November 07, 2011

വെറുതെ...

ഇന്നലത്തെ വെയില്‍ ചായുമ്പോള്‍ ഞാന്‍ എന്‍റെ മുറ്റത്തായിരുന്നു....
നീളം കുറയുന്ന നിഴലിനെ നോക്കി നില്‍കുമ്പോള്‍ ഓര്‍മകളും ഒപ്പം പിന്നോട്ടൊന്ന് നടന്നുവോ??
നടന്നു നീങ്ങാന്‍ കാതങ്ങള്‍ ഏറെ ഇനിയുമുള്ളപ്പോള്‍ പിന്തിരിയുന്നത് എന്തിനെന്നറിയില്ല....
കൊഴിഞ്ഞു വീണ പൂക്കള്‍ക്കും, കരിയുന്ന ഇലകള്‍ക്ക് എന്നോ നഷ്ടമായ പച്ചപ്പിനും മാത്രം വിലകൊടുക്കുന്നവരെ..... 
ലോകം എന്നും ഉപേക്ഷിച്ചു പോകാറാണ് ഉള്ളത് ....
ഞാനും അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍...
എന്‍റെ കൈപ്പിടിയില്‍ ഒതുക്കിയ കരിയിലകളെ വലിച്ചെറിയാന്‍ തിടുക്കം കൂട്ടുന്ന കാലത്തിനോട് പറയാന്‍ ഒന്ന് മാത്രം...
"ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയായി ഇന്നും ഞാന്‍ ഉറങ്ങിക്കിടക്കുന്നു...."
അറിയാത്ത വഴികളില്‍ കൂടി നടന്നു പോകുമ്പോള്‍ കാണുന്ന പരിചിതമുഖങ്ങള്‍...
ഇടക്കെപ്പോഴോ കുറെ ദൂരം ആരുമില്ലാതെ ഒറ്റയ്ക്ക്....
പിന്നെ അറിയാത്ത ആരുടെയോ കൈപിടിച്ച് ഒരു കാതം...
അര്‍ഥങ്ങള്‍ എന്തൊക്കെയോ നേടിയെടുക്കാനുള്ള വെമ്പലില്‍ വഴി കാണാതെ, കൂടെയുള്ളവരെ അറിയാതെ യാത്ര....
ഒടുക്കം...
വീണ്ടും വഴിയറിയാതെ കൂട്ടറിയാതെ ഒരു മടക്കയാത്ര...
ഇതിനിടയിലെപ്പോഴോ
കാണാന്‍ മറന്ന പുഞ്ചിരിയോ,
കേള്‍ക്കാന്‍ പറ്റാതെ പോയ പാട്ടോ,
പറയാന്‍ മറന്ന വാക്കുകളോ ആയിരുന്നോ ജീവിതം?


അകന്നു പോകരുതേ എന്ന് പറയാന്‍ കഴിഞ്ഞില്ല...
അകലാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും പിന്നെയും കൊതിക്കുന്നു, കാലത്തിന്‍റെ വഴിത്താരയില്‍ എവിടെയോ വീണു ആ രഥ ചക്രങ്ങളാല്‍ അരഞ്ഞു പോയെങ്കില്‍......
മറവിയുടെ കാണാക്കയങ്ങളില്‍ വീണു പോകുന്നതിലും പ്രിയം ആ വേദന തന്നെ....
നക്ഷത്രമായി പുനര്‍ജനിക്കം... അകലങ്ങളില്‍ നിന്ന് കണ്ടിരിക്കാന്‍ മാത്രം...


ഇന്നെന്ന സത്യം കൊഴിയുന്നു..
പുതുമകളുമായി നാളെ വിരിയാന്‍ കാത്തു നില്‍ക്കുന്നു...
പൊഴിയുന്ന ഓരോ ദലങ്ങളും പെറുക്കിയെടുത്ത് പുസ്തകതാളില്‍ ഒളിപ്പിക്കാന്‍ കൊതിതോന്നുന്നു......
അരുതെന്ന് മാത്രം പറയരുതേ...
ഓര്‍മ്മകള്‍ എങ്കിലും എന്റെതാകട്ടെ....പകലിന്റെ കൊല്ലുന്ന ചൂടിനപ്പുറം ,
പോക്കു വെയിലിന്റെ മഞ്ഞ നിറം വീഴുന്ന മുറ്റത്ത്‌ ..
നീളം ഏറുന്ന നിഴലുകള്‍ എന്നെ തനിച്ചാക്കി അകലുന്നതിനു മുന്‍പേ...


ഓരോ യാത്രയും ഒരു നിയോഗം ആണെന്ന് പറഞ്ഞത് ആരാണാവോ? എന്തായാലും ചില യാത്രകള്‍ നിയോഗങ്ങള്‍ ആകാറില്ല. പകരം നേട്ടങ്ങളുടെ കണക്കു പുസ്തകത്തിലെ അര്‍ത്ഥ ശൂന്യമായ കുറച്ചു നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. എന്നിട്ടും എന്തിനോ വേണ്ടി വീണ്ടും ആ വഴി നടക്കുമ്പോള്‍.... തോല്‍ക്കുകയാണോ അതോ ജയിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എനിക്കായ് കരുതിയത്‌ തോല്‍വിയായിരിക്കും...... കൊതിച്ചു നേടിയ തോല്‍വി....
വിട പറയാന്‍ ആവില്ല........
ഞാന്‍ എന്‍റെ മഴയിലേക്ക്‌ തിരിച്ചു പൊയ്ക്കോട്ടേ....

6 comments:

നിനകായ്‌ said...

സ്നേഹിയ്കേണ്ടിവരുന്നവരെ പിരിയേണ്ടി വരിക എന്ന അവസ്ഥ എന്നും ഏതൊരു മനുഷ്യ ഹൃദയത്തിലും വേദന ഉണ്ടാക്കുന ഒരു കാര്യമാണ് പല വിധത്തിലും ആ വേദന അനുഭവിക്കുന്നു ..... സ്നേഹിക്കുന്നത് സ്വന്തമാക്കി കഴിഞ്ഞാല്‍ ആ സ്നേഹം അവിടെ തിരുകയായിരിക്കാം .... കിട്ടാത്ത സ്നേഹങ്ങള്‍ അതുപോലെ അവസാനം വരെയും കൂടെ ഉണ്ടാകും ......

Rajnath said...
This comment has been removed by the author.
manu said...

"ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയായി ഇന്നും ഞാന്‍ ഉറങ്ങിക്കിടക്കുന്നു...."
enik ee varikal valare ishtamaayi. veendum pazhaya bhashayilekku thirichethiyathil santhosham. thirakkukal varum, pokum, ezhuthu thudaratte.

സീത* said...

വെറുതേ ചിലതൊക്കെ....അരുതെന്നു വച്ചാലും മോഹിക്കുന്ന ചില വെറും മോഹങ്ങൾ...കൊള്ളാം ജയാ

ലിനു ആര്‍ കെ നായര്‍ said...

ഇപ്പോഴേ കണക്ക് പുസ്തകങ്ങള്‍ എടുത്തു വച്ച് ലാഭ നഷ്ടക്കണക്കുകള്‍ പരിശോദിക്കാന്‍ തുടങ്ങിയോ ...വേണ്ടാട്ടാ ...ഇനിയും സമയം ണ്ടല്ലോ ...എല്ലാ ആശംസകളും

ജയലക്ഷ്മി said...

@അനോജ്, ഓര്‍മകളിലേക്ക് പോയെന്നു തോന്നുന്നു. ചിലപ്പോള്‍ ശരിയാകും, കിട്ടാതതെന്തും എന്നും മോഹിപ്പിക്കുകയെ ഉള്ളു, മടുപ്പിക്കില്ല.
@ രാജ്നാഥ് ചേട്ടാ, അഭിപ്രായത്തിനു നന്ദി.
@മനു, തിരക്കുകള്‍ മാത്രമല്ല, ആരൊക്കെയോ എന്തൊക്കെയോ.....
എഴുതാന്‍ ശ്രമിക്കാം.
@ സീത, വെറുതെയീ മോഹങ്ങള്‍.....
@ ലിനു, കണക്കു നോക്കിയതല്ല, കണ്ട് നോക്കിയതാണ്, ജീവിതം...
വായിച്ചവര്‍ക്കും നന്ദി

സ്നേഹപൂര്‍വ്വം