December 24, 2010

എന്‍റെ അമ്മ..

      അമ്മ എന്നോര്‍ക്കുമ്പോള്‍ അനുഭവിച്ചറിയുന്ന സ്നേഹത്തിനും കരുതലിനും ഒപ്പം, മനസ്സില്‍ വരുന്ന ഒരു രംഗം കൂടി ഉണ്ട്. പയ്യനല്ലൂര്‍ സ്കൂളില്‍ 3B ക്ലാസ്സിലെ ഒരു മലയാളം പീരീഡ്‌. രത്നകുമാരി ടീച്ചര്‍ കഥകള്‍ പറഞ്ഞു പറഞ്ഞു കൃഷ്ണനില്‍ എത്തി. എന്നിട്ടൊരു ചോദ്യം"കൃഷ്ണന് 2 അമ്മമാര്‍ ഉണ്ടായിരുന്നു. നിങ്ങള്ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ?"
       ചാടി എഴുന്നേറ്റു നിന്ന എന്നെ കണ്ടു ടീച്ചറും ക്ലാസ്സിലെ ഉണ്ട പിള്ളാരും എല്ലാം അന്തംവിട്ടു. ടീച്ചര്‍ എന്തായാലും ഇരിക്കാന്‍ പറഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചക്ക് അമ്മയുടെ അടുത്ത് (അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയിരുന്നു) വന്ന എന്നെ അവര്‍ ബോധാവല്കരിക്കാന്‍ ശ്രമിച്ചു. 'എച്ചുമീ' (ലക്ഷ്മി യുടെ ചെല്ലപ്പേര്) നിന്‍റെ അമ്മ ഇതല്ലേ, മറ്റേതു വല്യമ്മ അല്ലെ?
ഞാനും വിട്ടു കൊടുത്തില്ല"കൃഷ്ണനും ഒന്ന് വളര്ത്തമ്മ അല്ലെ?" എന്ന് ചോദിച്ചു. വല്യച്ഛന്‍ കഥ പറയുന്നത് അങ്ങനെ ഉപകരിച്ചു.
       അന്നത്തെ എന്‍റെ സങ്കല്പങ്ങളിലെ അമ്മയുടെ ജോലികള്‍ എന്നെ ഒരുക്കി, മുടിയൊക്കെ കെട്ടിത്തന്നു, ആഹാരം തന്നു സ്കൂളിലേക്ക് അയക്കുക എന്നതായിരുന്നു. അങ്ങനെ എന്‍റെ സ്കൂള്‍ ജീവിതത്തില്‍ എപ്പോഴോ ഒരു അമ്മയെ കൂടി എനിക്ക് കിട്ടി. ഒരുക്കി വിട്ടത് ഉച്ചയ്ക്കായിരുന്നു എന്ന് മാത്രം. പക്ഷെ, അമ്മ എന്ന് മറ്റാരെയും വിളിക്കുന്ന ശീലം അന്നു എനിക്ക് ഇല്ലാതിരുന്നതുകൊണ്ട്‌ അതെന്‍റെ 'ചേച്ചി' ആയി.കൂട്ടത്തില്‍ ചെറുപ്പം ആയതുകൊണ്ട് കുറച്ചൊക്കെ കളി പറയാം എന്നെ സ്വാതന്ത്ര്യവും. സ്കൂളിനും വീടിനുമിടക്കുളള എന്‍റെ ഇടത്താവളം. തെക്കേ തൊടിയിലെ പുളിമരവും, അതിലെ ഊഞ്ഞാലും എല്ലാം കാലം ജരാ നരകള്‍ വീഴ്ത്താത്ത ഓര്‍മ്മകള്‍. അടുത്തിടെ കണ്ടപ്പോള്‍ ചേച്ചി കുറച്ചു നരച്ചു എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു, " അവള്‍ എന്നും കുട്ടിയായി ഇരിക്കുമോ" എന്ന് പറഞ്ഞു അമ്മ എന്നെ കളിയാക്കി.
         കോളേജ് ഹോസ്റലില്‍ നിന്നും പുറത്തു ചാടി അച്ഛന്റെ സുഹൃത്തിന്‍റെ വീട്ടില്‍  താമസിക്കുമ്പോള്‍. അവിടെയും അനുഭവിച്ചറിഞ്ഞു, മാതൃസ്നേഹം. അങ്ങനെ Auntyയും  എന്‍റെ അമ്മയായി.എന്‍റെ വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ടവരോട് മാത്രം ഞാന്‍ എടുക്കുന്ന സ്വാതന്ത്ര്യം ആണ്, ചെറിയ വേദനിപ്പിക്കാത്ത വഴക്കുകള്‍. പക്ഷെ, അതൊരിക്കലും ആ അമ്മയോട് കാട്ടിയിരുന്നില്ല. തുളസിക്കതിരിന്റെ നൈര്‍മല്യം ആയിരുന്നു അവര്‍.  പുതച്ചു മൂടിക്കിടന്നു ഉറങ്ങുന്ന പ്രഭാതങ്ങളില്‍ " ലക്ഷ്മീ" എന്ന വിളി കേട്ട് ഉണരുമ്പോള്‍, കാണുന്ന ചന്ദനം ചാര്‍ത്തിയ ഐശ്വര്യം ഉള്ള മുഖം. പിന്നെ, തുളസി കതിര്‍ ചൂടിയ മുടിയും..എന്നോട് ഒരു വാക്ക് പറയാതെ, ഒന്ന് കാണാന്‍ കാത്തു നില്‍ക്കാതെ, കഴിഞ്ഞ ഡിസംബര്‍ 25 നു  ഒത്തിരി വേദനിപ്പിച്ചു കടന്നുപോയ 'അമ്മ'.
           പിന്നെയും ഒരു ക്ലാസ്സ് മുറി. BEd ന്റെ അവസാനം 'കമ്മിഷന്‍' എന്ന് വിളിക്കുന്ന ചടങ്ങ്. Evaluation team ഇല്‍ ചെയര്‍മാന്‍റെ  അടുത്ത് viva ക്ക് നില്‍ക്കുമ്പോള്‍, ഇവിടെയും ഒരു ചോദ്യം" ജയലക്ഷ്മിക്ക് ഒരു റോള്‍ മോഡല്‍ ഉണ്ടോ?" "ഉണ്ട്" എന്ന എന്‍റെ ഉത്തരം കേട്ടപ്പോഴേക്കും അദ്ദേഹം ചോദ്യങ്ങള്‍ തുടങ്ങി. കണ്ടിട്ടില്ലാത്ത, നേരിട്ട് അറിയാത്ത ഒരാളെ എങ്ങനെ റോള്‍ മോഡല്‍ ആക്കും? പാവം.. വിചാരിച്ചത് ഞാന്‍ മദര്‍ തെരേസ എന്നോ മറ്റോ പറയും എന്നാണ്. ഞാന്‍  പറഞ്ഞു.." സര്‍, എന്‍റെ റോള്‍ മോഡല്‍ ഇപ്പോള്‍ പയ്യനല്ലൂര്‍ സ്കൂളിലെ ക്ലാസ്സ്‌ മുറിയില്‍ ഉണ്ട്. ജീവന്‍ തന്ന്, ജീവക്കേണ്ടത് എങ്ങനെ എന്ന് കാണിച്ചു തരുന്ന, എനിക്ക് ഏറ്റവും  പ്രിയപ്പെട്ട ആള്‍....
എന്‍റെ അമ്മ...
        
                                          എന്‍റെ അമ്മമാര്‍ക്ക് സ്നേഹപൂര്‍വ്വം........

No comments: