April 30, 2011

നാഴികമണി

ഒരു നാഴികമണി ഞാനും വാങ്ങി, യെന്‍ മനസ്സിന്റെ 
കൂട്ടിലെ ശരപ്പക്ഷിക്കറിയാനീക്കാലത്തെ
എന്നുവാന്‍ കഴിയുന്നില്ലവള്‍ക്കീ മാറ്റങ്ങള്‍ തന്‍
അനന്ത പ്രവാഹത്തിന്‍ ചാലുകള്‍ അകലുമ്പോള്‍

ദിനങ്ങള്‍ കൊഴിയുമ്പോ, ളാഴ്ചകള്‍ അകലുമ്പോള്‍
നിമിഷങ്ങള്‍ എങ്ങോ പാറി പറന്നു തുടങ്ങുമ്പോള്‍
വേണമെന്നാശിച്ചു ഞാന്‍; അവയോന്നളക്കുവാന്‍
തൂലികയാലിന്നെന്‍ സമയം കുറിക്കുവാന്‍.

ഒരു നാഴികമണി വേണ, മെന്‍  കാലത്തിന്റെ 
വേരുകളകന്നതെന്നെന്നൊന്നു കണ്ടെതീടാന്‍
മാറ്റങ്ങള്‍ അറിയുവാന്‍, മനുഷ്യ നിന്നീ മണ്ണില്‍
നീറ്റലായമരുന്ന  കാലത്തിലെത്തിച്ചേരാന്‍   

ദിനരാത്രങ്ങള്‍ നീളുന്നെണ്ണുവാന്‍ കഴിയാതെ 
ദിനകനുദിക്കുന്നു, പിന്നെയുമിരുളുന്നു.
ഒരു നാളറിഞ്ഞു  ഞാന്‍, കാലമേ മാറിപ്പോയി
മൂകസാക്ഷിയായിന്നും നില്‍പ്പു ഞാന്‍ സസംഭ്രമം.

ഞാറ്റു വേലയും പാട്ടും മഴതന്നിരമ്പലും 
ഉറക്കെപ്പറഞ്ഞിടും മാസങ്ങള്‍ എവിടെപ്പോയ് ?
പൂവിളികളും തുമ്പി പെണ്ണിന്‍റെ കിന്നാരവും
പാതവക്കിലെയിളം വെയിലും എവിടെപ്പോയ്?

കാറ്റിനും കളിക്കൂട്ടുകാരനും ഒപ്പം പണ്ട്
പൂവിളിച്ചുനര്‍ത്തിയ ചിങ്ങമാസത്തെ കാണാന്‍
പൂക്കളം വരയുന്ന മുറ്റത്തെ മണലിലെന്‍
കാല്‍പ്പാടു പതിഞ്ഞൊരാ ബാല്യത്തിലെത്തിച്ചേരാന്‍

കന്നിയിളിലം വെയില്‍ മുറ്റത്തു തെളിയവെ,
ഉത്സവത്തിന്നായി കാവുകള്‍ ഉണരവേ, 
നാഗരാജാവിന്‍റെ നടയില്‍ നൂറും പാലും 
നേദിച്ചു ദൈവ പ്രീതി വരുത്തും ദിനങ്ങളും.

വെള്ളിടി വെട്ടിപ്പെയ്യും കാര്‍മുകിലണയുമ്പോ-
ളാര്‍ത്ത് പെയ്യുമ്പോള്‍, പകല്‍ വേനലുരുക്കുമ്പോള്‍
ഓര്‍ത്തു ഞാന്‍ തുലാമാസ പകലും, നിലാവതില്‍
പാലപ്പൂമണം മെല്ലെയൊഴുകും നിശകളും.

വൃശ്ചികക്കുളിരിന്റെ സ്വച്ഛമാം പ്രഭാതത്തില്‍,
തൃപ്തമായുറങ്ങിയ  ദിനങ്ങളോര്‍ക്കുന്നു ഞാന്‍.
ശരണം വിളികളാല്‍ ദിക്കുകളെല്ലാമന്നു-
ദീപ്തമായ്തീരുന്നോരാ കാഴ്ചയുമോര്‍ക്കുന്നു ഞാന്‍.  

ധനു മാസത്തിന്‍ പൂത്തിരുവാതിര രാവും,
നിത്യമാം പ്രണയത്തിന്‍ മങ്ങാത്ത കഥകളും,
ഇന്നുമെന്‍ ഹൃദയത്തിന്‍ കൂട്ടിലെ ശരപ്പക്ഷി-
യോര്‍ത്തു പാടുന്നു, നല്ല മുത്തശ്ശികഥ പോലെ.


കത്തുന്ന സൂര്യന്‍ പകല്‍ കരയെ കരിക്കുമ്പോള്‍
കൂരിരുട്ടിന്‍റെ പടം രാവിനെ പൊതിയുമ്പോള്‍
അത്ഭുത വിളക്കിന്‍റെ ജ്വാലയും പകര്‍ന്നുകോ-
ണ്ടണയും  മകരവും വഴി മാറാതെയപ്പോള്‍.


കളിതോഴന്റെ നാളും കാവിലെ തിറയുമായ്‌
കളിയാടുകയായി കാലത്തിന്‍ മാറ്റങ്ങളും
ഉത്സവം തുടങ്ങുമ്പോള്‍, നാടുണരുമ്പോള്‍ വീണ്ടും
കുംഭം എത്തുന്നു; മാമ്പൂ മണവും നിറയുന്നു.


പിറന്നാളുദിക്കുന്ന മീനത്തില്‍ ഗന്ധത്തില-
ന്നൊഴിയാതെത്തും പുതുക്കോടിയും പുന്നെല്‍ചോറും.
പിന്നെയാ പാല്‍പായസ മധുരം നാവിന്‍തുമ്പി-
ലമൃതായ് നിറയ്ക്കുന്നോരുത്സവ ദിനങ്ങളും.


പണ്ടേതോ കവിശ്രെഷ്ടന്‍ പാടിയ പൊന്‍മാമ്പഴം
പൊഴിയും മേടത്തിന്റെ പൊന്‍മഞ്ഞവെയിലിലും.
കണിയും കണിക്കൊന്ന പൂക്കളും തളികയില്‍
നന്മതന്‍ കൈനീട്ടവും പിന്‍വിളിക്കുന്നു വീണ്ടും.


ആദ്യത്തെ പള്ളിക്കൂട ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചും,
ഇത്തിരിചേറും ചെളി വെള്ളവും തെറിപ്പിച്ചും,
വന്നണഞ്ഞീടും പിന്നെ ഇടവപ്പാതി, കയ്യില്‍
നിര്‍ജലമായീടാത്ത കുംഭവും പേറിക്കൊണ്ടേ.


വന്നണയുന്നു പിന്നെ മിഥുനം, കാലത്തിന്‍റെ
കണക്കിലൊരു വര്‍ഷം കൂടിയിന്നോടുങ്ങാറായ്
പതായാമൊഴിയാറായ്, പിന്നിനിയൊരു മാസം
പാര്‍വതീ ദേവിക്കായി നല്‍കിയതാണ് ദേവന്‍.

രാമ രാമേതി ചൊല്ലും നാവിനും മനസ്സിനും
പുണ്യമായ് നിറയുന്നാ  കര്‍ക്കിട സന്ധ്യാനേരം
ആണ്ടോന്നു കഴിയുന്നു, കാലചക്രത്തിന്‍ വേഗം
അറിയുന്നിനി, വര്‍ഷം ഭൂതകാലത്തിന്‍ ബന്ധു.


ഇടവപ്പാതിയില്ല, പൊന്‍ ചിങ്ങവെയിലില്ല,
നിഴലില്ലളക്കുവാന്‍ മാത്രകള്‍, ദിനങ്ങളും.
വര്‍ഷമൊന്നൊടുങ്ങവേ നിശ്ചലം നില്‍പ്പൂ ഞാനീ-
നാളെ തന്‍ പടിപ്പുരവാതിലില്‍ അഴലോടെ...

April 24, 2011

END - O - SULPHAN

 "Pesticides don't know when to stop killing"


     കേരളത്തില്‍ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രൂപം കൊണ്ട് അധികനാള്‍ ആകുന്നതിനു മുന്‍പ് തന്നെ പത്രത്താളുകളില്‍ മനുഷ്യത്വത്തിന്റെ കരള്‍ പിളര്‍ക്കുന്ന കാഴ്ചകളുമായി നിറഞ്ഞു തുടങ്ങിയതാണ്‌ കാസര്‍കോട്.കാര്‍ഷിക മേഖല നമ്മുടെ തനിമ എന്ന് വിളിച്ചോതി അഭിമാന പുളകിതരാകുന്ന കേരളീയര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നം ആയി നില്‍ക്കുന്നു , കാസര്‍കോട് ജില്ലയിലെ ബദിയടുക്ക ഉള്‍പ്പടെയുള്ള പത്തോളം ഗ്രാമങ്ങള്‍. കശുമാവിന്റെ കലവറയാകാന്‍  വേണ്ടി ബലികൊടുക്കപ്പെട്ട ജീവിതങ്ങള്‍.
    1993 മുതല്‍ തന്നെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഇത്രയും കാലമായി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കണക്കെടുപ്പുകളും അല്ലാതെ ഇനി വരുന്ന തലമുറയെ എങ്കിലും യാതനയുടെ ലോകത്തിലേക്ക്‌ തള്ളി വിടാതിരിക്കാനുള്ള ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. ഉറങ്ങി കിടക്കുന്നവരല്ല ഭരണാധികാരികള്‍...ഇപ്പോള്‍ ഉറക്കം നടിക്കുന്നവരാണ്.
   ദൂഷ്യ വശങ്ങള്‍ ഉണ്ടാകുന്നു എന്ന് കണ്ടാല്‍  അത് സംശയം ആണെങ്കില്‍ പോലും അങ്ങനെയുള്ള രാസ വസ്തുക്കളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാനുള്ള നടപടിയെടുക്കുകയല്ലേ ആദ്യം വേണ്ടത്? അതിനു ശേഷം മതിയല്ലോ സംശയ ദൂരീകരണങ്ങളും പ്രശ്നം നോക്കിക്കാനലും..മുതലായ ചടങ്ങുകള്‍. താമസിക്കുന്ന ഓരോ നിമിഷവും നഷ്ടമാകുന്നത് ഒരു ജീവനാണെന്നു ചിന്തിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം നീളുന്ന പരീക്ഷണങ്ങള്‍ അവസാനം ഞെട്ടിക്കുന്ന ആ വിവരം കണ്ടെത്തി..എന്‍ഡോ സള്‍ഫാന്‍ വെറും പാവം. തെറ്റുകാര്‍ അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരാണ്, അവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യ സ്നേഹികളാണ്.അവിടെ താമസിക്കുന്നതിനു പകരം ഏതെങ്കിലും റോയല്‍ ഹോട്ടലില്‍ ഒരു റൂം എടുത്തു താമസിക്കരുതോ എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.
   ഇപ്പോഴും ഈ മാരക കീടനാശിനി  പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നു , പ്രത്യേകിച്ചു ഒരു നിയന്ത്രണമോ മുന്‍കരുതലോ ഇല്ലാതെ. മരിക്കാന്‍ ഉള്ളവര്‍ മരിക്കട്ടെ, കുറേകൂടി തെളിവുകള്‍ ആകും എന്ന് ചിന്തിക്കുന്നവരെ, അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ളവര്‍ ആണെങ്കിലും , ന്യായീകരിക്കുന്നത് കാടത്തം തന്നെ.
നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
     ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടായി, ഓരോ കാലത്തിലും. അതിലേറെയും പ്രാവര്‍ത്തികം ആക്കിക്കഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. കാസര്‍കോട് ജില്ലയിലെ പത്തു ഗ്രാമങ്ങളില്‍ തുടങ്ങിയ മാനവരാശിയുടെ ഈ വിപത്ത് ഇന്ത്യ മുഴുവന്‍ പടരുന്നത്‌ നിഷ്ബ്ധരായി നോക്കിനില്‍ക്കേണ്ടി   വരാതിരിക്കാന്‍ ...
നമ്മുടെയൊക്കെ കണ്ണ് നിറയിച്ച ചിത്രങ്ങള്‍ നാളെ അവരുടെ മനസ്സില്‍ ഒരു നിമിഷം എങ്കിലും ഓര്‍മ്മ വന്നിരുന്നെങ്കില്‍.....
നാളെ (ഏപ്രില്‍ 25)എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ദിനം....
എല്ലാ വ്യത്യസ്തതകള്‍ക്കും അപ്പുറം മനുഷ്യത്വത്തിന്റെ കോടിക്ക് കീഴില്‍ കേരളം  അണിനിരക്കുന്നു....
നമുക്കും ചേരാം....
    

April 23, 2011

എന്‍റെ കരളിലാരോ


ഞാനറിയാതെന്റെ കരളിലാരോ..
നേര്‍ത്തോരാ  ശബ്ദമായ്; മൃദു-
സ്പന്ദന സ്പര്‍ശമായ്,
കൂരിരുട്ടില്‍ ജ്ഞാന ദീപ്തിയായിടറുന്ന 
കാല്‍ വെയ്പ്പിലെവിടെയോ താങ്ങായ്-
ക്കിതയ്ക്കവേ കുടിനീരുമായ്, പിന്നെ 
വഴി തെറ്റി മാറവേ വഴിവിളക്കായിന്നു-
വിളി കേള്‍ക്കെ മാറ്റൊലിയായ്; ക്കാറ്റടിക്കവേ 
യൊരു കൊച്ചു കയ്യായ്, തിളങ്ങുന്ന താരമായ്‌,
നിറയെച്ചിരിക്കവേ കണ്ണീരുമായി, കര-
ഞ്ഞിടറവേ ചുണ്ടിലരിയോരാ ഹാസമായ്
വഴി മൂടവേ മുന്നിലഗ്നിയാ; യിതു വെറും
കളിയെന്നു ചൊല്ലവേ പ്രത്യക്ഷമായ്...

പറയാന്‍ കഴിയില്ലയെങ്കിലും ഇന്നെന്റെ
കരളിലാരോ...April 22, 2011

Spent a little time to read this...

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ..
ഈ വഴിക്കൊന്നു പോകാന്‍ മറക്കരുതേ...


April 19, 2011

Hum Honge Kamyab

ലോകം ഒന്നാവട്ടെ...

ന്‍റെ പ്രണയം

നിക്കറിയാം...ആ മനസ്സ്.....
ഉടന്‍ വിവാഹിതരാകുന്നു ന്നും പറഞ്ഞു വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി ഉണ്ടാക്കിയെടുത്ത ലിസ്റ്റിന്റെ തുമ്പത്ത്, കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍ക്കുമ്പോള്‍ ഇവള്‍ക്കെന്താ വട്ടാണോ, എന്നല്ലേ ചിന്തിക്കുന്നത്??
വടിയെടുക്കാന്‍ പോനെനു മുന്‍പ് ഒന്നൂടി പറഞ്ഞോട്ടെ ചെങ്ങാതീ...
ഇത് ഈ ജന്മത്തിലെക്കുള്ളതല്ല. വരാന്‍ പോന്ന ജന്മത്തിലേക്കു വേണ്ടി മുകളില്‍ ഇരിക്കുന്ന സാക്ഷാല്‍ കൃഷ്ണന് മുന്‍കൂറായി അയക്കുന്ന ഒരു നിവേദനക്കുറിപ്പാ...
അന്ന് മൂപ്പര്‍ പറയരുതല്ലോ നീ ഇതെന്താ നേരത്തെ പറയാഞ്ഞേ എന്ന്...


ന്തായാലും ഐശ്വര്യായിട്ടങ്ങു തുടങ്ങാം...
ന്‍റെ ഭഗവാനേ... കൃഷ്ണാ...
"LKG പരുവതിലുള്ളപ്പോള്‍ തന്നെ പത്തായിരതഞ്ഞൂര്  ഗോപികമാരെ വളച്ചെടുത്ത അങ്ങ് അടുത്ത ജന്മത്തിലെങ്കിലും നിക്ക് ഒരേ ഒരു കൊച്ചു കൃഷ്ണനെ ഒന്ന് ലൈനടിച്ച്‌ കെട്ടാന്‍ ഒപ്പിച്ചു തരണേ...."

പാവം കൊച്ചല്ലേ, നമ്മുടെ ആളല്ലേ...സമ്മതിചേക്കാം ന്നൊക്കെ കരുതി പെട്ടന്ന് കേറി ഒപ്പിട്ടു പാസ്സാക്കാന്‍ വരട്ടെ....
ഡിമാന്ടുകള്‍ പിന്നാലെ തന്നെയുണ്ട്....


ഡിമാണ്ട് 1 :

മിനിമം ഒരു feeding bottle പ്രായതിലെങ്കിലും പരസ്പരം കണ്ടിരിക്കണം. പശ്ചാത്തല സംഗീതം ഇരയിമ്മന്‍ തമ്പിയുടെ "ഓമനത്തിങ്കള്‍ കിടാവോ.." ആയിക്കോട്ടെ. നമ്മടെ ടിന്റുമോന്റെ സ്വന്തം ഡുണ്ടുമോളെ പോലെ.ഒരു UKG- LKG പ്രണയം.
   സംഭവം ഇത്തിരി റിസ്ക്‌ തന്നെ. കൂടെ നടക്കുന്നവന്‍ Bill gates ആകുമോ അതോ വെറും ഗേറ്റ് കീപ്പര്‍ ആകുമോ എന്നൊന്നും പ്രവചിക്കാന്‍ പറ്റില്ലല്ലോ..
അതുപോലെ തന്നെ തിരിച്ചും...
അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ..
എന്തായാലും ഇമ്മിണി ബല്യ കുട്ടി ആകുന്ന വരെയെങ്കിലും നിഷ്കളങ്കായി ഒന്ന് സ്നേഹിക്കാല്ലോ...അടിത്തറ ഭദ്രം.

ഡിമാണ്ട് 2 :


പഞ്ചഭൂതങ്ങള്‍ മാത്രം അറിഞ്ഞു പ്രണയിക്കാനൊന്നും വയ്യ. വല്ലപ്പോഴും  ഒന്ന് കാണുമ്പോള്‍ നാട്ടുകാരെ പേടിച്ചു മുണ്ടാണ്ടിരിക്കാന്‍ പറ്റാതോണ്ടാ...
വീട്ടുകാരും നാട്ടുകാരും പഞ്ചായത്തും (ന്നി അടുത്ത ജന്മത്തില്‍ വെല്ല മുനിസിപ്പാലിറ്റിയിലോ  കോര്‍പ്പറേഷനിലോ  ആണ് ജനിക്കുന്നതെങ്കില്‍ അവരും) പറ്റുമെങ്കില്‍ ബാക്ടീരിയ മുതല്‍ പ്രൈമേറ്റ്സ് വരെ അറിഞ്ഞു വിശാലായങ്ങു പ്രേമിക്കണം.

ഓടയുടെ മുകളിലെ സ്ലാബിന്റെ വീതി നോക്കി നടക്കുമ്പോഴും, പാര്‍ക്ക് ബെഞ്ചില്‍ , മരത്തിലിരിക്കുന്ന കാക്കയുടെ പൊസിഷന്‍ നോക്കിയിരിക്കുമ്പോഴും ഒക്കെ കാണുന്ന പട്ടിയും പൂച്ചയും വരെ പറയണം...."അതെ, അവന്റെ പെണ്ണാ" ന്നു...ഹോ, അത് കേള്‍ക്കുമ്പോഴുള്ള സുഖം....പറഞ്ഞാ തീരൂല്ല.

ഡിമാണ്ട് 3:

 ഈ പ്രേമം  പ്രേമം ന്നും പറഞ്ഞു പ്രേമിക്കാന്‍ ഒന്നും ഒരു രസമില്ല.നേരം വെളുത്താലും ഇരുട്ടിയാലും മൊബൈലും മിസ്സ്ഡ് കോളും ഒക്കെയായി ഓര്‍മ്മിപ്പിചിരിക്കുന്നത് ഒരു മെനക്കെട്ട പണി തന്നെ. "നീ എന്നെ ഓര്‍ത്തോ?", "പ്രാണനാഥാ " വക പഞ്ചാരകളിലും, പിന്നെ വഴിയെ പോന്നോരെ ഒന്ന് നോക്കിപ്പോയാല്‍ തകരുന്ന വിശ്വാസത്തിലും ഒന്നും  വല്യ വിലയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. എന്നെ അങ്ങു അറിഞ്ഞോണ്ടാ മതി... അല്ല പിന്നെ.


പ്രേമിക്കാന്‍ പോകുവാന്നു പറഞ്ഞു പുതിയ മുഖംമൂടിയൊക്കെ ഉണ്ടാക്കി ഇറങ്ങുന്നവരെ വേണ്ട... കയ്യിലുള്ള ധീര സാഹസിക പ്രവര്‍ത്തികളൊക്കെ പരസ്പരം അറിഞ്ഞു മതി. "വിശ്വാസം അതല്ലേ എല്ലാം" ആ ലൈനല്ല..ശങ്കര്‍ സിമന്റിന്‍റെ "തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" അതാ എന്‍റെ പോളിസി. 

ഡിമാണ്ട് 4 :ഈ ജന്മത്തില്‍ നീ തന്ന അച്ഛനും അമ്മയും 'മഹാപാര' സഹോദരനും അടുത്ത ജന്മത്തിലും ഇതുപോലെ തന്നെ എന്‍റെ കൂടെ ഉണ്ടാകാന്‍ അനുവദിക്കണം.എന്‍റെ കയ്യീന്ന് രക്ഷപെടാന്‍ വേണ്ടി അട്ടയായിട്ടു ജനിക്കാന്നു വരെ കുട്ടന്‍ പറഞ്ഞെന്നിരിക്കും. നീ അതൊന്നും മൈന്റണ്ടാ...

ആദ്യായിട്ട് സ്കൂളിലെ പേരറിയാത്ത സഹപാടി എനിക്കയച്ച പ്രണയ ലേഖനം വായിച്ചു, അക്ഷരത്തെറ്റിന്റെ അടിയില്‍ ചുവന്ന മഷിപ്പേന കൊണ്ട് വരച്ച പാര്‍ടികള...വിട്ടുകളയാന്‍ ഒക്കുമോ???
"ഞാന്‍ പഠിപ്പിക്കുമ്പോള്‍ അവനു ഇതിലും നന്നായി എഴുതാന്‍ അറിയാരുന്നു", എന്ന അന്നത്തെ കമന്റ് ഇപ്പോഴും മറന്നിട്ടില്ല.

അല്ലയോ പ്രിയപ്പെട്ട കുടുംബമേ....
നിങ്ങളില്ലാതെ എന്ത് ആഘോഷം?????
(കടപ്പാട്: ലാലേട്ടന്‍)

ഹലോ...വായിച്ചു വായിച്ചു ഉറങ്ങിപ്പോയോ????

ഡിമാണ്ട് ഒക്കെ തീര്‍ന്നു....

അവസാനമായി ഒരു ഭീഷണി കൂടി...

ഇത്രയൊക്കെ ആക്കി വച്ചിട്ട് അവസാനം കെട്ടാന്‍ നോക്കുമ്പോള്‍ "നടക്കില്ല മോളെ " ന്നെങ്ങാനും പറയാനാണ് കള്ള കൃഷ്ണാ നിന്‍റെ പരിപാടി എങ്കില്‍, ന്നി വേഷം മാറി പാലാഴീല്‍ പോയോളിച്ചാലും  ശരി...ഉന്നെ വിടമാട്ടെ....
കൃഷ്ണനാനെന്നും ഒന്നും അപ്പോള്‍ നോക്കൂല്ല...
ഇത് സത്യം സത്യം അമ്മയാണെ സത്യം....
ബഹുമാനപുരസരം...
ഞാന്‍...


April 17, 2011

വഴിയോരക്കാഴ്ചകള്‍

       ആകെയൊരു നാട്ടിന്‍പുറത്തിന്റെ ഭംഗിയാണ് എന്‍റെ നാടായ പള്ളിക്കലിനു.അതുകൊണ്ട് തന്നെ എന്തിനും ഏതിനും അടൂരിലേക്ക് പോകാനുള്ള ഒരു പ്രവണത എന്നും പള്ളിക്കല്‍, പയ്യനല്ലൂര്‍ നിവാസികള്‍ക്കുണ്ട്. ശ്രീ പാര്‍ത്ഥ സാരഥിയുടെ സ്വന്തം മണ്ണായ അടൂരിലേക്ക് വിരളമായി മാത്രം എത്തിപ്പെടുന്ന ഒരു അതിഥിയാണ് ഞാന്‍.          ഏറെ പരിചിതമായ മുഖങ്ങളും സ്ഥാപനങ്ങളും ഒന്നും അവിടെ ഇല്ലാത്തതുകൊണ്ടാകാം, അടൂര്‍ യാത്രകള്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ.രാവിലെ ഒന്‍പതു മണിക്ക് പള്ളിക്കല്‍ നിന്നുള്ള 'നമശിവായ' ബസില്‍ കയറിപ്പറ്റിയാല്‍ 9 .20 നു അടൂരെത്തും. പാര്‍ത്ഥ സാരഥി ക്ഷേത്രമാണ് ആദ്യത്തെ ലക്‌ഷ്യം. കൃഷ്ണനോടുള്ള ഇഷ്ടം കുറച്ചു കൂടുതലായതുകൊണ്ട് അവിടെ ചെന്ന് സുഖവിവരങ്ങള്‍ തിരക്കതിരിക്കാന്‍ തോന്നാറില്ല. മൂന്നു നിറങ്ങളില്‍ ഉള്ള ആമ്പല്‍പൂക്കള്‍ വിരിയുന്ന അമ്പലക്കുളവും, അതിന്റെ പടവുകളും, ഗോപുരവും ഒക്കെകൂടി അമ്പലത്തിനു ഒരു പ്രൌഡി തന്നെയാണ്.മഹാഭാരത യുദ്ധത്തില്‍ കര്‍മ്മം മറന്നു നിന്ന അര്‍ജുനന് 'മാര്‍ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം' എന്ന് എന്ന് ഉപദേശിച്ച പാര്‍ത്ഥ സാരഥിയാണ് പ്രതിഷ്ഠ.ഒരു ദര്‍ശനം കൊണ്ട് മനസ്സില്‍ നിറയുന്ന ചൈതന്യമുള്ള വിഗ്രഹം. അതുകൊണ്ട് തന്നെ അമ്പലദര്‍ശനം ഒഴിവാക്കാറില്ല.
      ഒരുപക്ഷെ പറ്റിയില്ലെങ്കില്‍ , റോഡരുകില്‍ ഉള്ള കാണിക്കവഞ്ചിയില്‍ ഒരു നാണയം എങ്കിലും ഇടാറുണ്ട്. വഞ്ചിക്കു ചുറ്റും വഴിയോര കച്ചവടക്കാര്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ഒരു കൊച്ചു സഹായിയെ കണ്ടെത്തി,കാണിക്ക ഇടാന്‍. പേര് മിന്നു, നാലാം ക്ലാസില്‍ പഠിക്കുന്നു.അവിടെ കുടയും ചെരിപ്പും ഒക്കെ നന്നാക്കാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തിലെ ഒരു ചേച്ചിയുടെ മകളാണ്. എന്നെ ദൂരെ കാണുമ്പോള്‍ തന്നെ ഓടിവരുന്ന അവള്‍ക്കു കൊടുക്കാന്‍ ചിലപ്പോഴൊക്കെ ഒരു മിഠായി കയ്യില്‍ കരുതാറുണ്ട്‌.
    കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെരുപ്പ് തൈപ്പിക്കാനായി അവിടെ ചെന്നപ്പോള്‍ മിന്നു നല്ല തിരക്കില്‍.ഓടിവന്നു നാണയം വാങ്ങി വഞ്ചിയില്‍ ഇട്ടു. മിഠായിയെപ്പറ്റി ചോദിച്ചത് പോലും ഇല്ല. ആള്‍ അവിടെ നില്‍ക്കുന്ന നാട്ടുമാവിന്റെ ചുവട്ടിലാണ് സദാസമയവും. മാങ്ങ പഴുത പൊഴിഞ്ഞു തുടങ്ങി. മിന്നുവിന്റെ അമ്മ അവള്‍ക്കു ഒരു സഞ്ചി തന്നെ കൊടുക്കേണ്ടിവന്നു, മാമ്പഴം പെറുക്കാന്‍.
    ഇടയ്ക്ക് കുറച്ചു സമയം കണ്ടെത്തി മിന്നു വന്നു, കഥകള്‍ പറയാന്‍. പിന്നെ ഒരു recomendation കൂടി, "ചേച്ചിയെ എളുപ്പം വിടണേ അമ്മെ" ന്നു. പറഞ്ഞു തുടങ്ഗ്യപ്പോഴേക്കും രണ്ടു മാമ്പഴം പൊഴിഞ്ഞു വീണു.കുട നന്നാക്കാന്‍ ഇരിക്കുന്ന വേറൊരാള്‍ കൂടി വന്നെങ്കിലും അയാള്‍ക്ക്‌ മുന്‍പേ അവള്‍ അത് രണ്ടും കൈക്കലാക്കി. അയാളും വിട്ടുകൊടുത്തില്ല. കയ്യില്‍ പിടിച്ചുനിര്‍ത്തി വാങ്ങാനായി ശ്രമം.മിന്നുവിന്റെ അമ്മ, പക്ഷെ അയാളെ വിലക്കി. മാമ്പഴം രണ്ടും അയാള്‍ക്ക്‌ കൊടുത്തിട്ട് മിന്നുവിനെയും വിളിച്ചു തിരിച്ചുവന്നു.
        "മാങ്ങ വേണേല്‍ അവളോട്‌ ചോദിച്ചാല്‍ മതി, തന്നിലെങ്കില്‍ എന്നോട് പറഞ്ഞോ. കുട്ടിയുടെ ദേഹത്ത് തൊട്ടു കളിക്കണ്ട." മിന്നുവിന്റെ അമ്മ അയാളോട് പറഞ്ഞു. മിന്നുവിനും കിട്ടി കുറച്ചു വഴക്ക്.
   തിരിച്ചു വന്നിരുന്ന് ചെരുപ്പ് തുന്നുന്നതിനിടയില്‍ അവര്‍ വിഷമം "ഇവരെയാരെയും വിശ്വസിക്കാന്‍ പറ്റില്ല മോളെ. ജീവിക്കാന്‍ വേണ്ടിയാ ഈ കൊച്ചിനെയും കൊണ്ട് ഇവിടെ വന്നിരിക്കുന്നത്. ആരെയ ഇക്കാലത്ത് വിശ്വസിക്കുക?."
"നാളെ ഇവിടെയെന്തെങ്കിലും ഇല്ലെങ്കില്‍ ഞാന്‍ അവനോടു ചോദിക്കേണ്ടി വരും. പക്ഷെ അതിനുവേണ്ടി.."
പിന്നെ അവരൊന്നും പറഞ്ഞില്ല. എനിക്കും പറയാന്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അപ്പോള്‍ ഒര്തതെല്ലാം ആ അമ്മയെ കുറിച്ചായിരുന്നു.'മിന്നുവിന്റെ അമ്മ' എന്നുമാത്രം ഞാന്‍ കരുതിയ അവര്‍ക്ക് ആദ്യമായി ഒരു വ്യക്തിത്വം ഉണ്ടാവുകയായിരുന്നു, എന്‍റെ മനസ്സില്‍....
 തിരിച്ചു പോരുമ്പോള്‍ ബാക്കി തന്ന 20 രൂപയില്‍ പത്തു രൂപ അവള്‍ക്കു ബാലരമ വാങ്ങാന്‍ കൊടുത്തു. അമ്മയുടെ അടുത്തിരുന്നു വായിക്കണം എന്ന് പറഞ്ഞപ്പോള്‍ അവരെന്ന നോക്കി ചിരിച്ചു.

എനിക്ക് ചുറ്റും കാവലായി നില്‍ക്കുന്ന കുറെ മുഖങ്ങള്‍ ആയിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍....

April 15, 2011

നിനക്ക്....നിനക്കുമാത്രം.


വിരിയാന്‍ തുടങ്ങുന്ന എന്‍റെ പനിനീര്‍പൂവ് നിനക്കായ് ഞാന്‍ ഒളിച്ചു വച്ചു...
അതെന്‍റെ ഹൃദയമായിരുന്നു...
രക്ത തുള്ളികള്‍ ഇറ്റുവീഴാതെ ഞാന്‍ പറിച്ചെടുത്ത എന്‍റെ ഹൃദയം!
ചെപ്പില്‍ അടച്ചുവച്ച ആ വളപ്പൊട്ടുകളും നിനക്കുള്ള ഉപഹാരങ്ങള്‍ ആയിരുന്നു....
എന്‍റെ സ്വപ്‌നങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തിയ വളപ്പൊട്ടുകള്‍.... 
അവ മറ്റാര്‍ക്ക് നല്‍കാന്‍?
എന്‍റെ കയ്യിലെ മഞ്ചാടിമണികളും നിനക്കുവേണ്ടിയായിരുന്നു...
ബാല്യം എന്നില്‍ മറന്നുവച്ച കുസൃതികള്‍....
നീയവ തിരിച്ചറിയും എന്ന് ഞാന്‍ കരുതി. 
പിന്നെ...
ആര്‍ക്കും നല്‍ക്കാത്ത മനസിലെവിടെയോ ഒളിപ്പിച്ച ആ കൊച്ചു വിളക്കുമായി ഞാന്‍ കാത്തുനിന്നു,
എന്നെങ്കിലും ഒരിക്കല്‍ നീ കൊളുത്തുന്ന ജ്വാല എന്നില്‍ ജീവനായി നിറയുന്നതും കാത്ത്.....
 പക്ഷെ,
നീ തിരിച്ചുനടന്നു..
പിന്‍വിളിച്ചത് എന്‍റെ മനസായിരുന്നു,
നീയാ വിളി കേട്ടില്ല....
അകലങ്ങളില്‍ എവിടെയോ നീ കൂട്ടിയ കൂട്ടിലേക്ക് നടന്നകന്നു പോയി...
പിന്തിരിഞ്ഞൊന്നു നോക്കുമെന്ന് കരുതി...
കണ്ണുകള്‍ ഇമചിമ്മാന്‍ പോലും മടിച്ചുനിന്നു...
ഹൃദയം; ഒന്ന് മിടിക്കാനും...
നീ വന്നില്ല....
ഇനി...
എന്‍റെ കൈവെള്ളയില്‍ നിധിപോലെ സൂക്ഷിച്ച ഇത്തിരി കുങ്കുമം....
മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന ആ നിറം മായ്ക്കാനൊരു പേമാരി പെയ്തൊഴിഞ്ഞെങ്കില്‍....

April 14, 2011

വിഷു ആശംസകളോടെ...

മുറ്റത്ത്‌ മഞ്ഞ പട്ടു വിരിക്കുന്ന കണിക്കൊന്നയും..
തൊടിയിലെ ഫല സമൃദ്ധിയായി ചക്കയും മാങ്ങയും കണിവെള്ളരിയും...
മനസിനെ കാട്ടുന്ന മുഖം പോലെ കളങ്കം അറ്റ വാല്‍കണ്ണാടിയും...
ധന സമൃദ്ധിക്കായി നാണയങ്ങളും..
ഐശ്വര്യത്തിന്റെ പട്ടും സ്വര്‍ണ്ണവും നാണയങ്ങളും...

അങ്ങനെ ഭൌതികസമ്പത്തിന്റെ ഓട്ടുരുളി.....

ജ്ഞാനത്തിന്റെ ജ്യോതിസ്സായി നിലവിളക്കും...

ആത്മസമ്പത്തായി കൃഷ്ണവിഗ്രഹവും...


മൂടിപ്പുതച്ചുറങ്ങുന്ന പുലര്‍കാലത്തില്‍ അമ്മയുടെ സ്നേഹം നിറഞ്ഞ വിളി കേട്ടുണര്‍ന്നു....
 ആ തണുത്ത കൈപ്പത്തി കണ്ണുകളെ മൂടുമ്പോള്‍ അറിയുന്ന സ്നേഹത്തിന്റെ കരുതലും...
കണ്ണ് തുറക്കുമ്പോള്‍ നിലവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ തെളിയുന്ന അത്ഭുത കാഴ്ചകളും...
തൊഴുതു നില്‍ക്കുമ്പോള്‍ അച്ഛന്‍ കൈകളില്‍ വച്ചുതരുന്ന വിഷുക്കൈനീട്ടവും...
വീണ്ടും മൂടിപ്പുതച്ച്  ഉറങ്ങാന്‍ പുതപ്പിനടിയിലേക്കു നുഴഞ്ഞു കയറുമ്പോള്‍ ഒറ്റിക്കൊടുക്കുന്ന കുഞ്ഞനിയന്റെ കുസൃതികളും...
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം എന്‍റെ വിഷുക്കാലം മാഞ്ഞു പോവാതിരിക്കട്ടെ.....

വരുന്ന വര്‍ഷത്തില്‍ നന്മയുടെയും നേട്ടങ്ങളുടെയും ഐശ്വര്യത്തിന്റെയും  വെളിച്ചമാകാന്‍ വീണ്ടും വിഷു എത്തുമ്പോള്‍...

വിഷു ആശംസകള്‍...

സ്നേഹപൂര്‍വ്വം..


April 05, 2011

വേനലവധി

മഴ പെയ്യുകയാണ്..വീണ്ടും..
    കത്തിക്കാളുന്ന വെയിലിന്‍റെ ചൂടില്‍, സാന്ത്വനമായി പെയ്യുന്ന മഴ. വൈകും നേരങ്ങളിലെ ഇളവെയിലിനെ മറച്ചുവെച്ച്, തൊടിയിലും മുറ്റത്തും, പുതുമഴയുടെ സുഗന്ധവുമായി മനസിലും നിറഞ്ഞു പെയ്യുന്ന ഈ വേനല്‍മഴ.....

    വേനലവധി ദിനങ്ങളുടെ ഓര്‍മകളില്‍ ആദ്യം എത്തുന്നത്‌ ഉത്സവവും പിറന്നാളും പിന്നെ ആറാട്ട്‌ ദിവസം തകര്‍ത്തു പെയ്യുന്ന ഈ വേനല്‍ മഴയും ആണ്. ഉത്സവത്തിനടുതാണ് പിറന്നാള്‍. അതുകൊണ്ട് രണ്ടു ജോഡി പുത്തനുടുപ്പു കിട്ടും സ്കൂള്‍ അടയ്ക്കുമ്പോള്‍. സ്കൂളില്‍ പോകണ്ടാതതുകൊണ്ട് ഇടാനും പറ്റില്ല. എങ്കിലും എന്നും കുളികഴിഞ്ഞു വന്നാല്‍ ഉടുപ്പിന്‍റെ പുതുമണം ആസ്വദിക്കാന്‍ മറക്കില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ പുത്തനുടുപ്പു ഇടാന്‍ കിട്ടുന്ന അവസരമാണ് ആറാട്ട്‌.
    ഇനിയൊരു സുഗന്ധം കൂടിയുണ്ട് മീനമാസത്തിന്‌. മുറ്റത്ത്‌ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മുല്ലയിലെ മുല്ലപ്പൂവിന്‍റെ ഗന്ധം.എന്നും വൈകിട്ട് കുഞ്ഞിപ്പെണ്ണ് (അച്ഛന്‍റെ വീടിനടുത്തുള്ള സ്ത്രീ) നെയ്തുതന്ന കുഞ്ഞികുട്ടയുമായി ചെന്ന് മുല്ലമൊട്ടു ഇറുക്കുന്നതും രാത്രിയാകുന്നതിനു മുന്‍പേ മാലകെട്ടി മരക്കൊമ്പതു  വയ്ക്കുന്നതും നിത്യവൃത്തി ആയിരുന്നു. അവിടംകൊണ്ട് അവസാനിക്കില്ല മുല്ലപ്പൂ സ്നേഹം. രാവിലെ കുളികഴിഞ്ഞാല്‍ പിന്നെ അത് മുഴുവന്‍ എന്‍റെ ഇത്തിരിമുടി കാണാത്തവിധം തലയില്‍ വയ്ക്കുന്ന പരിപാടിയും ഉണ്ട്.
ഓര്‍മകളില്‍ ഒരു മുല്ല പൂത്ത സുഗന്ധം....
    എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാത്ത ഒരു ദുഷ്ടയായിരുന്നു എന്ന്. ഉദാഹരണകഥകള്‍ ധാരാളം.എന്‍റെ സമ്പദ്യതിലെ കുപ്പിവളകളും, മഞ്ചാടി മണികളും കുന്നിക്കുരുവും മയില്‍പീലിയും ഒന്നും വിട്ടുകളയാന്‍ ഞാന്‍ അത്ര മണ്ടിയൊന്നും ആയിരുന്നില്ല.പിന്നെ എന്‍റെ പാവക്കുട്ടികളും. പക്ഷെ മുറ്റത്ത്‌ നില്‍ക്കുന്ന ചെടിയിലെ പൂവ് പറിച്ചാല്‍ ചെടിക്ക് വിഷമം ആകും എന്ന് വല്യച്ഛന്‍ പറഞ്ഞപ്പോള്‍ പക്ഷെ എനിക്ക് മനസിലായി, ബലൂണ്‍ വാങ്ങണ്ട അത് പൊട്ടും എന്ന് അച്ഛന്‍ പറഞ്ഞപ്പോഴും...


   പിന്നെ തെളിയുന്ന ചിത്രം വെളുപ്പിനെ അമ്പലത്തില്‍ തൊഴുതു നില്‍ക്കുന്ന ഒരു കുട്ടിയുടുപ്പുകാരിയുടെതാണ്. കാലില്‍ കിലുങ്ങുന്ന പാദസരവും, കൈ നിറയെ തോന്നിയത് പോലൊക്കെ വാരിയിട്ട കുപ്പിവളകളും, കണ്പോളയില്‍ നിറയെ കരിമഷിയും...മീനമാസത്തിലെ അശ്വതിക്കും, പിന്നെ വിജയദശമിക്കും മാത്രമാണ് ഈ ദൃശ്യം. രാവിലെ നടത്തുന്ന ഗണപതിഹവനം കാണാനുള്ള നില്‍പ്പാണ്. പോയി  കണ്ടില്ലെങ്കില്‍  ഗണപതി ഭഗവാന്‍ ആനയായി വന്നു പേടിപ്പിക്കും എന്ന് പറഞ്ഞാല്‍ പിന്നെ ആരാ പോകാതെ?
    വേനലവധി വിശേഷങ്ങളില്‍ കുറച്ചു യാത്രകളും ഉണ്ട്. ഒന്ന് അച്ഛന്റെ കുടുംബവീടായ പ്ലാംതോട്ടത്തെക്കും പിന്നൊന്ന് അമ്മവീടായ മുല്ലക്കലേക്കും.പ്ലാംതോട്ടത്ത് രണ്ടു ചേട്ടന്മാരാണ് ഉള്ള്ളത്. 'ലക്ഷ്മി' ന്നും 'മോളെ' ന്നും ഒക്കെ വിളിക്കുന്ന അവരെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. വീടിന്‍റെ മച്ചിലും കണിക്കൊന്നയുടെ കൊമ്പത്തും കയറുന്ന അവരെ കണ്ടുകൊണ്ടിരിക്കുക എന്നതായിരുന്നു എന്‍റെ വിനോദം. വൈകിട്ട് ചെന്നാല്‍ പിന്നെ അടുത്ത ദിവസം ഉച്ച കഴിഞ്ഞാണ് മടക്കയാത്ര. രാവിലെ വലിയമ്മയുടെ വക ഒരുക്കും, കണ്ണെഴുതും, പിന്നെ നിന്‍റെ മൂക്ക് കുത്തിക്കട്ടെ എന്ന ചോദ്യവും. അതാണൊരു പേടി..
   മുല്ലക്കലെക്കുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പമാണ്. അവിടെ അമ്മാവന്‍റെ മകന്‍ ഉണ്ണിയുണ്ട്. അപ്പുപ്പന്‍ നല്ല അറിവുള്ള ആളായിരുന്നു. മലയാളവും സംസ്കൃതവും ലോക കാര്യങ്ങളും ഒക്കെ കേട്ടിരിക്കുന്നതാണ് പാട്. പിന്നെ ഇടക്കിടക്കുള്ള കേട്ടെഴുതുകളും. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്നെപോലൊരു പീക്കിരി എങ്ങനെ ' ധൃഷ്ടധ്യുംനന്‍' എന്നൊക്കെ എഴുത്തും??? 'വിസര്‍ഗം എവിടെ?' എന്ന് ചോദിച്ചാല്‍ അച്ഛന്റെ പോക്കറ്റില്‍ നോക്കുന്ന പരുവം. എങ്കിലും " കുമ്പഴയപ്പുപ്പന്‍ എന്റെതാ" എന്ന് പറഞ്ഞു ഉണ്ണിയോട് അടി കൂടാന്‍ മടിയൊന്നും ഇല്ല.
  വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ഉച്ചവരെ കളിയാണ്. അമ്മ മലപ്പുറത്ത് സ്കൂളില്‍ ആണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് ഞാനും എന്‍റെ യാത്രകള്‍ മലപ്പുറം വരെ extend ചെയ്തു. കിടപ്പുമുറിയിലെ കട്ടിലില്‍  മലപ്പുറത്തിനു ടിക്കറ്റ് എടുത്ത് ഇരിക്കുമ്പോള്‍...ഹോ..ഞാന്‍ ആരായിരുന്നു. ഊണ് കഴിഞ്ഞു മുറ്റത്തെ ചെന്തെങ്ങിന്റെ ചുവട്ടില്‍ വല്യച്ഛന്റെ മടിയില്‍ കിടന്നു ഒരു ഉറക്കം. വല്യച്ചന്‍ എന്നെ 'കൊച്ചേ' എന്നായിരുന്നു വിളിക്കുക. ഇപ്പോഴും കഥകള്‍ പറഞ്ഞു തരും. പക്ഷെ ഉറക്കം വന്നാല്‍ പിന്നെ രാമനും സീതയും മരക്കട അപ്പുപ്പന്റെ ചായക്കടയിലെക്കാവും പോവുക. തേങ്ങയിടുന്ന ഗോപിമൂപ്പന്‍ ആ വഴി വന്നാല്‍ ഒരു കരിക്ക് കിട്ടും.തെക്കേ തൊടിയിലെ നാട്ടുമാവില്‍ മാങ്ങ പഴുത്താല്‍ പിന്നെ ആഘോഷമായി. പിന്നെ പറങ്ങാംപഴവും ആഞ്ഞിലിച്ചക്കയും. മാമ്പഴം പെറുക്കാനൊന്നും മറ്റാരും വരില്ല. വല്യച്ചനെ എല്ലവര്‍ക്കും നല്ല പേടിയായിരുന്നു.


    മേടത്തിന്റെ വരവറിയിച്ചു കൊണ്ടൊരു വിഷുദിനം.പുലര്‍കാലത്തെ വിഷുക്കണിയും, പൂത്തിരിയും പടക്കവും എല്ലാത്തിലും ഉപരി വിഷുകൈനീട്ടവും. ഉച്ചക്കുള്ള സദ്യ കൂടി കഴിയുമ്പോള്‍ വേനലവധിയുടെ ആഘോഷങ്ങള്‍ ഏതാണ്ട് തീരുകയായി.
    ഇനിയുള്ളത് മെയ്‌ മാസം അവസാനം ആലപ്പുഴയിലേക്ക് ഒരു യാത്രയാണ്. അത് മാത്രം എനിക്ക് ഇഷ്ടമല്ല. അന്നാണ് ലക്ഷ്മീസില്‍ നിന്ന് സ്കൂള്‍ യൂണിഫോം വാങ്ങുന്നത്. തിമിര്‍ത്തു ആടി നടന്ന അവധി ദിനങ്ങള്‍ തീരുക എന്ന് പറയുന്നത് എത്ര വിഷമം ആണെന്നോ.പുത്തനുടുപ്പില്‍ ചെളിവെള്ളം തെറുപ്പിച്ചുകൊണ്ട്  ജൂണ്‍ ഒന്നാം തീയതി കാലവര്‍ഷത്തിന്റെ കൂടെ വീണ്ടും സ്കൂളിലേക്ക്.അങ്ങനെ മഴകള്‍ക്കിടയില്‍ വീണു കിട്ടിയ അവധിക്കാലം.