January 31, 2011

പി. എസ്. സി.'കുട്ടി' കളികള്‍


     പി എസ് സി പരീക്ഷകളിലെ പ്രശ്നങ്ങളും തട്ടിപ്പുകളും ഒഴിവാക്കാനും സമയ നഷ്ടം കുറയ്ക്കാനുമായി ആവിഷ്കരിച്ച പുതിയ രീതിയാണ് ഓണ്‍ ലൈന്‍ അപേക്ഷകള്‍.പഴയ ചുവന്ന മഷിയില്‍ അച്ചടിച്ച പി.എസ്.സി അപേക്ഷാഫോം ഇപ്പോള്‍ കാണ്മാനെയില്ല. എവിടെയും ഓണ്‍ ലൈന്‍ അപ്ലിക്കേഷന്‍ തന്നെ. എല്ലാ ഇന്റര്‍നെറ്റ്‌ കഫെകളിലും സ്റ്റുഡിയോകളിലും പി.എസ്.സി തിരക്ക് തന്നെ.
    സംഭവം ഫോട്ടോ അപ്പ്‌ ലോഡിംഗ് ആണ്. സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്ത് പത്തും അമ്പതും കോപ്പി എടുക്കാന്‍  വരെ  നൂറു രൂപ മതിയായിരുന്ന ഇന്നലെയില്‍ നിന്നും സോഫ്റ്റ്‌ കോപ്പി ഇമേജ് (വേറെ ഒന്നുമല്ല, ഫോട്ടോ തന്നെ) സി ഡി യിലേക്ക് മാറ്റി തരുന്നതിനു 90 മുതല്‍ 150 രൂപ വരെ വാങ്ങുന്ന ഇന്നില്‍ എത്തിക്കഴിഞ്ഞു നമ്മള്‍.പണ്ടു എടുക്കുന്ന പോലെ ഫോട്ടോ എടുത്ത് അത്യാവശ്യം മിനുക്ക്‌ പണിയും ചെയ്തു തന്നെയാണ് ഇപ്പോഴും തരുന്നത്. ആകെയുള്ള വ്യത്യാസം ഒരു അളവ് (150 x 200 pixels ) തന്നിട്ടുണ്ട് എന്നതും പേരും തീയതിയും ചേര്‍ക്കണം എന്നതുമാണ്‌. സി ഡി ക്ക് വില 10 രൂപ. ഫോട്ടോ എടുത്താല്‍ ഒരു ഷീറ്റിന്റെ പ്രിന്റ്‌ ഔട്ട്‌ നു 20 രൂപയോളം ചിലവായാലും 100 രൂപയ്ക്കു  ഫോട്ടോ തരുമായിരുന്നവര്‍, ആ ഫോട്ടോ തന്നെ സി ഡി യില്‍ ആക്കി തരുമ്പോള്‍ വില 120 ആകും. ഇതിന്‍റെ കണക്കു ചിന്തിച്ചെടുക്കാന്‍ പറ്റുന്നതില്‍ അപ്പുറം.
    ഇനി ഫോട്ടോയുമായി യാത്ര ഇന്റര്‍നെറ്റ്‌ കഫെയിലേക്ക്. ബാര്‍കോഡ് എഴുതി വക്കാന്‍ പി എസ് സി പറഞ്ഞപ്പോള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ പറയുന്നത് അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ എടുത്തു സൂക്ഷിക്കാന്‍ ആണ്.ഒരു മണിക്കൂര്‍ നെറ്റ് ഉപയോഗിക്കുന്നതിനു 25 മുതല്‍ 40 വരെയാണ് ഈടാക്കുന്നത്. എത്ര പതുക്കെ ടൈപ്പ് ചെയ്താലും ഒരു അപേക്ഷാ കൊടുക്കാന്‍ 15 മിനിറ്റ് മതിയാകും. (അങ്ങനെ പതുക്കെ കുത്തികളിക്കാനൊന്നും അവര്‍ സമ്മതിക്കില്ല, അത് വേറെ കാര്യം.) പ്രിന്റ്‌ ഔട്ടിനു പണ്ടു 7 രൂപ, ഇപ്പോള്‍ പ്രിന്‍റര്‍ നു പകരം ഫോട്ടോസ്റാറ്റ് തന്നെ ഉപയോഗിക്കുന്നത് കൊണ്ടു 3 രൂപ (കളര്‍ അല്ല ). കണക്കെന്തായാലും ഒരു അപേക്ഷ കൊടുത്ത് പ്രിന്റ്‌ ഔട്ട്‌ എടുത്താല്‍, റോഡരുകിലെ കച്ചവടക്കാര്‍ പറയുന്ന പോലെ "ഫിക്സഡ് റേറ്റാ മാഷേ".  അത് 20 മുതല്‍ 30 വരെ ആകും, സ്ഥാലം അനുസരിച്ച്.
    ഹോ!!!! കഴിഞ്ഞു എന്ന് ആശ്വസിക്കാന്‍ വരട്ടെ. ഇനിയുമുണ്ട് പരിപാടി.admit card വരാനുണ്ടേ. അതിന്‍റെ ചാര്‍ജ് ഒന്നും ആയിട്ടില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കണോ?
    പണ്ടു പോസ്റ്റ്‌ ഓഫീസില്‍ പോയി 10 രൂപ കൊടുത്ത് അപേക്ഷ വാങ്ങി പൂരിപ്പിച്ചു 5 രൂപയുടെ സ്റാമ്പ് ഒട്ടിച്ചു അയച്ചാല്‍ ഹാള്‍ ടിക്കറ്റ് വീട്ടില്‍ എത്തും.ടൈപ്പ് ചെയ്തിട്ട് സ്ക്രോള്‍ ബട്ടണില്‍ ഒന്ന് തോട്ടുപോയാല്‍ ആള് മാറിപ്പോകും എന്ന് പേടിക്കാതെ സുഖമായി പൂരിപ്പിക്കാം. ഇപ്പോള്‍ പറയാന്‍ ഒരു കാര്യം ഉണ്ട്...."ഓ..കാലം മാറിപ്പോയി" എന്ന്.ഇനി വിശ്വാസ്യതയുടെ പ്രശ്നമാണ് എങ്കില്‍, സ്വന്തമായി ഒരു തിരിച്ചറിയല്‍ രേഖ എങ്കിലും ഇല്ലാത്തവരല്ല ഇന്ന് പി. എസ്. സി പരീക്ഷ എഴുതാന്‍ വരുന്നവര്‍ ആരും.ഒരു ഫോട്ടോ സാക് ഷ്യപ്പെടുത്താന്‍ ആളും ഒരു തിരിച്ചറിയല്‍ രേഖയും മതി എന്നിരിക്കെ പി. എസ് സി ക്ക് മാത്രം അതില്‍ വിശ്വാസം ഇല്ലേ? ഇനി പരീക്ഷ കഴിഞ്ഞു വരാന്‍ പോകുന്ന വിവാദങ്ങള്‍ എന്തൊക്കെയാണാവോ?
   മാറ്റങ്ങള്‍ നല്ലത് തന്നെ. പക്ഷെ അത് പ്രക്രിയകളെ എളുപ്പമാക്കാന്‍ ആകണം.ലോകം മുഴുവന്‍ World Wide Web ഇല്‍ കുരുങ്ങുമ്പോള്‍ കേരള പി.എസ്.സി ക്ക് എന്തുകൊണ്ട് ആയിക്കൂടാ......അല്ലെ!!!

ഒന്ന് പറഞ്ഞോട്ടെ: അറിവിന്റെ പരിമിതിക്കുള്ളില്‍ നിന്നു എഴുതിയതാണ്. തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കണം.

January 26, 2011

ഓ എന്‍ വി കുറുപ്പിന് പത്മ വിഭൂഷന്‍

മലയാള കവിതയുടെ ഈണത്തിനും സുഗന്ധത്തിനും മറക്കാന്‍ കഴിയാത്ത പേര്. ആധുനികത കവിതയുടെ നിറങ്ങളില്‍ നിറയുമ്പോഴും, കവിത എന്നത് മറ്റെന്തോ ആണെന്ന് മനസിലാക്കിത്തന്ന പ്രതിഭാധനന്‍. 
 അംഗീകാരങ്ങളുടെ പ്രവാഹത്തില്‍ ആശംസകളോടെ....
 ഇതുവരെ എഴുതിയ വരികളുടെ സ്വാദു നുണഞ്ഞ്‌...
 ഇനി എഴുതാന്‍ ഉള്ളവയ്ക്  കാതോര്‍ത്ത്...



 അങ്ങയെ പറ്റി പറയാന്‍ പോലും അങ്ങയുടെ വരികള്‍ കടമെടുക്കേണ്ടി വരുമ്പോള്‍.....
കടപ്പാട്:
വരികള്‍: ഉജ്ജയിനി, ഓ എന്‍ വി കുറുപ്പ്.

January 22, 2011

മഴയും ഞാനും



മഴ എന്നും നിറങ്ങള്‍ ചാലിച്ച ഓര്‍മ്മകളായിരുന്നു. കുട്ടിക്കാലത്തെ തോരാതെ പെയ്യുന്ന മഴയുടെ നാദത്തിനൊപ്പം തെളിയുന്ന ഇരുളും വെളിച്ചവും ഉള്ള ചിത്രത്തിലെ എന്‍റെ കയ്യില്‍ കടലാസുവഞ്ചികള്‍ ആയിരുന്നു. ബാല്യത്തിന്‍റെ വിലമതിക്കാന്‍ ആവാത്ത നേട്ടങ്ങള്‍.
പണ്ട്....
  കൌമാരത്തിന്റെ സ്വപ്നങ്ങള്‍ക്കും കുസ്ര്തികള്‍ക്കും മഴ കളിക്കൂട്ടുകാരിയായിരുന്നു.  മഴത്തുള്ളിക്കിലുക്കം പോലെ കാലിലെ പാദസരമണികളും പൊട്ടിച്ചിരിച്ചു. ഇത്തിരി നനഞ്ഞ്, മഴയുടെ തണുപ്പും കാറ്റിന്‍റെ കളികളും അറിഞ്ഞു നില്‍ക്കുമ്പോള്‍ എന്‍റെ കയ്യില്‍ നനഞ്ഞ പാവാടത്തുമ്പായിരുന്നു.
 ഇന്ന്..
 ഇടവിട്ട്‌ പെയ്യുന്ന മാനത്തിന്റെ കണ്ണീരിനെ കാറ്റ് തൂവാനത്തുള്ളികളായി പറത്തിക്കളിക്കുമ്പോള്‍, അറിയാത്ത   ആരുടെയൊക്കെയോ അറിയുന്ന വരികളുമായി ഞാന്‍ എന്‍റെ ഉമ്മറപ്പടിയില്‍ ഇരുന്നു. നേട്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും നിറങ്ങള്‍ മഴവെള്ളത്തില്‍ അലിഞ്ഞു ചേരുന്നത് വെറുതെ കണ്ടുകൊണ്ട്....
നാളെ.....
കോരിച്ചൊരിയുന്ന മഴ മാനത്തിന്റെ സ്വപ്നങ്ങളാല്‍ മണ്ണിന്‍റെ പച്ചപ്പിനു മുത്തുമണികള്‍ ചാര്‍ത്തുമ്പോള്‍, ഞാന്‍ ഉറങ്ങുകയായിരിക്കാം. നിത്യതയിലേക്കുള്ള തിരിച്ചുപോക്കിന്റെ അവസാനം ഇണങ്ങാത്ത കുപ്പായം പോലെ ഉപേക്ഷിച്ച എന്നെ മണ്ണിന്‍റെ മാറില്‍ ഉറക്കിക്കിടത്തി ഞാന്‍ പോയിരിക്കാം. കാണാമറയത്തേക്ക്....  

January 21, 2011

ചേങ്കര ചാല്‍ പര്യവേഷണ യാത്ര

മുല്ലക്കല്‍,
     എന്‍റെ അമ്മയുടെ കുടുംബം. ഇടയ്ക്കിടെ തനി ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാനും പിന്നെ കുട്ടിക്കുറൂമ്പുകള്‍ കാട്ടാനും ആയി ഞങ്ങള്‍ ഒത്തുകൂടുന്നതു അവിടുത്തെ തോടിന്‍റെ വക്കതും വയലേലകളിലും ഒക്കെയാണ്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ 'മുല്ലക്കല്‍ തറവാട്ടിലെ' മൂന്നാം തലമുറയില്‍ പെട്ട ഒന്‍പതു പേര്‍. ലീഡര്‍ ഞാന്‍ ആകേണ്ടതാണ് എങ്കിലും ലീഡര്‍ഷിപ്പ് എനിക്കല്ല.പ്രായത്തിന്റെ ഗ്രാഫ് താഴോട്ട് വരുന്തോറും കയ്യില്‍ ഇരിപ്പ് വഷളാവുന്നു എന്ന് വീട്ടുകാരെല്ലാം സമ്മതിച്ച 'മുല്ലക്കല്‍ ഡെവിള്‍സ്'.
      വര്‍ഷത്തില്‍ മൂന്നു തവണയാണ് മുല്ലക്കല്‍ ഡെവിള്‍സ് ന്‍റെ യൂണിയന്‍, വേനലവധി, ഉത്സവം പിന്നെ ചിലപ്പോഴൊക്കെ ഓണം. വീട്ടില്‍ എത്തുമ്പോള്‍ തന്നെ അടുക്കളയിലേക്കു ആണ് ഓട്ടം.ഇപ്പോഴും അമ്മായിമാരുടെ സ്പെഷ്യല്‍ കപ്പ_ചിക്കന്‍ ആണ് ഞങ്ങളുടെ പ്രിയ ഭക്ഷണം. അകത്തു ചെന്ന 'കോഴി' ഒന്ന് ഒതുങ്ങിക്കഴിയുമ്പോള്‍ കുറെ പാട്ടുകളും (ഇപ്പോള്‍ മൊബൈല്‍ ഫോണും) ആയി താഴെ പാടത്തേക്കു യാത്രയാകും. ഉച്ചക്ക് 2 മണിക്കുള്ള പൊരിവെയിലും കൊണ്ടുള്ള യാത്ര പാടം കാണാന്‍ അല്ല, ഒരിക്കലും ചെന്നെത്തിയിട്ടില്ലാത്ത 'ചേങ്കര ചാല്‍' എന്ന മഹാത്ഭുതത്തിലേക്ക് ആണ്.
    പാടവരമ്പത്തു കൂടി, കൂട്ടത്തില്‍ ചെറിയ കണ്ണന്‍റെ വീര സാഹസിക കഥകളും കേട്ട്, പാട്ടും ബഹളവും ആയാണ് യാത്ര. വീട്ടില്‍ എല്ലാവര്‍ക്കും ഞങ്ങളുടെ ഈ അന്വേഷണയാത്ര സുപരിചിതം ആയതുകൊണ്ട് ഒപ്പം ഇല്ലെങ്കിലും, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 2PM നു ഞങ്ങളുടെ മുന്‍ തലമുറയിലെ അഞ്ചു പേരുടെയും ഫോണ്‍ സന്ദേശങ്ങള്‍ കുഞ്ഞമ്മാവനെ തേടി എത്തും.
" ഗംഗേ, പിള്ളേരെ പാടത്ത് വിടരുത്."
പക്ഷെ, കുഞ്ഞമ്മാവന്‍  ഞങ്ങളുടെ ഗ്രൂപ്പ്‌ ആയതുകൊണ്ടും അവരോടു പറയില്ല എന്ന വ്യവസ്ഥയിലും ആണ് യാത്ര തുടങ്ങുക.
     വഴിയിലുടനീളം കഥകളാണ്. ഒരു വര്‍ഷത്തെയോ ആറ്‌ മാസത്തെയോ കഥകള്‍ ഉണ്ടാകും പങ്കു വക്കാന്‍. നാട്ടുകാര്‍ 3 പേരെയുള്ളൂ. അമ്മാവന്മാരുടെ മക്കള്‍. ബാക്കിയെല്ലാവരും പാലക്കാട് മുതല്‍ പള്ളിക്കല്‍ വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തില്‍ നിന്നാണ്. തലേ ദിവസം അമ്പലത്തില്‍ നിന്നു വാങ്ങിയ " അമ്മാവാ" ബലൂണുകളും പീപ്പിയും ഒക്കെ ഊതിയുള്ള പടപ്പുറപ്പാട് കേള്‍ക്കുമ്പോഴേ അടുത്തുള്ളവര്‍ തിരക്കിത്തുടങ്ങും.
" കൊച്ചാട്ടാ, പിള്ളാരെല്ലാം എത്തിയോ ?" പിന്നെ അന്വേഷണങ്ങള്‍ ആയി. മണിയുടെ മക്കള്‍ എന്തിയേ? ഹരിഹരന്‍റെ മക്കള്‍ വളര്‍ന്നോ? അംബികയുടെ മോള്‍ വന്നില്ലേ? അതങ്ങനെ പോകും...
    പാടത്തിനു നടുക്കുള്ള വെള്ളചാലില്‍ എത്തിയാല്‍ പിന്നെ നേരെ തെക്കോട്ട്‌ വച്ചുപിടിക്കും. വഴിനീളെ ചാഞ്ഞു കിടക്കുന്ന നെല്‍കതിരുകളും പറിച്ചെടുത്ത്, ചാലിലെ ആമ്പല്‍പൂവുകളും കൈക്കലാക്കിയാണ് പിന്നങ്ങോട്ട്. വെയിലടിച്ചു കരിഞ്ഞു തുടങ്ങിയാല്‍ പിന്നെ സ്പീഡ് ഇത്തിരി കൂടും. പോകുന്ന വഴിക്ക് ഒരു പുതയല്‍ കണ്ടം (പാടം തന്നെ) ഉണ്ട്. ചെന്നു ചാടി പോയാല്‍ പിന്നെ ഒരു ദിവസം വേണം കാല്‍ ഊരിയെടുക്കാന്‍. അത്രയും ആകുമ്പോഴേക്കും ഉണ്ണിയുടെ അനൌണ്സ്മെന്റ്  എത്തും
" പ്രിയപ്പെട്ടവരേ, നമ്മള്‍ ചേങ്കര ചാലില്‍ എത്താറായിരിക്കുന്നു ."
    പറഞ്ഞു തീരുന്നതിനു മുന്‍പ് മൊബൈല്‍ ബെല്ലടിക്കും. അങ്ങേത്തലക്കല്‍ പാലക്കാട്ടെ വലിയമ്മാവന്‍. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹൈകമാന്റ്.
" ഉണ്ണീ, നിങ്ങള്‍ പാടത്താണോ ?"
 തിരിച്ചൊന്നും പറയുന്ന ശീലം ഞങ്ങള്‍ക്കാര്‍ക്കും പണ്ടേ ഇല്ല. വേറെ ഒന്നും കൊണ്ടല്ല. സത്യം പറയാം.........പേടിച്ചിട്ടാ....
" നിങ്ങള്‍ തിരിച്ചു വീട്ടില്‍ പോകൂ. നീ കുട്ടികളെയും കൂട്ടിക്കോളൂ. വീട്ടില്‍ പോയിരുന്നു സംസാരിക്കൂ.ഞാന്‍ വിളിക്കാം."
    ആ വിളിക്കാം എന്ന വാക്കിന്‍റെ അര്‍ത്ഥം ലാന്‍ഡ്‌ ഫോണില്‍ ബെല്ല് വരുമ്പോഴേക്കും ഞങ്ങള്‍ മുല്ലക്കല്‍ എത്തണം എന്ന് തന്നെ......!!!!! ഒന്നര മണിക്കൂര്‍ നടന്നു ചെന്നു എത്തിയ ദൂരം പതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ നടന്നു (പറന്നു) തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ കേള്‍ക്കാം...
ടിര്‍ണീം ടിര്‍ണീം.........
STD ബെല്‍.
കുഞ്ഞമ്മാവന്‍ ഫോണ്‍ എടുക്കും.
"കുട്ടികള്‍ ഇങ്ങെത്തിയോ ഗംഗേ?"
അങ്ങേത്തലക്കല്‍ നിന്നുള്ള ചോദ്യം.
" വന്നു കൊച്ചാട്ടാ."
"ഉം." ഫോണ്‍ കട്ട്‌ ആകും.
  അങ്ങനെ എല്ലാ വര്‍ഷവും ഒരേ സ്ക്രിപ്റ്റില്‍ ഓടിക്കൊണ്ടിരിക്കുന്നതാണു ഞങ്ങളുടെ 'ചേങ്കര ചാല്‍ പര്യവേഷണ യാത്രകള്‍.' ഈ വര്‍ഷവും ഫെബ്രുവരി നാലിന് ഉത്സവം ആണെന്ന് പറയാനായി വിളിച്ചപ്പോള്‍ തന്നെ അന്വേഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
" നമ്മള്‍ എപ്പോഴാ പാടത്ത്‌ പോവുക?"




മുല്ലക്കല്‍ ഡെവിള്‍സ് നു സ്നേഹപൂര്‍വ്വം..........


പ്രത്യേക അറിയിപ്പ്:
മുല്ലക്കലെ പ്രിയപ്പെട്ടവരേ....
വായിച്ചിട്ട് ചുമ്മാ പോവല്ലേ. അഭിപ്രായം പങ്കുവക്കണേ, ഓര്‍മ്മകളും...

January 19, 2011

ഒരു യാത്ര

   തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട അങ്ങനെ 4 ഓളം ജില്ലകളില്‍ തൈ വേരുകളും, നാരു വേരുകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കേരള യൂനിവേഴ്സിടി യുടെ ആസ്ഥാനം അങ്ങ് തലസ്ഥാനത്ത് കൊണ്ടു വെച്ച സര്‍ സി.പി. യെ വഴക്ക് പറഞ്ഞുകൊണ്ടാണ് യൂനിവേഴ്സിടി യാത്രകള്‍ തുടങ്ങാറ്. പതിവ് പോലെ ഒരു യൂനിവേഴ്സിടി യാത്ര. ഉദ്ദേശം ഒരു അപ്ലിക്കേഷന്‍ സമര്‍പ്പണം. തലേ ദിവസം തന്നെ അറിയിപ്പ് കിട്ടി, നമ്മുടെ നാട്ടിലെ ഒരു സുഹൃത്തും അദ്ദേഹത്തിന്റെ സുഹൃത്തും  അതെ വഴിക്ക് വരുന്നുണ്ട് എന്ന്. എങ്കില്‍ പിന്നെ ഒരുമിച്ചാകാം യാത്ര എന്ന് തീരുമാനിച്ചു. പെണ്ണുങ്ങള്‍ക്ക് ആകുമ്പോള്‍  അങ്ങ് വരെ പരദൂഷണം എങ്കിലും പറയാല്ലോ...
   എന്തായാലും മുന്നോരുക്കത്തില്‍ ഒന്നും ഒഴിവാക്കിയില്ല, മൊബൈല്‍ ഫോണും, ഹെഡ് സെറ്റും, വായിച്ചുകൊണ്ടിരുന്ന ഓഷോയുടെ പുസ്തകവും ഒന്നും.കിളിമാനൂര്‍ വരെ കേള്‍ക്കാന്‍ ഉള്ള പാട്ടും മൊബൈലില്‍  സേവ് ചെയ്തു. പിന്നങ്ങോട്ട് അനന്തപുരിയുടെ സ്വന്തം ക്ലബ്‌ എഫ്.എം. ഉണ്ടല്ലോ.
    ആദ്യം വന്ന സൂപ്പര്‍ ഫാസ്റ്റ് നു ടാറ്റാ കൊടുത്തു വിട്ടു. സീറ്റ്‌ ഇല്ല.ഞങ്ങള്‍ മൂന്നു ആളും പിന്നെ അവരുടെ രണ്ട്‌ പേരുടെയും രക്ഷകര്‍ത്താക്കളും കൂടി ആകെ അംഗസംഖ്യ ആറ്‌. എല്ലാര്‍ക്കും കൂടി സീറ്റ്‌ കിട്ടാന്‍ ഇത്തിരി പാടാണ്‌. കുറെ കഴിഞ്ഞപ്പോള്‍ KSRTC യുടെ പച്ചക്കുതിര (super express) വന്നു. അതിലും സീറ്റ്‌ ഇല്ല. നില്ക്കാന്‍ സ്ഥലം ഉണ്ട് താനും. അത് കൂടി പോയപ്പോഴേ ഉറപ്പായി, ഇന്ന് standing pose തന്നെ.തൊട്ടു പിന്നാലെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഞങ്ങള്‍ ഇടിച്ചു കയറി. 3 പേര്‍ ഇരുന്നു. ഞങ്ങള്‍ juniors ഡ്രൈവറിന്റെ സീറിനു പിന്നില്‍ നിലയുറപ്പിച്ചു. കണ്ടക്ടര്‍ എന്ന് ലെബല്‍ ചെയ്ത സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു, കണ്ടപ്പോഴേക്കും അതില്‍ ഒരു ചേട്ടന്‍ സിറ്റ് ആയി.പിന്നില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന മീശ വച്ച 3  സ്ത്രീകളോട് എന്തൊക്കെയോ പറയണം എന്ന ആഗ്രഹത്തോടെ........ഞങ്ങള്‍ നില്‍പ്പ് തുടര്‍ന്നു. കൊട്ടാരക്കര എത്തുമ്പോള്‍ സീറ്റ്‌ കിട്ടും എന്ന വിശ്വാസത്തോടെ.
   കൊട്ടാരക്കര ആയി. ഒരാളും എഴുന്നേല്‍ക്കുന്നില്ല. കണ്ടക്ടര്‍ ന്‍റെ  സീറ്റ്‌ ഒഴിഞ്ഞു. കൂടെയുള്ള പുതുമുഖത്തെ നിര്‍ബന്ധിച്ചു ഇരുത്തിയിട്ട് ഞാനും എന്‍റെ ഫ്രണ്ടും ഞങ്ങളുടെ സ്കൂള്‍ കഥകളിലേക്ക് കടന്നു. പയ്യനല്ലൂര്‍ സ്കൂളിലെ പത്തു പന്ത്രണ്ടു ബാച്ചിലെ എല്ലാരുടെയും കാര്യം പറഞ്ഞു,പിന്നെ വി.വി.എച്ച്.എസ്.എസ് ലേക്ക് പോയി. അവിടുന്ന് പന്തളം എന്‍.എസ്.എസ്.ലേക്കും. എന്നിട്ടും സീറ്റ്‌ ഇല്ല.
   അപ്പോഴേക്കും ടിക്കറ്റ്‌ വില്‍പ്പന കഴിഞ്ഞു കണ്ടക്ടര്‍ ചേട്ടന്‍ എത്തി. സീറ്റില്‍ ഇരുന്ന ഞങ്ങളുടെ ദോസ്തിനെ അത്യാവശ്യത്തിനു ഒന്ന് കളിയാക്കിയിട്ടു എഴുന്നേല്‍പ്പിച്ചു. താങ്ങാനാവാത്ത അപമാനം മൂലം കക്ഷി ഞങ്ങളുടെ പിന്നില്‍ ഒളിച്ചു. കണ്ടക്ടര്‍ മറന്നുപോയ ഡയലോഗുകള്‍ ഓര്‍മ്മിപ്പിക്കുന്നതിനിടയില്‍ എന്തൊക്കയോ ചിന്തിച്ചു കൂട്ടിയുള്ള ചോദ്യം,
" ചേച്ചിക്ക് ബാക്കി കിട്ടിയോ?"
" ഇല്ല"
ഉടന്‍ വന്നു മറുപടി.
" ബാക്കി ചോദിക്ക്. തന്നില്ലെങ്കില്‍ നമുക്കയാളെ വഴക്ക് പറയാം."
 അപ്പോള്‍ അതാണ്‌ പ്രോഗ്രാം. അപ്പോഴേ ഉള്ളില്‍ കത്തുന്ന പ്രതികാരാഗ്നി ഞങ്ങള്‍ കണ്ടു.
   എന്തായാലും വെഞ്ഞാറമൂട് ആയപ്പോള്‍ ഞാന്‍ ബാക്കി ചോദിച്ചു. അയാള്‍ കാശ് എടുക്കാനായി ബാഗ്‌ തുറന്നു.  പാവം മനുഷ്യന്‍. രക്ഷപെട്ടു. ഞങ്ങള്‍ കരുതി.അവളുടെ മുഖത്ത് ഒന്നും പറയാന്‍ പറ്റാത്ത വിഷമം.
" 59 ന്‍റെ ടിക്കറ്റ്‌ അല്ലെ?"
" അതെ"
അയാള്‍ നാല് പത്തുരൂപ നോട്ടുകളും ഒരു രൂപയും തന്നു. വാങ്ങി നോക്കിയപ്പോള്‍ അതില്‍ ഒരു നോട്ടിനു 10 % കിഴിവ്. ഞാന്‍ അയാളോട് നോട്ട് മാറ്റിത്തരാമോ എന്ന് ചോദിച്ചു. അയാള്‍ ചിരിച്ചു കാട്ടി. പ്രതികാര ദാഹിയുടെ കണ്ണുകളില്‍ തിളക്കം.  ദൈവം ഒരാളെയും വെറുതെ വിടില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ ചീട്ടു അവള്‍ക്കു കൈമാറി.......
ശേഷം ഭാഗം ചിന്ത്യം......
പക്ഷെ , റോഡു പണി കാരണം വഴി മാറ്റിവിട്ട വണ്ടി പട്ടത്ത് ഇറങ്ങേണ്ട അവരെ പാളയത്ത് ഇറക്കിയപ്പോള്‍ അയാളിനി  ചിരിച്ചോ ന്തോ......????




അറിയിപ്പ്: ഇതിലെ കഥാ പാത്രങ്ങള്‍ക്ക് നിങ്ങള്‍ കണ്ടിട്ടുള്ളവരുമായോ പരിചയം ഉള്ളവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെന്നു തോന്നിയാല്‍, ആരോടും പറയണ്ടാ. ഇതിന്‍റെ പേരില്‍ ആരെയെങ്കിലും പരിഹസിച്ചാല്‍ അത് ശിക്ഷാര്‍ഹം ആണ്, കിട്ടുന്നത് വാങ്ങിക്കോളൂ.

January 17, 2011

ശരണ വഴികളിലൂടെ

ഹരിശ്രീയില്‍ മുരളിചേട്ടന്‍ എഴുതിയ ലേഖനം ആയിരിക്കാം ഇപ്പോള്‍ ഇങ്ങനെ എഴുതുന്നതിനു പിന്നിലെ പ്രചോദനം. അഭിപ്രായം പറയാനായി വന്ന എനിക്ക് പറയാന്‍ ഏറെ ഉണ്ട് എന്ന് തോന്നി.
   എല്ലാ വര്‍ഷവും ഏകദേശം ഒക്ടോബര്‍ ആദ്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ജനുവരിക്കു ശേഷം പിന്നെ അടുത്ത ഒക്ടോബര്‍ വരെ കേള്‍ക്കാന്‍ കിട്ടാതെ വരികയും ചെയ്യുന്ന ഒന്നാണ് ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും തീര്‍ത്ഥാടന കാലത്തല്ലേ  തീര്‍ത്ഥാടകര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുക എന്ന്. ഞാന്‍ പറയുന്നത് തീര്‍ത്ഥാടകരുടെ പ്രശ്നങ്ങളെ പറ്റിയല്ല,  അതിനു വെളിയില്‍ നിന്നു ശബരിമല സീസണ്‍ വിവാദങ്ങളുടെ ഒരു പ്രളയം ആക്കി മാറ്റുന്നവരെ കുറിച്ചാണ്.
   ഞാന്‍ താമസിക്കുന്ന അടൂര്‍, തൊട്ടടുത്ത പ്രദേശങ്ങള്‍ ആയ പന്തളം, പത്തനംതിട്ട എല്ലാം ശബരിമല യാത്രയിലെ ഇടത്താവളങ്ങള്‍ ആണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ഓടെ നടക്കുന്ന തീവ്ര റോഡു വകസന പദ്ധതികള്‍ വര്‍ഷങ്ങളായി കാണുന്നവരാണ് ഞങ്ങള്‍. റോഡിലെ ഒന്നോ രണ്ടോ കുഴികള്‍ പേരിനു ഒന്ന് അടച്ചുവക്കുന്നതിനു ൧൫ ദിവസം  ധാരാളം. പിന്നെയും ജൂണ്‍ മാസം എത്തുമ്പോള്‍ റോഡില്‍ മീന്‍ പിടുത്തം തന്നെ. റോഡു പോയാലല്ലേ അടുത്ത വര്‍ഷവും ശബരിമല സീസണ്‍ വരുന്നത് അറിയാന്‍ പറ്റു.
    ശബരിമല മാസ്റ്റര്‍ പ്ലാന്‍, എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തെ പേപ്പറില്‍ നിറഞ്ഞു വിലസുന്ന ആര്‍ക്കും അറിയാത്ത സംഭവം. കഴിഞ്ഞോ ഇല്ലിയോ, ആര്‍ക്കറിയാം? തീര്‍ത്ഥാടന കാലം അല്ലാത്ത ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ചര്‍ച്ച ചെയ്തും, വേണ്ട മാറ്റങ്ങള്‍ വരുത്തിയും നടപ്പിലാക്കേണ്ട പദ്ധതികള്‍ മണ്ഡലക്കാലം എത്തുമ്പോള്‍ മാലയിടാന്‍  ഓര്‍മിപ്പിക്കുന്നത്‌ പോലെ പേപ്പറില്‍ കാണാം.
  കേരളത്തില്‍ KSBC കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വരുമാനം ഒരുപക്ഷെ ദേവസം ബോര്‍ഡിനു ആയിരിക്കാം. (നിരത്താന്‍ എന്‍റെ പക്കല്‍ സ്ഥിതി വിവര കണക്കുകള്‍ ഒന്നും ഇല്ല.) എന്നിട്ടും ദൈവത്തിന്റെ പേരില്‍ പോലും പരസ്യങ്ങള്‍ നടത്തി " ഭക്തരെ" ആകര്‍ഷിക്കുന്ന ഒരു കച്ചവട മനസ് ബോര്‍ഡിനു ഇല്ലേ? തീര്‍ത്ഥാടനം എന്നതില്‍ ഉപരി ഒരു ക്രെഡിറ്റ്‌ ആണ് ശബരിമല യാത്രകള്‍. 41 ദിവസത്തെ കഠിന വ്രതവും നോറ്റ് പരമാത്മാവിനെ ദര്‍ശിച്ചു സായൂജ്യം അടയുന്ന ഭക്തന്‍ ഇന്ന് സിനിമകളിലോ നാട്ടിന്‍പുറത്ത് കാരുടെ ഓര്‍മ്മകളിലോ മാത്രം ആണ്. "Hei, m here at Shabarimala" എന്ന് പത്തു പെരോടെങ്കിലും പറഞ്ഞു പബ്ലിഷ് ചെയ്യാന്‍ നോക്കുന്നവരാണ് ഇന്നത്തെ ഭക്തര്‍ (Exceptions are not examples).
  ഭൂവിസ്ത്രിതിക്ക് താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറത്തേക്ക് വളരുന്ന (ഭക്ത) ജന പ്രവാഹം, ആപത്തുകളെ ക്ഷണിച്ചു വരുത്തുന്നതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. രണ്ട്‌ കാല്‍ വയ്ക്കാന്‍ ഉള്ള മണ്ണ് മാത്രമേ ശബരിമല സന്നിധാനത് നില്‍ക്കുന്നവന് ഉണ്ടാവുകയുള്ളൂ. അവന്റെ പാദത്തിനു അപ്പുറം ഉള്ള ഭൂമി മറ്റാര്‍ക്കോ സ്വന്തം.
    മകര ജ്യോതിക്കും മകരവിളക്കിനും അര്‍ത്ഥം ഇല്ലെന്നു പറയാനും ഒരായിരം ആള്‍ക്കാര്‍ ഉണ്ട്. ക്ഷേത്രങ്ങളില്‍ വിശ്വസിക്കാന്‍ ഒന്നും ഇല്ലെന്നും. അവരെല്ലാം സ്വന്തം ജീവിതത്തില്‍ വിശ്വസിക്കുന്ന വ്യക്തികളോ തത്വസംഹിതകളോ  ഉണ്ടാവില്ലേ? ആരോ എഴുതിയ പൊയ്പ്പോയ കാലഘട്ടത്തിന്റെ നിയമങ്ങളും ഇന്നും നാളെയും ഓരോ ദിവസവും നിറം  മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും. അതിനെന്താണ് അര്‍ത്ഥം? അതിലും ഭേദം അല്ലെ, നിഷ്കളങ്കമായ വിശ്വാസങ്ങളില്‍ മാത്രം ജീവിക്കുന്ന, ഇടയ്ക്കു കോപവും, ചിലപ്പോഴൊക്കെ വരങ്ങളും തരുന്ന ഈശ്വരന്‍.
    എനിക്ക് പറയാന്‍ ഒന്നേയുള്ളൂ. ഭക്തി ഉള്ളവന്‍റെ  മാത്രം ലോകമായി മാറട്ടെ ശബരിമല. പതിനെട്ടു പടികള്‍ ആകുന്ന  ലൌകിക ജീവിത പ്രശ്നങ്ങളെ കാല്‍കീഴില്‍ അമര്‍ത്തി, തന്‍റെ ആത്മാവിന്റെ സായൂജ്യം മാത്രം കൊതിച്ചു മല ചവിട്ടുന്നവന് വേണ്ടി വഴി മാറി കൊടുക്കുക.പ്രാര്‍ത്ഥനയും വിശ്വാസങ്ങളും തച്ചുടയ്ക്കപ്പെടാന്‍ ഉള്ളതല്ല.
മകരജ്യോതി 
     സ്വാമിയേ ശരണം......

January 14, 2011

Tujhe Yaad Na Meri Aayee (complete)

കുറുവ ദ്വീപ്

    കേരളത്തിലെ പ്രധാന നദികളില്‍ ഒന്നായ കബനി, വയനാടിനു നല്‍കിയ സമ്മാനം ആണ് കുറുവ ദ്വീപ്. ജലത്താല്‍ ചുറ്റപ്പെട്ട കരഭാഗം. പി.ജി. ക്ക് പഠിക്കുമ്പോള്‍ ആണ് കുറുവ ദ്വീപിലേക്ക് ആദ്യം പോകുന്നത്. കൂടെ എന്‍റെ പത്തു പി.ജി. കൂട്ടുകാരും, 26 ഡിഗ്രി കുട്ടികളും മൂന്നു അധ്യാപകരും പിന്നെ ഞങ്ങളുടെ സ്വന്തം ഗോപി ചേട്ടനും.
  തലേ ദിവസം തന്നെ വയനാട്ടില്‍ എത്തിയതിനാല്‍ 10 മണിക്ക് തന്നെ ഞങ്ങള്‍ കുറുവ ദ്വീപില്‍ എത്തി. കൌണ്ടറില്‍ നിന്നു ടിക്കറ്റും, വഴി കാട്ടാന്‍ ഒരു ഗൈഡും ആയി ദ്വീപിലേക്കുള്ള യാത്ര തുടങ്ങി. നദി കടത്തി വടാനായി കുറെ ബോട്ടുകളാണ് ഉണ്ടായിരുന്നത്. ബോട്ടില്‍ കയറിയപ്പോള്‍ മുതല്‍ എല്ലാവരുടെയും ചുണ്ടില്‍ നാടന്‍ പാട്ടിന്റെയും തോണി പാട്ടിന്റെയും ഈണങ്ങള്‍ ആയിരുന്നു.
    കുറച്ചു മണല്‍ തിട്ടയും, പൂത്തു നില്‍ക്കുന്ന പുല്ലുകളും, നദിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും ഒക്കെയായി ഒരു വന്യതയുടെ പച്ചപ്പ്‌ നിറഞ്ഞ സ്ഥലത്താണ് ചെന്നു ഇറങ്ങിയത്‌. കയറി വരുന്ന വഴിയിലെ മുളം കൂട്ടത്തില്‍ തയാറാക്കി വച്ചിരിക്കുന്ന PHOTO SPOT ഇല്‍ എല്ലാവരും കൂടി. ഓര്‍മകളില്‍ ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി.പോകുന്ന വഴിയില്‍ വച്ചു ഒരു ചീങ്കണ്ണിയെ ഗൈഡ് ഞങ്ങള്‍ക്ക് കാട്ടി തന്നു. ഏകദേശം 14 ഓളം ചീങ്കണ്ണികള്‍ ദ്വീപില്‍ വിലസുന്നുണ്ട് എന്ന് അറിഞ്ഞതോടെ വെള്ളത്തിലേക്ക്‌ ഇട്ടിരുന്ന കൈകളും കാലുകളും ഒക്കെ അകത്തേക്ക് വലിഞ്ഞു. കയ്യും കാലും ഇല്ലാതെ ചെന്നാല്‍ വീട്ടുകാര്‍ വഴക്ക് പറയും!!! 
   പുല്‍ വര്‍ഗങ്ങള്‍ ധാരാളം ആയി കാണപ്പെടുന്ന വനത്തില്‍ കാട്ടു പന്നിയുടെ സാന്നിധ്യം ഉണ്ടെന്നു കിളച്ചു മറിച്ചിട്ട മണ്ണ് ഉറപ്പു തന്നു. ' കുറുവ' എന്ന പേരിട്ടത് കര്‍ണാടകയില്‍ നിന്നും വന്നു താമസിച്ചിരുന്നവര്‍ ആണെന്നും  അതിന്‍റെ അര്‍ത്ഥം 'തുരുത്ത്' എന്നാണെന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു.
    ആസ്വാദനത്തിന്റെ സുഖം ഒറ്റയ്ക്ക്, പ്രകൃതി മാത്രം കണ്ടു, ആ ശബ്ദം മാത്രം കേട്ടു നടക്കുമ്പോള്‍ ആണെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ഗൈഡിന്റെ ഗ്രൂപ്പില്‍ നിന്നു പിരിഞ്ഞു. പിന്നങ്ങോട്ട് സ്വയം വഴി കണ്ടു പിടിച്ചുള്ള യാത്ര ആയിരുന്നു. വഴിയില്‍ ഒരു കിളിയുടെ പുറകെ (തെറ്റി ധരിക്കണ്ട..കിളി തന്നെ.) ഫോട്ടോ എടുക്കാന്‍ പോയ സന്തോഷിനെ കാണാതെ പോയതും സ്വപ്ന ലോകത്തിലെ പന്തളം പഞ്ചായത്ത് (പേര് പറയില്ല, PP) ന്‍റെ ഫോട്ടോ എടുത്ത് പബ്ലിഷ് ചെയ്തതും അങ്ങനെ എന്തെല്ലാം എന്തെല്ലാം....   
     ഏകദേശം 95 ഏക്കര്‍ വിസ്തൃതിയുള്ള കുറുവ ദ്വീപിനെ കബനി നദിയുടെ വിവിധ ഒഴുക്കുകള്‍  ചെറിയ ചെറിയ തുരുത്തുകളായി വിഭജിച്ചിട്ടുണ്ട്. ഒരു തുരുത്തില്‍ നിന്നും അടുത്തതിലേക്ക് എത്താന്‍ ഈ കൈവഴികള്‍ മുറിച്ചു കടക്കേണ്ടി വരും.പാറ കല്ലുകള്‍ നിറഞ്ഞ അടിത്തട്ടും, നല്ല കുത്തൊഴുക്കും, ചുഴികളും, ഉള്ള അവയില്‍ ഇറങ്ങി നടക്കണം എന്ന് കേട്ടപ്പോഴേക്കും, നമ്മള്‍ വന്ന ബോട്ട് തിരിച്ചു പോയിക്കാണുമോ എന്നായി എല്ലാവരുടെയും ചോദ്യം.
   പക്ഷെ, പ്രശ്നങ്ങള്‍ എല്ലാം ആദ്യത്തെ തവണ തന്നെ തീര്‍ന്നു. മുന്‍പേ പോകുന്ന ബാലു സാറിനും ഗൈഡിനും പിന്നാലെ കൈകോര്‍ത്തു പിടിച്ചു ഞങ്ങളും നടന്നു. മറിഞ്ഞു വീണവരും, കൈ വിട്ടു പോയവരും ഒക്കെ അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കൂടുതല്‍ ധൈര്യശാലികള്‍ ആയോ എന്നൊരു സംശയം. എല്ലായിടത്തും വീണു കബനിയിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തവരും, കൂടെ നിന്നവരെ എല്ലാം മറിച്ചു ഇട്ടിട്ടു  നിന്നു ചിരിച്ചവരും ഒക്കെയുണ്ടായിരുന്നു. പേര് മാത്രം ചോദിക്കരുത്.
   നാടിന്‍റെ ബഹളങ്ങളും, തിരക്കുകളും ഇല്ലാതെ കുറച്ചു മണിക്കൂറുകള്‍ ഭൂമിക്കു ഏറ്റവും വിലപ്പെട്ട കാടിനും, ജലത്തിനും ഒപ്പം. ഒരു തവണ ചുറ്റി വരാന്‍ ആര് കൈവഴികള്‍ എങ്കിലും മുറിച്ചു കടക്കേണ്ടി വരും. സാഹസികതയ്ക്കു താല്പര്യം ഉള്ളവര്‍ക്ക് പാതി നാലോളം കൈവഴികള്‍ മുറിച്ചുകടന്നു പോയി എല്ലാ ദ്വീപുകളും കാണാം. ഞങ്ങള്‍ എന്തായാലും ആറെണ്ണം കൊണ്ടു തൃപ്തിപ്പെട്ടു. തിരിച്ചു വരുന്ന വഴിയിലെ കൈവരികള്‍ മുളം കമ്പുകളും പൈപ്പില്‍ മുളയുടെ പോലെ പെയിന്‍റ് ചെയ്തവയും ആയിരുന്നു. കാടിന് ചേരുന്ന രീതികള്‍. 
  ബോട്ട് അടുക്കുന്ന കടവില്‍ വന്നപ്പോള്‍ ബാലു സര്‍ ഞങ്ങള്‍ക്ക് കുറച്ചു സമയം വെറുതെ കഥകള്‍ പറയാന്‍ തന്നു. ഞങ്ങള്‍ പിജി ബാച്ചിലെ പതിനൊന്നു പേരും ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കാറ്റും, കഥകളും, തമാശകളും, പരസ്പരം ഉള്ള പാര വെയ്പ്പുകളും ആസ്വദിച്ചു. എന്നത്തേയും പോലെ മൌനം സ്വരമായി.... (എല്ലാവരുടെയും പ്രിയ ഗാനം, ക്ലാസില്‍ ഇടയ്ക്കിടെ കേള്‍ക്കുന്നതിനു ഞങ്ങള്‍ വാങ്ങി കൂട്ടാറുണ്ട് )  ഒഴുകി എത്തിയപ്പോഴേക്കും കുറുവ ദ്വീപിലെ തുരുത്ത് ഞങ്ങള്‍ക്ക് സ്വന്തം ആവുകയായിരുന്നു. 
  രണ്ട്‌ മണി ആയപ്പോഴേക്കു വിശപ്പിന്‍റെ വിളി സഹിയാത്തത് മൂലം തിരിച്ചു ബോട്ടില്‍ കയറി. കബനിയില്‍ കൂടി തിരിച്ചു വരുമ്പോള്‍ അകന്നു പോകുന്ന മുളം കൂട്ടവും, പുല്ലുകളും, തുരുത്തും എല്ലാം ഞങ്ങള്‍ക്ക് സമ്മാനിച്ചത്‌ മണ്ണിന്‍റെ മണവും, തെളിനീരിന്റെ തണുപ്പുമുള്ള കുറെ ഓര്‍മ്മകള്‍ ആയിരുന്നു. കബനിയിലെ പായല്‍ നിറഞ്ഞ കല്ലുകളില്‍ എന്ന പോലെ ഇടയ്ക്കിടെ മനസിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങള്‍.....
എന്‍.എസ്.എസ്.കോളേജ്, പന്തളം
സുവോളജി വിഭാഗം.


കാട്..... കറുത്ത കാട്...
ഇനിയും ഒന്നൂടെ....


ഒരുമയുണ്ടെങ്കില്‍...

ഫോട്ടോയില്‍ എത്ര പാവം...

കബനി നദി....

അയ്യോ..വീണേ...

ഇതൊക്കെ വെറും ചെറുത്....


ഈ വഴിക്ക് ഞങ്ങള്‍ ഇല്ലേ...   
  

January 13, 2011

നിലാവിന്റെ നീല ഭസ്മ...

ഇരുളിന്‍ മഹാ നിദ്രയില്‍..

പള്ളിക്കല്‍ ആറ്റില്‍ വിഗ്രഹം

പള്ളിക്കല്‍ ആറ്റില്‍ വിഗ്രഹം.
   പള്ളിക്കല്‍ ആറിന്റെ ശാഖയായ, പള്ളിക്കല്‍ ഒന്ന്, രണ്ട്‌ വാര്‍ഡുകളില്‍ കൂടി ഒഴുകുന്ന പള്ളിക്കല്‍ തോട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് വിഗ്രഹം കണ്ടെടുത്തത്. പഴകുളം- ആനയടി റോഡില്‍ പാറ്റാ നിക്കല്‍ പാലത്തിന്റെ അടുത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് വിഗ്രഹം ആദ്യം കണ്ടത്.
     ഏകദേശം ഒന്നര അടി ഉയരമുള്ള വിഗ്രഹം ഓടില്‍ തീര്‍ത്തത് ആണെന്നാണ് നിഗമനം. ശ്രീ ബലി വിഗ്രഹത്തിന്റെ മാതൃകയില്‍ ഉള്ള തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം ആണ് കിട്ടിയത്. വിഗ്രഹം നാട്ടുകാര്‍ പോലീസിന് കൈമാറി.
പള്ളിക്കല്‍ ആറ്റില്‍ നിന്നു കണ്ടെടുത്ത വിഗ്രഹം.

തിരുപ്പതി അമ്പലത്തിലെ പ്രതിഷ്ഠ.
വിഗ്രഹം കണ്ടെടുത്ത സ്ഥലം.

January 10, 2011

ക്ഷമയുടെ നെല്ലിപ്പലക

വീണ്ടും സ്ഥലം നമ്മുടെ സ്വന്തം ഊട്ടി.
  
   BEd course ന്‍റെ ഭാഗമായുള്ള ഒരു സ്റ്റഡി ടൂര്‍. ഹോഗ്നൈക്കളിലെ വെള്ളത്തില്‍ നിന്നു രാത്രി ഊട്ടിയിലെ തണുപ്പിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ഒരു celebration മൂഡില്‍. സ്റ്റേ ഞങ്ങളുടെ എല്ലാമാല്ലാം ആയ ഫിലോസഫി മാത്യൂസ്‌ സാറിന്‍റെ ഫ്രണ്ടിന്റെ സ്വന്തം ലോഡ്ജില്‍. ചെന്നപ്പോള്‍ തന്നെ സര്‍ ഞങ്ങളെ പറ്റി പൊക്കി പറഞ്ഞിട്ടുണ്ടോ എന്തോ? പറഞ്ഞിട്ടുണ്ടെങ്കില്‍ സാറിന്‍റെ കഷ്ടകാലം.
   രാത്രി 12 മണി. കൂടെയുള്ള ഒരു ടീച്ചറിന് ഉറക്കത്തിലും കണ്ണ് കാണാം എന്നുള്ള സത്യം ഞങ്ങള്‍ക്ക് മനസിലായി. അടുത്ത ദിവസത്തെ ക്യാമ്പ്‌ഫയര്‍ നെ കുറിച്ചും തലേ ദിവസത്തെ കുട്ടയിലെ യാത്രയെക്കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യുന്ന ഞങ്ങളെ എല്ലാം പേര് വിളിച്ചു പറഞ്ഞാണ് വഴക്ക് പറയുന്നത്. എങ്കിലും, വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല.
  കൂട്ടത്തിലെ ഒരു ഗ്രൂപിന് ബെഡ്ഡില്‍ ഇരിക്കുന്ന ഫോട്ടോ വേണം.ഓക്കേ. ക്യാമറ എന്‍റെ കയ്യില്‍. ഒരു ഫോട്ടോ എടുത്തു. അപ്പോള്‍ ബെഡ്ഡില്‍ പിന്നെയും സ്ഥലം ബാക്കി. കുറെപേര് കൂടി എത്തി. അങ്ങനെ ആകെ പോയവരില്‍ മുക്കാല്‍ പങ്കും കട്ടിലിന്റെ മുകളില്‍ ആയി. എന്‍റെ കയ്യിലെ ക്യാമറയുടെ സ്ക്രീന്‍ നിറഞ്ഞു. അവസാനം അവിടെയും, ഇവിടെയും മാറിയിരുന്ന കുറെ ബുജികളെ കൂടി പിടിച്ചു വലിച്ചു കട്ടിലിനു മുകളില്‍ എത്തിച്ചു. ഫോട്ടോ ഫോക്കസ് ചെയ്യുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ശബ്ദം. പിന്നെ, കടന്തല്‍ കൂട്ടില്‍ കല്ല്‌ വീണത്‌ പോലെ ചിന്നി ചിതറി ഓടുന്ന ആള്‍ക്കാര്‍.
  സംഭവിച്ചത് മറ്റൊന്നും അല്ല. കട്ടില്‍ ഒടിഞ്ഞു പോയി. വെറുതെ ഓടിഞ്ഞതോന്നും അല്ല, പണ്ടു ഭൂമിശാസ്ത്രത്തില്‍ പഠിച്ച ' വന്‍കരാ വിസ്ഥാപന സിദ്ധാന്തം' പോലെ നടുവേ പിളര്‍ന്നു പോയി. എങ്ങനെ ഒടിയാതിരിക്കും??? " ക്ഷമയുടെ നെല്ലിപ്പലക" കൊണ്ടു ഉണ്ടാക്കിയതൊന്നും അല്ലല്ലോ. പിന്നെ കട്ടിലിന്‍റെ കാശ് കൂടി വാങ്ങിയിട്ടാണ് മാത്യു സാറിനെ ഫ്രണ്ട് വിട്ടത്.  
     അടുത്ത കോളേജ് യൂണിയന്‍ മീറ്റിംഗ്. സ്റ്റഡി ടൂര്‍ ന്‍റെ കണക്കു അവതരിപ്പിക്കുന്നതിനിടയില്‍ പലവക എന്ന് പറഞ്ഞിട്ട് മാത്യു സര്‍ ഞങ്ങള്‍ ലേഡി representatives നെ നോക്കി ചിരിച്ചു. ബാക്കിയുള്ളവര്‍ക്ക് ഒന്നും അറിയില്ല...... കാരണം അവര്‍ കുട്ടികളാണ്......

ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ

സ്ഥലം    : ഊട്ടി
സംഭവം : പി. ജി.സ്റ്റഡി (???) ടൂര്‍
 ഊട്ടി ലേകിന് ചുറ്റും കരങ്ങിയടിക്കാന്‍ ഒന്നര മണിക്കൂര്‍ സമയം തന്നിട്ട് teachers പോയി. പത്താം ക്ലാസ്സു മുതല്‍ " പറ്റിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി" എന്ന രീതിയിലാണ് ഈ ടൂര്‍ എന്ന പരിപാടിയുടെ ഒരു കിടപ്പ് തന്നെ. അതുകൊണ്ട് ഈവര്‍ക്കും ഉദഗമണ്ഡലം ചിര പരിചിതം. ഊട്ടിയിലെ "ഓരോ മണിയും അരിച്ചു പെറുക്കി" നടക്കുന്നതിനിടയില്‍, എല്ലാവര്ക്കും ഒരു ചായ മോഹം. തണുപ്പത്ത് ആര്‍ക്കാ തോന്നാത്തെ....? "ഫുടിക്കാന്‍ " വിളിച്ചാല്‍ മാത്രം ആരും ഒഴിയില്ലല്ലോ. കൂട്ടത്തില്‍ ഒരു ഗ്രൂപിനെ മാത്രം കാണുന്നില്ല. ബാക്കിയുള്ളവര്‍ (വിള കേട്ടാല്‍) പൊള്ളുന്ന കോഫിയുമായി കൂടി...
   ചായ കുടി കഴിഞ്ഞു, കപ്പ്‌ "യൂസ് മീ" ചേട്ടന് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ആണ് മുന്‍പേ കാണാതെ പോയ നാല് സുഹ്ര്‍ത്തുക്കള്‍ എത്തിച്ചേര്‍ന്നത്.
ഞങ്ങളെ തൊണ്ടി മുതലോടെ (കോഫി കപ്പ്‌ ) പിടികൂടി അവര്‍ വെല്ലു വിളിച്ചു.
"നീയൊക്കെ ഞങ്ങളെ വിളിക്കാതെ ഇവിടിരുന്നു ചായ കുടിച്ചു അല്ലെ, ഞങ്ങള്‍ ROYAL ആയിരുന്നു ചായ കുടിച്ചിട്ട് വരും. "
 ഭീഷ്മ പ്രതിജ്ഞ കഴിഞ്ഞു പോയ അവരുടെ പിന്നാലെ ഞങ്ങളും വിട്ടു. കാര്യം എന്താകും എന്ന് അറിയണമല്ലോ!!!! അത്യാവശ്യത്തിനു ഒരു ക്യാമറയും എടുത്തു.
  പറഞ്ഞത് വെറുതെ ആയിരുന്നില്ല. ഞങ്ങള്‍ നോക്കി നില്‍കെ റോഡ്‌ ക്രോസ് ചെയ്തു അപ്പുറത്തെ ഒരു ചില്ലിട്ട കടയിലേക്ക് വെച്ച് പിടിക്കുന്ന അവരെ കണ്ടു ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി. 'പുഷ്' എഴുതിയ ഒരു ഗ്ലാസ്‌ ഡോറും അതിന്‍റെ മുന്നില്‍ തൊപ്പി വച്ച സെക്യൂരിറ്റി ചേട്ടനും. അവിടെ എത്തിയിട്ട് തിരിഞ്ഞു ഞങ്ങളെ നോക്കിയാ അവരുടെ മുഖത്ത് ആ പഴയ NK  (പുച്ഛം, അതിന്‍റെ തനി എന്‍.എസ്.എസ്. ഭാഷ്യം).
NOW, CARD IS IN OUR TABLE.
കയറിപ്പോയത് വേറെ എങ്ങോട്ടും അല്ല. ഊട്ടിയിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കാണ്. " ഗംഭീരമായ ചായകുടിക്ക് ശേഷം നാല്‍വര്‍ സംഘം ബസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ സംശയം.........
 ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ചായ കുടിച്ചാല്‍ കപ്പ്‌ കഴുകി കൊടുക്കണോ dearsssssssss.......

January 09, 2011

യാത്രാമൊഴി



നിന്‍ കണ്ണ് തടയുമ്പോള്‍ തിളങ്ങും മിഴികള്‍ക്കും,
നിന്‍ നെഞ്ച് തുടിക്കുമ്പോള്‍ തളരും മനസിനും,
നിന്‍റെ വാക്കിനായെന്നും കൊതിക്കും കര്‍ണങ്ങള്‍ക്കും
നീയെന്തു നല്‍കും എന്നെ പിരിഞ്ഞു പോകുംനേരം.
     ഇന്നലെയാരോ, ഇനി നാളെ മറ്റാരോ ജീവ-
     നിങ്ങനെ നിനക്കെന്നു ഞാനറിയാതെ പോയി,
     എനിക്കീ ദിനം മാത്രം, എങ്കിലും വെറുക്കാതെ
     ഇന്ന് ഞാന്‍ ആരാധിക്കും എന്‍ സ്നേഹസ്വരൂപത്തെ.
ഇനി കാണുവാനല്ല, കൊഴിയും ദിനങ്ങളില്‍,
ഓര്‍ത്തു വക്കുവാനെന്റെ  മനസ്സില്‍ കൊണ്ടാടുവാ-
നിതിരിയോര്‍മ്മ  മാത്രം, പ്രിയമാപ്പെരും, പിന്നെ
പറയാതെന്തോ കേള്‍ക്കും നിശബ്ദ നിമിഷവും.
     മറക്കാന്‍ കഴിയില്ലായിരിക്കാം, പകല്‍ പോലെ
     തെളിയും ചിത്രങ്ങളെ, നിത്യത നേടും വരെ
     എങ്കിലും സഖേ, എന്‍റെ വരികള്കിടയിലാ-
     മൌനരാഗത്തിന്‍ ബീജമോളിച്ചു കിടക്കുന്നു.
നിനക്കായ് കുറിച്ചവ, നീയൊന്നു കണ്ടീടാതെ
നിന്‍ വിരലറിയാതെ , നിന്‍ നാവിലുടക്കാതെ
എന്റെ മൌനത്തിന്റെ അന്തരാത്മാവിങ്കല്‍ നീ-
ന്നെരിയുന്നു, ഞാനും കൂടെയിന്നുരുകുന്നു.

January 08, 2011

എന്‍റെ പ്രണയം..













എന്‍റെ പ്രണയം...
ജീവിതം മുഴുവന്‍ നിന്നെ ചുറ്റുന്ന നിറഭേദങ്ങള്‍ ഇല്ലാത്ത വായു പോലെ ആകരുത് എന്‍റെ പ്രണയം...
പ്രണയം മഴയാകണം....
പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം...
  നീയാ മഴ മാത്രം കണ്ടിരിക്കണം......
പ്രണയത്തിന്‍റെ താപം മാത്രം അറിയണം...
പിന്നെ,
മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും
ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും,
മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്....
എനിക്ക് അകന്നു പോകണം, അകല്‍ച്ചയുടെ വേദന എന്നെ ഓര്‍മകളില്‍ നിന്നും മറയ്ക്കുന്നതിന് മുന്‍പ്....
.
.
.
.
പെയ്തൊഴിഞ്ഞ മഴയുടെ നീര്‍ച്ചാലുകള്‍ മാത്രം നിന്നില്‍ അവശേഷിക്കട്ടെ......

January 07, 2011

തീയില്‍ കുരുത്തത്.....

   സ്ഥലം ചന്ദ്രശേഖരന്‍ നായര്‍ സ്റെടിയം, തിരുവനന്തപുരം. ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ആയി ഒരാഴ്ച അവിടെയുണ്ടായിരുന്നു. സമ്മേളനം തീരുന്ന ദിവസം ഉച്ചക്ക് ശേഷം കാര്യവട്ടം യൂനിവേഴ്സിട്ടി കോളേജിലെ  കുറച്ചു കൂട്ടുകരോടോപ്പമാണ് എക്സിബിഷന്‍ കാണാന്‍ പോയത്. പവലിയനില്‍ കൂടി നടക്കുമ്പോള്‍ തന്നെ ഗ്രൗണ്ടില്‍ വച്ചിരിക്കുന്ന ചെടികള്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടു. തിരുവനന്തപുരത്ത് നിന്നും അടൂര് വരെ എതുന്നതിലും കൂടുതല്‍ സമയം വേണം അടൂര് നിന്നും എന്‍റെ സ്വന്തം തട്ടകമായ പള്ളിക്കല്‍ എത്താന്‍. എങ്കിലും, വിടര്‍ന്നു നില്‍ക്കുന്ന ചെമ്പനിനീര്‍ പൂക്കളെ പാടെ അവഗണിക്കാന്‍ തോന്നിയില്ല. എവിടെ പോയാലും ചെടികളും പുസ്തകങ്ങളും വാങ്ങുന്നത് ഒരു ശീലമായിപ്പോയി.
   പവലിയനിലെ കറക്കം കഴിഞ്ഞു ഞാനും, സുഹ്ര്‍ത്തുക്കള്‍ ആയ അനു , ടിന്‍സി ചേച്ചി,  ഷീന ചേച്ചി എന്നിവരുമായി ചെടി വാങ്ങാനായി ചെന്നു.കുട്ടനെ വിളിച്ചു പഴകുളത്ത്  വന്നു നില്‍കാം എന്ന് സമ്മതിപ്പിച്ചു. എനിക്കിഷ്ടപ്പെട്ട രണ്ടു നിറത്തിലെ റോസാ ചെടികള്‍ വാങ്ങി. അവരും കുറെ ചെടികള്‍ വാങ്ങി. അപ്പോഴേക്കും 'ഉടമസ്ഥന്‍ ചേട്ടന്‍' നല്ല ഫോമിലായി. ബംഗ്ലൂരില്‍ നിന്നും ചെടികളൊക്കെ കയ്യില്‍ വച്ചുകൊണ്ട് നടന്നാണ് വരുന്നത് എന്ന് വരെ പറഞ്ഞു. കാബേജിന്റെ തൈകള്‍ക്കിടയില്‍ നിന്നു ഒരു ചേച്ചിക്ക് കോളിഫ്ലവര്‍ വരെ എടുത്തു നല്‍കി. എന്നിട്ട് തൈ തിരിച്ചറിയുന്നതിനെ പറ്റി ഒരു ക്ലാസും എടുത്തു.
     അപ്പോഴാണ് ഒരേപോലെ അടുക്കി വച്ചിരിക്കുന്ന കുറെ കവറുകള്‍ ഞങ്ങള്‍ കണ്ടത്.
" ഇതിലെന്താ ചേട്ടാ, ഒന്നും നട്ടിട്ടില്ലേ?" ടിന്‍സി ചേച്ചിയുടെ സംശയം.
 ചേട്ടന്‍ ഒരു കവറില്‍ നില്‍ക്കുന്ന മുളക് തൈ കാണിച്ചു തന്നു.മുളക് കാണാനേ പറ്റില്ല. പ്ലാസ്റ്റിക്‌ കവറില്‍ വളര്‍ത്തുന്നത് ഭാഗ്യം. ഏതു തരo മുളകാണ് എന്നറിയാന്‍ ഒരു മാര്‍ഗവും ഇല്ല.എന്തായാലും വില അറിയാം എന്ന് കരുതി ചോദിച്ചു.
" ഒരു തൈക്ക് 10 രൂപ "
" ചേട്ടാ, 10 രൂപ നോട്ട് വീണാല്‍ ഇത് ചത്തു പോകുമല്ലോ?", ടിന്‍സി ചേച്ചിയും വിട്ടു കൊടുത്തില്ല.
ചേട്ടന്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി. എന്നിട്ട് വളരെ മയത്തില്‍," ഇപ്പോള്‍ നിങ്ങള്‍ക്ക് ഇതിന്‍റെ വില മനസിലാവില്ല, ഒരു കുട്ടിയും കുടുംബവും ഒക്കെ ആകുമ്പോള്‍ മനസിലാകും"
 അവിടുന്ന് തിരിച്ചു  ഹോസ്റെലിലേക്ക് വരാനായി യൂനിവേഴ്സിട്ടി  ബസില്‍ ഇരിക്കുമ്പോള്‍ ടിന്‍സി ചേച്ചിക്കൊരു സംശയം" അയാള് നമ്മളെ ഊതിയതാനോടീ?"
    എങ്ങനെയൊക്കെ ആയാലും രണ്ടു റോസാ ചെടികളും ഞാന്‍ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ചെടി കണ്ടു അച്ഛനും കുട്ടനും പരിഹാസം തുടങ്ങി. നാട്ടില്‍ എങ്ങും കിട്ടാത്ത പോലെ 'അങ്ങ് തിരുവനന്തപുരത്ത്' നിന്നും കൊണ്ടുവന്ന പൂച്ചെടി അവര്‍ക്ക് അത്ര പിടിച്ചില്ല. ചെടി നട്ടിട്ടു വെള്ളം ഒഴിക്കാനായി ബക്കറ്റ്‌ എടുക്കാന്‍ വന്നപ്പോള്‍ അത് നിറയെ വെള്ളം, കുറെ ഇലയും കിടപ്പുണ്ട്. നേരത്തെ പിടിച്ചു വച്ചതാണ് എന്ന് കരുതി. "ഓരോ തുള്ളിയും അമൂല്യമാണ്‌, പെട്രോള്‍ അല്ല വെള്ളം" കഷ്ടപ്പെട്ട് വെള്ളം നിറഞ്ഞ ബക്കറ്റ്‌ മുറ്റത്ത്‌ കൊണ്ടുവന്നു, എന്നിട്ട് ചെടിക്ക് വെള്ളം ഒഴിച്ചു....
   സംഭവം ചൂട് വെള്ളം ആയിരുന്നു. കുളിക്കാനായി വെപ്പിലയോക്കെ ഇട്ടു തിളപ്പിച്ചത്. സത്യം പറഞ്ഞാല്‍ അത്ര ചൂടൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പോയില്ലേ വില. ചെടിയിലെ പൂമൊട്ട് പരീക്ഷണങ്ങളെ അതിജീവിച്ചു വിരിഞ്ഞു. "തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല". പക്ഷെ, പൂവ് കാണുന്നവരെല്ലാം എന്നെ നോക്കി ചിരിക്കാന്‍ മാത്രം മറക്കില്ല. എന്തൊരു BBC നെറ്റ്‌വര്‍ക്ക്. ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍റെ വക ഫ്രീ comment ..
" എന്തായാലും ഫോട്ടോ എടുത്തു വച്ചോ, അതിനി പൂക്കുന്ന മട്ടില്ല..."
.
തീയില്‍ കുരുത്തത്...





2011 ലെ ആദ്യ മഴ...


സോറി. ഇതിനൊന്നും മോഡല്‍ ആകാന്‍ എന്നെ കിട്ടില്ല...


ഒരു ചെമ്പനീര്‍....

സന്ധ്യയുടെ ഇരുള്‍ നിഴലില്‍...

January 04, 2011

ജീവനാശിനി: പറയാനില്ല ഒന്നും...

          ഇത് വായിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും മനസ്സില്‍ ഓര്‍ക്കാന്‍ കുറെ നല്ല ബാല്യകാല സ്മരണകള്‍ ഉണ്ടാകും.
മഴയും, കളിപ്പാട്ടങ്ങളും, കുട്ടിക്കളികളും, പള്ളിക്കൂട മുറ്റങ്ങളും, ചങ്ങാതിമാരും ഒക്കെ നിറയുന്ന നല്ല നല്ല ഓര്‍മ്മകള്‍......
ആ നിമിഷങ്ങള്‍ മനസിന്റെ കോണില്‍ എവിടെങ്കിലും ഇന്നും സൂക്ഷിക്കുന്നവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ  ഡിസംബര്‍ 26 ലക്കത്തില്‍ കൂടി ഒന്ന് കണ്ണോടിക്കൂ....
ഇന്നത്തെ ബാല്യത്തിന്‍റെ വേദനിപ്പിക്കുന്ന കുറെ മുഖങ്ങള്‍...
ഒരു നിമിഷത്തെ ഓര്‍മയെങ്കില്‍...
ഒരു നെടുവീര്‍പ്പെങ്കില്‍..
അതെങ്കിലും അവര്‍ക്കായി....
.

ഒരു വഴിയോരക്കാഴ്ച: അടൂര്‍ ഹോസ്പിടല്‍ ജംഗ്ഷന്‍


First International Biodiversity Congress 2010

            

   You are an integral part of Nature; your fate is tightly linked with Biodiversity, the huge variety of other animals and plants, the places they live and their surrounding environments, all over the world.
                You rely on this diversity of life to provide you with food, fuel, medicine and other essentials you simply cannot live without. Yet this rich diversity is being lost at a greatly accelerated rate because of human activities. This impoverishes us all and weakens the ability of the living systems, on which we depend, to resist growing threats such as climate change.
        2010 was the international year of Biodiversity, and people allover the world are working to safeguard this irreplaceable natural wealth and reduce biodiversity loss. This is vital for current and future human wellbeing.
We need to do more.
Now is the time to act. 

January 02, 2011

പ്രഥമ ഇന്ത്യന്‍ ജൈവവൈവിധ്യ സമ്മേളനം 2010

THROUGH THOSE MEMORABLE MOMENTS......
My teachers


NSS College, Pandalam


Our Junior team

Arangozhinjappol

Dr. Nanditha krishna, Director, CPR Education Centre, Chennai


Shri. Karthikeya V. Sarabhai, Director, Centre for Environment Education, Ahemedabad.

Dr. G. G. Gangadharan, President CISSA

Oru kutti Dalegate....


A short break ....

IBC ..... By a little artist


Again junior team @ chandra shekharan nair stadium

Expo pavalian.... 





At d entrance of Expo


Collection of rare Medicinal plants

Just read...

Just read...

Leave a look...

Tear of Mother earth 

Alliyaampal....



My Seniors..
inganeyum oru kaachil..

paavam...

kaachilum palavidham...