August 19, 2011

എനിക്കെന്തു പറയാന്‍?

ഏകാന്തതയ്ക്ക് എന്നും കറുപ്പ് നിറമായിരുന്നു ...
      രാത്രിയുടെ കട്ടപിടിച്ച ഇരുട്ടില്‍ എവിടെയോ അലഞ്ഞു തിരിയുമ്പോള്‍ തോന്നി ജീവിതം ആരൊക്കെയോ വലിച്ചു കെട്ടിയ കമ്പിവലകള്‍ക്കുള്ളില്‍ ആണെന്ന്. മരണം വെറും പ്രതീക്ഷയെന്നും.
   ഇടയ്ക്കെപ്പോഴോ ഇരവിന്റെ ഇരുട്ടില്‍ നിന്നും മരണത്തിലേക്ക് നടന്നു കയറാന്‍ കൊതിച്ചുപോയി. തിരിഞ്ഞു നടക്കാന്‍ മോഹമില്ലഞ്ഞിട്ടല്ല, ഒരു വാക്കിന്റെ  വേദന പോലും താങ്ങാനാവാതെ എങ്ങനെ ഒരു ജന്മത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങും?? ലോകം പരിഹസിച്ചേക്കാം, ഭീരുവെന്നോ അര്‍ത്ഥശൂന്യ എന്നോ ചിലപ്പോള്‍ അതിലും നിഷ്ടൂരമായി തന്നെ. പക്ഷെ, ലോകത്തിനു വേണ്ടി ജീവിക്കാന്‍ ആവില്ലല്ലോ!!
കാലത്തിന്റെ രഥചക്രങ്ങള്‍ക്ക് തിരിച്ചു കറങ്ങാനും...
    കണ്ണിമ ചിമ്മാതെ നടന്നപ്പോള്‍ അകലെയെവിടെയോ കേട്ടു, നരിച്ചീറുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. ഇനി മരണപ്പെട്ടുവോ?? വീണ്ടും തിരിച്ചു നടക്കാന്‍ തോന്നിയാല്‍...
      മണ്ണിനടിയില്‍ കാഴ്ചയുടെയും കേഴ്വിയുടെയും ലോകതിനപ്പുറം, ആകെയുള്ള ഓര്‍മ്മകള്‍ കൂടി വിലക്കപ്പെട്ടവയെങ്കില്‍...പിന്നെ..മരണം, അത് വേണ്ടിയിരുന്നില്ല.
     ഒരു പറ്റം ഉറുമ്പുകള്‍ നടന്നു നീങ്ങുന്നു.എവിടെനിന്നാണ്, അറിയില്ല. ഇരുട്ടില്‍ അവയെ കണ്ടത് തന്നെ അത്ഭുതം. വേദനിപ്പിക്കാനുള്ള കാഴ്ചകളെ മറയ്ക്കാന്‍ ഇരുട്ടിനും ആവില്ല. ജീവിതത്തിന്റെ വഴിയില്‍ എവിടെയോ ചവിട്ടിയരയ്ക്കപ്പെട്ട മനസ്സില്‍ നിന്നാകും.'ഉറുമ്പരിക്കുന്ന മനസ്' കൊള്ളാം. ജീര്‍ണതകളെ സ്വന്തമാക്കാന്‍ അവയ്ക്കൊക്കെ ദൈവം അധികാരം നല്‍കിയിരിക്കുന്നു. ഇനിയത് അവര്‍ക്കുള്ള ഭക്ഷണം. തിരിച്ചു നടക്കാന്‍ തോന്നിയില്ല.പകയും വിദ്വേഷവും, പ്രകടിപ്പിക്കാതെ പോയ കോപവും അസൂയയും വെറുപ്പും...എല്ലാം ഇല്ലാതെയാകട്ടെ.
പക്ഷെ കാലങ്ങള്‍ക്കപ്പുറം സൂക്ഷിക്കും എന്ന് ഞാന്‍ വാക്ക് കൊടുത്ത സ്നേഹമോ???തിടുക്കത്തില്‍ തിരിച്ചു നടന്നു...
മനസ് മറവുചെയ്യാന്‍ പറ്റിയ ഒരു ശവപേടകം തേടി....

14 comments:

Rajnath said...

" ലോകത്തിനു വേണ്ടി ജീവിക്കാന്‍ ആവില്ലല്ലോ"
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാതെ വരുമ്പോഴെ നമ്മള്‍ ജീവിതത്തെ കുറിച് ചിന്തിക്കാറുള്ളു.
പിന്നെസ്നേഹം
ആഗ്രഹിക്കാം...കാത്തിരിക്കാം..കൊടുക്കാം..അത് മനസിന്‍റെ മാത്രം അവകാശം ആണെ പഷേ കിട്ടണമെന്നെ ശടിക്കരുതെ
മരണം
അതിനെകുറിച്ചു ചിന്തിക്കാതിരിക്കുക
അത് എപ്പോള്‍ വേണമെകിലും വരാം
"മരണത്തിനെ നല്ലിഷ്ടമാണന്നു തോന്നുന്നു"
ജിവിതം സ്നേഹം മരണം ഏല്ലാം നന്നായിട്ടുണ്ടെ ആശംസകള്‍....

ജയലക്ഷ്മി said...

മരണത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റുമോ?

ഈ ലോകം ഉരുളുന്നത് എന്‍റെ കഴിവുകൊണ്ടാണ്‌ എന്ന് ചിന്തിച്ചാല്‍ അപ്പോള്‍ തന്നെ കാലം തെളിയിക്കും, എനിക്ക് മുന്‍പും എനിക്ക് ശേഷവും ലോകം ഉണ്ടായിരുന്നു എന്ന്. മരണത്തെ എന്തിനു വെറുക്കണം? ജീവിതം തന്ന നന്മകളില്‍ ഒന്ന് തന്നെയാണ് മരണവും. മരണം ഇഷ്ടപ്പെട്ടതുകൊണ്ട് ആരും മറിച്ച് പോവില്ല, വെറുത്തവര്‍ ആരും ചിരന്ജീവികള്‍ ആയതും ഇല്ല. പിന്നെന്തിനു വിഷമം.
നന്ദി രാജ്നാഥ് ചേട്ടാ...

സീത* said...

കൊള്ളാം ജയാ നല്ല ചിന്തകൾ...
ജീർണ്ണതകളെ സ്വന്തമാക്കുന്നവയ്ക്ക് ജീർണ്ണമായ മനുഷ്യമനസ്സ് വേണ്ടെന്നറിയുമോ അനിയത്തീ..മരണത്തെ ഭയക്കണ്ട...എന്നാൽ സ്നേഹിക്കയും വേണ്ട...നമ്മളവനെ തിരയണ്ട..അവൻ നമ്മളെ തിരയട്ടെ...
കാലങ്ങൾക്കപ്പുറവും സൂക്ഷിക്കാൻ ആ സ്നേഹത്തെ ഹൃദയത്തിന്റെ ചില്ലുകൂട്ടിൽ അടച്ച് വയ്ക്കൂ കാലത്തിന്റെ തിരകളെടുക്കാതെ..ആശംസകൾ

സ്നേഹപൂര്‍വ്വം said...

വായിച്ചു കൊണ്ടിരുന്നപ്പോള്‍
ഓര്‍മ്മവന്നത് മഹാനായ ബഷീറിന്റെ
"മരണത്തിന്റെ നിഴല്‍" എന്ന പുസ്തകത്തിലെ ചില വരികള്‍ ആണ്.
"ഇത് എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നെനികറിയില്ല
മരണം എപ്പൊഴും കൂടെയുണ്ടായിരുന്നു........"
പ്രിയ എഴുത്തുകാരി മാധവികുട്ടി പറഞ്ഞപോലെ
"പുലര്‍ച്ചെ എഴുന്നെല്കുന്ന ഞാന്‍ ഒരു പുതിയ ഞാനും
ഇന്നലെ വരെയുള്ള ഞാന്‍ മരിച്ചും കഴിഞ്ഞിരിക്കുന്നു എന്നും ബോധ്യമാകുന്നു..."
ഇതെല്ലം ചെന്നു നില്‍ക്കുന്നത് പൌലോകൊയ്ലോയുടെ "വര്‍ത്തമാനത്തില്‍ മുഴുകുക"
എന്ന ആശയത്തില്‍ ആണല്ലോ......വര്‍ത്തമാനത്തിലെ പ്രവൃത്തികളില്‍ മുഴുകാന്‍ കഴിയട്ടെ
നമ്മള്‍ ഓരോരുത്തര്‍ക്കും..........
പ്രിയ കൂട്ടുകാരി നന്നായിരിക്കുന്നു
ദൈവം അനുഗ്രഹികട്ടെ

ലിനു ആര്‍ കെ നായര്‍ said...

ആലങ്കാരികമായി പറയാന്‍ എനിക്കറിയില്ല ...അല്പം ആധികാരികമായി തന്നെ പറയും ...
മര്യാദയ്ക്ക് ഇരുന്നില്ലേല്‍ അങ്ങ് വന്നു കയ്യും കാലും അടിച്ചു ഒടിക്കും നോക്കിക്കോ ...
എനിക്ക് ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ....അതെ സമയം ഇഷ്ടപെട്ടുമില്ല ......

Kattil Abdul Nissar said...

ശരീരം ദയ അര്‍ഹിക്കുന്നു. അത് മനസ്സിനെ ചുമക്കുന്നു എന്നത് കൊണ്ട് തന്നെ.

Aneesh Puthuvalil said...
This comment has been removed by the author.
Aneesh Puthuvalil said...

പ്രതീക്ഷള്‍ നശിക്കുന്നിടത്താണ്‌
മരണത്തോടുള്ള പ്രണയം ആരംഭിക്കുന്നത്‌.
ആ പ്രണയം സത്യവും ശാശ്വതവുമല്ല.
പ്രതീക്ഷകള്‍ക്ക്‌ വീണ്ടും ചിറകു വയ്ക്കുമെന്നു
തോന്നിയാല്‍ എത്ര അടുത്തു പോയെങ്കിലും
മരണത്തെവിട്ടു നാം ഓടി മാറും.
അല്ലെങ്കില്‍ തന്നെ മരണത്തോടെ നമുക്ക്‌ മാറ്റം വരുമോ?
നമ്മുടെ മനസ്സില്‍ ആണ്‌ സങ്കീര്‍ണ്ണതകള്‍ മുഴുവന്‍.
ശരീരം നശിച്ചാല്‍ അതിനു മാറ്റം വരുമോ?
തിരുത്താന്‍ പറ്റാത്ത ഒരു തീരുമാനം മാത്രമാണ്‌ മരണം

ചെറുത്* said...

"എനിക്കെന്തു പറയാന്‍?"

മനസ് മറവുചെയ്യാന്‍ പറ്റിയ ഒരു ശവപേടകം തേടി നടന്നിട്ട് കിട്ട്യോ കുട്ട്യേ

അത് സ്വന്തം മുഖം തന്നെയാണെന്ന് ഏതോ ഒരു കവി പറഞ്ഞിട്ടില്ലേ. ശ്രമിച്ച് നോക്കു. ആള്‍‍ ദ ബെസ്റ്റേ!

Aneesh Puthuvalil said...

നമ്മുടെ മനസ്സിലാണ്‌ സങ്കീര്‍ണ്ണതകള്‍ മുഴുവന്‍...... മരണം കൊണ്ടു പോകുന്നത്‌ ശരീരത്തെ മാത്രമല്ലേ??
മരണത്തിനു മനസ്സിനെകീഴ്പ്പെടുത്താന്‍ കഴിയുമോ?................

Renji said...

എന്തിനാ ഇങ്ങനെ ഉള്ള ചിന്തകള്‍.. വിരഹോം മരണോം ഒകെ... വരുന്നതെ പോലെ വരട്ടെ... മരണം ഒരു ലോക സത്യം ആണ്.. നമ്മള്‍ അതിനെ തേടി പോകേണ്ട ആവശ്യം ഇല്ല... സമയം ആകുമ്പോള്‍ നമ്മുടെ അടുത്തേക് വിളിക്കാതെ തന്നെ വരും... Good thoughts. Cheers.. (വെറുതെ ഇരികുമ്പോള്‍ നല്ല കാര്യങ്ങള്‍ ഒന്നും മനസ്സില്‍ വരില്ലേ... ഇത് മോശം ആണെന്നല്ല.. എന്നാലും സന്തോഷപ്രദമായ എത്രെയോ കാര്യങ്ങള്‍ ലോകത്ത് ഉണ്ട്)

manu said...

Hei, Ingane ezhuthiyalonnum nee budhijeevi akilla dear, athinu atleast budhi enkilum venam.

devasura said...

ഏകാന്തതയ്ക്ക് എന്നും കറുപ്പ് നിറമായിരുന്നു ...
രാത്രിയുടെ കട്ടപിടിച്ച ഇരുട്ടില്‍ എവിടെയോ അലഞ്ഞു തിരിയുമ്പോള്‍ തോന്നി ജീവിതം ആരൊക്കെയോ വലിച്ചു കെട്ടിയ കമ്പിവലകള്‍ക്കുള്ളില്‍ ആണെന്ന്. മരണം വെറും പ്രതീക്ഷയെന്നും............ഇതൊക്കെ തന്നെയാണ് ജീവിതത്തിന്റെ ആകെത്തുക

ജയലക്ഷ്മി said...

@ സീതേച്ചീ, ആത്യന്തികമായ ശൂന്യതയില്‍ എപ്പോഴും പിന്‍വിളിക്കാന്‍ മനസിലെ സ്നേഹം മാത്രമല്ലേ ഉള്ളു. നന്ദി ചേച്ചീ.
@ സ്നേഹപൂര്‍വ്വം, നന്ദി ട്ടോ, ഇവിടെ എത്തുന്നതിനും അവിടെ വന്നു പൊരിച്ച മീന്‍ അടിച്ചു മാറ്റിയതിനു വഴക്ക് പറയാതതിലും. സൌഹൃദങ്ങള്‍ ഇങ്ങനെയും ആകാം, അല്ലേ.
@ലിനു, പണ്ടെപ്പോഴോ എഴുതിയ ഈ പോസ്റ്റ്‌ പോസ്റ്റാതെ ഇരുന്നത് തന്നെ ലിനുവിന്റെ വഴക്ക് പേടിച്ചാണ്. :-) പിന്നെ, ഞാന്‍ എങ്ങും പോകില്ല, ഇതൊക്കെ ഇടയ്ക്കുള്ള മനസിന്‍റെ ഒരു അലച്ചിലിന്റെ ബാക്കിയാണ്.
@നിസ്സാര്‍ സര്‍, അതെ. ശരീരം ദയ അര്‍ഹിക്കുന്നു, ഒപ്പം സഹതാപവും. മനസിനൊപ്പം സഞ്ചരിക്കാന്‍ കഴിയാത്തതില്‍. നന്ദി.
@ ചെറുത്, ഇതുവരെയും കിട്ടിയില്ല. അങ്ങനെ ഒന്ന് കിട്ടിയാല്‍ പിന്നെ ആരെങ്കിലും ഇവിടെ ഇങ്ങനെ ജീവിക്കുമോ? മനസ് പൂട്ടാന്‍ പറ്റിയ പേടകം ശരീരം തന്നെ.
@ അനീഷ്‌, മരണത്തിനപ്പുറം ഒന്നും ഇല്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. അപ്പോള്‍ പിന്നെ ഒന്നും നാളത്തേക്ക് മാറ്റിവയ്ക്കാന്‍ തോന്നില്ലല്ലോ.
@രഞ്ജി , ഇതെല്ലാം കേട്ടു സെന്റി ആകല്ലേ. ഒരു നിമിഷത്തെ പറ്റി എഴുതുമ്പോള്‍, ആലോചിക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാകും. അത്രേയുള്ളൂ.
@ മനു, താങ്ക് യു.
@ദേവേട്ടാ, ഇതൊക്കെയാവണ്ടേ ജീവിതം? അല്ലേല്‍ പിന്നെ വെറും designed moments . ഇങ്ങു എത്തിയതില്‍ ഒത്തിരി സന്തോഷം.
നന്ദി കൂട്ടുകാരെ.