Showing posts with label നാട്ടുവര്‍ത്താനം. Show all posts
Showing posts with label നാട്ടുവര്‍ത്താനം. Show all posts

April 21, 2012

ഉത്സവ വിശേഷങ്ങള്‍


പള്ളിക്കല്‍ ശ്രീ കണ്ടാളസ്വാമി ക്ഷേത്രം : ഉത്സവ വിശേഷങ്ങള്‍

           മീന മാസത്തിലെ ഉത്രം മുതല്‍ ഉത്രാടം വരെയുള്ള പത്തു ദിവസങ്ങള്‍ ആണ് പള്ളിക്കല്‍ അമ്പലത്തിലെ ഉത്സവ നാളുകള്‍. അതില്‍ പത്താം നാള്‍ വൈകിട്ട് നാട്ടിലെ എല്ലാ കരക്കാരുടെയും കൂടാതെ നേര്‍ച്ചയായി നടത്തുന്ന ആള്‍ക്കാരുടെയും കെട്ടുരുപ്പടികളും ആനകളും മാനത്ത്‌ നിറയുന്ന നിറങ്ങളുടെ ഭംഗിയും അമ്പല മുറ്റത്താകെ നിറയുന്ന ബലൂണുകളും മേളവും ഒക്കെയായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഒടുക്കം എത്തുന്ന കെട്ടുത്സവവും ആറാട്ടും. ഓണത്തിന് വന്നില്ലെങ്കിലും ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും നാട്ടുകാരെല്ലാം ഒരു ദിവസത്തേക്കെങ്കിലും തിരിച്ചെത്തുന്ന ദിവസം. ഇത്തവണയും ഉത്സവം ഗംഭീരമായിരുന്നു. 22 കെട്ടുരുപ്പടികളും 26 നേര്‍ച്ച ആനകളും പിന്നെ ദേവസ്വത്തിന്റെ 3 ആനകളും ഒക്കെയായി  ഇടയ്ക്ക് നനയിച്ച മഴ പോലും തണുപ്പിക്കാത്ത നല്ലൊരു ദിവസം.

ഒരു ചെറിയ ഉത്സവം പങ്കുവയ്ക്കുന്നു.

ശിങ്കാരി മേളം 
  
സ്വീകരണത്തിന് മുന്‍പ്..

ഒരു കലാശ കൊട്ട്...



കാത്തു നില്പൂ..

അമ്പല മുറ്റം

സ്വീകരണത്തിന് ദേവന്‍ വരുന്നതും കാത്ത്...















കതിര് കാള...


ഒന്നാം നമ്പര്‍ തന്‍ കര ഗണപതിയമ്പലം ഭാഗം ഇരട്ട കാള 

രണ്ടാം നമ്പര്‍ പള്ളിക്കല്‍ വടക്കേ കര.

നമ്പര്‍ മൂന്നു: വല്യയ്യത് 

നമ്പര്‍ നാല് വടക്കേകര കിണറുവിള ഭാഗം 
നമ്പര്‍ അഞ്ച് പള്ളിക്കല്‍ തന്‍ കര കള്ളപ്പന്‍ചിറ 





ആറാം നമ്പര്‍ ഇളംപള്ളില്‍ മേക്കുന്ന് മുകള്‍ 

ഏഴ്: ഹരിശ്രീ ചാല 


പറമ്പ് നിറഞ്ഞേ...

Add caption

ആറാട്ട്‌ എഴുന്നെള്ളത്ത് 
      
      ഇത്രേയുള്ളൂ എന്ന് കരുതല്ലേ. വേറെയും ആള്‍ക്കാര്‍  ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ശ്രീജിത്ത് ന്റെ ക്യാമറയില്‍ പതിഞ്ഞവ ഇത്രയേ ഉള്ളു. ശ്രീജിത്ത്‌ നു ഒരു സ്പെഷ്യല്‍ താങ്ക്സ്. 

March 22, 2012

എന്‍റെ നാട്


പള്ളിക്കല്‍, എന്‍റെ സ്വന്തം നാട്. 
        പത്തനംതിട്ട ജില്ലയുടെ ഒരു കോണില്‍ ഒതുങ്ങുന്നു എങ്കിലും അത്ര പാവം ഒന്നും അല്ല. ഈ പേരില്‍ തന്നെ കുറെയേറെ സ്ഥലങ്ങള്‍ ഉള്ളത് കൊണ്ടു ആര്‍ക്കെങ്കിലും പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ അടൂര്‍ എന്ന് കൂടി ചേര്‍ത്തു പറയേണ്ടി വരും എന്നോഴിച്ചാല്‍ വേറെങ്ങും ചാഞ്ഞു നില്‍ക്കുന്ന സ്വഭാവം നാടിനും നാട്ടുകാര്‍ക്കും ഇല്ല. അതുകൊണ്ടാകും പണ്ടാരൊക്കെയോ പറഞ്ഞത്" പള്ളിക്കല്‍ പോണേല്‍ പകലേ പോണം" എന്ന്.  കുറച്ചു പുരോഗമനം കൂടിയ ഗ്രാമം, അങ്ങനെ കരുതാം പള്ളിക്കലിനെ. കുറച്ചൊക്കെ പരിഷ്കാരം വന്നിട്ടുണ്ടെങ്കിലും ഗ്രാമത്തിന്റെ ഭംഗിയും വിശ്വാസങ്ങളും ഒന്നും കൈവിട്ടു പോയിട്ടില്ല ഇതുവരെയും. ക്ഷേത്രവും, കാവുകളും, ആല്‍മരചുവടും ഉത്സവങ്ങളും, വയലേലകളും, തോടും, കുളങ്ങളും ഒക്കെയുണ്ട് ഇവിടെ. നമുക്കാ വയലിലൂടെ അല്‍പ്പം നടക്കാം..


      പള്ളിക്കല്‍ ശ്രീകണ്ടാളസ്വാമിക്ഷേത്രം. ശിവ ക്ഷേത്രങ്ങളില്‍ വളരെ കുറച്ചു മാത്രമേ ഉള്ളു ഈ ഒരു പ്രതിഷ്ഠ. കാളിയ മര്‍ദന സമയത്ത് ഉണ്ടായ വിഷം കുടിച്ചു ഭൂമിയെ രക്ഷിച്ച ശേഷം ലോകത്തിനു അനുഗ്രഹം ചൊരിയുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മറ്റു ശിവ ക്ഷേത്രങ്ങളിലെ പോലെ ചുറ്റു തൊഴരുത് എന്നൊന്നും ഇല്ല. മീനത്തില്‍ ഉത്രം മുതല്‍ ഉത്രാടം വരെ യാണ് ഉത്സവം. ഉത്സവത്തിനു ഒരുക്കുന്ന കതിരുകാള പ്രസിദ്ധമാണ്. നാടിന്റെ ധാന്യസമൃദ്ധിയുടെ ചിഹ്നം.  

കതിരുകാള






















അമ്പലത്തില്‍ ഉത്സവത്തിനു പ്രധാനം കെട്ടുകാളകളും   ആനയുമാണ്. ഓരോ കരയ്ക്കും കര കെട്ടുകളും അതല്ലാതെ ക്ലബുകളുടെയും വീട്ടുകാരുടെ നേര്ച്ച കാളകളും ഒക്കെയായി മുപ്പതോളം എങ്കിലും ഉണ്ടാകും. അതുപോലെ തന്നെയാണ് ആനകളുടെയും കാര്യം. ദേവസ്വത്തിന്റെ മൂന്നു പേരും പിന്നെ നേര്‍ച്ചയായി എത്തുന്നവരും.


  ഉത്സവത്തിന്റെ വിശേഷങ്ങളില്‍ പ്രധാനം കഥകളിയും വേലകളിയും തുള്ളലും ഒക്കെതന്നെ. ഇതൊന്നുമില്ലാത്ത ഒരു ഉത്സവം ചിന്തിക്കാനെ പറ്റില്ല.

കള്ളപ്പഞ്ചിരയുടെ കെട്ടുരുപ്പടി 
      അമ്പലം മുതല്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗണപതി ക്ഷേത്രം വരെ റോഡിനു ഇരുവശവും വയലാണ്. രാവിലെ തന്നെ ഇറങ്ങി നടന്നാല്‍ സുഖമുള്ള കാറ്റിനൊപ്പം കുറെ അത്ഭുതങ്ങളും കാണാം. വയലില്‍ വാഴ, ചേന,  ചേമ്പ് എന്നിങ്ങനെ തുടങ്ങി ജാതി വരെ കൃഷി ചെയ്യുന്നുണ്ട്. ഏതു സമയത്ത് ചെന്നാലും വിജനമായിരിക്കില്ല എന്നതാണ് ഈ വഴിയുടെ പ്രത്യേകത. വയലില്‍ ആളില്ലാതെ വരുക എന്നൊന്ന് ഉണ്ടാകില്ല.   
ഗണപതി അമ്പലത്തിലെ രുദ്രാക്ഷം പൂത്തപ്പോള്‍ 

മഴ മുത്തുകള്‍ 
       നേരെ കുറച്ചേറെ നടന്നാല്‍ കല്ലുടുമ്പില്‍ എത്താം.  ആറാട്ട്‌ ചിറയില്‍ എത്തുന്ന വെള്ളത്തിന്റെ ഒരു സ്രോതസ് ആണ്.ഇതുവരെ ഒരു കാലത്തും അവിടുത്തെ ഉറവ വറ്റിയിട്ടില്ല. ശാസ്താംകോട്ട അമ്പലത്തിന്റെ ഓവ് ചാലിലെ വെള്ളമാണ് ഇതിലെതുന്നത് എന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം. അവിടെ അര്‍ച്ചിക്കുന്ന  പൂവും മലരും ഒക്കെ ഇവിടെ എത്തുമെന്നും അതുകൊണ്ട് ശുദ്ധി വിടാതെ കാക്കേണ്ട സ്ഥലമാണ് എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ടു കുറച്ചു പാറക്കല്ലുകള്‍ക്കിടയില്‍ നിന്നൊഴുകി ചെറിയൊരു കുഴിയിലേക്ക് നിറയുന്ന വെള്ളം ആയിരുന്നത്രെ. പക്ഷെ ഇപ്പോള്‍ ഒരു ചെറിയ കുളമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. 

കല്ലുടുമ്പ്
വഴിയില്‍ കണ്ടതാണ് ഈ സുന്ദരി ക്ടാവിനെ. കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്.
ശംഖു മാര്‍ക്ക്‌...
       കല്ലുടുമ്പില്‍ നിന്നു വരുന്ന ചാല്‍ എത്തുന്നത്‌ ആറാട്ട്‌ ചിറയില്‍ ആണ്. ഉത്സവത്തിനു ദേവന്റെ ആറാട്ട്‌ നടക്കുന്നത് ഈ ചിറയിലാണ്. തൊട്ടടുത്ത് നല്ലൊരു കാവും.  കല്ലുടുമ്പും ആറാട്ട്‌ ചിറയും ഒക്കെ യോജിപ്പിച്ച് കൊണ്ടു ഒരു ജലസേചന പദ്ധതി ഒരുങ്ങുന്നുണ്ട് എന്നും അറിയുന്നു.
ആറാട്ട്‌ ചിറ 

ആറാട്ട്‌ ചിറ 

ആല്‍തറ 

വെള്ള പൈന്‍ പൂക്കള്‍ 

പറത്തൂര്‍ കാവിലെ പന 

പുളിയതറ കാവ് 
      വഴിയില്‍ ഉത്സവം പ്രമാണിച്ച് കെട്ടുകാളയുടെ അലങ്കാരങ്ങള്‍ ഒക്കെ ഉണക്കാന്‍ ഇട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പതാകയ്ക്കാണെന്ന് തെറ്റിദ്ധരിക്കല്ലേ.

ഇനിയിപ്പോള്‍ തിരിച്ചു വീട്ടിലേക്കു നടക്കാം. എന്തായാലും തിരിച്ചു നടക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ പാലം കയറുക തന്നെ.

വയലില്‍ കൂടി തിരിച്ചുള്ള യാത്ര തീരുന്നത് അമ്പലക്കുളത്തിന്റെ അടുത്താണ്. വഴിയില്‍ ഒരു ആലയുണ്ട്. വെള്ളചാലിന്റെ ഓരത്ത് കൂടി നടന്നു വരുമ്പോള്‍ വെള്ളത്തില്‍ ഒരു നീര്‍കാക്ക. അവന്‍ നീന്തിപോകുന്നത് ഒന്ന് ക്ലിക്കാം എന്ന് കരുതിയപ്പോള്‍ ആളിനിതിരി അഹങ്കാരം. എന്നേ തോല്‍പ്പിച്ചു തോടിന്‍റെ തിട്ടയ്ക്ക് പോയിരുന്നു. എന്നിട്ടും കിട്ടി ഒരു സ്നാപ്.   

തൂവലൊന്നു ഉണങ്ങട്ടെ.
         അങ്ങനെ തിരിച്ചു അമ്പലത്തിനു മുന്നില്‍ തന്നെ എത്തി. എന്തായാലും നടന്നു തീര്‍ത്ത മൂന്നു മണിക്കൂറുകള്‍ ഒട്ടും നഷ്ടമായില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ വീട്ടിലേക്കു പോകുന്നു.

May 11, 2011

ബൈസിക്കിള്‍ തീവ്സ്

        മേക്കുന്ന് മുകള്‍ ജംഗ്ഷന്‍ എന്ന് പറഞ്ഞാല്‍ പള്ളിക്കല്‍ പ്രദേശത്തുകാര്‍ക്ക്  ശരിക്കും ടൌണ്‍ തന്നെ. ആനയടി പഴകുളം സ്റ്റേറ്റ് ഹൈവേയും ഭരണിക്കാവില്‍ നിന്നും കണ്ട മലയും പുഴയുമൊക്കെ താണ്ടി പാടത്തിനു നടുക്കൂടെ വരുന്ന, മഴ പെയ്താല്‍ വെള്ളം കയറുന്ന ലോവേയും തമ്മില്‍ കൂട്ടി മുട്ടുന്ന സ്ഥലം. അതുകൊണ്ട് തന്നെ കള്ളപ്പന്‍ ചിറ (തലസ്ഥാന നഗരി) കഴിഞ്ഞാല്‍പള്ളിക്കലിന്റെ വാണിജ്യ കേന്ദ്രമാണ് മേക്കുന്ന് മുകള്‍. കുറച്ചു തെക്ക് മാറി സ്ഥിതിചെയ്യുന്ന കള്ളുഷാപ്പ് മൂലം സാംസ്കാരിക തലസ്ഥാനമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വികസ്വര നഗരം, ഒപ്പം 'ഷാപ്പ്‌ മുക്ക്' എന്ന അപര നാമധേയവും.  ഇനി പറയാന്‍  പോകുന്ന സംഭവം നടന്നത് ഈ തന്ത്രപ്രധാന മേഖലയില്‍ ആണ്.
മേക്കുന്നുമുകള്‍ Jn .

      വേനല്‍ കഴിഞ്ഞുള്ള മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം നിവാസികള്‍. എന്തുകൊണ്ടെന്നാല്‍,മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ കയ്യില്‍ കാശ് വന്നു നിറയുകയല്ലേ, റബ്ബര്‍ ഷീറ്റിന്റെ രൂപത്തില്‍. മഴ തുടങ്ങിയപോള്‍ തന്നെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍. അങ്ങേ തലക്കല്‍ ടാപ്പിംഗ് സുഹൃത്ത് ശ്രീ. വിജയന്‍.

"സാറേ, ഞാന്‍ വെള്ളിയാഴ്ച 6.30 നു വരും, മരം വെട്ടാന്‍."


"അതെന്താടാ 6.30 ?"
എന്നും 8.30 നു പോലും നട്ടുച്ച വരെ വെട്ടി തകര്‍ക്കുന്ന ആളിന് എന്തുപറ്റി എന്നൊരു സംശയം.


" നമ്മുടെ ചന്ദ്രന്‍ ജ്യോത്സ്യന്‍ ഇല്ലിയോ? അദ്ദേഹം കുറിച്ച് തന്ന സമയമാണ്. കഴിഞ്ഞ വര്‍ഷം രാഹുകാലത്ത് വെട്ടു തുടങ്ങി  ആകെ പ്രശ്നം ആയില്ലേ. അതുകൊണ്ട് ഇത്തവണ ഞാന്‍ ഒന്ന് നോക്കിച്ചു."


അച്ഛന്‍ ഒന്ന് ഞെട്ടി, കഥ അറിഞ്ഞപ്പോള്‍ ഞങ്ങളും. വെട്ടു തുടങ്ങാന്‍ പോലും ജ്യോതിഷം.
കഴിഞ്ഞ വര്‍ഷം ഷെയ്ട്‌ ഇട്ടിട്ടു മുങ്ങിയ കക്ഷിയാ... ഇപ്പോഴല്ലേ അറിഞ്ഞത് രാഹുവാണ്കളിച്ചത് എന്ന്. അന്നേ പറഞ്ഞിരുന്നെങ്കില്‍ ആ രാഹൂനെ...
വിളിച്ചതിന്റെ കാര്യം ഒന്നൂടെ ഉണ്ട്. ഷീറ്റ് അടിക്കാന്‍ കൊണ്ടുപോകുന്ന സൈക്കിള്‍ ശരിയാക്കണം...
ശരിയാക്കാം...
     അച്ഛന്‍ സൈക്കിളുമായി മേക്കുന്ന് മുകളിലെ ഡോ. ഗംഗാധരന്‍ മാമന്റെ കടയിലേക്ക് വച്ച് പിടിച്ചു. ന്നി സൈക്കിള്‍ ഇല്ലഞ്ഞിട്ടു വെട്ടു മുടങ്ങണ്ടാ. അദ്ദേഹം എണീല്‍ അമ്പലത്തിലെ (തൊട്ടടുത്ത പട്ടണത്തിന്റെ തലയുടെ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിന്റെ വിളിപ്പേര്. ഹൃദയത്തില്‍ നിന്നും തലയിലേക്കുള്ള കയറ്റം അപാരം തന്നെ ന്‍റെ ശിവനെ..) ഉത്സവത്തിന്റെ ബാക്കി പത്രമായി അങ്ങനെ കിടക്കുകയാണ്.


" സാര്‍ ആ സൈക്കിള്‍ മുറ്റത്ത്‌ വച്ചിരുന്നാല്‍ മതി. ഇന്ന് വയ്യ, നാളത്തേക്ക് ശരിയാക്കാം."


" അകത്തു എടുത്തു വയ്ക്കണോ?"


"വേണ്ടാ, ഞാന്‍ എടുത്തോളാം."


"എങ്കില്‍ ശരി."
   അങ്ങനെ റോഡരുകില്‍ സൈക്കിള്‍ വച്ചിട്ട് അച്ഛന്‍ തിരിച്ചു പോന്നു.
ടിയാന്റെ കടയ്ക്കു പിന്നിലുള്ള കുറച്ചു സ്ഥലം നമ്മുടെ വകയാണ്. അടുത്ത ദിവസം രാവിലെ തേങ്ങ വെട്ടിക്കാന്‍ ചെന്ന അച്ഛനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത.


'സൈക്കിള്‍ മോഷണം പോയി.'
സംഭവം ഇങ്ങനെ....
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഗംഗാധരന്‍ മാമന്‍ സൈക്കിളിന്റെ കാര്യം മാത്രം മറന്നുപോയി. ഉത്സവം കഴിഞ്ഞു മടങ്ങിയ ഒരു ആന ടീം (one ആന  + two പപ്പാന്‍സ്) രാത്രിയില്‍ എപ്പോഴോ വന്നു വിളിച്ചുണര്‍ത്തി തെങ്ങമത്തെക്കുള്ള വഴി ചോദിച്ചു. വഴിയൊക്കെ പറഞ്ഞു കൊടുത്തിട്ട് വീട്ടിലേക്കു കയറുമ്പോഴാണ് സൈക്കിളിന്റെ കാര്യം ഓര്‍ത്തത്‌.വന്നു നോക്കുമ്പോള്‍ സൈക്കിളിരുന്ന സ്ഥലം ശൂന്യം. കണ്ണെത്തുന്ന ദൂരം മുഴുവന്‍ നോക്കി, കണ്ടില്ല.
പക്ഷെ ദൂരെ ഒരു അത്ഭുത കാഴ്ച.
ആനപ്പുറത്തിരുന്ന ഒരു പാപ്പാന്‍‌ നടന്നു പോകുന്നു, കൂടെ ഒരു സൈക്കിളും. പാപ്പനെന്തിനാ സൈക്കിള്‍.!!!
ഇനി ആനയെങ്ങാനും പഞ്ചറായോ??
സംഗതി വ്യക്തം..
കയ്യില്‍ കിട്ടിയ കല്ലെടുത്ത് ഒന്ന് കൊടുക്കാം എന്ന് കരുതി, പക്ഷെ പാപ്പാന് പകരം ഏറു ആനയ്ക്ക് കൊണ്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്‍ത്തു. അവസാനം ആനയ്ക്ക് മനസിലാകാത്ത ഭാഷയില്‍ ആയി ഏറു. ഏറു കൊണ്ട പപ്പന്‍ സൈക്കിളുപെക്ഷിച്ചു യാത്രയായി...
" എന്നിട്ട് സൈക്കിള്‍ എവിടെ?"
"ഞാന്‍ അതെടുത്ത് മുറിയില്‍ വച്ച് പൂട്ടി. അല്ലെങ്കില്‍ ഉറക്കം പോകും."
തിരിച്ചു വരുമ്പോള്‍ വഴിയില്‍ കണ്ടവരെല്ലാം സൈക്കിളിന്റെ സുഖ വിവരം അന്വേഷിച്ചു എന്നും, അത് പേടിച്ചു വീട്ടില്‍ ഇരുന്ന അച്ഛനെ തെക്കേലെ രവി മാമന്‍ ഫോണ്‍ ചെയ്ത് കളിയാക്കി എന്നും ഉള്ള വാര്‍ത്തകള്‍ വെറും വെറുതെ...
   എന്തായാലും " വിജയന്‍ സമയം നോക്കിച്ചത് നന്നായീ" ന്നാ അമ്മയുടെ അഭിപ്രായം.അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അവസ്ഥ...ഹോ ചിന്തിക്കാന്‍ കൂടി വയ്യേ..
"കണ്ണില്‍ കൊള്ളേണ്ട ആപത്ത് അല്ലെ  പുരികത്തു കൊണ്ട് പോയത്....!!!!!!!!" 

NB: വെള്ളിയാഴ്ച വരാമെന്ന് പറഞ്ഞ വ്യക്തി പക്ഷെ, ഇതുവരെയായിട്ടും എത്തിച്ചേര്‍ന്നില്ല. കുറിച്ച് കൊടുത്ത സമയം ആദ്യം തന്നെ തെറ്റിയതിനാല്‍ പുതിയ ഒരു സമയം കുറിച്ച് എത്രയും പെട്ടെന്ന് ഹാജരാകും എന്നെ മേഘദൂത് മാത്രം എത്തുന്നുണ്ട്. അത് ജനുവരി മാസം വരെ നീളല്ലേ  എന്ന പ്രാര്‍ഥനയോടെ ഞങ്ങളും...