പള്ളിക്കല്‍, എന്റെ സ്വന്തം നാട്.
പത്തനംതിട്ട ജില്ലയുടെ ഒരു കോണില്‍ ഒതുങ്ങുന്നു എങ്കിലും അത്ര പാവം ഒന്നും അല്ല. ഈ പേരില്‍ തന്നെ കുറെയേറെ സ്ഥലങ്ങള്‍ ഉള്ളത് കൊണ്ടു ആര്‍ക്കെങ്കിലും പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ അടൂര്‍ എന്ന് കൂടി ചേര്‍ത്തു പറയേണ്ടി വരും എന്നോഴിച്ചാല്‍ വേറെങ്ങും ചാഞ്ഞു നില്ക്കുന്ന സ്വഭാവം നാടിനും നാട്ടുകാര്‍ക്കും ഇല്ല. അതുകൊണ്ടാകും പണ്ടാരൊക്കെയോ പറഞ്ഞത്" പള്ളിക്കല്‍ പോണേല് പകലേ പോണം" എന്ന്. കുറച്ചു പുരോഗമനം കൂടിയ ഗ്രാമം, അങ്ങനെ കരുതാം പള്ളിക്കലിനെ. കുറച്ചൊക്കെ പരിഷ്കാരം വന്നിട്ടുണ്ടെങ്കിലും ഗ്രാമത്തിന്റെ ഭംഗിയും വിശ്വാസങ്ങളും ഒന്നും കൈവിട്ടു പോയിട്ടില്ല ഇതുവരെയും. ക്ഷേത്രവും, കാവുകളും, ആല്‍മരചുവടും ഉത്സവങ്ങളും, വയലേലകളും, തോടും, കുളങ്ങളും ഒക്കെയുണ്ട് ഇവിടെ. നമുക്കാ വയലിലൂടെ അല്‍പ്പം നടക്കാം..
പള്ളിക്കല്‍ ശ്രീകണ്ടാളസ്വാമിക്ഷേത്രം. ശിവ ക്ഷേത്രങ്ങളില്‍ വളരെ കുറച്ചു മാത്രമേ ഉള്ളു ഈ ഒരു പ്രതിഷ്ഠ. കാളിയ മര്‍ദന സമയത്ത് ഉണ്ടായ വിഷം കുടിച്ചു ഭൂമിയെ രക്ഷിച്ച ശേഷം ലോകത്തിനു അനുഗ്രഹം ചൊരിയുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മറ്റു ശിവ ക്ഷേത്രങ്ങളിലെ പോലെ ചുറ്റു തൊഴരുത് എന്നൊന്നും ഇല്ല. മീനത്തില്‍ ഉത്രം മുതല്‍ ഉത്രാടം വരെ യാണ് ഉത്സവം. ഉത്സവത്തിനു ഒരുക്കുന്ന കതിരുകാള പ്രസിദ്ധമാണ്. നാടിന്റെ ധാന്യസമൃദ്ധിയുടെ ചിഹ്നം.
|
കതിരുകാള
|
അമ്പലത്തില്‍ ഉത്സവത്തിനു പ്രധാനം കെട്ടുകാളകളും ആനയുമാണ്. ഓരോ കരയ്ക്കും കര കെട്ടുകളും അതല്ലാതെ ക്ലബുകളുടെയും വീട്ടുകാരുടെ നേര്‍ച്ച കാളകളും ഒക്കെയായി മുപ്പതോളം എങ്കിലും ഉണ്ടാകും. അതുപോലെ തന്നെയാണ് ആനകളുടെയും കാര്യം. ദേവസ്വത്തിന്റെ മൂന്നു പേരും പിന്നെ നേര്‍ച്ചയായി എത്തുന്നവരും.
ഉത്സവത്തിന്റെ വിശേഷങ്ങളില്‍ പ്രധാനം കഥകളിയും വേലകളിയും തുള്ളലും ഒക്കെതന്നെ. ഇതൊന്നുമില്ലാത്ത ഒരു ഉത്സവം ചിന്തിക്കാനെ പറ്റില്ല.
|
കള്ളപ്പഞ്ചിരയുടെ കെട്ടുരുപ്പടി |
അമ്പലം മുതല്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗണപതി ക്ഷേത്രം വരെ റോഡിനു ഇരുവശവും വയലാണ്. രാവിലെ തന്നെ ഇറങ്ങി നടന്നാല്‍ സുഖമുള്ള കാറ്റിനൊപ്പം കുറെ അത്ഭുതങ്ങളും കാണാം. വയലില്‍ വാഴ, ചേന, ചേമ്പ് എന്നിങ്ങനെ തുടങ്ങി ജാതി വരെ കൃഷി ചെയ്യുന്നുണ്ട്. ഏതു സമയത്ത് ചെന്നാലും വിജനമായിരിക്കില്ല എന്നതാണ് ഈ വഴിയുടെ പ്രത്യേകത. വയലില്‍ ആളില്ലാതെ വരുക എന്നൊന്ന് ഉണ്ടാകില്ല.
|
ഗണപതി അമ്പലത്തിലെ രുദ്രാക്ഷം പൂത്തപ്പോള്‍ |
|
മഴ മുത്തുകള്‍ |
നേരെ കുറച്ചേറെ നടന്നാല്‍ കല്ലുടുമ്പില്‍ എത്താം. ആറാട്ട് ചിറയില്‍ എത്തുന്ന വെള്ളത്തിന്റെ ഒരു സ്രോതസ് ആണ്.ഇതുവരെ ഒരു കാലത്തും അവിടുത്തെ ഉറവ വറ്റിയിട്ടില്ല. ശാസ്താംകോട്ട അമ്പലത്തിന്റെ ഓവ് ചാലിലെ വെള്ളമാണ് ഇതിലെതുന്നത് എന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം. അവിടെ അര്‍ച്ചിക്കുന്ന പൂവും മലരും ഒക്കെ ഇവിടെ എത്തുമെന്നും അതുകൊണ്ട് ശുദ്ധി വിടാതെ കാക്കേണ്ട സ്ഥലമാണ് എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ടു കുറച്ചു പാറക്കല്ലുകള്‍ക്കിടയില്‍ നിന്നൊഴുകി ചെറിയൊരു കുഴിയിലേക്ക് നിറയുന്ന വെള്ളം ആയിരുന്നത്രെ. പക്ഷെ ഇപ്പോള്‍ ഒരു ചെറിയ കുളമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.
|
കല്ലുടുമ്പ് |
വഴിയില്‍ കണ്ടതാണ് ഈ സുന്ദരി ക്ടാവിനെ. കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്.
|
ശംഖു മാര്‍ക്ക്... |
കല്ലുടുമ്പില്‍ നിന്നു വരുന്ന ചാല് എത്തുന്നത് ആറാട്ട് ചിറയില്‍ ആണ്. ഉത്സവത്തിനു ദേവന്റെ ആറാട്ട് നടക്കുന്നത് ഈ ചിറയിലാണ്. തൊട്ടടുത്ത് നല്ലൊരു കാവും. കല്ലുടുമ്പും ആറാട്ട് ചിറയും ഒക്കെ യോജിപ്പിച്ച് കൊണ്ടു ഒരു ജലസേചന പദ്ധതി ഒരുങ്ങുന്നുണ്ട് എന്നും അറിയുന്നു.
|
ആറാട്ട് ചിറ |
|
ആറാട്ട് ചിറ |
|
ആല്തറ |
|
വെള്ള പൈന്‍ പൂക്കള്‍ |
|
പറത്തൂര്‍ കാവിലെ പന |
|
പുളിയതറ കാവ് |
വഴിയില്‍ ഉത്സവം പ്രമാണിച്ച് കെട്ടുകാളയുടെ അലങ്കാരങ്ങള്‍ ഒക്കെ ഉണക്കാന്‍ ഇട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പതാകയ്ക്കാണെന്ന് തെറ്റിദ്ധരിക്കല്ലേ.
ഇനിയിപ്പോള്‍ തിരിച്ചു വീട്ടിലേക്കു നടക്കാം. എന്തായാലും തിരിച്ചു നടക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ പാലം കയറുക തന്നെ.
വയലില്‍ കൂടി തിരിച്ചുള്ള യാത്ര തീരുന്നത് അമ്പലക്കുളത്തിന്റെ അടുത്താണ്. വഴിയില്‍ ഒരു ആലയുണ്ട്. വെള്ളചാലിന്റെ ഓരത്ത് കൂടി നടന്നു വരുമ്പോള്‍ വെള്ളത്തില്‍ ഒരു നീര്‍കാക്ക. അവന് നീന്തിപോകുന്നത് ഒന്ന് ക്ലിക്കാം എന്ന് കരുതിയപ്പോള്‍ ആളിനിതിരി അഹങ്കാരം. എന്നേ തോല്‍പ്പിച്ചു തോടിന്റെ തിട്ടയ്ക്ക് പോയിരുന്നു. എന്നിട്ടും കിട്ടി ഒരു സ്നാപ്.
|
തൂവലൊന്നു ഉണങ്ങട്ടെ. |
അങ്ങനെ തിരിച്ചു അമ്പലത്തിനു മുന്നില്‍ തന്നെ എത്തി. എന്തായാലും നടന്നു തീര്‍ത്ത മൂന്നു മണിക്കൂറുകള്‍ ഒട്ടും നഷ്ടമായില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ വീട്ടിലേക്കു പോകുന്നു.
8 comments:
നല്ല കുറേ കാഴ്ചകള്‍..പഴയ ഗ്രാമഭംഗി ഇന്നത്തെ തലമുറക്ക് നഷ്ടമാവില്ല...
പക്ഷേ സ്വന്തം നാടിനെ ചെറിയ രീതിയില്‍ കളിയാക്കിയെന്നൊരു തോനല്....
Super..!!!
അടൂര്‍ ഭാസി,
അടൂര്‍ ഭവാനി,
അടൂര്‍ പങ്കജം,
അടൂര്‍ ഗോപാല കൃഷ്ണന്, പിന്നെ,
അടൂര്‍ ജയലക്ഷ്മി..........
നന്നായി പറഞ്ഞു
എന്റെ അമ്മയുടെ ഭവനം തട്ടയിൽ ആണ്, അതും അടൂരിനടുത്താ. മീനഭരണി ഞങ്ങൾക്കും ഉണ്ടേ :)
ഇതിലെ രുദ്രാക്ഷം പൂത്തതും, പൈന്‍ പൂക്കളും ആദ്യമായിട്ട് കാണുകയാണ്... നന്ദി! ആലും, പനയുമൊക്കെ ശോഷിച്ച് കരീനയെപ്പോലെ സീറോ ഫിഗറായി.. :-)
@ കൃഷ്നെഷ് കുമാര്‍, കിച്ചു, നാടിനെ കളിയാക്കിയതല്ല, സ്വന്തം നാടിനെ പറ്റി പറഞ്ഞു പുകഴ്തരുതല്ലോ. അത്രമാത്രം.
@ എന്റെ ഗ്രാമം,നാട്ടിന്‍പുറത്തെ സ്നേഹിക്കുന്ന മനസ് പേരില്‍ തന്നെ കണ്ട്, സന്തോഷം. നന്ദി സുഹൃത്തേ..
@ നിസ്സാര്‍ സര്, അടൂര്‍ ലോകപ്രശസ്തം അല്ലേ.. അടൂര്‍ ജയലക്ഷ്മി ഇല്ല, ജയലക്ഷ്മി മാത്രം.
@ പ്രശോഭ് അടൂര്‍, അഭിപ്രായത്തിനു നന്ദി
@കണ്ണന്, അയല്പക്കത്തുള്ള ആളാണ് എന്നറിയുന്നതില്‍ സന്തോഷം. ബ്ലോഗില്‍ എത്തിയതിനു നന്ദി
@ കൊച്ചു മുതലാളി, എന്റെ ചിത്രങ്ങള്‍ക്ക് അത്രയെങ്കിലും കഴിഞ്ഞതില്‍ സന്തോഷം. ആളും പനയുമൊക്കെ കാണാന്‍ കിട്ടുന്നത് തന്നെ അത്ഭുതം. ബ്ലോഗ് കണ്ടിരുന്നു, നന്നായിരിക്കുന്നു, നല്ല പരിശ്രമം. സമയം കിട്ടുമ്പോള്‍ ആ വഴിക്ക് വരാന്‍ ശ്രമിക്കാം. അഭിപ്രായത്തിനു നന്ദി.
വായിച്ചു പോയവര്‍ക്കും നന്ദിയോടെ
.............സ്നേഹപൂര്‍വ്വം
rare pics..! thanks.
Post a Comment