December 14, 2010

അരുത്..... ദൈവങ്ങള്‍ കോപിക്കും......

          നാടിന്‍റെ ശ്വാസകോശങ്ങള്‍ ആണ് കാവുകള്‍. പൂര്‍വകാലത്തിന്റെ പ്രതീകങ്ങള്‍ ആയി ചുരുക്കം ചില കുടുംബങ്ങളുടെ അധീനതയില്‍ , ദൈവാരധനയുമായി ബന്ധപ്പെട്ടു നിലനിന്നു പോരുന്ന " നാട്ടിലെ വനങ്ങള്‍". പിന്നീടു വന്ന വികസന പ്രവര്‍ത്തനങ്ങളും,പുതിയ കാഴ്ചപ്പാടുകളും  ഒരു ബീജം പോലും അവശേഷിപ്പിക്കാതെ വേരോടെ അറുതെടുക്കാന്‍  ശ്രമിച്ച നിഷ്കളങ്കമായ ഭക്തിയുടെ(വിശ്വാസത്തിന്റെ) ശേഷിപ്പുകള്‍. "കാവ് തീണ്ടരുതെ, കുളം വറ്റും " എന്ന് പൊയ്പ്പോയ തലമുറ ആര്‍ത്തു  വിളിച്ചപ്പോഴും , അവര്‍ പറയുന്നത് മനസിലാക്കാതെ നാം നശിപ്പിച്ച "ജൈവ വൈവിധ്യത്തിന്റെ കലവറ".
          വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി യോഗ്യം ആക്കിയ പൂര്‍വികര്‍ , വൃക്ഷങ്ങളുടെയും ജീവികളുടെയും പ്രാധാന്യം മനസിലാക്കി സംരക്ഷിച്ചു പോന്നവയാണ് കാവുകള്‍. 'സംരക്ഷിക്കുക' എന്നെ പദത്തിന് അന്നത്തെ നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സില്‍ ഉള്ള അര്‍ത്ഥം പോരാതിരുന്നത് കൊണ്ടാവാം, ഓരോ കാവുകളും ആയി  ബന്ധപ്പെട്ടു ഒരു ദൈവിക ശക്തിയെക്കൂടി കൂട്ടുപിടിച്ചത്. മാടനും, മറുതയും, യക്ഷിയും, ഗന്ധര്‍വനും, നാഗ ദൈവങ്ങളും അങ്ങനെ കേട്ടാല്‍ പേടി തോന്നുന്ന കുറെ ദൈവ സങ്കല്‍പ്പങ്ങള്‍ എന്നും കാവുകള്‍ക്ക് രക്ഷകരായി. കൃഷി ചെയ്യണം എന്നതില്‍ അപ്പുറം , കാവുകളുടെ അതിര്‍ത്തി ലംഘിച്ചാല്‍  ഉണ്ടാകാവുന്ന ആപത്തുകളെ കുറിച്ച്  ബോധവാന്മാര്‍ ആയിരുന്നത്കൊണ്ടു അവ സംരക്ഷിക്കപ്പെട്ടു.
         ഓരോ ജന വിഭാഗത്തിനും അവരുടെതായ കാവുകളും ആരാധനാ ശൈലിയും ഉണ്ടായിരുന്നു. എങ്ങനെ ആയാലും, കാവിലെ തിറയും, നാഗത്താന്‍ പാട്ടും, സര്‍പ്പ ബലിയും എല്ലാം ഒരു കുടുംബത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ടവ ആയിരുന്നു, കാവുകള്‍ നാടിന്റെയും...
           "അര്‍ദ്ധ ജ്ഞാനം ആപത്ത്‌" എന്നതിന്റെ തനതായ മുഖം ആയിരുന്നു പിന്നെ നാം കണ്ടത്. "ദൈവം ഇല്ല"  എന്ന ഒരൊറ്റ ആശയത്തെ മാത്രം മുന്‍നിര്‍ത്തി ചിന്തിച്ചപ്പോള്‍, ആധുനിക തലമുറയ്ക്ക് കാവുകള്‍ (sacred grooves) വെറും കാടുകള്‍ (grooves) ആയി മാറി. നഷ്ടമായത് ദൈവിക പരിവേഷം മാത്രം ആയിരുന്നില്ല. കുറച്ചു സ്ഥലത്ത് ഇടതിങ്ങി പാര്‍ത്തിരുന്ന അത്തി, ഇത്തി, പന, കാഞ്ഞിരം, ആഞ്ഞിലി, പാല, ഇലഞ്ഞി, ചാര് എന്നിങ്ങനെ നമ്മുടെ നാട്ടുകാരായ പലതരം മരങ്ങളും ഇത്രയേറെ പച്ച മരുന്നുകളും, അതിലും കൂടുതല്‍ ചെറു ജീവികളും ആയിരുന്നു. 'ആലയം' നഷ്ടപ്പെട്ട നാഗ ദൈവങ്ങള്‍ ആയിരുന്നില്ല, മറിച്ച് 'ആവാസം' (habitat) നഷ്ടപ്പെട്ട ഇവയൊക്കെ ആയിരുന്നു പ്രകൃതിയുടെ വേദന.
       'നാഗ വനം' എന്നുകൂടി അറിയപ്പെടുന്ന കാവുകള്‍ നിത്യ ഹരിത വനങ്ങളുടെ ചെറു പതിപ്പുകള്‍ ആണ്. മൂന്നു തട്ടുകളായി  (canopy) ഉള്ള സസ്യങ്ങള്‍ കാവുകളില്‍ കാണപ്പെടുന്നുണ്ട്. വന്‍ വൃക്ഷങ്ങളും, ചെറു വൃക്ഷങ്ങളും, കുട്ടി ചെടികളും, പടര്‍പ്പുകളും കൂടി സൃഷ്ടിക്കുന്ന മേല്‍ക്കൂര കുറച്ചു സൂര്യ രശ്മികളെ മാത്രമേ താഴ്ത്തട്ടിലേക്ക് കടത്തി വിടുന്നുള്ളു. തന്മൂലം ഈര്‍പ്പമുള്ള ആവാസ വ്യവസ്ഥയാണ്‌ കാവുകളില്‍ കാണപ്പെടുന്നത്.
      കേരളത്തില്‍ ആകെ 360 വലിയ കാവുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. അവയില്‍ ഏറ്റവും  വലുത് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവാണ്‌ (20 .2 ഹെക്ടര്‍ ). ഏറ്റവും കൂടുതല്‍ കാവുകള്‍ ഉള്ളത് ആലപ്പുഴ ജില്ലയില്‍ ആണ്. ഒപ്പം, ഏറ്റവും കൂടുതല്‍ സസ്യങ്ങള്‍ക് വംശനാശം സംഭവിച്ചിരിക്കുന്നതും ആലപ്പുഴ ജില്ലയിലെ കാവുകളില്‍ തന്നെ.
       ഏകദേശം 800  എണ്ണം  സപുഷ്പികളും 600 ഓളം മറ്റു സസ്യങ്ങളും കാവുകളുടെ ആവാസ വ്യവസ്ഥയുടെ ഭാഗം ആണ്. ഇവയില്‍ 40 ശതമാനത്തോളം വംശ നാശ ഭീഷണി നേരിടുന്നവയാണ്. സസ്യങ്ങളുടെ പരാഗണം പ്രധാനമായും വാവല്‍, ചിതല്‍, ചിത്ര ശലഭം, കാറ്റ് എന്നിവ വഴിയാണ് നടക്കുന്നത്. കാവുകളില്‍ കൂട് കെട്ടുന്ന പ്രധാന പക്ഷികള്‍ മൂങ്ങ , കാക്ക, ചെറു കിളികള്‍ , മൈന എന്നിവയാണ്. വാവലുകളും കാവുകളുടെ ഭീകരതയുടെ ഭാഗങ്ങള്‍ തന്നെ.
      കാവുകളോട് ചേര്‍ന്ന് കാണുന്ന ജലാശയങ്ങള്‍ ശുദ്ധ ജലത്തിന്റെ നല്ല സ്രോതസ്സുകള്‍ ആണ്. കാവുകളുടെ നിബിടത മൂലം ഇല്ലെ കാലത്തും ഒരേ താപനിലയില്‍ നില നില്‍കുന്ന ഇവയും പ്രാധാന്യം അര്‍ഹിക്കുന്നു. 4  മുതല്‍ 7 വരെ താപനില ഉള്ള കുളങ്ങളില്‍ വിവിധ തരം മത്സ്യങ്ങളും, ആമയും ഉണ്ടാകാറുണ്ട്. sacred tanks എന്ന് അറിയപ്പെടുന്ന ഇവയുടെ  oxygen content കൂടുതലാണ്.
           അന്തരീക്ഷത്തിനു ആവശ്യമായ ഈര്‍പ്പം, oxygen എന്നിവ നല്‍കുന്നതിലും, വായു ശുദ്ധീകരിക്കുന്നതിലും, മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതിലും, ചുറ്റുപാടും ഉള്ള  കൃഷി സ്ഥലങ്ങളിലെ കീട നിയന്ത്രണത്തിലും എന്നല്ല ഭൂഗര്‍ഭ ജല സ്രോതസ്സുകളുടെ ലഭ്യതയില്‍ പോലും വലിയ പങ്കു വഹിക്കുന്നവയാണ് കാവുകള്‍.
        എന്ന് കാവുകളും അതിനോട് ചേര്‍ന്നുള്ള ജലാശയങ്ങളും സംരക്ഷിക്കാന്‍ National Biodiversity Board ന്റെ സഹായവും നിയമങ്ങളും ഉണ്ട്. എന്തും പൂര്‍ണ്ണമായി നശിച്ചു കഴിഞ്ഞു മാത്രം അതിന്‍റെ പ്രാധാന്യത്തെ പറ്റി ചിന്തിക്കാറുള്ള ഭരണാധികാരികള്‍ ഈ കാര്യത്തില്‍ കുറച്ചു നേരത്തെ ഇടപെടുന്നതും കാവുകളുടെ നിലനില്പിന് അവരുടെ കാവല്‍കാരന്‍ (ദൈവങ്ങള്‍ അല്ല, പ്രകൃതി തന്നെ) നല്‍കിയ അനുഗ്രഹം ആണെന്ന് കരുതാം. ഇനിയൊരു കാവ് കാണുമ്പോള്‍, കാവിനകത്തു തീയിടുന്നതും, മരം മുറിക്കുന്നതും കാണുമ്പോള്‍ നമുക്കും പറയാം ശ്രമിക്കാം......
 അരുത്..... ദൈവങ്ങള്‍ കോപിക്കും.......


2 comments:

Renji said...
This comment has been removed by the author.
Renji said...

"ആലയം' നഷ്ടപ്പെട്ട നാഗ ദൈവങ്ങള്‍ ആയിരുന്നില്ല, മറിച്ച് 'ആവാസം' (habitat) നഷ്ടപ്പെട്ട ഇവയൊക്കെ ആയിരുന്നു പ്രകൃതിയുടെ വേദന"... true fact... നാളയെ കുറിച്ച ചിന്തിക്കാതെ ഇന്നത്തേക് മാത്രം ചിന്തിക്കുന്ന ഒരു selfishness ...