Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

October 26, 2013

ക്ഷേത്ര ദർശനം: മലയാലപ്പുഴ ഇടത്തിട്ട ദേവീ ക്ഷേത്രം

        ജന്മ പുണ്യങ്ങളുടെ ഫലമാണ് ക്ഷേത്ര ദർശനം എന്നത് വെറും വാക്കായിരിക്കില്ല. നമ്മുടെ ആഗ്രഹം കൊണ്ട് മാത്രം ഒരു അമ്പലത്തിലും ചെന്നെത്താൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ ഇരിക്കുന്ന ആൾ വിചാരിക്കണം എന്ന്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ഒരു അന്തരീക്ഷം.. അത് നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിചാരങ്ങൾ, ബോധം എല്ലാം വിഭിന്നം. എല്ലാ ദൈവവും ഒന്നാണ് "ഏകദാ ബഹുദാ.." എന്ന് പറയുമ്പോഴും ഓരോ ദൈവസങ്കല്പ്പവും നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഓരോ തരത്തിൽ അനുഭവപ്പെടുന്നത് ചിലപ്പോൾ ഘനീഭവിച്ച വിശ്വാസങ്ങളിൽ കൂടി നോക്കി കാണുന്നത് കൊണ്ടാകാം.

     പെട്ടെന്ന് തീരുമാനിച്ചതായിരുന്നു മലയാലപ്പുഴ യാത്ര. മലയാലപ്പുഴ അമ്മയുടെയും പിന്നെ രാജന്റെയും നാട്ടിലേക്ക്. ആദ്യ ദർശനം: രാജനെയല്ല അമ്മയെ. കേട്ട്കേഴ്വികളിൽ എല്ലാം ഉഗ്രരൂപിണിയായിരുന്നു അമ്മ. പ്രാക്കും മോഷണവും മനോദോഷവും അങ്ങനെ മുറ്റത്തു വശ പിശകായി കിടക്കുന്ന ഒരു ഇല കണ്ടാൽ പോലും മലയാലപ്പുഴ അമ്മ നോക്കിക്കോളും എന്ന് പലതവണ പറഞ്ഞു കേട്ടിട്ടാകും, മനസ്സിൽ എപ്പോഴും മുടിയഴിച്ചിട്ട് ദംഷ്ട്രകൾ കാട്ടി ഉറഞ്ഞു തുള്ളുകയായിരുന്നു ദേവി. അതുകൊണ്ടായിരിക്കും അവസരങ്ങൾ പലതു വന്നു പോയിട്ടും ആ വഴിക്ക് പോകാൻ ഒരു ധൈര്യം കിട്ടാതെ പോയത്.

     തലേ ദിവസം തന്നെ തീരുമാനിച്ചു, ആദ്യം കാണാൻ പോകുമ്പോൾ വെറും കയ്യുമായി ചെല്ലില്ല എന്ന്. മുറ്റത്തെ തുളസിചെടിയിൽ ആയിരുന്നു കണ്ണ്. ഇഷ്ടമാണോ എന്ന് അറിയില്ല എങ്കിലും ഒരു തുളസിമാല കയ്യിൽ കരുതി.  അമ്പലത്തിൽ പോകുമ്പോൾ ഒരു മാലയോ കുറച്ചു പൂവോ എന്തെങ്കിലും കയ്യിൽ കരുതുക എന്നത് വല്ല്യമ്മ പറഞ്ഞു തന്ന ശീലം. രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം അമ്മമാരും (രണ്ടല്ല മൂന്നു പേരും) കൊച്ചേട്ടനും കുട്ടനും. 7.45 ആയപ്പോഴേക്കും അമ്മയുടെ മുറ്റത്തു എത്തി.

       ഗ്രൗണ്ടിൽ വണ്ടി പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോൾ ചുറ്റും കടും നിറങ്ങളുടെ ഉത്സവം. ചുവന്ന പട്ടും ഉടയാടയും സ്വർണ്ണവർണ്ണത്തിലെ നേർച്ച വിളക്കുകളും തിളങ്ങുന്ന അലങ്കാരങ്ങളും തൂക്കിയിട്ട കടകളും ദക്ഷിണ വച്ച് തൊഴാനുള്ള വെറ്റയും പാക്കും വിൽക്കാൻ ഇരിക്കുന്നവരും....ചുവപ്പിന്റെ നിറഭേദങ്ങളിൽ ഉള്ള കുങ്കുമ പൊടിയുമായി അകലെ മാറിയൊരു ചെറിയ കട..... കണ്ണ് ആദ്യം പതിഞ്ഞത് പക്ഷെ, അമ്മയുടെ ഗോപുര വാതിലിനു നേരെ ആയിരുന്നു.. പിന്നെ സ്വർണനിറമുള്ള കൊടിമരത്തിനും. എപ്പോഴും വരാൻ പറ്റാത്തത് കൊണ്ട് വന്നപ്പോൾ എന്തൊക്കെയോ വാങ്ങി അമ്മയ്ക്ക് കൊടുക്കാൻ അമ്മസ് ഓട്ടം തുടങ്ങി. ഉടയാട, കർപ്പൂരം, ചന്ദനത്തിരി, എണ്ണ, മാല എന്നിങ്ങനെ ലിസ്റ്റ് വലുതായി തുടങ്ങിയപ്പോൾ ഞങ്ങൾ അമ്പലത്തിനു ചുറ്റും കാണാൻ ഇറങ്ങി. 
ഗോപുരം 

  

















 ആദ്യ പ്രാർത്ഥന: ഏതു ദേവാലയം ആയാലും, കുറച്ചു മഹത്തരം ആണെന്നു പെട്ടെന്ന് ഓർത്തു. ആദ്യം മനസ്സിൽ തോന്നുന്നത് പ്രാർഥിക്കാം  എന്നു കരുതി.പടി ചവിട്ടി ഗോപുരം കടന്നു അകത്തെത്തുമ്പോൾ  കാലിൽ തടഞ്ഞത് ചിതറിക്കിടക്കുന്ന മഞ്ചാടി മണികൾ. പിന്നെ കാലിലെ കേട്ട് പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുന്ന നേർച്ച  കോഴികളുടെ കരച്ചിൽ. രണ്ടും അമ്മയുടെ ഇഷ്ട വഴിപാടുകൾ. കുറവൊന്നും അല്ല നേർച്ച നടത്തുന്നവരുടെ എണ്ണം. എങ്കിലും ഞങ്ങൾ പോയത് ഒരു പൂമാല വാങ്ങാൻ ആയിരുന്നു. ദേവസ്വം വക പൂജാ സാധനങ്ങൾ വില്ക്കുന്ന കൌണ്ടർ ഇൽ നിറയെ താമരപ്പൂക്കൾ. കണ്ടപ്പോൾ മനസ്സിൽ ഓർത്തത്‌ എന്റെ കണ്ടാളസ്വാമിയെ. 
ദേവിക്ക് വേണ്ടി 
ഒരിക്കൽ എനിക്കൊരു പൂവ് തന്നിരുന്നു, സമ്മതം പറഞ്ഞ്. റോസും ചുവപ്പും നിറങ്ങളിൽ ഉള്ള അരളി മാലകളും ചുവന്ന റോസാപ്പൂക്കൾ കെട്ടിയ മാലയും ഉണ്ട് അവിടെ. ഏറ്റവും കുറഞ്ഞ വില 40 രൂപ. അതല്ലാതെ എണ്ണയും മറ്റു പൂജാദ്രവ്യങ്ങളും ത്രിമധുരവും. ഉടയാട മാത്രം രസീത് എഴുതി വാങ്ങണം. മഞ്ചാടി വാരിയിടാനും ഉണ്ട് ചെറിയ ചെലവ്. കൈ നിറയെ മഞ്ചാടി എടുക്കണം എങ്കിൽ 30 രൂപ കൊടുക്കണം. അമ്മയ്ക്ക് ഒരു ചെറു ചിരി. കൂടെ ഉള്ള ഞങ്ങൾ 3 പേരുടെയും കൈ അത്ര ചെറുതൊന്നും അല്ല എന്നോർത്താണോ എന്തോ? എന്റെ കയ്യിലെ വാഴയിലയിൽ തുളസിമാലയ്ക്കൊപ്പം നിറയെ പ്രസാദങ്ങൾ ആയി അപ്പോഴേക്കും.
മഞ്ചാടി മണികൾ 
















    ഇനി വഴിപാടു കൌണ്ടർ.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൌണ്ടർ ആണ്. ആദ്യം ചേട്ടനും കുട്ടനും രസീത എഴുതിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും അവസാനം സ്ത്രീകളുടെ ക്യൂ ചെറുതായപ്പോൾ അമ്മാസ്  നടപ്പന്തലിൽ ഇരുന്നു എന്നെ കൂടി വിട്ടു. രക്തപുഷ്പാഞ്ജലി ആണ് ചെറിയ വഴിപാടുകളിലെ പ്രധാന ഇനം എന്ന് ആദ്യം കയറിയ കടയിലെ ആൾ പറഞ്ഞത് കൊണ്ട് എല്ലാവരുടെയും പേരും നാളും  പറഞ്ഞു രസീത് എഴുതിച്ചു. കൌണ്ടറിൽ എഴുതുന്നത്‌ കാക്കി കുപ്പായം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ ഉള്ള മറുപടി. ആൾ ഇല്ലാത്തതു കൊണ്ടാണത്രേ. വെള്ളിയും ചൊവ്വയും ആണ് അമ്മയ്ക്ക് പ്രധാനം എന്ന്. 
   ഇനി ചുറ്റു തൊഴുതു വരാം. ക്ഷേത്രത്തിനു വെളിയിൽ ഉപദേവതകൾ രക്ഷസും ദേവനും നാഗദൈവങ്ങളും. നാഗദൈവങ്ങളുടെ മുന്നില് പുള്ളൂവൻ പാട്ടും ഉണ്ട്. ചുറ്റും തൊഴുത് നടയ്ക്കൽ എത്തിയപ്പോൾ ഉഷപ്പൂജാ സമയം. ശ്രീബലി കഴിയാതെ വാതിൽ തുറക്കില്ല. നട തുറക്കാൻ കാത്തു നില്ക്കുന്ന ആൾക്കാരുടെ തിരക്ക് കൂടിയപ്പോൾ അതും ഒരു ക്യൂ ആയി.ഇടയ്ക്ക് പ്രാർഥനയിൽ മുഴുകുമ്പോഴൊക്കെ കൊടിമരത്തിന്റെ തട്ടിൽ വീണു ചിതറുന്ന മഞ്ചാടിമണികളുടെ കിലുക്കം.നട തുറന്നു അകത്തു കയറിയിട്ടും മനസ് ആ മഞ്ചാടി മണികളിൽ ഉടക്കി നില്ക്കുന്നത് പോലെ...
   അകത്തെത്തി ശ്രീകോവിലിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. അമ്മേ... ഭക്തി കുറവായിട്ടാണോ? എന്തോ മനസ്സിൽ ഒരു സംശയം.പിന്നെ മനസിലായി,ശ്രീകോവിലിനു വാതിൽ ഇല്ലന്നും ഗർഭഗൃഹത്തിന്റെ വാതിൽ തുറന്നിട്ടില്ല എന്നും.അടുത്ത ഇടയ്ക്കയുടെ നാദം, ഒപ്പം കിരാതത്തിലെ ശിവസ്തുതിയും. കണ്ണടച്ച് നിന്നപ്പോൾ മുന്നിൽ അരൂപമായ ഒരു വെളിച്ചം. പിന്നെ നട തുറക്കുന്നത് വരെ അങ്ങനെ...നട തുറന്നപ്പോൾ നിറയെ പൂമാലകളും പട്ടും ചാർത്തിയ ദേവി. അടുത്ത് തന്നെ ശ്രീബലി വിഗ്രഹവും.ചുറ്റും തൊഴുത് കയ്യിലെ സമ്മാനങ്ങൾ എല്ലാം നടയ്ക്കൽ വച്ച് നാലമ്പലത്തിനു പുറത്തു കടന്നു. അര്ച്ചനയുടെ പ്രസാദം നേരത്തെ തന്നെ എടുത്തു വച്ചിരിക്കുകയാണ്. രസീത് കൊടുത്താൽ ശ്രീകോവിലിൽ ജപം കഴിഞ്ഞു ഈ പ്രസാദത്തിനൊപ്പം തരും. ഇനി നട പന്തലിന്റെ ഓരത്തെ പടിയിൽ ഇത്തിരി നേരം. പിന്നെ നിവേദ്യത്തിന്റെ പങ്കും വാങ്ങി തിരിച്ചിറങ്ങി.
 
വടക്കേ നട 
  നാഗ ദൈവങ്ങളുടെ അടുത്ത എത്തിയപ്പോഴേക്കും തുള്ളി തൂവി നിന്ന മഴ ശക്തി കൂട്ടി. പേരും നാളും പറഞ്ഞു സന്തതിക്കും സമ്പത്തിനും നാവേറ് പാടിച്ച് തിരിച്ചിറങ്ങാൻ നോക്കുമ്പോൾ നട വിട്ടു ഇറങ്ങാൻ പറ്റാത്ത മഴ. പിന്നെ കുറച്ചു നേരം കൂടി അമ്പല നടയിൽ. മഴ തോർന്നു  തുടങ്ങിയപ്പോൾ കാറിൽ ഇടാൻ ഒരു ശിവ പാർവതീ ചിത്രവും വാങ്ങി ഗ്രൗണ്ടിൽ എത്തി. തിരിഞ്ഞു നോക്കുമ്പോൾ മഴ നനഞ്ഞു നില്ക്കുന്ന ഗോപുര വാതിൽ...

ഒരു തിരിഞ്ഞു നോട്ടം 
 ഇനി തെക്കൻകേരളത്തിന്റെ ഉത്സവ പറമ്പുകളിലെ രാജാവിനെ കാണാൻ ഒരു യാത്ര. അമ്മമാരുടെ പാതി സമ്മതം വാങ്ങി മലയാലപ്പുഴയുടെ സ്വന്തം സഹ്യപുത്രന്റെ അടുത്തെത്തി. വഴിയില നിന്ന് രണ്ടാം പാപ്പാൻ സുനിൽനെ കിട്ടിയത് കൊണ്ട് വഴി തെറ്റിയില്ല ഒട്ടും. ആൾ ഇത്തിരി പിശകിൽ ആയിരുന്നു, നീരിളക്കം. പതിവ് പോലെ ഇടവം പാതി ആയപ്പോൾ തളച്ചതാണ് ഇഷ്ടനെ. ഇത്തവണ കുറച്ചൊന്നു നീണ്ടു പോയെന്നു രണ്ടാം പാപ്പാൻ. ഇപ്പോൾ എല്ലാം ശരിയായി. ഇനി കാലിലെ ചങ്ങല കെട്ടിയ മുറിവ് കൂടി ഉണങ്ങിയാൽ ആൾ സുന്ദരനാകും. എന്തായാലും ചെളിയും മണ്ണും എല്ലാം കൂടി ചേർന്നപ്പോൾ തുമ്പിയിലെ പതകരി ഒന്നും കാണാൻ ഇല്ല. ഇനി ഇവനെയൊന്നു കുളിപ്പിച്ച് കറുപ്പിക്കാൻ കുറെ പാട് പെടേണ്ടി വരും... 
 
മലയാലപ്പുഴ രാജൻ 
             ക്യാമറ എടുത്തപ്പോഴേക്കും കുട്ടിക്കുസൃതികൾ. ഇടയ്ക്ക് പാപ്പാനോട് ഒരു സ്വകാര്യം. ഒരു പനമ്പട്ട ഇങ്ങു പോരട്ടെ എന്ന്. മടൽ വച്ച് ഏറു തരാനാണോ ഉദ്ദേശം എന്ന സംശയം തോന്നിയപ്പോൾ ഞങ്ങൾ പതുക്കെ വലയ്ക്ക് പിന്നിൽ ഒളിച്ചു.പനമ്പട്ടയുടെ കൂടെ ഞങ്ങൾ കൊടുത്ത പഴം കൂടി ചേർത്ത് ഒരു ഫ്യൂഷൻ സ്നാക്സ്. തിരിച്ചു നടക്കുമ്പോൾ രാജന്റെ കുറുമ്പുകളുടെ കഥയുമായി പാപ്പാൻ വീട്ടുമുറ്റം വരെ.









ഉത്സവങ്ങൾക്ക് കൊടിയേറുമ്പോഴേക്കും ഒന്ന് കുളിച്ചൊരുങ്ങി ഞാൻ അങ്ങെത്താം എന്ന് പറയുന്ന കണ്ണുകളുമായി അവൻ തെക്കേ മുറ്റത്ത്‌....
ഞങ്ങൾ തിരിച്ചു വീട്ടിലേക്കും.....
മനസ്സിൽ ഇപ്പോഴും ചിതറി വീഴുന്ന മഞ്ചാടി മണികളുടെ കിലുക്കം....

September 12, 2012

ആറ്റിലെ നിധി തേടി

            പി എച് ഡി യ്ക്ക് ചേര്‍ന്ന ആദ്യ നാള്‍ മുതല്‍ സീനിയര്‍ സാക്ഷാല്‍ ശ്രീമതി ശാന്തീ സതീഷ്‌ (നേരത്തെ ഒരു കഥയിലെ നായികയായ ശാന്തി ചേച്ചി തന്നെ) പറഞ്ഞ് പേടിപ്പിച്ച ഇനം ആണ് ഈ സാമ്പിള്‍ കളക്ഷന്‍ എന്ന പരിപാടി. തനി കൊളോക്കിയല്‍ ആയി പറഞ്ഞാല്‍ സാദാ മീന്‍ പിടുത്തം തന്നെ സംഭവം. രാവിലെ തിരുമുറ്റത്ത്‌ കൊണ്ട് തരുന്ന മീനിന്റെ കൂട്ടത്തില്‍ മത്തിയും അയലയും നത്തോലിയും അല്ലാതെ മറ്റൊരു മീനിന്റെ പേര് പോലും അറിയാത്ത എന്നോട് മീനിന്റെ കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ടും, അതിലുപരി സുഹൃത്തും കുടുംബ സുഹൃത്തും ഒക്കെകൂടി ആയിപ്പോയത് കൊണ്ടും നാട്ടിലെ അറിയാവുന്ന വലക്കാരെയൊക്കെ  പറഞ്ഞ് തരാം എന്ന് ഇടയ്ക്കിടെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു എന്ന വലിയ സത്യവും ഞാന്‍ മറച്ചു വയ്ക്കുന്നീല്ല. പക്ഷെ അവസാനം തീയില്‍ ചാടാന്‍ സമയം ആയപ്പോള്‍ ഫയര്‍ ഫോഴ്സ്കാരെ ആരെയും കാണ്മാന്‍ ഇല്ലാത്തത് കൊണ്ട് ഞാനും, ഒറ്റയ്ക്ക് പോകാനുള്ള ദൈര്യക്കൂടുതല്‍ കൊണ്ട് അച്ഛനും കൂടി ഐശ്വര്യമായിട്ടു വലയിടാന്‍ ആളെ തിരക്കി ഇറങ്ങി.
തൊടിയൂര്‍ പാലം 
          പള്ളിക്കല്‍ ആറ്‌ (കേള്‍ക്കുമ്പോഴേ വിചാരിക്കരുത് എനിക്ക് ഈ പള്ളിക്കല്‍ മാത്രേ ഉള്ളോ എന്ന്, സംഭവം കേരളത്തിലെ 44 നദികളില്‍ പെട്ട ആള്‍ തന്നെ)  ന്‍റെ തീരത്ത് സ്ഥിരമായി മീന്‍ പിടിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള യാത്ര ചെന്നു അവസാനിച്ചത്‌ തൊടിയൂര്‍ പാലത്തിനടുത്ത്. നാട്ടില്‍ കൂടിയുള്ള രണ്ടേരണ്ട്‌ ആനവണ്ടികളും പോകുന്നത് ആ വഴിക്ക് തന്നെ ആയതു കൊണ്ട് യാത്ര ബഹുരസം. രാവിലെ 6.30 ന്‍റെ ബസ്‌ നു തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. അവിടെ എത്തിയപ്പോള്‍ . പാലത്തിനു തൊട്ടടുത്ത് ഒരു ചെറിയ ചായക്കട. മുറ്റത്ത്‌ ഒന്ന് രണ്ട്‌ ബഞ്ചുകളും ഒരു പത്രവും. നടത്തിപ്പ് ഒരു അമ്മയാണ്. അവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു. നാട്ടിലെ വിവരങ്ങള്‍ തിരക്കാന്‍ എളുപ്പം എപ്പോഴും ചായക്കട തന്നെ. പരിചയം ഇല്ലാത്ത മുഖങ്ങള്‍ ആയതുകൊണ്ട് ചായയ്ക്കൊപ്പം ഒരായിരം ചോദ്യങ്ങളുമായാണ്‌ കക്ഷി എത്തിയത്. എവിടുന്നാ? എന്താ? ഇത്യാദികള്‍ക്ക്‌ ഉത്തരം കിട്ടിയപ്പോഴേക്കും ആളിന് ബഹു സന്തോഷം. കസ്റ്റമേഴ്സ് കൂടി കൂടി ബഞ്ചുകള്‍ എല്ലാം നിറഞ്ഞപ്പോഴേക്കും പള്ളിക്കല്‍ ആറും അതിലെ പ്രശ്നങ്ങളും ഒരു ആഗോളവിഷയം ആയി. നാട്ടിലെ ലോക്കല്‍ മണ്ണ് കടത്തലുകാര്‍ മുതല്‍ വൈ ഫൈ ടീം ന്‍റെ വരെ പേരും അഡ്രസ്‌ ഉം പലഭാഗത്ത്‌ നിന്നും ഉയര്‍ന്നു വന്നു, ഒപ്പം ഒരായിരം കഥകളും. കൂട്ടത്തില്‍ ഇരുന്ന് എഴുതിയെടുതാല്‍ തട്ട് കിട്ടിയാലോ ന്ന് പേടിച്ചു ഞാന്‍ പതിയെ recorder ഓണ്‍ ചെയ്തു. കുറച്ചു മീനിനെ കൂടി പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ അവിടെ അടുത്തുള്ള ഒരാളിനെ പരിചയപ്പെടുത്തി തന്നു. കാര്യം പറഞ്ഞപ്പോള്‍ " ദാ പോയി ദേ വന്നു" ന്നും പറഞ്ഞ് ആള്‍ സൈക്കിള്‍ ഇല്‍ വീട്ടിലേയ്ക്ക്. പത്തു മിനിട്ടിനുള്ളില്‍ ആളും വലയും എത്തി.


പള്ളിക്കല്‍ ആറ് 


പാലത്തിനും അപ്പുറം 



വട്ടക്കായല്‍ ചേരുന്ന സ്ഥലം 


വല വീശാം വണ്‍ ...


ടൂ.... 


ത്രീ.....

നിധി എങ്ങാന്‍ ഉണ്ടെങ്കിലോ...???
         പാലത്തിനു താഴെ ബണ്ട് കെട്ടിയ ആറിനും വട്ടക്കായലിനും ചുറ്റുമായി വല വീശാനുള്ള സ്ഥലങ്ങള്‍ ഒക്കെ മാര്‍ക്ക്‌ ചെയ്ത് ഇട്ടിരിക്കുകയാണ് പുള്ളി. കിട്ടുന്ന മീനുകളെയെല്ലാം പെറുക്കിയെടുത്ത്‌ തരുന്നതിനിടയില്‍ പണ്ടത്തെ പ്രഭാവകാലത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കാനും മറന്നില്ല ട്ടോ. കൂട്ടത്തില്‍ കിട്ടിയ ഒരു കുഞ്ഞു ജീവിയെ എന്താന്നു പോലും നോക്കാതെ എടുത്ത് ഒരേറ്. കോളേജിലെ സ്പെസിമന്‍ കൂട്ടത്തില്‍ കണ്ട പരിചയം വച്ചു ചെന്നു എടുത്തു നോക്കിയപ്പോള്‍ ആളൊരു പാവം മീന്‍ ആണ്.  അവര്‍ അതിനെ വാല്‍മാക്രി എന്ന വിളിക്കുന്നത്‌. ഒരുകാലത്തും വാല് മുറിയാത്ത വാല്‍മാക്രി. വളര്‍ന്നു വലിയ തവള ആകില്ല എന്ന് കൂടി കേട്ടപ്പോള്‍ അച്ഛന്‍റെ മുഖത്ത് ആകെ സംശയം. അങ്ങനെയും ഒരു വാല്‍മാക്രിയോ എന്ന്. കഴിക്കാന്‍ പറ്റാത്ത ഒന്നിനെയും അവരാരും മീനായിട്ടു കൂട്ടില്ല എന്ന് ഉറപ്പായി. എന്തായാലും കരിമീനോ ആറ്റു കൊന്ച്ചോ വേണാച്ചാല്‍ രാവിലെ അങ്ങട് വച്ചു പിടിച്ചോളൂ.
ഇവന്‍ ആണ് വാല്‍മാക്രി 
പൂവാലി പരല്‍ 
       കുറെ തവണ വല വീശിയപ്പോഴേക്കും നല്ല വെയില്‍ ആയി. പിന്നവിടെ കൂടുതല്‍ നിന്നു സൂര്യനെ കറപ്പിക്കണ്ടാ എന്ന് കരുതി വലക്കാരന് കാശും കൊടുത്തു തിരിച്ചു നടന്നു. അപ്പോഴേക്കും നമ്മുടെ കലാഭവന്‍ മണിയുടെ പാട്ടിലെ പൂവാലിപരലും, കോലാനും പിന്നെ വേറെകുറെ മീനുകളും കിട്ടിയിരുന്നു. തിരിച്ചു വരുമ്പോള്‍ തൊടിയൂര്‍ പാലത്തില്‍ ഏതോ കലാകാരന്‍ വരച്ചിട്ട ഒരു ചുവര്‍ ചിത്രം കണ്ടു. അതിന്‍റെ  ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ തൊട്ടടുത്തുള്ള കടയിലെ ചേട്ടന്‍ ആര്‍ടിസ്റ്റ്നെ കാട്ടി തന്നു. ആളൊരു പെയിന്റിംഗ് തൊഴിലാളിയാണ്, ഒരു കലാകാരന്‍ താടിയും ഒക്കെ വച്ചു നടക്കുന്ന നിശബ്ദന്‍. അച്ഛന്‍ എന്ത് ചോദിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ അവര്‍ പറഞ്ഞ്, ചോദിച്ചിട്ട് കാര്യം ഇല്ലെന്നു. 
ചുവര്‍ ചിത്രം 
        ബണ്ട്നു അപ്പുറത്തുള്ള റോഡില്‍ കരുനാഗപ്പള്ളി - അടൂര്‍ ട്രാന്‍സ്പോര്‍ട്ട് വന്നതു കണ്ട് ഓട്ടം തുടങ്ങിയത് കൊണ്ട് കൂടുതലൊന്നു അറിയാന്‍ കഴിഞ്ഞില്ല. അടുത്ത സീസണിലും വരുമ്പോള്‍ വിളിക്കാന്‍ വേണ്ടി തുളസി ചേട്ടന്റെ നമ്പര്‍ ഉം വാങ്ങി ഞങ്ങള്‍ തിരിച്ചു വീട്ടിലേയ്ക്ക്. അങ്ങനെ ആദ്യത്തെ സ്പെസിമെന്‍ കളക്ഷന്‍ അവസാനിച്ചു
ശുഭം.

November 08, 2011

കാട്ടിലേക്ക്....

           റിസര്‍ച്ചിനു ചേരുന്നതിനു മുന്‍പ് തന്നെ ഇടയ്ക്കൊക്കെ കോളേജില്‍ നുഴഞ്ഞു കയറിയ സന്ദര്‍ഭങ്ങളില്‍ ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു അച്ചന്‍ കോവിലിനെ പറ്റി പഠിക്കുന്ന ചേച്ചിമാരോടൊപ്പം ഉള്ള ഒരു അച്ചന്‍കോവില്‍ യാത്ര. പക്ഷെ, പോകാനുള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കൂട്ടത്തിലെ സീനിയര്‍ മോസ്റ്റ്‌ (ഞങ്ങള്‍ കുഞ്ഞു തല എന്നും വിളിക്കും) ശാന്തി ചേച്ചിയുടെ കുടുംബ സുഹൃത്ത് അശോകന്‍ സര്‍ ആണ് ഒക്ടോബര്‍ 21 , 22 ദിവസങ്ങളില്‍ അച്ചന്‍ കോവിലിലെ പഠനത്തിനും കുറച്ചു സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമുള്ള അനുവാദം ശരിയാക്കാന്‍ സഹായിച്ചത്. നാട്ടിലെ വഴി തന്നെ അറിയാത്ത ഞങ്ങളെ ചുമ്മാ കാട്ടിലേക്ക് പറഞ്ഞു വിട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തിട്ടാകാം അദ്ദേഹവും ഞങ്ങളോടൊപ്പം വരാമെന്ന് സമ്മതിച്ചു. 
       തലേ ദിവസം തന്നെ തീരുമാനിച്ചിരുന്നെങ്കിലും രാവിലെ തറവാട്ടില്‍ (പന്തളം കോളേജ്) വരെ പോകേണ്ടി വന്നതിനാല്‍ യാത്ര തുടങ്ങിയത് ഉച്ചയ്ക്ക് 1. 09 ന്. അപ്പോള്‍ തന്നെ ശാന്തി ചേച്ചി രാവിലെ വെട്ടുകത്തിയുമായി വന്നു ശകുനം ഒരുക്കിയ മൂപ്പനെ കുറ്റം പറഞ്ഞത് ഞങ്ങള്‍ പാടെ അവഗണിചെങ്കിലും, പിന്നങ്ങോട്ടുള്ള യാത്രയില്‍ മൂപ്പന്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ചിലപ്പോഴൊക്കെ യാത്രയുടെ ഗതി തന്നെ മാറ്റിയെടുക്കാന്‍ തക്ക ശക്തിയുള്ളത്.
 കോളേജിന്റെ മുന്നില്‍ നിന്നു യാത്ര തുടങ്ങിയപ്പോള്‍ തന്നെ വണ്ടി  മടിച്ചു നില്‍പ്പ് തുടങ്ങി. അവസാനം എന്‍.സി സി. കുഞ്ഞുങ്ങള്‍ വേണ്ടി വന്നു അവനെ ഒന്ന് ജീവന്‍ വയ്പ്പിചെടുക്കാന്‍. പിന്നങ്ങോട്ട് പാവം Indica എപ്പോഴാ പാകിസ്ഥാനി ആയി പണി തരുന്നത് എന്ന ചിന്താഭാരത്തോടെ ആയിരുന്നു പോക്ക്. കുറച്ചു ചെന്നപ്പോഴെയ്ക്കും, മല കയറുമ്പോള്‍ വണ്ടി ഓഫ്‌ ആയാല്‍ ഒറ്റയാന്‍ അല്ലാതെ ആരും തെള്ളാന്‍ ഉണ്ടാവില്ല എന്നത് കൊണ്ടു അശോകന്‍ സര്‍ കടയ്ക്കലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ഒരു വാഗണര്‍ ഏര്‍പ്പാടാക്കി. അങ്ങനെ ആദ്യത്തെ പ്രശ്നം ശരിയായി. വണ്ടിയെടുക്കാന്‍ കടയ്ക്കല്‍ പോകേണ്ടതിനാല്‍ ആദ്യത്തെ റൂട്ട് മാറ്റി നിലമേല്‍, കടയ്ക്കല്‍, മടത്തറ വഴിയാക്കി അച്ചന്‍കോവില്‍ യാത്ര. ഇടയ്ക്ക് നിര്‍ത്തിയാല്‍ പോക്ക് മുടങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ടു വണ്ടി അങ്ങനെ പോയ്ക്കൊണ്ടേ ഇരുന്നു... ഉച്ചയ്ക്ക് രണ്ട്‌ മണിക്കും. റോഡ്‌ സൈഡിലെ ഹോട്ടലുകള്‍ ഒക്കെ ഞങ്ങളെ നോക്കി ചിരിച്ച പോലെ..
      പിന്നീടുള്ള യാത്രയില്‍ കുളത്തൂപ്പുഴ ഔഷധ സസ്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന Kerala Forest Division ന്‍റെ  ഔഷധ തോട്ടം കാണാന്‍ ഇറങ്ങി. കല്ലുവാഴ, ആരോഗ്യ പച്ച, ചതുര മുല്ല എന്നിങ്ങനെയുള്ള സഹ്യപര്‍വതത്തിലെ നിധികളെല്ലാം അവിടെയുണ്ട്, ഓരോ നെയിം പ്ലേറ്റ് ഒക്കെ വച്ചു വി ഐ പി കള്‍ ആയിട്ടാണ് നില്‍പ്പ് തന്നെ. കല്ല്‌ വാഴയുടെ കൂമ്പും കായും ഒക്കെ ആദ്യമായി കാണുന്നതും അവിടെ വച്ചായിരുന്നു. കൂട്ടത്തില്‍ ഒരു വയലറ്റ് നിറമുള്ള പൂക്കള്‍ ഉള്ള ചെടിയ്ക്ക്‌ നീല കൊടുവേലി ന്ന് പേരും ഇട്ടിരിക്കുന്നു. പണ്ടെപ്പോഴോ കഥകളില്‍ കേട്ടിട്ടുള്ള അത്ഭുത സിദ്ധിയുള്ള നീല കൊടുവേലി ഇതാണോ ന്ന് ഒരു സംശയം. ചോദിച്ചപ്പോള്‍ അവിടുത്തെ വാര്‍ഡന്‍ ഉറപ്പിച്ചു പറഞ്ഞു " ഇതന്നെ" ന്ന്. എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല, ചെടി പിഴുതു വേര് എടുക്കേണ്ടതായിരുന്നു. 
കണ്ണറ പാലം 
  പിന്നെ കുറെ ദൂരം റോഡിനു ഒരു വശം റബര്‍ തോട്ടങ്ങള്‍ ആയിരുന്നു. വനത്തിലെ കുടിയേറ്റക്കാരുടെ പുനരധിവാസം ലകഷ്യമാക്കി ഉണ്ടാക്കിയതാണ് അവയെല്ലാം. റോഡിന്റെ വശത്ത് കൂടി സമാന്തരമായി ഒഴുകുന്ന കല്ലടയാറും അപ്പുറത്തെ കരയിലെ പാറക്കെട്ടുകളും റബര്‍ തോട്ടങ്ങളിലെ ഇരുട്ടും എല്ലാം അടുത്ത് വരുന്ന വന്യതയുടെ അടയാളങ്ങള്‍ പോലെ തോന്നിത്തുടങ്ങി. കുളത്തൂപ്പുഴ ധര്‍മ ശാസ്ത ക്ഷേത്രത്തിന്റെ അടുത്തുകൂടി പോയപ്പോള്‍ ആറ്റിലെ വിരുന്നുകാരായി വന്നു ഉടമകള്‍ ആയ മത്സ്യങ്ങളെ പറ്റിയും അവയ്ക്ക് അരി കൊടുക്കുന്ന ആചാരത്തെ പറ്റിയും സര്‍ ഞങ്ങളോട് പറഞ്ഞു. തിരിച്ചു വരുമ്പോള്‍ അവിടെ ഒന്നിറങ്ങി ദേവന്റെ തിരുമക്കളെ കാണാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.  തെന്‍മല പ്രകൃതി സൌഹൃദ സഞ്ചാര മേഘലയ്ക്ക് തുടക്കം കുറിച്ചത് മത്സ്യ ഫെഡിന്റെ അക്വേറിയം മുതല്‍ ആണ്. കയറി കാണണം എന്ന മോഹം എല്ലാര്‍ക്കും ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ താമസിച്ചാല്‍  അച്ഛന്‍ കൊവിളിലെക്കുള്ള യാത്ര ദുര്‍ഘടം ആകും പറഞ്ഞതിനാല്‍ ആ ആഗ്രഹം അങ്ങട് ഉപേക്ഷിച്ചു. പിന്നെ Leisure zone ഉം തെന്‍മല ഡാമും കണ്ടു. ഡാമിന്റെ ഫോട്ടോ എടുക്കാന്‍ നടത്തിയ ശ്രമം ക്യാമറ ഓണ്‍ ആകാന്‍ താമസിച്ചതിനാല്‍ നടന്നില്ല. ആ വഴിയുള്ള യാത്ര പെട്ടെന്ന് മനസ്സില്‍ നിറച്ചത് ഡിഗ്രി കാലത്തെ എന്‍ എസ എസ ന്റെ ഒരു ക്യാമ്പ്‌ ന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു. റോഡിനു ഇരു വശത്തും നിന്ന് കുസൃതി കാണിക്കുന്ന വാനര സേന . കയ്യില്‍ ഉണ്ടായിരുന്ന പഴവും ബിസ്കറ്റും ഒക്കെ കൊടുത്താണ് രാജാക്കന്മാരെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചത്. 


       യാത്രയില്‍ ഉടനീളം കുറച്ചു  കിലോമീറ്ററുകള്‍ കടക്കുമ്പോള്‍ തന്നെ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം എടുത്തു പറയേണ്ട ഒന്നാണ്. വരണ്ടു കിടന്ന റോഡില്‍ നിന്നും തുടങ്ങി ആര്യങ്കാവ് അടുത്തപ്പോഴെയ്ക്കും നീര്‍ചാലുകളും പൊടിപ്പുകളും  തണുപ്പിചെടുത്ത  ആര്‍ദ്രമായ മണ്ണായിരുന്നു കാഴ്ച. കാറ്റിനു പോലും സുഗന്ധം. ചുറ്റും ഇടതൂര്‍ന്നു വളരുന്ന തെക്കിലെ (Tectona grandis) ആല്‍ക്കലോയിഡുകള്‍ ആണ് ആ പ്രത്യേക സുഗന്ധത്തിന്റെ അവകാശികള്‍. ഇടയ്ക്കൊക്കെ കൂട്ടിനു ഒരു ചെറു ചാറ്റല്‍ മഴ കൂടി എത്തിയപ്പോള്‍ കാറിലെ എ സി ഒക്കെ വെറുതെയായി. കാറ്റ് മുഖത്തേക്ക് തെറിപ്പിക്കുന്ന തൂവാനതുള്ളികളെ പേടിച്ചു ഗ്ലാസ് ഇടാനൊന്നും ആര്‍ക്കും തോന്നിയില്ല. 
തമിഴ്നാടായി 
ആര്യങ്കാവ് കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോഴെയ്ക്കും, പച്ചപ്പും, പടുകൂറ്റന്‍ പാറ കല്ലുകളും നീരുറവകളും എല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. വിദൂര ദൃശ്യമായി കാണുന്ന മലകളും ചുറ്റും വരണ്ടുണങ്ങിയ മണ്ണും. തമിഴ് നാടിന്റെ അതിര്‍ത്തിയില്‍  മുടിയഴിച്ചിട്ട ലങ്കാലക്ഷ്മിയെ പോലെ കാവല്‍ നില്‍ക്കുന്ന ആല്‍മരം. റോഡിനു ഇരുവശത്തും മനുഷ്യ നിര്‍മ്മിത  നീര്‍ത്തടങ്ങളും, നെല്ല് വിളഞ്ഞു കിടക്കുന്ന പാടങ്ങളും, പൂക്കളും അങ്ങനെ അങ്ങനെ ...  അധ്വാ നത്തിന്റെ  അടയാളങ്ങള്‍ കാട്ടുന്ന സ്വര്‍ണ നിറമുള്ള വയലേലകള്‍ എല്ലാം നാളെ നമ്മുടെ വീടുകളിലേക്ക് എത്തേണ്ടതാണ് എന്നോര്‍ത്തപ്പോള്‍ നമുക്ക് കിട്ടിയ വെള്ളവും വളക്കൂറുള്ള മണ്ണും പ്രകൃതിയുടെ സസ്യ സമ്പത്തും ഒക്കെ വെറുതെ ആണെന്ന് തോന്നിപ്പോയി.
     യാത്രയ്കിടയില്‍ വച്ച് വയലിനപ്പുറം  നിന്ന് നൃത്തം ചെയ്യുന്ന മയിലിനെ ആദ്യം കണ്ടത് ശാന്തി ചേച്ചി ആയിരുന്നു. തിരക്കുണ്ടായിരുന്നിട്ടും അവിടൊന്നു വണ്ടി നിര്‍ത്താതിരിക്കാന്‍ പറ്റിയില്ല. വല്ലപ്പോഴും വരുന്ന അതിഥികള്‍ അല്ലെ എന്ന് കരുതിയിട്ടാകാം അത് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു നിന്നത്. ദേശീയ പക്ഷിയുടെ നൃത്തം കുറച്ചൊക്കെ വീഡിയോയില്‍ പകര്‍ത്തി. ചെങ്കോട്ട എത്തുന്നതിനു കുറച്ചു മുന്‍പ് നാഷണല്‍ ഹൈ വേയില്‍  നിന്നും അച്ചന്‍കോവില്‍ എന്ന് ബോര്‍ഡ്‌ വച്ചിരിക്കുന്ന വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ മണ്‍മറഞ്ഞു പോയ കേരള ഗ്രാമീണ ദൃശ്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു തുടങ്ങി. കൊയ്ത്തു കഴിഞ്ഞു നെല്‍കുറ്റികള്‍ ബാക്കിയായ പാടവും, അടുക്കി വച്ചിരിക്കുന്ന കറ്റയും, മെതിച്ചിട്ട വൈക്കോല്‍ കൂനയും നെല്‍ക്കളങ്ങളും ഉണങ്ങി തുടങ്ങുന്ന വൈക്കോലിന്റെ ഗന്ധവും.... ആകെ നാട്ടിലെ പഴയ മീന മാസ ദിനങ്ങളുടെ സുഖം. ഞങ്ങള്‍ക്കെതിരെ മണിയൊച്ചയുമായി വരുന്ന കാളവണ്ടി കണ്ടിരിക്കണേ തോന്നിയുള്ളൂ. വഴി നീളെ സ്കൂള്‍ വിട്ടു വരുന്ന കുട്ടി ചട്ടമ്പികളും ഒപ്പം ചുമലില്‍ തുണി സഞ്ചിയുമായി പോകുന്ന അദ്ധ്യാപകരും. റോഡിന്റെ ഓരോ വളവിലും കോവിലുകള്‍ തന്നെ. ഉത്സവ സമയത്ത് ഏകദേശം ഒരു മാസത്തോളം ആ വഴിയുള്ള യാത്ര യെപ്പറ്റി ചിന്തിക്കുകയേ വേണ്ടാത്രേ, എന്നും ഏതെങ്കിലും ഒരു കോവിലിലെ തിരുവിഴ ആയിരിക്കും. തൊട്ടടുത്തുള്ള ഒരു മലയുടെ ഒത്ത നെറുകയില്‍ ഒരു അമ്പലം, അവിടെ വരെ ചെന്നെത്തണം എങ്കില്‍ ആയിരത്തോളം പടികള്‍ ഉണ്ടെന്നു പിന്നീടാരോ പറഞ്ഞുകേട്ടു. റോഡിനടുത്തുള്ള കനാല്‍ കണ്ടപ്പോള്‍ എല്ലാവരും ഓര്‍ത്തത്‌ പാണ്ടിപ്പടയിലെ ഹരിശ്രീ അശോകന്റെ ബാത്ത് ടാബ്ബിന്റെ കാര്യം ആയിരുന്നു. അതില്‍ ചൂണ്ടയിടുന്ന ചേട്ടനെ കണ്ടപ്പോള്‍ ശാന്തിചേച്ചിക്ക് സമാധാനം ആയി, ഒരു പക്ഷെ മീന്‍ ഒന്നും കിട്ടിയില്ലങ്കില്‍ തിരിച്ചു വരുന്ന വഴി ഇയാളോട് വാങ്ങാല്ലോ.
     മല കയറാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കണ്ട ചെക്ക് പോസ്റ്റ്‌ മുതലങ്ങോട്ടു കേരളമാണെന്ന് അശോകന്‍ സര്‍ ഒരു മുന്നറിയിപ്പ് തന്നു. തമിഴ് നാട്ടില്‍ എത്തിയപ്പോള്‍ ടപ്പേന്ന് മെസ്സേജ് അയച്ചു സ്വാഗതം ചെയ്ത ബി എസ് എന്‍ എല്‍ ഉം ഐഡിയായും   ഒന്നും പക്ഷെ കേരളത്തിലേക്ക് സ്വാഗതം ചെയ്തില്ല. മുകളിലേക്കുള്ള ഹെയര്‍ പിന്‍ വളവുകലെല്ലാം നമ്പരിട്ടു സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഒരു വലിയ സംഭവം തന്നെ.


കുംഭാവുരുട്ടി വെള്ളച്ചാട്ടം 
    പതുക്കെ പതുക്കെ ഇരുവശത്തും വന്യത കൂടി കൂടി വന്നു. തേക്ക് പ്ലാന്റെഷന്‍ നു വേണ്ടി വെട്ടിത്തെളിച്ച മലഞ്ചെരിവുകള്‍ ഇടയ്ക്കിടെ കാണാമായിരുന്നു. വഴിയില്‍ റോഡിനു നടുക്ക് കൂടി നടന്നു പോകുന്ന മയിലിനെ കാണാന്‍ വേണ്ടി വണ്ടി നിര്‍ത്തിയെങ്കിലും അതിനൊപ്പം കാട്ടിലേക്ക് കയറാന്‍ തോന്നിയില്ല. സമയം അഞ്ചു മണി ആകാറായാതെ  ഉള്ളു എങ്കിലും ചുറ്റും ചെറിയൊരു ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു. പോകുന്ന വഴി അച്ചന്‍കോവില്‍ ധര്‍മ ശാസ്താ ക്ഷേത്രവും രണ്ടു മൂന്നു ചെറിയ കോവിലുകളും കണ്ടു.  അയ്യപ്പനെ വിഷഹാരിയെന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്. രാത്രി മുഴുവന്‍ അമ്പലത്തില്‍ ഒരു പൂജാരി ഉണ്ടാകും എന്നും കാറ്റില്‍ വച്ചുണ്ടാകുന്ന വിഷം തീണ്ടലിനൊക്കെ  ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കയ്യില്‍ ഉള്ള ചന്ദനം ആണ് മരുന്നായി നല്‍കാറുള്ളത് എന്നും പറഞ്ഞത് അയ്യപ്പന്‍ ചേട്ടന്‍ ആണ്. കയ്യില്‍ ഉണ്ടായിരുന്ന ജി പി എസ് ഡിക്ടക്ടര്‍ വച്ച് നോക്കിയപ്പോള്‍ ഉയരം ഏകദേശം 1000  അടി. അടുത്ത ദിവസം വരേണ്ട സ്ഥലങ്ങള്‍ ഒക്കെ നോക്കി വയ്ക്കാന്‍ മറന്നില്ല. കൂട്ടത്തില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടവും മാര്‍ക്ക്‌ ചെയ്തു. ഏകദേശം ആര് മണിയോടെ ഞങ്ങള്‍ ഫോറെസ്റ്റ് ഡിവിഷന്‍ ഓഫിസറിന്റെ  ഓഫീസില്‍ എത്തി. തൊട്ടടുത്തുള്ള Official Rest House ഇല്‍ ആയിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. 
ആളിത്തിരി റയര്‍ ആണേ 


കളകളം പാടിയ പാട്ടുകാരി  


മലയണ്ണാന്റെ ഏരിയ ആണ് 
     ചെന്നെത്തിയപ്പോള്‍ തന്നെ കറന്റ് വരില്ല എന്നാ ശുഭ വാര്‍ത്ത ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. രാവിലെ ചേച്ചി കണ്ട വെട്ടുകത്തി മൂപ്പന് സ്തുതി. വഴി നീളെ ഫോട്ടോയെടുത്തു ചാര്‍ജ്  തീരാറായ ക്യാമറ ഞങ്ങളെ നോക്കി ചിരിച്ചു. ബി എസ എന്‍ എല്‍ ഒഴികെയുള്ള സിം എല്ലാം കുടയും പിടിച്ചു നില്‍ക്കുന്നതല്ലാതെ കുടക്കീഴില്‍ നില്ക്കാന്‍ ആരും ഇല്ല. വീടിനു ചുറ്റുമുള്ള ഒരു കൊച്ചു വളപ്പിനപ്പുറം കറുത്ത കാട്. താഴെ എവിടെയോ ഒഴുകുന്ന നദിയുടെ കളകളാരവം. ആരും വിട്ടു കൊടുത്തില്ല. പ്രേതവും യക്ഷിയും ഒക്കെ ഇടയ്ക്കൊക്കെ സംസാരത്തില്‍ വന്നും പോയും ഇരുന്നു. വൈകിട്ട് വാച്ചര്‍ അയ്യപ്പന്‍ ചേട്ടന്‍ കാട്ടു പന്നിയെ കാട്ടിത്തന്നു. കാടിനെ പറ്റിയും അവിടെ സാധാരണ കാണാറുള്ള മൃഗങ്ങളെ പറ്റിയും മാത്രമല്ല അവയൊക്കെ പോകുന്ന വഴിയെ പറ്റി പോലും അയ്യപ്പന്‍ ചേട്ടന് അറിയാം. മുറ്റത്തെ ഉണങ്ങി നില്‍ക്കുന്ന മരത്തില്‍ രാത്രി മയിലുകള്‍ ചേക്കേരുമെന്നും  പറഞ്ഞു. രാത്രി താഴെ പോയി വാങ്ങികൊണ്ട് വന്ന ദോശയും ചമ്മന്തിയും ഒക്കെയായി ഒരു  കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ അങ്ങ് ആഘോഷിച്ചു. മലര്‍വാടി വക ബി എസ് എന്‍ എല്‍ സിമ്മില്‍ നിന്ന് കാട് കയറിയ വിവരം  കുടുംബത്തില്‍ മാത്രം അറിയിച്ചിട്ട് നേരത്തെ കിടക്കാന്‍ തുടങ്ങുമ്പോള്‍ മനസ് നിറയെ പ്രതീക്ഷയായിരുന്നു; നാളെ മുറ്റത്തെ മരത്തില്‍ കാണാന്‍ പോകുന്ന മയിലിനെ പറ്റി......      

January 21, 2011

ചേങ്കര ചാല്‍ പര്യവേഷണ യാത്ര

മുല്ലക്കല്‍,
     എന്‍റെ അമ്മയുടെ കുടുംബം. ഇടയ്ക്കിടെ തനി ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാനും പിന്നെ കുട്ടിക്കുറൂമ്പുകള്‍ കാട്ടാനും ആയി ഞങ്ങള്‍ ഒത്തുകൂടുന്നതു അവിടുത്തെ തോടിന്‍റെ വക്കതും വയലേലകളിലും ഒക്കെയാണ്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ 'മുല്ലക്കല്‍ തറവാട്ടിലെ' മൂന്നാം തലമുറയില്‍ പെട്ട ഒന്‍പതു പേര്‍. ലീഡര്‍ ഞാന്‍ ആകേണ്ടതാണ് എങ്കിലും ലീഡര്‍ഷിപ്പ് എനിക്കല്ല.പ്രായത്തിന്റെ ഗ്രാഫ് താഴോട്ട് വരുന്തോറും കയ്യില്‍ ഇരിപ്പ് വഷളാവുന്നു എന്ന് വീട്ടുകാരെല്ലാം സമ്മതിച്ച 'മുല്ലക്കല്‍ ഡെവിള്‍സ്'.
      വര്‍ഷത്തില്‍ മൂന്നു തവണയാണ് മുല്ലക്കല്‍ ഡെവിള്‍സ് ന്‍റെ യൂണിയന്‍, വേനലവധി, ഉത്സവം പിന്നെ ചിലപ്പോഴൊക്കെ ഓണം. വീട്ടില്‍ എത്തുമ്പോള്‍ തന്നെ അടുക്കളയിലേക്കു ആണ് ഓട്ടം.ഇപ്പോഴും അമ്മായിമാരുടെ സ്പെഷ്യല്‍ കപ്പ_ചിക്കന്‍ ആണ് ഞങ്ങളുടെ പ്രിയ ഭക്ഷണം. അകത്തു ചെന്ന 'കോഴി' ഒന്ന് ഒതുങ്ങിക്കഴിയുമ്പോള്‍ കുറെ പാട്ടുകളും (ഇപ്പോള്‍ മൊബൈല്‍ ഫോണും) ആയി താഴെ പാടത്തേക്കു യാത്രയാകും. ഉച്ചക്ക് 2 മണിക്കുള്ള പൊരിവെയിലും കൊണ്ടുള്ള യാത്ര പാടം കാണാന്‍ അല്ല, ഒരിക്കലും ചെന്നെത്തിയിട്ടില്ലാത്ത 'ചേങ്കര ചാല്‍' എന്ന മഹാത്ഭുതത്തിലേക്ക് ആണ്.
    പാടവരമ്പത്തു കൂടി, കൂട്ടത്തില്‍ ചെറിയ കണ്ണന്‍റെ വീര സാഹസിക കഥകളും കേട്ട്, പാട്ടും ബഹളവും ആയാണ് യാത്ര. വീട്ടില്‍ എല്ലാവര്‍ക്കും ഞങ്ങളുടെ ഈ അന്വേഷണയാത്ര സുപരിചിതം ആയതുകൊണ്ട് ഒപ്പം ഇല്ലെങ്കിലും, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 2PM നു ഞങ്ങളുടെ മുന്‍ തലമുറയിലെ അഞ്ചു പേരുടെയും ഫോണ്‍ സന്ദേശങ്ങള്‍ കുഞ്ഞമ്മാവനെ തേടി എത്തും.
" ഗംഗേ, പിള്ളേരെ പാടത്ത് വിടരുത്."
പക്ഷെ, കുഞ്ഞമ്മാവന്‍  ഞങ്ങളുടെ ഗ്രൂപ്പ്‌ ആയതുകൊണ്ടും അവരോടു പറയില്ല എന്ന വ്യവസ്ഥയിലും ആണ് യാത്ര തുടങ്ങുക.
     വഴിയിലുടനീളം കഥകളാണ്. ഒരു വര്‍ഷത്തെയോ ആറ്‌ മാസത്തെയോ കഥകള്‍ ഉണ്ടാകും പങ്കു വക്കാന്‍. നാട്ടുകാര്‍ 3 പേരെയുള്ളൂ. അമ്മാവന്മാരുടെ മക്കള്‍. ബാക്കിയെല്ലാവരും പാലക്കാട് മുതല്‍ പള്ളിക്കല്‍ വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തില്‍ നിന്നാണ്. തലേ ദിവസം അമ്പലത്തില്‍ നിന്നു വാങ്ങിയ " അമ്മാവാ" ബലൂണുകളും പീപ്പിയും ഒക്കെ ഊതിയുള്ള പടപ്പുറപ്പാട് കേള്‍ക്കുമ്പോഴേ അടുത്തുള്ളവര്‍ തിരക്കിത്തുടങ്ങും.
" കൊച്ചാട്ടാ, പിള്ളാരെല്ലാം എത്തിയോ ?" പിന്നെ അന്വേഷണങ്ങള്‍ ആയി. മണിയുടെ മക്കള്‍ എന്തിയേ? ഹരിഹരന്‍റെ മക്കള്‍ വളര്‍ന്നോ? അംബികയുടെ മോള്‍ വന്നില്ലേ? അതങ്ങനെ പോകും...
    പാടത്തിനു നടുക്കുള്ള വെള്ളചാലില്‍ എത്തിയാല്‍ പിന്നെ നേരെ തെക്കോട്ട്‌ വച്ചുപിടിക്കും. വഴിനീളെ ചാഞ്ഞു കിടക്കുന്ന നെല്‍കതിരുകളും പറിച്ചെടുത്ത്, ചാലിലെ ആമ്പല്‍പൂവുകളും കൈക്കലാക്കിയാണ് പിന്നങ്ങോട്ട്. വെയിലടിച്ചു കരിഞ്ഞു തുടങ്ങിയാല്‍ പിന്നെ സ്പീഡ് ഇത്തിരി കൂടും. പോകുന്ന വഴിക്ക് ഒരു പുതയല്‍ കണ്ടം (പാടം തന്നെ) ഉണ്ട്. ചെന്നു ചാടി പോയാല്‍ പിന്നെ ഒരു ദിവസം വേണം കാല്‍ ഊരിയെടുക്കാന്‍. അത്രയും ആകുമ്പോഴേക്കും ഉണ്ണിയുടെ അനൌണ്സ്മെന്റ്  എത്തും
" പ്രിയപ്പെട്ടവരേ, നമ്മള്‍ ചേങ്കര ചാലില്‍ എത്താറായിരിക്കുന്നു ."
    പറഞ്ഞു തീരുന്നതിനു മുന്‍പ് മൊബൈല്‍ ബെല്ലടിക്കും. അങ്ങേത്തലക്കല്‍ പാലക്കാട്ടെ വലിയമ്മാവന്‍. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹൈകമാന്റ്.
" ഉണ്ണീ, നിങ്ങള്‍ പാടത്താണോ ?"
 തിരിച്ചൊന്നും പറയുന്ന ശീലം ഞങ്ങള്‍ക്കാര്‍ക്കും പണ്ടേ ഇല്ല. വേറെ ഒന്നും കൊണ്ടല്ല. സത്യം പറയാം.........പേടിച്ചിട്ടാ....
" നിങ്ങള്‍ തിരിച്ചു വീട്ടില്‍ പോകൂ. നീ കുട്ടികളെയും കൂട്ടിക്കോളൂ. വീട്ടില്‍ പോയിരുന്നു സംസാരിക്കൂ.ഞാന്‍ വിളിക്കാം."
    ആ വിളിക്കാം എന്ന വാക്കിന്‍റെ അര്‍ത്ഥം ലാന്‍ഡ്‌ ഫോണില്‍ ബെല്ല് വരുമ്പോഴേക്കും ഞങ്ങള്‍ മുല്ലക്കല്‍ എത്തണം എന്ന് തന്നെ......!!!!! ഒന്നര മണിക്കൂര്‍ നടന്നു ചെന്നു എത്തിയ ദൂരം പതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ നടന്നു (പറന്നു) തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ കേള്‍ക്കാം...
ടിര്‍ണീം ടിര്‍ണീം.........
STD ബെല്‍.
കുഞ്ഞമ്മാവന്‍ ഫോണ്‍ എടുക്കും.
"കുട്ടികള്‍ ഇങ്ങെത്തിയോ ഗംഗേ?"
അങ്ങേത്തലക്കല്‍ നിന്നുള്ള ചോദ്യം.
" വന്നു കൊച്ചാട്ടാ."
"ഉം." ഫോണ്‍ കട്ട്‌ ആകും.
  അങ്ങനെ എല്ലാ വര്‍ഷവും ഒരേ സ്ക്രിപ്റ്റില്‍ ഓടിക്കൊണ്ടിരിക്കുന്നതാണു ഞങ്ങളുടെ 'ചേങ്കര ചാല്‍ പര്യവേഷണ യാത്രകള്‍.' ഈ വര്‍ഷവും ഫെബ്രുവരി നാലിന് ഉത്സവം ആണെന്ന് പറയാനായി വിളിച്ചപ്പോള്‍ തന്നെ അന്വേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
" നമ്മള്‍ എപ്പോഴാ പാടത്ത്‌ പോവുക?"




മുല്ലക്കല്‍ ഡെവിള്‍സ് നു സ്നേഹപൂര്‍വ്വം..........


പ്രത്യേക അറിയിപ്പ്:
മുല്ലക്കലെ പ്രിയപ്പെട്ടവരേ....
വായിച്ചിട്ട് ചുമ്മാ പോവല്ലേ. അഭിപ്രായം പങ്കുവക്കണേ, ഓര്‍മ്മകളും...

January 19, 2011

ഒരു യാത്ര

   തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട അങ്ങനെ 4 ഓളം ജില്ലകളില്‍ തൈ വേരുകളും, നാരു വേരുകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കേരള യൂനിവേഴ്സിടി യുടെ ആസ്ഥാനം അങ്ങ് തലസ്ഥാനത്ത് കൊണ്ടു വെച്ച സര്‍ സി.പി. യെ വഴക്ക് പറഞ്ഞുകൊണ്ടാണ് യൂനിവേഴ്സിടി യാത്രകള്‍ തുടങ്ങാറ്. പതിവ് പോലെ ഒരു യൂനിവേഴ്സിടി യാത്ര. ഉദ്ദേശം ഒരു അപ്ലിക്കേഷന്‍ സമര്‍പ്പണം. തലേ ദിവസം തന്നെ അറിയിപ്പ് കിട്ടി, നമ്മുടെ നാട്ടിലെ ഒരു സുഹൃത്തും അദ്ദേഹത്തിന്റെ സുഹൃത്തും  അതെ വഴിക്ക് വരുന്നുണ്ട് എന്ന്. എങ്കില്‍ പിന്നെ ഒരുമിച്ചാകാം യാത്ര എന്ന് തീരുമാനിച്ചു. പെണ്ണുങ്ങള്‍ക്ക് ആകുമ്പോള്‍  അങ്ങ് വരെ പരദൂഷണം എങ്കിലും പറയാല്ലോ...
   എന്തായാലും മുന്നോരുക്കത്തില്‍ ഒന്നും ഒഴിവാക്കിയില്ല, മൊബൈല്‍ ഫോണും, ഹെഡ് സെറ്റും, വായിച്ചുകൊണ്ടിരുന്ന ഓഷോയുടെ പുസ്തകവും ഒന്നും.കിളിമാനൂര്‍ വരെ കേള്‍ക്കാന്‍ ഉള്ള പാട്ടും മൊബൈലില്‍  സേവ് ചെയ്തു. പിന്നങ്ങോട്ട് അനന്തപുരിയുടെ സ്വന്തം ക്ലബ്‌ എഫ്.എം. ഉണ്ടല്ലോ.
    ആദ്യം വന്ന സൂപ്പര്‍ ഫാസ്റ്റ് നു ടാറ്റാ കൊടുത്തു വിട്ടു. സീറ്റ്‌ ഇല്ല.ഞങ്ങള്‍ മൂന്നു ആളും പിന്നെ അവരുടെ രണ്ട്‌ പേരുടെയും രക്ഷകര്‍ത്താക്കളും കൂടി ആകെ അംഗസംഖ്യ ആറ്‌. എല്ലാര്‍ക്കും കൂടി സീറ്റ്‌ കിട്ടാന്‍ ഇത്തിരി പാടാണ്‌. കുറെ കഴിഞ്ഞപ്പോള്‍ KSRTC യുടെ പച്ചക്കുതിര (super express) വന്നു. അതിലും സീറ്റ്‌ ഇല്ല. നില്ക്കാന്‍ സ്ഥലം ഉണ്ട് താനും. അത് കൂടി പോയപ്പോഴേ ഉറപ്പായി, ഇന്ന് standing pose തന്നെ.തൊട്ടു പിന്നാലെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഞങ്ങള്‍ ഇടിച്ചു കയറി. 3 പേര്‍ ഇരുന്നു. ഞങ്ങള്‍ juniors ഡ്രൈവറിന്റെ സീറിനു പിന്നില്‍ നിലയുറപ്പിച്ചു. കണ്ടക്ടര്‍ എന്ന് ലെബല്‍ ചെയ്ത സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു, കണ്ടപ്പോഴേക്കും അതില്‍ ഒരു ചേട്ടന്‍ സിറ്റ് ആയി.പിന്നില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന മീശ വച്ച 3  സ്ത്രീകളോട് എന്തൊക്കെയോ പറയണം എന്ന ആഗ്രഹത്തോടെ........ഞങ്ങള്‍ നില്‍പ്പ് തുടര്‍ന്നു. കൊട്ടാരക്കര എത്തുമ്പോള്‍ സീറ്റ്‌ കിട്ടും എന്ന വിശ്വാസത്തോടെ.
   കൊട്ടാരക്കര ആയി. ഒരാളും എഴുന്നേല്‍ക്കുന്നില്ല. കണ്ടക്ടര്‍ ന്‍റെ  സീറ്റ്‌ ഒഴിഞ്ഞു. കൂടെയുള്ള പുതുമുഖത്തെ നിര്‍ബന്ധിച്ചു ഇരുത്തിയിട്ട് ഞാനും എന്‍റെ ഫ്രണ്ടും ഞങ്ങളുടെ സ്കൂള്‍ കഥകളിലേക്ക് കടന്നു. പയ്യനല്ലൂര്‍ സ്കൂളിലെ പത്തു പന്ത്രണ്ടു ബാച്ചിലെ എല്ലാരുടെയും കാര്യം പറഞ്ഞു,പിന്നെ വി.വി.എച്ച്.എസ്.എസ് ലേക്ക് പോയി. അവിടുന്ന് പന്തളം എന്‍.എസ്.എസ്.ലേക്കും. എന്നിട്ടും സീറ്റ്‌ ഇല്ല.
   അപ്പോഴേക്കും ടിക്കറ്റ്‌ വില്‍പ്പന കഴിഞ്ഞു കണ്ടക്ടര്‍ ചേട്ടന്‍ എത്തി. സീറ്റില്‍ ഇരുന്ന ഞങ്ങളുടെ ദോസ്തിനെ അത്യാവശ്യത്തിനു ഒന്ന് കളിയാക്കിയിട്ടു എഴുന്നേല്‍പ്പിച്ചു. താങ്ങാനാവാത്ത അപമാനം മൂലം കക്ഷി ഞങ്ങളുടെ പിന്നില്‍ ഒളിച്ചു. കണ്ടക്ടര്‍ മറന്നുപോയ ഡയലോഗുകള്‍ ഓര്‍മ്മിപ്പിക്കുന്നതിനിടയില്‍ എന്തൊക്കയോ ചിന്തിച്ചു കൂട്ടിയുള്ള ചോദ്യം,
" ചേച്ചിക്ക് ബാക്കി കിട്ടിയോ?"
" ഇല്ല"
ഉടന്‍ വന്നു മറുപടി.
" ബാക്കി ചോദിക്ക്. തന്നില്ലെങ്കില്‍ നമുക്കയാളെ വഴക്ക് പറയാം."
 അപ്പോള്‍ അതാണ്‌ പ്രോഗ്രാം. അപ്പോഴേ ഉള്ളില്‍ കത്തുന്ന പ്രതികാരാഗ്നി ഞങ്ങള്‍ കണ്ടു.
   എന്തായാലും വെഞ്ഞാറമൂട് ആയപ്പോള്‍ ഞാന്‍ ബാക്കി ചോദിച്ചു. അയാള്‍ കാശ് എടുക്കാനായി ബാഗ്‌ തുറന്നു.  പാവം മനുഷ്യന്‍. രക്ഷപെട്ടു. ഞങ്ങള്‍ കരുതി.അവളുടെ മുഖത്ത് ഒന്നും പറയാന്‍ പറ്റാത്ത വിഷമം.
" 59 ന്‍റെ ടിക്കറ്റ്‌ അല്ലെ?"
" അതെ"
അയാള്‍ നാല് പത്തുരൂപ നോട്ടുകളും ഒരു രൂപയും തന്നു. വാങ്ങി നോക്കിയപ്പോള്‍ അതില്‍ ഒരു നോട്ടിനു 10 % കിഴിവ്. ഞാന്‍ അയാളോട് നോട്ട് മാറ്റിത്തരാമോ എന്ന് ചോദിച്ചു. അയാള്‍ ചിരിച്ചു കാട്ടി. പ്രതികാര ദാഹിയുടെ കണ്ണുകളില്‍ തിളക്കം.  ദൈവം ഒരാളെയും വെറുതെ വിടില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ ചീട്ടു അവള്‍ക്കു കൈമാറി.......
ശേഷം ഭാഗം ചിന്ത്യം......
പക്ഷെ , റോഡു പണി കാരണം വഴി മാറ്റിവിട്ട വണ്ടി പട്ടത്ത് ഇറങ്ങേണ്ട അവരെ പാളയത്ത് ഇറക്കിയപ്പോള്‍ അയാളിനി  ചിരിച്ചോ ന്തോ......????




അറിയിപ്പ്: ഇതിലെ കഥാ പാത്രങ്ങള്‍ക്ക് നിങ്ങള്‍ കണ്ടിട്ടുള്ളവരുമായോ പരിചയം ഉള്ളവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെന്നു തോന്നിയാല്‍, ആരോടും പറയണ്ടാ. ഇതിന്‍റെ പേരില്‍ ആരെയെങ്കിലും പരിഹസിച്ചാല്‍ അത് ശിക്ഷാര്‍ഹം ആണ്, കിട്ടുന്നത് വാങ്ങിക്കോളൂ.

January 14, 2011

കുറുവ ദ്വീപ്

    കേരളത്തിലെ പ്രധാന നദികളില്‍ ഒന്നായ കബനി, വയനാടിനു നല്‍കിയ സമ്മാനം ആണ് കുറുവ ദ്വീപ്. ജലത്താല്‍ ചുറ്റപ്പെട്ട കരഭാഗം. പി.ജി. ക്ക് പഠിക്കുമ്പോള്‍ ആണ് കുറുവ ദ്വീപിലേക്ക് ആദ്യം പോകുന്നത്. കൂടെ എന്‍റെ പത്തു പി.ജി. കൂട്ടുകാരും, 26 ഡിഗ്രി കുട്ടികളും മൂന്നു അധ്യാപകരും പിന്നെ ഞങ്ങളുടെ സ്വന്തം ഗോപി ചേട്ടനും.
  തലേ ദിവസം തന്നെ വയനാട്ടില്‍ എത്തിയതിനാല്‍ 10 മണിക്ക് തന്നെ ഞങ്ങള്‍ കുറുവ ദ്വീപില്‍ എത്തി. കൌണ്ടറില്‍ നിന്നു ടിക്കറ്റും, വഴി കാട്ടാന്‍ ഒരു ഗൈഡും ആയി ദ്വീപിലേക്കുള്ള യാത്ര തുടങ്ങി. നദി കടത്തി വടാനായി കുറെ ബോട്ടുകളാണ് ഉണ്ടായിരുന്നത്. ബോട്ടില്‍ കയറിയപ്പോള്‍ മുതല്‍ എല്ലാവരുടെയും ചുണ്ടില്‍ നാടന്‍ പാട്ടിന്റെയും തോണി പാട്ടിന്റെയും ഈണങ്ങള്‍ ആയിരുന്നു.
    കുറച്ചു മണല്‍ തിട്ടയും, പൂത്തു നില്‍ക്കുന്ന പുല്ലുകളും, നദിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും ഒക്കെയായി ഒരു വന്യതയുടെ പച്ചപ്പ്‌ നിറഞ്ഞ സ്ഥലത്താണ് ചെന്നു ഇറങ്ങിയത്‌. കയറി വരുന്ന വഴിയിലെ മുളം കൂട്ടത്തില്‍ തയാറാക്കി വച്ചിരിക്കുന്ന PHOTO SPOT ഇല്‍ എല്ലാവരും കൂടി. ഓര്‍മകളില്‍ ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി.പോകുന്ന വഴിയില്‍ വച്ചു ഒരു ചീങ്കണ്ണിയെ ഗൈഡ് ഞങ്ങള്‍ക്ക് കാട്ടി തന്നു. ഏകദേശം 14 ഓളം ചീങ്കണ്ണികള്‍ ദ്വീപില്‍ വിലസുന്നുണ്ട് എന്ന് അറിഞ്ഞതോടെ വെള്ളത്തിലേക്ക്‌ ഇട്ടിരുന്ന കൈകളും കാലുകളും ഒക്കെ അകത്തേക്ക് വലിഞ്ഞു. കയ്യും കാലും ഇല്ലാതെ ചെന്നാല്‍ വീട്ടുകാര്‍ വഴക്ക് പറയും!!! 
   പുല്‍ വര്‍ഗങ്ങള്‍ ധാരാളം ആയി കാണപ്പെടുന്ന വനത്തില്‍ കാട്ടു പന്നിയുടെ സാന്നിധ്യം ഉണ്ടെന്നു കിളച്ചു മറിച്ചിട്ട മണ്ണ് ഉറപ്പു തന്നു. ' കുറുവ' എന്ന പേരിട്ടത് കര്‍ണാടകയില്‍ നിന്നും വന്നു താമസിച്ചിരുന്നവര്‍ ആണെന്നും  അതിന്‍റെ അര്‍ത്ഥം 'തുരുത്ത്' എന്നാണെന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു.
    ആസ്വാദനത്തിന്റെ സുഖം ഒറ്റയ്ക്ക്, പ്രകൃതി മാത്രം കണ്ടു, ആ ശബ്ദം മാത്രം കേട്ടു നടക്കുമ്പോള്‍ ആണെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ഗൈഡിന്റെ ഗ്രൂപ്പില്‍ നിന്നു പിരിഞ്ഞു. പിന്നങ്ങോട്ട് സ്വയം വഴി കണ്ടു പിടിച്ചുള്ള യാത്ര ആയിരുന്നു. വഴിയില്‍ ഒരു കിളിയുടെ പുറകെ (തെറ്റി ധരിക്കണ്ട..കിളി തന്നെ.) ഫോട്ടോ എടുക്കാന്‍ പോയ സന്തോഷിനെ കാണാതെ പോയതും സ്വപ്ന ലോകത്തിലെ പന്തളം പഞ്ചായത്ത് (പേര് പറയില്ല, PP) ന്‍റെ ഫോട്ടോ എടുത്ത് പബ്ലിഷ് ചെയ്തതും അങ്ങനെ എന്തെല്ലാം എന്തെല്ലാം....   
     ഏകദേശം 95 ഏക്കര്‍ വിസ്തൃതിയുള്ള കുറുവ ദ്വീപിനെ കബനി നദിയുടെ വിവിധ ഒഴുക്കുകള്‍  ചെറിയ ചെറിയ തുരുത്തുകളായി വിഭജിച്ചിട്ടുണ്ട്. ഒരു തുരുത്തില്‍ നിന്നും അടുത്തതിലേക്ക് എത്താന്‍ ഈ കൈവഴികള്‍ മുറിച്ചു കടക്കേണ്ടി വരും.പാറ കല്ലുകള്‍ നിറഞ്ഞ അടിത്തട്ടും, നല്ല കുത്തൊഴുക്കും, ചുഴികളും, ഉള്ള അവയില്‍ ഇറങ്ങി നടക്കണം എന്ന് കേട്ടപ്പോഴേക്കും, നമ്മള്‍ വന്ന ബോട്ട് തിരിച്ചു പോയിക്കാണുമോ എന്നായി എല്ലാവരുടെയും ചോദ്യം.
   പക്ഷെ, പ്രശ്നങ്ങള്‍ എല്ലാം ആദ്യത്തെ തവണ തന്നെ തീര്‍ന്നു. മുന്‍പേ പോകുന്ന ബാലു സാറിനും ഗൈഡിനും പിന്നാലെ കൈകോര്‍ത്തു പിടിച്ചു ഞങ്ങളും നടന്നു. മറിഞ്ഞു വീണവരും, കൈ വിട്ടു പോയവരും ഒക്കെ അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കൂടുതല്‍ ധൈര്യശാലികള്‍ ആയോ എന്നൊരു സംശയം. എല്ലായിടത്തും വീണു കബനിയിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തവരും, കൂടെ നിന്നവരെ എല്ലാം മറിച്ചു ഇട്ടിട്ടു  നിന്നു ചിരിച്ചവരും ഒക്കെയുണ്ടായിരുന്നു. പേര് മാത്രം ചോദിക്കരുത്.
   നാടിന്‍റെ ബഹളങ്ങളും, തിരക്കുകളും ഇല്ലാതെ കുറച്ചു മണിക്കൂറുകള്‍ ഭൂമിക്കു ഏറ്റവും വിലപ്പെട്ട കാടിനും, ജലത്തിനും ഒപ്പം. ഒരു തവണ ചുറ്റി വരാന്‍ ആര് കൈവഴികള്‍ എങ്കിലും മുറിച്ചു കടക്കേണ്ടി വരും. സാഹസികതയ്ക്കു താല്പര്യം ഉള്ളവര്‍ക്ക് പാതി നാലോളം കൈവഴികള്‍ മുറിച്ചുകടന്നു പോയി എല്ലാ ദ്വീപുകളും കാണാം. ഞങ്ങള്‍ എന്തായാലും ആറെണ്ണം കൊണ്ടു തൃപ്തിപ്പെട്ടു. തിരിച്ചു വരുന്ന വഴിയിലെ കൈവരികള്‍ മുളം കമ്പുകളും പൈപ്പില്‍ മുളയുടെ പോലെ പെയിന്‍റ് ചെയ്തവയും ആയിരുന്നു. കാടിന് ചേരുന്ന രീതികള്‍. 
  ബോട്ട് അടുക്കുന്ന കടവില്‍ വന്നപ്പോള്‍ ബാലു സര്‍ ഞങ്ങള്‍ക്ക് കുറച്ചു സമയം വെറുതെ കഥകള്‍ പറയാന്‍ തന്നു. ഞങ്ങള്‍ പിജി ബാച്ചിലെ പതിനൊന്നു പേരും ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കാറ്റും, കഥകളും, തമാശകളും, പരസ്പരം ഉള്ള പാര വെയ്പ്പുകളും ആസ്വദിച്ചു. എന്നത്തേയും പോലെ മൌനം സ്വരമായി.... (എല്ലാവരുടെയും പ്രിയ ഗാനം, ക്ലാസില്‍ ഇടയ്ക്കിടെ കേള്‍ക്കുന്നതിനു ഞങ്ങള്‍ വാങ്ങി കൂട്ടാറുണ്ട് )  ഒഴുകി എത്തിയപ്പോഴേക്കും കുറുവ ദ്വീപിലെ തുരുത്ത് ഞങ്ങള്‍ക്ക് സ്വന്തം ആവുകയായിരുന്നു. 
  രണ്ട്‌ മണി ആയപ്പോഴേക്കു വിശപ്പിന്‍റെ വിളി സഹിയാത്തത് മൂലം തിരിച്ചു ബോട്ടില്‍ കയറി. കബനിയില്‍ കൂടി തിരിച്ചു വരുമ്പോള്‍ അകന്നു പോകുന്ന മുളം കൂട്ടവും, പുല്ലുകളും, തുരുത്തും എല്ലാം ഞങ്ങള്‍ക്ക് സമ്മാനിച്ചത്‌ മണ്ണിന്‍റെ മണവും, തെളിനീരിന്റെ തണുപ്പുമുള്ള കുറെ ഓര്‍മ്മകള്‍ ആയിരുന്നു. കബനിയിലെ പായല്‍ നിറഞ്ഞ കല്ലുകളില്‍ എന്ന പോലെ ഇടയ്ക്കിടെ മനസിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങള്‍.....
എന്‍.എസ്.എസ്.കോളേജ്, പന്തളം
സുവോളജി വിഭാഗം.


കാട്..... കറുത്ത കാട്...
ഇനിയും ഒന്നൂടെ....


ഒരുമയുണ്ടെങ്കില്‍...

ഫോട്ടോയില്‍ എത്ര പാവം...

കബനി നദി....

അയ്യോ..വീണേ...

ഇതൊക്കെ വെറും ചെറുത്....


ഈ വഴിക്ക് ഞങ്ങള്‍ ഇല്ലേ...