November 08, 2011

കാട്ടിലേക്ക്....

           റിസര്‍ച്ചിനു ചേരുന്നതിനു മുന്‍പ് തന്നെ ഇടയ്ക്കൊക്കെ കോളേജില്‍ നുഴഞ്ഞു കയറിയ സന്ദര്‍ഭങ്ങളില്‍ ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു അച്ചന്‍ കോവിലിനെ പറ്റി പഠിക്കുന്ന ചേച്ചിമാരോടൊപ്പം ഉള്ള ഒരു അച്ചന്‍കോവില്‍ യാത്ര. പക്ഷെ, പോകാനുള്ള തീരുമാനം വളരെ പെട്ടെന്നായിരുന്നു. കൂട്ടത്തിലെ സീനിയര്‍ മോസ്റ്റ്‌ (ഞങ്ങള്‍ കുഞ്ഞു തല എന്നും വിളിക്കും) ശാന്തി ചേച്ചിയുടെ കുടുംബ സുഹൃത്ത് അശോകന്‍ സര്‍ ആണ് ഒക്ടോബര്‍ 21 , 22 ദിവസങ്ങളില്‍ അച്ചന്‍ കോവിലിലെ പഠനത്തിനും കുറച്ചു സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമുള്ള അനുവാദം ശരിയാക്കാന്‍ സഹായിച്ചത്. നാട്ടിലെ വഴി തന്നെ അറിയാത്ത ഞങ്ങളെ ചുമ്മാ കാട്ടിലേക്ക് പറഞ്ഞു വിട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തിട്ടാകാം അദ്ദേഹവും ഞങ്ങളോടൊപ്പം വരാമെന്ന് സമ്മതിച്ചു. 
       തലേ ദിവസം തന്നെ തീരുമാനിച്ചിരുന്നെങ്കിലും രാവിലെ തറവാട്ടില്‍ (പന്തളം കോളേജ്) വരെ പോകേണ്ടി വന്നതിനാല്‍ യാത്ര തുടങ്ങിയത് ഉച്ചയ്ക്ക് 1. 09 ന്. അപ്പോള്‍ തന്നെ ശാന്തി ചേച്ചി രാവിലെ വെട്ടുകത്തിയുമായി വന്നു ശകുനം ഒരുക്കിയ മൂപ്പനെ കുറ്റം പറഞ്ഞത് ഞങ്ങള്‍ പാടെ അവഗണിചെങ്കിലും, പിന്നങ്ങോട്ടുള്ള യാത്രയില്‍ മൂപ്പന്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ചിലപ്പോഴൊക്കെ യാത്രയുടെ ഗതി തന്നെ മാറ്റിയെടുക്കാന്‍ തക്ക ശക്തിയുള്ളത്.
 കോളേജിന്റെ മുന്നില്‍ നിന്നു യാത്ര തുടങ്ങിയപ്പോള്‍ തന്നെ വണ്ടി  മടിച്ചു നില്‍പ്പ് തുടങ്ങി. അവസാനം എന്‍.സി സി. കുഞ്ഞുങ്ങള്‍ വേണ്ടി വന്നു അവനെ ഒന്ന് ജീവന്‍ വയ്പ്പിചെടുക്കാന്‍. പിന്നങ്ങോട്ട് പാവം Indica എപ്പോഴാ പാകിസ്ഥാനി ആയി പണി തരുന്നത് എന്ന ചിന്താഭാരത്തോടെ ആയിരുന്നു പോക്ക്. കുറച്ചു ചെന്നപ്പോഴെയ്ക്കും, മല കയറുമ്പോള്‍ വണ്ടി ഓഫ്‌ ആയാല്‍ ഒറ്റയാന്‍ അല്ലാതെ ആരും തെള്ളാന്‍ ഉണ്ടാവില്ല എന്നത് കൊണ്ടു അശോകന്‍ സര്‍ കടയ്ക്കലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ഒരു വാഗണര്‍ ഏര്‍പ്പാടാക്കി. അങ്ങനെ ആദ്യത്തെ പ്രശ്നം ശരിയായി. വണ്ടിയെടുക്കാന്‍ കടയ്ക്കല്‍ പോകേണ്ടതിനാല്‍ ആദ്യത്തെ റൂട്ട് മാറ്റി നിലമേല്‍, കടയ്ക്കല്‍, മടത്തറ വഴിയാക്കി അച്ചന്‍കോവില്‍ യാത്ര. ഇടയ്ക്ക് നിര്‍ത്തിയാല്‍ പോക്ക് മുടങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ടു വണ്ടി അങ്ങനെ പോയ്ക്കൊണ്ടേ ഇരുന്നു... ഉച്ചയ്ക്ക് രണ്ട്‌ മണിക്കും. റോഡ്‌ സൈഡിലെ ഹോട്ടലുകള്‍ ഒക്കെ ഞങ്ങളെ നോക്കി ചിരിച്ച പോലെ..
      പിന്നീടുള്ള യാത്രയില്‍ കുളത്തൂപ്പുഴ ഔഷധ സസ്യ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന Kerala Forest Division ന്‍റെ  ഔഷധ തോട്ടം കാണാന്‍ ഇറങ്ങി. കല്ലുവാഴ, ആരോഗ്യ പച്ച, ചതുര മുല്ല എന്നിങ്ങനെയുള്ള സഹ്യപര്‍വതത്തിലെ നിധികളെല്ലാം അവിടെയുണ്ട്, ഓരോ നെയിം പ്ലേറ്റ് ഒക്കെ വച്ചു വി ഐ പി കള്‍ ആയിട്ടാണ് നില്‍പ്പ് തന്നെ. കല്ല്‌ വാഴയുടെ കൂമ്പും കായും ഒക്കെ ആദ്യമായി കാണുന്നതും അവിടെ വച്ചായിരുന്നു. കൂട്ടത്തില്‍ ഒരു വയലറ്റ് നിറമുള്ള പൂക്കള്‍ ഉള്ള ചെടിയ്ക്ക്‌ നീല കൊടുവേലി ന്ന് പേരും ഇട്ടിരിക്കുന്നു. പണ്ടെപ്പോഴോ കഥകളില്‍ കേട്ടിട്ടുള്ള അത്ഭുത സിദ്ധിയുള്ള നീല കൊടുവേലി ഇതാണോ ന്ന് ഒരു സംശയം. ചോദിച്ചപ്പോള്‍ അവിടുത്തെ വാര്‍ഡന്‍ ഉറപ്പിച്ചു പറഞ്ഞു " ഇതന്നെ" ന്ന്. എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല, ചെടി പിഴുതു വേര് എടുക്കേണ്ടതായിരുന്നു. 
കണ്ണറ പാലം 
  പിന്നെ കുറെ ദൂരം റോഡിനു ഒരു വശം റബര്‍ തോട്ടങ്ങള്‍ ആയിരുന്നു. വനത്തിലെ കുടിയേറ്റക്കാരുടെ പുനരധിവാസം ലകഷ്യമാക്കി ഉണ്ടാക്കിയതാണ് അവയെല്ലാം. റോഡിന്റെ വശത്ത് കൂടി സമാന്തരമായി ഒഴുകുന്ന കല്ലടയാറും അപ്പുറത്തെ കരയിലെ പാറക്കെട്ടുകളും റബര്‍ തോട്ടങ്ങളിലെ ഇരുട്ടും എല്ലാം അടുത്ത് വരുന്ന വന്യതയുടെ അടയാളങ്ങള്‍ പോലെ തോന്നിത്തുടങ്ങി. കുളത്തൂപ്പുഴ ധര്‍മ ശാസ്ത ക്ഷേത്രത്തിന്റെ അടുത്തുകൂടി പോയപ്പോള്‍ ആറ്റിലെ വിരുന്നുകാരായി വന്നു ഉടമകള്‍ ആയ മത്സ്യങ്ങളെ പറ്റിയും അവയ്ക്ക് അരി കൊടുക്കുന്ന ആചാരത്തെ പറ്റിയും സര്‍ ഞങ്ങളോട് പറഞ്ഞു. തിരിച്ചു വരുമ്പോള്‍ അവിടെ ഒന്നിറങ്ങി ദേവന്റെ തിരുമക്കളെ കാണാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.  തെന്‍മല പ്രകൃതി സൌഹൃദ സഞ്ചാര മേഘലയ്ക്ക് തുടക്കം കുറിച്ചത് മത്സ്യ ഫെഡിന്റെ അക്വേറിയം മുതല്‍ ആണ്. കയറി കാണണം എന്ന മോഹം എല്ലാര്‍ക്കും ഉണ്ടായിരുന്നു എങ്കിലും കൂടുതല്‍ താമസിച്ചാല്‍  അച്ഛന്‍ കൊവിളിലെക്കുള്ള യാത്ര ദുര്‍ഘടം ആകും പറഞ്ഞതിനാല്‍ ആ ആഗ്രഹം അങ്ങട് ഉപേക്ഷിച്ചു. പിന്നെ Leisure zone ഉം തെന്‍മല ഡാമും കണ്ടു. ഡാമിന്റെ ഫോട്ടോ എടുക്കാന്‍ നടത്തിയ ശ്രമം ക്യാമറ ഓണ്‍ ആകാന്‍ താമസിച്ചതിനാല്‍ നടന്നില്ല. ആ വഴിയുള്ള യാത്ര പെട്ടെന്ന് മനസ്സില്‍ നിറച്ചത് ഡിഗ്രി കാലത്തെ എന്‍ എസ എസ ന്റെ ഒരു ക്യാമ്പ്‌ ന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു. റോഡിനു ഇരു വശത്തും നിന്ന് കുസൃതി കാണിക്കുന്ന വാനര സേന . കയ്യില്‍ ഉണ്ടായിരുന്ന പഴവും ബിസ്കറ്റും ഒക്കെ കൊടുത്താണ് രാജാക്കന്മാരെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചത്. 


       യാത്രയില്‍ ഉടനീളം കുറച്ചു  കിലോമീറ്ററുകള്‍ കടക്കുമ്പോള്‍ തന്നെ പ്രകൃതിയ്ക്ക് ഉണ്ടാകുന്ന മാറ്റം എടുത്തു പറയേണ്ട ഒന്നാണ്. വരണ്ടു കിടന്ന റോഡില്‍ നിന്നും തുടങ്ങി ആര്യങ്കാവ് അടുത്തപ്പോഴെയ്ക്കും നീര്‍ചാലുകളും പൊടിപ്പുകളും  തണുപ്പിചെടുത്ത  ആര്‍ദ്രമായ മണ്ണായിരുന്നു കാഴ്ച. കാറ്റിനു പോലും സുഗന്ധം. ചുറ്റും ഇടതൂര്‍ന്നു വളരുന്ന തെക്കിലെ (Tectona grandis) ആല്‍ക്കലോയിഡുകള്‍ ആണ് ആ പ്രത്യേക സുഗന്ധത്തിന്റെ അവകാശികള്‍. ഇടയ്ക്കൊക്കെ കൂട്ടിനു ഒരു ചെറു ചാറ്റല്‍ മഴ കൂടി എത്തിയപ്പോള്‍ കാറിലെ എ സി ഒക്കെ വെറുതെയായി. കാറ്റ് മുഖത്തേക്ക് തെറിപ്പിക്കുന്ന തൂവാനതുള്ളികളെ പേടിച്ചു ഗ്ലാസ് ഇടാനൊന്നും ആര്‍ക്കും തോന്നിയില്ല. 
തമിഴ്നാടായി 
ആര്യങ്കാവ് കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോഴെയ്ക്കും, പച്ചപ്പും, പടുകൂറ്റന്‍ പാറ കല്ലുകളും നീരുറവകളും എല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി. വിദൂര ദൃശ്യമായി കാണുന്ന മലകളും ചുറ്റും വരണ്ടുണങ്ങിയ മണ്ണും. തമിഴ് നാടിന്റെ അതിര്‍ത്തിയില്‍  മുടിയഴിച്ചിട്ട ലങ്കാലക്ഷ്മിയെ പോലെ കാവല്‍ നില്‍ക്കുന്ന ആല്‍മരം. റോഡിനു ഇരുവശത്തും മനുഷ്യ നിര്‍മ്മിത  നീര്‍ത്തടങ്ങളും, നെല്ല് വിളഞ്ഞു കിടക്കുന്ന പാടങ്ങളും, പൂക്കളും അങ്ങനെ അങ്ങനെ ...  അധ്വാ നത്തിന്റെ  അടയാളങ്ങള്‍ കാട്ടുന്ന സ്വര്‍ണ നിറമുള്ള വയലേലകള്‍ എല്ലാം നാളെ നമ്മുടെ വീടുകളിലേക്ക് എത്തേണ്ടതാണ് എന്നോര്‍ത്തപ്പോള്‍ നമുക്ക് കിട്ടിയ വെള്ളവും വളക്കൂറുള്ള മണ്ണും പ്രകൃതിയുടെ സസ്യ സമ്പത്തും ഒക്കെ വെറുതെ ആണെന്ന് തോന്നിപ്പോയി.
     യാത്രയ്കിടയില്‍ വച്ച് വയലിനപ്പുറം  നിന്ന് നൃത്തം ചെയ്യുന്ന മയിലിനെ ആദ്യം കണ്ടത് ശാന്തി ചേച്ചി ആയിരുന്നു. തിരക്കുണ്ടായിരുന്നിട്ടും അവിടൊന്നു വണ്ടി നിര്‍ത്താതിരിക്കാന്‍ പറ്റിയില്ല. വല്ലപ്പോഴും വരുന്ന അതിഥികള്‍ അല്ലെ എന്ന് കരുതിയിട്ടാകാം അത് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു നിന്നത്. ദേശീയ പക്ഷിയുടെ നൃത്തം കുറച്ചൊക്കെ വീഡിയോയില്‍ പകര്‍ത്തി. ചെങ്കോട്ട എത്തുന്നതിനു കുറച്ചു മുന്‍പ് നാഷണല്‍ ഹൈ വേയില്‍  നിന്നും അച്ചന്‍കോവില്‍ എന്ന് ബോര്‍ഡ്‌ വച്ചിരിക്കുന്ന വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ മണ്‍മറഞ്ഞു പോയ കേരള ഗ്രാമീണ ദൃശ്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു തുടങ്ങി. കൊയ്ത്തു കഴിഞ്ഞു നെല്‍കുറ്റികള്‍ ബാക്കിയായ പാടവും, അടുക്കി വച്ചിരിക്കുന്ന കറ്റയും, മെതിച്ചിട്ട വൈക്കോല്‍ കൂനയും നെല്‍ക്കളങ്ങളും ഉണങ്ങി തുടങ്ങുന്ന വൈക്കോലിന്റെ ഗന്ധവും.... ആകെ നാട്ടിലെ പഴയ മീന മാസ ദിനങ്ങളുടെ സുഖം. ഞങ്ങള്‍ക്കെതിരെ മണിയൊച്ചയുമായി വരുന്ന കാളവണ്ടി കണ്ടിരിക്കണേ തോന്നിയുള്ളൂ. വഴി നീളെ സ്കൂള്‍ വിട്ടു വരുന്ന കുട്ടി ചട്ടമ്പികളും ഒപ്പം ചുമലില്‍ തുണി സഞ്ചിയുമായി പോകുന്ന അദ്ധ്യാപകരും. റോഡിന്റെ ഓരോ വളവിലും കോവിലുകള്‍ തന്നെ. ഉത്സവ സമയത്ത് ഏകദേശം ഒരു മാസത്തോളം ആ വഴിയുള്ള യാത്ര യെപ്പറ്റി ചിന്തിക്കുകയേ വേണ്ടാത്രേ, എന്നും ഏതെങ്കിലും ഒരു കോവിലിലെ തിരുവിഴ ആയിരിക്കും. തൊട്ടടുത്തുള്ള ഒരു മലയുടെ ഒത്ത നെറുകയില്‍ ഒരു അമ്പലം, അവിടെ വരെ ചെന്നെത്തണം എങ്കില്‍ ആയിരത്തോളം പടികള്‍ ഉണ്ടെന്നു പിന്നീടാരോ പറഞ്ഞുകേട്ടു. റോഡിനടുത്തുള്ള കനാല്‍ കണ്ടപ്പോള്‍ എല്ലാവരും ഓര്‍ത്തത്‌ പാണ്ടിപ്പടയിലെ ഹരിശ്രീ അശോകന്റെ ബാത്ത് ടാബ്ബിന്റെ കാര്യം ആയിരുന്നു. അതില്‍ ചൂണ്ടയിടുന്ന ചേട്ടനെ കണ്ടപ്പോള്‍ ശാന്തിചേച്ചിക്ക് സമാധാനം ആയി, ഒരു പക്ഷെ മീന്‍ ഒന്നും കിട്ടിയില്ലങ്കില്‍ തിരിച്ചു വരുന്ന വഴി ഇയാളോട് വാങ്ങാല്ലോ.
     മല കയറാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കണ്ട ചെക്ക് പോസ്റ്റ്‌ മുതലങ്ങോട്ടു കേരളമാണെന്ന് അശോകന്‍ സര്‍ ഒരു മുന്നറിയിപ്പ് തന്നു. തമിഴ് നാട്ടില്‍ എത്തിയപ്പോള്‍ ടപ്പേന്ന് മെസ്സേജ് അയച്ചു സ്വാഗതം ചെയ്ത ബി എസ് എന്‍ എല്‍ ഉം ഐഡിയായും   ഒന്നും പക്ഷെ കേരളത്തിലേക്ക് സ്വാഗതം ചെയ്തില്ല. മുകളിലേക്കുള്ള ഹെയര്‍ പിന്‍ വളവുകലെല്ലാം നമ്പരിട്ടു സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഒരു വലിയ സംഭവം തന്നെ.


കുംഭാവുരുട്ടി വെള്ളച്ചാട്ടം 
    പതുക്കെ പതുക്കെ ഇരുവശത്തും വന്യത കൂടി കൂടി വന്നു. തേക്ക് പ്ലാന്റെഷന്‍ നു വേണ്ടി വെട്ടിത്തെളിച്ച മലഞ്ചെരിവുകള്‍ ഇടയ്ക്കിടെ കാണാമായിരുന്നു. വഴിയില്‍ റോഡിനു നടുക്ക് കൂടി നടന്നു പോകുന്ന മയിലിനെ കാണാന്‍ വേണ്ടി വണ്ടി നിര്‍ത്തിയെങ്കിലും അതിനൊപ്പം കാട്ടിലേക്ക് കയറാന്‍ തോന്നിയില്ല. സമയം അഞ്ചു മണി ആകാറായാതെ  ഉള്ളു എങ്കിലും ചുറ്റും ചെറിയൊരു ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു. പോകുന്ന വഴി അച്ചന്‍കോവില്‍ ധര്‍മ ശാസ്താ ക്ഷേത്രവും രണ്ടു മൂന്നു ചെറിയ കോവിലുകളും കണ്ടു.  അയ്യപ്പനെ വിഷഹാരിയെന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്. രാത്രി മുഴുവന്‍ അമ്പലത്തില്‍ ഒരു പൂജാരി ഉണ്ടാകും എന്നും കാറ്റില്‍ വച്ചുണ്ടാകുന്ന വിഷം തീണ്ടലിനൊക്കെ  ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കയ്യില്‍ ഉള്ള ചന്ദനം ആണ് മരുന്നായി നല്‍കാറുള്ളത് എന്നും പറഞ്ഞത് അയ്യപ്പന്‍ ചേട്ടന്‍ ആണ്. കയ്യില്‍ ഉണ്ടായിരുന്ന ജി പി എസ് ഡിക്ടക്ടര്‍ വച്ച് നോക്കിയപ്പോള്‍ ഉയരം ഏകദേശം 1000  അടി. അടുത്ത ദിവസം വരേണ്ട സ്ഥലങ്ങള്‍ ഒക്കെ നോക്കി വയ്ക്കാന്‍ മറന്നില്ല. കൂട്ടത്തില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടവും മാര്‍ക്ക്‌ ചെയ്തു. ഏകദേശം ആര് മണിയോടെ ഞങ്ങള്‍ ഫോറെസ്റ്റ് ഡിവിഷന്‍ ഓഫിസറിന്റെ  ഓഫീസില്‍ എത്തി. തൊട്ടടുത്തുള്ള Official Rest House ഇല്‍ ആയിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്. 
ആളിത്തിരി റയര്‍ ആണേ 


കളകളം പാടിയ പാട്ടുകാരി  


മലയണ്ണാന്റെ ഏരിയ ആണ് 
     ചെന്നെത്തിയപ്പോള്‍ തന്നെ കറന്റ് വരില്ല എന്നാ ശുഭ വാര്‍ത്ത ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. രാവിലെ ചേച്ചി കണ്ട വെട്ടുകത്തി മൂപ്പന് സ്തുതി. വഴി നീളെ ഫോട്ടോയെടുത്തു ചാര്‍ജ്  തീരാറായ ക്യാമറ ഞങ്ങളെ നോക്കി ചിരിച്ചു. ബി എസ എന്‍ എല്‍ ഒഴികെയുള്ള സിം എല്ലാം കുടയും പിടിച്ചു നില്‍ക്കുന്നതല്ലാതെ കുടക്കീഴില്‍ നില്ക്കാന്‍ ആരും ഇല്ല. വീടിനു ചുറ്റുമുള്ള ഒരു കൊച്ചു വളപ്പിനപ്പുറം കറുത്ത കാട്. താഴെ എവിടെയോ ഒഴുകുന്ന നദിയുടെ കളകളാരവം. ആരും വിട്ടു കൊടുത്തില്ല. പ്രേതവും യക്ഷിയും ഒക്കെ ഇടയ്ക്കൊക്കെ സംസാരത്തില്‍ വന്നും പോയും ഇരുന്നു. വൈകിട്ട് വാച്ചര്‍ അയ്യപ്പന്‍ ചേട്ടന്‍ കാട്ടു പന്നിയെ കാട്ടിത്തന്നു. കാടിനെ പറ്റിയും അവിടെ സാധാരണ കാണാറുള്ള മൃഗങ്ങളെ പറ്റിയും മാത്രമല്ല അവയൊക്കെ പോകുന്ന വഴിയെ പറ്റി പോലും അയ്യപ്പന്‍ ചേട്ടന് അറിയാം. മുറ്റത്തെ ഉണങ്ങി നില്‍ക്കുന്ന മരത്തില്‍ രാത്രി മയിലുകള്‍ ചേക്കേരുമെന്നും  പറഞ്ഞു. രാത്രി താഴെ പോയി വാങ്ങികൊണ്ട് വന്ന ദോശയും ചമ്മന്തിയും ഒക്കെയായി ഒരു  കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ അങ്ങ് ആഘോഷിച്ചു. മലര്‍വാടി വക ബി എസ് എന്‍ എല്‍ സിമ്മില്‍ നിന്ന് കാട് കയറിയ വിവരം  കുടുംബത്തില്‍ മാത്രം അറിയിച്ചിട്ട് നേരത്തെ കിടക്കാന്‍ തുടങ്ങുമ്പോള്‍ മനസ് നിറയെ പ്രതീക്ഷയായിരുന്നു; നാളെ മുറ്റത്തെ മരത്തില്‍ കാണാന്‍ പോകുന്ന മയിലിനെ പറ്റി......      

12 comments:

Rajnath said...

കാട്ടിലെ യാത്രാ വിവരണം നന്നായിട്ടുണ്ട് ലെക്ഷ്മി...........

സീത* said...

നല്ലൊരു യാത്രാ വിവരണം ജയാ...ഫോട്ടോസും കൊള്ളാം..

Kattil Abdul Nissar said...

ഫിലിം പെട്ടിയിലൂടെ നമ്മള്‍ കാണുന്നതിനു പരി
മിതികള്‍ ഉണ്ട്.ദൂരദര്‍ശിനി യില്‍ അതില്ല. എനിക്ക് അതാണ്‌ ഇഷ്ടം .
സ്നേഹപൂര്‍വ്വം ..........

ലിനു ആര്‍ കെ നായര്‍ said...

നല്ലൊരു തിരിച്ചു വരവ് ലക്ഷ്മീ ......ഹൃദ്യമായ വിവരണം ...മനോഹരമായ ഫോട്ടോകള്‍ ...പക്ഷെ അക്ഷരങ്ങള്‍ വായിക്കാന്‍ അല്പം പ്രയാസം ഉണ്ടായി ...എന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു തുടങ്ങിയാതാണോ ആവോ ......

P V Ariel said...

മിനിലോകത്തില്‍ നിന്നും ഇവിടെയതി
വര്‍ഷാവസാനത്തിന്റെ പടിക്കല്‍ എത്തി നില്‍ക്കുന്ന
ഈയവസരത്തില്‍ ഒരു നല്ല യാത്രാ വിവരണം വായിക്കാന്‍
കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ട്. ചിത്രങ്ങളും മനോഹരം
ഒരു കുറവ് തോന്നിയത് പോലെ!
അശോകന്‍ സാര്‍ ഒപ്പം
ഉണ്ടായിരുന്നപ്പോള്‍ സഞ്ചാരികളുടെ ഒരു ചിത്രമെങ്കിലും
എടുക്കാമായിരുന്നു ഇവിടെ ചേര്‍ക്കാമായിരുന്നു
ഒപ്പം സഹ്യപര്‍വതത്തിലെ നിധികളുടെ ചിത്രങ്ങള്‍ എടുതില്ലേ
അവ വിട്ടുകളഞ്ഞത് ഒരു കുറവായി അവശേഷിക്കുന്നു.
നന്ദി നമസ്കാരം
സ്നേഹപൂര്‍വ്വം ..
വളഞ്ഞ വട്ടം പി വി ഏരിയല്‍
സെക്കന്തരാബാദ്

Sandeep A.K. said...

നല്ല കാടറിവുകള്‍ ... നന്ദിയീ യാത്രാ വിശേഷങ്ങള്‍ക്ക് കൂട്ടുകാരി...

ജയലക്ഷ്മി said...

സീത, രാജ്നാഥ് ചേട്ടാ, നിസ്സാര്‍ സര്‍, ലിനൂ, പി വി ഏരിയല്‍ സര്‍, സന്ദീപ്‌...നന്ദി ..ഈ വഴിക്ക് എത്തിയതിനും അഭിപ്രായം പങ്കു വച്ചതിനും.
ലിനു, കണ്ണാടി വയ്ക്കാറായി എന്ന ശരീരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആകും.
യാത്രികരുടെ ചിത്രങ്ങള്‍ ഇടാതിരുന്നതാണ്, വെറുതെ ഞാനായിട്ട് അവരെ പോപ്പുലര്‍ ആക്കണ്ട എന്ന് കരുതി.

P V Ariel said...

ജയലക്ഷ്മി ലിനു പറഞ്ഞ സംഗതി സത്യം തന്നെ, ലിനു, കണ്ണാടി വയ്ക്കാന്‍ സമയമായില്ല, ബ്ലോഗിന്റെ backgroundo അല്ലെങ്കില്‍ ഫോണ്ടിന്റെ നിറമോ മാറ്റണം, തിളക്കം കൂടുതല്‍, കാരണം പലരും വന്നുപോകും വായിക്കാന്‍ തുനിയില്ല. ഈ കാര്യം ശ്രദ്ധിക്കുക.

ജയലക്ഷ്മി said...

@ എരിയല്‍ സര്‍, ഇപ്പോള്‍ ശരിയായെന്നു തോന്നുന്നു. ഇനിയും പ്രശ്നം എന്ന് കണ്ടാല്‍ പറയാന്‍ മടിക്കല്ലേ. നന്ദി.

P V Ariel said...

Hi Jayalakshmi
That is good
Mark 100 out of 100
Keep it up
Will come again
Do post
Do inform
Best Regards
Philip Ariel

Sal Mavelikara said...

വിവരണം നന്നായി ലക്ഷ്മീ :) ഭാവുകങ്ങള്‍

ജയലക്ഷ്മി said...

@P V Ariel, thank you sir
@Sal mavelikkara, സാല്‍ ചേട്ടാ.. ഈയിടയായി ഈ വഴിക്ക് വരാത്തതുകൊണ്ട് കണ്ടില്ല ഈ സ്നേഹം. നന്ദി