February 19, 2012

ഒരു വര്‍ഷാന്ത്യ ഡയറിക്കുറിപ്പ്‌ (29-11-2010)

         രാവിലെ സുപ്രഭാതം ആയെന്നു പറഞ്ഞു മൊബൈലിലെ "കൃഷ്ണ കൃഷ്ണ.." വിളി കേട്ടു ഉണര്‍ന്നാല്‍ പിന്നെ വൈകും നേരം കൂട്ടുകാര്‍ക്കൊക്കെ ഒരു ഗുഡ് നൈറ്റ് അയച്ചു നമ്മുടെ കൃഷ്ണനും ഒരു ശുഭരാത്രി നേരുന്നത് വരെയുള്ള സമയം എങ്ങനെ പോയാലും "ഐഡിയ കാണിപ്പയൂര്‍" പറയുമ്പോലെ ഗുണദോഷസമ്മിശ്രം ആയിരിക്കും. വര്‍ഷങ്ങളായുള്ള ശീലം. പക്ഷെ ഈ ഒരാഴ്ച, അതിലേറെ ഇന്നത്തെ ഒരു ദിവസം....പറഞ്ഞാലും പറഞ്ഞാലും തീരൂല്ല.
          ഇതെന്താപ്പോ ഈ കൊച്ചിന് പറ്റിയേ ന്നോര്‍ത്തു ചിരിക്കാന്‍ വരട്ടെ. പണ്ടേ ഉള്ള ശീലാ ഈ ദിനാന്ത്യക്കുറിപ്പുകള്‍. അത് മറ്റുള്ളോര്‍ക്ക് ശല്യാകുന്നത് ഇതാദ്യാകും.. ന്നാപ്പിന്നെ പറഞ്ഞോട്ടെ...
        രാവിലെ പതിവുപോലെ ആദ്യം ഉണര്‍ന്നു കണ്ണു തുറക്കാതെയും പിന്നെ പാതി തുറന്നും നോക്കിയപ്പോള്‍ സമയം ആറ്‌ മുപ്പത്... തലയിലൂടെ കൊള്ളിമീന്‍ പാഞ്ഞു. ഇന്നലത്തെ പണി തീര്‍ക്കാനായി നേരത്തെ ഉണരാന്‍ പ്ലാന്‍ ചെയ്തു കിടന്നതാ. രാവിലത്തെ വൃശ്ചികകുളിരില്‍ ഞാന്‍ എങ്ങാന്‍ ഉണരാന്‍ മടിച്ചാല്‍ തല്ലി ഉണര്‍ത്താന്‍ പുള്ളിക്കാരനെ ( തെറ്റിദ്ധരിക്കണ്ടാ സാക്ഷാല്‍ കൃഷ്ണനെ) ഏല്‍പ്പിച്ചിട്ട് അദ്ദേഹവും കാലു വാരി. പിന്നെ എങ്ങനെയെങ്കിലും ഉണര്‍ന്നു ഒരുവിധം ഒരുങ്ങി റോഡില്‍ എത്തിയപ്പോഴേക്കും ഞാന്‍ എന്ന സ്ഥിരം സഞ്ചാരി എത്തിയിട്ടില്ല എന്ന സത്യം മനസിലാക്കാതെ പള്ളിക്കലില്‍ നിന്നു കര പറ്റാനുള്ള രണ്ട്‌ വാഹനങ്ങളും യാത്രയായി. വൈകി ചെല്ലുമ്പോള്‍ കോളേജ് ഗേറ്റിലെ പത്മ ടീച്ചര്‍ മുതല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സഹഗവേഷകര്‍ വരെ പറയാന്‍ പോകുന്ന ഒരായിരം പരാതികളും വഴക്കുകളും ഓര്‍ത്തുകൊണ്ട്‌ മേക്കുന്ന് മുകളിലേക്ക് (സ്ഥലപരിചയം കുറവുള്ളവര്‍ പഴയ ബ്ലോഗുകളില്‍ പരതുക) വച്ചു പിടിച്ചു. മനസ്സില്‍ ഒരേ ചോദ്യം" ഈശ്വരാ, ആരെയാണോ ഇന്ന് കണി കണ്ടത്? " എന്തായാലും എന്നെയല്ല, കണ്ണാടി നോക്കുന്ന ശീലം പാടെ ഇല്ല.
          ബസ്‌ സ്റ്റോപ്പില്‍ എത്തിയിട്ടും ബസ്‌ കാണുന്നില്ല. പാപി ചെന്നിടം പാതാളം,ഇനി ഇതും ഇല്ലാരിക്കും. പോകണ്ടാ എന്ന തീരുമാനത്തില്‍ എത്തി തിരിച്ചു നടക്കാം ന്ന് കരുതിയപ്പോള്‍ അതാ വരുന്നു ശ്രീ പത്മനാഭ. ദൂരേന്നു വരുന്ന ബസില്‍ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടപ്പോഴേ മതിയായി. കാലു കുത്താന്‍ സ്ഥലമില്ല. ഒരു വിധം ഫുഡ്‌ ബോര്‍ഡില്‍ വാമനന്‍ ചോദിച്ച പോലെ രണ്ടടി തറ ചോദിച്ചു വാങ്ങി നില്‍പ്പായി. വഴിനീളെ ഉള്ള സ്റൊപ്പുകളില്‍ ഒന്നും നിര്‍ത്താതെ ഉള്ള നോണ്‍ സ്റ്റോപ് യാത്ര അവസാനിച്ചത്‌ പള്ളിക്കല്‍ പഞ്ചായത്തിനു മുന്നില്‍. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ ആണോ ആവോ എല്ലാരൂടെ ഉള്ള ഈ യാത്ര...ആര്‍ക്കറിയാം. എന്തായാലും ഒരു സമാധാനം ഉണ്ട്, അഞ്ചു വര്‍ഷം കഴിയുമ്പോള്‍ വഴി അറിയാതെ പോകില്ലല്ലോ. എന്തായാലും എല്ലാരും ഇറങ്ങിയപ്പോള്‍ പിന്നങ്ങോട്ട് കുറച്ചൊരു ആശ്വാസം ആയി. ആളെ ഇറക്കിയും കയറ്റിയും ഞങ്ങള്‍ അങ്ങ് പന്തളത് എത്തിയത് പത്തു മുപ്പതിന്. രാവിലത്തെ തിരക്കിനിടയില്‍ ഡി ഡി അടയ്ക്കാനുള്ള ഫീസ്‌ എടുക്കാന്‍ മറന്നു. അങ്ങനെ താമസിച്ചു ചെല്ലുമ്പോള്‍ പറയാനുള്ള ന്യായവും ഇല്ലാണ്ടായി. " എന്നാപ്പിന്നെ കോളേജിലേക്ക് പോകുകയല്ലേ...?" ആരോ ചോദിച്ചപോലെ.
         ഒളിച്ചും പാത്തും കോളേജില്‍ എത്തിയപ്പോള്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും പത്മ ടീച്ചര്‍ നാട് വിട്ടിരുന്നു. ഈശ്വരാ...ഒരിത്തിരി സമാധാനം. ഇനി സനല്‍ സര്‍. അവിടെ ആരോടും കള്ളം പറയാനുള്ള ദൈര്യം പോര. അതുകൊണ്ട് ഉള്ള സത്യം സത്യായിട്ടു അങ്ങ് പറയാന്നു കരുതി ചെന്നപ്പോള്‍ താവളത്തില്‍ സര്‍ ഇല്ല. ഭാഗ്യം..... അങ്ങനെ കോളേജില്‍ എത്തി. എന്നും ചെല്ലുമ്പോള്‍ മുതല്‍ പോരുമ്പോള്‍ വരെ ചെയ്യാനുള്ള ജോലി അവിടെ ഉണ്ടാകും. ഇടയ്ക്കുള്ള ഇത്തിരി സമയം കുറച്ചു കഥ പറച്ചിലും പരദൂഷണവും ഒക്കെയായി ആഘോഷിക്കുകയും ചെയ്യാം. ഇന്ന് പക്ഷെ ആകെ പ്രശ്നം. ഒന്നും ചെയ്യാന്‍ ഇല്ലത്രെ. ചെയ്യാന്‍ ഇല്ലാത്തതല്ല, എല്ലാ കാര്യത്തിലും എന്തെങ്കിലും ഒരു ഐറ്റം മിസ്സിംഗ്‌. അങ്ങനെ ഒരു ദിവസം ആകെ നഷ്ടം.
           വൈകിട്ട് തിരിച്ചുള്ള യാത്ര അടൂര്‍ വഴിയാക്കിയത് പതിവ് വഴിയില്‍ നിന്നൊന്നു മാറാന്‍ തന്നെയായിരുന്നു. Have a change. അടൂരിന്റെ സ്വന്തം ടൌണ്‍ ഹാളില്‍ എന്തൊക്കെയോ പ്രദര്‍ശനം വില്‍പ്പന....നേരെ അങ്ങോട്ട്‌ കയറി. പണ്ടൊരിക്കല്‍ "രാമന്‍ കത്തികള്‍" വില്‍ക്കാന്‍ ഉണ്ടെന്നു ബോര്‍ഡ് കണ്ട് ടീം ആയി പോയി പ്രസ്തുത വസ്തു കണ്ടതിന്റെ ഓര്‍മ പോയില്ല. ഇന്നും ഉണ്ട് കത്തി, പക്ഷെ രാമന്‍ കത്തി മാത്രം കണ്ടില്ല. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടതൊന്നും കാണാതെ വന്നപ്പോള്‍ ഇറങ്ങി നടന്നു. വഴിയില്‍ പൂക്കടയില്‍ മുല്ലപ്പൂവിന്നു വില ചോദിക്കുന്ന ചേട്ടനെ കണ്ടപ്പോള്‍ ഓര്‍ത്തു കൂട്ടുകാരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ന്ന്. ഒറ്റയ്ക്ക് എന്ത് പറയാന്‍.
        അവിടുന്ന് ബസ്‌ സ്ടാണ്ടിലേക്ക് വെച്ച് പിടിച്ചു. അമ്പലത്തിനു മുന്നിലെ നടപ്പാത എനിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിയാണ്. നല്ല തിരക്കുള്ള റോഡിന്റെ അരുകിലൂടെ കൂടെ ആരുമില്ലാതെ നടന്നു പോകാന്‍ വല്ലാത്തൊരു രസം തന്നെ. മനസ്സില്‍ കൂടി കുറെ ചിന്തകളും വിവരക്കേടുകളും ഒക്കെ കടന്നു പോകുന്നത് പലപ്പോഴും ആ നടപ്പില്‍ ആകും. ഇന്ന് പക്ഷെ ഓര്‍മയില്‍ കുറെ പുസ്തകങ്ങള്‍ ആയിരുന്നു. അങ്ങനെയാണേല്‍ ഏതെങ്കിലും ഒരു ബുക്ക്‌ വാങ്ങാം എന്ന് കരുതി അടൂര്‍ ബുക്ക്‌ ഹൌസിലേക്ക് വച്ചു പിടിച്ചു. അകതോട്ടു കയറുന്നതിനു മുന്‍പേ അവിടുത്തെ ചേട്ടന്റെ അറിയിപ്പ് കിട്ടി, എനിക്കുള്ള വകയൊന്നും ഇല്ലത്രെ. പുതിയ പുസ്തകങ്ങള്‍ എത്തി പക്ഷെ കവിതകള്‍ക്ക് മാര്‍ക്കറ്റ്‌ കുറവായത് കൊണ്ടു അതങ്ങട് ഉപേക്ഷിച്ചു. ഗുണമില്ലന്നു അറിഞ്ഞിട്ടും കുറച്ചു നേരം അവിടുത്തെ പുസ്തകങ്ങള്‍ക്കിടയില്‍ ഒന്ന് ചുറ്റിക്കറങ്ങി. വെറുതെ.....
               ന്നാപ്പിന്നെ ബസ്‌ സ്ടാന്റിലേക്ക് ...
        കരുനാഗപ്പള്ളി പതിവ് പോലെ കാത്തു കിടക്കുന്നു. കയറിചെന്നപ്പോള്‍ പതിവ് കൂട്ടുകാര്‍ ആരുമില്ല. ചേച്ചിമാരും ഇല്ല. വീണ്ടും വിജനത. കുറെ നെഗറ്റീവുകള്‍ ചുറ്റും നിറയുമ്പോള്‍ നമ്മളും ഒരല്‍പം ഉള്‍വലിയാന്‍ തുടങ്ങും ന്ന് പറയുന്നത് സത്യം. സാധാരണ Recharge (തെറ്റിദ്ധരിക്കല്ലേ, മൊബൈല്‍ recharge അല്ല, മനസിന്റെ കാര്യാ)  ചെയ്യാന്‍ വിളിക്കുന്ന നമ്പരുകളിലേക്ക് എല്ലാം ഒരു മുന്നറിയിപ്പ് കൊടുത്തു. നോ റസ്പോന്‍സ്. എന്നേ ഒന്ന് വിളിക്കുമോ അല്ലേല്‍ ഞാന്‍ ഒന്ന് വിളിച്ചോട്ടെ ന്ന് ചോദിയ്ക്കാന്‍ ഒരു മടി (അതിനെ തന്നെയാണോ ഈ ഈഗോ എന്ന് പറയുന്നേ, ആയിരിക്കും). എന്തായാലും ശരി അങ്ങനെ കാലു പിടിക്കാന്‍ ഒന്നും എന്നേ കിട്ടില്ല. ഇനി അവരാരേലും എന്നേ വിളിച്ചാല്‍ ഞാനും മിണ്ടില്ല ( പ്രതികാരം) ന്ന് മനസ്സില്‍ ഉറപ്പിച്ചു ഫുള്‍ വോളിയത്തില്‍ ഒരു പാട്ടുമിട്ട് സീറ്റില്‍ ചാരി.
       അങ്ങനെ വൈകിട്ട് പതിവുപോലെ വീട്ടില്‍ തിരിച്ചെത്തി. രാത്രിയിലെ ചാറ്റല്‍ മഴയും കണ്ടിരിക്കേണ്ട സമയത്ത് കൂട്ടുകാരെ കഷ്ടപ്പെടുത്താന്‍ വേണ്ടി അക്ഷരങ്ങളും കുത്തിക്കുറിച് ഇരിക്കുന്നു. വീണ്ടും ഒരു മാസം കൂടി വിടപറയുന്നു. ഒരു മാസം കൂടി കഴിയുമ്പോള്‍ ഈ ഒരു വര്‍ഷവും.
          സമയം രാത്രി പത്തു മണി. എല്ലാര്‍ക്കും ശുഭരാത്രി പറഞ്ഞു ഉറങ്ങേണ്ട സമയം ആയി. ഇനി ഇതില്‍ കൂടുതല്‍ പറഞ്ഞു ശല്യപ്പെടുത്താന്‍ മേലെ... ശുഭരാത്രി.

 ഹരേ കൃഷ്ണാ....

6 comments:

ഓര്‍മ്മകള്‍ said...

Nge..., flash back-o...?

Ormakal... Ormakal....
Oadakuzhaloothi......
Samayamam yamunayo..,
Pirakilekozhukiyo....?
Madhura mani nadham....
Maadivilikunnu.....!

Kattil Abdul Nissar said...

വെറുതെ ഒന്ന് എത്തിനോക്കിയതാണ്.
എന്നെക്കൊണ്ട് മുഴുവനും വായിപ്പിച്ചു. ഇതിനുള്ള ശിക്ഷയുണ്ട്.

Kattil Abdul Nissar said...
This comment has been removed by the author.
khaadu.. said...

രസായിട്ടുണ്ട്... ഒരു ദിവസത്തെ കാര്യങ്ങള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ദിവസത്തെ ഒടിച്ചുമടക്കി കൈയ്യിൽ തന്നു അല്ലേ

ജയലക്ഷ്മി said...

@ ഓര്‍മ്മകള്‍, ഫ്ലാഷ് ബാക്ക് ആയിരുന്നു. മൂളിപ്പാട്ട് നന്നായി സുഹൃത്തേ.
@ നിസ്സാര്‍ സര്‍, കുറെ നാള്‍ കൂടിയല്ലേ ഈ വഴിക്ക്. വഴക്ക് പറയാതെ വായിച്ചോളൂ. ശിക്ഷയുണ്ടാകില്ല എന്നെനിക്കറിയാം.
@ ഖാദൂ, നന്ദി സുഹൃത്തേ.
@ മുകുന്ദന്‍ സര്‍, അതെ, അങ്ങനെ ഒരു ദിവസം കൂടി അങ്ങട് തീര്‍ന്നു.
വായിച്ചു പോയവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദിയോടെ
സ്നേഹപൂര്‍വ്വം