Showing posts with label നിനവ്. Show all posts
Showing posts with label നിനവ്. Show all posts

April 20, 2012

തിരികെ


ഒരു പുലര്‍കാലം ഇലത്തുമ്പില്‍ മറന്നു വച്ച ഒരു കുഞ്ഞു മഞ്ഞിന്‍ കണമായിരുന്നു പ്രണയം...
തൊട്ടെടുക്കാന്‍ മടിച്ചു ഞാന്‍, എന്‍റെ വിരല്‍ത്തുമ്പിന്റെ ചൂടില്‍ അതുരുകി പോകുന്നത് സഹിക്കാനാവുമായിരുന്നില്ല.

പിന്നെപ്പോഴോ ഒരു മഴയായി അതെന്നിലേക്ക് വന്നു, പാടത്തും പറമ്പിലും മുറ്റത്തും പെയ്തടുത്ത് അവസാനം മനസിലേക്കും...!!!

നനയാതിരിക്കാന്‍ ആയില്ല..

ആ മഴക്കാലത്തിനും അപ്പുറം എനിക്കായ് മാത്രം കാത്തിരിക്കുന്ന വേനലിന്റെ ഊഷരതയെ എന്തുകൊണ്ടോ ഞാന്‍ മൂടിവയ്ച്ചു...എന്‍റെ കണ്മുന്നില്‍ നിന്നും...!!

പിന്നെ,
പാടത്തെ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും മഴത്തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ച്‌ നീ തിരിച്ചിറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തു...
 കാത്തിരുന്ന എനിക്കായി ഒരു വാക്ക് പോലും ബാക്കി വയ്ക്കാതെ.....

പടി കടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍  ജനലഴികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി...
പക്ഷെ നീ ഞാനായിരുന്നില്ല....
ഈ ലോകം മുഴുവന്‍ നിന്‍റെ കൈപ്പിടിയില്‍ ഒതുങ്ങുന്നത് സ്വപ്നം കണ്ടു ഞാന്‍ തിരിച്ചു എന്‍റെ കൂട്ടിലേക്ക്....
തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്‍ പീലിയിലും ഉണ്ടായിരുന്നു നീ തന്നു പോയ ഒരു ചെറു മഴത്തുള്ളി....

March 17, 2012

രാത്രി...


രാത്രി..
വാക്കുകളിലെ നിഗൂഡതയും, ചര്യകളുടെ നേര്‍മയും, ചെറിയൊരു ശൈത്യവും, പകലിന്റെ കൊല്ലുന്ന വെയിലിനെക്കള്‍ നൈര്‍മല്യമേറിയ നിലാവും....
ഒഴികി നടക്കുന്ന മേഘപാളികളില്‍ ഒളിച്ചിരുന്നും, കയ്യെത്തിപ്പിടിക്കാന്‍ കൊതിപ്പിച്ചും മാനത്ത് എന്നേ മാത്രം നോക്കി നില്‍ക്കുന്ന ചന്ദ്രനും....
തുറന്നിട്ട ജനല്‍ പാളിയിലൂടെ പുസ്തകതാളിനു ജീവന്‍ കൊടുക്കുന്ന ശീതക്കാറ്റും.....
ഒപ്പമുണ്ടായിരുന്ന പകലിന്റെ ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ണില്‍ കത്തുന്ന വിരഹത്തിന്‍റെ ചോപ്പുമായി അകലെയെങ്ങോ പോയ്‌ മറഞ്ഞ പ്രിയതമനെ, യുഗങ്ങളെക്കള്‍ നീളമുള്ള രാവിന്‍റെ യാമങ്ങളില്‍  കാത്തിരിക്കുന്ന ഭൂമിയെപ്പോലെ....  
നിശബ്ദതയുടെ മൂടുപടം അണിഞ്ഞ മനസുപോലെ, ഒരു സുന്ദരി....
അവളുടെ നിഗൂഡ നിസ്വനങ്ങളില്‍ നാളെയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകള്‍ ആകാം...
പുലര്‍കാലത്തിന്റെ നിറപ്പകര്‍ച്ചയില്‍ ശൈത്യരശ്മികളാല്‍ തന്നെ തൊട്ടുണര്‍ത്തുന്ന സൂര്യനെ കാത്തിരിക്കുന്ന അവള്‍ക്കൊപ്പം ഞാനും...

November 19, 2011

ഞാന്‍ പറഞ്ഞോട്ടെ...

മഴ പെയ്തു തിമിര്‍ക്കുന്നു ചുറ്റും...
നീട്ടുന്ന കൈ കുമ്പിളിലേക്ക് ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികള്‍ പിന്നെയും കൊതിപ്പിക്കുമ്പോള്‍.....
വീണ്ടും നനയാന്‍ തോന്നുന്നു....
വരാന്‍ പോകുന്ന വേനലിനെ മറക്കാനും......
മഴ പോലെ പെയ്തൊഴിയുന്ന ഈ പ്രണയം എനിക്കിഷ്ടമായി...
**********************************************************************************
നിന്നോടുള്ള എന്‍റെ സ്നേഹം അളന്നു കാട്ടാന്‍ ഈ കൈകള്‍ അനന്തതയിലേക്ക് നീട്ടേണ്ടി വരും...
നീ എനിക്ക് എന്താണെന്ന് കുറിച്ചിടാന്‍ ആകാശത്തിന്റെ വിശാലതയും.....
നീ അകലുമ്പോള്‍ എന്‍റെ മിഴികള്‍ ഒരു കടല്‍ സൃഷ്ടിച്ചേക്കാം...
എങ്കിലും എനിക്ക് ഒന്ന് മാത്രം മതി...
ജീവിതത്തിന്‍റെ തിരക്കിലെപ്പോഴോ നിന്‍റെ ചുണ്ടില്‍ എനിക്കായ് വിടരുന്ന ആ ചെറു പുഞ്ചിരി...
**********************************************************************************
കാലമാകുന്ന പുഴ വീണ്ടും ഒഴുകുന്നു.
ഞാനെന്ന ചെറു തുള്ളി മാത്രം എന്തേ ഒഴുകാന്‍ മടിച്ചിവിടെ, ഈ തീരത്തടിയാന്‍ കൊതിക്കുന്നു?
കാലത്തെ വെറുത്തിട്ടോ അതോ കരയെ സ്നേഹിച്ചിട്ടോ?
**********************************************************************************
വിടപറയുന്ന പകലിനു നല്‍കാന്‍ ഈ അമ്പലമണിയുടെ കലമ്പിച്ച ഒച്ച മാത്രം.....
പിന്നെ അറിയാത്ത നിഴലുകള്‍ ചിത്രം വരയ്ക്കുന്ന മുറ്റവും....
നാളെ പുലര്‍ച്ചയ്ക്ക് കിഴക്കേ മലയ്ക്കപ്പുറം കതിരോന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന ഭൂമിയും......
**********************************************************************************
വീണ്ടും കണ്ണടയ്ക്കുമ്പോള്‍ ......
അപ്പോള്‍ മാത്രം കാണാന്‍ കഴിയുന്ന നിറങ്ങളുടെ ലോകത്ത് ഒരായിരം നന്മയുടെ സ്വപ്‌നങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍.....
പ്രിയപ്പെട്ടവര്‍ ആരൊക്കെയോ മാനത്തെ നക്ഷത്ര കണ്ണുകളില്‍ കൂടി നിന്നെ കണ്ടിരിക്കുമ്പോള്‍...
വെറുതെ ഒരു കാറ്റായി വന്ന്, ചാരിയിട്ട ജനല്‍ പാളിയ്ക്കപ്പുറം നീയുറങ്ങുന്നത് കണ്ട് തിരിച്ചു പോരട്ടെ ഞാന്‍.......
**********************************************************************************
വിട പറയാന്‍ വെമ്പുന്ന പകലിനും..
ഭൂമിയെ പുതപ്പിച്ചുറക്കാന്‍ കൊതിക്കുന്ന ഇരവിനും...
സ്വപ്നങ്ങളത്രയും കൊഴിഞ്ഞു വീഴുമ്പോള്‍ വെറുതെ അകലേക്ക്‌ നോക്കി നില്‍ക്കുന്ന മനസിനും......
"നിലാവില്ലാത്ത രാത്രിയുടെ അന്ധകാരത്തെ സ്വപ്നം കാണുക.
അപ്പോള്‍ ഒരു മിന്നാമിനുങ്ങിന്റെ നേരിയ വെളിച്ചത്തിനും അര്‍ത്ഥമുണ്ടാകും."

November 07, 2011

വെറുതെ...

ഇന്നലത്തെ വെയില്‍ ചായുമ്പോള്‍ ഞാന്‍ എന്‍റെ മുറ്റത്തായിരുന്നു....
നീളം കുറയുന്ന നിഴലിനെ നോക്കി നില്‍കുമ്പോള്‍ ഓര്‍മകളും ഒപ്പം പിന്നോട്ടൊന്ന് നടന്നുവോ??
നടന്നു നീങ്ങാന്‍ കാതങ്ങള്‍ ഏറെ ഇനിയുമുള്ളപ്പോള്‍ പിന്തിരിയുന്നത് എന്തിനെന്നറിയില്ല....
കൊഴിഞ്ഞു വീണ പൂക്കള്‍ക്കും, കരിയുന്ന ഇലകള്‍ക്ക് എന്നോ നഷ്ടമായ പച്ചപ്പിനും മാത്രം വിലകൊടുക്കുന്നവരെ..... 
ലോകം എന്നും ഉപേക്ഷിച്ചു പോകാറാണ് ഉള്ളത് ....
ഞാനും അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍...
എന്‍റെ കൈപ്പിടിയില്‍ ഒതുക്കിയ കരിയിലകളെ വലിച്ചെറിയാന്‍ തിടുക്കം കൂട്ടുന്ന കാലത്തിനോട് പറയാന്‍ ഒന്ന് മാത്രം...
"ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയായി ഇന്നും ഞാന്‍ ഉറങ്ങിക്കിടക്കുന്നു...."
അറിയാത്ത വഴികളില്‍ കൂടി നടന്നു പോകുമ്പോള്‍ കാണുന്ന പരിചിതമുഖങ്ങള്‍...
ഇടക്കെപ്പോഴോ കുറെ ദൂരം ആരുമില്ലാതെ ഒറ്റയ്ക്ക്....
പിന്നെ അറിയാത്ത ആരുടെയോ കൈപിടിച്ച് ഒരു കാതം...
അര്‍ഥങ്ങള്‍ എന്തൊക്കെയോ നേടിയെടുക്കാനുള്ള വെമ്പലില്‍ വഴി കാണാതെ, കൂടെയുള്ളവരെ അറിയാതെ യാത്ര....
ഒടുക്കം...
വീണ്ടും വഴിയറിയാതെ കൂട്ടറിയാതെ ഒരു മടക്കയാത്ര...
ഇതിനിടയിലെപ്പോഴോ
കാണാന്‍ മറന്ന പുഞ്ചിരിയോ,
കേള്‍ക്കാന്‍ പറ്റാതെ പോയ പാട്ടോ,
പറയാന്‍ മറന്ന വാക്കുകളോ ആയിരുന്നോ ജീവിതം?


അകന്നു പോകരുതേ എന്ന് പറയാന്‍ കഴിഞ്ഞില്ല...
അകലാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും പിന്നെയും കൊതിക്കുന്നു, കാലത്തിന്‍റെ വഴിത്താരയില്‍ എവിടെയോ വീണു ആ രഥ ചക്രങ്ങളാല്‍ അരഞ്ഞു പോയെങ്കില്‍......
മറവിയുടെ കാണാക്കയങ്ങളില്‍ വീണു പോകുന്നതിലും പ്രിയം ആ വേദന തന്നെ....
നക്ഷത്രമായി പുനര്‍ജനിക്കം... അകലങ്ങളില്‍ നിന്ന് കണ്ടിരിക്കാന്‍ മാത്രം...


ഇന്നെന്ന സത്യം കൊഴിയുന്നു..
പുതുമകളുമായി നാളെ വിരിയാന്‍ കാത്തു നില്‍ക്കുന്നു...
പൊഴിയുന്ന ഓരോ ദലങ്ങളും പെറുക്കിയെടുത്ത് പുസ്തകതാളില്‍ ഒളിപ്പിക്കാന്‍ കൊതിതോന്നുന്നു......
അരുതെന്ന് മാത്രം പറയരുതേ...
ഓര്‍മ്മകള്‍ എങ്കിലും എന്റെതാകട്ടെ....



പകലിന്റെ കൊല്ലുന്ന ചൂടിനപ്പുറം ,
പോക്കു വെയിലിന്റെ മഞ്ഞ നിറം വീഴുന്ന മുറ്റത്ത്‌ ..
നീളം ഏറുന്ന നിഴലുകള്‍ എന്നെ തനിച്ചാക്കി അകലുന്നതിനു മുന്‍പേ...






ഓരോ യാത്രയും ഒരു നിയോഗം ആണെന്ന് പറഞ്ഞത് ആരാണാവോ? എന്തായാലും ചില യാത്രകള്‍ നിയോഗങ്ങള്‍ ആകാറില്ല. പകരം നേട്ടങ്ങളുടെ കണക്കു പുസ്തകത്തിലെ അര്‍ത്ഥ ശൂന്യമായ കുറച്ചു നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. എന്നിട്ടും എന്തിനോ വേണ്ടി വീണ്ടും ആ വഴി നടക്കുമ്പോള്‍.... തോല്‍ക്കുകയാണോ അതോ ജയിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എനിക്കായ് കരുതിയത്‌ തോല്‍വിയായിരിക്കും...... കൊതിച്ചു നേടിയ തോല്‍വി....
വിട പറയാന്‍ ആവില്ല........
ഞാന്‍ എന്‍റെ മഴയിലേക്ക്‌ തിരിച്ചു പൊയ്ക്കോട്ടേ....

May 17, 2011

ആദ്യവര്‍ഷം.

ഈ പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ എന്നെ വീണ്ടും കൊതിപ്പിക്കുകയാണ്...
ഈറനണിഞ്ഞു നില്‍ക്കുന്ന സായന്തനങ്ങളില്‍ എപ്പോഴോ എന്‍റെ കാതിലേക്ക്  ഒഴുകിയെത്തിയ നിന്‍റെ സ്വരത്തിനായി..
കേട്ട വാക്കുകള്‍ക്കപ്പുറം കേള്‍ക്കാതെ തന്നെ മനസിനെ പൊതിഞ്ഞ സ്നേഹത്തിന്റെ തണുപ്പിനു വേണ്ടി..
ഒരു വാക്ക് പോലും പറയാതെ നിശബ്ദമായി, നിന്‍റെ നിശ്വാസം മാത്രം കേട്ടിരുന്ന മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്ക് വേണ്ടി..
അറിയാം..
കാലത്തിന്റെ കാറ്റടിച്ച് അകന്നുപോകുന്ന മേഘങ്ങള്‍ ആണ് നീയും ഞാനും..
നീയകന്നു പോവുകയാണ്, വീണ്ടും..
പക്ഷെ, നീയില്ലാതെ എന്‍റെ കാലുകള്‍ ചലിക്കുന്നില്ല...
വര്‍ഷകാലത്തിന്റെ കുളിര്‍ കാറ്റില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങുകയോ??
തിടുക്കത്തില്‍ പെയ്യുന്ന മഴതുള്ളികള്‍ക്കൊപ്പം ഞാനും ഭൂമിയുടെ മടിത്തട്ടിലേക്ക്...
അകന്നു പോകുന്ന വേനല്‍ ഉപേക്ഷിച്ചു പോയ ഊഷരതയിലേക്ക്.....
അവസാനം അഗ്നിയുടെ ചൂടില്‍ തിളച്ചു അദൃശ്യമായ ഒരു മടക്കയാത്രയ്ക്ക് വേണ്ടി..
ഈ യാത്രയിലെങ്കിലും നിന്‍റെ നെറുകയില്‍ ഒന്ന് വീഴാന്‍ കഴിഞ്ഞെങ്കില്‍..
ഒരു നിമിഷം നീയീ മഴത്തുള്ളിയെ സ്വന്തമെന്നു പറഞ്ഞെങ്കില്‍.....
മെല്ലെ തൊട്ടെടുക്കുന്ന നിന്‍റെ കൈകളില്‍ ഇരുന്ന്, കാര്‍മേഘങ്ങളുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തില്‍ ഞാന്‍ അപ്പോള്‍ തിളങ്ങുകയാകാം.....
അത് നിന്‍റെ കൈ കുമ്പിളില്‍  ഞാന്‍ കണ്ടെത്തിയ  എന്‍റെ മാത്രം സ്വര്‍ഗം...


April 15, 2011

നിനക്ക്....നിനക്കുമാത്രം.


വിരിയാന്‍ തുടങ്ങുന്ന എന്‍റെ പനിനീര്‍പൂവ് നിനക്കായ് ഞാന്‍ ഒളിച്ചു വച്ചു...
അതെന്‍റെ ഹൃദയമായിരുന്നു...
രക്ത തുള്ളികള്‍ ഇറ്റുവീഴാതെ ഞാന്‍ പറിച്ചെടുത്ത എന്‍റെ ഹൃദയം!
ചെപ്പില്‍ അടച്ചുവച്ച ആ വളപ്പൊട്ടുകളും നിനക്കുള്ള ഉപഹാരങ്ങള്‍ ആയിരുന്നു....
എന്‍റെ സ്വപ്‌നങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തിയ വളപ്പൊട്ടുകള്‍.... 
അവ മറ്റാര്‍ക്ക് നല്‍കാന്‍?
എന്‍റെ കയ്യിലെ മഞ്ചാടിമണികളും നിനക്കുവേണ്ടിയായിരുന്നു...
ബാല്യം എന്നില്‍ മറന്നുവച്ച കുസൃതികള്‍....
നീയവ തിരിച്ചറിയും എന്ന് ഞാന്‍ കരുതി. 
പിന്നെ...
ആര്‍ക്കും നല്‍ക്കാത്ത മനസിലെവിടെയോ ഒളിപ്പിച്ച ആ കൊച്ചു വിളക്കുമായി ഞാന്‍ കാത്തുനിന്നു,
എന്നെങ്കിലും ഒരിക്കല്‍ നീ കൊളുത്തുന്ന ജ്വാല എന്നില്‍ ജീവനായി നിറയുന്നതും കാത്ത്.....
 പക്ഷെ,
നീ തിരിച്ചുനടന്നു..
പിന്‍വിളിച്ചത് എന്‍റെ മനസായിരുന്നു,
നീയാ വിളി കേട്ടില്ല....
അകലങ്ങളില്‍ എവിടെയോ നീ കൂട്ടിയ കൂട്ടിലേക്ക് നടന്നകന്നു പോയി...
പിന്തിരിഞ്ഞൊന്നു നോക്കുമെന്ന് കരുതി...
കണ്ണുകള്‍ ഇമചിമ്മാന്‍ പോലും മടിച്ചുനിന്നു...
ഹൃദയം; ഒന്ന് മിടിക്കാനും...
നീ വന്നില്ല....
ഇനി...
എന്‍റെ കൈവെള്ളയില്‍ നിധിപോലെ സൂക്ഷിച്ച ഇത്തിരി കുങ്കുമം....
മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന ആ നിറം മായ്ക്കാനൊരു പേമാരി പെയ്തൊഴിഞ്ഞെങ്കില്‍....

March 16, 2011

എന്‍റെ പിറവി


മുത്തശി പറഞ്ഞു..
നീയൊരു പെണ്ണാണ്‌  .
കാലത്തിന്‍റെ പടിവാതിലിനിപ്പുറം ജീവിക്കെണ്ടോള്‍...
വീടിന്‍റെ അരമുറി വാതിലാല്‍ രൂപം മറക്കെണ്ടോള്‍..
അകത്തളത്തിലെ പാദസര കിലുക്കത്തിലും, കുപ്പിവളകളുടെ പോട്ടിചിരികളിലും തന്‍റെ മനസ് കാട്ടേണ്ടവള്‍...
പിന്നെ..
അന്തപ്പുരത്തില്‍ ആരും കാണാത്ത കണ്ണീരിലും നെടു വീര്‍പ്പുകളിലും ജീവിച്ചു തീരേണ്ടവള്‍...
ഞാന്‍ പെണ്ണാവാന്‍  ശ്രമിച്ചു.
പക്ഷെ,
എന്‍റെ കയ്യിലെ കുപ്പിവളകള്‍ കലമ്പിയില്ല,
കാലിലെ പാദസര മുത്തുകള്‍ ചിരിച്ചില്ല,
കണ്ണിലെ കരിമഷിയും, നെറ്റിയിലെ സിന്ദൂരപ്പൊട്ടും  എന്നെ കളിയാക്കി ചിരിച്ചു...
"പെണ്ണാവാന്‍  കഴിയില്ല"
മുത്തശി പിന്നെയും എത്തി.
" പെണ്ണായി പിറക്കണം." 
അന്ന് ഞാനെന്‍റെ കയ്യിലെ കണ്ണാടി മാറ്റിവച്ചു.
കുപ്പിവളകള്‍ മാറ്റി പേനയെടുത്തു.
സ്വപ്നങ്ങളില്‍ അക്ഷരങ്ങള്‍ നിറഞ്ഞു.
സിന്ദൂരപ്പൊട്ടിന് പകരം ഭസ്മക്കുറിയും,
പിന്നെ
ചിലമ്പാത്ത പാദസരങ്ങളും....

അകത്തളത്തിലെ കിലുക്കങ്ങള്‍ക്ക് അക്ഷരങ്ങള്‍ ഉണ്ടായി, വാക്കുകളും,
പിന്നീടെപ്പോഴോ അര്‍ത്ഥങ്ങളും.....
കണ്മഷി എഴുതാതെ കണ്ണ് തെളിഞ്ഞു,
കാഴ്ചകളില്‍ വിചാരങ്ങള്‍ നിറഞ്ഞു...
കണ്ണീരു വറ്റി, പകരം അഗ്നി ജ്വലിച്ചു...

പക്ഷെ....
എന്‍റെ ഹൃദയം???
അത് മാത്രം ലോലമായി...
വെറുമൊരു പെണ്ണിന്‍റെ ഹൃദയം....



February 10, 2011

ഒരു മരുഭൂമി



മനസ് ഒരു മരുഭൂമിയാണ്....
മഴയുടെ ഒരിറ്റു വെള്ളത്തിനായി കാത്തിരിക്കുന്ന മണല്‍ കൂമ്പാരങ്ങളും, കാറ്റും, മഞ്ഞും,വെയിലും മെനഞ്ഞെടുത്ത ശിലാരൂപങ്ങളും, പരസ്പരം കാണാതെ അലഞ്ഞു തിരിയുന്ന ജീവ ജാലങ്ങളും ഒക്കെയുള്ള മരുഭൂമി....
ഇടക്കെപ്പോഴോ മാനത്ത് അണഞ്ഞ കാര്‍മേഘ കൂട്ടങ്ങളെ കാറ്റ് ചിതറിത്തെറിപ്പിക്കുമ്പോള്‍....
ഒരിക്കലും മായില്ല എന്ന് കരുതി സൂക്ഷിച്ച സ്നേഹത്തിന്‍റെ കാല്‍പാടുകളെ മൂടി മറയ്ക്കുമ്പോള്‍....
ഇത്തിരി ജലതിനായി പരത്തുന്ന കണ്ണുകളില്‍ മരീചികകള്‍ സൃഷ്ടിക്കേണ്ടി വരുമ്പോള്‍.....
പിന്നെ
ജീവിതം തേടി യാത്ര ചെയ്യുന്നവന്‍റെ ദാഹജലം ആവിയാക്കി തന്നില്‍ ലയിപ്പിക്കുമ്പോള്‍.....
ഒക്കെ
തിടുക്കത്തില്‍ നിറം മാറുന്ന മാനത്തിനപ്പുറം വെള്ള പുതച്ചുറങ്ങുന്ന അനന്തതയിലേക്ക് കണ്ണ് നട്ടു കിടക്കുന്ന ഭൂമി.....
മഴയിനി പെയ്യില്ല,
മഞ്ഞു പോയ കാല്പാടുകള്‍ തിരിച്ചു തരാന്‍ ഒരു മടക്കയാത്ര ഉണ്ടാവില്ല.
എങ്കിലും.....വെറുതെ....
നഷ്ടപ്പെട്ടവയ്ക്ക് കാവലായി കണ്ണിമ ചിമ്മാതെ നിശബ്ദം കിടക്കുന്ന മരുഭൂമി.... 

January 22, 2011

മഴയും ഞാനും



മഴ എന്നും നിറങ്ങള്‍ ചാലിച്ച ഓര്‍മ്മകളായിരുന്നു. കുട്ടിക്കാലത്തെ തോരാതെ പെയ്യുന്ന മഴയുടെ നാദത്തിനൊപ്പം തെളിയുന്ന ഇരുളും വെളിച്ചവും ഉള്ള ചിത്രത്തിലെ എന്‍റെ കയ്യില്‍ കടലാസുവഞ്ചികള്‍ ആയിരുന്നു. ബാല്യത്തിന്‍റെ വിലമതിക്കാന്‍ ആവാത്ത നേട്ടങ്ങള്‍.
പണ്ട്....
  കൌമാരത്തിന്റെ സ്വപ്നങ്ങള്‍ക്കും കുസ്ര്തികള്‍ക്കും മഴ കളിക്കൂട്ടുകാരിയായിരുന്നു.  മഴത്തുള്ളിക്കിലുക്കം പോലെ കാലിലെ പാദസരമണികളും പൊട്ടിച്ചിരിച്ചു. ഇത്തിരി നനഞ്ഞ്, മഴയുടെ തണുപ്പും കാറ്റിന്‍റെ കളികളും അറിഞ്ഞു നില്‍ക്കുമ്പോള്‍ എന്‍റെ കയ്യില്‍ നനഞ്ഞ പാവാടത്തുമ്പായിരുന്നു.
 ഇന്ന്..
 ഇടവിട്ട്‌ പെയ്യുന്ന മാനത്തിന്റെ കണ്ണീരിനെ കാറ്റ് തൂവാനത്തുള്ളികളായി പറത്തിക്കളിക്കുമ്പോള്‍, അറിയാത്ത   ആരുടെയൊക്കെയോ അറിയുന്ന വരികളുമായി ഞാന്‍ എന്‍റെ ഉമ്മറപ്പടിയില്‍ ഇരുന്നു. നേട്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും നിറങ്ങള്‍ മഴവെള്ളത്തില്‍ അലിഞ്ഞു ചേരുന്നത് വെറുതെ കണ്ടുകൊണ്ട്....
നാളെ.....
കോരിച്ചൊരിയുന്ന മഴ മാനത്തിന്റെ സ്വപ്നങ്ങളാല്‍ മണ്ണിന്‍റെ പച്ചപ്പിനു മുത്തുമണികള്‍ ചാര്‍ത്തുമ്പോള്‍, ഞാന്‍ ഉറങ്ങുകയായിരിക്കാം. നിത്യതയിലേക്കുള്ള തിരിച്ചുപോക്കിന്റെ അവസാനം ഇണങ്ങാത്ത കുപ്പായം പോലെ ഉപേക്ഷിച്ച എന്നെ മണ്ണിന്‍റെ മാറില്‍ ഉറക്കിക്കിടത്തി ഞാന്‍ പോയിരിക്കാം. കാണാമറയത്തേക്ക്....  

January 08, 2011

എന്‍റെ പ്രണയം..













എന്‍റെ പ്രണയം...
ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം...
പ്രണയം മഴയാകണം....
പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം...
  നീയാ മഴ മാത്രം കണ്ടിരിക്കണം......
പ്രണയത്തിന്‍റെ താപം മാത്രം അറിയണം...
പിന്നെ,
മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും
ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും,
മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്....
എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്....
.
.
.
.
പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ......

December 23, 2010

ചിരി..


  കുട്ടിക്കാലത്ത് ഇപ്പോഴും ചിരി ഒരു അടയാളം ആയിരുന്നു...
         പരിചയത്തിന്റെ,
         തിരിച്ചറിവിന്‍റെ,
         സ്നേഹത്തിന്‍റെ ഒക്കെ...
പൊട്ടിച്ചിരികള്‍ ഞാനെന്‍റെ സൌഹൃദത്തിനു തീറെഴുതി കൊടുത്തു....
മന്ദഹാസം എന്‍റെ സ്നേഹ ബന്ധങ്ങള്‍ക്കും....
കാലം പോയപ്പോള്‍ ചിരിയുടെ അര്‍ത്ഥങ്ങള്‍ മാറി.
 പരിഹാസത്തിന്റെയും, അസൂയയുടെയും, വെറുപ്പിന്റെയും, ശത്രുതയുടെയും നിഴലനങ്ങുന്ന പുഞ്ചിരികള്‍...

ജീവിതത്തിന്‍റെ വഴിയരികില്‍ നിഴലിച്ച മുഖങ്ങളില്‍ പടര്‍ന്ന പുഞ്ചിരിക്ക് പല നിറങ്ങള്‍ ആയിരുന്നു....
വേദനയും, ഒറ്റപ്പെടലും, പ്രണയവും, അമര്‍ഷവും പിന്നെ ഞാന്‍ അറിയാതെ പോയ നിഗൂഡ ഭാവങ്ങളും....

പിന്നൊരിക്കല്‍ പിടയുന്ന മനസിനും കരയുന്ന കണ്ണുകള്‍ക്കും മുന്നില്‍ ഞാന്‍ ഒരു ചിരി പ്രതിഷ്ടിച്ചു.....
അത് കാട്ടി എല്ലാവരെയും കബളിപ്പിക്കുമ്പോള്‍  ഞാനോര്‍ത്തു...
പുഞ്ചിരി ഒരു മുഖം മൂടി ആണ്;മനസും മുഖവും മറയ്ക്കുന്ന  നിറമില്ലാത്ത മുഖം മൂടി....

December 22, 2010

ഇന്ന് ഞാന്‍ അറിയുന്നു.....

"പ്രപഞ്ചത്തിലെ ഒരേയൊരു സ്വാതന്ത്ര്യം സ്നേഹം ആണ്. സ്നേഹം  അന്വേഷിക്കുമ്പോള്‍ , അസ്ഥിക്കും മാംസത്തിനും ഇടയിലെ വ്യധിയായി മാറുന്നു. ആദി മനുഷ്യനിലൂടെ നമ്മിലേക്ക്‌ പകര്‍ന്ന പ്രകൃതിദത്തമായ ബലഹീനതയാണ് സ്നേഹം."
                                                                                                            -ഖലീല്‍ ജിബ്രാന്‍
         നിന്‍റെ ഓര്‍മകളെ ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവിതത്തിന്റെ വീഞ്ഞും, കൈപ്പു നീരും കുടിച്ചു ഇറക്കുമ്പോള്‍, നിഴലും, വെളിച്ചവും കണ്‍ മുന്നില്‍ ചിത്രങ്ങള്‍ വരക്കുമ്പോള്‍... ഇപ്പോഴും ഞാന്‍ കണ്ടത് നിന്‍റെ കണ്ണുകള്‍ ആയിരുന്നു. ആരോ പറഞ്ഞു, സ്നേഹം നൊമ്പരം ആണെന്ന്. പക്ഷെ, ഞാന്‍ സ്നേഹിച്ചത് നിന്നെ ആയിരുന്നില്ല, നിന്നെ സ്നേഹിക്കുമ്പോള്‍, നീ എന്നില്‍ നിന്നും അകലുമ്പോള്‍ എന്നില്‍ ഉണരുന്ന ആത്മ ബോധത്തെ ആയിരുന്നു.ശ്മശാന മൂകതയിലെവിടെയോ വീണു കിടക്കുന്ന എന്നെ, ജീവന്റെ തുടിപ്പുകളിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു.....
        നിന്നെ പ്രണയിക്കാന്‍, നിന്‍റെ വാക്കുകളെ അറിയാന്‍, ആ വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മൌനത്തിന്റെ സംഗീതം കേള്‍ക്കാന്‍... പിന്നെയും എന്തിനൊക്കെയോ ഞാന്‍ കൊതിച്ചു. നിന്‍റെ സ്നേഹം ഒരു ഭാരം ആയിരുന്നു, താങ്ങാന്‍ സുഖമുള്ള ഒരു ഭാരം.നിന്‍റെ വാക്കുകള്‍ കൂരമ്പുകള്‍ ആയിരുന്നു. എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു  പലപ്പോഴും കടന്നുപോയിട്ടും, ഞാന്‍ ആ വേദനയിലും കണ്ടത് സ്നേഹം ആയിരുന്നു. എന്റെ മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികള്‍ കടലാസ്സില്‍ നിന്‍റെ പേര് എഴുതി. എന്നിട്ടും ഞാന്‍ പറഞ്ഞില്ല, നിന്നെ എനിക്ക് എത്ര ഇഷ്ടമാണെന്ന്...
       രാത്രിയുടെ നിശബ്ദതയില്‍, നിലാവ് പടരുന്ന പ്രകൃതിയില്‍ എല്ലാം നിഴലുകള്‍ ആയിരുന്നു. നിറങ്ങള്‍ ഇല്ലാത്ത അവയ്ക്കിടയില്‍, ഞാന്‍ നിന്‍റെ നിഴല്‍ തിരിച്ചറിഞ്ഞു. അത് എന്നില്‍നിന്നും അകലുകയായിരുന്നു. തടാകത്തിലെ ഓളങ്ങളില്‍ പെട്ട്  അത് ഒന്നനങ്ങിയപ്പോള്‍........ ഒരു നിമിഷം ഞാന്‍ ധന്യയായി.നീ എന്നിലെക്കനയാന്‍ വെമ്പുന്നു എന്ന് ഞാന്‍ വ്യാമോഹിച്ചു. പിന്നെ നീ അകലതെവിടെയോ മാഞ്ഞു പോയപ്പോഴും എന്റെ കണ്ണുകള്‍ നിന്നെ കണ്ടുകൊന്ടെയിരുന്നു....അടുക്കുമ്പോള്‍ അകലുന്ന മരീചിക പോലെ.
  


       " ഞാന്‍ കുറെ തീ വാരി എന്റെ ചിന്തയിലിട്ടു....
        എന്റെ തല പൊള്ളി, ഹൃദയവും,
         പുക ഉയര്‍ന്നത് എന്റെ ഓര്‍മയിലും,
          തീ ആളിയത്  എന്റെ ഹൃദയത്തിലും,
         ഒടുവില്‍ ചിത എരിഞ്ഞത്‌ എന്റെ മനസിലും..."

       എന്റെ മനസ്സില്‍ നിറയെ നീയായിരുന്നു. എന്റെ കയിലെ പുസ്തകത്തിന്റെ താളുകളില്‍ നിന്‍റെ വാക്കുകളാണ് ഞാന്‍ കണ്ടത്. നിന്നെ കുറിച്ചുള്ള  ഓര്‍മകളുടെ വേദന കുറക്കാന്‍, ഞാന്‍ എന്റെ ചിന്തകളില്‍ അഗ്നി പകര്‍ന്നു. കാട് മൂടിക്കിടന്ന ഹൃദയത്തിന്റെ ഒരു കോണിലേക്ക് ഞാന്‍ എന്റെ കയ്യിലെ ഏറ്റവും നിറമുള്ള  നിന്‍റെ ചിത്രം വലിച്ചെറിഞ്ഞു, ഇനി തിരിച്ചെടുക്കില്ല എന്ന പ്രതിജ്ഞയോടെ.... പക്ഷെ, ഇന്നലത്തെ മഴയുടെ കുടിനീരില്‍ വളര്‍ന്ന മുള്‍ ചെടി  നിന്‍റെ ചിത്രത്തില്‍ രക്തം ചാര്‍ത്തിയപ്പോള്‍ എനിക്ക് കണ്ടുനില്‍ക്കാന്‍ ആയില്ല....
  ഇന്ന് ഞാന്‍ അറിയുന്നു...... നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്........

December 07, 2010

പ്രണയം

പ്രണയം....
വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതക്കു ഒടുവില്‍ നീ പറഞ്ഞ മൂന്നു പൊളി വാക്കുകള്‍ ആയിരുന്നോ?
അതോ..
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ കണ്ട നിന്‍റെ മുഖം ആയിരുന്നോ?
അറിയില്ല....
ഒന്ന് മാത്രം അറിയാം...
എനിക്ക് അത് നിന്നോട് മാത്രം ആയിരുന്നു.
നിന്‍റെ സാമിപ്യത്തില്‍....
നിന്‍റെ അധികാര ഭാവത്തില്‍...
കുസൃതികളില്‍..
പിണക്കങ്ങളില്‍.....
പിന്നെ,
എപ്പോഴൊക്കെയോ നമുക്കിടയില്‍ നിറഞ്ഞ നിഗൂഡ നിശബ്ദതയില്‍...
എല്ലാം ഞാന്‍ അറിയുകയായിരുന്നു....
.
.
.
നീ അപ്പോള്‍ ഓര്‍ത്തത്‌ എന്താകാം?
ഞാന്‍ നിനക്ക് ആരും അല്ലെന്ന സത്യം നിനക്കല്ലേ അറിയൂ...
നിനക്ക് മുന്നില്‍ ഞാന്‍ വെറുമൊരു കിനാവ്‌....
നീ കാണാന്‍ കൊതിക്കുമ്പോള്‍ മാത്രം കണ്മുന്നില്‍ തെളിയുന്ന   ഒരു പാഴ്കിനാവ്.....

November 15, 2010

മഴ പെയ്തൊഴിഞ്ഞപ്പോള്‍....



മഴ പെയ്യാന്‍ ഞാന്‍ കാത്തിരുന്നു...
അന്ന് ഞാന്‍ ഒറ്റക്കായിരുന്നു. എന്‍റെ  ലോകത്തിലേക്ക്  പെയ്തിറങ്ങിയ മഴ എന്‍റെ  സ്വപ്‌നങ്ങള്‍ ആയിരുന്നു. ആ മഴയില്‍ കുതിര്‍ന്നു നടക്കുമ്പോള്‍ മനസ്സില്‍ തണുപ്പായിരുന്നു.വെള്ളി കൊലുസിട്ട പാദവും, പാവാടയും മഴ നനച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു.

ഇന്നും ഞാന്‍ ഒറ്റക്കാണ്. പെയ്തൊഴിയുന്ന മഴയുടെ തുള്ളികള്‍ ഭൂമിയെ ചുംബിക്കും മുന്‍പ് , എന്‍റെ മനസിന്റെ ഊഷരതയില്‍ ഉരുകിതീരുമ്പോള്‍....

മഴ പെയ്തത് അറിയാതെ ഞാന്‍ വെറുതെ ഇരുന്നു. മഴ നനഞ്ഞ ചെമ്പില തുമ്പിലെ വെള്ളം പോലെ കണ്ണ് നിറഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല....

മഴ പെയ്തൊഴിഞ്ഞപ്പോള്‍....
ആത്മാവില്‍ എവിടെയോ ഒരു കുളിര്‍തെന്നലിന്‍റെ സുഖം പകര്‍ന്നു നീ കടന്നു വന്നു. 
മഴയുടെ തണുപ്പ് പോലും അറിയാതെ ഞാന്‍ നിന്‍റെ പ്രണയത്തില്‍ അലിഞ്ഞുപോയി.
പിന്നെപ്പോഴോ കാറ്റും കോളും നിറഞ്ഞ ഒരു രാവില്‍ എന്നെ തനിച്ചാക്കി അകന്നു പോയപ്പോള്‍..

.....അന്ന് ഞാന്‍ അറിഞ്ഞു, മഴ തുള്ളിക്ക്‌ തണുപ്പല്ല എന്ന്.....

സ്നേഹപൂര്‍വ്വം......




അകലങ്ങളില്‍ നിന്നെത്തുന്ന ഓര്‍മയുടെ നന്തുണി പാട്ട്..

ഏതോ ഗന്ധര്‍വസ്വരം മനസ്സില്‍ ഉണര്‍ത്തുന്ന മായുന്ന വര്‍ഷ മേഘ ആഞ്ചലം...

തംബുരുവിന്റെ മൃദുല ഗാനം പോലെ കാതിനെ തഴുകുന്ന ശബ്ദം...

അതിന്റെ അലകളില്‍ അലിഞ്ഞു ചേരുമ്പോള്‍...

സ്വപ്ന വര്‍ണങ്ങള്‍ കൊണ്ട് വരച്ച ആ നക്ഷത്ര ശോഭ... ഒരിക്കലും മായാതെ ഹൃദയത്തിന്റെ തങ്ക തകിടുകളില്‍ രചിക്കുന്നു: എന്റെ മനസ്...
മറക്കാന്‍ കൊതിക്കുന്നില്ല എങ്കിലും , അകലേക്ക്‌ കൊണ്ടുപോകുന്ന ആ കാല്‍പനിക മരീചികളെ ഒന്ന് അകറ്റാന്‍ കഴിഞ്ഞങ്കില്‍....

സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍ അത് രാവിന്റെ നീര്‍കുമിള ആണെന്ന് അറിഞ്ഞില്ല..
ആ പദ നിസ്വനങ്ങള്‍ മഞ്ഞില്‍ പതിഞ്ഞവ ആയിരുന്നു....
ഉള്ളം നിറയുന്ന വേദനകള്‍....

മനസ് നിറയ്കുന്ന ഓര്‍മ്മകള്‍...

മറക്കാനാവാത്ത മുഖങ്ങള്‍'''

ചിന്നി ചിതറി ഉടഞ്ഞു വീഴുന്ന ഒരു പളുങ്ക് പാത്രം പോലെ നശ്വരമായ ജീവിതം നിറപറയും, നിലവിളക്കും വച്ച് സ്വീകരിച്ച നന്മകളെ നഷ്ടപ്പെടുത്താതെ ഇരിക്കട്ടെ......











സ്നേഹപൂര്‍വ്വം......