ജന്മ പുണ്യങ്ങളുടെ ഫലമാണ് ക്ഷേത്ര ദർശനം എന്നത് വെറും വാക്കായിരിക്കില്ല. നമ്മുടെ ആഗ്രഹം കൊണ്ട് മാത്രം ഒരു അമ്പലത്തിലും ചെന്നെത്താൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ ഇരിക്കുന്ന ആൾ വിചാരിക്കണം എന്ന്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ഒരു അന്തരീക്ഷം.. അത് നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന വിചാരങ്ങൾ, ബോധം എല്ലാം വിഭിന്നം. എല്ലാ ദൈവവും ഒന്നാണ് "ഏകദാ ബഹുദാ.." എന്ന് പറയുമ്പോഴും ഓരോ ദൈവസങ്കല്പ്പവും നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഓരോ തരത്തിൽ അനുഭവപ്പെടുന്നത് ചിലപ്പോൾ ഘനീഭവിച്ച വിശ്വാസങ്ങളിൽ കൂടി നോക്കി കാണുന്നത് കൊണ്ടാകാം.
പെട്ടെന്ന് തീരുമാനിച്ചതായിരുന്നു മലയാലപ്പുഴ യാത്ര. മലയാലപ്പുഴ അമ്മയുടെയും പിന്നെ രാജന്റെയും നാട്ടിലേക്ക്. ആദ്യ ദർശനം: രാജനെയല്ല അമ്മയെ. കേട്ട്കേഴ്വികളിൽ എല്ലാം ഉഗ്രരൂപിണിയായിരുന്നു അമ്മ. പ്രാക്കും മോഷണവും മനോദോഷവും അങ്ങനെ മുറ്റത്തു വശ പിശകായി കിടക്കുന്ന ഒരു ഇല കണ്ടാൽ പോലും മലയാലപ്പുഴ അമ്മ നോക്കിക്കോളും എന്ന് പലതവണ പറഞ്ഞു കേട്ടിട്ടാകും, മനസ്സിൽ എപ്പോഴും മുടിയഴിച്ചിട്ട് ദംഷ്ട്രകൾ കാട്ടി ഉറഞ്ഞു തുള്ളുകയായിരുന്നു ദേവി. അതുകൊണ്ടായിരിക്കും അവസരങ്ങൾ പലതു വന്നു പോയിട്ടും ആ വഴിക്ക് പോകാൻ ഒരു ധൈര്യം കിട്ടാതെ പോയത്.
തലേ ദിവസം തന്നെ തീരുമാനിച്ചു, ആദ്യം കാണാൻ പോകുമ്പോൾ വെറും കയ്യുമായി ചെല്ലില്ല എന്ന്. മുറ്റത്തെ തുളസിചെടിയിൽ ആയിരുന്നു കണ്ണ്. ഇഷ്ടമാണോ എന്ന് അറിയില്ല എങ്കിലും ഒരു തുളസിമാല കയ്യിൽ കരുതി. അമ്പലത്തിൽ പോകുമ്പോൾ ഒരു മാലയോ കുറച്ചു പൂവോ എന്തെങ്കിലും കയ്യിൽ കരുതുക എന്നത് വല്ല്യമ്മ പറഞ്ഞു തന്ന ശീലം. രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം അമ്മമാരും (രണ്ടല്ല മൂന്നു പേരും) കൊച്ചേട്ടനും കുട്ടനും. 7.45 ആയപ്പോഴേക്കും അമ്മയുടെ മുറ്റത്തു എത്തി.
ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്തു ഇറങ്ങുമ്പോൾ ചുറ്റും കടും നിറങ്ങളുടെ ഉത്സവം. ചുവന്ന പട്ടും ഉടയാടയും സ്വർണ്ണവർണ്ണത്തിലെ നേർച്ച വിളക്കുകളും തിളങ്ങുന്ന അലങ്കാരങ്ങളും തൂക്കിയിട്ട കടകളും ദക്ഷിണ വച്ച് തൊഴാനുള്ള വെറ്റയും പാക്കും വിൽക്കാൻ ഇരിക്കുന്നവരും....ചുവപ്പിന്റെ നിറഭേദങ്ങളിൽ ഉള്ള കുങ്കുമ പൊടിയുമായി അകലെ മാറിയൊരു ചെറിയ കട..... കണ്ണ് ആദ്യം പതിഞ്ഞത് പക്ഷെ, അമ്മയുടെ ഗോപുര വാതിലിനു നേരെ ആയിരുന്നു.. പിന്നെ സ്വർണനിറമുള്ള കൊടിമരത്തിനും. എപ്പോഴും വരാൻ പറ്റാത്തത് കൊണ്ട് വന്നപ്പോൾ എന്തൊക്കെയോ വാങ്ങി അമ്മയ്ക്ക് കൊടുക്കാൻ അമ്മസ് ഓട്ടം തുടങ്ങി. ഉടയാട, കർപ്പൂരം, ചന്ദനത്തിരി, എണ്ണ, മാല എന്നിങ്ങനെ ലിസ്റ്റ് വലുതായി തുടങ്ങിയപ്പോൾ ഞങ്ങൾ അമ്പലത്തിനു ചുറ്റും കാണാൻ ഇറങ്ങി.
ഗോപുരം |
ആദ്യ പ്രാർത്ഥന: ഏതു ദേവാലയം ആയാലും, കുറച്ചു മഹത്തരം ആണെന്നു പെട്ടെന്ന് ഓർത്തു. ആദ്യം മനസ്സിൽ തോന്നുന്നത് പ്രാർഥിക്കാം എന്നു കരുതി.പടി ചവിട്ടി ഗോപുരം കടന്നു അകത്തെത്തുമ്പോൾ കാലിൽ തടഞ്ഞത് ചിതറിക്കിടക്കുന്ന മഞ്ചാടി മണികൾ. പിന്നെ കാലിലെ കേട്ട് പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുന്ന നേർച്ച കോഴികളുടെ കരച്ചിൽ. രണ്ടും അമ്മയുടെ ഇഷ്ട വഴിപാടുകൾ. കുറവൊന്നും അല്ല നേർച്ച നടത്തുന്നവരുടെ എണ്ണം. എങ്കിലും ഞങ്ങൾ പോയത് ഒരു പൂമാല വാങ്ങാൻ ആയിരുന്നു. ദേവസ്വം വക പൂജാ സാധനങ്ങൾ വില്ക്കുന്ന കൌണ്ടർ ഇൽ നിറയെ താമരപ്പൂക്കൾ. കണ്ടപ്പോൾ മനസ്സിൽ ഓർത്തത് എന്റെ കണ്ടാളസ്വാമിയെ.
ദേവിക്ക് വേണ്ടി |
ഒരിക്കൽ എനിക്കൊരു പൂവ് തന്നിരുന്നു, സമ്മതം പറഞ്ഞ്. റോസും ചുവപ്പും നിറങ്ങളിൽ ഉള്ള അരളി മാലകളും ചുവന്ന റോസാപ്പൂക്കൾ കെട്ടിയ മാലയും ഉണ്ട് അവിടെ. ഏറ്റവും കുറഞ്ഞ വില 40 രൂപ. അതല്ലാതെ എണ്ണയും മറ്റു പൂജാദ്രവ്യങ്ങളും ത്രിമധുരവും. ഉടയാട മാത്രം രസീത് എഴുതി വാങ്ങണം. മഞ്ചാടി വാരിയിടാനും ഉണ്ട് ചെറിയ ചെലവ്. കൈ നിറയെ മഞ്ചാടി എടുക്കണം എങ്കിൽ 30 രൂപ കൊടുക്കണം. അമ്മയ്ക്ക് ഒരു ചെറു ചിരി. കൂടെ ഉള്ള ഞങ്ങൾ 3 പേരുടെയും കൈ അത്ര ചെറുതൊന്നും അല്ല എന്നോർത്താണോ എന്തോ? എന്റെ കയ്യിലെ വാഴയിലയിൽ തുളസിമാലയ്ക്കൊപ്പം നിറയെ പ്രസാദങ്ങൾ ആയി അപ്പോഴേക്കും.
മഞ്ചാടി മണികൾ |
ഇനി വഴിപാടു കൌണ്ടർ.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കൌണ്ടർ ആണ്. ആദ്യം ചേട്ടനും കുട്ടനും രസീത എഴുതിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും അവസാനം സ്ത്രീകളുടെ ക്യൂ ചെറുതായപ്പോൾ അമ്മാസ് നടപ്പന്തലിൽ ഇരുന്നു എന്നെ കൂടി വിട്ടു. രക്തപുഷ്പാഞ്ജലി ആണ് ചെറിയ വഴിപാടുകളിലെ പ്രധാന ഇനം എന്ന് ആദ്യം കയറിയ കടയിലെ ആൾ പറഞ്ഞത് കൊണ്ട് എല്ലാവരുടെയും പേരും നാളും പറഞ്ഞു രസീത് എഴുതിച്ചു. കൌണ്ടറിൽ എഴുതുന്നത് കാക്കി കുപ്പായം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ ഉള്ള മറുപടി. ആൾ ഇല്ലാത്തതു കൊണ്ടാണത്രേ. വെള്ളിയും ചൊവ്വയും ആണ് അമ്മയ്ക്ക് പ്രധാനം എന്ന്.
ഇനി ചുറ്റു തൊഴുതു വരാം. ക്ഷേത്രത്തിനു വെളിയിൽ ഉപദേവതകൾ രക്ഷസും ദേവനും നാഗദൈവങ്ങളും. നാഗദൈവങ്ങളുടെ മുന്നില് പുള്ളൂവൻ പാട്ടും ഉണ്ട്. ചുറ്റും തൊഴുത് നടയ്ക്കൽ എത്തിയപ്പോൾ ഉഷപ്പൂജാ സമയം. ശ്രീബലി കഴിയാതെ വാതിൽ തുറക്കില്ല. നട തുറക്കാൻ കാത്തു നില്ക്കുന്ന ആൾക്കാരുടെ തിരക്ക് കൂടിയപ്പോൾ അതും ഒരു ക്യൂ ആയി.ഇടയ്ക്ക് പ്രാർഥനയിൽ മുഴുകുമ്പോഴൊക്കെ കൊടിമരത്തിന്റെ തട്ടിൽ വീണു ചിതറുന്ന മഞ്ചാടിമണികളുടെ കിലുക്കം.നട തുറന്നു അകത്തു കയറിയിട്ടും മനസ് ആ മഞ്ചാടി മണികളിൽ ഉടക്കി നില്ക്കുന്നത് പോലെ...
അകത്തെത്തി ശ്രീകോവിലിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. അമ്മേ... ഭക്തി കുറവായിട്ടാണോ? എന്തോ മനസ്സിൽ ഒരു സംശയം.പിന്നെ മനസിലായി,ശ്രീകോവിലിനു വാതിൽ ഇല്ലന്നും ഗർഭഗൃഹത്തിന്റെ വാതിൽ തുറന്നിട്ടില്ല എന്നും.അടുത്ത ഇടയ്ക്കയുടെ നാദം, ഒപ്പം കിരാതത്തിലെ ശിവസ്തുതിയും. കണ്ണടച്ച് നിന്നപ്പോൾ മുന്നിൽ അരൂപമായ ഒരു വെളിച്ചം. പിന്നെ നട തുറക്കുന്നത് വരെ അങ്ങനെ...നട തുറന്നപ്പോൾ നിറയെ പൂമാലകളും പട്ടും ചാർത്തിയ ദേവി. അടുത്ത് തന്നെ ശ്രീബലി വിഗ്രഹവും.ചുറ്റും തൊഴുത് കയ്യിലെ സമ്മാനങ്ങൾ എല്ലാം നടയ്ക്കൽ വച്ച് നാലമ്പലത്തിനു പുറത്തു കടന്നു. അര്ച്ചനയുടെ പ്രസാദം നേരത്തെ തന്നെ എടുത്തു വച്ചിരിക്കുകയാണ്. രസീത് കൊടുത്താൽ ശ്രീകോവിലിൽ ജപം കഴിഞ്ഞു ഈ പ്രസാദത്തിനൊപ്പം തരും. ഇനി നട പന്തലിന്റെ ഓരത്തെ പടിയിൽ ഇത്തിരി നേരം. പിന്നെ നിവേദ്യത്തിന്റെ പങ്കും വാങ്ങി തിരിച്ചിറങ്ങി.
വടക്കേ നട |
നാഗ ദൈവങ്ങളുടെ അടുത്ത എത്തിയപ്പോഴേക്കും തുള്ളി തൂവി നിന്ന മഴ ശക്തി കൂട്ടി. പേരും നാളും പറഞ്ഞു സന്തതിക്കും സമ്പത്തിനും നാവേറ് പാടിച്ച് തിരിച്ചിറങ്ങാൻ നോക്കുമ്പോൾ നട വിട്ടു ഇറങ്ങാൻ പറ്റാത്ത മഴ. പിന്നെ കുറച്ചു നേരം കൂടി അമ്പല നടയിൽ. മഴ തോർന്നു തുടങ്ങിയപ്പോൾ കാറിൽ ഇടാൻ ഒരു ശിവ പാർവതീ ചിത്രവും വാങ്ങി ഗ്രൗണ്ടിൽ എത്തി. തിരിഞ്ഞു നോക്കുമ്പോൾ മഴ നനഞ്ഞു നില്ക്കുന്ന ഗോപുര വാതിൽ...
ഒരു തിരിഞ്ഞു നോട്ടം |
ഇനി തെക്കൻകേരളത്തിന്റെ ഉത്സവ പറമ്പുകളിലെ രാജാവിനെ കാണാൻ ഒരു യാത്ര. അമ്മമാരുടെ പാതി സമ്മതം വാങ്ങി മലയാലപ്പുഴയുടെ സ്വന്തം സഹ്യപുത്രന്റെ അടുത്തെത്തി. വഴിയില നിന്ന് രണ്ടാം പാപ്പാൻ സുനിൽനെ കിട്ടിയത് കൊണ്ട് വഴി തെറ്റിയില്ല ഒട്ടും. ആൾ ഇത്തിരി പിശകിൽ ആയിരുന്നു, നീരിളക്കം. പതിവ് പോലെ ഇടവം പാതി ആയപ്പോൾ തളച്ചതാണ് ഇഷ്ടനെ. ഇത്തവണ കുറച്ചൊന്നു നീണ്ടു പോയെന്നു രണ്ടാം പാപ്പാൻ. ഇപ്പോൾ എല്ലാം ശരിയായി. ഇനി കാലിലെ ചങ്ങല കെട്ടിയ മുറിവ് കൂടി ഉണങ്ങിയാൽ ആൾ സുന്ദരനാകും. എന്തായാലും ചെളിയും മണ്ണും എല്ലാം കൂടി ചേർന്നപ്പോൾ തുമ്പിയിലെ പതകരി ഒന്നും കാണാൻ ഇല്ല. ഇനി ഇവനെയൊന്നു കുളിപ്പിച്ച് കറുപ്പിക്കാൻ കുറെ പാട് പെടേണ്ടി വരും...
മലയാലപ്പുഴ രാജൻ |
ക്യാമറ എടുത്തപ്പോഴേക്കും കുട്ടിക്കുസൃതികൾ. ഇടയ്ക്ക് പാപ്പാനോട് ഒരു സ്വകാര്യം. ഒരു പനമ്പട്ട ഇങ്ങു പോരട്ടെ എന്ന്. മടൽ വച്ച് ഏറു തരാനാണോ ഉദ്ദേശം എന്ന സംശയം തോന്നിയപ്പോൾ ഞങ്ങൾ പതുക്കെ വലയ്ക്ക് പിന്നിൽ ഒളിച്ചു.പനമ്പട്ടയുടെ കൂടെ ഞങ്ങൾ കൊടുത്ത പഴം കൂടി ചേർത്ത് ഒരു ഫ്യൂഷൻ സ്നാക്സ്. തിരിച്ചു നടക്കുമ്പോൾ രാജന്റെ കുറുമ്പുകളുടെ കഥയുമായി പാപ്പാൻ വീട്ടുമുറ്റം വരെ.
ഉത്സവങ്ങൾക്ക് കൊടിയേറുമ്പോഴേക്കും ഒന്ന് കുളിച്ചൊരുങ്ങി ഞാൻ അങ്ങെത്താം എന്ന് പറയുന്ന കണ്ണുകളുമായി അവൻ തെക്കേ മുറ്റത്ത്....
ഞങ്ങൾ തിരിച്ചു വീട്ടിലേക്കും.....
മനസ്സിൽ ഇപ്പോഴും ചിതറി വീഴുന്ന മഞ്ചാടി മണികളുടെ കിലുക്കം....
4 comments:
Nannayittunde
നന്നായിട്ടുണ്ട്
Www.malayalapuzha.blogspot.com
u write good. fluent and live. how come i missed it for so long
nandiyunde moonnu perodum
Post a Comment