Showing posts with label ...... Show all posts
Showing posts with label ...... Show all posts

January 29, 2012

സ്നേഹപൂര്‍വ്വം

          
   നടന്നു തീര്‍ത്ത വഴിയില്‍ എവിടെയോ കാരണം ചോദിക്കാതെ, മറുപടി പറയാതെ പൊഴിയാന്‍ തുടങ്ങുന്ന കരിയിലയോ, കെട്ടു പൊട്ടിയ പുസ്തകത്തിന്റെ താളോ പോലെ  നിശബ്ദരായി പിരിഞ്ഞു പോയവരെ ഓര്‍ക്കുന്നുവോ?? നിങ്ങള്‍ക്ക് തരാന്‍ മനസ്സില്‍ കരുതിയ പെയ്തൊഴിയാത്ത സ്നേഹത്തിന്‍റെ മഴ നിശബ്ദതയുടെ കാറ്റില്‍ പറത്തിവിട്ടു, വഴിയോരത്ത് നിന്നു പോയവര്‍. കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, ഒരിക്കലെങ്കിലും തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍, മുന്നോട്ടുള്ള വഴിയില്‍ നടക്കാന്‍ കഴിയില്ലെന്ന് കരുതി തളര്‍ന്നു നില്‍ക്കുമ്പോള്‍ ഒന്ന് മാത്രം ഓര്‍ക്കുക: നിങ്ങള്‍ക്കൊപ്പം തകരുന്നത് അകലത്തെവിടെയോ ഇരുട്ടില്‍ കണ്ണിമ ചിമ്മാതെ നിന്നെ നോക്കുന്ന അവരാകും. 

സ്നേഹപൂര്‍വ്വം...

August 19, 2011

എനിക്കെന്തു പറയാന്‍?

ഏകാന്തതയ്ക്ക് എന്നും കറുപ്പ് നിറമായിരുന്നു ...
      രാത്രിയുടെ കട്ടപിടിച്ച ഇരുട്ടില്‍ എവിടെയോ അലഞ്ഞു തിരിയുമ്പോള്‍ തോന്നി ജീവിതം ആരൊക്കെയോ വലിച്ചു കെട്ടിയ കമ്പിവലകള്‍ക്കുള്ളില്‍ ആണെന്ന്. മരണം വെറും പ്രതീക്ഷയെന്നും.
   ഇടയ്ക്കെപ്പോഴോ ഇരവിന്റെ ഇരുട്ടില്‍ നിന്നും മരണത്തിലേക്ക് നടന്നു കയറാന്‍ കൊതിച്ചുപോയി. തിരിഞ്ഞു നടക്കാന്‍ മോഹമില്ലഞ്ഞിട്ടല്ല, ഒരു വാക്കിന്റെ  വേദന പോലും താങ്ങാനാവാതെ എങ്ങനെ ഒരു ജന്മത്തിന്റെ വേദനകള്‍ ഏറ്റുവാങ്ങും?? ലോകം പരിഹസിച്ചേക്കാം, ഭീരുവെന്നോ അര്‍ത്ഥശൂന്യ എന്നോ ചിലപ്പോള്‍ അതിലും നിഷ്ടൂരമായി തന്നെ. പക്ഷെ, ലോകത്തിനു വേണ്ടി ജീവിക്കാന്‍ ആവില്ലല്ലോ!!
കാലത്തിന്റെ രഥചക്രങ്ങള്‍ക്ക് തിരിച്ചു കറങ്ങാനും...
    കണ്ണിമ ചിമ്മാതെ നടന്നപ്പോള്‍ അകലെയെവിടെയോ കേട്ടു, നരിച്ചീറുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. ഇനി മരണപ്പെട്ടുവോ?? വീണ്ടും തിരിച്ചു നടക്കാന്‍ തോന്നിയാല്‍...
      മണ്ണിനടിയില്‍ കാഴ്ചയുടെയും കേഴ്വിയുടെയും ലോകതിനപ്പുറം, ആകെയുള്ള ഓര്‍മ്മകള്‍ കൂടി വിലക്കപ്പെട്ടവയെങ്കില്‍...പിന്നെ..മരണം, അത് വേണ്ടിയിരുന്നില്ല.
     ഒരു പറ്റം ഉറുമ്പുകള്‍ നടന്നു നീങ്ങുന്നു.എവിടെനിന്നാണ്, അറിയില്ല. ഇരുട്ടില്‍ അവയെ കണ്ടത് തന്നെ അത്ഭുതം. വേദനിപ്പിക്കാനുള്ള കാഴ്ചകളെ മറയ്ക്കാന്‍ ഇരുട്ടിനും ആവില്ല. ജീവിതത്തിന്റെ വഴിയില്‍ എവിടെയോ ചവിട്ടിയരയ്ക്കപ്പെട്ട മനസ്സില്‍ നിന്നാകും.'ഉറുമ്പരിക്കുന്ന മനസ്' കൊള്ളാം. ജീര്‍ണതകളെ സ്വന്തമാക്കാന്‍ അവയ്ക്കൊക്കെ ദൈവം അധികാരം നല്‍കിയിരിക്കുന്നു. ഇനിയത് അവര്‍ക്കുള്ള ഭക്ഷണം. തിരിച്ചു നടക്കാന്‍ തോന്നിയില്ല.പകയും വിദ്വേഷവും, പ്രകടിപ്പിക്കാതെ പോയ കോപവും അസൂയയും വെറുപ്പും...എല്ലാം ഇല്ലാതെയാകട്ടെ.
പക്ഷെ കാലങ്ങള്‍ക്കപ്പുറം സൂക്ഷിക്കും എന്ന് ഞാന്‍ വാക്ക് കൊടുത്ത സ്നേഹമോ???



തിടുക്കത്തില്‍ തിരിച്ചു നടന്നു...
മനസ് മറവുചെയ്യാന്‍ പറ്റിയ ഒരു ശവപേടകം തേടി....

May 22, 2011

ഒരു കാര്യം പറയട്ടെ

കൂട്ടുകാരെ..
ഇനി കുറച്ചു നാളത്തേക്ക് ഞാന്‍ ഈ വഴിക്കില്ല ട്ടോ.
തിരക്കായത് കൊണ്ടല്ല, തിരക്കില്ലാത്ത ലോകത്ത് നിന്നൊരു യാത്ര....
വെറുതെ ഒരു മഴ നനഞ്ഞു, ആദ്യ മഴ....
ഇനി പനിയൊക്കെ മാറി പഴയ പോലെ എത്താം...
അതുവരെ ഒരു ചെറിയ വിടവാങ്ങല്‍...

ചിലപ്പോള്‍ നാളെ എതും അല്ലെങ്കില്‍ അതിനടുത്ത ദിവസം...
അപ്പോള്‍ ഇതായിരുന്നോ യാത്ര എന്ന് ചോദിച്ച് കളിയാക്കല്ലേ....
സ്നേഹപൂര്‍വ്വം
ലക്ഷ്മി...

May 17, 2011

ആദ്യവര്‍ഷം.

ഈ പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ എന്നെ വീണ്ടും കൊതിപ്പിക്കുകയാണ്...
ഈറനണിഞ്ഞു നില്‍ക്കുന്ന സായന്തനങ്ങളില്‍ എപ്പോഴോ എന്‍റെ കാതിലേക്ക്  ഒഴുകിയെത്തിയ നിന്‍റെ സ്വരത്തിനായി..
കേട്ട വാക്കുകള്‍ക്കപ്പുറം കേള്‍ക്കാതെ തന്നെ മനസിനെ പൊതിഞ്ഞ സ്നേഹത്തിന്റെ തണുപ്പിനു വേണ്ടി..
ഒരു വാക്ക് പോലും പറയാതെ നിശബ്ദമായി, നിന്‍റെ നിശ്വാസം മാത്രം കേട്ടിരുന്ന മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്ക് വേണ്ടി..
അറിയാം..
കാലത്തിന്റെ കാറ്റടിച്ച് അകന്നുപോകുന്ന മേഘങ്ങള്‍ ആണ് നീയും ഞാനും..
നീയകന്നു പോവുകയാണ്, വീണ്ടും..
പക്ഷെ, നീയില്ലാതെ എന്‍റെ കാലുകള്‍ ചലിക്കുന്നില്ല...
വര്‍ഷകാലത്തിന്റെ കുളിര്‍ കാറ്റില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങുകയോ??
തിടുക്കത്തില്‍ പെയ്യുന്ന മഴതുള്ളികള്‍ക്കൊപ്പം ഞാനും ഭൂമിയുടെ മടിത്തട്ടിലേക്ക്...
അകന്നു പോകുന്ന വേനല്‍ ഉപേക്ഷിച്ചു പോയ ഊഷരതയിലേക്ക്.....
അവസാനം അഗ്നിയുടെ ചൂടില്‍ തിളച്ചു അദൃശ്യമായ ഒരു മടക്കയാത്രയ്ക്ക് വേണ്ടി..
ഈ യാത്രയിലെങ്കിലും നിന്‍റെ നെറുകയില്‍ ഒന്ന് വീഴാന്‍ കഴിഞ്ഞെങ്കില്‍..
ഒരു നിമിഷം നീയീ മഴത്തുള്ളിയെ സ്വന്തമെന്നു പറഞ്ഞെങ്കില്‍.....
മെല്ലെ തൊട്ടെടുക്കുന്ന നിന്‍റെ കൈകളില്‍ ഇരുന്ന്, കാര്‍മേഘങ്ങളുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തില്‍ ഞാന്‍ അപ്പോള്‍ തിളങ്ങുകയാകാം.....
അത് നിന്‍റെ കൈ കുമ്പിളില്‍  ഞാന്‍ കണ്ടെത്തിയ  എന്‍റെ മാത്രം സ്വര്‍ഗം...


April 19, 2011

ന്‍റെ പ്രണയം

നിക്കറിയാം...ആ മനസ്സ്.....
ഉടന്‍ വിവാഹിതരാകുന്നു ന്നും പറഞ്ഞു വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി ഉണ്ടാക്കിയെടുത്ത ലിസ്റ്റിന്റെ തുമ്പത്ത്, കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുമ്പോള്‍ ഇവള്‍ക്കെന്താ വട്ടാണോ, എന്നല്ലേ ചിന്തിക്കുന്നത്??
വടിയെടുക്കാന്‍ പോനെനു മുന്‍പ് ഒന്നൂടി പറഞ്ഞോട്ടെ ചെങ്ങാതീ...
ഇത് ഈ ജന്മത്തിലെക്കുള്ളതല്ല. വരാന്‍ പോന്ന ജന്മത്തിലേക്കു വേണ്ടി മുകളില്‍ ഇരിക്കുന്ന സാക്ഷാല്‍ കൃഷ്ണന് മുന്‍കൂറായി അയക്കുന്ന ഒരു നിവേദനക്കുറിപ്പാ...
അന്ന് മൂപ്പര്‍ പറയരുതല്ലോ നീ ഇതെന്താ നേരത്തെ പറയാഞ്ഞേ എന്ന്...


ന്തായാലും ഐശ്വര്യായിട്ടങ്ങു തുടങ്ങാം...
ന്‍റെ ഭഗവാനേ... കൃഷ്ണാ...
"LKG പരുവതിലുള്ളപ്പോള്‍ തന്നെ പത്തായിരതഞ്ഞൂര്  ഗോപികമാരെ വളച്ചെടുത്ത അങ്ങ് അടുത്ത ജന്മത്തിലെങ്കിലും നിക്ക് ഒരേ ഒരു കൊച്ചു കൃഷ്ണനെ ഒന്ന് ലൈനടിച്ച്‌ കെട്ടാന്‍ ഒപ്പിച്ചു തരണേ...."

പാവം കൊച്ചല്ലേ, നമ്മുടെ ആളല്ലേ...സമ്മതിചേക്കാം ന്നൊക്കെ കരുതി പെട്ടന്ന് കേറി ഒപ്പിട്ടു പാസ്സാക്കാന്‍ വരട്ടെ....
ഡിമാന്ടുകള്‍ പിന്നാലെ തന്നെയുണ്ട്....


ഡിമാണ്ട് 1 :

മിനിമം ഒരു feeding bottle പ്രായതിലെങ്കിലും പരസ്പരം കണ്ടിരിക്കണം. പശ്ചാത്തല സംഗീതം ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ.." ആയിക്കോട്ടെ. നമ്മടെ ടിന്റുമോന്റെ സ്വന്തം ഡുണ്ടുമോളെ പോലെ.ഒരു UKG- LKG പ്രണയം.
   സംഭവം ഇത്തിരി റിസ്ക്‌ തന്നെ. കൂടെ നടക്കുന്നവന്‍ Bill gates ആകുമോ അതോ വെറും ഗേറ്റ് കീപ്പര്‍ ആകുമോ എന്നൊന്നും പ്രവചിക്കാന്‍ പറ്റില്ലല്ലോ..
അതുപോലെ തന്നെ തിരിച്ചും...
അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ..
എന്തായാലും ഇമ്മിണി ബല്യ കുട്ടി ആകുന്ന വരെയെങ്കിലും നിഷ്കളങ്കായി ഒന്ന് സ്നേഹിക്കാല്ലോ...അടിത്തറ ഭദ്രം.

ഡിമാണ്ട് 2 :


പഞ്ചഭൂതങ്ങള്‍ മാത്രം അറിഞ്ഞു പ്രണയിക്കാനൊന്നും വയ്യ. വല്ലപ്പോഴും  ഒന്ന് കാണുമ്പോള്‍ നാട്ടുകാരെ പേടിച്ചു മുണ്ടാണ്ടിരിക്കാന്‍ പറ്റാതോണ്ടാ...
വീട്ടുകാരും നാട്ടുകാരും പഞ്ചായത്തും (ന്നി അടുത്ത ജന്മത്തില്‍ വെല്ല മുനിസിപ്പാലിറ്റിയിലോ  കോര്‍പ്പറേഷനിലോ  ആണ് ജനിക്കുന്നതെങ്കില്‍ അവരും) പറ്റുമെങ്കില്‍ ബാക്ടീരിയ മുതല്‍ പ്രൈമേറ്റ്സ് വരെ അറിഞ്ഞു വിശാലായങ്ങു പ്രേമിക്കണം.

ഓടയുടെ മുകളിലെ സ്ലാബിന്റെ വീതി നോക്കി നടക്കുമ്പോഴും, പാര്‍ക്ക് ബെഞ്ചില്‍ , മരത്തിലിരിക്കുന്ന കാക്കയുടെ പൊസിഷന്‍ നോക്കിയിരിക്കുമ്പോഴും ഒക്കെ കാണുന്ന പട്ടിയും പൂച്ചയും വരെ പറയണം...."അതെ, അവന്റെ പെണ്ണാ" ന്നു...ഹോ, അത് കേള്‍ക്കുമ്പോഴുള്ള സുഖം....പറഞ്ഞാ തീരൂല്ല.

ഡിമാണ്ട് 3:

 ഈ പ്രേമം  പ്രേമം ന്നും പറഞ്ഞു പ്രേമിക്കാന്‍ ഒന്നും ഒരു രസമില്ല.നേരം വെളുത്താലും ഇരുട്ടിയാലും മൊബൈലും മിസ്സ്ഡ് കോളും ഒക്കെയായി ഓര്‍മ്മിപ്പിചിരിക്കുന്നത് ഒരു മെനക്കെട്ട പണി തന്നെ. "നീ എന്നെ ഓര്‍ത്തോ?", "പ്രാണനാഥാ " വക പഞ്ചാരകളിലും, പിന്നെ വഴിയെ പോന്നോരെ ഒന്ന് നോക്കിപ്പോയാല്‍ തകരുന്ന വിശ്വാസത്തിലും ഒന്നും  വല്യ വിലയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. എന്നെ അങ്ങു അറിഞ്ഞോണ്ടാ മതി... അല്ല പിന്നെ.


പ്രേമിക്കാന്‍ പോകുവാന്നു പറഞ്ഞു പുതിയ മുഖംമൂടിയൊക്കെ ഉണ്ടാക്കി ഇറങ്ങുന്നവരെ വേണ്ട... കയ്യിലുള്ള ധീര സാഹസിക പ്രവര്‍ത്തികളൊക്കെ പരസ്പരം അറിഞ്ഞു മതി. "വിശ്വാസം അതല്ലേ എല്ലാം" ആ ലൈനല്ല..ശങ്കര്‍ സിമന്റിന്‍റെ "തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" അതാ എന്‍റെ പോളിസി. 

ഡിമാണ്ട് 4 :



ഈ ജന്മത്തില്‍ നീ തന്ന അച്ഛനും അമ്മയും 'മഹാപാര' സഹോദരനും അടുത്ത ജന്മത്തിലും ഇതുപോലെ തന്നെ എന്‍റെ കൂടെ ഉണ്ടാകാന്‍ അനുവദിക്കണം.എന്‍റെ കയ്യീന്ന് രക്ഷപെടാന്‍ വേണ്ടി അട്ടയായിട്ടു ജനിക്കാന്നു വരെ കുട്ടന്‍ പറഞ്ഞെന്നിരിക്കും. നീ അതൊന്നും മൈന്റണ്ടാ...

ആദ്യായിട്ട് സ്കൂളിലെ പേരറിയാത്ത സഹപാടി എനിക്കയച്ച പ്രണയ ലേഖനം വായിച്ചു, അക്ഷരത്തെറ്റിന്റെ അടിയില്‍ ചുവന്ന മഷിപ്പേന കൊണ്ട് വരച്ച പാര്‍ടികള...വിട്ടുകളയാന്‍ ഒക്കുമോ???
"ഞാന്‍ പഠിപ്പിക്കുമ്പോള്‍ അവനു ഇതിലും നന്നായി എഴുതാന്‍ അറിയാരുന്നു", എന്ന അന്നത്തെ കമന്റ് ഇപ്പോഴും മറന്നിട്ടില്ല.

അല്ലയോ പ്രിയപ്പെട്ട കുടുംബമേ....
നിങ്ങളില്ലാതെ എന്ത് ആഘോഷം?????
(കടപ്പാട്: ലാലേട്ടന്‍)

ഹലോ...വായിച്ചു വായിച്ചു ഉറങ്ങിപ്പോയോ????

ഡിമാണ്ട് ഒക്കെ തീര്‍ന്നു....

അവസാനമായി ഒരു ഭീഷണി കൂടി...

ഇത്രയൊക്കെ ആക്കി വച്ചിട്ട് അവസാനം കെട്ടാന്‍ നോക്കുമ്പോള്‍ "നടക്കില്ല മോളെ " ന്നെങ്ങാനും പറയാനാണ് കള്ള കൃഷ്ണാ നിന്‍റെ പരിപാടി എങ്കില്‍, ന്നി വേഷം മാറി പാലാഴീല്‍ പോയോളിച്ചാലും  ശരി...ഉന്നെ വിടമാട്ടെ....
കൃഷ്ണനാനെന്നും ഒന്നും അപ്പോള്‍ നോക്കൂല്ല...
ഇത് സത്യം സത്യം അമ്മയാണെ സത്യം....




ബഹുമാനപുരസരം...
ഞാന്‍...


April 15, 2011

നിനക്ക്....നിനക്കുമാത്രം.


വിരിയാന്‍ തുടങ്ങുന്ന എന്‍റെ പനിനീര്‍പൂവ് നിനക്കായ് ഞാന്‍ ഒളിച്ചു വച്ചു...
അതെന്‍റെ ഹൃദയമായിരുന്നു...
രക്ത തുള്ളികള്‍ ഇറ്റുവീഴാതെ ഞാന്‍ പറിച്ചെടുത്ത എന്‍റെ ഹൃദയം!
ചെപ്പില്‍ അടച്ചുവച്ച ആ വളപ്പൊട്ടുകളും നിനക്കുള്ള ഉപഹാരങ്ങള്‍ ആയിരുന്നു....
എന്‍റെ സ്വപ്‌നങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തിയ വളപ്പൊട്ടുകള്‍.... 
അവ മറ്റാര്‍ക്ക് നല്‍കാന്‍?
എന്‍റെ കയ്യിലെ മഞ്ചാടിമണികളും നിനക്കുവേണ്ടിയായിരുന്നു...
ബാല്യം എന്നില്‍ മറന്നുവച്ച കുസൃതികള്‍....
നീയവ തിരിച്ചറിയും എന്ന് ഞാന്‍ കരുതി. 
പിന്നെ...
ആര്‍ക്കും നല്‍ക്കാത്ത മനസിലെവിടെയോ ഒളിപ്പിച്ച ആ കൊച്ചു വിളക്കുമായി ഞാന്‍ കാത്തുനിന്നു,
എന്നെങ്കിലും ഒരിക്കല്‍ നീ കൊളുത്തുന്ന ജ്വാല എന്നില്‍ ജീവനായി നിറയുന്നതും കാത്ത്.....
 പക്ഷെ,
നീ തിരിച്ചുനടന്നു..
പിന്‍വിളിച്ചത് എന്‍റെ മനസായിരുന്നു,
നീയാ വിളി കേട്ടില്ല....
അകലങ്ങളില്‍ എവിടെയോ നീ കൂട്ടിയ കൂട്ടിലേക്ക് നടന്നകന്നു പോയി...
പിന്തിരിഞ്ഞൊന്നു നോക്കുമെന്ന് കരുതി...
കണ്ണുകള്‍ ഇമചിമ്മാന്‍ പോലും മടിച്ചുനിന്നു...
ഹൃദയം; ഒന്ന് മിടിക്കാനും...
നീ വന്നില്ല....
ഇനി...
എന്‍റെ കൈവെള്ളയില്‍ നിധിപോലെ സൂക്ഷിച്ച ഇത്തിരി കുങ്കുമം....
മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന ആ നിറം മായ്ക്കാനൊരു പേമാരി പെയ്തൊഴിഞ്ഞെങ്കില്‍....

January 09, 2011

യാത്രാമൊഴി



നിന്‍ കണ്ണ് തടയുമ്പോള്‍ തിളങ്ങും മിഴികള്‍ക്കും,
നിന്‍ നെഞ്ച് തുടിക്കുമ്പോള്‍ തളരും മനസിനും,
നിന്‍റെ വാക്കിനായെന്നും കൊതിക്കും കര്‍ണങ്ങള്‍ക്കും
നീയെന്തു നല്‍കും എന്നെ പിരിഞ്ഞു പോകുംനേരം.
     ഇന്നലെയാരോ, ഇനി നാളെ മറ്റാരോ ജീവ-
     നിങ്ങനെ നിനക്കെന്നു ഞാനറിയാതെ പോയി,
     എനിക്കീ ദിനം മാത്രം, എങ്കിലും വെറുക്കാതെ
     ഇന്ന് ഞാന്‍ ആരാധിക്കും എന്‍ സ്നേഹസ്വരൂപത്തെ.
ഇനി കാണുവാനല്ല, കൊഴിയും ദിനങ്ങളില്‍,
ഓര്‍ത്തു വക്കുവാനെന്റെ  മനസ്സില്‍ കൊണ്ടാടുവാ-
നിതിരിയോര്‍മ്മ  മാത്രം, പ്രിയമാപ്പെരും, പിന്നെ
പറയാതെന്തോ കേള്‍ക്കും നിശബ്ദ നിമിഷവും.
     മറക്കാന്‍ കഴിയില്ലായിരിക്കാം, പകല്‍ പോലെ
     തെളിയും ചിത്രങ്ങളെ, നിത്യത നേടും വരെ
     എങ്കിലും സഖേ, എന്‍റെ വരികള്കിടയിലാ-
     മൌനരാഗത്തിന്‍ ബീജമോളിച്ചു കിടക്കുന്നു.
നിനക്കായ് കുറിച്ചവ, നീയൊന്നു കണ്ടീടാതെ
നിന്‍ വിരലറിയാതെ , നിന്‍ നാവിലുടക്കാതെ
എന്റെ മൌനത്തിന്റെ അന്തരാത്മാവിങ്കല്‍ നീ-
ന്നെരിയുന്നു, ഞാനും കൂടെയിന്നുരുകുന്നു.

January 08, 2011

എന്‍റെ പ്രണയം..













എന്‍റെ പ്രണയം...
ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം...
പ്രണയം മഴയാകണം....
പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം...
  നീയാ മഴ മാത്രം കണ്ടിരിക്കണം......
പ്രണയത്തിന്‍റെ താപം മാത്രം അറിയണം...
പിന്നെ,
മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും
ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും,
മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്....
എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്....
.
.
.
.
പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ......

December 22, 2010

ഇന്ന് ഞാന്‍ അറിയുന്നു.....

"പ്രപഞ്ചത്തിലെ ഒരേയൊരു സ്വാതന്ത്ര്യം സ്നേഹം ആണ്. സ്നേഹം  അന്വേഷിക്കുമ്പോള്‍ , അസ്ഥിക്കും മാംസത്തിനും ഇടയിലെ വ്യധിയായി മാറുന്നു. ആദി മനുഷ്യനിലൂടെ നമ്മിലേക്ക്‌ പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്നേഹം."
                                                                                                            -ഖലീല്‍ ജിബ്രാന്‍
         നിന്‍റെ ഓര്‍മകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവിതത്തിന്റെ വീഞ്ഞും, കൈപ്പു നീരും കുടിച്ചു ഇറക്കുമ്പോള്‍, നിഴലും, വെളിച്ചവും കണ്‍ മുന്നില്‍ ചിത്രങ്ങള്‍ വരക്കുമ്പോള്‍... ഇപ്പോഴും ഞാന്‍ കണ്ടത് നിന്‍റെ കണ്ണുകള്‍ ആയിരുന്നു. ആരോ പറഞ്ഞു, സ്നേഹം നൊമ്പരം ആണെന്ന്. പക്ഷെ, ഞാന്‍ സ്നേഹിച്ചത് നിന്നെ ആയിരുന്നില്ല, നിന്നെ സ്നേഹിക്കുമ്പോള്‍, നീ എന്നില്‍ നിന്നും അകലുമ്പോള്‍ എന്നില്‍ ഉണരുന്ന ആത്മ ബോധത്തെ ആയിരുന്നു.ശ്മശാന മൂകതയിലെവിടെയോ വീണു കിടക്കുന്ന എന്നെ, ജീവന്റെ തുടിപ്പുകളിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു.....
        നിന്നെ പ്രണയിക്കാന്‍, നിന്‍റെ വാക്കുകളെ അറിയാന്‍, ആ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മൌനത്തിന്റെ സംഗീതം കേള്‍ക്കാന്‍... പിന്നെയും എന്തിനൊക്കെയോ ഞാന്‍ കൊതിച്ചു. നിന്‍റെ സ്നേഹം ഒരു ഭാരം ആയിരുന്നു, താങ്ങാന്‍ സുഖമുള്ള ഒരു ഭാരം.നിന്‍റെ വാക്കുകള്‍ കൂരമ്പുകള്‍ ആയിരുന്നു. എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു  പലപ്പോഴും കടന്നുപോയിട്ടും, ഞാന്‍ ആ വേദനയിലും കണ്ടത് സ്നേഹം ആയിരുന്നു. എന്റെ മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികള്‍ കടലാസ്സില്‍ നിന്‍റെ പേര് എഴുതി. എന്നിട്ടും ഞാന്‍ പറഞ്ഞില്ല, നിന്നെ എനിക്ക് എത്ര ഇഷ്ടമാണെന്ന്...
       രാത്രിയുടെ നിശബ്ദതയില്‍, നിലാവ് പടരുന്ന പ്രകൃതിയില്‍ എല്ലാം നിഴലുകള്‍ ആയിരുന്നു. നിറങ്ങള്‍ ഇല്ലാത്ത അവയ്ക്കിടയില്‍, ഞാന്‍ നിന്‍റെ നിഴല്‍ തിരിച്ചറിഞ്ഞു. അത് എന്നില്‍നിന്നും അകലുകയായിരുന്നു. തടാകത്തിലെ ഓളങ്ങളില്‍ പെട്ട്  അത് ഒന്നനങ്ങിയപ്പോള്‍........ ഒരു നിമിഷം ഞാന്‍ ധന്യയായി.നീ എന്നിലെക്കനയാന്‍ വെമ്പുന്നു എന്ന് ഞാന്‍ വ്യാമോഹിച്ചു. പിന്നെ നീ അകലതെവിടെയോ മാഞ്ഞു പോയപ്പോഴും എന്റെ കണ്ണുകള്‍ നിന്നെ കണ്ടുകൊന്ടെയിരുന്നു....അടുക്കുമ്പോള്‍ അകലുന്ന മരീചിക പോലെ.
  


       " ഞാന്‍ കുറെ തീ വാരി എന്റെ ചിന്തയിലിട്ടു....
        എന്റെ തല പൊള്ളി, ഹൃദയവും,
         പുക ഉയര്‍ന്നത് എന്റെ ഓര്‍മയിലും,
          തീ ആളിയത്  എന്റെ ഹൃദയത്തിലും,
         ഒടുവില്‍ ചിത എരിഞ്ഞത്‌ എന്റെ മനസിലും..."

       എന്റെ മനസ്സില്‍ നിറയെ നീയായിരുന്നു. എന്റെ കയിലെ പുസ്തകത്തിന്റെ താളുകളില്‍ നിന്‍റെ വാക്കുകളാണ് ഞാന്‍ കണ്ടത്. നിന്നെ കുറിച്ചുള്ള  ഓര്‍മകളുടെ വേദന കുറക്കാന്‍, ഞാന്‍ എന്റെ ചിന്തകളില്‍ അഗ്നി പകര്‍ന്നു. കാട് മൂടിക്കിടന്ന ഹൃദയത്തിന്റെ ഒരു കോണിലേക്ക് ഞാന്‍ എന്റെ കയ്യിലെ ഏറ്റവും നിറമുള്ള  നിന്‍റെ ചിത്രം വലിച്ചെറിഞ്ഞു, ഇനി തിരിച്ചെടുക്കില്ല എന്ന പ്രതിജ്ഞയോടെ.... പക്ഷെ, ഇന്നലത്തെ മഴയുടെ കുടിനീരില്‍ വളര്‍ന്ന മുള്‍ ചെടി  നിന്‍റെ ചിത്രത്തില്‍ രക്തം ചാര്‍ത്തിയപ്പോള്‍ എനിക്ക് കണ്ടുനില്‍ക്കാന്‍ ആയില്ല....
  ഇന്ന് ഞാന്‍ അറിയുന്നു...... നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്........

December 13, 2010

നിന്‍റെ ഓര്‍മ്മക്കായ്...

ഇന്നും വരികയായ്, മുറ്റത്തെ മാവിന്‍ ചോട്ടില്‍
ഉണ്ണികള്‍ ഉണ്മത്തരായ് ജന്മ സന്തോഷം തേടി.
അറിയുന്നില്ലവര്‍ നഷ്ടമാകുമ്പോള്‍ പോലു-
മതി മാധുര്യമേറും എന്നുമീ കനികള്‍ക്കും.
       പതുക്കെ പോന്നു ചിലര്‍, മാവിന്‍ തുമ്പിലെ പൊന്‍ മാമ്പഴം
       കൊതിയൂറിടും പോലെ ഉറ്റു നോക്കികൊണ്ടേ,
       ചിലരോ ശര വേഗാല്‍ കല്ലുകളെറിയുന്നു
       അവിടെപ്പോലും കയൂക്കുള്ളവന്‍ കാര്യക്കാരന്‍.
ജീവിതം അതാണ്‌ ഉണ്ണീ, എന്നത് നിസംശയം
ആകുലമായി ചൊല്ലും മുത്തശ്ശന്‍ മാവ് പോലെ
ഞാനും നിശബ്ധയായ് നിന്ന, തെന്‍ ബാല്യത്തിന്റെ-
യാരവങ്ങളെ ഉള്ളില്‍ കുഴിച്ചു മൂടിക്കൊണ്ടേ.
       എത്ര വത്സരം നീങ്ങി, നീങ്ങിപ്പോയ് , ഞാന്‍ ഏകയായ്,
       നില്‍ക്കയാണീ മാഞ്ചോട്ടില്‍, ആരുമില്ലാതെ ഇപ്പോള്‍
       മാനസം ശരപ്പക്ഷി ചിരകിട്ടടിച്ചുകോ-
       ന്ടുയര്‍ന്നു നിലക്കാതോരോര്‍മ തന്‍ മരീചിയില്‍.
എന്റെ നാടിന്റെ ഗന്ധം, ആരവങ്ങളും, നെല്ലിന്‍-
പാഠങ്ങള്‍, സമൃദ്ധമാം മനസും സ്വപ്നങ്ങളും
കാട്ടു കൈതയും , തെച്ചിക്കാടും ആ പുഴകളും
മാറിയില്ലോന്നും, പക്ഷെ ഞാനങ്ങു മാറിപ്പോയി.
     എന്റെ സ്വപ്‌നങ്ങള്‍ നിറം മങ്ങി, ഉണരാതായ്
     എന്റെയാ തൊടിയിലെ കുസ്ര്തി പൂമ്പാറ്റകള്‍.
     പകല്‍ മാഞ്ഞുപോയ് , പിന്നെ നിലച്ചു ഗാനം, പുതു-
     പുലര്‍കാലത്തെ വരവേല്കുവാന്‍ എന്ന  പോലെ.
ഇരുള്‍ വന്നീടും മുന്‍പ് കൂട്ടിലേക്ക്  അനയാനായ്  -
പിടയും കിളിയെപ്പോള്‍ ചകിതം എന്‍ മാനസം
കൊതിച്ചു കണ്ടീടാനായ് നിന്നെ, യാ വിഷുക്കണി
പകരും നൈര്‍മ്മല്യം എന്‍ മനസ്സില്‍ നിറക്കാന്‍ ആയ്.
    കണ്ണില്‍ എന്നുമാ ചിത്രം, കയ്യിലെ പൂക്കള്‍ എന്റെ
    കൈക്കുടന്നയില്‍ വച്ച് കളിവാക്കൊതും രംഗം.
    പിണങ്ങി പോകും നേരം കുസ്ര്തി കാട്ടീടുന്ന
    കളി തോഴന്റെ, എന്റെ ബാല്യ കാലത്തെ ചിത്രം.
കൂട്ടുകാര്‍ ഒരുമിച്ചു കളിയാടിയ നേരം
കൊച്ചു കമ്പിനാല്‍ എന്നെ മെല്ലെ അന്നടിച്ചതും
അടുത്ത് ചെല്ലും നേരം മിണ്ടാതെ അകലെപ്പോയ്
മനസിന ചിരി മുന്നില്‍ കൊപമായ് കാണിച്ചതും.
    മറന്നില്ലോന്നും, മാറി മറയില്ലാ കാലത്തിന്‍
    മധുരം കിനിയുന്ന നുറുങ്ങു നിമിഷങ്ങള്‍.
    വലുതായിരുന്നില്ല ഒന്നുമാ സ്നേഹത്തെക്കാള്‍,
    വിലയെരിയതില്ല മറ്റൊന്നും അവനെക്കാള്‍.
ഒരുമിച്ചുണ്ടായിരുന്നെന്നും എന്‍ അരികത്തായ്‌.
ഒരു കൈ താങ്ങായ് , എന്റെ ലോകത്തിന്‍ അധിപനായി,
പറഞ്ഞില്ലോന്നും, പക്ഷെ പറയാതറിഞ്ഞു എന്റെ
ചെറിയ പിണക്കവും, പകയും  പരാതിയും.
    കണ്ടു മുട്ടാതെയായി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍
    കഥകള്‍ വെറുമൊരു വാക്കില്‍ അങ്ങോതുങ്ങി പോയ്‌
    അകന്നു പോയി, കളി അരങ്ങിന്‍ സംഗീതവും,
    നിലച്ചു, ഞാന്‍ അന്നെപ്പോഴോ ഏകയായി.
വിളി കേട്ടുണര്‍ന്നു ഞാന്‍, ഓര്മ തന്‍ ശരപ്പക്ഷി
തിരികെ പറന്നെത്തി മുറ്റത്തെ മാവിന്‍ ചോട്ടില്‍
കണ്‍ മുന്നില്‍ നില്പൂ കണ്ണന്‍, കുസ്ര്തി ചിരിയുമായ്
എന്നുള്ളില്‍ ഒളി മങ്ങാതിരിക്കും ചിത്രം പോലെ....






.

December 07, 2010

പ്രണയം

പ്രണയം....
വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതക്കു ഒടുവില്‍ നീ പറഞ്ഞ മൂന്നു പൊളി വാക്കുകള്‍ ആയിരുന്നോ?
അതോ..
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ കണ്ട നിന്‍റെ മുഖം ആയിരുന്നോ?
അറിയില്ല....
ഒന്ന് മാത്രം അറിയാം...
എനിക്ക് അത് നിന്നോട് മാത്രം ആയിരുന്നു.
നിന്‍റെ സാമിപ്യത്തില്‍....
നിന്‍റെ അധികാര ഭാവത്തില്‍...
കുസൃതികളില്‍..
പിണക്കങ്ങളില്‍.....
പിന്നെ,
എപ്പോഴൊക്കെയോ നമുക്കിടയില്‍ നിറഞ്ഞ നിഗൂഡ നിശബ്ദതയില്‍...
എല്ലാം ഞാന്‍ അറിയുകയായിരുന്നു....
.
.
.
നീ അപ്പോള്‍ ഓര്‍ത്തത്‌ എന്താകാം?
ഞാന്‍ നിനക്ക് ആരും അല്ലെന്ന സത്യം നിനക്കല്ലേ അറിയൂ...
നിനക്ക് മുന്നില്‍ ഞാന്‍ വെറുമൊരു കിനാവ്‌....
നീ കാണാന്‍ കൊതിക്കുമ്പോള്‍ മാത്രം കണ്മുന്നില്‍ തെളിയുന്ന   ഒരു പാഴ്കിനാവ്.....

November 15, 2010

മഴ പെയ്തൊഴിഞ്ഞപ്പോള്‍....



മഴ പെയ്യാന്‍ ഞാന്‍ കാത്തിരുന്നു...
അന്ന് ഞാന്‍ ഒറ്റക്കായിരുന്നു. എന്‍റെ  ലോകത്തിലേക്ക്  പെയ്തിറങ്ങിയ മഴ എന്‍റെ  സ്വപ്‌നങ്ങള്‍ ആയിരുന്നു. ആ മഴയില്‍ കുതിര്‍ന്നു നടക്കുമ്പോള്‍ മനസ്സില്‍ തണുപ്പായിരുന്നു.വെള്ളി കൊലുസിട്ട പാദവും, പാവാടയും മഴ നനച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു.

ഇന്നും ഞാന്‍ ഒറ്റക്കാണ്. പെയ്തൊഴിയുന്ന മഴയുടെ തുള്ളികള്‍ ഭൂമിയെ ചുംബിക്കും മുന്‍പ് , എന്‍റെ മനസിന്റെ ഊഷരതയില്‍ ഉരുകിതീരുമ്പോള്‍....

മഴ പെയ്തത് അറിയാതെ ഞാന്‍ വെറുതെ ഇരുന്നു. മഴ നനഞ്ഞ ചെമ്പില തുമ്പിലെ വെള്ളം പോലെ കണ്ണ് നിറഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല....

മഴ പെയ്തൊഴിഞ്ഞപ്പോള്‍....
ആത്മാവില്‍ എവിടെയോ ഒരു കുളിര്‍തെന്നലിന്‍റെ സുഖം പകര്‍ന്നു നീ കടന്നു വന്നു. 
മഴയുടെ തണുപ്പ് പോലും അറിയാതെ ഞാന്‍ നിന്‍റെ പ്രണയത്തില്‍ അലിഞ്ഞുപോയി.
പിന്നെപ്പോഴോ കാറ്റും കോളും നിറഞ്ഞ ഒരു രാവില്‍ എന്നെ തനിച്ചാക്കി അകന്നു പോയപ്പോള്‍..

.....അന്ന് ഞാന്‍ അറിഞ്ഞു, മഴ തുള്ളിക്ക്‌ തണുപ്പല്ല എന്ന്.....