എന്റെ നാട്ടിലെ അമ്പലത്തില്‍ എട്ടാം ഉത്സവത്തിന് കഥകളി നിര്‍ബന്ധമാണ്.കുട്ടിക്കാലം മുതല്‍ തന്നെ വല്യച്ഛനോടൊപ്പം പോയി കണ്ടിരുന്നത് കൊണ്ടാകാം അന്നത്തെ രാത്രി കഥകളി കാണാതെ ഇരിക്കുന്നത് എന്തോ വലിയ നഷ്ടമായാണ് തോന്നാറുള്ളത്. ആട്ട വിളക്കിനു മുന്നിലെ രൂപങ്ങള്‍ മനുഷ്യരാണ് എന്ന് പോലും വിശ്വസിക്കാന്‍ പറ്റില്ലായിരുന്നു അന്നൊക്കെ, പേടിയാണ് കണ്ടാല്‍. വലിയ അച്ഛന്‍റെ കൂട്ടുകാരെ കാണാന്‍ അണിയറയില്‍ പോകുമ്പോഴാണ് ചുട്ടിയിടുന്നതൊക്കെ കണ്ടത്. അരണ്ട വെളിച്ചത്തില്‍ കണ്മുന്നില്‍ തെളിയുന്ന വേഷങ്ങള്‍, ഭാവങ്ങള്‍, പദങ്ങള്‍.....
ഈ വര്‍ഷവും ഉത്സവ നോട്ടീസ് കണ്ടപ്പോള്‍ തന്നെ നോക്കിയത് കഥ ഏതൊക്കെയാണ് എന്നാണ്. സീതാ സ്വയംവരം, കീചകവധം പിന്നെ കിരാത മൂര്‍ത്തിയുടെ പ്രതിഷ്ടയായത് കൊണ്ട് സ്ഥിരം ആടാറുള്ള കിരാതം. കണ്ടപ്പോഴേ സന്തോഷം. ഭാര്‍ഗവ രാമനും ഭീമനും പിന്നെ കിരാതനും ഒക്കെ അരങ്ങു തകര്‍ത്ത് ആടുന്നത് അപ്പോള്‍ മുതലേ മനസ്സില്‍ കണ്ടുതുടങ്ങി. എട്ടാം ദിവസം വൈകുംനേരത്തെ കാറ്റും മഴക്കോളും സ്വപ്നങ്ങളെല്ലാം അടിച്ചു പറത്തി. എങ്കിലും വെളുപ്പിന് നാലുമണിക്ക് കിരാതം കാണാന്‍ അച്ഛനോടൊപ്പം പോയി.
ഞങ്ങള്‍ അങ്ങെത്തിയപ്പോഴേക്കും കിരാതന്‍ പത്നീസമേതം അരങ്ങില്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ പരിഭവങ്ങളും പ്രണയവും പിണക്കങ്ങളും ഒക്കെയായി അവരുടെ ശൃംഗാരപദം.കിരാത വേഷത്തിന്‍റെ ഉദ്ദേശം അര്‍ജുനന്റെ കഴിവ് അറിയുകയും വരം കൊടുക്കുകയും ആണെന്ന് പാര്‍വതി ശിവനെ ഓര്‍മ്മിപ്പിക്കുന്നു. എങ്കില്‍ പിന്നെ വേട്ടക്കു പോകാം. അതിനായി ആയുധങ്ങള്‍ ഒരുക്കാന്‍ രണ്ടാളും തുടങ്ങുന്നു. ഇടയ്ക്ക് മൂര്‍ച്ച നോക്കി കൈ മുറിയുന്നതും, വാള് മൂര്‍ച്ച കൂട്ടാന്‍ തുടങ്ങുമ്പോള്‍ കൂടെയിരിക്കാന്‍ പാര്‍വതിയെ വിളിക്കുന്നതും എല്ലാം ആടുന്നത് കാണേണ്ടത് തന്നെ. കിരാത സ്ത്രീയായി നില്‍ക്കുന്ന പത്നിയെ മാറിനിന്നു നോക്കിയിട്ട് " അയ്യേ, ഇത് എന്തൊരു കോലം." എന്ന് കളിയാക്കുന്ന കിരാതന്‍ ആ കരിവേഷത്തിലും മനസ്സില്‍ ഒരു പുഞ്ചിരി അവശേഷിപ്പിക്കാതെ ഇരിക്കില്ല.
ആയുധങ്ങള്‍ എല്ലാം ഒരുക്കി കഴിഞ്ഞാല്‍ പിന്നെ പരിവാരങ്ങളുമായി നായാട്ടിനുള്ള പുറപ്പാടാണ് (കഥകളിയിലെ പുറപ്പാട് അല്ലെ). വഴിയിലുള്ള പഴങ്ങളും പൂക്കളും ഒക്കെ ആവശ്യപ്പെടുന്ന പാര്‍വതിയും അതൊക്കെ പറിച്ചു കൊടുക്കുന്ന കാട്ടാളനും. കിളിയെ പിടിക്കാനായി വല എറിയുന്നതും, അതിലൊന്നും കിട്ടിയില്ലെന്ന് കൈ മലര്‍ത്തുന്നതും, പിന്നെ കാണികളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നതും രസകരം തന്നെ.
ഇനിയാണ് കിടന്നുറങ്ങുന്നവരുടെ കഷ്ടകാലം തുടങ്ങുക.അരങ്ങില്‍ അര്‍ജുനന്‍ എത്തുമ്പോഴേക്കും കാട്ടാളനും കാട്ടാള സ്ത്രീയും ഉറങ്ങിക്കിടന്നവരെ ഒക്കെ തട്ടിയുണര്‍ത്തി. പന്നിയായി അര്‍ജുനനെ കൊല്ലാന്‍ വരുന്ന മൂകാസുരന്‍ എന്ന അസുരന്‍ എവിടെയാണെന്ന് അറിയണ്ടേ. പുതച്ചു മൂടിയിരുന്ന ഒരു അപ്പൂപ്പനെ കണ്ടപ്പോള്‍ രണ്ടാളും ഉറപ്പിച്ചു," ഇത് അവന്‍ തന്നെ.". അടിക്കാന്‍ വില്ലുമായി ചെന്നപ്പോഴേക്കും ആകെ കൂട്ടച്ചിരി. പെട്ടെന്ന് പുതപ്പെടുത്തു മാറ്റിയപ്പോള്‍ കിരാതന് മനസിലായി," ആളിതല്ല".
വെബ്സൈറ്റ് ഇല്‍ ഇടാനായി കഥകളി റെക്കോര്‍ഡ് ചെയ്യാന്‍ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ക്യാമറ ആയിരുന്നു അടുത്ത ഉന്നം. ദൂരെയെവിടെയോ ഉറക്കം തൂങ്ങിയിരുന്ന ഷാജി അണ്ണന്‍ ഓടിപ്പാഞ്ഞെത്തി...കാട്ടാളനല്ലേ, തല്ലിപ്പോളിചാലോ? കൊച്ചു കുട്ടികളെയൊക്കെ പേടിപ്പിച്ചു ബഹളമുണ്ടാക്കി തിരിച്ചു അരങ്ങില്‍ എത്തിയപ്പോഴേക്കും കാണികളെല്ലാം ഉഷാറായി.ഓടിയടുത്ത മൂകാസുരനെ കാട്ടാളനും അര്‍ജുനനും ഒരുമിച്ചു അസ്ത്രം എയ്തു വീഴ്ത്തുന്നു.
" ആരടാ മൂഡ, ഞാനെയ്ത കിടിയെ.." എന്ന പദം.
അവസാനം പന്നിയുടെ ഉടമസ്ഥാവകാശം പറഞ്ഞു അടിയും, പിന്നെ യുദ്ധവും.യുദ്ധത്തില്‍ അര്‍ജുനന്റെ അമ്പുകളൊക്കെ പൂക്കളാകട്ടെ എന്ന് പാര്‍വതി ശപിക്കുന്നു. ആയുധം ഇല്ലാതായപ്പോള്‍ മുഷ്ടിയുദ്ധം തുടങ്ങുന്നു.അവസാനം കാട്ടാളന്‍ അര്‍ജുനനെ എടുത്തെറിയുന്നു. പാര്‍വതി തിരിച്ചു വരുമ്പോള്‍ അര്‍ജുനനെ കാണുന്നില്ല. "ഞാന്‍ എടുത്ത് എറിഞ്ഞു" കാട്ടാളന്റെ സമ്മതം. അവര്‍ അര്‍ജുനന്‍ കാട്ടിനുള്ളില്‍ കിടക്കുന്നത് കാണുന്നു."ശ്വാസം ഇല്ല" എന്ന് കാട്ടാള സ്ത്രീ പറയുമ്പോള്‍ ശിവന്‍ നിസ്സാര ഭാവത്തില്‍ കാലു പിടിച്ചു നോക്കുന്നു, എന്നിട്ട് ചത്തുപോയി എന്ന തീര്‍ച്ചപ്പെടുത്തലും.പിന്നെ ശിവന്‍ അര്‍ജുനന് ജീവന്‍ കൊടുക്കുന്നു.
തന്‍റെ തോല്‍വിയില്‍ മനസ് നൊന്ത അര്‍ജുനന്‍ ശിവനെ സ്തുതിക്കുന്നു. കിരാതത്തിലെ ശിവസ്തുതി മനോഹരമാണ്.
" അന്തകാരി ഭഗവാന്‍ താ-
നെന്തിനെന്നെ ചതിക്കയോ?"
എന്ന് തുടങ്ങുന്ന പദം.അതിന്റെയവസാനം താന്‍ അര്‍ച്ചിക്കുന്ന പൂക്കളെല്ലാം കാട്ടാളന്റെ തലയില്‍ വീഴുന്നത് കണ്ടു അര്‍ജുനന്‍ കാട്ടാളനെ തിരിച്ചറിയുന്നു.കിരാതന്‍ ശിവനാകുന്നു, അനുഗ്രഹവും പാശുപതാസ്ത്രവും നല്‍കി യാത്രയാകുന്നു.
കഴിഞ്ഞപ്പോള്‍ സമയം 5 .30 . പള്ളിക്കല്‍ കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്.കിരാതനെ കണ്ടാല്‍ മതി. കിരാതന്‍ മാറി അനുഗ്രഹം ചൊരിയാന്‍ വരുന്ന 'പാവം' ശിവനെ ആര്‍ക്കും കാണേണ്ട. ശിവന്‍ അരങ്ങില്‍ എത്തുന്നതിനു മുന്‍പേ എല്ലാവരും വീടെത്തും.ഒരു വലിയ(?) സദസായിരുന്നു ഇത്തവണത്തെ പ്രത്യേകത. ആകെ 30 പെരുണ്ടാവുന്ന ഇടത്ത് ഇത്തവണ 150 പേരോളം ഉണ്ടായിരുന്നു. സ്ഥിരം മുഖങ്ങള്‍(വല്യച്ഛന്‍റെ കൂട്ടുകാര്‍) കുറവായിരുന്നു, എങ്കിലും പതിവായി കിട്ടുന്ന കപ്പലണ്ടി (പ്രോത്സാഹന സമ്മാനം) ഇത്തവണയും കിട്ടി. സ്ഥിരം പ്രേക്ഷകരില്‍ ഈ വര്‍ഷം നഷ്ടമായത് എന്‍റെ സ്കൂളില്‍ സംഗീതം പഠിപ്പിച്ചിരുന്ന ഉണ്ണിത്താന്‍ സര്‍ ആയിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട് കുറച്ചു മാസങ്ങള്‍ ആയി.
*ഇരട്ടക്കുളങ്ങര വാര്യരുടെ രചനയാണ് കിരാതം ആട്ടക്കഥ.പാണ്ഡവരുടെ വനവാസകാലം ആണ് പ്രമേയം.
*തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. അറിയാമെങ്കില്‍ പറഞ്ഞു തിരുത്തുന്നതിലും സന്തോഷം.
*ചിത്രങ്ങള്‍ ഗൂഗിള്‍ ഇല്‍ നിന്നും എടുത്തവയാണ്.