May 31, 2011

കാകപുരാണം

"കായംകുളത്തെ കാക്ക എങ്ങനാ കരയുക?"
ന്റെ കുട്ടിക്കാലത്തെ വിനോദങ്ങളില്‍ ഒന്നായിരുന്നു കാക്കയെ കാണല്‍. പള്ളിക്കല്‍ നിന്ന് അമ്മ വീടായ ചുനക്കര മുല്ലക്കല്‍ എത്തുമ്പോഴേക്കും ഒരായിരം തവണ അമ്മയോടോ വല്യമ്മയോടോ ചോദിച്ചിട്ടുണ്ടാകും..
"നൂറനാട്ടെ കാക്കയും പള്ളിക്കലെ കാക്കയും കരയുന്നത് ഒരുപോലാണോ എന്ന്.
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ (അമ്മയുടെ മടിയിലെ സീറ്റ്) പിന്നെ പാട്ട് തുടങ്ങുകയായി. വെറും പാട്ടല്ല, സ്വന്തം ഗാനങ്ങള്‍. രചാനാന്നു വച്ചാല്‍ ബസ്‌ പോകുന്നതിന്‍റെ ഒരു ട്യൂണില്‍ ആണ്. നമ്മുടെ എ ആര്‍ റഹ്മാന്‍ " ഛെയ്യ ഛെയ്യ .." ട്യൂണിയത്  പോലെ. ഒപ്പം ജാസീ ഗിഫ്റ്റിന്റെ വാക്കുകളും. മിക്കവാറും അടുത്ത സീറ്റില്‍ ഇരിക്കുന്ന ആസ്വാദകര്‍ എല്ലാം എന്റെ പാട്ട് കേട്ട് ആരാധന തോന്നി അമ്മയുടെ പരിചയക്കാര്‍ ആകാറുണ്ടായിരുന്നു അത്രേ. ആ ടേപ്പ് ഒന്ന് ഓഫ്‌ ചെയ്യുമോ? എന്നായിരിക്കും ചോദിച്ചിട്ടുണ്ടാവുക. ബസ്‌ ഓടുമ്പോള്‍ കുഴപ്പം ഇല്ലെങ്കിലും ബസ്‌ നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍റെ കര്‍ണ്ണകഠോര ശബ്ദം ഒരു പ്രശ്നം തന്ന്യാണേ. ന്തായാലും പാട്ട് നിര്‍ത്തുന്ന പരിപാടി ഇല്ല. അമ്മയും പറഞ്ഞിട്ടില്ല ട്ടോ... എന്നില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം ആ പൊട്ടവെയിലിലും അമ്മ തിരിച്ചറിഞ്ഞു. സമ്മതിക്കണം (എന്നെ). ഞാന്‍ ഞാനായില്ലാരുന്നെങ്കില്‍ പിന്നെ ഞാന്‍ ആരായാനേ...!!!!
കാക്കയിപ്പോഴും മരത്തിലിരിക്കുവാ...ഞാനങ്ങു ബസ്‌ കയറി ചുനക്കരയെത്തി... തിരിച്ചു മരത്തിലേക്ക് പോകാം, കാക്കയുടെ അടുത്തേക്ക്...
ഈ കാക്കയും ഞാനും തമ്മിലുള്ള ബന്ധം ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മ ബന്ധം തന്നെയാണേ. അച്ഛന്‍റെ വീട്ടില ആണ്മക്കള്‍ക്കെല്ലാം ആണ്‍ തരികള്‍ മാത്രം ഉണ്ടായപ്പോള്‍, അവര്‍ക്കിടയിലേക്ക് വീണ ഒരു ആറ്റംബോംബ് പോലെയായിരുന്നു എന്‍റെ ജനനം. നാടാകെ ഞെട്ടി.
പ്ലാംതോട്ടത്തെ ഇളയ കുഞ്ഞിനൊരു (ന്‍റെ അച്ഛന്‍) മോളാ ഉണ്ടായേ...
നാടടങ്കം കുട്ടീം പറിച്ചു മാവേലിക്കര ആശുപത്രിയിലേക്ക്.... പിന്നങ്ങോട്ട് മുല്ലക്കലേക്കും...
വന്നവരെല്ലാം എന്നെ തേടി നടന്നു. കാണാന്‍ പറ്റിയില്ല, എന്‍റെ ഒരു കാര്യം.
പക്ഷെ ഞാന്‍ കൃഷ്ണന്റെ പെങ്ങളെപ്പോലെ അദൃശ്യയായതൊന്നും ആയിരുന്നില്ല. കാണാന്‍ വേണ്ടി ഇല്ലാര്‍ന്നു... അതാ പ്രശ്നം.
രണ്ടരയും മൂന്നും കിലോയുള്ള ഉണ്ട പിള്ളാരുടെ ഇടയില്‍ ഞാന്‍ വെറും ഒന്ന് ഇരുന്നൂറു ഉള്ള ഈര്‍ക്കില്‍ കൊച്ച്. നല്ല രജിസ്റെര്‍ഡ നിറവും, തിളങ്ങാന്‍ പല്ലുമില്ല. കാണാതെ പോയതില്‍ അത്ഭുതം ഉണ്ടോ!!!!
മുല്ലക്കലെ ശിവന്‍ ചിറ്റപ്പന്‍ (വെറും പുള്ളിയല്ല, പാണ്ട് തന്നെ) സ്വന്തം വാക്കുകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട് ആ പ്രഥമ ദര്‍ശനം. അമ്മയുടെ കല്യാണം കഴിഞ്ഞു വിദേശയാത്രയ്ക്ക് പോയി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു വരുന്നത്. വന്നപാടെ അനന്തിരവളെ (എന്നെ) കാണാന്‍ മുല്ലക്കലെത്തി. വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്ത്‌ ആരൂല്ല.ന്നാപ്പിന്നെ കൊച്ചിനെ കളിപ്പിക്കാന്നു കരുതി. മുറിക്കകത്ത് ഒരു ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്. അതിനു മുകളിലൊരു കൊതുകുവല തുറന്നു വച്ചിരിക്കുന്നു. പാവം ചിറ്റപ്പന്‍ കൊതുകുവലയ്ക്കുള്ളില്‍ നോക്കി, ഒന്നൂല്ല....
ന്നാപ്പിന്നെ എടുത്തു മാറ്റി നോക്കാം..
അപ്പളും ഒന്നൂല്ല..
ഷീറ്റെടുത്ത് കുടഞ്ഞു നോക്കി....ഇല്ല...
ശ്ശോ...കൊച്ചെവിടെ?????
ന്നി ആരേലും തട്ടിക്കൊണ്ടു പോയോ???
ചിറ്റപ്പന്‍ നേരെ കുഞ്ഞമ്മയോടു ചോദിച്ചു..
"അംബികേ, കൊച്ചെന്തിയെടീ ...!!!!"
കുഞ്ഞമ്മ വന്നു നോക്കിയപ്പോ ദാണ്ടേ ആ ഷീറ്റിന്റെ തറെല്‍ മുട്ടി കിടക്കുന്ന തുമ്പത് ഞാന്‍ കിടന്നു ചിരിക്കുന്നു...!!!
ചിറ്റപ്പന്‍ അന്നൊരു ഉപദേശം ഫ്രീയായിട്ടങ്ങട്ട് വച്ചുകൊടുത്തു.
"ഡീ, പെഴ്സിലെങ്ങാനും വച്ചോ, അല്ലേല്‍ കാക്ക കൊത്തിക്കൊണ്ടു പോകും."
അവിടെ തുടങ്ങി ഞാനും കാക്കയും തമ്മിലുള്ള ആത്മ ബന്ധം.
പിന്നങ്ങോട്ട് എന്‍റെ വാക്കുകളെല്ലാം ' കാക്ക' മയം. ചോറുണ്ണാന്‍ കൊണ്ട് നടക്കുമ്പോള്‍ കഴിച്ചില്ലെങ്കില്‍ കാക്കയ്ക്ക് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിച്ചും "കാക്കേ കാക്കേ കൂടെവിടെ ..." പാടി പഠിപ്പിച്ചും അങ്ങനെ ഞാന്‍ ആദ്യം പറഞ്ഞ വാക്കും അതായി...'കാക്ക'.
"മണീ, കൊച്ച് അമ്മ എന്ന് പറയുമോ?"
എന്ന് തിരക്കിയവരോടൊക്കെ അമ്മ പറഞ്ഞു..
" ഇല്ല, കാക്ക എന്ന് പറയും."
"ശിവ ശിവ..." കൊരണ്ടിപള്ളിലെ കഥകളി വല്യമ്മാവന്‍ തലയ്ക്കു കൈ വച്ചു.
പിന്നെ എന്‍റെ ജനന സമയോം കുറിച്ചെടുത്തു കൊണ്ട് പോയി.
ഒരു പുനര്‍ചിന്തനം. കൂട്ടിനു പുത്തന്‍കളീക്കലെ വൈദ്യര്‍ വല്യച്ചനും.
ജാതകത്തില്‍ ജന്‍മഗ്രഹം അശ്വനീദേവകള്‍ ആണ്. ഉച്ചസ്ഥന്‍ തന്നെ... ന്നിട്ടെന്താ ഒരു ഗുളികന്റെ പ്രഭാവം??
അമ്മയ്ക്ക് ആധിയായി. 
വിദുഷി, വാഗ്മിത്വം, ഐശ്വര്യം, സമ്പന്നത  അങ്ങനെ മുന്‍കോപം ഒഴികെ ജാതകത്തില്‍ പറഞ്ഞതൊക്കെ നല്ലതാര്‍ന്നു.. ന്നിപ്പോ ...നേരെ തിരിയുമോ ന്തോ??
എന്തായാലും വൈകാതെ റീ വാലുവേഷന്‍ റിസള്‍ട്ട് വന്നു. 
ജാതകം വിചിത്രം തന്നെ. ഒറിജിനല്‍. പകര്‍പ്പവകാശം കുറവായതുകൊണ്ട് ഡ്യൂപ്ലികേറ്റും കിട്ടില്ല. ഉച്ച ഗ്രഹത്തിന്‍റെ കിഴക്കിരുന്നൊരൂട്ടം നോക്കിണ്ണ്ടത്രെ.ആള് കേതുവാ.അവനാ ന്നെക്കൊണ്ട് കാക്കാന്നു വിളിപ്പിച്ചേ.
ഉമ്മറത്ത്‌ നിന്ന് പബ്ലിഷ് ചെയ്തിട്ട് വല്യമ്മാവന്‍ ശ്രീഭദ്രാമന്ത്രം ജപിച്ചു തെക്കിനിയിലേക്ക്. കുറച്ചു കഴിഞ്ഞു അല്പം ഭസ്മവുമായി മുറ്റതെക്കും. അമ്മുമ്മയുടെ കയ്യില്‍ ഭസ്മം കൊടുത്ത് ന്‍റെ മൊട്ടത്തലയില്‍ കൈ വച്ച്. ന്നിട്ട് ഇടത്തെ കൈ നെഞ്ചോട്‌ ചേര്‍ത്തുവച്ചു എന്തോ പ്രാര്‍ഥിച്ചു...
"കിഴക്കൂന്നുള്ള ആ നോട്ടമോന്നു കുറയ്ക്കണേ" ന്നാവും...
ന്തായാലും മൂന്നു ദിവസം ഭസ്മം നെറൂകേല്‍ ഇട്ടപ്പൊഴെക്കും ഞാന്‍ നന്നായീന്നാ എല്ലാരും പറേന്നെ.കാക്കപ്രേമം തീര്‍ന്നു ത്രെ.
സത്യാണോ??? ആര്‍ക്കറിയാം....!!!
വായിച്ചു കഴിഞ്ഞപ്പോ മനസി തോന്നുന്നത് ന്താന്ന് പറയട്ടെ...
അമ്മേ, ദാ...ഈ കൊച്ച് ഇവിടിരുന്നു പിന്നേം കാക്കേടെ കാര്യം പറയുന്നേ..."ന്നു പറഞ്ഞു ഒറ്റാനല്ലേ... വേണ്ടാ ട്ടോ.

May 30, 2011

ഇടവപ്പാതി

കുറെ കാലത്തേക്ക് ഇനി ഈ വഴി തിരിഞ്ഞു നോക്കില്ല എന്ന് ഉറപ്പിച്ചാണ് ബ്ലോഗിന്‍റെ വാതില്‍ ചാരി ഇറങ്ങിയത്‌. പക്ഷെ പടിപ്പുര കടക്കുന്നെനു മുന്നേ ഈ മഴ...
എന്നെ പിന്നെയും തിരിച്ചു കൊണ്ടുപോവുകയാണ്‌...മുറ്റത്തെക്കും തൊടിയിലേക്കും...

എനിക്കീ മഴയോടുള്ള ഇഷ്ടങ്ങള്‍ പലതാണ്...

മഴ പെയ്തു തിമിര്‍ക്കുന്ന പ്രഭാതങ്ങളില്‍ പുതപ്പിനുള്ളിലെ ഇത്തിരി തണുപ്പില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ ഒരിഷ്ടം...

മഴ തോരാത്ത പകലുകളില്‍ മുറ്റത്തും തൊടിയിലും കറങ്ങി നടക്കാന്‍; അതും ഒരിഷ്ടം..

മഴയുടെ തണുപ്പുള്ള വൈകുംനേരങ്ങളില്‍ ഒരു കപ്പ്‌ കാപ്പിക്കൊപ്പം ഇഷ്ടപ്പെട്ട പുസ്തകവും വായിച്ച് അരമതിലില്‍ തൂവാനത്തുള്ളികള്‍ നനഞ്ഞിരിക്കുന്നത് വേറൊരിഷ്ടം...

മഴയുടെ ശബ്ദതിനപ്പുറം വേറൊന്നും കേള്‍ക്കാന്‍ കഴിയാതിരിക്കുമ്പോള്‍ വെറുതെ മഴകണ്ടിരിക്കാനും ഇഷ്ടം..
.
ഇത്തവണ മഴ നനയാന്‍ കുട്ടനും കൂടി. ക്യാമറയില്‍ ഫോട്ടോ എടുക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് പറ്റുന്ന പണി അല്ല.ഞാന്‍ എപ്പോഴും എന്‍റെ പാവം നോക്കിയ 5130 ന്‍റെ കണ്ണിലൂടെയാണ് ലോകം പകര്‍ത്തുക. അങ്ങനെ കിട്ടിയ കുറച്ചു ചിത്രങ്ങള്‍.... 

മഴനൂലുകള്‍...
മഴമുത്തുകള്‍..
ചേമ്പിലയിലെ കടല്‍.

പാവം പുള്ളി ചേമ്പ് ... വാട്ടര്‍ പ്രൂഫ്‌ അല്ല. നനഞ്ഞുപോയീ..

വെള്ളത്തുള്ളി...

ദാ...ഫ്ലാഷ് മിന്നീ..
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
വേരിന്റെ തുമ്പിലെ സൂര്യന്‍...

May 22, 2011

ഒരു കാര്യം പറയട്ടെ

കൂട്ടുകാരെ..
ഇനി കുറച്ചു നാളത്തേക്ക് ഞാന്‍ ഈ വഴിക്കില്ല ട്ടോ.
തിരക്കായത് കൊണ്ടല്ല, തിരക്കില്ലാത്ത ലോകത്ത് നിന്നൊരു യാത്ര....
വെറുതെ ഒരു മഴ നനഞ്ഞു, ആദ്യ മഴ....
ഇനി പനിയൊക്കെ മാറി പഴയ പോലെ എത്താം...
അതുവരെ ഒരു ചെറിയ വിടവാങ്ങല്‍...

ചിലപ്പോള്‍ നാളെ എതും അല്ലെങ്കില്‍ അതിനടുത്ത ദിവസം...
അപ്പോള്‍ ഇതായിരുന്നോ യാത്ര എന്ന് ചോദിച്ച് കളിയാക്കല്ലേ....
സ്നേഹപൂര്‍വ്വം
ലക്ഷ്മി...

May 17, 2011

ആദ്യവര്‍ഷം.

ഈ പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ എന്നെ വീണ്ടും കൊതിപ്പിക്കുകയാണ്...
ഈറനണിഞ്ഞു നില്‍ക്കുന്ന സായന്തനങ്ങളില്‍ എപ്പോഴോ എന്‍റെ കാതിലേക്ക്  ഒഴുകിയെത്തിയ നിന്‍റെ സ്വരത്തിനായി..
കേട്ട വാക്കുകള്‍ക്കപ്പുറം കേള്‍ക്കാതെ തന്നെ മനസിനെ പൊതിഞ്ഞ സ്നേഹത്തിന്റെ തണുപ്പിനു വേണ്ടി..
ഒരു വാക്ക് പോലും പറയാതെ നിശബ്ദമായി, നിന്‍റെ നിശ്വാസം മാത്രം കേട്ടിരുന്ന മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്ക് വേണ്ടി..
അറിയാം..
കാലത്തിന്റെ കാറ്റടിച്ച് അകന്നുപോകുന്ന മേഘങ്ങള്‍ ആണ് നീയും ഞാനും..
നീയകന്നു പോവുകയാണ്, വീണ്ടും..
പക്ഷെ, നീയില്ലാതെ എന്‍റെ കാലുകള്‍ ചലിക്കുന്നില്ല...
വര്‍ഷകാലത്തിന്റെ കുളിര്‍ കാറ്റില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങുകയോ??
തിടുക്കത്തില്‍ പെയ്യുന്ന മഴതുള്ളികള്‍ക്കൊപ്പം ഞാനും ഭൂമിയുടെ മടിത്തട്ടിലേക്ക്...
അകന്നു പോകുന്ന വേനല്‍ ഉപേക്ഷിച്ചു പോയ ഊഷരതയിലേക്ക്.....
അവസാനം അഗ്നിയുടെ ചൂടില്‍ തിളച്ചു അദൃശ്യമായ ഒരു മടക്കയാത്രയ്ക്ക് വേണ്ടി..
ഈ യാത്രയിലെങ്കിലും നിന്‍റെ നെറുകയില്‍ ഒന്ന് വീഴാന്‍ കഴിഞ്ഞെങ്കില്‍..
ഒരു നിമിഷം നീയീ മഴത്തുള്ളിയെ സ്വന്തമെന്നു പറഞ്ഞെങ്കില്‍.....
മെല്ലെ തൊട്ടെടുക്കുന്ന നിന്‍റെ കൈകളില്‍ ഇരുന്ന്, കാര്‍മേഘങ്ങളുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തില്‍ ഞാന്‍ അപ്പോള്‍ തിളങ്ങുകയാകാം.....
അത് നിന്‍റെ കൈ കുമ്പിളില്‍  ഞാന്‍ കണ്ടെത്തിയ  എന്‍റെ മാത്രം സ്വര്‍ഗം...


May 11, 2011

ബൈസിക്കിള്‍ തീവ്സ്

        മേക്കുന്ന് മുകള്‍ ജംഗ്ഷന്‍ എന്ന് പറഞ്ഞാല്‍ പള്ളിക്കല്‍ പ്രദേശത്തുകാര്‍ക്ക്  ശരിക്കും ടൌണ്‍ തന്നെ. ആനയടി പഴകുളം സ്റ്റേറ്റ് ഹൈവേയും ഭരണിക്കാവില്‍ നിന്നും കണ്ട മലയും പുഴയുമൊക്കെ താണ്ടി പാടത്തിനു നടുക്കൂടെ വരുന്ന, മഴ പെയ്താല്‍ വെള്ളം കയറുന്ന ലോവേയും തമ്മില്‍ കൂട്ടി മുട്ടുന്ന സ്ഥലം. അതുകൊണ്ട് തന്നെ കള്ളപ്പന്‍ ചിറ (തലസ്ഥാന നഗരി) കഴിഞ്ഞാല്‍പള്ളിക്കലിന്റെ വാണിജ്യ കേന്ദ്രമാണ് മേക്കുന്ന് മുകള്‍. കുറച്ചു തെക്ക് മാറി സ്ഥിതിചെയ്യുന്ന കള്ളുഷാപ്പ് മൂലം സാംസ്കാരിക തലസ്ഥാനമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വികസ്വര നഗരം, ഒപ്പം 'ഷാപ്പ്‌ മുക്ക്' എന്ന അപര നാമധേയവും.  ഇനി പറയാന്‍  പോകുന്ന സംഭവം നടന്നത് ഈ തന്ത്രപ്രധാന മേഖലയില്‍ ആണ്.
മേക്കുന്നുമുകള്‍ Jn .

      വേനല്‍ കഴിഞ്ഞുള്ള മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം നിവാസികള്‍. എന്തുകൊണ്ടെന്നാല്‍,മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ കയ്യില്‍ കാശ് വന്നു നിറയുകയല്ലേ, റബ്ബര്‍ ഷീറ്റിന്റെ രൂപത്തില്‍. മഴ തുടങ്ങിയപോള്‍ തന്നെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍. അങ്ങേ തലക്കല്‍ ടാപ്പിംഗ് സുഹൃത്ത് ശ്രീ. വിജയന്‍.

"സാറേ, ഞാന്‍ വെള്ളിയാഴ്ച 6.30 നു വരും, മരം വെട്ടാന്‍."


"അതെന്താടാ 6.30 ?"
എന്നും 8.30 നു പോലും നട്ടുച്ച വരെ വെട്ടി തകര്‍ക്കുന്ന ആളിന് എന്തുപറ്റി എന്നൊരു സംശയം.


" നമ്മുടെ ചന്ദ്രന്‍ ജ്യോത്സ്യന്‍ ഇല്ലിയോ? അദ്ദേഹം കുറിച്ച് തന്ന സമയമാണ്. കഴിഞ്ഞ വര്‍ഷം രാഹുകാലത്ത് വെട്ടു തുടങ്ങി  ആകെ പ്രശ്നം ആയില്ലേ. അതുകൊണ്ട് ഇത്തവണ ഞാന്‍ ഒന്ന് നോക്കിച്ചു."


അച്ഛന്‍ ഒന്ന് ഞെട്ടി, കഥ അറിഞ്ഞപ്പോള്‍ ഞങ്ങളും. വെട്ടു തുടങ്ങാന്‍ പോലും ജ്യോതിഷം.
കഴിഞ്ഞ വര്‍ഷം ഷെയ്ട്‌ ഇട്ടിട്ടു മുങ്ങിയ കക്ഷിയാ... ഇപ്പോഴല്ലേ അറിഞ്ഞത് രാഹുവാണ്കളിച്ചത് എന്ന്. അന്നേ പറഞ്ഞിരുന്നെങ്കില്‍ ആ രാഹൂനെ...
വിളിച്ചതിന്റെ കാര്യം ഒന്നൂടെ ഉണ്ട്. ഷീറ്റ് അടിക്കാന്‍ കൊണ്ടുപോകുന്ന സൈക്കിള്‍ ശരിയാക്കണം...
ശരിയാക്കാം...
     അച്ഛന്‍ സൈക്കിളുമായി മേക്കുന്ന് മുകളിലെ ഡോ. ഗംഗാധരന്‍ മാമന്റെ കടയിലേക്ക് വച്ച് പിടിച്ചു. ന്നി സൈക്കിള്‍ ഇല്ലഞ്ഞിട്ടു വെട്ടു മുടങ്ങണ്ടാ. അദ്ദേഹം എണീല്‍ അമ്പലത്തിലെ (തൊട്ടടുത്ത പട്ടണത്തിന്റെ തലയുടെ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തിന്റെ വിളിപ്പേര്. ഹൃദയത്തില്‍ നിന്നും തലയിലേക്കുള്ള കയറ്റം അപാരം തന്നെ ന്‍റെ ശിവനെ..) ഉത്സവത്തിന്റെ ബാക്കി പത്രമായി അങ്ങനെ കിടക്കുകയാണ്.


" സാര്‍ ആ സൈക്കിള്‍ മുറ്റത്ത്‌ വച്ചിരുന്നാല്‍ മതി. ഇന്ന് വയ്യ, നാളത്തേക്ക് ശരിയാക്കാം."


" അകത്തു എടുത്തു വയ്ക്കണോ?"


"വേണ്ടാ, ഞാന്‍ എടുത്തോളാം."


"എങ്കില്‍ ശരി."
   അങ്ങനെ റോഡരുകില്‍ സൈക്കിള്‍ വച്ചിട്ട് അച്ഛന്‍ തിരിച്ചു പോന്നു.
ടിയാന്റെ കടയ്ക്കു പിന്നിലുള്ള കുറച്ചു സ്ഥലം നമ്മുടെ വകയാണ്. അടുത്ത ദിവസം രാവിലെ തേങ്ങ വെട്ടിക്കാന്‍ ചെന്ന അച്ഛനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത.


'സൈക്കിള്‍ മോഷണം പോയി.'
സംഭവം ഇങ്ങനെ....
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഗംഗാധരന്‍ മാമന്‍ സൈക്കിളിന്റെ കാര്യം മാത്രം മറന്നുപോയി. ഉത്സവം കഴിഞ്ഞു മടങ്ങിയ ഒരു ആന ടീം (one ആന  + two പപ്പാന്‍സ്) രാത്രിയില്‍ എപ്പോഴോ വന്നു വിളിച്ചുണര്‍ത്തി തെങ്ങമത്തെക്കുള്ള വഴി ചോദിച്ചു. വഴിയൊക്കെ പറഞ്ഞു കൊടുത്തിട്ട് വീട്ടിലേക്കു കയറുമ്പോഴാണ് സൈക്കിളിന്റെ കാര്യം ഓര്‍ത്തത്‌.വന്നു നോക്കുമ്പോള്‍ സൈക്കിളിരുന്ന സ്ഥലം ശൂന്യം. കണ്ണെത്തുന്ന ദൂരം മുഴുവന്‍ നോക്കി, കണ്ടില്ല.
പക്ഷെ ദൂരെ ഒരു അത്ഭുത കാഴ്ച.
ആനപ്പുറത്തിരുന്ന ഒരു പാപ്പാന്‍‌ നടന്നു പോകുന്നു, കൂടെ ഒരു സൈക്കിളും. പാപ്പനെന്തിനാ സൈക്കിള്‍.!!!
ഇനി ആനയെങ്ങാനും പഞ്ചറായോ??
സംഗതി വ്യക്തം..
കയ്യില്‍ കിട്ടിയ കല്ലെടുത്ത് ഒന്ന് കൊടുക്കാം എന്ന് കരുതി, പക്ഷെ പാപ്പാന് പകരം ഏറു ആനയ്ക്ക് കൊണ്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്‍ത്തു. അവസാനം ആനയ്ക്ക് മനസിലാകാത്ത ഭാഷയില്‍ ആയി ഏറു. ഏറു കൊണ്ട പപ്പന്‍ സൈക്കിളുപെക്ഷിച്ചു യാത്രയായി...
" എന്നിട്ട് സൈക്കിള്‍ എവിടെ?"
"ഞാന്‍ അതെടുത്ത് മുറിയില്‍ വച്ച് പൂട്ടി. അല്ലെങ്കില്‍ ഉറക്കം പോകും."
തിരിച്ചു വരുമ്പോള്‍ വഴിയില്‍ കണ്ടവരെല്ലാം സൈക്കിളിന്റെ സുഖ വിവരം അന്വേഷിച്ചു എന്നും, അത് പേടിച്ചു വീട്ടില്‍ ഇരുന്ന അച്ഛനെ തെക്കേലെ രവി മാമന്‍ ഫോണ്‍ ചെയ്ത് കളിയാക്കി എന്നും ഉള്ള വാര്‍ത്തകള്‍ വെറും വെറുതെ...
   എന്തായാലും " വിജയന്‍ സമയം നോക്കിച്ചത് നന്നായീ" ന്നാ അമ്മയുടെ അഭിപ്രായം.അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അവസ്ഥ...ഹോ ചിന്തിക്കാന്‍ കൂടി വയ്യേ..
"കണ്ണില്‍ കൊള്ളേണ്ട ആപത്ത് അല്ലെ  പുരികത്തു കൊണ്ട് പോയത്....!!!!!!!!" 

NB: വെള്ളിയാഴ്ച വരാമെന്ന് പറഞ്ഞ വ്യക്തി പക്ഷെ, ഇതുവരെയായിട്ടും എത്തിച്ചേര്‍ന്നില്ല. കുറിച്ച് കൊടുത്ത സമയം ആദ്യം തന്നെ തെറ്റിയതിനാല്‍ പുതിയ ഒരു സമയം കുറിച്ച് എത്രയും പെട്ടെന്ന് ഹാജരാകും എന്നെ മേഘദൂത് മാത്രം എത്തുന്നുണ്ട്. അത് ജനുവരി മാസം വരെ നീളല്ലേ  എന്ന പ്രാര്‍ഥനയോടെ ഞങ്ങളും...

May 02, 2011

ചേന (Elephant foot yam)

          വീട്ടിലെ കൃഷിതോട്ടത്തില്‍ ചേന ഒരു നിത്യ വിളയാണ്. എങ്കിലും ചേന പൂക്കുന്നത് വല്ലപ്പോഴും മാത്രം. ചേന പൂത്താല്‍ കൃഷിക്കാരന് ദോഷമാണ് എന്ന പണ്ട് പുരാതന കാലത്തെ പ്രസ്താവന വെറുതെ തള്ളിക്കളയാന്‍ ഒരിക്കലും അമ്മയ്ക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ചേനപ്പൂവ് എന്ന് കേള്‍ക്കുമ്പോഴേ അമ്മയ്ക്ക് കലി കയറും.
            ഈ വര്‍ഷം പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. കഴിഞ്ഞ തവണ നട്ട ചേനയുടെ കൂട്ടത്തില്‍ ഒരെണ്ണം മാത്രം കിളചെടുക്കാന്‍ മറന്നുപോയി. വേനല്‍ മഴ പെയ്തു തുടങ്ങിയപ്പോള്‍ പാവം ചേനയ്ക്ക് ഒരു മുള പൊട്ടി. എല്ലാവരും കരുതി അത് പുതിയ നാമ്പായിരിക്കും എന്ന്. പക്ഷെ ചേന പറ്റിച്ചു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, "മീതെ കുട" ഉണ്ടാകേണ്ടതിന് പകരം വിരിഞ്ഞു വന്നത് ഒരു പൂവ്.
        നല്ല തിളങ്ങുന്ന ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറമുള്ള പൂവ്. എന്തായാലും കുറെ കഷ്ടപ്പെട്ട് അമ്മയെ മയപ്പെടുത്തിയെടുത്തു. അങ്ങനെ കിട്ടിയ ചിത്രങ്ങളാണ് ട്ടോ, ഈ പിന്നാലെ വരുന്നത്.

പറ്റിച്ചേ..ഞാന്‍  പൂവാണേ...

ഇതള്‍ വിരിയുന്നു...

അമ്മയുടെ വഴക്ക് കേട്ടു തുടങ്ങിയ ദിവസം.




ഇതാണ് കക്ഷി...

most risky shot. സുഗന്ധം കാരണം അടുക്കാന്‍ വയ്യേ.

അമ്മ violent ആയപ്പോള്‍...

ഇത്തിരി ബോട്ടാണിക്കല്‍ സ്റ്റഡി .

ഇനി കണ്ടില്ലാന്നു പറയരുത്.


ചേനപ്പൂവിന്റെ അന്ത്യം.

ഇനി നമുക്ക് ചേനയെ ഒന്ന് പരിചയപ്പെടാം.
ശാസ്ത്രീയമായി പറഞ്ഞാല്‍..
സാമ്രാജ്യം             :Plantae
ഫൈലം                :Magnoliophyta
നിര                      :Alismatales
കുടുംബം              Araceae
ജനുസ്സ്                 :Amorphophallus
സ്പീഷിസ്            :A. paeoniifolius
ശാസ്ത്രീയ നാമം: Amorphophallus paeoniifolius
ഇതൊക്കെയാണ് നമ്മുടെ പാവം ചേന.