അങ്ങനെ വീണ്ടും രാത്രി പത്തു പത്തര പതിനൊന്നു പതിനൊന്നര
നട്ട പാതിരാ മുളച്ചു കിളിച്ചു പൂവിട്ടു വിരിയാറായി...
കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോവാറായെന്നു ഇടയ്ക്കിടെ ഓർ മ്മിപ്പിക്കുന്ന മൂടൽമഞ്ഞിന്റെ നേർത്ത അടരുകൾ മുന്നിൽ അങ്ങും ഇങ്ങും തത്തി കളിക്കുന്നു.
ഇനി നീ നിർത്തിയില്ലേൽ ആ ചതി ഞാൻ ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഡെൽ മെല്ലെ കരഞ്ഞു
കീ കീ കീ...
കണ്ണ് തെറ്റി തെക്കും വടക്കും ഓടി നടന്ന അക്ഷരകുഞ്ഞുങ്ങൾക്കിട്ട് ഒരു പണി കൊടുക്കാനുള്ള ആയുസ്സ് തരണേ എന്റെ ഡെൽ മുത്തപ്പാ എന്നാ ഒരൊറ്റ പ്രാർത്ഥന മാത്രം മനസ്സിൽ. കണ്ട്രോൾ Z കണ്ടു പിടിച്ചവനെ അരിയും പൂവുമിട്ടു പൂജിക്കാനുള്ള തീരുമാനം പി എച്ച് ഡി യ്ക്ക് ചേർന്ന ആദ്യ നാളുകളിൽ തന്നെ എടുത്തതുകൊണ്ട് ആളെ കാണേണ്ട താമസമേ ഉള്ളു, വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ എടുത്തങ്ങു പ്രയോഗിക്കും. അവസാനം ഇടതു മാറിയ ആൾ വലത്തേ സൈഡിൽ നിൽക്കുമ്പോൾ വില്ലന്റെ പരിവേഷവുമായി അവൻ...
കണ്ട്രോൾ Z മുന്നില്...
അല്ലേലും ഇപ്പൊ കഥയിലെ വില്ലന്മാരൊക്കെ ആദ്യം നല്ലവരായിട്ടാ വരാറ്. തിരിച്ചറിവിന്റെ നിമിഷങ്ങൾ..
ബാ...
പോരേ....
നമുക്ക് കഥയിലേക്ക് തിരിച്ചു വരാം......
വർഷങ്ങൾക്ക് ശേഷം പടി വാതിൽ കടന്നെത്തുന്നതിന്റെ ആണോ ആവോ വല്ലാത്ത നിശബ്ദത. അങ്ങും ഇങ്ങും ചിറകടിച്ചു പറക്കുന്ന നരിച്ചീറുകൾ.. അർദ്ധരാത്രി പന്ത്രണ്ടര മണി.
എഴുത്തും വരപ്പും എന്തിനു വായന പോലും നിർത്തി വച്ചിട്ട് വർഷങ്ങളായത് കൊണ്ട് എഴുതി തുടങ്ങിയപ്പോ വികടൻ തന്നെ നാവിൽ. പിന്നെ ഇതിപ്പോ ആര് കാണാനാ എന്ന ആത്മഗതാഗതം വേറെ, എന്തായാലും രണ്ടും കൽപ്പിച്ചു തുടരുന്നു.
ഇന്ന് ഞാൻ അവതരിപ്പിക്കുന്ന കഥയുടെ പേര്: തിരിച്ചു വരവ്
വെറുതെ മീനും മീൻകാരും തോട്ടിലെയും കുളത്തിലേയും വെള്ളവുമായി പുസ്തകവും പേനയും താഴെ വെച്ച് സമാധാന ജീവിതം നയിച്ചോണ്ടിരുന്ന എന്റെ മുന്നിൽ വീണ്ടും അവൻ ബ്ലോഗ്
പണ്ടൊരു നട്ട പാതിരായ്ക്ക് ആ വാതിലിൽ ചെന്നു മുട്ടിയപ്പോൾ ഗൂഗിൾ മുതലാളി ചോദിച്ചു ആരാ നീ? എന്താ നിനക്ക് വേണ്ടത്? എന്ന്.
ഞാൻ പറഞ്ഞു എനിക്ക് എന്റെ ബ്ലോഗ്ഗർ ഡാഷ് ബോർഡ് വേണം എന്ന്.
അപ്പോൾ മുതലാളി പറഞ്ഞു ഇവിടെ അങ്ങനൊരു സംഭവം ഇല്ലന്ന്.
അന്ന് തീർന്നു ഗൂഗിളുമായുള്ള ബന്ധവും എല്ലാം. ഭാഗ്യദോഷം കൊണ്ട് കുടികിടപ്പ് സർട്ടിഫിക്കറ്റ് കിട്ടിയതും ഇല്ല. ഉണ്ടാരുന്നേൽ ഞാൻ മള്ളൂരിനെ വെച്ചൊരു അലക്കു അലക്കിയേനെ.
പിന്നെ എന്നെ വേണ്ടാത്ത ഗൂഗിളിനെ എനിക്കും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു വർഷം നീണ്ട ഏകാന്ത വാസം. " സഫരോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതി ഹേ"...
പലരും അച്ചടി മഷിയുടെ നിറങ്ങളും വായനയുടെ മറ്റു ലോകങ്ങളും കാട്ടി തന്നെങ്കിലും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു നടക്കുമ്പോഴാണ് " എഴുത്തു നിർത്തിയാ പിച്ചു കിട്ടും എന്ന അതിഭീകരമായ ഭീഷണി പേര് പുറത്തു പറയാൻ പറ്റാത്ത ചില തീവ്രവാദി സംഘടനകളിൽ നിന്നു വരുന്നതും അതനുസരിച്ച് ഇവിടെല്ലാം ക്ലീൻ ചെയ്യാൻ തീരുമാനിക്കുന്നതും.
ഇതിനിടെ നടന്ന പ്രധാന സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കുന്നതിൽ വിരോധം ഇല്ലല്ലോ? തുറന്നു പറയുമ്പോൾ ഇടയ്ക്ക് അടപ്പ് പൊന്തിയില്ലെൽ സഹായിക്കുമെന്ന വിശ്വാസത്തോടെ...
വിശ്വാസം അതല്ലേ എല്ലാം...
പതിവുപോലെ 2013 ക്രിസ്മസ് 2014 ന്യൂ ഇയർ ദിവസങ്ങൾ ഉറക്കം തരാതെ വിളിച്ചു ശല്യപ്പെടുതിയവർക്ക് നന്ദി പറഞ്ഞു കൊണ്ട് കാര്യപരിപാടിയിലേക്ക് കടക്കട്ടെ.
എച്ച് വണ്‍ എൻ വണ്‍ ഒക്കെ പോയി അവസാനം എബോളയിൽ വന്നെത്തി നിൽക്കുന്നു വൈറസ് ഭീകരർ. ഇങ്ങെത്തി എത്തിയില്ലാ എന്ന് പറയുന്നുണ്ടെങ്കിലും കരുതിയിരുന്നാൽ കാശും കാറ്റും പോകാതെ സൂക്ഷിക്കാം അത്രന്നേ .... വേറെന്തു പറയാൻ.. അതിനൊക്കെ ഇടയിൽ WHO തെക്ക് കിഴക്കാൻ ഏഷ്യ പോളിയോ ഫ്രീ ആണെന്ന് പറഞ്ഞപ്പോ കൂടെ നമുക്കും ഒരു സന്തോഷം....
മെയ് മാസത്തിൽ വലിയൊരു അത്ഭുതം നടന്നു. ഇന്ത്യയിൽ ഒരു താമര വിരിഞ്ഞു. കോടീശ്വരൻ മാർ ആയിരുന്ന യു പി എ യെ ലക്ഷപ്രഭുക്കൾ ആക്കികൊണ്ട് അങ്ങനെ അവസാനം കാത്തിരുന്ന ഇലക്ഷൻ റിസൾട്ട് എത്തി. വർഷങ്ങളായി തുടരുന്ന തൂക്കും പറ്റി പിടിച്ചതും ആയിരുന്ന മന്ത്രി സഭകൾക്കിടയിൽ ഭൂരിപക്ഷം തെളിയിച്ചു മോഡിജി അധികാരത്തിൽ വന്നു. ബാക്കിയൊക്കെ കണ്ടോണ്ടിരിക്കുന്നു.
വാൽകഷ്ണം: ഇതൊക്കെയായിട്ടും ശ്രീ പത്മനാഭന്റെ നാഭീയിലല്ലാതെ ആ മണ്ണിൽ ഒരു താമര വിരിയിക്കാൻ കേരളത്തിലെ കാവിപ്പടയ്ക്കായില്ല... ഇന്നച്ചന്റെ ലോട്ടറി വരെ അടിച്ച സ്ഥിതിക്ക് ഇതൂടെ ആവാരുന്നില്ലേ ന്റെ കോടീശ്വരൻ പത്മനാഭാ......
ആത്മഹത്യ ചെയ്യാൻ പോലും നിർവാഹം ഇല്ലാതെ ഐ സി യു വിൽ കിടന്ന ഓർക്കുട്ട് ന്റെ ദയാവധവും അതിനോടനുബന്ധിച്ച് മുഖ പുസ്തകത്തിൽ നടന്ന അനുശോചന പരിപാടിയും കണ്ടു പലരും മൂക്കത്ത് വിരൽ വച്ചു .. ദെന്താപ്പൊ ഈ ഓർക്കുട്ട് എന്ന്. ലോകം രണ്ടായിരത്തിലേക്ക് കാലെടുത്തു വച്ചത് തന്നെ ഓർകുട്ടിൽ ചേരാൻ ആയിരുന്നു എന്നാരുന്നു ബുജി മതം. എന്നിട്ടിപ്പോ മോൻ വന്നപ്പോ അച്ഛനെ ആർക്കും അറിയുക കൂടി ഇല്ല. എന്തായാലും കുറെ കൗമാര- യൗവന ദിനങ്ങൾക്ക് കൂട്ടായി നിന്ന പഴയ പള്ളിക്കുടം കൂട്ടുകാരെയെല്ലാം ഇന്റർനെറ്റ് എന്ന ലോകത്തിന്റെ പച്ചപ്പിൽ ഒരു മരച്ചോട്ടിൽ ആക്കിയ ഓർക്കുട്ട് ഒരു അത്ഭുതം ആയിരുന്നു എന്ന് പറയാതെ വയ്യ. പാട്ടുള്ളതും ഇല്ലാത്തതുമായ നിന്റെ പ്രൊഫൈലുകൾ ഇനി കാണാൻ കഴിയില്ല എന്നാ വേദന വേദനയോടെ തന്നെ ഓര്ക്കുന്നു....
ഒപ്പം ഒരു ഭീഷണി: പച്ചില വേറെ വന്നിട്ടുണ്ട് ദൂരെ നിൽക്കുമ്പോൾ ഗൂഗിൾ പ്ലസ് അടുത്ത് വരുമ്പോൾ നീ പ്ലസ് അല്ലയോ എഫ് ബി നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.
ഇതിനിടെ കുറെ കാലങ്ങളായുള്ള നമ്മുടെ സ്വപ്നം മംഗൾയാൻ അങ്ങ് ചൊവ്വയിൽ എത്തി. ചോദിച്ച് ചോദിച്ച് പോയതാനേലും അങ്ങെത്തി എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചൊവ്വയിൽ നിന്നയച്ച ഗവണ്മെന്റ് എൽ പി എസ്സ് ന്റെ ഫോട്ടോയൊക്കെ ഇട്ട് ആഘോഷിച്ചെങ്കിലും ഇന്ത്യക്കാരൻ എന്ന പേരിൽ എല്ലാവരും ഹൃദയം നിറഞ്ഞു ആഹ്ലാദിച്ച നിമിഷങ്ങൾ. എങ്കിലും ഒരു ചോദ്യം ഇപ്പളും നിലനില്ക്കുന്നു:
അപ്പ ഈ ചൊവ്വ ദോഷത്തിന്റെ കാര്യത്തിൽ എന്താ ഒരു തീരുമാനം? നിക്കണാ പോണാ
അപ്പ ഈ ചൊവ്വ ദോഷത്തിന്റെ കാര്യത്തിൽ എന്താ ഒരു തീരുമാനം? നിക്കണാ പോണാ
പോയാ പിന്നെ നമുക്ക് നഷ്ടമാകുന്നത് ഒരു ബുദ്ധേട്ടൻ യുഗമായിരിക്കും ( കടപ്പാട്: നെടുമുടി വേണു)
അവസാനം ഒരൊറ്റ ടീം ആയി കളിച്ച ദാദയും സച്ചിനും വെറുമൊരു ഫുട്ബോളിന്റെ പേരിൽ ചേരി തിരിഞ്ഞു മത്സരിച്ചതും അവസാനം കൽകട്ട കപ്പ് കൊണ്ടുപോയപ്പോൾ പൊരുതി തോറ്റ ബലത്തിൽ കേരളാ ബ്ലാസ്റ്റെർസ് അഭിമാനത്തോടെ തിരിച്ചെത്തിയതും 2014 ഇൽ തന്നെ.
ഒരു സത്യം ഒർമ്മിപ്പിക്കട്ടെ: കപ്പ് ഇപ്പളും ഞമ്മക്ക് തന്നെ. ബംഗാളികൾ മുഴുവനും ഇവിടല്ലേ താമസം... അസ്സലാമു അലൈക്കും... (മ്മളും ഒരു കൊച്ചു ദുബായ് തന്നെ വേണേ ഉരു കൊച്ചിലോ ഒക്കെ അടുപ്പിക്കാം)
ഇനിയും പറയാൻ ഏറെ ബാക്കി. പക്ഷെ എന്റെ കണ്ണും ഡെൽ ന്റെ ബാറ്ററിയും സഹകരിക്കാത്തത് കൊണ്ടും വായനക്കാരുണ്ടെങ്കിൽ അവരുടെ ക്ഷമ പരീക്ഷിക്കുന്നത് എല്ലിനും പല്ലിനും നല്ലതല്ലാത്തതു കൊണ്ടും തത്കാലം നിർത്തുന്നു...
പി കെ യുടെ വിലക്കും നമ്മുടെ സോളാറും മിട്ടായി പൊട്ടിച്ച പോലെ തുണ്ട് തുണ്ടാക്കിയ ആന്ദ്രാപ്രദേശും എല്ലാം മാപ്പ് തരുമെന്ന പ്രതീക്ഷയോടെ.....
No comments:
Post a Comment