December 31, 2011

പുതുവല്‍സരാശംസകള്‍




കാറ്റ് വീശുന്നു ചുറ്റും....
അകലാന്‍ കൊതിക്കുന്ന വര്‍ഷത്തിനു കൂട്ടായെത്തിയതാകും, ചിലപ്പോള്‍ അകന്നു പോകാന്‍ തുടങ്ങുന്ന ഈ അവസാനത്തെ പകലിന്റെ അടയാളമാകം...
വഴിയിലാകെ ചിതറിക്കിടക്കുന്ന ഓര്‍മകളുടെ കരിയിലകള്‍...
ചിലതൊക്കെ കാറ്റിനൊപ്പം അകന്നു പോയേക്കാം.
 മറ്റു ചിലത്....
 പാതയോരത്തെ ചെറു കല്ലിലോ, പണ്ടെന്നോ കാലിനെ നോവിച്ച കൂര്‍ത്ത മുള്ളുകളിലോ ഉടക്കി കിടക്കുന്നുണ്ടാകും...
വഴിയോട്ടു കടന്നിട്ടും തിരിഞ്ഞു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ചിത്രങ്ങളായി അവയെന്നും നിലനില്‍ക്കട്ടെ....

പോകുന്ന വര്‍ഷം തന്ന നന്മകളെ മറക്കാതെ, ഓര്‍മകളെ മറയ്ക്കാതെ, ഒപ്പമുണ്ടായിരുന്നവരെ കൈ പിരിച്ചകറ്റാതെ, പുഞ്ചിരി വിരിയിക്കാന്‍ ഇത്തിരി സന്തോഷവും, സ്നേഹം തിരിച്ചറിയാന്‍ ഒട്ടൊരു കണ്ണീരും തരാന്‍ വരുന്ന പുതു വര്‍ഷത്തിനു സ്വാഗതം.
എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍...
സ്നേഹപൂര്‍വ്വം...

December 16, 2011

നിഴല്‍


നിഴലാണ് ഞാന്‍:
നിഴലാണ് ഞാന്‍; നിന്നിലഭയം കൊതിക്കുന്ന,
ഭൂമിതന്‍ ചലനത്തിലലിയാന്‍ മടിക്കുന്ന,
ജനനിയായണയുമുഷസ്സിനെ തേടുന്നോ-
രിരവിന്റെയൊരു കൊച്ചു തോഴി.


   പുലരിയിലെന്നോ ജനിച്ചു ഞാന്‍, പാദങ്ങ-
   ലടി വച്ചു മണ്ണില്‍ നടന്നു.
   ചുവടൊന്നു തെറ്റാതെ, യണു തെല്ലു മാറാതെ
   യകലാതെയൊപ്പം നടന്നു.


   പരശതം സത്യ ബീജങ്ങളായ് കത്തുന്ന
   പകലോന്റെ നേരിന്നു നേരെ
   മിഴിയൊന്നു നീട്ടാതെ, നിന്‍ പിന്നിലമരുന്നോ -
   രന്ധകാരത്തില്‍ മറഞ്ഞു.


   അരുണന്റെ രഥചക്രമുരുളവേ, മധ്യാഹ്ന-
   മുയിരിന്നു മീതെ തിളച്ചു നില്‍ക്കെ,
   ഒരു കൊച്ചു ബിന്ദുവായ്‌, കാലടിപ്പാടതി-
   ലഭയം തിരഞ്ഞു ഞാന്‍ നിന്നു.


   ചോടിയിലെച്ചോപ്പുമായ് മറയവേ, യര്‍ക്കന്റെ
   യവസാനരശ്മിയും വിടചോല്ലവേ,
   ഇരുള്‍ നീട്ടുമങ്കത്തടത്തില്‍ നിശാസ്വപ്ന-
   മിഴിപൂട്ടിയന്നു നീ നിദ്ര കൊള്‍കെ,


   തെളിയാതിരിക്കട്ടെയോര്‍മകള്‍, ദീപമാ-
   യിരവിലീ ഞാനൊളിച്ചോട്ടെ.
   പിടയാതിരിക്കട്ടെ, എന്നും നിനക്കായ്
   മിടിക്കാന്‍ പഠിച്ചോരിരുള്‍ ഹൃദയം.


തിരയുന്നുവോ നീ; കാലമറിയാതിരുട്ടിന്റെ
മറപറ്റി മായാന്‍ കൊതിക്കുമെന്നെ,
അറിയുന്നുവോ നീ; യടുക്കുന്ന രാവിന്‍റെ
വിരഹത്തിലാര്‍ത്തയായ് കേഴുമെന്നെ.