May 31, 2011

കാകപുരാണം

"കായംകുളത്തെ കാക്ക എങ്ങനാ കരയുക?"
ന്റെ കുട്ടിക്കാലത്തെ വിനോദങ്ങളില്‍ ഒന്നായിരുന്നു കാക്കയെ കാണല്‍. പള്ളിക്കല്‍ നിന്ന് അമ്മ വീടായ ചുനക്കര മുല്ലക്കല്‍ എത്തുമ്പോഴേക്കും ഒരായിരം തവണ അമ്മയോടോ വല്യമ്മയോടോ ചോദിച്ചിട്ടുണ്ടാകും..
"നൂറനാട്ടെ കാക്കയും പള്ളിക്കലെ കാക്കയും കരയുന്നത് ഒരുപോലാണോ എന്ന്.
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ (അമ്മയുടെ മടിയിലെ സീറ്റ്) പിന്നെ പാട്ട് തുടങ്ങുകയായി. വെറും പാട്ടല്ല, സ്വന്തം ഗാനങ്ങള്‍. രചാനാന്നു വച്ചാല്‍ ബസ്‌ പോകുന്നതിന്‍റെ ഒരു ട്യൂണില്‍ ആണ്. നമ്മുടെ എ ആര്‍ റഹ്മാന്‍ " ഛെയ്യ ഛെയ്യ .." ട്യൂണിയത്  പോലെ. ഒപ്പം ജാസീ ഗിഫ്റ്റിന്റെ വാക്കുകളും. മിക്കവാറും അടുത്ത സീറ്റില്‍ ഇരിക്കുന്ന ആസ്വാദകര്‍ എല്ലാം എന്റെ പാട്ട് കേട്ട് ആരാധന തോന്നി അമ്മയുടെ പരിചയക്കാര്‍ ആകാറുണ്ടായിരുന്നു അത്രേ. ആ ടേപ്പ് ഒന്ന് ഓഫ്‌ ചെയ്യുമോ? എന്നായിരിക്കും ചോദിച്ചിട്ടുണ്ടാവുക. ബസ്‌ ഓടുമ്പോള്‍ കുഴപ്പം ഇല്ലെങ്കിലും ബസ്‌ നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍റെ കര്‍ണ്ണകഠോര ശബ്ദം ഒരു പ്രശ്നം തന്ന്യാണേ. ന്തായാലും പാട്ട് നിര്‍ത്തുന്ന പരിപാടി ഇല്ല. അമ്മയും പറഞ്ഞിട്ടില്ല ട്ടോ... എന്നില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭയുടെ മിന്നലാട്ടം ആ പൊട്ടവെയിലിലും അമ്മ തിരിച്ചറിഞ്ഞു. സമ്മതിക്കണം (എന്നെ). ഞാന്‍ ഞാനായില്ലാരുന്നെങ്കില്‍ പിന്നെ ഞാന്‍ ആരായാനേ...!!!!
കാക്കയിപ്പോഴും മരത്തിലിരിക്കുവാ...ഞാനങ്ങു ബസ്‌ കയറി ചുനക്കരയെത്തി... തിരിച്ചു മരത്തിലേക്ക് പോകാം, കാക്കയുടെ അടുത്തേക്ക്...
ഈ കാക്കയും ഞാനും തമ്മിലുള്ള ബന്ധം ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മ ബന്ധം തന്നെയാണേ. അച്ഛന്‍റെ വീട്ടില ആണ്മക്കള്‍ക്കെല്ലാം ആണ്‍ തരികള്‍ മാത്രം ഉണ്ടായപ്പോള്‍, അവര്‍ക്കിടയിലേക്ക് വീണ ഒരു ആറ്റംബോംബ് പോലെയായിരുന്നു എന്‍റെ ജനനം. നാടാകെ ഞെട്ടി.
പ്ലാംതോട്ടത്തെ ഇളയ കുഞ്ഞിനൊരു (ന്‍റെ അച്ഛന്‍) മോളാ ഉണ്ടായേ...
നാടടങ്കം കുട്ടീം പറിച്ചു മാവേലിക്കര ആശുപത്രിയിലേക്ക്.... പിന്നങ്ങോട്ട് മുല്ലക്കലേക്കും...
വന്നവരെല്ലാം എന്നെ തേടി നടന്നു. കാണാന്‍ പറ്റിയില്ല, എന്‍റെ ഒരു കാര്യം.
പക്ഷെ ഞാന്‍ കൃഷ്ണന്റെ പെങ്ങളെപ്പോലെ അദൃശ്യയായതൊന്നും ആയിരുന്നില്ല. കാണാന്‍ വേണ്ടി ഇല്ലാര്‍ന്നു... അതാ പ്രശ്നം.
രണ്ടരയും മൂന്നും കിലോയുള്ള ഉണ്ട പിള്ളാരുടെ ഇടയില്‍ ഞാന്‍ വെറും ഒന്ന് ഇരുന്നൂറു ഉള്ള ഈര്‍ക്കില്‍ കൊച്ച്. നല്ല രജിസ്റെര്‍ഡ നിറവും, തിളങ്ങാന്‍ പല്ലുമില്ല. കാണാതെ പോയതില്‍ അത്ഭുതം ഉണ്ടോ!!!!
മുല്ലക്കലെ ശിവന്‍ ചിറ്റപ്പന്‍ (വെറും പുള്ളിയല്ല, പാണ്ട് തന്നെ) സ്വന്തം വാക്കുകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട് ആ പ്രഥമ ദര്‍ശനം. അമ്മയുടെ കല്യാണം കഴിഞ്ഞു വിദേശയാത്രയ്ക്ക് പോയി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു വരുന്നത്. വന്നപാടെ അനന്തിരവളെ (എന്നെ) കാണാന്‍ മുല്ലക്കലെത്തി. വീട്ടില്‍ വന്നപ്പോള്‍ ഉമ്മറത്ത്‌ ആരൂല്ല.ന്നാപ്പിന്നെ കൊച്ചിനെ കളിപ്പിക്കാന്നു കരുതി. മുറിക്കകത്ത് ഒരു ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്. അതിനു മുകളിലൊരു കൊതുകുവല തുറന്നു വച്ചിരിക്കുന്നു. പാവം ചിറ്റപ്പന്‍ കൊതുകുവലയ്ക്കുള്ളില്‍ നോക്കി, ഒന്നൂല്ല....
ന്നാപ്പിന്നെ എടുത്തു മാറ്റി നോക്കാം..
അപ്പളും ഒന്നൂല്ല..
ഷീറ്റെടുത്ത് കുടഞ്ഞു നോക്കി....ഇല്ല...
ശ്ശോ...കൊച്ചെവിടെ?????
ന്നി ആരേലും തട്ടിക്കൊണ്ടു പോയോ???
ചിറ്റപ്പന്‍ നേരെ കുഞ്ഞമ്മയോടു ചോദിച്ചു..
"അംബികേ, കൊച്ചെന്തിയെടീ ...!!!!"
കുഞ്ഞമ്മ വന്നു നോക്കിയപ്പോ ദാണ്ടേ ആ ഷീറ്റിന്റെ തറെല്‍ മുട്ടി കിടക്കുന്ന തുമ്പത് ഞാന്‍ കിടന്നു ചിരിക്കുന്നു...!!!
ചിറ്റപ്പന്‍ അന്നൊരു ഉപദേശം ഫ്രീയായിട്ടങ്ങട്ട് വച്ചുകൊടുത്തു.
"ഡീ, പെഴ്സിലെങ്ങാനും വച്ചോ, അല്ലേല്‍ കാക്ക കൊത്തിക്കൊണ്ടു പോകും."
അവിടെ തുടങ്ങി ഞാനും കാക്കയും തമ്മിലുള്ള ആത്മ ബന്ധം.
പിന്നങ്ങോട്ട് എന്‍റെ വാക്കുകളെല്ലാം ' കാക്ക' മയം. ചോറുണ്ണാന്‍ കൊണ്ട് നടക്കുമ്പോള്‍ കഴിച്ചില്ലെങ്കില്‍ കാക്കയ്ക്ക് കൊടുക്കും എന്ന് പറഞ്ഞു പേടിപ്പിച്ചും "കാക്കേ കാക്കേ കൂടെവിടെ ..." പാടി പഠിപ്പിച്ചും അങ്ങനെ ഞാന്‍ ആദ്യം പറഞ്ഞ വാക്കും അതായി...'കാക്ക'.
"മണീ, കൊച്ച് അമ്മ എന്ന് പറയുമോ?"
എന്ന് തിരക്കിയവരോടൊക്കെ അമ്മ പറഞ്ഞു..
" ഇല്ല, കാക്ക എന്ന് പറയും."
"ശിവ ശിവ..." കൊരണ്ടിപള്ളിലെ കഥകളി വല്യമ്മാവന്‍ തലയ്ക്കു കൈ വച്ചു.
പിന്നെ എന്‍റെ ജനന സമയോം കുറിച്ചെടുത്തു കൊണ്ട് പോയി.
ഒരു പുനര്‍ചിന്തനം. കൂട്ടിനു പുത്തന്‍കളീക്കലെ വൈദ്യര്‍ വല്യച്ചനും.
ജാതകത്തില്‍ ജന്‍മഗ്രഹം അശ്വനീദേവകള്‍ ആണ്. ഉച്ചസ്ഥന്‍ തന്നെ... ന്നിട്ടെന്താ ഒരു ഗുളികന്റെ പ്രഭാവം??
അമ്മയ്ക്ക് ആധിയായി. 
വിദുഷി, വാഗ്മിത്വം, ഐശ്വര്യം, സമ്പന്നത  അങ്ങനെ മുന്‍കോപം ഒഴികെ ജാതകത്തില്‍ പറഞ്ഞതൊക്കെ നല്ലതാര്‍ന്നു.. ന്നിപ്പോ ...നേരെ തിരിയുമോ ന്തോ??
എന്തായാലും വൈകാതെ റീ വാലുവേഷന്‍ റിസള്‍ട്ട് വന്നു. 
ജാതകം വിചിത്രം തന്നെ. ഒറിജിനല്‍. പകര്‍പ്പവകാശം കുറവായതുകൊണ്ട് ഡ്യൂപ്ലികേറ്റും കിട്ടില്ല. ഉച്ച ഗ്രഹത്തിന്‍റെ കിഴക്കിരുന്നൊരൂട്ടം നോക്കിണ്ണ്ടത്രെ.ആള് കേതുവാ.അവനാ ന്നെക്കൊണ്ട് കാക്കാന്നു വിളിപ്പിച്ചേ.
ഉമ്മറത്ത്‌ നിന്ന് പബ്ലിഷ് ചെയ്തിട്ട് വല്യമ്മാവന്‍ ശ്രീഭദ്രാമന്ത്രം ജപിച്ചു തെക്കിനിയിലേക്ക്. കുറച്ചു കഴിഞ്ഞു അല്പം ഭസ്മവുമായി മുറ്റതെക്കും. അമ്മുമ്മയുടെ കയ്യില്‍ ഭസ്മം കൊടുത്ത് ന്‍റെ മൊട്ടത്തലയില്‍ കൈ വച്ച്. ന്നിട്ട് ഇടത്തെ കൈ നെഞ്ചോട്‌ ചേര്‍ത്തുവച്ചു എന്തോ പ്രാര്‍ഥിച്ചു...
"കിഴക്കൂന്നുള്ള ആ നോട്ടമോന്നു കുറയ്ക്കണേ" ന്നാവും...
ന്തായാലും മൂന്നു ദിവസം ഭസ്മം നെറൂകേല്‍ ഇട്ടപ്പൊഴെക്കും ഞാന്‍ നന്നായീന്നാ എല്ലാരും പറേന്നെ.കാക്കപ്രേമം തീര്‍ന്നു ത്രെ.
സത്യാണോ??? ആര്‍ക്കറിയാം....!!!
വായിച്ചു കഴിഞ്ഞപ്പോ മനസി തോന്നുന്നത് ന്താന്ന് പറയട്ടെ...
അമ്മേ, ദാ...ഈ കൊച്ച് ഇവിടിരുന്നു പിന്നേം കാക്കേടെ കാര്യം പറയുന്നേ..."ന്നു പറഞ്ഞു ഒറ്റാനല്ലേ... വേണ്ടാ ട്ടോ.

16 comments:

ലിനു ആര്‍ കെ said...

ഹാ ഹാ ഇപ്പോഴും കാക്ക കൊത്തുന്ന പരുവത്തില്‍ തന്നെ ആണോ ...???

ചെറുത്* said...

കാകദൃഷ്ടി ഏല്‍‍ക്കുമെന്ന് ജാതകത്തിലുണ്ടാരുന്നിരിക്കും.
എന്നതായാലും കഥപറച്ചില്‍ കൊള്ളാം. ചിറ്റപ്പനും ;)

പരിചയക്കാര്‍ ...?.... ഉണ്ടാകാറുണ്ടായിരുന്നു (വിട്ട് പോയ ഭാഗം പൂരിപ്പിക്ക)

സീത* said...

ശ്ശോ എന്നാലുമെന്റെ കാക്കേ നീ ഈ പാവം മൊട്ടക്കൊച്ചിനെ വലച്ചൂല്ലോ...അമ്മേടെ നമ്പർ തരാവോ?

Lipi Ranju said...

സമ്മതിച്ചുട്ടോ... ഒരു ആറ്റംബോംബ് തന്നെ ! ചുമ്മാതല്ല കാക്ക കൊത്തിക്കൊണ്ടു പോവാതിരുന്നെ... കാക്കയ്ക്ക് വിവരണ്ട് !
എന്നാലും റഹ്മാന്‍റെ ഈ പിന്‍ഗാമിയെ ആരും
തിരിച്ചറിയാത്തതാ സങ്കടം ആയിപ്പോയെ :)

Insight (അകം) said...

മനോഹരമായിട്ടുണ്ട്.......
ഒരു വിഷ്വല്‍ എഫ്ഫെക്ടിന്റെ ചാരുത വന്നിട്ടുണ്ട്
എഴുതിയ കാര്യങ്ങളെല്ലാം കാണാനും കഴിഞ്ഞു......
എഴുതുക കാത്തിരിക്കുന്നു.........

Anonymous said...

ആത്മ ബന്ധം നന്നായിരിക്കുന്നു ,,,
ഓര്‍മകളും പറഞ്ഞുള്ള അറിവുകളും വെച്ചുള്ള വിവരണം മനോഹരമായിട്ടുണ്ട്

Kalavallabhan said...

അല്ല, കാക്കെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാകയുടെ കണ്ണില്പ്പെടാൻ മാത്രമൊന്നുമില്ലെന്ന് തോന്നുന്നു.

Rajnath said...

kakka puranam vayichappol chirivannu. eathayalum ''good memory'' sammathichirikunnu leksmi.

SUMESH KUMAR .K.S said...

വാവ്‌ ....ജയ....സാഹിത്യകാരി അല്ലെന്നു ആരുപറഞ്ഞു....എല്ലാരെമ ഞാന്‍ സാധാരണ ചിരിപ്പിക്കാരാണ് പതിവ്‌.മിമിക്രിക്കാരന്‍ ആയി പോയില്ലേ ....ഇന്ന് അല്പം ചിരിച്ചു...അതും പിശുക്കി അല്പം......

ജയലക്ഷ്മി said...

@ലിനു, അല്ല, കാക്ക കൊത്തുന്ന പരുവം ഒക്കെ അമ്മ മാറ്റിയെടുത്തു.
@ ചെറുത്, ചിറ്റപ്പന്‍ ആള് പുപ്പുലിയാ. ഒരു ഉത്സവത്തിന്‌ ചെന്നാല്‍ തിരിച്ചു വരുമ്പോള്‍ ഒരായിരം കഥകള്‍ ഉണ്ടാകും അദേഹത്തെ പറ്റി പറയാന്‍. തെറ്റ് കണ്ടുപിടിച്ചതിനു നന്ദി, തിരുത്താന്‍ പറഞ്ഞിതിനും..
@സീത ചേച്ചി, വേണ്ടാ വേണ്ടാ, എന്നോട് ഇങ്ങനെ പറഞ്ഞിട്ട് അമ്മയ്ക്ക് എന്നെ ഒറ്റിക്കൊടുക്കാനല്ലേ. നമ്പര്‍ തരില്ലാ......(ശോ..എന്തൊക്കെ നമ്പരാ കയ്യില്‍.)
@ലിപി ചേച്ചി, എന്‍റെ സൈഡോ കാക്കേടെ സൈഡോ? കുറെ നാളായി കണ്ടിട്ട്. വക്കീലിന് തിരക്ക് കൂടുതലാണോ? തിരക്ക് കൂടട്ടെ, ട്ടോ.
@സുജിത്, പ്രവാസിയാനല്ലേ, ബ്ലോഗ്‌ കണ്ടിരുന്നു. പാബ്ലോ നേരുദയും ഖലില്‍ ജിബ്രാനും ഒക്കെ എനിക്കും പ്രിയപ്പെട്ടവര്‍ തന്നെ. അപ്പോള്‍ വെറുതെ വന്നതല്ല സ്നേഹപൂര്‍വ്വം എന്ന പേരും. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ.
@പേര് പറയാത്ത ആള്‍, വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

ജയലക്ഷ്മി said...

@കലാവല്ലഭാന്‍, കാക്കയുടെ കണ്ണില്‍ പെട്ടില്ല. ഭാഗ്യം. :-) പക്ഷെ കാക്കയുടെ കണ്ണില്‍ പെടാനും വേണം ഒരു ഭാഗ്യം, അല്ലേ?വായിച്ചതിനു നന്ദി.
@ രാജ്നാഥ് ചേട്ടന്‍, സമ്മതിക്കണം അമ്മയുടെ മെമ്മറി. അമ്മയും അമ്മുമ്മയും ഒക്കെയാ പറഞ്ഞത്.
@സുമേഷ് ചുങ്കപ്പാറ , സുഹൃത്തിലെ പരിചയം ബ്ലോഗില്‍ എത്തിച്ചതില്‍ സന്തോഷം. പിന്നെ ചിരിയും കണ്ണീരും ഒളിപ്പിച്ചാലും ഒരിക്കല്‍ പുറത്തു വന്നാല്‍ മനസ് നിറയെ കരഞ്ഞും ചിരിച്ചും തീര്‍ക്കണം എന്ന് കേട്ടിട്ടുണ്ട്. ഇതിലെങ്കിലും പിശുക്ക് കാട്ടാതിരുന്നൂടെ.ബ്ലോഗ്‌ കണ്ടിരുന്നു. സുഹൃത്തില്‍ എന്താ ഒന്നും എഴുതാത്തത്? ഇവിടെ എത്തിയതിനു നന്ദി.

syam mullackal said...

സിങ്കപ്പൂര്‍ ലെ കാക്ക എങ്ങിനെ യാ കരയുന്നേ ?അറിയേണ്ടേ .വഴിയുണ്ട്
visit .htpp://www.kaakka.com.sg സന്ദര്‍ശിക്കു.

Kattil Abdul Nissar said...

The 8th wonder in the world

ജയലക്ഷ്മി said...

@ഉണ്ണി, എനിക്ക് പള്ളിക്കലെ കാക്കയെ ആണ് ഇഷ്ടം. ലിങ്കില്‍ പോയി , കണ്ടു.
@നിസാര്‍ സര്‍, ഞാനോ അതോ കാക്കയോ???:-)

Vayady said...

കാക്കക്ക് വേണ്ടെങ്കില്‍ വേണ്ട, തത്തമ്മക്കു വേണംട്ടോ ഈ പാട്ടുകാരിയെ. :)

Aneesh Aravind said...

"കായംകുളത്തെ കാക്ക എങ്ങന്യ കരയുക ' എന്നു ചോദിച്ചാല്‍ ഓച്ചിറയില്‍ കാക്ക കരയുന്നതിന്റെ അത്ര സുഖം ഇല്ല എന്നു ഞാന്‍ പറയും ... ഓച്ചിറയില്‍ കാക്കകള്‍ രാവിലെ ശ്രുതി ശുദ്ധമായി സംഗതികള്‍ ചേര്‍ത്ത് ഒരു അഞ്ചര കട്ടക്ക് സാധകം ചെയുന്നത് കേട്ടാല്‍ കാല് മടക്കി തൊഴിക്കാന്‍ ആണ് തോന്നിയിട്ടുള്ളത് . . . ഒരു ഓച്ചിറക്കാരന്‍ അയ എനിക്ക് കായംകുളത്തെയും നൂറനാട്ടെയും കാക്കകള്‍ കരയുന്നത് നേരില്‍ കേള്‍ക്കാന്‍ കഴിഞ്ഞതിനാല്‍ ഒരു കോടിയുടെ ഫ്ലാറ്റ് ഓച്ചിറ കാക്കകള്‍ക്ക് തന്നെ ....
എങ്കിലും ജയലെക്ഷ്മി ഈ എഴുത്ത് ശ്ശി ബോടിച്ചു ട്ടോ.. . . . .ശെരിക്കും "റോക്കിംഗ് "