December 08, 2010

നിന്നെ അറിയുമ്പോള്‍...

അല്ലയോ സഖി, നീയും
പോകുന്നു പുരാതന
ചഞ്ചല പദത്തോടെ
സിന്ധുവിന്‍ തീരത്തേക്കായ്

നിന്‍ ജന്മ പുണ്യം തേടി
യാത്രയാകുമ്പോള്‍ പോലും
ഒന്നിനി നില്‍കൂ, ഞാനെന്‍-
ബാല്യത്തില്‍ ഒന്നെത്തട്ടെ.

ബാല്യത്തിന്‍ കൂതൂഹല
കേളീ രവങ്ങള്‍ക്കിടെ
നിന്നുടെ തീരത്തന്നും
ചേരുന്നതോര്‍ക്കുന്നു ഞാന്‍

പാംസുവാല്‍ നിറഞ്ഞോരാ
പാദത്തിലന്നു നിന്‍റെ
യോളങ്ങള്‍ തൊട്ടപ്പോള്‍ ഞാ-
നറിഞ്ഞൂ സുഖ ശൈത്യം.

കുഞ്ഞിളം കാറ്റാല്‍ നീയെന്‍
കൂന്തലില്‍ കളിച്ചപ്പോള്‍
നിത്യ സൌഹൃദത്തിന്‍റെ
കരുതലറിഞ്ഞു ഞാന്‍.

നിന്നല കൈകള്‍ മെല്ലെ
തഴുകി അടുത്തപ്പോള്‍
പാദതിനവ നല്‍കി
മണി നൂപുര ദ്വയം.

നിന്‍ ചിലങ്കകള്‍ ചൊല്ലു-
മവ്യക്ത ഗാനാലാപം
എന്നുമെന്‍ കര്‍ണങ്ങളില്‍
അലയിട്ടെന്നാകിലും,

അറിഞ്ഞതില്ല സഖീ
നിന്‍റെ സാമീപ്യം പോലും
അത്രമേല്‍ മറന്നു ഞാ-
നെന്നിലെ എന്നെപോലും.

നിന്‍റെ നീര്‍ കയങ്ങളില്‍
നിന്‍റെ ആര്‍ദ്രതകളില്‍
അന്നു ഞാന്‍ ഉപേക്ഷിച്ച-
തെന്‍ സ്വത്വ സങ്കല്പമല്ലേ.

എന്‍റെ വാക്കിലെ ആര്‍ദ്ര
ഭാവങ്ങള്‍ നീ ആയിരു-
ന്നെന്റെ പാതയില്‍ പൂത്തു-
നിന്നു നിന്‍ കടമ്പുകള്‍.

നിന്നഗാധമാം ഗര്‍ത-
തമസില്‍ മയങ്ങുന്ന
നന്മ തന്‍ ചിപ്പിക്കായി
നിന്നിലേക്ക്‌ അണഞ്ഞ പോല്‍,

ഇന്നുമീ പ്രപഞ്ചമാം
കടലിന്‍ ചുഴികളില്‍
ജീവിതം അതൊന്നിനായ്
നിമഗ്നയാകുന്നു ഞാന്‍.

ഇന്നിതാ തിരിച്ചെത്തി
നിന്റെയീ ഓളങ്ങളില്‍
കാറ്റിനോത്തൊഴുകിടും
വഞ്ചിയായ് ഒഴുകുമ്പോള്‍

നിര്‍വികാരതയുടെ
നേര്‍ത്തൊരാ പടം നീക്കി
നിന്നിലേക്ക്‌ അലിയുമ്പോള്‍ ,
നിന്നെ ഞാന്‍ അറിയുമ്പോള്‍,

തേടുന്നതെന്തോ ഞാന്‍ ഈ
തീരത്തെ പൊടി മണ്ണില്‍
പണ്ടു നീ നനച്ചൊരാ
പാദ മുദ്രകളാണോ?

അല്ലയോ സഖീ, വീണ്ടും
എന്നിലേക്ക്‌ ഒഴുകു നീ
അന്തരാത്മാവില്‍ കത്തും
കനലോന്നണയ്ക്കു നീ....