January 19, 2011

ഒരു യാത്ര

   തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട അങ്ങനെ 4 ഓളം ജില്ലകളില്‍ തൈ വേരുകളും, നാരു വേരുകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കേരള യൂനിവേഴ്സിടി യുടെ ആസ്ഥാനം അങ്ങ് തലസ്ഥാനത്ത് കൊണ്ടു വെച്ച സര്‍ സി.പി. യെ വഴക്ക് പറഞ്ഞുകൊണ്ടാണ് യൂനിവേഴ്സിടി യാത്രകള്‍ തുടങ്ങാറ്. പതിവ് പോലെ ഒരു യൂനിവേഴ്സിടി യാത്ര. ഉദ്ദേശം ഒരു അപ്ലിക്കേഷന്‍ സമര്‍പ്പണം. തലേ ദിവസം തന്നെ അറിയിപ്പ് കിട്ടി, നമ്മുടെ നാട്ടിലെ ഒരു സുഹൃത്തും അദ്ദേഹത്തിന്റെ സുഹൃത്തും  അതെ വഴിക്ക് വരുന്നുണ്ട് എന്ന്. എങ്കില്‍ പിന്നെ ഒരുമിച്ചാകാം യാത്ര എന്ന് തീരുമാനിച്ചു. പെണ്ണുങ്ങള്‍ക്ക് ആകുമ്പോള്‍  അങ്ങ് വരെ പരദൂഷണം എങ്കിലും പറയാല്ലോ...
   എന്തായാലും മുന്നോരുക്കത്തില്‍ ഒന്നും ഒഴിവാക്കിയില്ല, മൊബൈല്‍ ഫോണും, ഹെഡ് സെറ്റും, വായിച്ചുകൊണ്ടിരുന്ന ഓഷോയുടെ പുസ്തകവും ഒന്നും.കിളിമാനൂര്‍ വരെ കേള്‍ക്കാന്‍ ഉള്ള പാട്ടും മൊബൈലില്‍  സേവ് ചെയ്തു. പിന്നങ്ങോട്ട് അനന്തപുരിയുടെ സ്വന്തം ക്ലബ്‌ എഫ്.എം. ഉണ്ടല്ലോ.
    ആദ്യം വന്ന സൂപ്പര്‍ ഫാസ്റ്റ് നു ടാറ്റാ കൊടുത്തു വിട്ടു. സീറ്റ്‌ ഇല്ല.ഞങ്ങള്‍ മൂന്നു ആളും പിന്നെ അവരുടെ രണ്ട്‌ പേരുടെയും രക്ഷകര്‍ത്താക്കളും കൂടി ആകെ അംഗസംഖ്യ ആറ്‌. എല്ലാര്‍ക്കും കൂടി സീറ്റ്‌ കിട്ടാന്‍ ഇത്തിരി പാടാണ്‌. കുറെ കഴിഞ്ഞപ്പോള്‍ KSRTC യുടെ പച്ചക്കുതിര (super express) വന്നു. അതിലും സീറ്റ്‌ ഇല്ല. നില്ക്കാന്‍ സ്ഥലം ഉണ്ട് താനും. അത് കൂടി പോയപ്പോഴേ ഉറപ്പായി, ഇന്ന് standing pose തന്നെ.തൊട്ടു പിന്നാലെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഞങ്ങള്‍ ഇടിച്ചു കയറി. 3 പേര്‍ ഇരുന്നു. ഞങ്ങള്‍ juniors ഡ്രൈവറിന്റെ സീറിനു പിന്നില്‍ നിലയുറപ്പിച്ചു. കണ്ടക്ടര്‍ എന്ന് ലെബല്‍ ചെയ്ത സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു, കണ്ടപ്പോഴേക്കും അതില്‍ ഒരു ചേട്ടന്‍ സിറ്റ് ആയി.പിന്നില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന മീശ വച്ച 3  സ്ത്രീകളോട് എന്തൊക്കെയോ പറയണം എന്ന ആഗ്രഹത്തോടെ........ഞങ്ങള്‍ നില്‍പ്പ് തുടര്‍ന്നു. കൊട്ടാരക്കര എത്തുമ്പോള്‍ സീറ്റ്‌ കിട്ടും എന്ന വിശ്വാസത്തോടെ.
   കൊട്ടാരക്കര ആയി. ഒരാളും എഴുന്നേല്‍ക്കുന്നില്ല. കണ്ടക്ടര്‍ ന്‍റെ  സീറ്റ്‌ ഒഴിഞ്ഞു. കൂടെയുള്ള പുതുമുഖത്തെ നിര്‍ബന്ധിച്ചു ഇരുത്തിയിട്ട് ഞാനും എന്‍റെ ഫ്രണ്ടും ഞങ്ങളുടെ സ്കൂള്‍ കഥകളിലേക്ക് കടന്നു. പയ്യനല്ലൂര്‍ സ്കൂളിലെ പത്തു പന്ത്രണ്ടു ബാച്ചിലെ എല്ലാരുടെയും കാര്യം പറഞ്ഞു,പിന്നെ വി.വി.എച്ച്.എസ്.എസ് ലേക്ക് പോയി. അവിടുന്ന് പന്തളം എന്‍.എസ്.എസ്.ലേക്കും. എന്നിട്ടും സീറ്റ്‌ ഇല്ല.
   അപ്പോഴേക്കും ടിക്കറ്റ്‌ വില്‍പ്പന കഴിഞ്ഞു കണ്ടക്ടര്‍ ചേട്ടന്‍ എത്തി. സീറ്റില്‍ ഇരുന്ന ഞങ്ങളുടെ ദോസ്തിനെ അത്യാവശ്യത്തിനു ഒന്ന് കളിയാക്കിയിട്ടു എഴുന്നേല്‍പ്പിച്ചു. താങ്ങാനാവാത്ത അപമാനം മൂലം കക്ഷി ഞങ്ങളുടെ പിന്നില്‍ ഒളിച്ചു. കണ്ടക്ടര്‍ മറന്നുപോയ ഡയലോഗുകള്‍ ഓര്‍മ്മിപ്പിക്കുന്നതിനിടയില്‍ എന്തൊക്കയോ ചിന്തിച്ചു കൂട്ടിയുള്ള ചോദ്യം,
" ചേച്ചിക്ക് ബാക്കി കിട്ടിയോ?"
" ഇല്ല"
ഉടന്‍ വന്നു മറുപടി.
" ബാക്കി ചോദിക്ക്. തന്നില്ലെങ്കില്‍ നമുക്കയാളെ വഴക്ക് പറയാം."
 അപ്പോള്‍ അതാണ്‌ പ്രോഗ്രാം. അപ്പോഴേ ഉള്ളില്‍ കത്തുന്ന പ്രതികാരാഗ്നി ഞങ്ങള്‍ കണ്ടു.
   എന്തായാലും വെഞ്ഞാറമൂട് ആയപ്പോള്‍ ഞാന്‍ ബാക്കി ചോദിച്ചു. അയാള്‍ കാശ് എടുക്കാനായി ബാഗ്‌ തുറന്നു.  പാവം മനുഷ്യന്‍. രക്ഷപെട്ടു. ഞങ്ങള്‍ കരുതി.അവളുടെ മുഖത്ത് ഒന്നും പറയാന്‍ പറ്റാത്ത വിഷമം.
" 59 ന്‍റെ ടിക്കറ്റ്‌ അല്ലെ?"
" അതെ"
അയാള്‍ നാല് പത്തുരൂപ നോട്ടുകളും ഒരു രൂപയും തന്നു. വാങ്ങി നോക്കിയപ്പോള്‍ അതില്‍ ഒരു നോട്ടിനു 10 % കിഴിവ്. ഞാന്‍ അയാളോട് നോട്ട് മാറ്റിത്തരാമോ എന്ന് ചോദിച്ചു. അയാള്‍ ചിരിച്ചു കാട്ടി. പ്രതികാര ദാഹിയുടെ കണ്ണുകളില്‍ തിളക്കം.  ദൈവം ഒരാളെയും വെറുതെ വിടില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ ചീട്ടു അവള്‍ക്കു കൈമാറി.......
ശേഷം ഭാഗം ചിന്ത്യം......
പക്ഷെ , റോഡു പണി കാരണം വഴി മാറ്റിവിട്ട വണ്ടി പട്ടത്ത് ഇറങ്ങേണ്ട അവരെ പാളയത്ത് ഇറക്കിയപ്പോള്‍ അയാളിനി  ചിരിച്ചോ ന്തോ......????




അറിയിപ്പ്: ഇതിലെ കഥാ പാത്രങ്ങള്‍ക്ക് നിങ്ങള്‍ കണ്ടിട്ടുള്ളവരുമായോ പരിചയം ഉള്ളവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെന്നു തോന്നിയാല്‍, ആരോടും പറയണ്ടാ. ഇതിന്‍റെ പേരില്‍ ആരെയെങ്കിലും പരിഹസിച്ചാല്‍ അത് ശിക്ഷാര്‍ഹം ആണ്, കിട്ടുന്നത് വാങ്ങിക്കോളൂ.

2 comments:

Akash nair said...

ജയലക്ഷ്മി,
ഇതിൽ പറഞ്ഞിട്ടുള്ള വഴിയെ ദിവസവും യാത്രചെയ്യുന്ന ആളാണു ഞാൻ.തുടക്കം വെഞ്ഞാറമൂട്ടിൽ നിന്നാണെന്നുമാത്രം. കിളിമാനൂർ കഴിഞ്ഞാൽ പിന്നെ സീറ്റുകിട്ടുക എന്നതു സ്വപനത്തിൽ കണ്ടാൽ മതി. തികച്ചു യാത്രക്കാരുടെ നടുവൊടിക്കുന്ന യാത്രയാണ് ഇപ്പോൾ അതു വഴി...ഒരു യാത്രാ വിവരണം നല്ല രീതിയിൽ അവതരിപ്പിക്കൻ കഴിഞ്ഞതിൽ ആശംസകൾ. തുടർന്നും എഴുതുക.

സസ്നേഹം
ആകാശ് നായർ

ജയലക്ഷ്മി said...

അതെ. MC റോഡിലെ യാത്ര പ്രവചനാതീതം തന്നെ. എങ്കിലും വഴി ആസ്വദിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ് ആ യാത്ര.സന്ദര്‍ശനത്തിനും അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം..