ഇടയ്ക്ക് എപ്പോള്‍ എങ്കിലും തലസ്ഥാന നഗരിയില്‍ എത്തിയാല്‍ വൈകുംനേരങ്ങള്‍ കഴിച്ചു കൂട്ടാന്‍ ഒരു കൊച്ച് സൌഹൃദ കൂട്ടായ്മ ഉണ്ട്. നമ്മുടെ സ്വന്തം സ്വര്‍ണ ശൈലത്തിലെ (കനകക്കുന്ന്) മരച്ചുവട്ടില്‍ കുറച്ചു കഥയും കവിതയും പരദൂഷണവും കളിയും തമാശയും ആയി. വല്ലപ്പോഴും ഞാനും അതില്‍ ഒരു കട്ടുറുമ്പ് ആകാറുണ്ട്... ഇത്തവണ ചെന്നപ്പോള്‍ കഴിക്കാന്‍ വാങ്ങിയ കപ്പലണ്ടി മിറായിയുടെ കവര്‍ പേജില്‍ ഒരു സ്ത്രീയുടെ ചിത്രം. ആ ചിത്രത്തെപ്പറ്റി ഒരു കവിതയെഴുതാനായി പിന്നെ പരിപാടി. അങ്ങനെ ഉണ്ടാക്കിയെടുത്തതാണ് ഈ വരികള്‍. വേറെ നല്ലതൊക്കെ ഉണ്ട് ട്ടോ, പക്ഷെ എന്റേതല്ല.
[ആ ചിത്രം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല.അതുപോലുള്ള ഒന്നാണ് ഇടുന്നത്.]
നിശ്ചലമിരിപ്പവള്‍; കൈകളെപ്പിണച്ചുവെ-
ച്ചകലതൂന്നും വ്യര്‍ത്ഥ ചിന്തിത മിഴികളും,
പതിയെച്ചായും സന്ധ്യാ നേരതിനഴലാര്‍ന്ന-
പീത വര്‍ണ്ണത്താല്‍ മുഖമാകവേ വിളറിയും,
ചെറ്റു ദൂര ത്തായ്, തട്ടി തകരും സ്വപ്‌നങ്ങള്‍ തന്‍
തുണ്ടുകള്‍ക്കൊത്തീടുന്ന കൈവള കഷ്ണങ്ങളും
ശ്യാമ സര്‍പ്പത്തിന്‍ ഭീകരാകാരം പൂണ്ടീടുന്ന
ശ്യാമള കേശഭാരമാകവേ ചിതറിയും.
കൈപ്പിടി വിട്ടാല്‍ താഴെ മണ്ണിന്‍റെ മാറത്തെതാ-
നാര്‍ത്തി പൂണ്ടണയുന്ന നന്‍ മഴമുത്തു പോലെ
കണ്ണിണ തന്നില്‍ തുള്ളി തുളുമ്പും മിഴിനീരി-
ലര്‍ക്ക ദീപ്തിയാല്‍ നഷ്ട സ്വപ്‌നങ്ങള്‍ തിളങ്ങവേ.
വിസ്മൃതമൊരോര്‍മതന്‍ ഇത്തിരി വെളിച്ചതി-
ലര്‍പ്പിതമാകും നിജ ചഞ്ചല മനസോടെ-
യക്കൊച്ചു വൃന്ദാവന വാടിയില്‍ മരുവുന്നോ-
രെന്‍ സഖി, നിന്നെ കാണ്‍കെയുഴറീടുന്നൂ മനം.