March 09, 2011

ഒരിക്കല്‍ കൂടി...

    ഒരു പൂജവയ്പ്പിന്റെ അവധിക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസ്സില്‍ അതിഥിയായിട്ടാണ് ഞാന്‍ പയ്യനല്ലൂര്‍ ഗവന്മേന്റ്റ് സ്കൂളിന്റെ പടി ചവിട്ടുന്നത്. അന്നുമുതല്‍ സ്വന്തം സ്ഥലം അല്ലെങ്കിലും , എന്തുകൊണ്ടൊക്കെയോ പയ്യനല്ലൂര്‍ പ്രിയപ്പെട്ടതായി തീര്‍ന്നു.
   പി.ജി പഠനത്തിനു ശേഷം ഇനിയന്തു ചെയ്യണം എന്ന് ആലോചിച്ചും കൂട്ടുകാരെയും പുസ്തകങ്ങളെയും ശല്യപ്പെടുത്തിയുംകഴിയുന്നതിനിടക്കാന് സ്കൂളിലെ എച്.എം. സുമ ടീച്ചര്‍ (എന്റെയും അധ്യാപികയാണ്) വിളിച്ചത്. സെന്‍സസ് ആയതുകൊണ്ട് അധ്യാപകര്‍ ആരും ഇല്ല, പത്തു ദിവസത്തേക്ക് സ്കൂളില്‍ വരുന്നോ എന്ന്.
 (ഈ സെന്‍സസ് കൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെ ആണ്, പറഞ്ഞു വന്നാല്‍, കണ്ടാല്‍ മിണ്ടാതെ ഒന്ന് വിളിക്കാതെ നടക്കുന്നവരെ കൊണ്ട് പുലര്‍കാലത്ത്‌ തന്നെ വിളിപ്പിക്കാന്‍ സഹായിച്ചതും ഈ സെന്‍സസ് ദൈവം ആണ്. അതിന്റെ വക പ്രത്യേകം നന്ദി, വിളിച്ച ആള്‍ക്കും, ആ ലിസ്റ്റില്‍ എങ്കിലും എന്‍റെ പേരുണ്ടല്ലോ!!!!)  കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി. കുറെ നാളായുള്ള ആഗ്രഹമാണ് അവിടെ ഒന്ന് ചെല്ലാന്‍ കഴിയണേ എന്നുള്ളത്.
   അങ്ങനെ സ്കൂളില്‍ എത്തി. രണ്ടാം ക്ലാസ്സിന്റെ ക്ലാസ് ടീച്ചര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ എന്‍റെ അമ്മ പഠിപ്പിച്ചിരുന്ന ക്ലാസ്സ്‌. ഞാന്‍ 'ഭയങ്കര ' ഹാപ്പി.25 പേരാണ് ക്ലാസ്സില്‍. എല്ലാവര്ക്കും ഒരേ ഒരു സാമ്യമേ ഉള്ളു, മുന്‍ നിരയിലെ രണ്ടു പല്ല് അലക്കാന്‍ കൊടുത്തിരിക്കുകയാ. അതുകൊണ്ട് ചിരിക്കുമ്പോള്‍ നല്ല " കുട്ടിച്ചാത്തന്‍ ഫെയ്സ്". എന്റെ കൂടുകാരോക്കെ കളിയാക്കുന്നത് പോലെ സ്വഭാവം കൊണ്ട് " എനിക്ക് പറ്റിയ ടീം" ഞങ്ങള്‍ അങ്ങനെ പാട്ടും കഥകളും ഇടക്കൊക്കെ കുറച്ചു പഠനവും ഒക്കെയായി അങ്ങനെ കഴിഞ്ഞു...
   ചെന്ന ദിവസം തന്നെ നോട്ടപ്പുള്ളികളായി രണ്ടു മഹാന്മാരെ എനിക്ക് കിട്ടി. ഒന്നാം ക്ലാസ്സിലെ അമ്പാടി, ആരോമല്‍. ഇരട്ടകളാണ്. ഒരാളിനെ മാറ്റി ഇരുത്തിയാല്‍ ബാഗുമായി മറ്റെയാളും എത്തും, " ടീച്ചറെ അനിയനും ഇവിടെ ഇരുന്നോട്ടെ" എന്ന അപേക്ഷയുമായി. അക്ഷരം എഴുതാന്‍ ബുക്ക്‌ എടുത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി, ഇരട്ട ബുക്കുകള്‍ ബുക്ക്‌ നിറയെ കൊതുകിന്‍റെ പടം. ആരും പറയാതെ തന്നെ മനസിലാകും, അത്ര നന്നായിട്ടുണ്ട്. അതല്ലാതെ ഒരു വീട് പോലും വരച്ചിട്ടില്ല. ചോദിച്ചപ്പോള്‍ ഉത്തരം
" ചേട്ടായി വരച്ചതാ ചേച്ചി."
   അവസാനം ഒരു പേജ് തപ്പിയെടുത്തു കൊടുത്തു, എഴുതാന്‍. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാളും വീണ്ടും എത്തി, ബുക്ക്‌ മടക്കിയപ്പോള്‍ ആ പേജ് കാണാതെ പോയത്രേ!!!ഞാന്‍ ആകെ തകര്‍ന്നു പോയി. ഇനി ആ പേജ് കണ്ടെത്താന്‍ ചെയ്യേണ്ട അധ്വാനം ഓര്‍ത്ത്....
ഒരു ദിവസം 11 മണിക്ക് ഇന്റെര്‍വല്‍ കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ രണ്ടാളും ഓടി അടുത്ത് വന്നു.
"ടീച്ചറെ, അവിടെ 5 പാമ്പിന്റെ മുട്ട. രണ്ടാം ക്ലാസ്സിലെ ചേട്ടന്‍ മുകളില്‍ നിന്ന് തട്ടി ഇട്ടതാ."
    ചെന്ന് നോക്കിയപ്പോള്‍ മുട്ടക്കാര്യം സത്യം തന്നെ. പക്ഷെ മുട്ട പാമ്പിന്‍റെ അല്ലേ, പ്രാവിന്റെതാണ്. കൂട് സഹിതം തട്ടി താഴെ ഇട്ടിരിക്കുന്നു. അതില്‍ തൊടരുത്, പൊട്ടിച്ചു കളയരുത് എന്നൊക്കെ പറഞ്ഞിട്ട് ഞങ്ങള്‍ അവരെയും കൂട്ടി തിരിച്ചു പോന്നു.
ഉച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആദ്യത്തെ റിപ്പോര്‍ട്ട് എത്തി. രണ്ടാളും വീണ്ടും അങ്ങോട്ട്‌ തന്നെ പോയിട്ടുണ്ടെന്ന്. ആഹാരം കഴിഞ്ഞു കൈ കഴുകുന്നതിന്‌ മുന്‍പേ മൂന്നാം ക്ലാസ്സിലെ ഒരു പാവാടക്കാരി എത്തി, കരഞ്ഞുകൊണ്ട്‌...അമ്പടിയും ആരോമലും കൂടി മുട്ട പൊട്ടിച്ചു ആ കുട്ടിയുടെ ഉടുപ്പിലോക്കെ കുടഞ്ഞു. പിന്നെയങ്ങോട്ട് പരാതിക്കാരുടെ ബഹളം ആയി. ടീച്ചര്‍ വടിയുമായി നേരെ അങ്ങോട്ട്‌ പോയി, അടിക്കാനല്ലെങ്കിലും ഒന്ന് പേടിപ്പിക്കാനുള്ള ശ്രമം.
അവിടെ ചെന്നപ്പോള്‍ ഇനി ബാക്കിയുള്ളത് രണ്ടു മുട്ട, നായകന്മാര്‍ രണ്ടും കയ്യില്‍ എല്ലാം മുട്ടയൊക്കെ പുരണ്ടു അടുത്ത് തന്നെ നില്‍പ്പുണ്ട്. ചുറ്റും ഒരു വലിയ ജനക്കൂട്ടവും. ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസ്സിലെ എല്ലാവരും അവിടെയുണ്ട്. കുട്ടികളെയൊക്കെ പറഞ്ഞു വിട്ടിട്ടു പ്രതികളെയും കൂട്ടി ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ എത്തി. എന്ത് ചോദിച്ചാലും ഉത്തരം ഒന്നും പറയാതെ , നല്ല കുട്ടികളായി നില്‍ക്കുകയാണ് രണ്ടാളും.
"എന്തിനാടാ മുട്ട പൊട്ടിച്ചത്?"
"അനിയനാ ടീച്ചറെ"
അനിയനെ അടിക്കുമെന്നായപ്പോള്‍ ചേട്ടന്‍ കുറ്റം ഏറ്റു.
രണ്ടാളെയും സ്റ്റാഫ്‌ റൂമില്‍ നിര്‍ത്തിയിട്ടു ടീച്ചര്‍ ക്ലാസ്സിലേക്ക് പോയി. അപ്പോള്‍ ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവരെ ഒന്ന് ബോധവല്കരിക്കാന്‍ ശ്രമിച്ചു.
"നിങ്ങളെ പോലെയുള്ള കുഞ്ഞുങ്ങള്‍ അല്ലെ മുട്ടയില്‍. അത് പൊട്ടിച്ചു കളഞ്ഞാല്‍ അവര്‍ ചത്ത്‌ പോവില്ലേ?"
കുഞ്ഞി കണ്ണുകളില്‍ അത്ഭുതം. ഞങ്ങള്‍ക്കും.അധ്യാപന പരിചയത്തിന്റെ ഗുണം കണ്ട്.ഞങ്ങള്‍ ആരും അങ്ങനെ ഒരു കാര്യം ചിന്തിച്ചതെ ഇല്ല. ഒരു സെന്റി ലൈന്‍...
"നല്ല കുട്ടികളല്ലേ നിങ്ങള്‍.ഇനി ഇങ്ങനെ ചെയ്യുമോ?"
"ഇല്ല ടീച്ചര്‍."
"എങ്കില്‍ രണ്ടു പേരും ക്ലാസ്സില്‍ പോയി ഇരുന്നോ"
അങ്ങനെ രംഗം ശാന്തം. കഥ നടക്കുന്നത് ഇനിയാണ്.
ക്ലാസ്സിലേക്ക് പോയവരെ കുറിച്ച് പത്തു മിനിട്ടിനുള്ളില്‍ പരാതിയെത്തി. തൊട്ടു പുറകെ രാജാക്കന്മാരെ പോലെ രണ്ടാളും, പിന്നാലെ ഒരു ചെറു പടയും.
സംഭവം, ബാക്കി മുട്ടകളും പൊട്ടിച്ചു.
ടീച്ചറിന്റെ സ്വഭാവം ആകെ മാറി." എന്തിനാടാ അങ്ങനെ ചെയ്തത്? നിന്നോട് ചെയ്യരുത് എന്ന് പറഞ്ഞതല്ലേ"
രണ്ടാളും പരസ്പരം നോക്കി. എന്നിട്ട് നിഷ്കളങ്കമായി പറഞ്ഞു.
" അതില്‍ അമ്പാടി ഏതാന്നു നോക്കിയതാ ടീച്ചറെ."

7 comments:

Anonymous said...

hai do really nice.

Rakesh Gangadharan said...

haha..kolllaamm..nannaayittundu.....keep writing..keep posting.....

ജയലക്ഷ്മി said...

രാകേഷ് ചേട്ടാ, കണ്ടെത്തി അല്ലെ? സന്തോഷം. അഭിപ്രായം പറഞ്ഞതില്‍ നന്ദിയോടെ...
പേരറിയാത്ത സുഹൃത്തേ, ഇവിടെ ചിലവഴിച്ച വിലപ്പെട്ട സമയത്തിന് നന്ദി.

Unknown said...

kollam :)
nalla oru cheru kadha vaayicha effect.. full vaayichappo enthokkeyo entem ormayil varunnunu ....itrem illelum eethandokke ithu pole paripadikal pandu opichittundu :P

~ Hari Nair

ജയലക്ഷ്മി said...

@ harinair അതെ, മറക്കാന്‍ കഴിയുന്ന ഒന്നല്ലല്ലോ സ്കൂള്‍ ദിവസങ്ങള്‍.മറന്നു പോയ നല്ല ഓര്‍മ്മകളെ തിരിച്ചു കൊണ്ടുതരാന്‍ എന്‍റെ വാക്കുകള്‍ക്കു കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം..
വായിച്ചതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദിയോടെ...

ലിനു ആര്‍ കെ said...

superb....nice chiripichu oppam chinthippikkem...sadarana pen blogukalil comedy kuravanu ennu thonnunu.feelings ayirikkum kooduthal.but ur style of writing kandaal mikapozhum aanugaludethu pole thonnunu...

ജയലക്ഷ്മി said...

@ലിനു ആര്‍ കെ നായര്‍," പെണ്‍ ബ്ലോഗില്‍ കോമഡി" പെണ്ണെഴുത്ത് പോലെ പണിയാവല്ലേ..
പിന്നെ ഈ എഴുത്തിനു പിന്നില്‍ പെണ്ണ് തന്നെ ആണ്. പ്രോത്സാഹനവും, മാര്‍ഗ ദര്‍ശനവും ആയി കുറച്ചു പേരുണ്ട്, അതില്‍ പുരുഷന്മാരും ഉണ്ടെന്നു മാത്രം.
സ്നേഹപൂര്‍വ്വം എന്നല്ലേ ബ്ലോഗിന്റെ പേര്,അതുപോലെ തന്നെ സ്നേഹത്തോടെ കൂട്ടുകാരോട് പങ്കുവയ്ക്കാന്‍ പറ്റുന്നതൊക്കെ ഇതില്‍ ഉണ്ടാകും, അനുഭവങ്ങളും, ഞാന്‍ കുത്തിക്കുറിച്ചവയും , പങ്കു വയ്ക്കണം എന്ന് തോന്നിയ കാഴ്ചകളും, അഭിപ്രായങ്ങളും ഒക്കെ, അത്രേയുള്ളൂ.
വായിച്ചതില്‍ സന്തോഷം. പ്രതികരിച്ചതിലും.