September 02, 2011

ഓണം ഒരു ഫ്ലാഷ് ബാക്ക്


         പത്താം ക്ലാസ്സ് വരെ പയറ്റി തെളിഞ്ഞ പയ്യനല്ലൂര്‍ സ്കൂളിലും, പിനങ്ങോട്ടു പ്ലസ് ടൂ ന്നും പറഞ്ഞു ചുറ്റി തിരിഞ്ഞ സാക്ഷാല്‍ " വിജ്ഞാന വിനോദിനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും" (വേണമെങ്കില്‍ ചുരുക്കി പോലീസ് സ്റേഷന്‍ എന്നും വിളിക്കാം) യുവജനോത്സവം, വിജ്ഞാനോത്സവം പിന്നെ വല്ലപ്പോഴും ഒരു സെന്റ്‌ ഓഫ്‌ ആദിയായ ആഘോഷങ്ങള്‍ അല്ലാതെ ഓണം ക്രിസ്മസ് ഇത്യാദികള്‍ ഒന്നും ആഘോഷിക്കുന്ന പതിവ് ഇല്ലായിരുന്നു. തന്മൂലം ജീവിതത്തില്‍ ആദ്യമായി ഒരു ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് സെന്റ്‌ ജോസഫ്‌സ് ഇല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ്. ഹോസ്റല്‍ ജീവിതത്തിനിടയ്ക്ക് വീട്ടിലേക്കു ഓടാന്‍ കിട്ടുന്ന പത്തു ദിവസങ്ങളില്‍ ഒന്ന് നഷ്ടമാകും എന്ന് ഓര്‍ത്തപ്പോള്‍ അവിടുത്തെ പാവം പ്രിന്‍സിയെ വഴക്ക് പറയാന്‍ ആണ് ആദ്യം തോന്നിയത്.എങ്കിലും കാന്ടീനിനു മുന്നിലെ മാവില്‍ കെട്ടിയ ഊഞ്ഞാല്‍ ആ ദേഷ്യം അപ്പടി അങ്ങ് ഉരുക്കി കളഞ്ഞു.

 നാടന്‍ പാട്ട്, തിരുവാതിര, അത്തപൂക്കളമത്സരം, മലയാളി മങ്ക അങ്ങനെ ഇനങ്ങള്‍ പലതുണ്ടെങ്കിലും പയ്യനല്ലൂര്‍ സ്കൂളിലെ സ്റ്റേജ് അല്ലാതെ മറ്റൊരു സ്റ്റേജിലും കയറില്ല എന്ന ദൃഡ നിശ്ചയം ഉള്ളതുകൊണ്ട് (മലയാളി മങ്ക പരിപാടി മലയാളി മങ്കി ആക്കണ്ടാ എന്ന് കരുതിയും) ഒന്നിലും ചേരാതെ കറങ്ങി നടക്കാന്‍ തന്നെ തീരുമാനിച്ചു. ഒറ്റയ്ക്കല്ല, കൂട്ടിനു ഹോസ്റെലിലെ സഹമുറിയകള്‍ ആറെണ്ണം വേറെ ഉണ്ട്. അങ്ങനെ സ്വസ്ഥമായി ജീവിക്കാന്‍ തീരുമാനിചിരിക്കുമ്പോള്‍ ആണ് ഡിപാര്‍ട്ട്മെന്റ് ഹെഡ് മിസ്സ്‌ (അബടെ അങ്ങനെയാ വിളിക്കുക) ഡയാനയുടെ ചങ്ങല കുരുക്ക് വീണത്‌. അങ്ങനെ  പരിപാടിയില്‍ പങ്കെടുക്കാത്ത ആള്‍ക്കാരെ എല്ലാം പരിപാടിയുടെ കോഡിനേഷന്‍ കമ്മറ്റിയിലേക്ക് എടുത്തുകൊണ്ടുള്ള അറിയിപ്പ് വൈകുംനേരത്തോടെ കയ്യില്‍ എത്തി. ബാക്കി ആറെണ്ണവും അതങ്ങട് ബഹുധാ ആഘോഷിച്ചു. ഉച്ചയ്ക്ക് ഫുടിക്കാന്‍ നീയൊക്കെ എന്‍റെ അടുത്ത് എത്തുമെടീ എന്ന് മനസിലും, കുറച്ചു ഉറക്കെയും , പറഞ്ഞു ഞാന്‍ ഒരുവിധം പിടിച്ചു നിന്നു.

ഓണത്തിന് സെറ്റ് സാരി ഉടുക്കാന്‍ പ്ലാന്‍ ചെയ്തത് എല്ലാവരും കൂടി ആയിരുന്നു. അതിനു മുന്‍പ് ഫുള്‍ പോയിട്ട് ഒരു ഹാഫ് സാരി പോലും ഉടുത്ത് പരിചയം ഇല്ലാത്ത എനിക്ക് അവര്‍ എല്ലാവരും കൂടി ഉറപ്പ് തന്നു, സാരി ഉടുപ്പിച്ചു തരാന്ന്. അങ്ങനെ ഓണത്തിന്റെ പര്‍ചൈസില്‍ എനിക്ക് അച്ഛന്‍ ആദ്യത്തെ സാരി വാങ്ങി തന്നു, നിറയെ സ്വര്‍ണ നിറത്തിലുള്ള പൂക്കള്‍ തുന്നിയ ഒന്ന്. രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്നു പോയപ്പോള്‍ തന്നെ സാരി ഹോസ്റ്റെലില്‍ എത്തിച്ചു. എന്നും രാവിലെയും വൈകിട്ടും ബാഗില്‍ നിന്നു എടുത്തു നോക്കിയും ആസ്വദിച്ചും  അങ്ങനെ ദിവസങ്ങള്‍ എണ്ണി എണ്ണി കാത്തിരിപ്പ്‌ തുടര്‍ന്നു. 
അവസാനം കാത്തിരുന്ന ദിവസം എത്തി. കോഡിനേഷന്‍ കമ്മറ്റി യില്‍ ഉള്ളവര്‍ എല്ലാം രാവിലെ നേരത്തെ എത്തണം എന്ന് മിസ്സ്‌ പറഞ്ഞത് കൊണ്ടു രാവിലെ നേരത്തെ ഉണരണം എന്നും ആത്മാര്‍ഥമായി സഹകരിക്കണം എന്നും എല്ലാവരെയും പറഞ്ഞു ഏല്‍പ്പിച്ചു.രാവിലെ അഞ്ചു മണിക്ക് അലാറം വയ്ക്കാനും ബാത്ത്രൂമിന്റെ മുന്നിലെ ക്യൂവില്‍ നിന്നു രക്ഷ പെടാനും ഉള്ള പ്ലാന്‍ എല്ലാം തയാറാക്കിയിട്ടാണ് കിടന്നുറങ്ങിയത്.എന്തായാലും ടൈം പീസ്‌ ചതിച്ചില്ല. അലാറം കേട്ടപാടെ ചാടി എഴുന്നേറ്റു ബക്കറ്റുമായി ബാത്ത് റൂം ബുക്ക് ചെയ്യാന്‍ ഇറങ്ങിയ ഞങ്ങള്‍ ഞെട്ടിപ്പോയി, ക്യൂ നീണ്ടു വന്നു ഞങ്ങളുടെ പതിനാലാം നമ്പര്‍ റൂമിന്റെ മുന്നില്‍ വരെ എത്തി. (അനുഭവങ്ങള്‍ ........) ഒന്‍പതു മണിയായപ്പോഴേക്കും കുളിച്ചെന്നു വരുത്തി റൂമില്‍ എത്തി.എത്തിയ പാടെ താഴത്തെ നിലയില്‍ നിന്നും ഹോസ്റ്റെല്‍ വാര്‍ഡന്‍റെ അശരീരി എത്തി. 
" റൂം നമ്പര്‍ 14 , ഇന്മേറ്റ് 4 നു ഫോണ്‍". (ജയിലിലെ പോലാനേ നമ്പറിംഗ്) 
മിസ്സ്‌ ആണ്. എല്ലാവരും എത്തിയെന്ന് പറയാന്‍ "സ്വന്തം മൊബൈലില്‍" നിന്നു വിളിച്ചതാണ്.വെയ്ക്കുമ്പോള്‍ ഒരു മുന്നറിയിപ്പും കിട്ടി, ഇനി വിളി ഉണ്ടാകില്ല എന്ന്. റൂമില്‍ വേറെ ആരും എത്തിയില്ല. അഞ്ചര മീറ്ററിന്റെ സാരി എങ്ങനെ ഉടുത്ത് തീര്‍ക്കും എന്ന് അറിയുകയും ഇല്ല. അവസാനം കിട്ടിയ ചുരിദാറും ഇട്ടു നേരെ കോളേജിലേക്ക് ഓടി. മിസ്സിന്റെ മുഖത്ത് കടന്നാല്‍ കുത്തിയ ഭാവം. ഇതിന്‍റെ പേരില്‍ ഇനി ഇന്റെര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമോ എന്ന സംശയത്തില്‍ ചെന്നു ഒരു സോറി പറഞ്ഞങ്ങു കീഴടങ്ങി.


പത്തു മണി ആയപ്പോഴേക്കും എല്ലാവരും എത്തിത്തുടങ്ങി. മലയാളിമങ്കമാരുടെ പ്രളയം. കൂട്ടത്തില്‍ ഞാന്‍ മാത്രം ഒരു നീലചുരിദാര്‍കാരി. എന്‍റെ സഹമുറിയകളും എത്തി. എല്ലാവരും നല്ല സ്റ്റൈലില്‍ തന്നെ. കിട്ടിയ അവസരം ഒട്ടും കളയാതെ എനിക്ക് പണി തരാന്‍ അവരും മടിച്ചില്ല.ബാക്കിയെല്ലാരും സാരി ചുറ്റി വന്നതുകൊണ്ട് പണിയെല്ലാം എനിക്കും. കോളേജ് എന്ന് പറയുന്ന മൂന്നു നിലക്കെട്ടിടത്തിലെ പടികളുടെ എണ്ണം നോക്കി നോക്കി  വൈകുംനേരം ആയപ്പോഴേയ്ക്കും ചെരിപ്പോക്കെ തേഞ്ഞു തീര്‍ന്നു. 


അവസാനം പരിപാടി കഴിഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ മിസ്സിന്റെ സ്നേഹാന്വേഷണം. 
"റൂം മേറ്റ്സ് ഒക്കെ സാരി ഉടുത്തു ആണല്ലോ വന്നത്. ജയലക്ഷ്മിക്ക് എന്ത് പറ്റി? സാരി ഉടുക്കുന്നത് ഇഷ്ടമല്ലേ?"
പോസ് ചെയ്തു എമ്പോസ്  ചെയ്യുന്ന ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രത്തിലെ എന്‍റെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ എനിക്ക് പോലും പറ്റിയില്ല.

15 comments:

Rajnath said...

(മലയാളി മങ്ക പരിപാടി മലയാളി മങ്കി ആക്കണ്ടാ എന്ന് കരുതിയും)അത് ഏതായാലും നന്നായിട്ടോ,,,,,,, വെറുതെ ഒരു കമന്റെഴുതിയതാ കേട്ടോ "ഓണം ഒരു ഫ്ലാഷ് ബാക്ക്" നന്നായിട്ടുണ്ടേ... ഓണാശംസകള്‍

ലിനു ആര്‍ കെ നായര്‍ said...

ജയലക്ഷ്മിക്ക് എന്ത് പറ്റി? സാരി ഉടുക്കുന്നത് ഇഷ്ടമല്ലേ?"ഹാ ഹാ .......

ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നാണോ .....???

സ്നേഹപൂര്‍വ്വം said...

രാജ്നാഥ് ഭായി എന്തായലും പറഞ്ഞു
ഇനി ഞാന്‍ പറയേണ്ട ആവശ്യമില്ല......ആ പ്രയോഗം ഇഷ്ടപ്പെട്ടു
നന്നായിട്ടുണ്ട്........ഒരു ചിരി മാത്രം അവശേഷിക്കുന്നു
തങ്ങള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ " ഓണാശംസകള്‍ !!!!

സീത* said...

ഞാനും കടന്നു പോയിട്ടുണ്ടീ അവസ്ഥയിലൂടെ..ഹിഹി...അതുകൊണ്ടെനിക്ക് മനസിലാവും ..അപ്പോ എങ്ങനാ...തുടങ്ങുവല്ലേ...

ആർപ്പോ‍ാ‍ാ‍ാ ഇർ‌റോ.....

ഹൃദയം നിറഞ്ഞ ഓണാശംസകൾ

Aneesh Puthuvalil said...

മലയാളി മങ്കമാരുടെ വേഷം 'സാരി ' ആയത്‌ എന്നു മുതലാണ്‌.... ഇങ്ങനെ ഉള്ള സാരികള്‍ വരും മുമ്പെ മങ്കമാര്‍ ഓണം ആഘോഷിച്ചിട്ടില്ലെ???????

ജയലക്ഷ്മി said...

രാജ്നാഥ് ചേട്ടാ...നന്ദി.
ലിനൂ..ഇപ്പോള്‍ അങ്ങനെ ഒന്നും അല്ലേ...
സീതചെച്ചീ..... ഓണം നമുക്ക് അടിച്ചു പൊളിക്കണം.
@ അനീഷ്‌ പുതുവള്ളി..സാരി ഉണ്ടാകുന്നതിനു (ഉണ്ടാക്കുന്നതിനു) മുന്‍പേ കോളേജില്‍ മലയാളി മങ്ക മത്സരം ഉണ്ടായിരുന്നോ? എനിക്കറിയില്ല. ഞാന്‍ കോളേജില്‍ പഠിച്ചത് അടുത്ത കാലത്താണ്.

Kattil Abdul Nissar said...

ജയേ,

ഓണക്കുറിപ്പു നന്നായിരുന്നു. വല്ലാപ്പോഴും ഒന്ന് പോസ്റ്റാതെ കുറച്ചു ആക്റ്റിവ് ആകണം മിസ്‌ .
പ്രവാസികളുടെ കാരാഗൃഹത്തില്‍ ഇവിടെ വീര്‍പ്പു മുട്ടുമ്പോള്‍ എനിക്ക് കൂടിയുള്ള ഓണം അവിടെ ആഘോഷിക്കാന്‍ അപേക്ഷ

ഓണാശംസകള്‍ .............

അനീഷ്‌ പുതുവലില്‍ said...
This comment has been removed by the author.
അനീഷ്‌ പുതുവലില്‍ said...

എനിക്കുമറിയില്ല ഞാനും ക്യാമ്പസ്സ്‌ വിട്ടത്‌ ഈ അടുത്താണ്‌... എണ്റ്റെ ക്യാമ്പസ്സിലും കണ്ടിട്ടുണ്ട്‌ ഇതു പോലെ പണി കിട്ടിയ ചിലര്‍ അവരെ കളിയാക്കുമ്പോള്‍ കിട്ടുന്ന മറുപടി ആണ്‌ ജയക്ക്‌ സപ്പോര്‍ട്ടായ്‌ ഞാന്‍ പറഞ്ഞത്‌......... ഓണാശംസകള്‍

ജയലക്ഷ്മി said...

നിസ്സാര്‍ സര്‍...എന്‍റെ ഓണം ദാ എത്തിയല്ലോ...
അനീഷ്‌...ക്ഷമിക്കണം. വാക്കില്‍ എന്തോ ഒന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. മാപ്പ്.

അനീഷ്‌ പുതുവലില്‍ said...

എനിക്ക്‌ മനസ്സിലായ്‌ എണ്റ്റെ വികടത്വം....അതാണ്‌ ഞാന്‍ തിരുത്തിയത്‌.വികടത്വത്തിനു അസ്സല്‍ പ്രതികരണമായിരുന്നുട്ടോ.....നന്നായ്‌ ആസ്വദിച്ചു...

manu said...

ഇതെന്തായാലും പ്ലസ്‌ ടൂവിനു പഠിക്കുമ്പോള്‍ അല്ല.അന്ന് നീ വലിയ ജാഡ ടീം ആയിരുന്നല്ലോ, ഇപ്പോഴും.
നീ ഇപ്പോള്‍ സാരി ഉടുത്തു തുടങ്ങിയോ?

syam mullackal said...

good

ജയലക്ഷ്മി said...

@ സ്നേഹപൂര്‍വ്വം, നേരത്തെ ഈ സുഹൃത്തിനെ ഒന്ന് കാണ്‍മാണ്ടേ പോയി. മാപ്പ്. ഓണാശംസകള്‍ക്ക് നന്ദി.
@ അനീഷ്‌ പുതുവലില്‍, തുറന്നു പറയാന്‍ ഉള്ള മനസ് കാണിച്ചത് കൊണ്ട് ഒരു തെറ്റിധാരണ ഒഴിവായി കിട്ടി.
@ മനു...ഞാന്‍ അത്രയ്ക്ക് ജാടക്കാരിയാണോ? ഈശ്വരാ.. എന്തിന്റെ ജാഡ ആണോ എന്തോ?
@ ശ്യാം, നന്ദി പറയാന്‍ പറ്റില്ലല്ലോ, അനിയന്‍ ആയിപ്പോയില്ലേ.

Renji said...

:-)...