ത്തു പാടുന്നു, നല്ല മുത്തശ്ശികഥ പോലെ.


കത്തുന്ന സൂര്യന്‍ പകല്‍ കരയെ കരിക്കുമ്പോള്‍
കൂരിരുട്ടിന്‍റെ പടം രാവിനെ പൊതിയുമ്പോള്‍
അത്ഭുത വിളക്കിന്‍റെ ജ്വാലയും പകര്‍ന്നുകോ-
ണ്ടണയും  മകരവും വഴി മാറാതെയപ്പോള്‍.


കളിതോഴന്റെ നാളും കാവിലെ തിറയുമായ്‌
കളിയാടുകയായി കാലത്തിന്‍ മാറ്റങ്ങളും
ഉത്സവം തുടങ്ങുമ്പോള്‍, നാടുണരുമ്പോള്‍ വീണ്ടും
കുംഭം എത്തുന്നു; മാമ്പൂ മണവും നിറയുന്നു.


പിറന്നാളുദിക്കുന്ന മീനത്തില്‍ ഗന്ധത്തില-
ന്നൊഴിയാതെത്തും പുതുക്കോടിയും പുന്നെല്‍ചോറും.
പിന്നെയാ പാല്‍പായസ മധുരം നാവിന്‍തുമ്പി-
ലമൃതായ് നിറയ്ക്കുന്നോരുത്സവ ദിനങ്ങളും.


പണ്ടേതോ കവിശ്രെഷ്ടന്‍ പാടിയ പൊന്‍മാമ്പഴം
പൊഴിയും മേടത്തിന്റെ പൊന്‍മഞ്ഞവെയിലിലും.
കണിയും കണിക്കൊന്ന പൂക്കളും തളികയില്‍
നന്മതന്‍ കൈനീട്ടവും പിന്‍വിളിക്കുന്നു വീണ്ടും.


ആദ്യത്തെ പള്ളിക്കൂട ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചും,
ഇത്തിരിചേറും ചെളി വെള്ളവും തെറിപ്പിച്ചും,
വന്നണഞ്ഞീടും പിന്നെ ഇടവപ്പാതി, കയ്യില്‍
നിര്‍ജലമായീടാത്ത കുംഭവും പേറിക്കൊണ്ടേ.


വന്നണയുന്നു പിന്നെ മിഥുനം, കാലത്തിന്‍റെ
കണക്കിലൊരു വര്‍ഷം കൂടിയിന്നോടുങ്ങാറായ്
പതായാമൊഴിയാറായ്, പിന്നിനിയൊരു മാസം
പാര്‍വതീ ദേവിക്കായി നല്‍കിയതാണ് ദേവന്‍.

രാമ രാമേതി ചൊല്ലും നാവിനും മനസ്സിനും
പുണ്യമായ് നിറയുന്നാ  കര്‍ക്കിട സന്ധ്യാനേരം
ആണ്ടോന്നു കഴിയുന്നു, കാലചക്രത്തിന്‍ വേഗം
അറിയുന്നിനി, വര്‍ഷം ഭൂതകാലത്തിന്‍ ബന്ധു.


ഇടവപ്പാതിയില്ല, പൊന്‍ ചിങ്ങവെയിലില്ല,
നിഴലില്ലളക്കുവാന്‍ മാത്രകള്‍, ദിനങ്ങളും.
വര്‍ഷമൊന്നൊടുങ്ങവേ നിശ്ചലം നില്‍പ്പൂ ഞാനീ-
നാളെ തന്‍ പടിപ്പുരവാതിലില്‍ അഴലോടെ...

April 23, 2011

എന്‍റെ കരളിലാരോ


ഞാനറിയാതെന്റെ കരളിലാരോ..
നേര്‍ത്തോരാ  ശബ്ദമായ്; മൃദു-
സ്പന്ദന സ്പര്‍ശമായ്,
കൂരിരുട്ടില്‍ ജ്ഞാന ദീപ്തിയായിടറുന്ന 
കാല്‍ വെയ്പ്പിലെവിടെയോ താങ്ങായ്-
ക്കിതയ്ക്കവേ കുടിനീരുമായ്, പിന്നെ 
വഴി തെറ്റി മാറവേ വഴിവിളക്കായിന്നു-
വിളി കേള്‍ക്കെ മാറ്റൊലിയായ്; ക്കാറ്റടിക്കവേ 
യൊരു കൊച്ചു കയ്യായ്, തിളങ്ങുന്ന താരമായ്‌,
നിറയെച്ചിരിക്കവേ കണ്ണീരുമായി, കര-
ഞ്ഞിടറവേ ചുണ്ടിലരിയോരാ ഹാസമായ്
വഴി മൂടവേ മുന്നിലഗ്നിയാ; യിതു വെറും
കളിയെന്നു ചൊല്ലവേ പ്രത്യക്ഷമായ്...

പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെ
കരളിലാരോ...



February 17, 2011

മരണം


തൊണ്ട വറ്റുന്നു, പുതു-
വാക്കിന്‍റെ രസായന-
ക്കുപ്പിയായ് അണയു നീ...

കാതടക്കുന്നു, നിന്‍റെ
ശബ്ദ വീചികളെന്റെ
 കാതിലെക്കൊഴുക്കു നീ... 

കണ്ണടയുന്നു, നീണ്ടോ -
രിരുളിന്നിടവേള-
യായെന്നില്‍ നിറയു നീ...

ഹൃത്തിടയുന്നു, ജീവ-
സ്പന്ദനം നിലക്കുമ്പോ-
ലഗ്നിയായുണര്  നീ...

ധീ മറയുന്നു, ലോക-
ചഞ്ചല ഗതിക്കന്യ-
യായെന്നെയകറ്റൂ  നീ...

January 09, 2011

യാത്രാമൊഴി



നിന്‍ കണ്ണ് തടയുമ്പോള്‍ തിളങ്ങും മിഴികള്‍ക്കും,
നിന്‍ നെഞ്ച് തുടിക്കുമ്പോള്‍ തളരും മനസിനും,
നിന്‍റെ വാക്കിനായെന്നും കൊതിക്കും കര്‍ണങ്ങള്‍ക്കും
നീയെന്തു നല്‍കും എന്നെ പിരിഞ്ഞു പോകുംനേരം.
     ഇന്നലെയാരോ, ഇനി നാളെ മറ്റാരോ ജീവ-
     നിങ്ങനെ നിനക്കെന്നു ഞാനറിയാതെ പോയി,
     എനിക്കീ ദിനം മാത്രം, എങ്കിലും വെറുക്കാതെ
     ഇന്ന് ഞാന്‍ ആരാധിക്കും എന്‍ സ്നേഹസ്വരൂപത്തെ.
ഇനി കാണുവാനല്ല, കൊഴിയും ദിനങ്ങളില്‍,
ഓര്‍ത്തു വക്കുവാനെന്റെ  മനസ്സില്‍ കൊണ്ടാടുവാ-
നിതിരിയോര്‍മ്മ  മാത്രം, പ്രിയമാപ്പെരും, പിന്നെ
പറയാതെന്തോ കേള്‍ക്കും നിശബ്ദ നിമിഷവും.
     മറക്കാന്‍ കഴിയില്ലായിരിക്കാം, പകല്‍ പോലെ
     തെളിയും ചിത്രങ്ങളെ, നിത്യത നേടും വരെ
     എങ്കിലും സഖേ, എന്‍റെ വരികള്കിടയിലാ-
     മൌനരാഗത്തിന്‍ ബീജമോളിച്ചു കിടക്കുന്നു.
നിനക്കായ് കുറിച്ചവ, നീയൊന്നു കണ്ടീടാതെ
നിന്‍ വിരലറിയാതെ , നിന്‍ നാവിലുടക്കാതെ
എന്റെ മൌനത്തിന്റെ അന്തരാത്മാവിങ്കല്‍ നീ-
ന്നെരിയുന്നു, ഞാനും കൂടെയിന്നുരുകുന്നു.

December 13, 2010

നിന്‍റെ ഓര്‍മ്മക്കായ്...

ഇന്നും വരികയായ്, മുറ്റത്തെ മാവിന്‍ ചോട്ടില്‍
ഉണ്ണികള്‍ ഉണ്മത്തരായ് ജന്മ സന്തോഷം തേടി.
അറിയുന്നില്ലവര്‍ നഷ്ടമാകുമ്പോള്‍ പോലു-
മതി മാധുര്യമേറും എന്നുമീ കനികള്‍ക്കും.
       പതുക്കെ പോന്നു ചിലര്‍, മാവിന്‍ തുമ്പിലെ പൊന്‍ മാമ്പഴം
       കൊതിയൂറിടും പോലെ ഉറ്റു നോക്കികൊണ്ടേ,
       ചിലരോ ശര വേഗാല്‍ കല്ലുകളെറിയുന്നു
       അവിടെപ്പോലും കയൂക്കുള്ളവന്‍ കാര്യക്കാരന്‍.
ജീവിതം അതാണ്‌ ഉണ്ണീ, എന്നത് നിസംശയം
ആകുലമായി ചൊല്ലും മുത്തശ്ശന്‍ മാവ് പോലെ
ഞാനും നിശബ്ധയായ് നിന്ന, തെന്‍ ബാല്യത്തിന്റെ-
യാരവങ്ങളെ ഉള്ളില്‍ കുഴിച്ചു മൂടിക്കൊണ്ടേ.
       എത്ര വത്സരം നീങ്ങി, നീങ്ങിപ്പോയ് , ഞാന്‍ ഏകയായ്,
       നില്‍ക്കയാണീ മാഞ്ചോട്ടില്‍, ആരുമില്ലാതെ ഇപ്പോള്‍
       മാനസം ശരപ്പക്ഷി ചിരകിട്ടടിച്ചുകോ-
       ന്ടുയര്‍ന്നു നിലക്കാതോരോര്‍മ തന്‍ മരീചിയില്‍.
എന്റെ നാടിന്റെ ഗന്ധം, ആരവങ്ങളും, നെല്ലിന്‍-
പാഠങ്ങള്‍, സമൃദ്ധമാം മനസും സ്വപ്നങ്ങളും
കാട്ടു കൈതയും , തെച്ചിക്കാടും ആ പുഴകളും
മാറിയില്ലോന്നും, പക്ഷെ ഞാനങ്ങു മാറിപ്പോയി.
     എന്റെ സ്വപ്‌നങ്ങള്‍ നിറം മങ്ങി, ഉണരാതായ്
     എന്റെയാ തൊടിയിലെ കുസ്ര്തി പൂമ്പാറ്റകള്‍.
     പകല്‍ മാഞ്ഞുപോയ് , പിന്നെ നിലച്ചു ഗാനം, പുതു-
     പുലര്‍കാലത്തെ വരവേല്കുവാന്‍ എന്ന  പോലെ.
ഇരുള്‍ വന്നീടും മുന്‍പ് കൂട്ടിലേക്ക്  അനയാനായ്  -
പിടയും കിളിയെപ്പോള്‍ ചകിതം എന്‍ മാനസം
കൊതിച്ചു കണ്ടീടാനായ് നിന്നെ, യാ വിഷുക്കണി
പകരും നൈര്‍മ്മല്യം എന്‍ മനസ്സില്‍ നിറക്കാന്‍ ആയ്.
    കണ്ണില്‍ എന്നുമാ ചിത്രം, കയ്യിലെ പൂക്കള്‍ എന്റെ
    കൈക്കുടന്നയില്‍ വച്ച് കളിവാക്കൊതും രംഗം.
    പിണങ്ങി പോകും നേരം കുസ്ര്തി കാട്ടീടുന്ന
    കളി തോഴന്റെ, എന്റെ ബാല്യ കാലത്തെ ചിത്രം.
കൂട്ടുകാര്‍ ഒരുമിച്ചു കളിയാടിയ നേരം
കൊച്ചു കമ്പിനാല്‍ എന്നെ മെല്ലെ അന്നടിച്ചതും
അടുത്ത് ചെല്ലും നേരം മിണ്ടാതെ അകലെപ്പോയ്
മനസിന ചിരി മുന്നില്‍ കൊപമായ് കാണിച്ചതും.
    മറന്നില്ലോന്നും, മാറി മറയില്ലാ കാലത്തിന്‍
    മധുരം കിനിയുന്ന നുറുങ്ങു നിമിഷങ്ങള്‍.
    വലുതായിരുന്നില്ല ഒന്നുമാ സ്നേഹത്തെക്കാള്‍,
    വിലയെരിയതില്ല മറ്റൊന്നും അവനെക്കാള്‍.
ഒരുമിച്ചുണ്ടായിരുന്നെന്നും എന്‍ അരികത്തായ്‌.
ഒരു കൈ താങ്ങായ് , എന്റെ ലോകത്തിന്‍ അധിപനായി,
പറഞ്ഞില്ലോന്നും, പക്ഷെ പറയാതറിഞ്ഞു എന്റെ
ചെറിയ പിണക്കവും, പകയും  പരാതിയും.
    കണ്ടു മുട്ടാതെയായി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍
    കഥകള്‍ വെറുമൊരു വാക്കില്‍ അങ്ങോതുങ്ങി പോയ്‌
    അകന്നു പോയി, കളി അരങ്ങിന്‍ സംഗീതവും,
    നിലച്ചു, ഞാന്‍ അന്നെപ്പോഴോ ഏകയായി.
വിളി കേട്ടുണര്‍ന്നു ഞാന്‍, ഓര്മ തന്‍ ശരപ്പക്ഷി
തിരികെ പറന്നെത്തി മുറ്റത്തെ മാവിന്‍ ചോട്ടില്‍
കണ്‍ മുന്നില്‍ നില്പൂ കണ്ണന്‍, കുസ്ര്തി ചിരിയുമായ്
എന്നുള്ളില്‍ ഒളി മങ്ങാതിരിക്കും ചിത്രം പോലെ....






.

December 08, 2010

നിന്നെ അറിയുമ്പോള്‍...

അല്ലയോ സഖി, നീയും
പോകുന്നു പുരാതന
ചഞ്ചല പദത്തോടെ
സിന്ധുവിന്‍ തീരത്തേക്കായ്

നിന്‍ ജന്മ പുണ്യം തേടി
യാത്രയാകുമ്പോള്‍ പോലും
ഒന്നിനി നില്‍കൂ, ഞാനെന്‍-
ബാല്യത്തില്‍ ഒന്നെത്തട്ടെ.

ബാല്യത്തിന്‍ കൂതൂഹല
കേളീ രവങ്ങള്‍ക്കിടെ
നിന്നുടെ തീരത്തന്നും
ചേരുന്നതോര്‍ക്കുന്നു ഞാന്‍

പാംസുവാല്‍ നിറഞ്ഞോരാ
പാദത്തിലന്നു നിന്‍റെ
യോളങ്ങള്‍ തൊട്ടപ്പോള്‍ ഞാ-
നറിഞ്ഞൂ സുഖ ശൈത്യം.

കുഞ്ഞിളം കാറ്റാല്‍ നീയെന്‍
കൂന്തലില്‍ കളിച്ചപ്പോള്‍
നിത്യ സൌഹൃദത്തിന്‍റെ
കരുതലറിഞ്ഞു ഞാന്‍.

നിന്നല കൈകള്‍ മെല്ലെ
തഴുകി അടുത്തപ്പോള്‍
പാദതിനവ നല്‍കി
മണി നൂപുര ദ്വയം.

നിന്‍ ചിലങ്കകള്‍ ചൊല്ലു-
മവ്യക്ത ഗാനാലാപം
എന്നുമെന്‍ കര്‍ണങ്ങളില്‍
അലയിട്ടെന്നാകിലും,

അറിഞ്ഞതില്ല സഖീ
നിന്‍റെ സാമീപ്യം പോലും
അത്രമേല്‍ മറന്നു ഞാ-
നെന്നിലെ എന്നെപോലും.

നിന്‍റെ നീര്‍ കയങ്ങളില്‍
നിന്‍റെ ആര്‍ദ്രതകളില്‍
അന്നു ഞാന്‍ ഉപേക്ഷിച്ച-
തെന്‍ സ്വത്വ സങ്കല്പമല്ലേ.

എന്‍റെ വാക്കിലെ ആര്‍ദ്ര
ഭാവങ്ങള്‍ നീ ആയിരു-
ന്നെന്റെ പാതയില്‍ പൂത്തു-
നിന്നു നിന്‍ കടമ്പുകള്‍.

നിന്നഗാധമാം ഗര്‍ത-
തമസില്‍ മയങ്ങുന്ന
നന്മ തന്‍ ചിപ്പിക്കായി
നിന്നിലേക്ക്‌ അണഞ്ഞ പോല്‍,

ഇന്നുമീ പ്രപഞ്ചമാം
കടലിന്‍ ചുഴികളില്‍
ജീവിതം അതൊന്നിനായ്
നിമഗ്നയാകുന്നു ഞാന്‍.

ഇന്നിതാ തിരിച്ചെത്തി
നിന്റെയീ ഓളങ്ങളില്‍
കാറ്റിനോത്തൊഴുകിടും
വഞ്ചിയായ് ഒഴുകുമ്പോള്‍

നിര്‍വികാരതയുടെ
നേര്‍ത്തൊരാ പടം നീക്കി
നിന്നിലേക്ക്‌ അലിയുമ്പോള്‍ ,
നിന്നെ ഞാന്‍ അറിയുമ്പോള്‍,

തേടുന്നതെന്തോ ഞാന്‍ ഈ
തീരത്തെ പൊടി മണ്ണില്‍
പണ്ടു നീ നനച്ചൊരാ
പാദ മുദ്രകളാണോ?

അല്ലയോ സഖീ, വീണ്ടും
എന്നിലേക്ക്‌ ഒഴുകു നീ
അന്തരാത്മാവില്‍ കത്തും
കനലോന്നണയ്ക്കു നീ....