ദെന്താപ്പോ ഓണത്തിനിത്ര ഭംഗി?
ഓണായീ ഓണായീ ന്നും പറഞ്ഞു നാട്ടു വഴീല്‍ പോയിട്ട് വീട്ടു മുറ്റത്ത് പോലും നിന്നു ഒന്ന് വിളിച്ചു കൂവി പറയാന്‍ പറ്റാത്ത അവസ്ഥയാ ഇപ്പൊ. ആരേലും കേട്ടിട്ടുണ്ടേല്‍ പാഴ്സല്‍ ആയി എത്തും മേല്‍പറഞ്ഞ പോലൊരു ചോദ്യം, ടുണിനു ചെറിയ വേരിയേഷന്‍ വല്ലതും ഉണ്ടാകും എന്നേ ഉള്ളു. L.K.G. പിള്ളാരെ വരെ ടൈയും കെട്ടിച്ചു സ്കൂളില്‍ വിടുന്ന ഉട്ടോപ്യന്‍ സംസ്കാരത്തിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ എന്തോന്ന് ഓണം? എന്തൊരു പുട്ട് കച്ചവടം?
പണ്ടെപ്പോഴോ മഴയും വെയിലും ഒക്കെയെത്തുന്ന മടുപ്പന്‍ കള്ള കര്‍ക്കിടകത്തെ ആണ്ടറുതിന്നും പഞ്ഞമാസം എന്നും ഒക്കെ വിളിചിരുന്നൂത്രെ. ഒരു മാസം നീളുന്ന വ്രതശുദ്ധിക്കും രാമനാമജപത്തിനും അവസാനം വീട്ടിലെ ചേട്ടയെ പുറത്താക്കി ശ്രീപോതിയെ കുടി വയ്ക്കുന്നതോടെ നന്മകളുടെ ചിങ്ങം വീടണയുന്നു. പിന്നെയുമുണ്ടേ വിശേഷം, വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തു പുഞ്ചകളില്‍ മാത്രം ആണ്. പാടങ്ങളിലെ നെല്ലും ന്നി കരനെല്ലുന്ടെങ്കില്‍ അതും ഒക്കെ ചിങ്ങം ആകുമ്പോഴേ കൊയ്ത് കറ്റയങ്ങനെ മുറ്റത്ത് അടുക്കും. രാവിലെ കറ്റ കെട്ടില്‍ നിന്നുയരുന്ന ഗന്ധവും, പിന്നെങ്ങോട്ട് ഉള്ള ദിവസങ്ങളിലെ മെതിയും പാട്ടും നെല്ലുണക്കും....അങ്ങനെ ചിങ്ങം തുടങ്ങുന്നത് തന്നെ അന്നസമൃധിയുമായാണ്. ആദ്യമൊക്കെ കാറ്റുള്ളപ്പോള്‍ തൂറ്റി, പിന്നെ ടേബിള്‍ ഫാനായി കാറ്റിന്‍റെ പ്രൊഡ്യൂസര്‍. പിന്നെപ്പോഴോ കാലം വല്ലാതങ്ങ് മാറിയപ്പോള്‍ ആ ചിത്രവും ചില്ലിട്ടു വീടിന്റെ ഭിത്തിയില്‍ എത്തി. കാണുമ്പോള്‍ മുഖത്തൊരു ഞെട്ടലിന്റെ മേമ്പൊടി ചേര്‍ത്തു നമ്മള്‍ അങ്ങ് കാച്ചും.....
" How marvelous, ഇത് ആരെകൊണ്ട് ചെയ്യിച്ചതാണ്? ഒരു nostalgic ഫീല്‍."
ചിങ്ങ വിശേഷങ്ങളിലെ മറക്കാന്‍ പറ്റാത്ത അതിഥികളാണ് ചിങ്ങവെയിലും ഓണത്തുമ്പിയും.സ്വര്‍ണ നിറമുള്ള ചിങ്ങത്തിലെ വെയിലിനു ഡിമാണ്ട് കൂടുതലാണ് ട്ടോ. മുളകും മല്ലിയും ഉണക്കുന്നതും നെല്ലു പുഴുങ്ങുന്നതും ഒക്കെ ഈ ചിങ്ങവെയിലിനെ കരുതിത്തന്നെ. വേറെയുമുണ്ട് ഒരു പരിപാടി. ഉപ്പേരി ഇട്ടുവയ്ക്കുന്ന പാത്രങ്ങളും ഒന്ന് വെയില് കൊള്ളിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം? വെയിലത്ത് ഇരിക്കുന്ന ഇവയുടെയൊക്കെ മുകളില്‍ നിന്നു തത്തിക്കളിക്കുന്ന ഹെലികോപ്ടര്‍ പോലുള്ള തുമ്പികള്‍. ഓരോ വര്‍ഷവും ഓണാവധി കിട്ടല്ലെയെന്നു മനസ് നിറഞ്ഞ് പ്രാര്‍ത്തിക്കുന്ന കൂട്ടരാകും ഇവര്‍. കല്ലെടുക്കാതെ ജീവിക്കാമല്ലോ. പിന്നെ പിടികൂടി വാലിന്റെ തുമ്പത്ത് നൂല് കെട്ടി പറത്തിക്കളിക്കാന്‍ വികൃതിപിള്ളാര്‍ എത്തില്ലല്ലോ. എന്തൊക്കെയായാലും ഓണം എത്തീന്ന് പറയണം എങ്കില്‍ ഈ വിരുതന്മാരെ കണ്ടാലേ പറ്റൂ.
കര്‍ക്കിടകത്തിലെ മഴയുടെയും വെയിലിന്റെയും ഒളിച്ചുകളി തീര്‍ത്തു മാവേലി തമ്പുരാന്റെ വരവിനോപ്പം മഴയും അതിഥിയാകും. പഴമകളില്‍ എപ്പോഴും അത്തം വെളുത്താല്‍ ഓണം കറുക്കും എന്നായിരുന്നു വിശ്വാസം. പക്ഷെ ഇന്നിപ്പോ അത്തം കറുത്തു എന്ന് കരുതി കുടയില്ലാതെ ഓണക്കളി കാണാന്‍ പോയാല്‍ തിരിച്ചു വരുന്നത് നനഞ്ഞ് കുളിച്ചാകും. കാലമൊക്കെ എപ്പോഴോ നമുക്ക് കൈവിട്ടു പോയില്ലേ...
ന്നിയുള്ളത് മറ്റൊരു നന്മയുടെ ചിത്രമാണ്. അത്തം തുടങ്ങി പത്തു ദിനം (കണക്കില്‍ ഒമ്പതേ ഉള്ളു)മുറ്റത്തെ മണലില്‍ വിരിയുന്ന അത്തപ്പൂക്കളം. ഈ ഒന്‍പതു ദിവസത്തിന്റെ കണക്കു ഉത്രാടത്തിന്റെ അന്ന് വൈകിട്ട് ഇടുന്ന തിരുവോണ പൂക്കളം കൂടി ചേര്‍ത്താണ് ട്ടോ. നടുക്ക് തൃക്കാക്കരയപ്പനെ കുടി വച്ച് , അരിപ്പൊടിയും അരിയടയും നേദിച്ച് രാവിലെ വിളക്ക് കൊളുത്തുമെങ്കിലും തിരുവോണത്തി ന്റെ അത്തപ്പൂക്കളം ഇടുന്നത് ഉത്രാട സന്ധ്യയ്ക്കാണ്. കുട്ടിക്കാലത്ത് വീടിന്റെ കിഴക്കുള്ള തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ഇട്ട ചണചെടിയുടെ മഞ്ഞപൂക്കള്‍ ഓണം അടുക്കുമ്പോള്‍ മനസ്സില്‍ അങ്ങനെ നിറഞ്ഞ് നില്‍ക്കും. കാരണം മറ്റൊന്നുമല്ല, വൈകിട്ട് മഞ്ഞിപ്പഴ അപ്പുപ്പന്‍ (ആ സ്ഥലത്തിന്റെ ഉടമ) കാണാതെ പറിച്ചെടുക്കുന്ന പൂക്കളാണ് പിറ്റേന്നത്തെ അത്തപൂക്കളത്തിന്റെ കാതല്‍. അങ്ങനെ ഒരിക്കല്‍ അച്ഛന്‍ അപ്പുപ്പനോട് ഈ കള്ളക്കടതിന്റെ കഥ പറഞ്ഞു കൊടുത്തതും അടി ഇപ്പൊ കിട്ടും ന്നും പറഞ്ഞു ഞാന്‍ പാവം ആയി അവിടെ കാത്തു നിന്നതും ഒക്കെ ഒരു ഓണക്കാലത്തിന്റെ ഓര്‍മ.
ഓണത്തിന് തേങ്ങയിടാന്‍ വരുമ്പോള്‍ മൂപ്പനെ കൊണ്ടാണ് മുറ്റത്തെ പ്ലാവില്‍ ഊഞ്ഞാല്‍ ഇടീക്കുക. കയറുകൊണ്ടുള്ള ഊഞ്ഞാല്‍ അല്ല, പകരം ഊഞ്ഞാല്‍ വള്ളി എന്ന് പറയുന്ന പാലുള്ള ഒരു ചെടിയുടെ വള്ളി കൊണ്ടാണ് ഊഞ്ഞാല്‍ കെട്ടുക. ഇരിക്കാന്‍ വേണ്ടി ഒരു മടലിന്റെ കഷ്ണവും വയ്ക്കും. ഊഞ്ഞാല്‍ ഇട്ടാല്‍ പിന്നെ പ്ലാവിന്റെ ചോട്ടില്‍ നിന്നു മാറി നില്‍ക്കാനേ സമയം ഉണ്ടാകില്ല. മുഴുവന്‍ സമയവും തിരക്കോട് തിരക്ക് തന്നെ. ഉപ്പേരിയുമായി നേരെ ഓടി എത്തുക അങ്ങോട്ടല്ലേ.
സ്കൂളിനോക്കെ അവധി ആകുമ്പോഴാണ് ഉപ്പേരി ഉണ്ടാക്കുക. അല്ലാതെ സമയം ഉണ്ടാകില്ല. പൂരാടത്തിനോ ഉത്രാടത്തിനോ ഉച്ചയ്ക്ക് ചോറൂണ് കഴിയുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും അടുക്കള വലിയച്ഛനും അച്ഛനും കൂടി കയ്യേറും. പിന്നങ്ങോട്ട് കയ്യിട്ടു വാരാന്‍ ഒരു ഉപ്പേരി പാത്രം റെഡി.പല നിറങ്ങളില്‍ പല രൂപത്തിലുള്ള ഉപ്പേരി തന്നെയാണ് ഓണത്തിന്റെ പ്രധാന വിശേഷം. ഉടുപ്പിന്റെയും പാവാടയുടെയും പോക്കറ്റില്‍ എപ്പോഴും ഒരു പിടി ഉപ്പേരിയുണ്ടാകും, മറക്കാതെ.
ഓണമായാല്‍ പിന്നെ മേളം തന്നെ. ഒരു ഒത്തുകൂടലിന്റെ മേളം. എങ്ങനെയെങ്കിലും ഓണപ്പരീക്ഷ എഴുതിയെന്നു വരുത്തി പിറ്റെന്നാള്‍ തന്നെ വണ്ടി കയറുകയായി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍. ഉപ്പേരി പാത്രത്തില്‍ കയ്യിട്ടും ഊഞ്ഞാലാടി എത്താക്കൊമ്പത്ത് പിടിച്ചും കൊയ്തു കഴിഞ്ഞ പാടത്ത് കിളിതട്ടും പന്തേറും കളിച്ചും....അങ്ങനെ കുട്ടിപ്പട്ടാളങ്ങള്‍ക്ക് ഒപ്പം തകര്‍ത്താടാന്‍ എന്താ രസം. ഉച്ചയ്ക്ക് തൂശനിലയില്‍ ഊണ്. നാല് കറികളും പാല്‍ പായസവും പിന്നെ അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, ഇഞ്ചി ഇത്യാദികളും നിരക്കുന്ന ലിസ്റ്റില്‍ ക്ഷാമകാലത്തിന്റെ ശേഷിപ്പുകളായി അടമാങ്ങയും ഉപ്പിലിട്ട മാമ്പഴം കൊണ്ടുള്ള കറിയും ഒക്കെ ഉണ്ടാകും.
തിരുവോണ സദ്യ കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ നേരമായി. വീടിനു കിഴക്കുള്ള വിശാലമായ തെങ്ങിന്‍ തോപ്പില്‍ അടുത്തുള്ള വീട്ടിലെ ചേച്ചിമാരോക്കെ ഒത്തു കൂടുമ്പോഴേയ്ക്കും ഞാനും ഹാജരാകും.ഒരൊറ്റ വ്യത്യാസം മാത്രം, അവരൊക്കെ പുത്തനുടുപ്പും ഇട്ടു വരുമ്പോള്‍ ഞാന്‍ കൂട്ടത്തില്‍ ഏറ്റവും പഴയ ഉടുപ്പാണ് ഇടാറ്. കാര്യം വേറൊന്നുമല്ല, പിശുക്ക് തന്നെ, ഓണക്കോടി ചീത്തയാവില്ലല്ലോ. തിരുവാതിരയും, കിളിതട്ടും പാട്ട് പാടലും ഒക്കെ കഴിഞ്ഞു സന്ധ്യയ്ക്ക് അവര്‍ ആരെങ്കിലും എന്നെ വീട്ടില്‍ എത്തിക്കും.
ഉത്രാടം മുതല്‍ അവിട്ടം വരെ സന്ധ്യയ്ക്ക് വഴിയുടെ ഇരു വശത്തും വിളക്ക് കൊളുത്തുന്ന പതിവ് പണ്ടേയുള്ളതാണ് നാട്ടില്‍. കുല വെട്ടിയ വാഴയുടെ പിണ്ടി പുറംപോള കളഞ്ഞെടുത്തു അതില്‍ ഈര്‍ക്കില്‍ വളച്ചു വച്ചാണ് വിളക്കുമരം ഉണ്ടാക്കുക. അതില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക് കൂടി വച്ചാല്‍ സംഭവം ഓക്കെ. സന്ധ്യക്കുള്ള ചെറുകാറ്റില്‍ കെട്ടു പോകുന്ന തിരികള്‍ എല്ലാം കൊളുത്തി വയ്ക്കേണ്ട ജോലി ഒരു സന്തോഷമായിരുന്നു. ഇടയ്ക്ക് പലപ്പോഴും കൈ പൊള്ളി ചുവക്കും എങ്കിലും.
രാത്രിയാകുമ്പോള്‍ ചിലപ്പോള്‍ നാട്ടിലെ ചേട്ടന്മാരൊക്കെ ചേര്‍ന്ന് പുലികളിയുമായി എത്തും. ഉത്രാട രാത്രിയിലാണ് പതിവ്. എന്നാലും ചിലപ്പോള്‍ തിരുവോണവും ആകും. ദേഹതൊക്കെ ചെറുതുമ്പ കെട്ടിവച്ച് വരുന്ന പുലിയെ കാണുന്നത് തന്നെ പേടിയായിരുന്നത് കൊണ്ടു പുലിയുടെ കൂടെ വേട്ടക്കാരനും ഒക്കെ ഉണ്ടെന്നു മനസിലായത് കുറച്ചു വളര്‍ന്നു കഴിഞ്ഞാണ്. അതിനു മുന്‍പൊക്കെ പുലി ഉപ്പേരി വാങ്ങാന്‍ വരുന്നു എന്നും കൊടുത്തില്ലേല്‍ എന്നേ പിടിച്ചോണ്ട് പോകും എന്നും ഒക്കെയായിരുന്നു വിശ്വാസം. രാത്രിയില്‍ ദൂരദര്‍ശന്റെ
തിരുവോണ ദിന പ്രത്യേക ചിത്രഗീതവും ഒരു സിനിമയും ഓണാഘോഷ പരിപാടിയും കഴിഞ്ഞാല്‍ പിന്നെ അത്താഴം ഊണായി. അങ്ങനെ ഒരു വര്‍ഷം കാത്തിരുന്നു വന്ന പൊന്നോണം കണ്മുന്നില്‍ നിന്നു കാലയവനികയിലേക്ക്, കൈകളില്‍ കുറച്ചു ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി....വീണ്ടും തയാറെടുപ്പുകള്‍ തുടങ്ങുകയായി, സ്വപനങ്ങള്‍ നെയ്യുകയായി....
" അടുത്ത വര്‍ഷത്തെ ഓണത്തിനുണ്ടല്ലോ ഞാന്‍ ഒരു............"
ഓണാശംസകളോടെ...
സ്നേഹപൂര്‍വ്വം......